/indian-express-malayalam/media/media_files/uploads/2017/09/priyakiran-6.jpg)
ക്ലാരയെ ആദ്യമായി കാണുമ്പോൾ മഴയുണ്ടായിരുന്നു എന്ന് പറയും പോലെയായിരുന്നു സ്കോട്‌ലാൻഡിലേക്കുള്ള ആദ്യ യാത്രയും പിന്നെ നടത്തിയ ഓരോ യാത്രകളും. എന്നും അകമ്പടിയായി മഴ കൂടെ വന്നു. കഴിഞ്ഞ മാസം സ്കോട്‌ലാൻഡിലെ പ്രധാന ദ്വീപുകളിൽ ഒന്നായ സ്കൈയിൽ (Isle of Skye) പോയപ്പോളും, അവിടെ തങ്ങിയ നാല് ദിവസമോരോന്നും ഒളിഞ്ഞും തെളിഞ്ഞും മഴ എത്തി നോക്കിക്കൊണ്ടിരുന്നു. പക്ഷെ, കറുത്ത കുട കാണിച്ചു തടഞ്ഞു, മഴയെ അകറ്റി നിർത്താൻ തോന്നിയില്ല. എവിടെ തിരിഞ്ഞു നോക്കിയാലും കാണുന്ന പച്ചപ്പും അരുവികളും പുൽമേടുകളും പറഞ്ഞു തരുന്നല്ലോ, "വസന്തം ചെറിമരത്തിനോട് ചെയ്യുന്നതു" പോലൊരു ഇന്ദ്രജാലമാണ്, മഴ ഈ നാടിനോടും ചെയ്യുന്നതെന്ന് . "നദിയിൽ മുഖം നോക്കി, ചെടിയിൽ മുടി ചീകി വളരുന്ന ഇളം തെന്നലി"നോടൊപ്പം ഇവിടെ നാലു നാൾ ..!
ആദ്യ ദിവസം, മഴയുണ്ടാക്കുന്ന അലോസരത്തെപ്പറ്റി പ്രാരാബ്ധക്കാരിയായപ്പോൾ, താമസിക്കുന്ന ഹോട്ടലിനു കീഴെ റസ്റ്ററന്റ് നടത്തുന്ന വൃദ്ധൻ ചിരിച്ചു - " വലിയ പ്ലാനിങ് ഒന്നുമില്ലാതെ വരുന്ന യാത്രക്കാരാണ് ഈ ദ്വീപ് കൂടുതൽ ആസ്വദിക്കുന്നത്!"
ശരിയാവാം. പക്ഷെ ഇത്ര പ്രകൃതി സുന്ദരമായിട്ടും , ഈ പ്രദേശത്തു സ്ഥിരതാമസമാക്കിയവർ വളരെ കുറവാണല്ലോ"?
അദ്ദേഹം വീണ്ടും ചിരിച്ചു - " ചെറുപ്പക്കാർ മിക്കവരും ഉന്നത പഠനത്തിനും മറ്റുമായി ഗ്ലാസ്‌കോ, എഡിൻബറാ തുടങ്ങി അടുത്തുള്ള വലിയ നഗരങ്ങളിലേയ്ക്ക് പോയി അവിടെ തന്നെ തുടരുന്നു. ടൂറിസം, ഹോട്ടൽ തുടങ്ങിയവയിൽ കവിഞ്ഞ് വലിയ അവസരങ്ങളൊന്നും അവർക്കു ഇവിടെയില്ലല്ലോ. പക്ഷെ ഈ പ്രദേശത്തിന്റെ പ്രകൃതി ഭംഗിയും ശുദ്ധതയും ഒക്കെക്കണ്ടു , നാൽപതു വർഷം മുമ്പ് ലണ്ടനിൽ നിന്നും ഇവിടെ വന്നു താമസമാക്കിയവനാണ് ഞാൻ. മരണം വരെ ഇവിടെ തന്നെ ..."
Read More: DYFI ഡയറീസ് : ഒരു ജിന്നിന്രെ കഥ
അങ്ങനെ നിത്യസുന്ദരിയായ സ്കൈ ദ്വീപുമായി നിതാന്ത പ്രണയത്തിലകപ്പെട്ടവർ മുതൽ, ദിനചര്യയുടെ മടുപ്പിനപ്പുറം ജീവിതത്തിന്റെ ശാന്തി തേടി വന്ന സഞ്ചാരികൾ വരെയുള്ളവരാൽ നിറഞ്ഞു കിടന്നു ഐൽ ഓഫ് സ്‌കൈയിലെ ഈ വേനൽക്കാലം. സീസണിൽ സഞ്ചാരികൾക്കായി വാടകക്ക് കൊടുക്കുന്ന വീടുകൾ, ഒറ്റമുറി ലോഡ്ജുകൾ , ഹോട്ടലുകൾ, കാരവാനുകൾ അങ്ങനെ താമസ സ്ഥലങ്ങളൊന്നും ഒഴിവില്ലെന്ന ബോർഡ് വഴിയിൽ പലയിടത്തും കാണാമായിരുന്നു.
"Less luggage , More Comfort "എന്ന മന്ത്രം പറഞ്ഞു തന്നതും, വഴിയിൽ കണ്ട സൈക്കിളിൽ ദ്വീപു ചുറ്റാനിറങ്ങിയ ഫ്രഞ്ച് ദമ്പതികളാണ്. ശരിയാണ്, ഭക്ഷണപ്പൊതികളുടെയും , മഴക്കോട്ടുകളുടെയും, ചിന്തയുടെയും അമിത പ്ലാനിങ്ങിന്റെയും ഭാണ്ഡക്കെട്ടുകൾ പേറാതെയാവട്ടെ ഇനിയുള്ള മൂന്നു ദിവസങ്ങൾ എന്ന് ഞങ്ങൾ തീരുമാനിച്ചത് അപ്പോളാണ്. "മഴ പെയ്താൽ ആന എന്ത് ചെയ്യും? "യാത്ര സിനിമയിൽ കേട്ട ചോദ്യം." ആന മഴ കൊള്ളും!"
അങ്ങനെ മഴ കൊണ്ടാണ്, ഫെയറി ഗ്ലെൻ എന്ന പ്രദേശമാണ് ഞങ്ങൾ ആദ്യ ദിവസം കാണാൻ പോയത്. കൊച്ചു കൊച്ചു കുന്നുകളും പേര് സൂചിപ്പിക്കും പോലെ, മാലാഖമാർ ഒളിച്ചു കളിക്കാൻ വരുമെന്ന് തോന്നിക്കും വിധം തിങ്ങി നിറഞ്ഞ ചെറുമരങ്ങളുമായി സുന്ദരമായ ഒരിടം.
ഞങ്ങൾ താമസിച്ചിരുന്ന പോർട്രീ എന്ന സ്ഥലത്തു നിന്ന്, ആകാശത്തേക്ക് കൈ കൂപ്പി നിൽക്കുന്ന കൂറ്റൻ മലകളുടെയും അവളുടെ ധ്യാനനിരതമായ കണ്ണുനീര് പോലെയൊഴുകുന്ന അരുവികളുടെയും നടുവിലൂടെ ഒരു മണിക്കൂർ യാത്ര ചെയ്താണ് പിറ്റേന്ന് നീസ്റ് പോയിന്റിലെത്തിയത്. കടലിനെ തൊട്ടു നിൽക്കുന്ന കൂറ്റൻ പാറക്കൂട്ടങ്ങളുടെയും ലൈറ്റ് ഹൗസിന്റെയും വന്യ ഭംഗി 'Breaking The Waves' അടക്കമുള്ള ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുണ്ട്.
അത്താഴ സമയത്തു, അന്നത്തെ യാത്ര വിശേഷങ്ങൾ പങ്കു വെക്കുമ്പോൾ , റസ്റ്റൊറന്റ് ഉടമ ജിജ്ഞാസുവായി - "അപ്പോൾ എന്നാണ് ഡിസ്റ്റില്ലെറി കാണാൻ പോവുന്നത്? സ്കോട്‌ലാൻഡിൽ വന്നിട്ട്, സ്‌കോച് വിസ്കിയെപ്പറ്റി അറിയണ്ടേ? "
"വേണം, ഇവിടെ നിന്ന് എത്ര നേരമെടുക്കും? "
മദ്യരഹിത കിണാശ്ശേരിക്കാരെങ്കിലും, വിസ്കി ടൂറിസം ഞങ്ങൾ തോർത്തു കെട്ടി ഉറപ്പിച്ചു . ഒപ്പം പിറ്റേന്ന് ഡിസ്റ്റില്ലെറിയിൽ, ഗൈഡിനോട് ഞങ്ങൾ ചോദിച്ചേക്കാവുന്ന സംശയങ്ങളിൽ അടിസ്ഥാന യോഗ്യത ഉറപ്പു വരുത്താനായി അൽപ്പം പ്രാഥമികവിദ്യാഭ്യാസവും നേടി : - നനച്ച ധാന്യങ്ങളിൽ നിന്നും , നിശ്ചിത രീതികളിലൂടെ സ്കോട്‌ലാൻഡിൽ വെച്ച് തയ്യാറാക്കപ്പെടുന്ന തരം വിസ്കിയാണ് സ്‌കോച് വിസ്കി എന്നറിയപ്പെടുന്നത്. ഇതിൽ രണ്ടു പ്രധാന തരങ്ങളുണ്ട്- വെള്ളവും നനച്ച ബാർലിയും മാത്രം ചേർത്ത്, ഒറ്റ ഡിസ്റ്റില്ലെറിയിൽ വെച്ച് ഉൽപ്പാദിപ്പിക്കപ്പെടുന്ന സിംഗിൾ മാൾട് സ്കോച്ച് വിസ്കിയും, അവയ്ക്കൊപ്പം മറ്റു ധാന്യങ്ങളും ചേർത്ത് ഉണ്ടാക്കുന്ന സിംഗിൾ ഗ്രൈൻ സ്കോച്ച് വിസ്കിയും . സ്കോച്ച് വിസ്കി എന്ന പദവി നേടണമെങ്കിൽ ഇപ്രകാരം ഉണ്ടാക്കിയെടുത്ത വിസ്‌ക്കി മൂന്നു വർഷമെങ്കിലും അതുണ്ടാക്കുന്ന ഡിസ്റ്റില്ലെറിയിലെ ഓക്ക് വീപ്പയിൽ സൂക്ഷിക്കപ്പെടേണ്ടതുണ്ട്.
പോർട്രീയിൽ നിന്നും അര മണിക്കൂർ ദൂരെ, കാർബോസ്ട് എന്ന ഗ്രാമത്തിലാണ് ഐൽ ഓഫ് സ്‌കൈയിലെ പ്രസിദ്ധമായ ടെലിസ്‌കേർ ഡിസ്റ്റില്ലെറി. ഐ വി ശശിയുടെ സിനിമകളിലല്ലാതെ ഒരു വാറ്റു കേന്ദ്രം ആദ്യമായി കാണുകയാണ്. പുറത്തൊക്കെ ഒന്ന് നോക്കി വന്നു, റിസെപ്ഷനലിലെ അല്പനേരത്തെ കാത്തിരിപ്പിനു ശേഷം പത്തു പന്ത്രണ്ടു പേരടങ്ങിയ സംഘത്തെ ഗൈഡ് ഉള്ളിലേക്ക് നയിച്ചു .
സ്കോച്ച് വിസ്‌കി കുടുംബം ഒരു തൃശൂർ പൂരമാണെങ്കിൽ, അതിൽ നാലഞ്ച് ദേശക്കാർ ഉണ്ടെന്നു ഗൈഡിന്റെ സംസാരത്തിൽ നിന്നും മനസ്സിലായി. ഓരോരുത്തർക്കും തല ഉയർത്തി നിൽക്കുന്ന കുറെ ഗജ വീരന്മാരും. ഓരോ ദേശത്തെയും വെള്ളത്തിന്റെ സ്വഭാവമാണ് പ്രധാനമായും അവിടെ ഉല്പാദിപ്പിക്കപ്പെടുന്ന വിസ്‌കിയുടെ രുചി നിർണയിക്കുന്നത്. ലോ ലാൻഡ് എന്ന സ്കോട്‌ലാൻഡിലെ താഴ്ന്ന പ്രദേശത്തെ വിസ്‌കിക്ക് സൗമ്യ സ്വഭാവമാണെങ്കിൽ, ഹൈ ലാൻഡിലെ വിസ്‌ക്കിക്കു കുറേക്കൂടി തീവ്ര സ്വാദാണ്. സ്‌പെസൈഡ് പ്രദേശം പ്രസിദ്ധമായ മധുര രുചിയുള്ള വിസ്കി ഉണ്ടാക്കുമ്പോൾ, ഞങ്ങൾ എത്തി നിൽക്കുന്ന സ്‌കോട് ലാൻഡിലെ ഈ ദ്വീപിലുണ്ടാക്കുന്ന വിസ്‌കി അതിന്റെ പുക സ്വാദ് കൊണ്ടാണത്രേ വേറിട്ട് നിൽക്കുന്നത്!
മറ്റൊരു കടലോര പ്രദേശമായ ഐലിലെ ഉൽപ്പന്നങ്ങൾ, പീറ്റിന്റെയും പുകയുടെയും സ്വാദ് കൊണ്ട് വേറിട്ട് നിൽക്കുന്നു.ഒപ്പം കടലുപ്പിലെ അയോഡിൻ കലരുന്നതിനാൽ ഒരൽപം ഔഷധരുചിയും .ചുരുക്കത്തിൽ കെമിസ്ട്രി ലാബിലെ ചെറിയൊരു രാസപ്രവർത്തനം പോലെ എന്ന് പറയാം
ഈ ശ്രേണിയിൽ അവസാനത്തേത് , ഒരിക്കൽ ലോക വിസ്കിയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ക്യാമ്പെൽടൗൺ ദേശമാണ്. പുകസ്വാദും ലവണതയും കലർന്ന് രൂക്ഷമായ എന്നാൽ വരണ്ട രുചി .ഉൽപ്പാദനം നാമമാത്രമായിത്തീർന്ന് , ഇവരുടെ പാരമ്പര്യവും പ്രൗഢിയും ഇന്ന് ഓർമയായി മാറിക്കൊണ്ടിരിക്കുകയാണ്.
പീറ്റ്, എന്നു കേൾക്കുമ്പോൾ എന്താണ് എന്ന സംശയം വേണ്ട. വളരെ പ്രകൃതി ദത്തമായ ഒന്നാണ് പീറ്റ്. ഇവിടുത്തെ പച്ചപ്പും പുല്ലുമെല്ലാം ചതുപ്പിൽ ജീർണിച്ചു ഫോസിൽ കണക്കെയൊ, ഇളം കൽക്കരി പോലെയോ അവസ്ഥാന്തരത്തിലെത്തുന്നതാണെന്നു പറയാം. അത് കൊണ്ട് തന്നെ ഈ പ്രദേശത്തെ ചെടികളുടെയും വെള്ളത്തിന്റെയുമെല്ലാം ചുവയും ഗുണവുമാണ് പീറ്റിലും പ്രതിഫലിക്കുന്നത്. വിസ്കി നിർമാണ പ്രക്രിയയിൽ ബാർലി ഉണക്കാനുപയോഗിക്കുന്നത് ഈ പീറ്റ് കത്തിക്കുന്ന പുകയാണ്.
തുടർന്ന് അകത്തെ ഓരോ ഇടങ്ങളും കാണിച്ചു തരുമ്പോൾ ഗൈഡ്, വിസ്‌കി നിർമാണത്തിന്റെ പോളി ടെക്‌നിക് വിദ്യകളിലേക്കു കടന്നു. ബാർലി , വെള്ളം ചേർത്ത് മുളപ്പിക്കാൻ വെയ്ക്കുന്നതാണ് വിസ്‌കി ഉണ്ടാക്കുന്നതിന്റെ ആദ്യ പടി. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലേറെയായി, ഒരേ ഉറവയിലെ വെള്ളമാണ് ഇതിനായി ഇവർ ഉപയോഗിക്കുന്നത് എന്ന് കേൾക്കുമ്പോൾ, ഒരു ബ്രാൻഡിന്റെ രുചി നിർണയിക്കുന്നതിൽ അതിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പങ്ക് നമുക്ക് മനസ്സിലാവും. അടുത്തതായി ഈ ബാർലി, ഈ പ്രദേശത്തെ ചതുപ്പിൽ കാണുന്ന പീറ്റ് കത്തിച്ച പുകയിൽ ഉണക്കാൻ വെക്കുന്നു. ഈ ദ്വീപിലെ വിസ്‌കിയുടെ സവിശേഷ പുക സ്വാദിന് പിന്നിലെ കത്തുന്ന കരങ്ങൾ ഇതാണ് ! "ഇത്രയും സവിശേഷ രുചിയുള്ള സിംഗിൾ മാൾട്ടിൽ ചിലർ, വെള്ളം ചേർത്ത് കഴിക്കുന്നത്, ചോക്കലേറ്റ് ഫ്രിഡ്ജിൽ വെച്ച് തനതു രുചി കളഞ്ഞു കഴിക്കും പോലെ ഒരു നീതികേടാണ്" - ഗൈഡിന്റെ ധാർമിക രോഷം!
ഈ ബാർലി പൊടിച്ചു തിളപ്പിച്ച് അരിച്ചെടുത്ത മിശ്രിതം പുളിപ്പിച്ചു വാറ്റിയെടുത്തു വലിയ ബാരലുകളിൽ 'ഏജിങ് പ്രോസസ്സി'നായി സൂക്ഷിക്കുന്നു. പത്തു വർഷമാണെത്രെ ടെലിസ്‌കേർ വിസ്‌കി സൂക്ഷിക്കപ്പെടുന്ന കുറഞ്ഞ കാലയളവ്. അധികം വർഷങ്ങൾ ബാരലുകളിൽ സൂക്ഷിക്കപ്പെടും തോറും വിസ്കിയുടെ ഗുണവും മൂല്യവും കൂടുന്നു. അൻപതു വർഷം പഴക്കമുള്ള കുപ്പികൾക്കൊക്കെ രുചിയേറുന്നതിനാൽ മോഹവിലയാണ്. പക്ഷെ ഞാൻ ഞെട്ടിയില്ല -സമയമെടുത്ത് പാകപ്പെടുത്തിയെടുക്കുന്ന പാലടയുടെയും കാളന്റെയും കടുമാങ്ങാ അച്ചാറിന്റെയും ഒക്കെ രുചിയുടെ അതേ തത്വം ! വസുധൈവ കുടുംബകം !
അടുത്ത ദിവസം പാർക്കും പഴയ കൊട്ടാരങ്ങളും ഒക്കെയായി കുട്ടികളുടെ കൗതുകങ്ങൾക്കായി മാറ്റി വെച്ചു. പടിയിറങ്ങുമ്പോഴും, മഴയിൽ മുഖം കഴുകി സ്കോട്‌ലാൻഡ് ചിരിക്കുന്നു. ഇവിടെ എന്നും മൺസൂൺ ടൂറിസമാണ്. വസന്തത്തിന്റെയോ വേനലിലെയോ ശിശിരത്തിലെയോ മഞ്ഞുകാലത്തെയോ മൺസൂൺ വേണ്ടത് - അത് സഞ്ചാരികൾക്കു തീരുമാനിക്കാം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.