scorecardresearch
Latest News

“വിശക്കുന്നു, എന്തെങ്കിലും തരുമോ?”

“വിശക്കുന്നു, എന്തെങ്കിലും തരുമോ?” എന്ന് ഒരു പത്തുവയസ്സുകാരി ചോദിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്നത് തെറ്റാണെന്ന് തോന്നി ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥിക്യാമ്പിലെ കരൾ പിളരും കാഴ്ചകളിലൂടെ

aara janath beagum, rohingyan muslims, refugee, pm narayanan, coxs bazar,

മ്യാന്മാർ പട്ടാളത്തിന്രെ വെടിയുണ്ടയിൽ നിന്നും തലനാരിഴയ്ക്കാണ് ആരിഫ് മുഹമ്മദ് രക്ഷപ്പെട്ടത്. ഇടത് കൈയിലേറ്റ് മുറിവിൽ നിന്നും ഇപ്പോഴും ചോര പൊടിയുന്നുണ്ട്. പട്ടാളം ഗ്രാമം വളഞ്ഞ് വെടിവെയ്പ് തുടങ്ങിയപ്പോൾ കൈയിൽ കിട്ടിയ സാധനങ്ങൾ വാരിക്കെട്ടി ഓടി രക്ഷപ്പെട്ടതാണ് ആരിഫും കുടുംബവും. പക്ഷേ, പലായനത്തിനിടയിലെവിടെയോ വച്ച് കുടുംബത്തെ കൈവിട്ടു. അവരെ കാണാതായി. അവരും കോക്സസ് ബസാറിൽ എത്തിയിട്ടുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞു. കുടുംബത്തെ കണ്ടെത്താനുളള നെട്ടോട്ടത്തിലാണ് ആരിഫ്.

rohingyan refugee, myanmar, german tv, mulisms,
ബംഗ്ലാദേശിലെ കോക്സസ് അഭയാർത്ഥിക്യാമ്പിലെ റോഹിങ്ക്യൻ അഭയാർത്ഥി

നാലരലക്ഷം മനുഷ്യരാണ് കഴിഞ്ഞ നാലാഴ്ചയ്ക്കുളളിൽ മ്യാൻമാറിലെ റാഖൈനിൽ നിന്നും പലായനം ചെയ്ത് കോക്സസ് ബസാറിൽ എത്തിയത്. ദക്ഷിണേഷ്യ കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹങ്ങളിലൊന്നാണിത്. ഓഗസ്റ്റ് മാസം 25 നാണ് അരക്കൻ റോഹിങ്ക്യൻ സാൽവേഷൻ ആർമി ( എ ആർ എസ് എ) എന്ന ഗവൺമെന്ര് വിരുദ്ധ വിമത സംഘടന മ്യാന്മാർ പട്ടാള പോസ്റ്റുകൾ ആക്രമിച്ച് പന്ത്രണ്ട് പൊലീസുകാരെ വെടിവച്ചുകൊന്നത്. ഇതിന്രെ പ്രതികാരാമായാണ് മ്യാന്മാർ പട്ടാളം മ്യാന്മാറിന്രെ തെക്ക് പടിഞ്ഞാറൻ ജില്ലയിലെ റാഖൈനിൽ നരനായാട്ട് തുടങ്ങിയത്. മാധ്യമപ്രവർത്തകർക്ക് പ്രവേശാനുമതി ഇല്ലാത്ത ഈ മേഖലയിൽ നടക്കുന്ന കൊളളിവെയ്പും കൊലപാതകങ്ങളും പുറംലോകം അറിയുന്നത് ഉപഗ്രഹചിത്രങ്ങളുടെ സഹായം കൊണ്ടാണ്.

rohingya , refugee , p.m narayanan
പട്ടാളത്തിന്‍റെ വെടിയേറ്റ ആരിഫ്

“ആദ്യം പെട്രോൾ ബോംബുകൾ എറിഞ്ഞ് വീടുകൾ കത്തിക്കും ഇവിടുന്ന് ഇറങ്ങി ഓടുന്നവരെ പട്ടാളം വെടിവെച്ചു കൊല്ലും” ഗ്രാമത്തിൽ നടക്കുന്ന കൊലപാതങ്ങൾ ഓർത്തെടുത്ത് ആരിഫ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപേർ പട്ടാളത്തിന്രെ വെടികൊണ്ട് വീഴുന്നത് കണ്ടതിന്രെ വിഹ്വലത ആരിഫിന്രെ മുഖത്ത് ഇപ്പോഴും കാണാം.

petrol bomb attack, attack against rohingyan, refugee, myanmar
മ്യാന്മാറിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ പരുക്കേറ്റ് റോഹിങ്ക്യൻ വംശജൻ അഭയാർത്ഥിക്യാമ്പിൽ

സമാധാന നൊബേൽ സമ്മാന ജേതാവായ ഓങ് സാൻ സൂചി കേവലം നോക്കു കുത്തിയായി നിൽക്കുന്നതാണ് മ്യാന്മാറിൽ കണ്ടത്. മ്യാന്മാറിൽ തിരഞ്ഞെടുപ്പ് ജനാധിപത്യം പുനഃസ്ഥാപിച്ചിട്ടാണെങ്കിലും അധികാരം ഇപ്പോഴും പട്ടാളത്തിന്രെ കൈയിൽ തന്നെയാണ്. ജനാധിപത്യ സംവിധാനത്തിലെ 25 ശതമാനം സീറ്റ് പട്ടാളത്തിന്രെ പ്രതിനിധികൾക്കായി സംവരണം ചെയ്യപ്പെട്ട ഒരു “ജനാധിപത്യ പട്ടാള”ഭരണ മാണ് ഇപ്പോഴും നടക്കുന്നത്. മ്യാന്മമാറിലെ പട്ടാള ഭരണകൂടത്തിന് റോഹിങ്ക്യാ മുസ്‌ലിങ്ങളോടുളള വിരോധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുളളത്.

ബംഗാളിൽ നിന്നും കുടിയേറി വന്നവരാണ് അരക്കൻ വംശജരായ ഈ മുസ്‌ലിങ്ങൾ. അതുകൊണ്ട് തന്നെ മ്യാന്മാറിൽ ജീവിക്കാൻ അവർക്ക് അവകാശമില്ലെന്നതാണ് സർക്കാരിന്രെ ഔദ്യോഗിക നിലപാട്. റോഹിങ്ക്യ മുസ്‌ലിങ്ങൾക്ക് മ്യാന്മാറിൽ വോട്ടവകാശമില്ല. ഇവർക്ക് ജനന സർട്ടിഫിക്കറ്റ് കൊടുക്കാൻ സർക്കാർ തയ്യാറല്ല. ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾ ഇവർക്ക് ലഭിക്കല്ല. അതുകൊണ്ടാണ് റോഹിങ്ക്യൻ വംശജർ രാജ്യമില്ലാത്ത ജനതയാകുന്നത്. ഈ നീതി നിഷേധമാണ് കഴിഞ്ഞ അരനൂറ്റാണ്ടായി അഭയാർത്ഥികളെ സൃഷ്ടിച്ചുകൊണ്ടിരിക്കന്നത്.

കഴിഞ്ഞ അരനൂറ്റാണ്ടിനുളളിൽ ഒരു ദശലക്ഷത്തലധികം റോഹിങ്ക്യകൾ റാഖൈനിൽ നിന്നും പലായനം ചെയ്തിട്ടുണ്ട്. ഇതിൽ അന്പതിനായിരത്തോളം പേർ ഇന്ത്യയിൽ എത്തിച്ചേർന്നിട്ടുുണ്ട്. ബാക്കി സൗദി അറേബ്യയിലും പാകിസ്ഥാനിലും നേപ്പാളിലും മറ്റുമായി ചിതറിക്കിടക്കുകയാണ്. ഈ പലായന ദുരന്തത്തിലെ ഏറ്റവും പുതിയ അധ്യായമാണ് കോക്സസ് ബസാറിൽ ചുരുളഴിയുന്നത്.

മഴവെളളം ഇറ്റിറ്റു വീഴുന്ന പ്ലാസ്റ്റിക് കൂടാരങ്ങളിൽ ജീവിതം എവിടെ തുടങ്ങണം എന്നറിയാതെ പകച്ചിരിക്കുകയാണ് ആരിഫിനെപ്പോലുളള ആയിരങ്ങൾ.
ഒരു നല്ലവാർത്ത കണ്ടെത്തുക എന്നതാണ് മാധ്യമ പ്രവർത്തനത്തിലെ ഏറ്റവും വലിയവെല്ലുവിളി. എന്നാൽ കോക്സസ് ബസാറിൽ സ്ഥിതി മറിച്ചാണ്. ഏത് സ്റ്റോറിയാണ് തിരഞ്ഞെടുത്ത് പറയേണ്ടത് എന്ന് അറിയയാതെ വിഷമിച്ചുപോകുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നാണിത്. ചുറ്റും കാണുന്ന ഓരോ മനുഷ്യരും ഓരോ കഥകൾ. നാല് ലക്ഷം കഥകൾ.

പത്രപ്രവർത്തകൻ ഒരിക്കലും താൻ ചെയ്യുന്ന വാർത്തയുടെ ഭാഗമാകരുതെന്നാണ് ജേണലിസത്തിന്രെ ആദ്യപാഠം. അത് റിപ്പോർട്ടിങിന്രെ വസ്തുനിഷ്ഠത ഇല്ലാതാക്കും എന്നതാണ് കാരണം. എങ്കിലും “വിശക്കുന്നു, എന്തെങ്കിലും തരുമോ?” എന്ന് ഒരു പത്തുവയസ്സുകാരി ചോദിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്നത് തെറ്റാണെന്ന് തോന്നി. ടീം അംഗങ്ങൾക്കായി കരുതിയ ഉച്ചഭക്ഷണം മുഴുവൻ അവൾക്ക് കൊടുത്തു. മരച്ചുവട്ടിൽ കിടന്നുറങ്ങിയ കൂടപിറപ്പുകളെ വിളിച്ചുണർത്തി അവരത് ആർത്തിയോടെ കഴിച്ചു തീർത്തു.

ജന്നത്ത് ആര ബീഗം എന്നാണ് അവളുടെ പേര്. ഉമ്മയും ബാപ്പയും ഏഴ് സഹോദരീ സഹോദരന്മാരും അടങ്ങുന്ന വലിയ കുടുംബമായിരുന്നു അവളുടേത്. പിതാവ് സയ്യിദ് ആലം മരപ്പണിക്കാരനായിരുന്നു.

food, refugee camp, rohingyan refugees,

സംഘർഷം തുടങ്ങിയ നാളുകളിൽ കറുത്ത മുഖംമൂടി ധരിച്ച ആൾക്കൂട്ടം വീട്ടിലേയ്ക്ക് ഇരച്ചു കയറി എല്ലാവരെയും വലിച്ച് പുറത്തിട്ടു. വീടിന് തീവെച്ചു. സയ്യിദ് ആലത്തെ ആൾക്കൂട്ടം വെടിവെച്ചു കൊന്നു. ഭയന്നോടിയ ഉമ്മയും മക്കളും അഞ്ച് ദിവസം നടന്നാണ് ബംഗ്ലാദേശിൽ എത്തിയത്. ഈ ദിവസങ്ങളിലൊന്നും ഇവർ കാര്യമായ ഭക്ഷണം കഴിച്ചിട്ടില്ല. മരച്ചുവട്ടിലാണ് കിടന്നുറങ്ങുന്നത്. ഉമ്മ ഫൗസില, വീട് കെട്ടാനുളള പ്ലാസ്റ്റിക് ഷീറ്റ് അന്വേഷിച്ച് പോയതാണ്.
ചരിത്രത്തിന്രെ ഫാൾട്ട് ലൈനിൽ കുടുങ്ങിപ്പോയ മനുഷ്യരാണ് റോഹിങ്ക്യകൾ. മുളംകൊമ്പിൽ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റാണ് ഇവർക്ക് വീട്. ആരെങ്കിലും സഹായിച്ച് നൽകുന്ന ഒരുപിടി അരി വേവിച്ചാൽ അത് ഭക്ഷണം. ഈ മനുഷ്യക്കൂട്ടത്തിന്രെ പേരാണിന്ന് റോഹിങ്ക്യകൾ.

ലോകത്തിലെ രണ്ട് വൻശക്തികളുടെ മൂക്കിന് താഴെയാണ് മ്യാന്മാർ പട്ടാളം ഈ നരനായാട്ട് നടത്തുന്നത്. റാഖൈനിൽ നടക്കുന്നത് വംശഹത്യയുടെ ടെക്സ്റ്റ്ബുക്ക് ഉദാരണമാണെന്ന് യു എൻ മനുഷ്യാവകാശ സംഘടന സാക്ഷ്യപ്പെടുത്തുന്നു.

coxs bazar, rohingyan refugee, myanmar, muslim refugees,
റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലെ കുഞ്ഞുങ്ങൾ

റോഹിങ്ക്യകളെ ആർക്കും ആവശ്യമില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ മൂന്നരലക്ഷം അഭയാർത്ഥികളാണ് ബംഗ്ലാദേശിലെ കോക്സസ് ബസാറിൽ എത്തിയിട്ടുണ്ട്. പുതുതായി വന്ന നാലരലക്ഷം കൂടെയാകുമ്പോൾ ആ ജില്ലയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് കവിയും അത്. കോക്സസ് ബസാറിനെ ബംഗ്ലാദേശിലെ പ്രമുഖ ടൂറിസം കേന്ദ്രമാക്കാനുളള ശ്രമത്തിലാണ് സർക്കാർ. അതിന് ഈ അഭയാർത്ഥികൾ തടസ്സമാകുമോ എന്ന ഭയത്തിലാണ് പ്രാദേശിക ഭരണകൂടം.

അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന പറഞ്ഞു: ” ബംഗ്ലാദേശ് പാവപ്പെട്ട രാജ്യമാണ്. പതിനേഴ് കോടി ജനങ്ങൾ ഇവിടെ ഉണ്ട്. അതുകൊണ്ട് തന്നെ പത്ത ലക്ഷം റോഹിങ്ക്യകളെ കൂടി തൽക്കാലം സംരക്ഷാൻ ഞങ്ങൾക്കാവും” ഇതിൽ തൽക്കാലം എന്നത് ഊന്നിപ്പറഞ്ഞാണ് ഹസീന പ്രസംഗം നിർത്തിയത്. റോഹിങ്ക്യകളെ മ്യാന്മാറിലേയ്ക്ക്  തന്നെ തിരിച്ചയക്കണം എന്നതാണ് ബംഗ്ലാദേശിന്രെ ഔദ്യോഗിക നിലപാട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത് സാധ്യമല്ല. അതുകൊണ്ട് ഇവരെ ഒന്നടങ്കം ബേ ഓഫ് ബംഗാളിലെ ഒരു ദ്വീപിലേ്ക്ക് മാറ്റി താമസിപ്പിക്കാനുളള ബൃഹദ് പദ്ധതിക്ക് ബംഗ്ലാദേശ് സർക്കാർ അനുമതി നൽകിയത്.

ആൾപാർപ്പില്ലാത്ത ഈ ദ്വീപിലേയ്ക്ക് മാറ്റുമോ എന്ന ഭയം കൊണ്ടാണ് കോക്സസ് ബസാറിൽ എത്തിയ അഭയാർത്ഥികൾ “ബയോമെട്രിക്” രജിസ്ട്രേഷൻ നടത്താൻ തൽപരരാവാതെ ശങ്കിച്ച നിൽക്കുന്നത്. ഇത് ഇവരെ പിന്നീട് തിരഞ്ഞു പിടിക്കാൻ സഹായിക്കും. റോഹിങ്ക്യകൾക്ക് കോക്സസ് ബസാർ വി്ടുുപോകാൻ അനുവാദമില്ല.

ഇന്ത്യയും റോഹിങ്ക്യകളെ തിരിച്ചയക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പക്ഷേ മ്യാന്മാർ റോഹിങ്ക്യകളെ തങ്ങളുടെ പൗരന്മാരായി കാണാത്തതുകൊണ്ട് തന്നെ ഇവരെ എങ്ങോട്ട് തിരിച്ചയക്കും എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്.

rohingyan muslims, refugees, myanmar, refugee camp,
ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥിക്യാമ്പിൽ നിന്നും

അഭയാർത്ഥികളെ, പ്രത്യേകിച്ചും മുസ്‌ലിം അഭയാർത്ഥികളെ ആർക്കും വേണ്ടാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ജർമ്മനിയിൽ ഒരു ദശലക്ഷം അഭയാർത്ഥികൾക്ക് അഭയം നൽകിയ എയ്ഞ്ചലാ മെർക്കലിന്രെ ഭൂരിപക്ഷം വൻതോതിൽ ഇടിഞ്ഞത് ഇതിന് ഉദാഹരണമാണ്. മുസ്‌ലിം അഭയാർത്ഥികളെ എതിർക്കുന്ന എ എഫ് ഡി പാട്ടി ചരിത്രത്തിലാദ്യമായി 13 ശതമാനത്തിലധികം വോട്ട് നേടി ഏറ്റവും വലിയ മൂന്നാം കക്ഷിയാവുന്നതും കഴിഞ്ഞയാഴ്ച നടന്ന ജർമ്മൻ തിരഞ്ഞെടുപ്പിൽ കണ്ടു.

റോഹിങ്ക്യൻ സാൽവേഷൻ ആർമി എന്ന റിബൽ സംഘടനയ്ക്ക് രാജ്യാന്തര ഇസ്‌ലാമിക്ക് റാഡിക്കൽ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിലും വർദ്ധിച്ചുവരുന്ന റാഡിക്കൽ ഇസ്‌ലാമിന്രെ സ്വാധീനം ആവണം ഷെയ്ഖ് ഹസീന സർക്കാരിനെ ഈ അഭയാർത്ഥികളെ കോക്സസ് ബസാറിൽ തളച്ചിടാൻ പ്രേരിപ്പിക്കുന്നത്. ഓഗസ്റ്റ് 25 ന് റാഖൈനിൽ പൊലീസിനെ ആക്രമിച്ച സാൽവേഷൻ ആർമി സംഘം അതിർത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് രക്ഷപ്പെട്ടുവെന്നാണ് മ്യാന്മാർ പൊലീസിന്രെ കണ്ടെത്തൽ.  നീതി നിഷേധിക്കപ്പെട്ട ജനതയാണ് റോഹിങ്ക്യകൾ. അവരെ റാഡിക്കൽ ഇസ്‌ലാമിസ്റ്റുകൾക്ക് റിക്രൂട്ട്മെന്ര് വിഡിയോ ഉണ്ടാക്കാൻ മാത്രം ഉപോയഗമുളള ഒരു “ഇരക്കൂട്ടം” മാത്രമായി മാറ്റിയെടുക്കുന്നതിൽ രാജ്യാന്തര സമൂഹത്തിനുളള പങ്ക് ചെറുതല്ല.

ആരിഫ് ഒരുപക്ഷേ കുടുംബത്തെ അന്വേഷിച്ച് കണ്ടുപിടിച്ചെന്നെരിക്കും. ജന്നത്ത്, ഉമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും ഒപ്പം അഭയാർത്ഥി ക്യാമ്പിൽ വളർന്ന് വലതാകും. സംഘർഷത്തിന്രെ ഇരകളാവുന്ന സാധാരണ മനുഷ്യരെ സംബന്ധിച്ചടത്തോളം ചരിത്രത്തിലെ ന്യായാന്യായ തർക്കങ്ങൾക്ക് വലിയ വിലയൊന്നുമില്ല. മഴയിൽ കുതിർന്ന്, ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ, ദുരിതഭാണ്ഡങ്ങൾക്ക് ചുറ്റും കൂനിക്കൂടിയിരുന്ന് ജീവിതം ഊതിപിടിപ്പിക്കാനുളള ശ്രമത്തിലാണ് ഇവർ. അവർക്ക് ജീവിക്കാനുളള അവകാശം ഉറപ്പാക്കേണ്ടത് നമ്മളാണ്.

ജർമ്മൻ ടെലിവഷന്രെ സൗത്ത് ഏഷ്യാ പ്രതിനിധിയായ ലേഖകൻ, കഴിഞ്ഞ മാസം 15 മുതൽ 21 വരെ ബംഗ്ലാദേശിലെ കോക്സസ് ബസാറിലെ  അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ച അനുഭവം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Trauma of rohingya muslim refugees in bangaldesh coxs bazar