scorecardresearch

ടെക്‌സ്റ്റ് ആണ് പ്രധാനം, അതിനോടാണ് പരിഭാഷകർ വിശ്വസ്തത പുലർത്തേണ്ടത്: ജെ ദേവിക

“ആ നിശബ്ദ ഭാഷയെയാണ് നമ്മൾ ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് എത്തിക്കുന്നത്. എഴുത്തുകാർക്ക് അത് പറയാൻ അറിയില്ലായിരിക്കാം പക്ഷെ അവരുടെ എഴുത്തിലത് വ്യക്തമാണ്.” മലയാളത്തെ ലോകത്തിന് മുന്നിൽ എത്തിച്ച ശ്രദ്ധേയയായ പരിഭാഷകയായ ഡോ. ജെ ദേവിക സംസാരിക്കുന്നു

ടെക്‌സ്റ്റ് ആണ് പ്രധാനം, അതിനോടാണ് പരിഭാഷകർ വിശ്വസ്തത പുലർത്തേണ്ടത്: ജെ ദേവിക

മലയാള സാഹിത്യം ഇന്ന് ഭാഷയുടെ അതിരുകൾ കടന്ന് വായനക്കാരുടെ ലോകത്ത് ഇടം നേടിയിട്ടുണ്ട്. മലയാള രചനകളുടെ സത്ത ചോരാതെ ലോകത്തിന് പകർന്ന് നൽകിയത് നമ്മുടെ മികവുറ്റ പരിഭാഷകരാണ്. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും പരിഭാഷപ്പെടുത്തുന്നവർ വളരെ അപൂർവ്വമാണ്. അതിൽ തന്നെ ഫിക്ഷനും നോൺ ഫിക്ഷനും ചെയ്യുന്നവർ അതിലും കുറവും. മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും , സാഹിത്യ, സാഹിത്യേതര മേഖലകളിലെ രചനകൾ സർഗാത്മകമായി പരിഭാഷ നടത്തുന്നവരിൽ ഏറെ ശ്രദ്ധേയയാണ് ജെ. ദേവിക. സരസ്വതിയമ്മ, ലളിതാംബിക അന്തർജനം തുടങ്ങി മലയാള സാഹിത്യത്തിലെ ആദ്യകാല സ്ത്രീ എഴുത്തുകാരിൽ തുടങ്ങി സാറാ ജോസഫ്, കെ ആർ മീര, ആർ ഉണ്ണി, നളിനി ജമീല, ആർ. രാജശ്രീ, എന്നിവരുടെ കൃതികൾ വരെ പരിഭാഷയിലൂടെ ലോകത്തിന് മുന്നിലെത്തിച്ചത് ദേവികയാണ്. 2022ലെ ജെ സി ബി സാഹിത്യ പുരസ്കാര ജൂറിയംഗമാണ് ദേവിക. പരിഭാഷകയും, ഫെമിനിസ്റ്റ് ചരിത്രകാരിയുമായ ജെ ദേവിക, വിവർത്തനത്തെ കുറിച്ച് ശില്‌പയുമായി സംസാരിക്കുന്നു.

പരിഭാഷ ചെയ്യുക എന്നത് ബോധപൂർവ്വമായ തീരുമാനം ആയിരുന്നോ, അതോ സ്വാഭാവികമായി എത്തിപ്പെട്ടതാണോ?

പരിഭാഷ ഞാൻ വളരെ പണ്ടേ ചെയ്യുന്നൊരു കാര്യമാണ്. 1980-കളിൽ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് ഞാൻ തുടങ്ങുന്നത്. നോൺ ഫിക്ഷൻ (Non-fiction) ആണ് ആദ്യം ചെയ്തിരുന്നത്. അന്ന് സാഹിത്യപരമായ പരിഭാഷകൾ അല്ല ചെയ്‌തിരുന്നത്‌. ശാസ്ത്ര സാഹിത്യ പരിഷദിന്റെ ശാസ്ത്രഗതി എന്ന മാസികയ്ക്ക് വേണ്ടി സയൻസുമായിട്ട് ബന്ധപ്പെട്ട് അന്ന് വന്നിരുന്ന ഇംഗ്ലീഷ് ലേഖനങ്ങളൊക്കെ ഒരു പതിനെട്ട് പത്തൊൻപത് വയസ്സുള്ളപ്പോൾ പരിഭാഷ ചെയ്തിട്ടുണ്ട്. മറാഠിയിൽ വരുന്ന ദളിത് കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ മാനുഷിയിൽ വരുമായിരുന്നു. അത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വനിതാ കലാ ജാഥയ്ക്ക് വേണ്ടി മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പിന്നെ ‘വിസാർഡ് ഓഫ് ഓസ്’ എന്ന പുസ്തകത്തെ മലയാളത്തിൽ ‘ഓസിലെ മായാവി’ എന്ന പേരിൽ പുനരാഖ്യാനം ചെയ്തിട്ടുണ്ട്.

കേരളത്തിലെ സാഹിത്യ പൊതുമണ്ഡലത്തിനെപ്പറ്റിയും അതിന്റെ ചരിത്രത്തിനെപ്പറ്റിയും 2004 കാലഘട്ടത്തിൽ കൂടുതൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് നമ്മുടെ സ്ത്രീ എഴുത്തുകാരുടെ രചനകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞത്. മലയാളത്തിൽ നമ്മൾ വളരെ പ്രധാനപ്പെട്ട എഴുത്തുകാരായിട്ട് കണക്കാക്കുന്ന സരസ്വതി അമ്മ, ലളിതാംബിക അന്തർജ്ജനം, മാധവികുട്ടി, എന്നിവരെയൊക്കെ ഇരുപതാം നൂറ്റാണ്ടിലുടനീളം വായിക്കുന്നത് വളരെ പൗരുഷമായ രീതിയിലാണ്. ഇവർ ഓരോരുത്തരുടെ എഴുത്തിനും പല തലങ്ങളുണ്ട്, അത് ആ കാലഘട്ടത്തിലെ സാമൂഹിക, രാഷ്ട്രീയ, സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് വായിക്കേണ്ടത്. അങ്ങനെയൊരു വായന നടന്നിട്ടേയില്ലായെന്നും, അവരുടെ എഴുത്തിലെ പുരുഷാധിപത്യവിരുദ്ധതയെ അങ്ങേയറ്റം കുറയ്ക്കുകയോ വളച്ചൊടിക്കുകയോ ആണ് ഉണ്ടായിട്ടുള്ളതെന്നും ഞാൻ മനസിലാക്കി.

ഒരു ഫെമിനിസ്റ്റ് വിമർശക എന്നുള്ള നിലയ്ക്ക് എനിക്ക് ഈ കഥകളെ കുറിച്ചുള്ള വായനകൾ നടത്താം. പക്ഷേ അതുമാത്രം പോരായെന്നും മറ്റൊരു ഭാഷയിലും കൂടെ ഇത് പുറത്തുവരണമെന്ന തിരിച്ചറിവിലാണ് മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള പരിഭാഷ തുടങ്ങിയത്. ഒരു ഫെമിനിസ്റ്റ് ചരിത്രകാരി എന്ന നിലയ്ക്ക് എനിക്ക് പരിഭാഷ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആദ്യമായി പ്രസിദ്ധീകരിച്ച എന്റെ പുസ്തകം എന്നു പറയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം എഴുതിയിരുന്ന സ്ത്രീകളുടെ രചനകളുടെ പരിഭാഷയാണ്. കാരണം ഈ സ്ത്രീകളുടെയെല്ലം സംഭാവനകൾ നമ്മൾ മറന്നു എന്നുള്ളതാണ്. സ്വാതന്ത്ര്യവാദിനി എന്ന വെബ്സൈറ്റ് നിറയെ ഈ സ്ത്രീകളെ കുറിച്ചുള്ളതോ അല്ലെങ്കിൽ ഇവർ തന്നെ എഴുതിയതോ ആയ എഴുത്തുകളുടെ പരിഭാഷകളാണ്. ഇരുപതാംനൂറ്റാണ്ടിലെ തുടക്കം മുതൽ ഒരു 1950-60 വരെയുള്ള ഈ സ്ത്രീകളുടെ എഴുത്തെല്ലാം അതിലുണ്ട്. രണ്ട് ഭാഷകളിലും അങ്ങനെ മാറി മാറി പരിഭാഷ നടത്തുകയാണ്.

ഭാഷയുടെ കാര്യം പറഞ്ഞതുകൊണ്ട്, മീരയുടെ ‘ആരാച്ചാർ,’ ആർ. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത.’ ഇവ രണ്ടും വെല്ലുവിളി ഉയർത്തുന്ന പുസ്തകങ്ങൾ ആണല്ലോ. ഒന്നിൽ ആഖ്യാനരീതി ആണെങ്കിൽ മറ്റൊന്നിൽ ഭാഷയാണ്.

മീരയുടെ “ആരാച്ചാർ” ഒരു വലിയ വെല്ലുവിളി ആയിരുന്നു. ആദ്യം മുതൽ അവസാനം വരെയും ഒരു വില്ലിന്റെ ഞാൺ മുറുകി നിൽക്കുന്ന ഒരു മുറുക്കം സൃഷ്ടിക്കുന്ന തരത്തിലാണ് മീര കഥ പറയുന്നത്. ശ്വാസം പിടിക്കുന്ന പോലെയുള്ള ആ കഥപറച്ചിൽ ഇംഗ്ലീഷിൽ അതുപോലെ വന്നില്ലെങ്കിൽ അത് വെറുമൊരു സാധാരണ കഥപറയുന്ന പോലെ ആയിപ്പോകും. ആ ഗതി അങ്ങനെ തന്നെ നിലനിർത്താൻ എനിക്ക് നിരന്തരമായി മീരയുമായി സംവദിക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങൾ ഒരുപാട് ചർച്ചകൾ നടത്തിയാണ് ആ നോവലിനെ ആ രൂപത്തിലേക്ക് എത്തിച്ചത്. രാജശ്രീയുടെ നോവൽ അതിനേക്കാൾ വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. അതിനകത്തുള്ള വടക്കും തെക്കും ഭാഷകളിലൂടെ ഒരു അധികാര സമരം കാണിക്കുന്നുണ്ട്. ആ അധികാര സമരത്തിനോട് ഞാൻ യോജിക്കുന്നില്ലെങ്കിലും പരിഭാഷപ്പെടുത്തുമ്പോൾ ആ നോവലിന്റെ വിശേഷപരിസരത്തെ നമ്മൾ നിലനിർത്തണം. ഈ ഭാഷകളെ നമുക്ക് വെറുതെ സ്റ്റാൻഡേർഡ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ പറ്റില്ല.

രാജശ്രീയുടെ നോവലിലെ ഭാഷകളെ എങ്ങനെ പരിഭാഷ ചെയ്യണമെന്ന കാര്യത്തിൽ എനിക്ക് വ്യക്തതയുണ്ടായിരുന്നു. കേൾവിയാണ് എനിക്ക് അവിടെ ഉപകാരപ്പെടുന്നത്. വടക്കൻ ഭാഷയിൽ പൊതുവെ എല്ലാം ലോപിച്ചാണ് പറയുന്നത്, ബൈലേബിയൽ സബ്സ്റ്റിട്യൂഷൻ (Bilabial Substitution) എന്ന് പറയും ‘പ’യ്ക്ക് പകരം ‘വ’ ചേർത്ത് പറയുക അങ്ങനെയൊക്കെ. അതെല്ലാം നമുക്കൊരു പരിധിവരെയെ പരിഭാഷപ്പെടുത്താൻ സാധിക്കു. തെക്കൻ മലയാളം പക്ഷേ, എളുപ്പമാണ്, കാരണം തെക്കൻ ഇംഗ്ലീഷ് ഉണ്ട്. ഞാൻ ഓണാട്ടുകരക്കാരിയാണ്. അവിടെ ‘marriage’ എന്നതിന് മാര്യേജ് എന്നാണ് പറയുന്നത്. ആ ഇംഗ്ലീഷിലേക്ക് നമ്മൾ ആക്കിയാൽ മതി. അപ്പോൾ കയ്യിലുള്ള ഇംഗ്ലീഷ് ഭാഷയെ അതിന് അനുസരിച്ച് കുറച്ച് വളച്ചൊടിച്ചാണ് നമ്മൾ ഉപയോഗിക്കുന്നത്. ഭാഷ കൈകാര്യം ചെയ്യുന്നതിൽ എഡിറ്ററിനും വലിയ പങ്കുണ്ട്. നമ്മൾ ഒരുപാട് വായിച്ച് വായിച്ച് ടെക്സ്റ്റിനോട് പരിചിതമായാൽ അതിലെ തെറ്റുകൾ നമ്മുടെ കണ്ണിൽ പെടാതെയാകും. അപ്പൊ അതിനെ മുൻപിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നത് ഒരു എഡിറ്ററാണ്. മിനി കൃഷ്ണനെ പോലെയുള്ള എഡിറ്റേഴ്‌സിനെ അക്കാര്യത്തിൽ പ്രത്യേകം പരാമർശിച്ചേ മതിയാകു.

പരിഭാഷ എന്ന പ്രക്രിയയിൽ പുസ്തകത്തിന്റെ രചിയിതാവിന് സ്ഥാനം ഉണ്ടോ? ‘Fidelity to Text/Author’ എന്ന ആശയത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കാമോ?

എനിക്ക് പൊതുവെ എഴുത്തുകാരുമായി നല്ലൊരു സൗഹൃദം ഉണ്ടാകും. ഞാൻ വാൾട്ടർ ബെഞ്ചമിന്റെ ‘ടാസ്ക് ഓഫ് ദി ട്രാൻസ്ലേറ്റർ’ (Task of the Translator) ബൈബിൾ പോലെ വായിക്കുന്നൊരാളാണ്. അതിൽ അദ്ദേഹം പറയുന്ന പോലെ എല്ലാ ഭാഷകളിലും പരന്നു കിടക്കുന്ന എന്നാൽ കാണാൻ കഴിയാത്ത സാർവത്രികമായൊരു ഭാഷയുണ്ട്. ആ നിശബ്ദ ഭാഷയെയാണ് നമ്മൾ ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് എത്തിക്കുന്നത്. എഴുത്തുകാർക്ക് അത് പറയാൻ അറിയില്ലായിരിക്കാം പക്ഷെ അവരുടെ എഴുത്തിലത് വ്യക്തമാണ്. മനുഷ്യന്റെ അനുഭവങ്ങൾ എന്നുപറയുന്നത് അതിരറ്റതാണ്. അതിനെ അതിന്റെ എല്ലാ സങ്കീർണതകളും ഉൾക്കൊണ്ടുകൊണ്ട് പിന്തുടരുന്ന ഒരു രീതിയാണ് ഈ എഴുത്തുകാർക്ക് ഉള്ളത്. കാവ്യഭാഷ എന്ന് പറയുന്നത് അതാണ്‌. കാവ്യഭാഷയാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ ഈ കാവ്യഭാഷ വിജയകരമായിട്ട് മറ്റൊരു ഭാഷയിലേക്ക് കടത്തിയോ എന്നാണ് എഴുത്തുകാർ നോക്കുന്നത്. തൃപ്തിയായില്ല എന്നവർ പറയുന്നെങ്കിൽ അതൊരു പക്ഷെ ഈ മാറ്റം വിജയകരമായി നടന്നതായി അവർക്ക് തോന്നാത്തത് കൊണ്ടാകാം. അതുകൊണ്ടാണ് ഞാൻ എഴുത്തുകാരുമായി ഒരു സ്ഥിരസംവാദം നിലനിർത്തുന്നത്. എനിക്ക് എഴുത്തുകാരുമായിട്ട് ഒരു പൊരുത്തക്കേട് ഉണ്ടായിട്ടില്ല.

കാലങ്ങളായിട്ടുള്ള പരിഭാഷയുടെ രൂപാന്തരത്തിന്റെ ഭാഗമായി translation എന്നതിൽ നിന്നും Transcreation എന്നൊരു അവസ്ഥയിലേക്ക് പരിഭാഷ രൂപപ്പെട്ടിട്ടുണ്ടോ?

ട്രാൻസ്‍ക്രിയേഷൻ എന്നുമല്ല ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. വാൾട്ടർ ബെഞ്ചമിൻ പരിഭാഷയെ ഒരു കലാരൂപമെന്നാണ് വിളിച്ചത്. എന്റെ അഭിപ്രായവും അതുതന്നെയാണ്. പിന്നെ നിങ്ങൾ എന്തിനുവേണ്ടിയാണ് പരിഭാഷ ചെയ്യുന്നത് എന്നുള്ളതിലാണ് കാര്യം. ഈ ഭാഷയിൽ ഒളിഞ്ഞു കിടക്കുന്ന ആ സാർവത്രികമായ ഭാഷയെ കണ്ടെത്തി നമ്മൾ മറ്റൊരു ഭാഷയ്ക്ക് സമ്മാനിക്കുകയാണ് ചെയ്യുന്നത്. അതൊരു കലാരൂപം തന്നെയാണ്. എന്നെ സംബന്ധിച്ച് ഇതൊരു വളരെ നിശ്ശബ്‌ദമായ ആത്മീയ പരിശീലനം പോലെയാണ്. നല്ലൊരു വെല്ലുവിളി ഉണ്ടെന്ന് തോന്നുന്ന ടെക്സ്റ്റ് മാത്രമേ ഞാൻ ഏറ്റെടുക്കാറുള്ളു. അത്തരത്തിൽ നോക്കിയാൽ ടെക്സ്റ്റ് എന്തായി തീരും എന്നതിനപ്പുറം പരിഭാഷ എന്ന പ്രക്രിയ തന്നെ വളരെ തൃപ്തി നൽകുന്നതാണ്.

ഒരു രചയിതാവിന് ഒരുപക്ഷേ ഏകാന്തമായി എഴുതുവാൻ സാധിക്കുമായിരിക്കും, പരിഭാഷകയ്ക്ക്/പരിഭാഷകന് അത്തരമൊരു ഏകാന്തമായ നിലനിൽപ്പ് ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?

ഉണ്ട്. തീർച്ചയായും ഉണ്ട്. എഴുത്തുകാരുമായിട്ടുള്ള സംഭാഷണം ഒരു തലത്തിൽ ഉണ്ട്. നമ്മൾ ഒരു തരത്തിൽ “ഗൂഢാലോചനക്കാർ” ആണല്ലോ. ഒരു ഭാഷയിൽ ഒരു രചനയുണ്ടായി. അതിനെ മറ്റൊരു ഭാഷയിലേക്ക് എത്തിക്കുന്ന ദൗത്യം നമ്മുടേതാണ്. അപ്പോൾ ആ ദൗത്യത്തിൽ ഏർപ്പെടുമ്പോൾ എനിക്ക് ആ ഏകാന്തമായ നിലനിൽപ്പ് തീർച്ചയായും ഉണ്ട്. സാർവത്രികമായ ഭാഷയുടെ ധ്വനിയുള്ള രചനകൾ മാത്രമേ ഞാൻ പരിഭാഷപ്പെടുത്താൻ എടുക്കാറുള്ളു. അത്തരം രചനകൾ മാത്രമേ പരിഭാഷയ്ക്ക് വേണ്ടി നമ്മൾ വായിക്കുമ്പോൾ നിലനിൽക്കുകയുള്ളൂ.

കവിത പരിഭാഷപ്പെടുത്തുമ്പോൾ ഈ ഏകാന്തമായ നിലനിൽപ്പ് ഉണ്ടോ ഇല്ലയോയെന്ന് നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.  കവിതയ്ക്ക് ഏകാന്തത വളരെ അത്യാവശ്യമാണ്. ഏകാന്തത എന്നാൽ ചെവി അടച്ച് ഇരിക്കണം എന്നല്ല.  ഏകാന്തത എന്നാൽ നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ നിങ്ങളുടെ സ്വത്വത്തെ കേന്ദ്രീകരിക്കാൻ സാധിക്കണം. അവിടെ ഇരുന്നുകൊണ്ട് നിങ്ങൾക്ക് ലോകത്തെ കുറിച്ചുള്ള സത്യം എഴുതാൻ സാധിക്കണം. അങ്ങനെയുള്ള കവിതകൾ മാത്രമേ ഒരു പുതിയ വിഷയത്തെ മുന്നോട്ട് കൊണ്ടുവരൂ. അത്തരം കവിതകളെയാണ് പരിഭാഷപ്പെടുത്താൻ ഇഷ്ടവും.

ഒരു രചയിതാവിന്റെ സർഗാത്മക ലോകത്തിലൂടെയുള്ള സഞ്ചാരത്തെപ്പറ്റി പറയാമോ? പരിഭാഷകരും എഴുത്തുകാരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ എങ്ങനെയാണ് അതിൽ നടക്കുന്നത്?

എനിക്ക് ആര് തന്നെ എഴുതിയാലും ടെക്സ്റ്റ് ആണ് ഏറ്റവും പ്രധാനം. അതിനോടാണ് ഞാൻ വിശ്വസ്തത കാണിക്കേണ്ടത്. ചിലപ്പോൾ എഴുത്തുകാർ ചിന്തിച്ച രീതിയിൽ തന്നെ ഞാൻ ആ ടെക്സ്റ്റിനെ തിരിച്ചറിയണം എന്നില്ല. ഉദാഹരണത്തിന് മീര, “ആരാച്ചാർ” എഴുതുമ്പോൾ തന്നെയാണ് ഞാൻ അത് പരിഭാഷപ്പെടുത്തി തുടങ്ങുന്നതും. ഞങ്ങൾ തമ്മിൽ നല്ലൊരു സംഭാഷണം ഉണ്ടായി വന്നിട്ടുണ്ട്. പക്ഷേ, മീര യഥാർത്ഥത്തിൽ സങ്കൽപ്പിച്ചത് പോലെയേ അല്ല ഞാൻ ആ നോവലിനെ കണ്ടത്. “ആരാച്ചാർ” ഞാൻ വായിക്കുമ്പോൾ കാണുന്നത്, ഭരണകൂടത്തിന്റെ ദണ്ഡനീതി ഒരു സ്ത്രീയെ ഏൽപ്പിക്കുന്നതിനെ പറ്റിയാണ്. എപ്പോഴും സ്ത്രീ ശാക്തീകരണം എന്നാൽ ഭരണകൂടത്തിന്റെ ക്ഷേമത്തിന്റെ മുഖം സ്ത്രീകളിലൂടെ നടപ്പാക്കുക എന്നതാണ്. ഒരു സ്ഥിരവരുമാനം ലഭിക്കുന്ന തരത്തിലുള്ള ജോലികളിലേക്ക് അവരെ തിരിച്ചുവിടുക അങ്ങനെയൊക്കെ.

പക്ഷേ, ഭരണകൂടത്തിന് വളരെ ഹിംസാത്മകമായ ആയ മറ്റൊരു മുഖമുണ്ട്. അത് കലാകാലങ്ങളായി സ്ത്രീക്ക് എതിരായി തന്നെ നിലകൊണ്ടിട്ടുമുണ്ട്. ഈ കാലഘട്ടത്തിൽ ഭരണകൂടം സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുമ്പോൾ, ക്ഷേമപരമായ കാര്യങ്ങൾക്ക് പകരം എന്തുകൊണ്ട് ഭരണകൂടത്തിന്റെ ഈ ദണ്ഡനീതി നടപ്പാക്കാൻ സ്ത്രീയെ ഏൽപ്പിക്കുന്നില്ല. ആരാച്ചാറിൽ ആ ചോദ്യമാണ് എന്നെ അതിശയിപ്പിച്ചത്. ഒരു തരത്തിൽ പറഞ്ഞാൽ ചേതന എന്ന സ്ത്രീ നമ്മളൊക്കെ തന്നെയാണ്. തന്റെ കുടുംബത്തെ എതിർത്തുകൊണ്ട് മുന്നോട്ട് പോകേണ്ടി വരുന്ന എല്ലാ സ്ത്രീകളെയും ചേതന പ്രതിനിധീകരിക്കുന്നുണ്ട്. അടുത്ത ദിവസം ജീവനോടെ ഇരിക്കാൻ വേണ്ടി ടിവി സ്റ്റുഡിയോയിൽ ഇരുന്നു കഥ പറയുന്നൊരു ഷെഹറാസാദയാണ് അവർ. ഇതൊക്കെയാണ് ഞാൻ ആ നോവലിൽ കാണുന്നത്, അതുതന്നെ മീര കാണണം എന്നില്ല. ഞാൻ നേരത്തെ പറഞ്ഞപോലെ സാർവത്രികമായ ഒരു ഭാഷ നമ്മൾ പല തലങ്ങളിലായിരിക്കും ഒരു ടെക്സ്റ്റിൽ കണ്ടെത്തുക. നമ്മൾ കണ്ടെത്തുന്ന വഴിയിലൂടെ പരിഭാഷപ്പെടുത്താൻ സ്വാതന്ത്ര്യം തരുന്ന എഴുത്തുകാർ ആയിരിക്കണമെന്നേയുള്ളു. അതെനിക്ക് ലഭിച്ചിട്ടുണ്ട്.

ഒരു പുസ്തകത്തിനെ target ഭാഷയിലെ വായനക്കാർക്ക് അനായാസം വായിച്ചെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള പരിഭാഷയോടാണോ താൽപ്പര്യം അതോ target ഭാഷയിലെ വായനക്കാരെ പുസ്തകത്തിന്റെ ഭാഷയിലേക്കും സംസ്കാരത്തിലേക്കും കൂട്ടിക്കൊണ്ടുവരുന്ന അത്ര അനായാസം അല്ലാത്ത പരിഭാഷയാണോ ഇഷ്ടം?

പരിഭാഷകർ എന്നുപറഞ്ഞാൽ വായനക്കാരെ തൃപ്തിപ്പെടുത്തുക എന്നുള്ളതുമാത്രമല്ല ലക്ഷ്യം. വായനക്കാർക്ക് വേണ്ടി ഒരു പരിധിക്കപ്പുറം വ്യത്യാസങ്ങൾ വരുത്തുന്നതിനോട് ഞാൻ എതിരാണ്. വായനക്കാരെ പരിപൂർണമായി അവഗണിക്കണം എന്നുമല്ല ഞാൻ പറയുന്നത്. വായനക്കാരെ തൃപ്തിപ്പെടുത്തുന്ന തരം പരിഭാഷകളാണ് കൂടുതലായും ഇപ്പോൾ കാണാൻ കഴിയുന്നത്. സ്റ്റാൻഡേർഡ് ഭാഷയ്ക്ക് എതിരേയുള്ളൊരു പ്രതിഷേധം മലയാള സാഹിത്യത്തിൽ ഈയടുത്തായി ഉണ്ടാകുന്നുണ്ട്. പ്രാദേശിക സാഹചര്യത്തിൽ അത് നടത്തുന്നൊരു രാഷ്ട്രീയ ധർമ്മമുണ്ട്, അതിനെ നമ്മൾ പരിഭാഷയിൽ രേഖപ്പെടുത്തിയില്ലെങ്കിൽ അതൊരു വലിയ നഷ്ടം ആണെന്നാണ് എന്റെ അഭിപ്രായം. അതേസമയം മിക്ക എഡിറ്റർമാരെയും സംബന്ധിച്ചിടത്തോളം അവർക്ക് വേണ്ടത് വിൽക്കാൻ സാധിക്കുന്നൊരു പുസ്തകമാണ്.  നമ്മൾ അറിയാതെ തന്നെ ആ ലക്ഷ്യം നമ്മളെ മറ്റൊരു ദിശയിലേക്ക് ആനയിക്കുന്നുണ്ട്. അതിനെ ചെറുത്ത് നിൽക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു.

പരിഭാഷകർക്ക് പലപ്പോഴും അർഹമായ അംഗീകാരം ലഭിക്കുന്നില്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?

എനിക്ക് ഇതുവരെ അങ്ങനെ അവാർഡ് ഒന്നും കിട്ടിയിട്ടില്ല. ഞാൻ ഒരുപാട് അവാർഡ് കമ്മിറ്റികളിൽ ഇരിക്കുന്ന ആളാണ്. അപ്പോൾ സ്വാഭാവികമായും എന്റെ പുസ്തകങ്ങൾ ഒഴിവാക്കപ്പെടും. എന്നോട് പരിഭാഷപ്പെടുത്താൻ പറയുന്ന എഴുത്തുകാരോട് ഞാൻ ഇപ്പോൾ അത് പറയാറുണ്ട്. എന്നെ സംബന്ധിച്ച് എന്റെ ജോലിയുമായിട്ട് ബന്ധപ്പെട്ട് ഞാൻ ചെയ്യുന്നൊരു കാര്യമല്ല പരിഭാഷ. പക്ഷേ, എഴുത്തുകാരെ സംബന്ധിച്ച് ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്. മീരയുടെ കാര്യത്തിൽ എനിക്കിപ്പോഴും വിഷമം ഉണ്ട്. ആരാച്ചാർ ക്രോസ്‌വേഡ് ബുക്ക് പ്രൈസിന് അയച്ചില്ല എന്നാണ് ഞാൻ അറിയുന്നത്. അന്ന് ഞാൻ കമ്മിറ്റികളിൽ ഒന്നുമില്ല, എന്നിട്ടും മീരയ്ക്ക് ആ അവസരം നഷ്ടമായതിൽ വിഷമമുണ്ട്. പക്ഷേ, ആ പുസ്തകം നല്ലപോലെ ചെലവായി. ഇംഗ്ലീഷിൽ തന്നെ ഒരുപാട് പതിപ്പുകൾ വന്നു. ആദ്യമായിട്ട് ആയിരിക്കും മലയാളത്തിൽ നിന്നുള്ള ഒരു പരിഭാഷയ്ക്ക് ഇങ്ങനെയൊരു മാസ്സ് മാർക്കറ്റ് ഉണ്ടായത്. ഉണ്ണിയുടെ പുസ്തകവും ഒരുപാട് പതിപ്പുകൾ ആയി, ‘The Cock is the Culprit’ പ്രത്യേകിച്ചും. പക്ഷെ ഉണ്ണിക്കും അവാർഡ് ഒന്നും കിട്ടിയിട്ടില്ല. ഞാൻ പരിഭാഷപ്പെടുത്തിയ ആർക്കും സമ്മാനം കിട്ടിയില്ല എന്നുള്ളതിൽ എനിക്കൊരു ചെറിയ കുറ്റബോധമുണ്ട്.

പിന്നെ, കേരളത്തിന് പുറത്തുള്ള അവാർഡ് കമ്മിറ്റികളിൽ ഒരുപാട് വർഷങ്ങളായി അംഗമായിട്ട് ഇരുന്നിട്ടുള്ളതുകൊണ്ട് അവാർഡ് കൊടുക്കുന്നതിന്റെ മാനദണ്ഡങ്ങളെപ്പറ്റി എനിക്ക് വ്യക്തതയുണ്ട്. ഈ പുസ്തകങ്ങൾ വായിക്കാൻ ലഭിക്കുന്ന സമയം, അവയുടെ വായനക്ഷമത, അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ, പിന്നെ ഒരു പരിധിവരെ സ്വാധീനവും എല്ലാം ഈ തിരഞ്ഞെടുപ്പിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ അവാർഡുകൾ കൊടുക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്, ഏസ്തെറ്റിക്സ് മാത്രമല്ല അതിന്റെ അടിസ്ഥാനം. അതുകൊണ്ട് അവാർഡ് കിട്ടാത്ത എഴുത്തുകാരോ പരിഭാഷകരോ വിഷമിക്കേണ്ട കാര്യമില്ല.

ഭാഷ മേൽക്കോയ്മയെ പറ്റി സജീവമായ ചർച്ചകൾ നടക്കുന്ന കാലഘട്ടത്തിൽ പരിഭാഷ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടി ആകേണ്ടതില്ലേ?

തീർച്ചയായും പരിഭാഷ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ച്. ഇന്ത്യൻ സാഹിത്യം എന്തെന്ന് ചോദിച്ചാൽ ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും വരുന്ന എഴുത്തുകളും അതിൽ ഉൾപ്പെടും. ഇന്ത്യയെപ്പറ്റിയുള്ള ഇപ്പോഴത്തെ ഹിന്ദു ഭൂരിപക്ഷ ധാരണയ്ക്ക് ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കാത്തൊരു ഇന്ത്യൻനെസ് ഉണ്ട്. ഈ ഉപഭൂഖണ്ഡം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ആ ഇന്ത്യൻനെസ് ഈ പരിഭാഷകളാണ് മുന്നോട്ട് കൊണ്ടുവരുന്നത്. നിരവധി തലങ്ങളിൽ ചിതറിക്കിടക്കുന്ന ഈ നിലനിൽപ്പിന്റെ ഓരോ അംശവും നമുക്ക് കാണിച്ചു തരുന്നൊരു ഇന്ത്യ ഉണ്ട്. അതൊരിക്കലും ഏകീകൃതമായ ഒന്നല്ല. ആ ഏകീകൃതമല്ലാത്ത നിരവധിയായ നിലനിൽപ്പിനെയാണ് പരിഭാഷ മുന്നിലേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ട് എല്ലാ ഭാഷകളിലും പരിഭാഷയ്ക്ക് വലിയൊരു പങ്കുണ്ട്.

  • ലോകം മലയാളത്തെ വായിക്കുമ്പോൾ സംഭാഷണപരമ്പരയിൽ നാളെ ഫാത്തിമ ഇ വി

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Translation is creative work j devika jcb prize for literature