പുലര്‍ച്ചയുടെ ആലസ്യത്തില്‍ നിന്ന് വെയിലിന്‍റെ കാഠിന്യത്തിലേയ്ക്ക് അജ്മീര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് വളരെ പെട്ടന്നാണ്. വെയിലിന്‍റെ ചൂട് കൂടി വരുന്നത് തൊലിപ്പുറത്തിന് വളരെ വേഗത്തില്‍ അറിയാനാവും. എന്നാല്‍, മരുഭൂമിയുടെ ഈ പൊള്ളലുകള്‍ക്കെല്ലാം നടുവില്‍ അതിനെയെല്ലാം നിസ്സാരമാക്കി വളര്‍ന്നു നില്‍ക്കുന്ന ഒരു പുണ്യ കേന്ദ്രമുണ്ട്; സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ആത്മീയതയുടെയും ഒത്തു ചേരലായ, സൂഫിസത്തിന്‍റെ തണുപ്പ് പകരുന്ന അജ്മീര്‍ ഷെരീഫ് ദര്‍ഗ്ഗ.
ഹസ്രത്ത് ഖ്വാജാ മുഹിയനുദ്ദീന്‍ ചിഷ്ടിയെന്ന മഹാനായ സൂഫിവര്യന്‍റെ സാന്നിധ്യം ആ ഭൂമിയിലേയ്ക്ക് സഞ്ചാരികളെ വിളിച്ചു കൊണ്ടേയിരിക്കുന്നു.
അജ്മീര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു റോഡ് മുറിച്ചു കടക്കേണ്ട ദൂരം മാത്രമേയുള്ളൂ, അവിടെ തുടങ്ങുകയായി ദര്‍ഗ്ഗയിലേക്കുള്ള വഴികള്‍. റോഡിന്‍റെ ഇരുവശത്തുമായി എല്ലാ നഗരങ്ങളിലെയും മാര്‍ക്കറ്റുകളില്‍ കാണാറുള്ളത് പോലെ കച്ചവടക്കാര്‍ സ്ഥാനം പിടിച്ച്, മാലയും വളയും ചെരിപ്പും തുണിത്തരങ്ങളുമെല്ലാം പല നിറങ്ങളില്‍ ഒരുക്കി തീര്‍ത്ഥാടകരെ കാത്തിരിക്കുന്നു. പല ദേശങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നും ഒരു ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടവര്‍ ഈ കാഴ്ച്ചകളിലൂടെ പതിയെ ദര്‍ഗ്ഗ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടേയിരിക്കും. അജ്മീറിലെത്തുന്നവര്‍ ആ ഓര്‍മ്മയ്ക്കായി എന്തെങ്കിലുമൊക്കെ തീര്‍ച്ചയായും വാങ്ങുമെന്നതിനാല്‍ ഈ ചെറിയ കടകള്‍ എപ്പോഴും സജീവമാണ്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാരംഭിക്കുന്ന ഈ വഴിയിലൂടെ കുറച്ചു നേരം നടന്നാലെത്താവുന്ന ദൂരം മാത്രമേയുള്ളൂ ദര്‍ഗ്ഗയിലേക്ക്.
ഗലികളിലൂടെ മനുഷ്യരും മൃഗങ്ങളും കച്ചവടക്കാരും അതിനേക്കാളേറെ വേഗതയില്‍ ഹോണ്‍ മുഴക്കി കുതിക്കുന്ന ബൈക്കുകളും ഓട്ടോറിക്ഷകളും. ഒരു നാലുചക്രവാഹനത്തിന് കഷ്ടപ്പെട്ട് പോകാന്‍ മാത്രം വീതിയുള്ള വഴിയാണ്. അതിലൂടെയാണ് ഈ വേഗപ്പാച്ചില്‍. മഴയുടെയും പുഴകളുടെയും നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് അധികനേരം വെയില്‍ നടത്തം താങ്ങാനാകില്ല. വാഹനങ്ങളെ വകവെയ്ക്കാതെ നടത്തത്തിന്റെ വേഗം കൂട്ടി.
വഴികള്‍ ദര്‍ഗ്ഗയിലേക്ക് അടുത്തപ്പോള്‍ പനിനീരിന്‍റെ മനം മയക്കുന്ന ഗന്ധവും തേടിയെത്തിത്തുടങ്ങി. മൗലാനാ മുഹിയിനുദ്ദീന്‍ ചിഷ്ടിയുടെ കബറിടത്തില്‍ അര്‍ച്ചനയായി അര്‍പ്പിക്കാനുള്ള റോസാപുഷ്പങ്ങളുടെ ഇതളുകള്‍, കാസറ്റ് കടകളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്ന ആത്മീയ ഗാനങ്ങളുടെ അകമ്പടിയില്‍ വലിയ കൊട്ടകളില്‍ ഗലികള്‍ക്കിരുവശവും നേരിയ ചുവപ്പ് പ്രകാശത്തിന്‍റെ പശ്ചാത്തല ഭംഗിയില്‍ നിറമുറ്റിനില്‍ക്കുന്നു.
പല നിറവും മണവുമുള്ള മനുഷ്യര്‍, വീതി കുറഞ്ഞ ഗലികളിലൂടെ, ജാതിമതഭേദമില്ലാതെ ഇടകലര്‍ന്ന് മുഹിയനുദ്ദീന്‍ ചിഷ്ടിയുടെ ദര്‍ഗ്ഗയിലേക്ക് പനിനീര്‍ പൂക്കളും നേര്‍ച്ച വസ്തുക്കളുമായി ഒഴുകുന്നു.
സുരക്ഷാ പരിശോധനകള്‍ കടന്ന് ദര്‍ഗയുടെ അകത്തേക്ക് കടന്നു. ചിരിക്കുന്ന മുഖങ്ങള്‍ അകത്തേക്ക് വഴികാണിച്ചു. മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട വെള്ള മാര്‍ബിള്‍ കല്ലുകളുടെ തിളക്കത്തിലാണ് അജ്മീര്‍ ഷെരീഫിലെ ഏറ്റവും പ്രധാനപ്പെട്ട ഖ്വാജാ മുഹിയനുദ്ദീന്‍ ചിഷ്ടിയുടെ ഖബറിടം സ്ഥിതി ചെയ്യുന്നത്. ഈ ഖബറിടം നിലകൊള്ളുന്ന പ്രധാന മന്ദിരത്തിലേക്ക് പോകുന്ന വഴി, ഇരുവശത്തുമായി രണ്ട് വലിയ ചെമ്പുകളുണ്ട് (ഡെഗ്).
പത്തടിയിലേറെ വിസ്തൃതിയുള്ള ഈ വലിയ ചെമ്പുകളിലാണ് ഉറൂസ് ആചാരങ്ങളുടെ സമയത്ത് അവിടെയെത്തുന്ന വിശ്വാസികള്‍ക്കായുള്ള ഭക്ഷണം പാചകം ചെയ്യുന്നത്. അല്ലാത്ത സമയങ്ങളിലെല്ലാം അത് വിശ്വാസികള്‍ക്ക് നേര്‍ച്ചവസ്തുക്കള്‍ സമര്‍പ്പിക്കാനുള്ള നേര്‍ച്ചപ്പെട്ടി കൂടിയാണ്. നോട്ടു കെട്ടുകള്‍, വില കൂടിയ പട്ടുവസ്ത്രങ്ങളും തുടങ്ങി എല്ലാ നേര്‍ച്ചവസ്തുക്കളും ഇതിലേയ്ക്ക് നിക്ഷേപ്പിക്കപ്പെടുന്നു. പിന്നീട് ദര്‍ഗ്ഗയുടെ നടത്തിപ്പിനായും ദര്‍ഗയോടനുബന്ധിച്ചുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കുന്നത് ഈ ധനമാണ്.
വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉറൂസിന്റെ സമയത്ത് ദര്‍ഗയുടെ ജീവന്‍ പിന്നെയുമേറും. ഖ്വാജാ മുഹ്‍യിനുദ്ദീന്‍ ചിഷ്ടിയുടെ ഓര്‍മയ്ക്കായാണ് ഉറൂസ് നടത്തുന്നത്.
തന്റെ തൊണ്ണൂറ്റിനാലാം വയസ്സില്‍, ആറു ദിവസം തുടര്‍ച്ചയായി അദ്ദേഹം പ്രാര്‍ഥനകള്‍ നടത്തിയത്രേ. അടച്ചിട്ട മുറിയിലെ ഈ പ്രാര്‍ഥനയ്ക്കു ശേഷം സ്വയം ദേഹമുപേക്ഷിച്ചു പരലോകം പ്രാപിച്ചുവെന്നാണ് വിശ്വാസം. ആ ഐതിഹ്യത്തിന്റെ പാത പിന്തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സൂഫി പിന്തുടര്‍ച്ചക്കാര്‍ ഇവിടെയെത്തുന്നു. ഉറൂസിന്റെ ഭാഗമാവുന്നു. അറബ് കലണ്ടറിലെ റജബ് മാസ പിറവിയോടെയാണ് ഉറൂസ് ആരംഭിക്കുക.
പനിനീരിന്റെ ഗന്ധത്തിലലിഞ്ഞ് പട്ടുവസ്ത്രങ്ങളുടെ പകിട്ടിനിടയിലൂടെ ഖവാലിയുടെ താളമുയരുന്ന ദര്‍ഗയിലെ മാര്‍ബിള്‍ മുറ്റത്തത്തെത്തി. തണലുള്ള ഓരം ചേര്‍ന്നിരുന്നു. ദര്‍ഗയുടെ ചുമരില്‍ തലമുട്ടിച്ച് കരയുന്നവര്‍. കണ്ണടച്ച് പ്രാര്‍ഥിക്കുന്നവര്‍. ഖവാലിയുടെ താളത്തില്‍ എല്ലാം മറന്നിരിക്കുന്നവര്‍. കൂടെപാടുന്നവര്‍… സംഗീതവും ആത്മീയതയവുമെല്ലാം അലിഞ്ഞ് ചേരുന്ന അന്തരീക്ഷം.
[jwplayer tjBfi2hY]
ഖ്വാജയുടെ സ്നേഹവും ചരിത്രവും കഥകളുമെല്ലാം ചേര്‍ന്ന പാട്ടുകളാണ്. സ്വപ്നത്തെ പിന്തുടര്‍ന്ന് കിഴക്കന്‍ പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് വന്നെത്തിയ മുഹ്‍യുദ്ദീന്‍ ചിഷ്ടിയെയും അനുയായികളെയും ആദ്യം ആരും സ്വീകരിക്കാന്‍ തയാറായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ അത്ഭുത പ്രവൃത്തികളിലൂടെയും സ്നേഹത്തിന്റെ പ്രചാരണത്തിലൂടെയും ജനങ്ങള്‍ അടുത്തു. രാജാവടക്കമുള്ളവര്‍ സുഹൃത്തുക്കളായി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം വന്നെത്തിയ അജ്മീറില്‍ തന്നെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാലയമുയര്‍ന്നു.
ആദ്യം തിരസ്കരിച്ച നാട് പിന്നീട് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ടു തുടങ്ങി. മുഗള്‍ രാജാക്കന്മാരടക്കം രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ അനുയായികളായി. അശരണരും പാവപ്പെട്ടവരും ശക്തരുമെല്ലാം ഖ്വാജയുടെ സ്നേഹത്തിനു മുന്നില്‍ തുല്യരായി. അലിഞ്ഞുചേര്‍ന്നു. പാട്ടുകള്‍ തുടര്‍ന്നു.
എത്ര നേരം അവിടെയിരുന്നുവെന്ന് അറിയില്ല. ഖവാലി താളം ഇടവേളക്കായി മുറിഞ്ഞപ്പോള്‍ പതിയെ പുറംകാഴ്ചകള്‍ തേടിയിറങ്ങി. സഞ്ചാരി മസ്ജിദിന്‍റെയും നാലാ ബസാറിന്‍റെയുമെല്ലാം ചെറിയ വഴികളിലൂടെ നടന്നു. കാഴ്ചകളുടെ മാത്രമല്ല, രുചികളുടെ കൂടി ഗലികളാണ് ദര്‍ഗയ്ക്ക് ചുറ്റുമുള്ളത്. കോഴിയും പോത്തിറച്ചിയുമെല്ലാം കണ്‍മുന്നില്‍ വേവുന്ന അടുപ്പുകളുടെ ആവി മുഖത്തേക്ക് പറ്റിച്ചേരും. ജിലേബിയും മധുര പലഹാരങ്ങളുമെല്ലാം ഗലികളിലേക്ക് ഇറങ്ങിനില്‍ക്കുന്ന ചെറിയ കടകളില്‍ നിന്ന് മധുരമനോഹര ഗന്ധമുയര്‍ത്തിക്കൊണ്ടിരിക്കും.
ഇടയ്ക്ക് ചായ കുടിക്കാനായി ഒരു കടയിലേക്ക് കയറി. അഞ്ച് രൂപയ്ക്ക് ഒരു കുഞ്ഞു ഗ്ലാസ് നിറയെ കിട്ടുന്ന മസാല ചായക്ക് ഒരു റീചാര്‍ജ്ജിംഗ് എഫക്ടാണ്. നമ്മുടെ നാട്ടില്‍ ചായമക്കാനിയെന്ന് വിളിക്കുന്നത് പോലെയുള്ള ഒരൊറ്റ മുറി ചായക്കടയായിരുന്നു. രണ്ടു ബെഞ്ചുകളും രണ്ടു കസേരകളും ചായക്കുടിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കിയിട്ടിട്ടുണ്ട്. പര്‍ദ്ദയിട്ട ഒരു സ്ത്രീ, ഒരു ബെഞ്ചില്‍ തനിയെയിരുന്ന് ചായ കുടിക്കുന്നു. തൊട്ടപ്പുറത്തെ ബെഞ്ചിലും കസേരകളിലുമെല്ലാം പുരുഷന്മാര്‍ കൂട്ടം കൂടിയിരുന്ന് ചായ കുടിച്ച് സൊറ പറയുന്നു. പക്ഷെ, പരസ്പരം ആരും തുറിച്ചുനോക്കുന്നില്ല; അടക്കം പറയുന്നില്ല. യാതൊരു ഭാവഭേദവുമില്ലാതെ ആ സ്ത്രീ ചായ കുടിച്ച്, കാശും കൊടുത്ത് ഇറങ്ങിപ്പോയി.
നമ്മുടെ നാട്ടില്‍ ഇത്തരം കാഴ്ച്ചകള്‍ അപൂര്‍വ്വമാണ്. ഇനിയഥവാ ഒരു ചായക്കടയിലെങ്ങാനും ഇങ്ങനെ ഒരു പെണ്ണ് തനിയെ ചായ കുടിക്കാന്‍ കയറിയാല്‍, ചുറ്റുമുള്ളവരെ മൈന്‍ഡ് ചെയ്യാതെ കാലും കയറ്റിവച്ചിരുന്നാല്‍. തുറിച്ചുനോട്ടങ്ങളും അടക്കംപറച്ചിലുകളും അവസാനിക്കുമോ?
ഒരു ചായമക്കാനിയില്‍ പുരുഷന് ജന്മനാപതിച്ചുകൊടുക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ എല്ലാ ഭാവങ്ങളും സ്വയം ഉള്‍ക്കൊണ്ട് ഒറ്റയ്ക്കിരിക്കുന്ന ആ സ്ത്രീ. അതൊരു പ്രതീകമായി തോന്നി.