scorecardresearch
Latest News

അവന്റെയുളളിലെ ഞങ്ങളുടെ ജീവൻ: കുഞ്ഞിനെ കാത്ത് സഹദും സിയയും

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ ഗർഭധാരണത്തിലെ കുഞ്ഞിനെ കാത്തിരിക്കുന്ന ട്രാൻസ് ദമ്പതികൾ തങ്ങൾ കടന്നു വന്ന കഠിന വഴികളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും സംസാരിക്കുന്നു

trans couple, pregnancy, zahad, ziya

സിയയും സഹദും ഇപ്പോൾ കാണുന്ന സ്വപ്നങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മൂന്നാമതൊരാളാണ്. അവരുടെ പ്രിയപ്പെട്ട പൊന്നോമന. മാസങ്ങളായുള്ള പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും അവസാനമാണ് കുഞ്ഞെന്ന സ്വപ്നം പൂവണിയുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ ഗർഭധാരണമാണ് സഹദിന്റേത്. ട്രാൻസ് ദമ്പതികളായ സിയയും സഹദും തങ്ങളുടെ സ്വന്തം കുഞ്ഞിനെ താലോലിക്കാനായി ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പിലാണിപ്പോൾ.

“ഇത് ഞങ്ങളുടെ ജീവിതമാണ്. അപ്പോൾ തീരുമാനവും ഞങ്ങളുടേതാവണമല്ലോ? എന്ത് കാര്യത്തിനും ആളുകൾ പോസിറ്റീവും നെഗറ്റീവും പറയും. അത് സ്വാഭാവികമാണ്. ഒരുപാട് കുത്തുവാക്കുകളും സങ്കടങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഞങ്ങളുടെ ലോകത്തിൽ സന്തോഷം മാത്രമാണുള്ളത്. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് സങ്കടപ്പെട്ടിരുന്നാൽ അതിന് മാത്രമേ സമയം ഉണ്ടാവുകയുള്ളൂ” സിയ പറയുന്നു.

സഹദ് ഗർഭം ധരിക്കുക എന്ന ആശയത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

ഒന്നിച്ച് ജീവിക്കാൻ തുടങ്ങി കുറച്ചു നാളുകൾക്ക് ശേഷമാണ് ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹം ശക്തമായത്. രണ്ടു പേരുടെയും ഹോർമോൺ ട്രീറ്റ്മെന്റ് ആ സമയത്ത് നടക്കുന്നുണ്ടായിരുന്നു. എനിക്ക് അതിന് സാധിക്കില്ല. അപ്പോൾ കുഞ്ഞിനെ ദത്തെടുക്കാമെന്ന ചിന്ത വന്നു. അതിനുവേണ്ടി ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. പിന്നീടാണ് എന്ത്കൊണ്ട് സഹദിന് ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ശ്രമിച്ചൂടേ എന്ന ചിന്ത വന്നത്. ഹോർമോൺ ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്. അതിനായി സഹദിന്റെ ബ്രസ്റ്റ് റിമൂവൽ മാത്രമാണ് നടന്നിരുന്നത്. ഗർഭപാത്രം ഉള്ളതിനാൽ ആ പ്രതീക്ഷ ഞങ്ങളുടെ ഉള്ളിൽ വളർന്നു. എന്റെ ബീജത്തിൽ പിറക്കുന്ന, സഹദിന്റെ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞ്… അതായിരുന്നു ഞങ്ങളുടെ സ്വപ്നം.

ആദ്യകാലത്ത് ഇതുമൂലം ഉണ്ടായേക്കാവുന്ന സാമൂഹിക സമ്മർദ്ദത്തെ കുറിച്ച് വളരെയധികം ഭയപ്പെട്ടിരുന്നു. പിന്നീടത് മാറി. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. ഈ മാർഗത്തെക്കുറിച്ച് വിശദമായി ഡോക്ടർമാരോട് ചോദിച്ചു. ഹോർമോൺ ട്രീറ്റ്മെന്റ് നടത്തിയതിന്റെ പരിണിതഫലങ്ങൾ ഉണ്ടാകുമോയെന്ന് പേടിച്ചിരുന്നു. എന്നാൽ പ്രാഥമികമായി പ്രശ്നങ്ങളിലെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് സമാധനമായത്. സഹദ് ഒരു വർഷം ട്രീറ്റ്മെന്റ് നിർത്തി ഗർഭധാരണത്തിനായി തയാറെടുത്തിരുന്നു. ഡോക്ടർമാരെല്ലാം പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.

trans couple, pregnancy, zahad, ziya
സഹദും സിയയും (ഫൊട്ടോ: ഇൻസ്റ്റഗ്രാം/സിയ പവൽ)

ആദ്യത്തെ ശ്രമം പരാജയപ്പെട്ടപ്പോൾ മാനസികമായി വളരെ തകർന്നുപോയി. രണ്ടാമത്തെ ഗർഭധാരണമാണ് വിജയിച്ചത്. ഞാൻ ഡാൻസ് പഠിപ്പിക്കുന്ന ഒരു വിദ്യാർഥിയുടെ അമ്മ തന്നെയായിരുന്നു ഡോക്ടർ. കർശന നിർദേശങ്ങൾ ഉണ്ടായിരുന്നു. ഇതിന് ഒരുപാട് റിസ്ക് ഉണ്ടെന്ന് അറിയാമായിരുന്നു. ഹോർമോൺ ട്രീറ്റ്മെന്റ് നിർത്തിയപ്പോൾ തന്നെ അതിന്റെ മാറ്റങ്ങൾ ശരീരത്തിൽ വന്നിരുന്നു. രോമവളർച്ച, മസിലുകളുടെ ഹാർഡ്നെസ് എന്നിവ പഴയ പോലെ തന്നെയായി. അത് കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു. ട്രീറ്റ്മെന്റ് എടുക്കുമ്പോൾ ശാരീരികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. കിതപ്പ്, ക്ഷീണം, സ്ട്രെസ് അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. അത്രയും ബുദ്ധിമുട്ട് സഹിച്ചത് എല്ലാം വെറുതെയായി പോകും. എന്നാൽ എല്ലാം കുഞ്ഞിനു വേണ്ടിയാണല്ലോയെന്ന് ഓർക്കുമ്പോൾ എന്ത് ബുദ്ധിമുട്ടും സഹിക്കാൻ മനസ് തയാറാകും. കുഞ്ഞിന് എങ്ങനെ മുലയൂട്ടും എന്നതായിരുന്നു അടുത്ത ടെൻഷൻ. മിൽക്ക് ബാങ്കുകളിലൂടെ കുഞ്ഞിന് ഫീ‍ഡ് ചെയ്യാനാകുമെന്ന് ഡോക്ടർ അറിയിച്ചതോടെ അതും മാറികിട്ടി.

സന്തോഷവാർത്തയ്ക്കായുള്ള കാത്തിരിപ്പായിരുന്നു പിന്നെ. ഒടുവിൽ അത് വന്നെത്തി. ഞങ്ങളുടെ കുഞ്ഞെന്ന ആഗ്രഹം പൂവണിഞ്ഞു. ഞാനും സഹദും സന്തോഷം കൊണ്ട് തുള്ളിച്ചാടിയ നിമിഷം. ആദ്യത്തെ മൂന്ന് മാസം സഹദിന് ഭയങ്കര കഷ്ടപ്പെടായിരുന്നു. ഛർദ്ദിച്ച് വശം കെട്ടു. അവിടുന്നങ്ങോട്ടുള്ള ശാരീരിക മാറ്റങ്ങൾ പ്രതീക്ഷകളുടേതായി. കുഞ്ഞിന്റെ അനക്കങ്ങൾ തൊട്ടറിയുമ്പോൾ കണ്ണുനിറയും. ഒരിക്കലും നടക്കില്ലാന്ന് വിചാരിച്ചതാണ് അവന്റെയുള്ളിൽ വളരുന്നത്.

കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു സഹദ്. കുട്ടികളെ ‍ഡാൻസ് പഠിപ്പിച്ച് കിട്ടുന്ന വരുമാനമാണ് എനിക്കുള്ളത്. ഞാൻ നൃത്തം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗർഭം ധരിച്ചതോടെ സഹദിന് ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് നടക്കാവ് ഓം സ്കൂൾ ഓഫ് ഡാൻസിലാണ് എന്റെ പഠനവും ജോലിയും. ഡോ.ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയാണ് അവിടെ എന്റെ ഗുരു. അത്യാവശ്യം സഹായങ്ങളും അദ്ദേഹമാണ് ചെയ്തുതരുന്നത്. പഠിക്കുന്നതിന് ഫീസ് വാങ്ങുന്ന പതിവില്ല. എന്നെകൂടാതെ മൂന്നു ട്രാൻസ് വിദ്യാർഥികൾ കൂടെ അവിടെ നൃത്തം പഠിക്കുന്നുണ്ട്.

മാർച്ച് ആദ്യവാരമാണ് ഡേറ്റ്. അവനെ നല്ല മനുഷ്യനായി വളർത്തണം. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പ്രെഗ്നൻസിയെന്ന പ്രത്യേകതയും അതിനൊപ്പം പിറന്നു, സിയ പറഞ്ഞു. ഫെബ്രുവരി പകുതിയാകുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റാകണം.ഇപ്പോൾ എന്റെ വരുമാനത്തിലാണ് വീട്ടിലെ ചെലവുകളും ആശുപത്രിയിലെ ചെലവുകളും നടത്തുന്നത്. സ്ഥിര ജോലി, ഒരു വീട് എന്നിങ്ങനെ സ്വപ്നങ്ങൾ ഉണ്ടെങ്കിലും എപ്പോൾ സാധ്യമാകുമെന്ന് അറിയില്ല.

സർക്കാരിൽനിന്നോ ട്രാൻസ് കമ്മ്യൂണിറ്റിയിൽനിന്നോ സഹായം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. അതിനായി നിവേദനം നൽകുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണിപ്പോൾ. മുഖ്യമന്ത്രിക്കും സാമൂഹിക നീതി വകുപ്പിനും സഹായമഭ്യർഥിച്ചുള്ള നിവേദനം നൽകും. പ്രസവം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം മാത്രമേ സഹദിന്റെ ഹോർമോൺ ട്രീറ്റ്മെന്റ് വീണ്ടും ആരംഭിക്കുകയുള്ളൂ. എന്റെ ട്രീറ്റ്മെന്റ് ഇപ്പോൾ നടക്കുന്നുണ്ട്.

കുഞ്ഞ് വളർന്ന് വരുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന കളിയാക്കലുകളെ കുറിച്ച് ആകുലതകളുണ്ട്. എന്നാൽ കുഞ്ഞ് തങ്ങളെ മനസിലാക്കി ഒപ്പം നിൽക്കുമെന്ന് തന്നെയാണ് വിശ്വാസം. ഈ സമൂഹത്തിൽ തലയുയർത്തി തന്നെ ഞങ്ങളുടെ കുഞ്ഞ് ജീവിക്കണം.

trans couple, pregnancy, zahad, ziya
സഹദും സിയയും (ഫൊട്ടോ: ഇൻസ്റ്റഗ്രാം/സിയ പവൽ)

ഞങ്ങളുടെ പ്രണയം

ഞാൻ മലപ്പുറം സ്വദേശിയാണ്, സഹദ് തിരുവനന്തപുരം സ്വദേശിയും. കോഴിക്കോടുള്ള ഒരു ട്രാൻസ് കമ്മ്യൂണിറ്റിയുടെ ഇവന്റിൽ വച്ചാണ് സഹദിനെ കാണുന്നതും അടുത്തറിയുന്നതും. സഹദിന്റെ ജീവിതത്തിലും എന്റേത് പോലെയൊരു കഴിഞ്ഞ കാലമുണ്ട്. സുനാമിയിൽ വീട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഹോസ്റ്റലിൽനിന്നാണ് സഹദ് പഠിച്ചത്. ട്രാൻസ്മാൻ അല്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഞാനും ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച സഹദും എപ്പോഴോ പ്രണയത്തിലാകുകയായിരിന്നു. പ്രണയം കമ്മ്യൂണിറ്റിയിൽ അറിഞ്ഞപ്പോഴേക്കും വലിയ പ്രശ്നങ്ങളായി. പക്ഷേ ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ആ യാത്രയാണ് ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്.

സഹദിന്റെ വീട്ടിൽ നിന്ന് പൂർണ്ണ പിന്തുണയുണ്ടെങ്കിലും സിയയുടെ വീട്ടിൽ നിന്ന് സമീറ ഷെമീറെന്ന ബന്ധുവാണ് ആകെയുള്ള പിന്തുണ. “എന്നെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ സമീറയേയും ഭർത്താവ് ഷെമീറിനെയും വീട്ടുകാർ വല്ലാതെ ഒറ്റപ്പെടുത്തുന്നുണ്ട്.”

കഴിഞ്ഞ കാലം

ഉമ്മയ്ക്കും വാപ്പയ്ക്കും ഞങ്ങൾ എട്ട് മക്കളായിരുന്നു. അന്നൊക്കെ ട്രാൻസ്ജെൻഡർ എന്നതിനെക്കുറിച്ച് സമൂഹം മനസ്സിലാക്കി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്റെ സ്വഭാവത്തിലും നടപ്പിലും പെരുമാറ്റത്തിലുമൊക്കെ പെണ്ണുങ്ങളെപ്പോലെയുണ്ടെന്ന് പറഞ്ഞ് കൂടപ്പിറപ്പുകളും കുടുംബാംഗങ്ങളും എപ്പോഴും കളിയാക്കുമായിരുന്നു. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ഉമ്മ മരിക്കുന്നത്. ഉപ്പ വേറെ വിവാഹം കഴിച്ചു. പഠനവും മുടങ്ങി. എന്റെ മൂത്ത സഹോദരിയുടെ വീട്ടിലാണ് പിന്നീട് നിന്നത്.

അവിടെ നിന്നാണ് ഞാൻ ട്രാൻസ് കമ്മ്യൂണിറ്റി ഷെൽട്ടർ ഹോമിൽ അഭയം പ്രാപിക്കുന്നത്. ഇപ്പോൾ അതൊന്നും ഓർക്കാറില്ല, ഇപ്പോൾ ഞങ്ങളുടെ ലോകം മാത്രമാണ് മനസ്സിലുള്ളത്. ഞങ്ങൾ മൂന്നു പേർ മാത്രമുള്ള ഞങ്ങളുടെ സുന്ദരലോകം, സിയ പറഞ്ഞു നിർത്തി.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Transcouple zahad and ziya talks about their journey so far excitement of having a child