scorecardresearch
Latest News

ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യം

ഉടലിൽ ആണും ഉള്ളിൽ പെണ്ണുമായി നടക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്ന് സിനിമയിലെ താരപദവിയിലേക്ക് ഉയരുകയും താനുൾപ്പെടുന്ന ജനവിഭാഗത്തിന്റെ ഉയർച്ചയ്ക്കായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന ധീരയാണ് കൽക്കി സുബ്രഹ്‌മണ്യം. എല്ലാ ഒറ്റപ്പെടുത്തലുകളെയും ലൈംഗിക ചൂഷണങ്ങളെയും മറികടന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കൽക്കിയാണ് എറണാകുളത്ത് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വർഷങ്ങൾക്ക് മുൻപ് തന്നെ അന്യഗ്രഹ ജീവിയായി കണ്ട അതേ മലയാളികൾ തന്നെ ട്രാൻസ്ജെൻഡറുകൾക്കുവേണ്ടി ആദ്യ വിദ്യാലയവുമായി മുന്നോട്ട് വന്നത് അദ്ഭുതത്തോടെയാണ് കൽക്കി നോക്കിക്കണ്ടത്. […]

kalki subramaniam, transgender

ഉടലിൽ ആണും ഉള്ളിൽ പെണ്ണുമായി നടക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്ന് സിനിമയിലെ താരപദവിയിലേക്ക് ഉയരുകയും താനുൾപ്പെടുന്ന ജനവിഭാഗത്തിന്റെ ഉയർച്ചയ്ക്കായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന ധീരയാണ് കൽക്കി സുബ്രഹ്‌മണ്യം. എല്ലാ ഒറ്റപ്പെടുത്തലുകളെയും ലൈംഗിക ചൂഷണങ്ങളെയും മറികടന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കൽക്കിയാണ് എറണാകുളത്ത് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വർഷങ്ങൾക്ക് മുൻപ് തന്നെ അന്യഗ്രഹ ജീവിയായി കണ്ട അതേ മലയാളികൾ തന്നെ ട്രാൻസ്ജെൻഡറുകൾക്കുവേണ്ടി ആദ്യ വിദ്യാലയവുമായി മുന്നോട്ട് വന്നത് അദ്ഭുതത്തോടെയാണ് കൽക്കി നോക്കിക്കണ്ടത്. ട്രാൻസ്ജെൻഡറുകൾക്ക് സമൂഹത്തിൽ സ്വീകാര്യത വർധിക്കുന്പോഴും അവർ ചെയ്യുന്ന ലൈംഗികത്തൊഴിലിനോടും ഭിക്ഷാടനത്തോടുമുള്ള വിയോജിപ്പുകൾ മറയില്ലാതെ കൽക്കി പ്രകടിപ്പിക്കുന്നുമുണ്ട്.

ട്രാന്‍സ്‌ജെൻഡർ സ്‌കൂളിന്റെ ആവശ്യകത

ട്രാന്‍സ്‌ജെൻഡർ സമൂഹത്തിനായി ഇന്ത്യയില്‍ ആരംഭിച്ച ആദ്യ സ്‌കൂളാണ് എറണാകുളത്തെ സഹജ് ഇന്റർനാഷനൽ എനിക്ക് ഇത്രയധികം സന്തോഷവും ആശ്ചര്യവും ഉണ്ടായ മറ്റനുഭവങ്ങള്‍ കുറവാണ്. വിദ്യാഭ്യാസം കൊണ്ട് മാത്രമേ ട്രാന്‍സ്‌ജെൻഡറുകളെയും സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാന്‍ കഴിയൂവെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഈ വിഭാഗത്തില്‍ 70 ശതമാനത്തോളം പേരും സ്വന്തം കുടുംബങ്ങളില്‍നിന്ന് പുറന്തള്ളപ്പെട്ടവരാണ്. ഇതിനാല്‍ തന്നെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് സാധിച്ചതുമില്ല. നല്ല ജോലി, നല്ല വേതനം, നല്ല ജീവിതം ഒന്നും ഇവര്‍ക്ക് പ്രാപ്യമായില്ല. ഇതാണ് ട്രാന്‍സ്‌ജെൻഡർ സമൂഹം ലൈംഗിക തൊഴിലിലേക്കും ഭിക്ഷാടനത്തിലേക്കും തിരിയാന്‍ കാരണം. വിദ്യാഭ്യാസം എന്ന സാധ്യത സഹജ് ഇന്റര്‍നാഷണല്‍ വിദ്യാലയത്തിലൂടെ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. മറ്റു തൊഴിലിനു പോകുന്നവര്‍ക്ക് പോലും പഠിക്കാനും താമസിക്കാനും സാധിക്കുന്ന ഒരു ഇടമാണ് സഹജ്.
kalki subramaniam, transgender

രാജ്യത്തെ മറ്റിടങ്ങളിലും ട്രാന്‍സ്‌ജെൻഡർ സ്‌കൂളുകള്‍ തുടങ്ങുന്നതിനെക്കുറിച്ച്

ഞാനാദ്യം കേരളത്തില്‍ വരുന്നത് 2007 ലാണ്. അന്ന് ട്രാന്‍സ്‌ജെൻഡർ മൂവ്‌മെന്റിന്റെ പ്രാരംഭ ദിശയിലായിരുന്നു കേരളം. നിരവധി സ്‌കൂളുകളിലും പൊതുവേദികളിലും സംസാരിച്ചെങ്കിലും എല്ലാവരും എന്നെ കണ്ടത് ഒരു അന്യഗ്രഹ ജീവിയെപ്പോലെയാണ്. ഒന്‍പത് വര്‍ഷത്തിനിപ്പുറം സമത്വമെന്ന ആശയത്തിലേക്ക് മറ്റേത് സംസ്ഥാനങ്ങളേക്കാള്‍ വേഗത്തില്‍ കേരളം വളരുന്നതാണ് കാണുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരിക്കല്‍ കൂടി കേരളം അവരുടെ മേല്‍ക്കോയ്മ തെളിയിച്ചു. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്‌ജെൻഡർ സ്‌കൂളിന്റെ തുടക്കം തമിഴ്‌നാട് ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളിലും യാഥാര്‍ത്ഥ്യമാകും. ഇതര സംസ്ഥാന സര്‍ക്കാരുകളോടും , ജില്ലാ ഭരണാധികാരികളോടും രാഷ്ട്രീയ കക്ഷികളോടും ഇതിനുള്ള പിന്തുണ ആവശ്യപ്പെടും.

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ആരംഭിക്കുന്നതിനെ പറ്റിയുള്ള ആലോചനയിലാണ്. അതൊരു കമ്യൂണിറ്റി ലേണിംഗ് സെന്ററായിരിക്കും. ഔപചാരിക വിദ്യാഭ്യാസത്തിന് പുറമേ മനുഷ്യ ശാസ്ത്രം, യോഗ, ആത്മീയത, നാച്ചുറോപ്പതി തുടങ്ങിയ അനവധി മേഖലകള്‍ ഉള്‍പ്പെടുത്തിയുള്ള പാഠ്യപദ്ധതിയാകും അവിടെ നടപ്പാക്കുക.

കേരളത്തിലെ മാറ്റത്തിന്റെ കാരണം

പൊതുപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ പ്രചാരണ മികവാണ് ഇന്നത്തെ നിലയിലലേക്ക് കേരളത്തിലെ സാഹചര്യങ്ങളെ മാറ്റിയത്. രാഷ്ട്രീയ നേതൃത്വം, വിദ്യാഭ്യാസ വിചക്ഷണര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നാനാതുറകളിലുള്ള വ്യക്തികള്‍ സോഷ്യല്‍മീഡിയ വഴിയും മറ്റും ഈ ആശയത്തെ പിന്തുണച്ച് മുന്നോട്ട് വന്നു. ട്രാന്‍സ്‌ജെൻഡർ വിഭാഗത്തില്‍ നിന്ന് ശീതള്‍, വിജയരാജ മല്ലിക, ഫൈസല്‍, ശ്രീക്കുട്ടി, സൂര്യ രഞ്ജിത്ത്, സീമ തുടങ്ങിയവരും ഈ ശ്രമത്തിന്റെ ഭാഗമായിരുന്നു. ജാന്മണി, സീമ, രഞ്ജിത്ത് എന്നിവര്‍ മുന്‍നിര സിനിമാ താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ്. ട്രാന്‍സ്‌ജെൻഡറുകൾക്ക് സമൂഹത്തില്‍ തുല്യത പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായില്ലെങ്കിലും ഇവരെല്ലാം അവരുടെ പ്രഫഷനില്‍ മുന്നിലെത്തി. ഇന്ന് ട്രാന്‍സ്‌ജെൻഡർ സമൂഹത്തിന് അവരുടെ നിരയില്‍ തന്നെ മികച്ച മാതൃകകളുണ്ട്. ഇന്നത്തെ നിലയിലേക്ക് സാഹചര്യങ്ങളെ മാറ്റിയെടുത്തതില്‍ ഇവര്‍ക്കെല്ലാം വളരെയേറെ പ്രാധാന്യമുണ്ട്.
kalki subramaniam, transgender

ട്രാന്‍സ്‌ജെൻഡർ വിഭാഗക്കാര്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നത് നീതീകരിക്കാനാവുമോ

കേരളത്തിൽ ട്രാന്‍സ്‌ജെൻഡർ വിഭാഗത്തിന്റെ അവസ്ഥയ്ക്ക് വന്ന മാറ്റങ്ങളെ പ്രതീക്ഷയോടെ നോക്കുമ്പോഴും ലൈംഗിക തൊഴില്‍ വലിയ പ്രതിസന്ധിയാണ്. ഞങ്ങള്‍ പലപ്പോഴായി ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്കും ഭിക്ഷാടനം നടത്തുന്നവര്‍ക്കും തൊഴിലുകള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആരും ഈ തൊഴിലുകൾ ഉപേക്ഷിക്കാൻ തയാറാവുന്നില്ല. കാരണം വിദ്യാഭ്യാസം കുറവായതുകൊണ്ട് വളരെ കുറച്ച് വേതനം മാത്രമേ ഏത് ജോലി ചെയ്താലും ഇവര്‍ക്ക് ലഭിക്കൂ. എന്നാൽ ലൈംഗികത്തൊഴിലിലൂടെയും ഭിക്ഷാടനത്തിലൂടെയും പ്രതിദിനം ആയിരം രൂപയോളം ലഭിക്കും. മരുന്നിനും വസ്ത്രത്തിനുമെല്ലാം ആവശ്യമായ പണം ലൈംഗിക തൊഴിലിലൂടെ ലഭിക്കുന്നുണ്ടെന്ന മറുവാദവും ഇവര്‍ക്കുണ്ട്. ഇവരെ ബോധവത്കരിക്കേണ്ടത് ഇന്ന് വളരെയേറെ അത്യാവശ്യമായി വന്നിരിക്കുകയാണ്.

ട്രാന്‍സ്‌ജെൻഡർ വിഭാഗക്കാര്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നതെന്തുകൊണ്ടെന്ന് സമൂഹത്തിന് പറഞ്ഞുതരാന്‍ കഴിയുമോ? അവര്‍ തെരുവില്‍ കഴിയേണ്ട സാഹചര്യമുണ്ടാക്കിയത് സ്വന്തം വീട്ടില്‍ നിന്ന് അവരെ പുറന്തള്ളിയ കുടുംബക്കാര്‍ തന്നെയാണ്. അതിന് കാരണം സമൂഹത്തോടുള്ള ഭയവും. എന്നാല്‍ ഇതേ സമൂഹമാണ് ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും. ട്രാന്‍സ്‌ജെൻഡർ വിഭാഗക്കാരെ ലൈംഗികാവശ്യത്തിനായി വിളിക്കുന്നതെല്ലാം പുരുഷന്മാരാണ്. ഇവര്‍ക്കെല്ലാവര്‍ക്കും ഭാര്യമാരുണ്ട്. ഒരേ സമയം ട്രാന്‍സ്‌ജെൻഡർ വിഭാഗക്കാരെ ഒറ്റപ്പെടുത്തുകയും തരം പോലെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് ഇവര്‍. കുടുംബങ്ങള്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ തയാറാവുകയും വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും നല്‍കാന്‍ തയാറാവുകയും ചെയ്താല്‍ തന്നെ ഇന്നത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

പൊലീസിന്റെ ആക്രമണങ്ങളെക്കുറിച്ച്

നിലവിലെ നിയമം അതേപടി നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് പൊലീസ്. ലൈംഗിക തൊഴിലാളികളെയും ഭിക്ഷാടനക്കാരെയും സംബന്ധിച്ച് നമുക്ക് സൗഹാര്‍ദ്ദപരമായ നിയമങ്ങളില്ല. ഇത് തന്നെയാകാം പൊലീസിന്റെ പെരുമാറ്റത്തിന്റെ കാരണവും. എന്നാല്‍ പൊലീസിനെ ഈ വിഷയത്തില്‍ ബോധവത്കരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴേക്ക് വരെ ആഴത്തില്‍ തന്നെ ഈ കാര്യങ്ങളില്‍ അറിവ് നല്‍കണം. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പും ആഭ്യന്തര വകുപ്പും ഇതിനാവശ്യമായ നടപടികള്‍ യോജിച്ച നിലയില്‍ കൈക്കൊള്ളണം.
kalki subramaniam, transgender

സര്‍ക്കാര്‍ പദ്ധതികളും സമൂഹമാധ്യമങ്ങളും ചെലുത്തുന്ന സ്വാധീനം

ആശയവിനിമയം കൂടുതല്‍ എളുപ്പത്തില്‍ സാധ്യമായതാണ് ഇന്നത്തെ നിലയില്‍ ട്രാന്‍സ്‌ജെൻഡർ വിഭാഗത്തിന്റെ സാമൂഹ്യനിലയില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഒരു ട്രാന്‍സ്‌ജെൻഡര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ഞങ്ങളുമായി വേഗത്തിലും എളുപ്പത്തിലും വിനിമയം ചെയ്യുന്നതിന് സൗകര്യങ്ങളുണ്ട്. സമൂഹമാധ്യമങ്ങളാണ് ഇതിന് വളരെയേറെ സഹായകരമാകുന്നത്. ശീതള്‍, വിജയരാജ മല്ലിക തുടങ്ങി ഞാനടക്കമുള്ളവരുടെ ഇടപെടലും ഇതിന് കാരണമായിട്ടുണ്ട്. ഒരു കുടുംബം ട്രാന്‍സ്‌ജെൻഡറെ വീട്ടില്‍നിന്ന് പുറത്താക്കുമ്പോള്‍ ഞങ്ങള്‍ വീട്ടുകാരെയും ബോധവത്കരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വളരെ ആവശ്യമാണ്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനവും പിന്നീട് പിന്‍വലിയാനുള്ള കാരണവും

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്‌ജെൻഡര്‍ സമൂഹത്തിന് പാര്‍ലമെന്ററി രംഗത്ത് പിന്തുണ വളരെയേറെ ആവശ്യമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ എംഎല്‍എ ആയി വിജയിച്ച ഷാന്നന്‍ മൗസി സ്ത്രീയല്ലെന്ന കാരണത്താല്‍ കോടതിയില്‍ പരാജയപ്പെട്ടു. അതിനാല്‍ തന്നെ എന്റെ സ്ഥാനാര്‍ത്ഥിത്വം ആദ്യത്തെ സംഭവമായിരുന്നില്ല. ഇന്നത്തെ കാലത്ത് പൊതുസമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കും സാധിക്കുമെന്നുള്ളത് രാഷ്ട്രീയ പ്രവേശനത്തിലൂടെ പാര്‍ലമെന്ററി സ്ഥാനത്തെത്തി തെളിയിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന്റെ അംഗീകാരം ഈ നിലയ്ക്ക് ആര്‍ജ്ജിച്ചാല്‍ മാത്രമേ സമത്വത്തിലേക്കുള്ള പരിശ്രമങ്ങള്‍ വിജയിക്കൂ. ട്രാന്‍സ്‌ജെൻഡര്‍ സമൂഹത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായി പൊള്ളാച്ചിയില്‍ മത്സരിക്കാനായിരുന്നു എന്റെ ശ്രമം. ഡിഎംകെ പോലെ വേരോട്ടമുള്ള പാര്‍ട്ടിയുടെ ഭാഗമാകുന്നത് വഴി പൊതുജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. എന്നാല്‍ ഡിഎംകെയുടെ ഘടകകക്ഷിയ്ക്കാണ് പൊള്ളാച്ചിയില്‍ കഴിഞ്ഞ തവണ മത്സരിക്കാന്‍ അവസരം ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഞാന്‍ പിന്മാറിയത്. സിനിമാ താരമെന്ന നിലയിലോ ആക്ടിവിസ്‌റ്റെന്ന നിലയിലോ പ്രശസ്തി നേടിയാല്‍ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വഴി തുറക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പ്രശസ്തി നേടിയത് കൊണ്ട് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമാകുന്നതിനോട് എനിക്ക് യോജിപ്പില്ല. സത്യസന്ധമായ പൊതുപ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ സ്വീകാര്യത മാത്രമാണ് ലക്ഷ്യം.
kalki subramaniam, transgender

ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി എന്ന ആലോചനയുണ്ടോ

അത്തരത്തിലൊന്നിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അത് പ്രായോഗികമായ ഒന്നല്ല. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ രാഷ്ട്രീയപ്പാര്‍ട്ടിയെന്ന ആശയം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല. ഞങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചുള്ള ഒരു രാഷ്ട്രീയം വേണമെന്നതാണ് കാലങ്ങളായി ആവശ്യപ്പെടുന്നത്. ബിജെപിയോ കോണ്‍ഗ്രസോ, ഇടതുപക്ഷമോ ആരുമായിക്കൊള്ളട്ടേ, ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തെ കൂടി ഉള്‍ക്കൊള്ളണം. എന്നിരുന്നാല്‍ മാത്രമേ പൊതുസമൂഹത്തിന്റെ ഇടപെടലുകളില്‍ മാറ്റം വരികയുള്ളൂ.

കേരളത്തിലെ സര്‍ക്കാരുകളുടെ ഇടപെടലുകള്‍ സംബന്ധിച്ച്

ട്രാന്‍സ്‌ജെൻഡര്‍ സമൂഹത്തിന് വളരെ മികച്ച രീതിയില്‍ പിന്തുണ ലഭിക്കുന്ന രീതിയില്‍ ഇടത്-വലത് മുന്നണികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ട്രാന്‍സ്‌ജെൻഡര്‍ പോളിസി നടപ്പിലാക്കാനുള്ള ഇടപെടല്‍ ഉണ്ടായത്. ഇടതു സര്‍ക്കാരിന് സാമൂഹ്യക്ഷേമ വകുപ്പ് വഴി അവരുടേതായ പദ്ധതികളും ഉണ്ട്. എന്നാല്‍ വ്യക്തിപരമായി മുന്‍സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെൻഡര്‍ പോളിസി നടപ്പിലാക്കണമെന്ന ആവശ്യമാണ് ഞങ്ങള്‍ക്കുള്ളത്. ഇപ്പോഴത്തെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയല്ല, എന്നാല്‍ മുന്‍സര്‍ക്കാരിന്റെ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ട്രാന്‍സ്‌ജെൻഡര്‍ സമൂഹത്തിന്റെ ഉയര്‍ന്ന പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മാന്‍വി ബന്ദോപാദ്ധ്യായ രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തെ പറ്റി

കുടുംബങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സമൂഹമാണ് ഞങ്ങള്‍. സമൂഹത്തില്‍ ഞങ്ങളുടെ ഓരോ ഇടപെടലും ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടിയാണ്. മാന്‍വി, ഈ സമൂഹത്തില്‍ നിന്നും സമൂഹത്തിലെ ഏറെ ബഹുമാനം അര്‍ഹിക്കുന്ന സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവന്നവരാണ്. അവിടെ നിലനില്‍ക്കുന്ന വകുപ്പുതല അനാസ്ഥയും അഴിമതിയും തുടച്ചുനീക്കുന്നതിന് വേണ്ടി നിലപാടെടുത്തതാണ് രാജിവയ്‌ക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അവര്‍ പ്രിന്‍സിപ്പലായി ഇരിക്കുന്നതിനെ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസ വകുപ്പില്‍ ഈ അധ്യാപകര്‍ സ്വാധീനം ചെലുത്തിയതിനാല്‍ ജില്ലാ ഭരണകൂടത്തിന് മുന്‍പിലാണ് മാന്‍വി രാജിക്കത്ത് സമര്‍പ്പിച്ചത്. ഈ രാജി സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നാണ് എന്റെ പ്രതീക്ഷ.
kalki subramaniam, transgender
ട്രാന്‍സ്‌ജെൻഡര്‍ എന്ന നിലയിലെ സ്വന്തം അനുഭവങ്ങളെ പറ്റി

കുടുംബത്തിന്റെ പിന്തുണയാണ് ഏതൊരു ട്രാന്‍സ്‌ജെൻഡറിനും ഏറ്റവും ആവശ്യമായുള്ളത്. എനിക്ക് ഇത് ലഭിച്ചതിനാലാണ് പൊതുമധ്യത്തില്‍ ഉയരാന്‍ സാധിച്ചത്. എന്നാല്‍ കുടുംബത്തിന്റെ സംരക്ഷണ വലയത്തിന് പുറത്ത് പലപ്പോഴും ഞാന്‍ ചൂഷണത്തിന് വിധേയയായിട്ടുണ്ട്. സ്‌കൂളില്‍ സഹപാഠികളും അധ്യാപകരും എന്നെ വേര്‍തിരിച്ച് നിര്‍ത്തിയപ്പോള്‍ കോളജില്‍ ലൈംഗിക ചൂഷണത്തിന് പോലും വിധേയയായി. വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു. എന്നാല്‍ എനിക്കിതിനോടെല്ലാം പൊരുതേണ്ടിയിരുന്നു. വളരെ കഠിനമായിരുന്നെങ്കിലും ഇന്നത്തെ നിലയിലേക്ക് ഇതെല്ലാം മറികടന്ന് എത്താന്‍ സാധിച്ചത് മാതാപിതാക്കളുടെ പിന്തുണ കൊണ്ട് മാത്രമാണ്.

കഴിവുള്ള ട്രാന്‍സ്‌ജെൻഡര്‍ വിഭാഗക്കാര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നില്ലെന്ന തോന്നലുണ്ടോ

ഉണ്ടെന്നും ഇല്ലെന്നും പറയാം. ജാന്മണി, സസീമ, രഞ്ജിത്ത്, സൂര്യ തുടങ്ങിയവരെല്ലാം അവരവരുടെ പ്രൊഫഷനില്‍ മുന്‍നിരയിലാണുള്ളത്. എന്നാല്‍ ഇനിയും അംഗീകരിക്കപ്പെടാതിരിക്കുന്ന നിരവധി പേരുണ്ട്. സമൂഹത്തിലെ എല്ലാ രംഗത്തും നമുക്ക് വേണ്ടത് സമത്വമാണ്. എന്നാല്‍ മാത്രമേ കൂടുതല്‍ കൂടുതല്‍ ട്രാന്‍സ്‌ജെൻഡേഴ്സിനും സമൂഹത്തിന്റെ ഉന്നതിയിലേക്ക് വരാൻ സാധിക്കൂ. കോര്‍പറേറ്റ് കമ്പനികളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലും ട്രാൻസ്ജൻഡറുകൾക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കണം.
kalki subramaniam, transgender

സിനിമകളില്‍ ട്രാന്‍സ്‌ജെൻഡേഴ്സിനെ അവതരിപ്പിക്കുന്ന രീതി

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമകളില്‍ ട്രാന്‍സ്‌ജെൻഡേഴ്സിനെ വിപരീത അര്‍ത്ഥത്തിലാണ് അവതരിപ്പിച്ചതെങ്കില്‍ ഇന്ന് കാര്യങ്ങള്‍ പോസിറ്റീവ് ആയിട്ടുണ്ട്. തമന്ന, ധൈറ, ധര്‍മയ തുടങ്ങിയ ഹിന്ദി ഭാഷാ സിനിമകള്‍ ട്രാന്‍സ്‌ജെൻഡേഴ്സിന്റെ ജീവിതാവസ്ഥകളെ നന്നായി രേഖപ്പെടുത്തി. മായാമോഹിനി, അര്‍ദ്ധനാരി തുടങ്ങിയ ചി­­­ത്രങ്ങളിലൂടെ മലയാളവും കാഞ്ചന, നര്‍ത്തകി, നാന്‍ കടവുള്‍, ബോംബെ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴും ട്രാന്‍സ്‌ജെൻഡര്‍ സമൂഹത്തോട് നീതി പുലര്‍ത്തി. ഇന്ന് സിനിമകളില്‍ ട്രാന്‍സ്‌ജെൻഡറുകള്‍ കോമാളികളും പ്രകൃതി വിരുദ്ധരുമല്ല. ഹൃദയമുള്ളവരും, വികാരമുള്ളവരുമായ മനുഷ്യജന്മങ്ങള്‍ തന്നെയാണെന്നത് ആശ്വാസം പകരുന്നു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Transgender activist film actress kalki subramaniam interview