scorecardresearch
Latest News

നക്സൽബാരി അവസാനിക്കാത്ത വെടിയൊച്ചകൾ

നക്സൽബാരി ഒരു കാൽപനിക ഗൃഹാതുരത്വമല്ലെന്ന് കേരളത്തിലെനക്സലൈറ്റ് ചരിത്രമെഴുതിയ മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു.

നക്സൽബാരി അവസാനിക്കാത്ത വെടിയൊച്ചകൾ

കേരളത്തിലെ നക്സലൈറ്റ് പ്രസ്​ഥാനത്തിന്റെ ചരിത്രം രേഖപ്പെടുത്താൻ ഈ ലേഖകൻ ശ്രമം നടത്തിയിരുന്നു. ആധികാരികമാവില്ലെന്ന് ഉറപ്പാണെങ്കിലും പ്രസ്​ഥാനത്തിെൻറ ഒരു ‘വൺലൈൻ’ എഴുതാനായിരുന്നു തിടുക്കപ്പെട്ടത്. ഭാവിയിൽ മറ്റുള്ളവർക്ക് പൂരിപ്പിക്കാനും ആധികാരികമാക്കാനും കഴിയുന്ന വിധത്തിലുള്ള വൺലൈൻ ആയിരുന്നു മനസിൽ. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഇന്നലെകൾ കൂടിയില്ലാതെ കേരള ചരിത്രം പൂർണമാകില്ലെന്ന് ഉറച്ച ബോധ്യവും പുസ്​തക രചനയെ പ്രേരിപ്പിച്ചു.

നക്സൽദിനങ്ങൾ എന്ന പുസ്തകം എഴുതാൻ തുടങ്ങുന്നതിനുമുമ്പേ ഉറപ്പിരുന്നത് പുസ്​തകത്തിെൻറ അവസാന വരികളാണ്. അതിങ്ങനെയാണ്: ‘‘ഗറില്ലാ ദളങ്ങൾ കേരളത്തിലെ വനങ്ങളിൽ പോരാട്ടത്തിന് സജ്ജമായി നിലകൊള്ളുന്നതിനാൽ ഏതുസമയത്തും ഇനിയും വെടിയൊച്ച മുഴങ്ങാം എന്ന് വായിച്ചെടുക്കാം. അതുകൊണ്ട് ഈ ചരിത്രത്തിന്റെ താളുകൾ അടക്കേണ്ടതില്ല. തുറന്നു തന്നെ കിടക്കട്ടെ’’

naxalbari maoist, bijuraj
2015 ആഗസ്​റ്റിലാണ് പുസ്​തകം പുറത്തുവന്നത്. കഴിഞ്ഞ വർഷം നവംബർ അവസാനം വെടിയൊച്ച മുഴങ്ങി. നിലമ്പൂരിൽ രണ്ട് മാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടു. നക്സൽ പ്രസ്​ഥാനത്തെ അകന്നു നിന്ന്, വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെയും വിലയിരുത്തിയതിന്റെയും തുടർച്ചയിലായിരുന്നു അത്തരം ഒരു വരി എഴുതിയത്. ഇപ്പോഴും അതേ അവസ്​ഥയിൽ തന്നെയാണ് മാവോയിസ്റ്റുകളും കേരളവും. വെടിയൊച്ച ഇനിയും മുഴങ്ങും. കാരണം മാവോയിസം ഇപ്പോഴും ഒരു യാഥാർത്ഥ്യമാണ്. കാൽപനിക ഗൃഹാതുതരത്വമല്ല.

Read More: മലയാളി സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ ചുവന്ന ചിന്തകൾ

നക്സൽബാരി കാർഷിക കലാപത്തിന് 50 വയസ്​ തികയുമ്പോൾ മാധ്യമങ്ങൾ ആ പ്രസ്​ഥാനത്തെ കാൽപനികവൽക്കരിച്ച് അക്ഷരവിഭവങ്ങൾ നിരത്തി. പണ്ടെങ്ങോ ഇല്ലാതായ ‘സുന്ദരഭൂതകാല’ത്തെ പഴയ നക്സലൈറ്റ് പ്രവർത്തകർ ഓർമിച്ചു. തെളിഞ്ഞുംമറിഞ്ഞും നിന്ദാസ്​തുതികൾ നടത്തി. ‘നക്സൽബാരിയിൽ കലാപം നടന്നതുകൊണ്ട് നക്സലൈറ്റുകൾ, അപ്പോൾ കലാപം നടന്നത് ചൊക്ളിയിലായിരുന്നെങ്കിലോ’ എന്ന പരിഹാസങ്ങൾ തൊടുത്തു. ബോധപൂർവം ഇത്തരം എഴുത്തുകളിലെല്ലാം നക്സലിസം അഥവാ മാവോയിസം വർത്തമാന കാലത്ത് നിലവിലില്ലെന്ന് സൂചിപ്പിച്ചു. ഈ സമീപനം കണ്ണടച്ച് തുടരുന്നത് ഭാവി ചരിത്രത്തിന് മുന്നിൽ നമ്മളെ പരിഹാസ്യരാക്കും.

ഭാവിപ്രവചനം അസംബന്ധമാണ് എങ്കിലും തിരിച്ചടികളിൽ നിന്ന് മാവോയിസ്റ്റുകൾ തിരിച്ചുവരുന്നുണ്ട്. അത് ചരിത്രയാഥാർത്ഥ്യമമായി അമ്പത് വർഷമായി തുടരുന്നു. അതില്ലാതാവുന്നില്ല. മൂന്നു ഘട്ടങ്ങളിൽ കേരളത്തിലെ പ്രസ്​ഥാനം ഇല്ലാതായെങ്കിലും അത് തിരിച്ചുവന്നു. അത് ഇനിയും സംഭവിക്കാനുളള സാധ്യതയില്ലാതില്ല. ഇപ്പോൾ കെ.മുരളി, രൂപേഷ് തുടങ്ങിയവരുടെ അറസ്​റ്റ്, കുപ്പുദേവരാജിന്റെയും അജിതയുടെയും ഭരണകൂട കൊലപാതകം എന്നിവക്ക് മുന്നിൽ നക്സലൈറ്റ് പ്രസ്​ഥാനം പകച്ചു നിൽക്കുന്നുണ്ട്. അതൊരു വസ്തുതയാണ്. എന്നാൽ നക്സലൈറ്റുകൾ റബ്ബർ പന്തുപോലെ തിരിച്ചുവരാനുള്ള സാധ്യത നിലനിൽക്കുന്നു. ഒരു പക്ഷേ, കേരളത്തിലെ പ്രസ്​ഥാനത്തിന്റെ ചരിത്രം വിലയിരുത്തിയാൽ മാത്രമേ മാവോയിസ്റ്റുകളുടെ തിരിച്ചുവരവിന്റെ കാരണങ്ങൾ മനസിലാവുകയുളളൂ.

kunnikkal narayanan, naxaldinagal, naxal history, maoist

കുന്നിക്കൽ മുതൽ രൂപേഷ് വരെ

കേരളത്തിലെ നക്സലൈറ്റ് പ്രസ്​ഥാനത്തിന് മൂന്ന് സുപ്രധാനഘട്ടങ്ങളുണ്ട്. കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ മാവോ സാഹിത്യങ്ങളുടെ പ്രചാരണത്തോടെ തുടങ്ങി വെള്ളത്തൂവൽ സ്​റ്റീഫെന്റെ അറസ്​റ്റോടെ ഏറെക്കുറെ നിർജീവമാകുന്നതാണ് ഒന്നാംഘട്ടം (1967–1971). തലശ്ശേരി–പുൽപ്പള്ളി കലാപവും പാർട്ടിരൂപീകരണവും ഉന്മൂലനങ്ങളും നടക്കുന്ന ഈ ആദ്യഘട്ടം ഭരണകൂട അടിച്ചമർത്തലിലൂടെയാണ് അവസാനിക്കുന്നത്. നക്സലൈറ്റുകളുടെ കഥ കഴിഞ്ഞു എന്നായിരുന്നു അന്ന് ഭരണകൂട വിലയിരുത്തൽ. അത് തെറ്റാണെന്ന് അതിവേഗം തെളിഞ്ഞു.

Read More: അടിച്ചമർത്തലുകൾക്കെതിരായ ദലിതരുടെ ദൃഢപ്രതിജ്ഞയാണ് ഭീം ആർമി

അടിയന്തരാവസ്​ഥയ്ക്ക് തൊട്ട് മുമ്പു തുടങ്ങുന്ന രണ്ടാം ഘട്ടം പുന:സംഘടനയുടേതാണ്. കേരളത്തിലെ രാഷ്ട്രീയ–സാമൂഹ്യ–സാംസ്​കാരിക രംഗങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാവുന്ന ഈ കാലഘട്ടം 1992 ൽ അവസാനിക്കുന്നു. ആ സമയത്ത് പാർട്ടി പിരിച്ചുവിടപ്പെട്ടു. യഥാർത്ഥത്തിൽ കെ. വേണുവിന്റെ നേതൃത്വത്തിലുള്ള സി.ആർ.സി, സി.പി.ഐ (എം.എൽ) എന്ന സംഘടനയുടെ ചരിത്രം കൂടിയാണ് ഈ കാലഘട്ടം (1971–1992). അപ്പോഴും ഇനി നക്സലൈറ്റ് തിരിച്ചുവരവില്ലെന്ന വിലയിരുത്തലുകൾ ഉണ്ടായി. അതും തെറ്റി. പിന്നീട് കാണുന്നത് പിരിച്ചുവിടലിനെ അതിജീവിച്ച് പതിയെ ഇഴഞ്ഞും വലഞ്ഞും മുന്നോട്ട് നീങ്ങുന്ന നക്സലൈറ്റ് പ്രസ്​ഥാനത്തിന്റെ മൂന്നാം ഘട്ടമാണ്. ആ ഘട്ടത്തിന്റെ വർത്തമാന അന്ത്യത്തിൽ മാവോയിസ്​റ്റുകൾ ആയുധവുമായി രംഗപ്രവേശം ചെയ്യുന്നു. മൂന്നു ഘട്ടങ്ങളിലും സംഘടന അതിജീവിക്കുന്നത് കാണാം.
ലോകമെങ്ങും വിപ്ലവം മുഖ്യ പ്രവണതയായ കാലത്താണ് ബംഗാളിൽ നക്സൽബാരി സായുധ കാർഷിക കലാപം നടക്കുന്നത്. ഫ്രാൻസിലുൾപ്പടെ വിവിധരാജ്യങ്ങളിൽ വിദ്യാർത്ഥി കലാപങ്ങളും വിപ്ലവങ്ങളും അരങ്ങേറുന്ന കാലം. സ്വാതന്ത്ര്യം കിട്ടി പതിനഞ്ച് വയസ്സ് മാത്രമുള്ള രാജ്യം അപ്പോഴേക്കും രണ്ട് വലിയ യുദ്ധങ്ങളെ അഭിമുഖീകരിച്ചിരുന്നു. 1962–ൽ ചൈനയുമായും 1965–ൽ പാകിസ്​താനുമായും നടന്ന ഏറ്റുമുട്ടലുകൾ ആഭ്യന്തരസാമ്പത്തിക ഘടനയെ എല്ലാ അർത്ഥത്തിലും തകർത്തിരുന്നു. ഈ യുദ്ധങ്ങളെ തുടർന്ന് രാജ്യത്ത് രൂക്ഷമായ ഭക്ഷ്യക്ഷാമം ഉടലെടുത്തു. ബംഗാളിൽ പട്ടിണിയിൽ ലക്ഷങ്ങൾ മരിച്ചു. തൊഴിലില്ലായ്മ അതിരൂക്ഷമായി. ഗ്രാമങ്ങളാകട്ടെ നാടുവാഴിത്തത്തിനു കീഴിൽ ഞെരിഞ്ഞമർന്നു. കർഷകർ പട്ടിണിയിൽ. അസംതൃപ്തി എല്ലാ മേഖലയിലും നിറഞ്ഞു നിന്നു.

naxalite, varghees, naxalbari, maoist, fake encounter
സാർവദേശീയ തലത്തിലാകട്ടെ കമ്യൂണിസ്​റ്റ് പ്രസ്​ഥാനം നെടുങ്കനെ പിളർന്നു. 1964–ൽ സോവിയറ്റ്, ചൈനീസ്​ പാർട്ടികൾ തമ്മിലുള്ള അഭിപ്രായഭിന്നത പരസ്യമായി. രണ്ടു ചേരികൾ ഉടലെടുത്തു. രണ്ടുപാർട്ടികളും പരസ്​പരം പോരാടിക്കാൻ തുടങ്ങി. ഇന്ത്യയിലെ കമ്യൂണിസ്​റ്റുപാർട്ടിയും അതേ വർഷം രണ്ടായി. പിളർന്നുണ്ടായ സി.പി.എം വിപ്ലവം ആഗ്രഹിക്കുന്നുവെന്നും ചൈനീസ്​ പക്ഷത്തോട് ചാഞ്ഞിരിക്കുന്നുവെന്നും പൊതുവിൽ വിപ്ലവകാരികൾ കരുതി. എന്നാൽ, വിപ്ലവത്തിനുള്ള ഒരുവിധശ്രമങ്ങളും നടത്താതെ സി.പി.എം. പാർലമെന്ററി പാതയിൽ തുടർന്നത് ആയിരക്കണക്കിന് ചെറുപ്പക്കാരെ അസ്വസ്​ഥരാക്കി. ഇടതുപക്ഷം അധികാരത്തിലേറിയാൽ ജീവിത ദുരിതം അവസാനിക്കുമെന്ന മർദിതരുടെ സ്വപ്നങ്ങൾക്കും തിരിച്ചടിയേറ്റു.

Read More: മലയാളി സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ ചുവന്ന ചിന്തകൾ

ഈ ഘട്ടത്തിലാണ് ചൈനയിൽ “മഹത്തായ തൊഴിലാളിവർഗ സാംസ്​കാരിക വിപ്ലവം’ (1966) ആരംഭിക്കുന്നത്. ചൈനീസ്​ കമ്യൂണിസ്​റ്റ് പാർട്ടി ചെയർമാൻ മാവോ സെതുങിന്റെ നേതൃത്വത്തിൽ നടന്ന മുന്നേറ്റം കമ്യൂണിസ്​റ്റ് പാർട്ടിയിൽ നേതൃത്വ സ്​ഥാനങ്ങളിലിരിക്കുന്നവരെ അണികളും ജനങ്ങളും ചോദ്യം ചെയ്യുന്ന കലാപമായിരുന്നു. മുതലാളിത്ത പാതയിൽ എത്തപ്പെട്ട പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്യാൻ പ്രവർത്തകർക്ക് സാംസ്​കാരിക വിപ്ലവം അവസരം നൽകി. കുഴപ്പങ്ങൾ നിരവധി ഉണ്ടായിരുന്നുവെങ്കിലും, സാംസ്​കാരിക വിപ്ലവം ഇന്ത്യയിലെ കമ്യൂണിസ്​റ്റ് വിപ്ലവകാരികൾക്കും അനുയായികൾക്കും പുതിയ ഊർജം പകർന്നു. തുടർന്നാണ് ചൈനീസ്​ കമ്യൂണിസ്​റ്റ് ആശയങ്ങളിൽ പ്രചോദിതരായ വിപ്ലവകാരികൾ നക്സൽബാരി കലാപത്തിലേക്ക് നിങ്ങുന്നത്. ആ അർത്ഥത്തിൽ സാർവദേശീയവും ദേശീയവുമായ ഒരു പ്രസ്​ഥാനത്തിന്റെ തുടർച്ചയും അവിഭാജ്യഭാഗവുമാണ് കേരളത്തിലെ നക്സലൈറ്റ് പ്രവർത്തനവും

kunnikkal narayanan, vargees vasu, naxalbari, maoist

നക്സലൈറ്റ് ഒന്നാംഘട്ടം (1967–1971)
കുന്നിക്കൽ നാരായണനാണ് യഥാർത്ഥത്തിൽ കേരളത്തിൽ നക്സലൈറ്റ് പ്രസ്​ഥാനത്തിെൻറ ആദ്യ സംഘാടകൻ. സായുധ വിപ്ളവത്തിലൂടെ തൊഴിലാളിവർഗ സർവാധിപത്യം സ്​ഥാപിക്കണമെന്ന കാര്യത്തിൽ കുന്നിക്കലിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. വിപ്ളവ സാഹിത്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി അവയുടെ വിതരണത്തിലൂടെയാണ് തുടക്കം. 1967 മെയ് അവസാനം ബംഗാളിൽനിന്ന് വാർത്തകൾ വന്നു തുടങ്ങി. നക്സൽബാരി എന്ന ഗ്രാമത്തിൽ കർഷകരുടെ സമരം നടക്കുന്നു, പൊലീസ്​ അടിച്ചമർത്തുന്നു എന്നൊക്കെയുള്ള ചിതറിയ വാർത്തകളാണ് ആദ്യം വന്നത്. ഒരുപക്ഷേ, കേരളത്തിൽ ഈ വാർത്തകളോട് വൈകാരികവും രാഷ്ട്രീയവുമായി പ്രതികരിച്ചവരിൽ മുന്നിൽ നിന്നയാൾ കുന്നിക്കൽ നാരായണനാകും. കോഴിക്കോട് കല്ലായ് റോഡിലെ “മാർക്സിസ്​റ്റ് പബ്ലിക്കേഷൻസ്​’ ബുക്സ്​റ്റാളിൽ ചർച്ച ചൂടുപിടിച്ചു. അതിന്റെ പ്രായോഗിക രൂപമായിരുന്നു തലശേരി–പുൽപള്ളി സ്​റ്റേഷനാക്രമണങ്ങളിലൂടെ നടന്നത്. കമ്യൂണിസ്​റ്റ് നിലപാട് അനുസരിച്ച് ഭരണകൂടത്തിന്റെ മർദനോപകരണങ്ങളാണ് പൊലീസും പട്ടാളവും. നക്സലൈറ്റ് പ്രസ്​ഥാനം ഉടലെടുക്കും മുമ്പ് പൊലീസ്​ സ്​റ്റേഷൻ ആക്രമണങ്ങൾ വിപ്ലവ പ്രവർത്തനത്തിന്റെ ഭാഗമായി നടന്നിരുന്നു. എന്നാൽ, കേരളത്തിൽ രാഷ്ട്രീയാധികാരം മാത്രം ലക്ഷ്യമാക്കി നടന്ന ആദ്യ സായുധ ഇടപെടലാണ് തലശേരി–പുൽപ്പള്ളി കലാപം. 1968 നവംബർ 22ന് തലശ്ശേരിയിലും 24 ന് പുൽപ്പള്ളിയിലും പൊലീസ്​ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. സാമൂഹ്യ–രാഷ്ട്രീയ അവസ്​ഥകളുടെ സമൂർത്തമായ വിശകലനത്തിലൂടെ, കേരളത്തിൽ നക്സലൈറ്റുകൾ ആദ്യ പ്രഹരം നൽകിയതിന് അവർ വലിയ വില കൊടുക്കേണ്ടി വന്നു. ഒപ്പം അത് നിരവധി രാഷ്ട്രീയ പാഠങ്ങളും വിപ്ലവകാരികൾക്ക് പകർന്നു നൽകി.

Read More: ഇടിമുഴക്കത്തിന്റെ ബാക്കിപത്രം-അമ്പത് വർഷമാകുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവർത്തമാനം

ഭരണകൂടത്തെ മുഖ്യശത്രുവായി കാണുന്ന ലൈനായിരുന്നു കുന്നിക്കലിന് ഉണ്ടായിരുന്നത്. എന്നാൽ, ജന്മിത്വമാണ് സാമ്രാജ്യത്വ ചൂഷണത്തിെൻറ സാമൂഹ്യ അടിത്തറ എന്നും അതിനെ തച്ചുടച്ചു നീക്കം ചെയ്യുകയാണ് വിപ്ളവത്തിെൻറ മാർഗമെന്ന ലൈനായിരുന്നു ചാരുമജുംദാറിെൻറ നേതൃത്വത്തിലുള്ള അഖിലേന്ത്യാ സി.പി. ഐ (എം.എൽ) പാർട്ടിക്കുണ്ടായിരുന്നത്. ഇതിനാൽ തന്നെ കേരളത്തിലെ പ്രവർത്തകർക്കിടയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടു. എ. വർഗീസിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം അഖിലേന്ത്യാ ലൈൻ നടപ്പാക്കാൻ ഒരുങ്ങി. വയനാട്ടിലെ ജന്മിത്വത്തെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ആദിവാസികൾ അണിനിരന്ന ലക്ഷണമൊത്ത സായുധ കാർഷിക വിപ്ളവ ലൈൻ വർഗീസ്​ തിരുനെല്ലി–തൃശിലേരി കലാപത്തിലൂടെ നടപ്പാക്കി. വെള്ളത്തുവൽ സ്​റ്റീഫനാകട്ടെ കേരളത്തിൽ ഒളിവിൽ പാഞ്ഞ് നടന്ന് ജന്മിത്വ ഉന്മൂലന ലൈൻ നടപ്പാക്കി. 1968 മുതൽ 1971 വരെ കുറ്റ്യാടി പൊലീസ്​ സ്​റ്റേഷൻ ആക്രമണം, താവം, കോങ്ങാട്, വെള്ളത്തൂവിൽ, നഗരൂർ, കുമ്മിൾ, കിളിമാനൂർ എന്നിവിടങ്ങളിൽ ഉന്മൂലനം എന്നിവ നടന്നു. ഭരണകൂട വേട്ടയാടലിൽ വർഗീസ്​ കൊല്ലപ്പെട്ടു. നിരവധി പ്രവർത്തകർ പിടിയിലായി. പൊലിസ്​ ഏറ്റവും ഭയപ്പെട്ട വെള്ളത്തൂവൽ സ്​റ്റീഫൻ പൊലീസ്​ പിടിയിലാകുന്നതോടെ കേരളത്തിൽ നക്സലൈറ്റുകളുടെ ആദ്യഘട്ടപ്രവർത്തനം പൂർണമായി നിലച്ചു. നേതൃത്വം എതാണ്ട് മൊത്തത്തിൽ തന്നെ തടവറയിൽ എന്നു പറയാവുന്ന അവസ്​ഥ. കുന്നിക്കൽ നാരായണൻ മുതൽ പ്രസ്​ഥാനത്തോട് അടുത്തിടെ ഒന്നിച്ച കെ. വേണു വരെ 250 ലേറെ മുന്നണി പ്രവർത്തകർ ജയിലിൽ. കോങ്ങാട് കേസിലെ പ്രതികൾ എം.എൻ. രാവുണ്ണിയുടെ നേതൃത്വത്തിൽ ജയിൽചാടി പുറത്തെത്തി പുന:സംഘടനാ ശ്രമങ്ങൾ നടത്തിയെങ്കിലും അവർ അധികം വൈകാതെ അറസ്​റ്റിലായതോടെ പ്രവർത്തനം ഏതാണ്ട് ഇല്ലാതായി.

1968 മുതൽ 1970 ഡിസംബർ 31 വരെ സംസ്​ഥാനത്ത് 39 നക്സലൈറ്റ് ആക്രമണങ്ങൾ നടന്നുവെന്ന് കേരള നിയമസഭാ രേഖ വ്യക്തമാക്കുന്നു. തലശേരി–പുൽപ്പള്ളി, എരുമേലി, കുറ്റ്യാടി,പേരാവൂർ, തിരുനെല്ലി–തൃശിലേരി, ഈരാറ്റുപേട്ട, അർപ്പൂക്കര, താവം, നാട്ടിക, മൂവാറ്റുപുഴ, വെള്ളത്തൂവൽ, മൂന്നാർ, തൃശുർ, കോങ്ങാട്, തിരുവനന്തപുരം, കിളിമാനൂർ, ആറ്റിങ്ങൽ, കടയ്ക്കൽ എന്നിവിടങ്ങളിലായിരുന്നു അത്. ആക്രമണത്തിന് വിധേയരായി 10 പേർ കൊല്ലപ്പെട്ടു. 343 പേരുടെ പേരിൽ കേസെടുത്തു. 244 പേരെ അറസ്​റ്റ് ചെയ്തു . ഭരണകുട കണക്കുകളിൽ തന്നെ കേവലം കൈവിരലിലെണ്ണാവുന്നവരുടെ കലാപമായിരുന്നില്ല നക്സലൈറ്റുകൾ ആദ്യഘട്ടത്തിൽ നടത്തിയതെന്ന് വ്യക്തമാകുന്നു. തലശേരി സ്​റ്റേഷൻ ആക്രമിക്കാൻ 315 പേരാണ് തലശേരിയിൽ എത്തിയതെന്നും ഓർക്കണം. എന്നാൽ, ഭരണകൂട രേഖകളിൽ പറയാത്ത മറ്റൊന്നു കൂടിയുണ്ട്. നക്സലൈറ്റ് ഭാഗത്ത് സംഭവിച്ച ജീവനഷ്​ടം. ആറുപേരുടെ ജീവൻ നക്സലൈറ്റുകൾക്ക് നഷ്​ടപ്പെട്ടിരുന്നു. കിസാൻ തൊമ്മൻ, കോയിപ്പിള്ളി വേലായുധൻ, എ.വർഗീസ്​, ചാണ്ടി, പരീത്, അബ്ദുസലാം എന്നിവരായിരുന്നു ഇക്കാലത്ത് രക്തസാക്ഷികളായവർ.

ഭരണകൂട അടിച്ചമർത്തലിൽ 1971ൽ നക്സലൈറ്റ് പ്രസ്​ഥാനം തകരാൻ പല കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി ശാസ്​ത്രീയമായ വിപ്ലവ കാഴ്ചപ്പാട് പ്രവർത്തകർക്ക് ഉണ്ടായിരുന്നില്ല. പാർട്ടിയോ സംഘടനയോ കെട്ടിപ്പടുക്കാൻ ആരും ശ്രമിച്ചില്ല. ചിട്ടയായ പാർട്ടി പ്രവർത്തനത്തോട് പൊതുവിൽ നക്സലൈറ്റുകൾക്ക് വൈമുഖ്യമായിരുന്നു. ബോൾഷെവിക്ക് പ്രവർത്തന രീതി ഒരുഘട്ടത്തിലും പിന്തുടർന്നില്ല. വസ്​തുനിഷ്ഠ യാഥാർത്ഥ്യത്തെയും ആത്മ നിഷ്ഠ സത്യങ്ങളെയും തെറ്റായി വിലയിരുത്തി.

രണ്ടാമത് പ്രസ്​ഥാനത്തിൽ വിഭാഗീയത എല്ലാ തലത്തിലും ശക്തമായിരുന്നു. കുന്നിക്കൽ വിഭാഗം, വർഗീസിന്റെ നേതൃത്വത്തിലുള്ളവർ, അമ്പാടി ശങ്കരൻകുട്ടി മേനോന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക കമ്മിറ്റി എന്നിങ്ങനെ പലതായി ഭിന്നിച്ചുനിൽക്കുകയും പരസ്​പരം മേൽകൈ നേടാനുമാണ് നക്സലൈറ്റുകൾ ശ്രമിച്ചത്. ആക്ഷനുകളിൽ മാത്രമായിരുന്നു താൽപര്യം. ബഹുജനപ്രവർത്തനം ഒന്നും തന്നെ നടത്തിയില്ല. ഭരണകൂട അടിച്ചമർത്തലിനെ അതിജീവിക്കാൻ ഒരു പദ്ധതിയും ഒരുഘട്ടത്തിലും ആവിഷ്കരിച്ചതുമില്ല. നടത്തിയ ഉന്മൂലനങ്ങളുടെ നിഷ്ഠൂരത ജനങ്ങളെ ഭയപ്പെടുത്തി. കോങ്ങാട് ഒഴിച്ച് മിക്കയിടത്തും നക്സലൈറ്റുകൾ നടത്തിയത് ഉന്മൂലനങ്ങൾ വ്യക്തിഹത്യകളായി തരംതാണു. സ്​റ്റീഫന്റെ നേതൃത്വത്തിൽനടന്ന മിക്ക ഉന്മൂലനങ്ങളും വിപ്ലവ സങ്കൽപ്പത്തിനു വിരുദ്ധമായിരുന്നു.

വിപ്ലവം എന്നതിന്റെ ക്ലാസിക്കൽ അർത്ഥത്തിൽ നോക്കിയാൽ ഒന്നാം ഘട്ടം പരാജയമായിരുന്നു. എന്നാൽ നക്സലൈറ്റുകൾ പരാജയത്തിലും വിജയം കൊയ്തു. അതിൽ ആദ്യത്തേത്, നക്സൽബാരിയുടെയും സായുധ വിപ്ലവത്തിന്റെയും മാവോയിസത്തിന്റെയും ആശയങ്ങൾ കൂടുതൽ വ്യാപകമാക്കാനും ചർച്ചചെയ്യാനും ഇടയാക്കിയെന്നതാണ്. പുതിയ വിപ്ലവ മുന്നേറ്റം സാധ്യമാണെന്ന ധാരണ മൊത്തത്തിൽ പകർന്നു. സി.പി.എമ്മിൽ കൂടുതൽ കലഹങ്ങൾ ഉണ്ടായി. നക്സൽബാരി മുന്നേറ്റത്തിന് അനുകൂലമായി നിലപാടെടുത്തവർക്കുനേരെ സി.പി.എമ്മിൽ വ്യാപകമായ പുറത്താക്കലുകൾ നടന്നു. അത് പുതിയ ധ്രുവീകരണം സമൂഹത്തിൽ സാധ്യമാക്കി.

കേരളത്തിൽ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നത് വേഗത്തിലാക്കി. അതുവരെ പേരിന് മാത്രം പറഞ്ഞുകേട്ടിരുന്ന ബിൽ നിയമമായി പാസ്സാക്കി.വയനാട്ടിൽ വർഗീസിന്റെ പ്രവർത്തന ഫലമായി ജന്മിത്വംതലപൊക്കാതെ നിലംപൊത്തി. ആദിവാസികളെ അടിമകളാക്കിയിരുന്ന വല്ലിപ്പണി സമ്പ്രദായം അവസാനിച്ചു.
കുടിയേറ്റ കർഷകർക്ക് പട്ടയം കൊടുക്കാൻ സർക്കാർ നിർബന്ധിതമായി. അതുവരെ പട്ടയം എന്ന വാഗ്ദാനം മാത്രമായിരുന്നു സർക്കാർ നൽകിയിരുന്നത്. പലയിടത്തും കർഷകരെ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നിരുന്നു.
മറ്റൊരു ഗുണം കണ്ണൂരിൽ ബീഡിത്തൊഴിലാളികൾക്കായി സർക്കാരിന്റെ നേതൃത്വത്തിൽ ദിനേശ് ബീഡിക്കമ്പിനി തുറന്നു എന്നതാണ്. ദിനേശ് ബീഡിക്കമ്പനി തുറന്നത് നൂറുകണക്കിന് പേർക്ക് തൊഴിൽ കിട്ടാൻ സഹായിച്ചു. അത് കണ്ണൂരിന്റെ തകർന്ന സാമൂഹ്യ–സാമ്പത്തിക സ്​ഥിതി മെച്ചപ്പെടുത്തി.
കലാപത്തിന്റെ മറ്റൊരു ഗുണമായിരുന്നു വയനാട്ടിൽ ഗതാഗത സൗകര്യം വർധിച്ചുവെന്നത്. ഇനിയൊരു കലാപമുണ്ടായാൽ പൊലീസിന് പെട്ടെന്ന് എത്താൻ വേണ്ടി റോഡുകൾ കൂടുതലായി ഉണ്ടാക്കി. പുൽപ്പള്ളി പോലുള്ള ഗ്രാമങ്ങൾ ചെറുപട്ടണങ്ങളായി പരിണമിച്ചു.

നക്സലൈറ്റ് രണ്ടാം ഘട്ടം (1971–1992)

1971 കളുടെ അവസാനം നക്സലൈറ്റ് സായുധ ഇടപെടലുകൾ പൊതുസമൂഹത്തിൽ നിശ്ചലമായെങ്കിലും നൂറുകണക്കിന് യുവാക്കൾ വിപ്ലവ വഴിയിലേക്ക് നീങ്ങി. കലാലയ വിദ്യാഭ്യാസം നേടിയ ഇടത്തരം ബുദ്ധിജീവികളായിരുന്നു അതിലധികവും. സാംസ്​കാരിക രംഗത്തും ചില ഉണർവുകൾ ഇക്കാലത്ത് സംഭവിച്ചു. “പ്രസക്തി’ പോലുള്ള പ്രസിദ്ധീകരണങ്ങൾ ഇറങ്ങി. സാവധാനമെങ്കിലും പുതിയ നക്സലൈറ്റുകളുടെ ഒരു നിര ഇക്കാലത്ത് കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രവർത്തനം തുടങ്ങി. അത് സി.പി.ഐ (എം.എൽ)ന്റെ പുന:സംഘടനയെന്ന പ്രശ്നം ഉയർത്തി. 1973– 74 കാലഘട്ടത്തിൽ പുന:സംഘടന ഏറ്റെടുത്തവർക്ക് കാര്യങ്ങൾ ഒട്ടും ലളിതമായിരുന്നില്ല. ശക്തമായ ആശയക്കുഴപ്പം നിലനിന്നു. പുന:സംഘടന ഏറ്റെടുത്തവരിലാകട്ടെ കമ്യൂണിസ്​റ്റ് വിപ്ലവകാരികൾ പാലിക്കേണ്ട സംഘടനാ തത്വങ്ങൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റി അവ്യക്ത നിലനിന്നു. ബോൾഷെവിക് പാർട്ടി സംഘടനാ രീതികളെപ്പറ്റി കൃത്യമായ ധാരണയില്ലാതിരുന്ന ഇവർ ഏറെക്കുറെ ഇരുട്ടിൽ തപ്പി. ബഹുജന സംഘടനകളില്ലാത്ത രഹസ്യപാർട്ടി സങ്കൽപ്പം മാത്രമാണ് ഉണ്ടായിരുന്നത്. പാർട്ടി രൂപീകരിക്കുന്നതിനേക്കാൾ “രഹസ്യസ്​ക്വാഡ്’ സങ്കൽപ്പമായിരുന്നു നയിച്ചത്. എന്നാൽ പുന:സംഘടനാ ശ്രമങ്ങളുടെ നേതൃത്വം ഏറ്റെടുത്ത ടി.എൻ.ജോയിയെപ്പോലുള്ള ചുരുക്കം ചിലരിൽ യഥാർത്ഥ പാർട്ടി സങ്കൽപ്പം നിലനിന്നിരുന്നുതാനും. ജയിലിലും പുറത്തും വിഭാഗീയതകളും ആശയകുഴപ്പങ്ങളും വർധിക്കുന്ന ഈ ഘട്ടത്തിലാണ് കെ. വേണു തിരുവനന്തപുരം ജയിലിൽ വച്ച് മറ്റുള്ള പ്രവർത്തകരുമായി ആലോചിച്ച് “എല്ലാത്തരം ശിഥിലീകരണ പ്രവണതകളെയും ചെറുത്തുതോൽപിക്കുക’ എന്ന കുറിപ്പ് എഴുതുന്നത്. എല്ലാത്തരം അരാജക പ്രവണതകളെയും എതിർത്ത് മാർക്സിസ്​റ്റ്–ലെനിനിസ്​റ്റ് രീതിയിൽ പാർട്ടി സംഘടിപ്പിക്കണമെന്നായിരുന്നു രേഖ മുന്നോട്ട വച്ച കാഴ്ചപ്പാട്. അത് പ്രവർത്തകരുടെ മാർഗരേഖയായി മാറി. അഖിലേന്ത്യാ തലത്തിൽ വ്യത്യസ്​ത നിലപാടുകളും ഗ്രൂപ്പുകളും നിലനിന്നിരുന്നെങ്കിലും അതിലൊന്നും ചേരാതെ സ്വതന്ത്രമായി നിൽക്കുന്ന സമീപനമാണ് പുന:സംഘടനാ സമയത്ത് കേരളത്തിലെ പ്രവർത്തകർ കൈക്കൊണ്ടത്. പല തരത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളും അവർ തുടർന്നു.

tn joy, thomas issac, budget,

ഒറ്റപ്പെട്ട ചില പ്രചാരണങ്ങൾ, യോഗങ്ങൾ എന്നിവയാണ് അവർ ആദ്യം നടത്തിയത്. 1973 അവസാനമായപ്പോഴേക്കും ടി.എൻ. ജോയിയുടെ നേതൃത്വത്തിൽ സംസ്​ഥാന തലത്തിൽ സി.പി.ഐ (എം.എൽ) താൽക്കാലിക സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. സെക്രട്ടറിയായ ടി.എൻ. ജോയിക്ക് പുറമെ ടി.കെ. നടേശൻ, കുട്ടികൃഷ്ണൻ (ദാസ്​, കൊയിലാണ്ടി), ദാമോദരൻ എന്നിങ്ങനെയുള്ള പുതിയ നിരയുടെ നേതൃത്വത്തിലായിരുന്നു മുഖ്യമായി സംസ്​ഥാന തലത്തിലെ പ്രവർത്തനങ്ങൾ. കെ.എൻ. രാമചന്ദ്രൻ, കെ. മുരളി, എം.എസ്​. ജയകുമാർ, എം.എ. സോമശേഖരൻ, പി.സി. ഉണ്ണിച്ചെക്കൻ തുടങ്ങിയ പുതിയ നിര സംഘടനയിൽ ഉയർന്നുവന്നു.

മുൻകാലത്ത് തൊഴിലാളിവർഗ അടിത്തറയുള്ള, അവിഭക്ത കമ്യൂണിസ്​റ്റ് പാർട്ടിയിൽ പ്രവർത്തിച്ചവരായിരുന്നു പ്രസ്​ഥാനത്തിൽ കൂടുതൽ ഉണ്ടായിരുന്നതെങ്കിൽ പുതിയതായി കടന്നുവന്ന ചെറുപ്പക്കാർ കൂടുതലും വിദ്യാർത്ഥികളായിരുന്നു. ഭൂരിപക്ഷം പേരുടെയും വർഗാടിത്തറ ഇടത്തരം അല്ലെങ്കിൽ പെറ്റി ബൂർഷ്വാ. സവർണ വിഭാഗത്തിൽനിന്നുള്ളവരാണ് കൂടുതലായി പ്രസ്​ഥാനത്തിൽ കടന്നുവന്നത്. എറണാകുളം മഹാരാജാസ്​ കോളജ്, കോഴിക്കോട് റീജണൽ എഞ്ചിനീയറിംഗ് കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്, വടകര മടപ്പള്ളി കോളജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ കൂടുതലായി പ്രസ്​ഥാനത്തിലേക്ക് എത്തിയത്. വേണു ജയിലിന് പുറത്ത് എത്തിയതോടെ സി.പി.ഐ (എം.എൽ) പാർട്ടി സജീവമായി സംസ്​ഥാനത്ത് പ്രവർത്തിക്കാൻ തുടങ്ങി. മിക്കവാറും ജില്ലകളിൽ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. സംസ്​ഥാന കമ്മിറ്റിയിലും ജില്ലാകമ്മിറ്റികളിലുമുള്ള അംഗങ്ങൾ, മുഴുവൻ സമയ പ്രവർത്തകരായ സംഘാടകർ എന്നിവരടക്കം നൂറിലധികം കേഡർമാർ സംഘടനക്കുണ്ടായി. എന്നാൽ, അടിയന്താരവസ്​ഥ പ്രഖ്യാപനം നീക്കങ്ങൾക്ക് വലിയ തിരിച്ചടിയായി.

ചെറുതെങ്കിലും രഹസ്യമായി കെട്ടിപ്പടുത്ത പാർട്ടിയുമായി അടിയന്തരാവസ്ഥയിൽ മുന്നോട്ടുപോകാനാവും എന്നതായിരുന്നു നക്സലൈറ്റുകളുടെ ധാരണ. ഭരണകൂട മർദനം തുറന്ന രൂപത്തിൽ ജനങ്ങൾക്കുമേൽ വന്നതിനാൽ അടിയന്തരാവസ്​ഥയ്ക്കെതിരെ പ്രതിഷേധിക്കാനും സാധ്യമായ എല്ലാ രീതിയിലും അതിനെതിരെ പ്രവർത്തിക്കാനുമായിരുന്നു പാർട്ടി തീരുമാനം.”അടിന്തരാവസ്​ഥ പ്രഖ്യാപനത്തിലൂടെ ഭരണകൂടം പ്രത്യക്ഷത്തിൽ ജനശത്രുവായി വന്ന നിലയ്ക്ക് വർഗശത്രുക്കളെ ആക്രമിക്കുന്നതിനോടൊപ്പം ഭരണകൂട ഉപകരണങ്ങൾക്കെതിരായ ആക്രമണത്തിന് ഊന്നൽ നൽകണമെന്നും’ പാർട്ടി രേഖകൾ നിർദേശിച്ചു. അതായത് ജന്മിവർഗങ്ങൾ മുഖ്യ ശത്രുവായി തുടരുമ്പോൾ തന്നെ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം ഏറ്റെടുക്കണമെന്നായിരുന്നു ആഹ്വാനത്തിന്റെ സത്ത. എറണാകുളം ജില്ലയിലെ കുമ്പളത്ത് ജന്മിക്കെതിരെ നടന്ന ഉന്മൂലനമായിരുന്നു അടിയന്തരാവസ്​ഥയിലെ നക്സലൈറ്റുകളുടെ ആദ്യ ഇടപെടൽ. കുമ്പളത്തിനു പിന്നാലെ, സി. പി.ഐ (എം.എൽ) വിവിധ പൊലീസ്​ സ്​റ്റേഷനാക്രമണങ്ങളും വ്യക്തി ഉന്മൂലനങ്ങളും പദ്ധതിയിട്ടിരുന്നു. എന്നാൽ പദ്ധതികൾ ഒന്നിനു പുറകെ ഒന്നായി പരാജയപ്പെട്ടു. ആക്രമണ പദ്ധതികൾ പൊളിഞ്ഞതിന്റെ നിരാശ കലർന്ന വാശിയിൽ കൂരാച്ചുണ്ട് (പിന്നീട് കായണ്ണ) സ്​റ്റേഷൻ ആക്രമിക്കാൻ കെ. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു.
എന്നാൽ, കായണ്ണ സ്​റ്റേഷൻ ആക്രമണത്തിനെ തുടർന്നുണ്ടായ ഭരണകൂട അടിച്ചമർത്തലിൽ പാർട്ടി പൂർണമായി തകർന്നു. ബഹുഭൂരിപക്ഷം പ്രവർത്തകരും തടവിലായി. 1976 ജൂൺ 20 ന് കെ. വേണു തിരുച്ചിറപ്പിള്ളിയിൽ അറസ്​റ്റിലാകുന്നതോടെ തകർച്ച പൂർണമായി.

അടിയന്തരാവസ്​ഥയിലെ പ്രസ്​ഥാനത്തിന്റെ പരാജയ കാരണങ്ങൾ മനസിലാക്കാൻ ജയിലിൽ തന്നെ ശ്രമങ്ങൾ ആരംഭിച്ചു. ജയിലിലെ പരിമിത സ്വാതന്ത്ര്യത്തിൽ ഒന്നിച്ചു കൂടിയവർ കൂടിയാലോചന നടത്തി. സംഘടന തകർന്നതാണ് പരാജയത്തിന് പ്രധാന കാരണമെന്ന വിലയിരുത്തലിൽ പ്രവർത്തകർ എത്തിച്ചേർന്നു. സംഘടന നിലനിന്നിരുന്നുവെങ്കിൽ തിരിച്ചടി ഉണ്ടായാലും അതിജീവിക്കാൻ കഴിയുമായിരുന്നു എന്ന പൊതു നിഗമനത്തിലാണ് അവർ എത്തിയത്.

ജയിലിനകത്തെ ചർച്ചകളിൽ ജന്മിത്വവും കർഷകരും തമ്മിലുള്ളതാണ് ഇന്ത്യയിലെ മുഖ്യവൈരുധ്യം എന്ന നിലപാട് ശരിയല്ലെന്ന ധാരണ രൂപപ്പെട്ടു. കേരളത്തിൽ ജന്മിത്വത്തിന് പരിവത്തനങ്ങൾ വരികയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടെന്നും അതിനാൽ ജന്മിമാരെ ഉന്മൂലനം ചെയ്യുന്ന സമരം മുഖ്യ സമര രൂപമായി സ്വീകരിക്കാനാവില്ലെന്നും അവർ പൊതു ധാരണയിലെത്തി. അതു പിന്നീടുള്ള പ്രവർത്തനങ്ങളിൽ മാർഗദർശിയായി.

അടിയന്തരാവസ്​ഥക്ക് ശേഷമാണ് കേരളത്തിൽ നക്സലൈറ്റുകളുടെ “സുവർണ’ കാലം. ജനകീയ സാംസ്​കാരിക വേദി രൂപീകരിക്കപ്പെട്ടു. സാഹിത്യ, സാമൂഹ്യ, സാംസ്​കാരിക രംഗങ്ങളിൽ വലിയ മാറ്റങ്ങൾക്കും സർഗാത്മതക്കും സാംസ്​കാരിക വേദി ഈർജം പകർന്നു. കവിതകളുടെയും നാടകത്തിന്റെയും ഭാവുകത്വങ്ങൾ മാറി. പാർട്ടി പുതിയ അന്വേഷണങ്ങളും പഠനങ്ങളും നടത്തി. സാർവദേശീയ തലത്തിൽ തന്നെ പുത്തൻകൊളോണിയലിസത്തിന്റെ ചലന നിയമങ്ങൾ സംഘടന ആദ്യമായി വ്യക്തമാക്കി. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള വൈരുദ്ധ്യം യുദ്ധത്തിന്റെ രൂപം കൈക്കൊളളുമെന്ന അന്തർദേശീയ നിലപാടുകൾ തെറ്റെന്ന് പുത്തൻ കൊളോണിയലിസത്തെ സമഗ്രമായി വിശകലനം ചെയ്ത് പാർട്ടി സ്​ഥാപിച്ചു. ദേശീയ പ്രശ്നം, സ്​ത്രീ പ്രശ്നം, പരിസ്​ഥിതി എന്നിവിടങ്ങളിൽ കേരളത്തിൽ ഇന്നെത്തി നിൽക്കുന്ന രാഷ്ട്രീയ ധാരണകൾ രൂപീകരിക്കപ്പെട്ടു. കമ്യൂണിസ്​റ്റ് പാർട്ടി വർഗ സമരത്തിന് മാത്രം നേതൃത്വം കൊടുത്താൽ പോരാ ജാതി സമരവും ഏറ്റെടുക്കണമെന്നും കെ. വേണുവിന്റെ നേതൃത്വത്തിലുള്ള സി.ആർ.സി, സി.പി.ഐ (എം.എൽ) നിലപാട് എടുത്തു. ദേശീയ പ്രശ്നത്തിന്റെ പേരിൽ കെ.എൻ. രാമചന്ദ്രൻ, എം.എ. സോമശേഖരൻ, എം.എസ്​. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം 1987 ൽ പാർട്ടി വിട്ട് സി.പി.ഐ (എം.എൽ) റെഡ്ഫ്ളാഗ് രൂപീകരിച്ചു. റെഡ്ഫ്ളാഗ് ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോയി. ഗാട്ട് കരാറിനെതിരെ ബന്ദ് പോലുള്ള സമരമാർഗങ്ങൾ പുറത്തെടുത്ത് വിജയിപ്പിച്ചു. എന്നാൽ, പിന്നീട് റെഡ്ഫ്ളാഗ് വിഭാഗം പലതായി പിരിഞ്ഞു. കെ.ടി. കുഞ്ഞിക്കണ്ണനെപോലുള്ള ഒരു വിഭാഗം സി.പി.എമ്മിൽ ചേർന്നു.

ദേശീയ പ്രശ്നത്തിലും ജാതി പ്രശ്നത്തിലും ഏറെക്കുറെ ശരിയായ നിലപാടുകൾ മുന്നോട്ടുവച്ചെങ്കിലും സി.ആർ.സി, സി.പി.ഐ (എം.എൽ) നീങ്ങിയത് അടിസ്​ഥാന കമ്യൂണിസ്​റ്റ് ആശയങ്ങൾ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്കാണ്. സോവിയറ്റ് യൂണിയന്റെ തകർച്ച, തുടർന്ന് കിഴക്കൻ യൂറോപ്പിലെമ്പാടും കമ്യൂണിസ്​റ്റ് സർക്കാരുകളുടെ നിലംപൊത്തൽ എന്നിവ സൃഷ്​ടിച്ച പ്രക്ഷുബ്‌ദ്ധയമായ അവസ്​ഥയിൽ മാർക്സിസ്​റ്റ്–ലെനിനിസ്​റ്റ് ലൈനുകൾ തന്നെ പുന:പരിശോധിക്കുന്നതിലേക്ക് പാർട്ടി ചലിച്ചു. 1990 ൽ “തൊഴിലാളിവർഗ ജനാധിപത്യത്തെക്കുറിച്ച്’ എന്ന രേഖ കെ. വേണുവിന്റെ മുൻകൈയിൽ സി.ആർ.സി. നേതൃത്വം തയ്യാറാക്കി. മാർക്സിസത്തിന്റെ അടിസ്​ഥാനതത്വങ്ങളെ ഉയർത്തിപ്പിടിക്കുന്നു എന്ന് രേഖ അവകാശപ്പെട്ടെങ്കിലും യഥാർത്ഥത്തിൽ മാർക്സിസത്തിന്റെ പ്രമാണങ്ങൾ നിരാകരിക്കുന്നതായിരുന്നു രേഖ. തൊഴിലാളിവർഗ സർവാധിപത്യം എന്ന സങ്കൽപം പരിഷ്കരിക്കേണ്ടതുണ്ടെന്ന് വാദിച്ച രേഖ ലെനിനിസ്​റ്റ് പാർട്ടിയെയും മുന്നണിപ്പട സങ്കൽപ്പത്തെയും നിരാകരിച്ചു. കമ്യൂണിസ്​റ്റ് പാർട്ടിക്കുള്ളിലെ ജനാധിപത്യ കേന്ദ്രീകരണം ഫലത്തിൽ ജനാധിപത്യവിരുദ്ധമായി മാറി പാർട്ടി സേച്ഛാധിപത്യമാകുന്നതായും രേഖ വിലയിരുത്തി. ഈ യാത്രക്ക് ഒരൊറ്റ അന്ത്യമേ സാധ്യമാകുമായിരുന്നുള്ളൂ– പിരിച്ചുവിടൽവാദം. അതിവേഗം പാർട്ടി അങ്ങോട്ടേക്ക് തന്നെ നീങ്ങി. ഈ ഘട്ടത്തിൽ അപ്രതീക്ഷിതമായി കെ. വേണു പാർട്ടി അഖിലേന്ത്യാ സെക്രട്ടറി സ്​ഥാനം രാജിവച്ചു.

1987 ലെ കോൺഫ്രൻസ്​ അംഗീകരിച്ച തന്ത്രപരമായ ലൈൻ ഇന്ത്യൻവിപ്ലവത്തെ വിവിധ ദേശീയതകളിലെ പുത്തൻജനാധിപത്യവിപ്ലവങ്ങളുടെ സമുച്ചയമാണ് കണ്ടിരുന്നത്. അഖിലേന്ത്യാ തന്ത്രപരമായ ലൈനും അഖിലേന്ത്യാ പാർട്ടി സംവിധാനവും തമ്മിൽ വൈരുദ്ധ്യമുണ്ട് എന്നാണ് വേണു പക്ഷക്കാർ ഉന്നയിച്ചത്. അഖിലേന്ത്യാതലത്തിൽ ഒരു പാർട്ടി ആവശ്യമില്ലെന്ന നിലപാട് അവർ കൈക്കൊണ്ടു. ഓരോ ദേശീയ പാർട്ടിക്കും സ്വന്തം പേരും പരിപാടിയും ഉണ്ടാക്കാൻ അനുവദിച്ച് അഖിലേന്ത്യാ കമ്മിറ്റി പിരിച്ചുവിട്ടു. അങ്ങനെ കേരള കമ്യൂണിസ്​റ്റ് പാർട്ടി (കെ.സി.പി), മഹാരാഷ്ട്ര കമ്യൂണിസ്​റ്റ് പാർട്ടി എന്നിവ നിലവിൽ വന്നു.

അഭിപ്രായ വ്യത്യാസങ്ങൾ ശക്തമായിക്കൊണ്ടിരിക്കുമ്പോൾ കെ. വേണുവിെൻ്റ ‘ഒരു കമ്യൂണിസ്​റ്റുകാരന്റെ ജനാധിപത്യ സങ്കൽപ്പം’ എന്ന പുസ്​തകം 1992 മെയിൽ പുറത്തുവന്നു. പാർട്ടി രൂപം തന്നെ പ്രതിവിപ്ലവപരവും പിന്തിരിപ്പനുമാണ് എന്ന് വേണു ഉന്നയിച്ചതോടെ കെ.സി.പി.യും പിരിച്ചുവിടണമെന്ന വാദത്തിലേക്ക് കേന്ദ്ര സംഘാടക സമിതിയിലെ, വേണു അനുകൂലികളായ ഭൂരിപക്ഷം എത്തി. ഫലത്തിൽ കേരളത്തിൽ നക്സലൈറ്റ് സജീവത ഇല്ലാതായി. രണ്ടാംഘട്ടത്തിലെ ഈ പരാജയം സംഘടന മൊത്തത്തിൽ വലതുപക്ഷത്തേക്ക് ചാഞ്ഞതിന്റെ ഫലമായിരുന്നു. അടിസ്​ഥാന കമ്യൂണിസ്​റ്റ് ആശയങ്ങളിൽ നിന്നും ബോൾഷെവിക് പാർട്ടി ക്രമത്തിൽ നിന്നും പ്രസ്​ഥാനം വ്യതിചലിച്ചു. വേണുവിന് വിപ്ളവ ആധികാരികത്വം പാർട്ടി നൽകിതിന്റെ ദുരന്തമായിരുന്നു അത്. ഭരണകൂടത്തെ കൃത്യമായി വിലയിരുത്തി സായുധ ശ്രമങ്ങൾ നടത്താൻ ശ്രമിച്ചില്ല. അടിസ്​ഥാന വർഗ/ജാതി വിഭാഗങ്ങളിൽ നിലയുറപ്പിക്കാനോ അവരെ അണിനിരത്താനോ കഴിഞ്ഞില്ല. പാർട്ടിയും സംഘടനയും മൊത്തത്തിൽ പെറ്റിബൂർഷ്വാ വർഗാടിത്തറയിൽ കിടന്ന് ഉഴറി. കാർഷിക വിപ്ളവം അജണ്ടയിൽ നിന്ന് പൂർണമായി ഒഴിവാക്കി ദേശീയ പ്രശ്നങ്ങളിൽ മാത്രം ഊന്നി. അങ്ങനെ ഒന്നാം ഘട്ടത്തിലെ പിഴവുകൾ എല്ലാം തന്നെ രണ്ടാംഘട്ടത്തിൽ പലരീതിയിൽ തുടർന്നു.

rajan, naxalbari, maoist

ഈ പരാജയങ്ങളെ രണ്ടാം ഘട്ടത്തിന്റെ വിജയങ്ങൾ മറികടക്കുന്നുണ്ട്. രാജൻ സംഭവം ഉയർത്തി കേരളത്തിൽ മനുഷ്യാവകാശ ബോധം ഉയർത്തിക്കൊണ്ടുവരാൻ നക്സലൈറ്റുകൾക്കായി. സാംസ്​കാരിക രംഗത്ത് പുതിയ കലയും സാഹിത്യവും സാധ്യമാക്കി. ജനകീയ വിചാരണകൾ അഴിമതിയും അനീതിയും ചോദ്യചെയ്യപ്പെടണമെന്നും അനീതിക്കെതിരെ കലാപം ചെയ്യുന്നത് ന്യായമാണെന്നുമുള്ള ധാരണ ഉറപ്പിച്ചു. “ക്രിസ്തുവിന്റെ ​ആറാം തിരുമുറിവ്’ നിരോധവുമായി ബന്ധപ്പെട്ട് ആവിഷ്കര സ്വാതന്ത്ര്യത്തിെൻറ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. പുത്തൻകൊളോണിയലിസം, നാടുവാഴിത്ത അടിത്തറയിലെ പരിവർത്തനം, ദേശീയ പ്രശ്നം, സ്​ത്രീ വിമോചനം, ദലിത് വിമോചനം, ജാതി നശീകരണം, പരിസ്​ഥിതി തുടങ്ങി കേരളം പിന്നീട് പലവിധത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾ ആദ്യമായിതന്നെ നക്സലൈറ്റുകൾ ഉയർത്തി. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവർക്ക് തിരിച്ചുനൽകണമെന്ന രാഷ്ട്രീയം മുന്നോട്ടുവച്ചു. ദേശീയ പ്രശ്നങ്ങളിലൂടെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് പുതിയ ദിശ നൽകി. വർഗസമരവും ജാതി സമരവും രണ്ടാണെന്ന് പരമ്പരാഗത കമ്യൂണിസ്​റ്റ് ധാരണകളെ തിരുത്തി. അംബ്ദേകറുടെ പ്രബോധനങ്ങളെ മാവോയിസവുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സാർവദേശീയ തലത്തിൽ വിപ്ളവ കമ്യൂണിസ്​റ്റുകളുടെ ഐക്യം സാധ്യമാക്കുകയും ഗുണപരമായ ചർച്ചകൾക്ക് വഴികാട്ടുകയും ചെയ്തു. ന്യൂനപക്ഷങ്ങൾക്കൊപ്പം നിലയുറപ്പിച്ച് സവർണ ഫാസിസത്തിനെതിരെ പ്രതിരോധം തീർത്തു. മതാന്ധത ചോദ്യം ചെയ്യപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ സജീവതയുടെ കാലം കൂടിയാണ് പാർട്ടി പിരിച്ചുവിടലിലൂടെ ഇല്ലാതായത്.

k venu kn ramachandran, roopesh

നക്സലൈറ്റ് മൂന്നാംഘട്ടം (1992–2015)

സി.ആർ.സി, സി.പി.ഐ (എം.എൽ)ന്റെ പിരിച്ചുവിടലും കെ. വേണുവിന്റെ രാജിയും കേരളത്തിലെ നക്സലൈറ്റ് പ്രവർത്തകർക്കിടയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്​ടിച്ചത്. സോവിയറ്റ് യൂണിയനിൻ തകർന്നുവീണ കാലയളവിൽ അതിന്റെ തുടർച്ചയായാണ് സി.ആർ.സിയുടെ പിരിച്ചുവിടൽ എന്നത് ആശയക്കുഴപ്പത്തിന്റെ തോത് വർധിപ്പിച്ചു. സംഘടന മൊത്തത്തിൽ തകർന്നു. അണികൾ എന്തുചെയ്യണമെന്നറിയാതെ പകച്ചു. പലരും നിർജീവതയിലേക്ക് നീങ്ങി. കുറേപ്പേർ മറ്റ് ചില സംഘടനകളിലേക്ക് ചേക്കേറി. ഗുരുതര പ്രതിസന്ധികളിൽ കൂടി കടന്നു പോകുമ്പോഴും കേരള കമ്യൂണിസ്​റ്റ് പാർട്ടി (കെ.സി.പി) അയോദ്ധ്യയിൽ 1992 ഡിസംബർ ആറിന് ഹിന്ദുത്വ സംഘടനകൾ ബാബറി മസ്​ജിദ് തകർത്ത തടക്കമുള്ള സംഭവങ്ങളിൽ ശരിയായ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിൽ വിജയിച്ചു. സി.പി.എം. ഉൾപ്പടെയുള്ള കക്ഷികൾ അയോധ്യയിൽ തകർന്നത് തർക്കമന്ദിരമാണോ പള്ളിയാണോ എന്ന് മാറി മാറി അഭിപ്രായം പറയുമ്പോൾ കെ.സി.പി “ബാബറി മസ്​ജിദ് പുനർനിർമിച്ച് മുസ്​ ലിംകൾക്ക് വിട്ടുകൊടുക്കണമെന്ന’ മുദ്രാവാക്യം മുന്നോട്ടുവച്ചു. ഇതനുസരിച്ച് നടത്തിയ പ്രചാരണ പരിപാടികൾ ആർ.എസ്​. എസ്​–ഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിച്ചു. പലയിടത്തും നക്സലൈറ്റുകൾക്കെതിരെ ശാരീരിക ആക്രമണമുണ്ടായി. ജാതി രഹിത–മതേതര– സ്വാശ്രിത കേരള സന്ദേശമുയർത്തിയായിരുന്നു ഹിന്ദുത്വ നീക്കങ്ങളെ കെ.സി.പി. പ്രതിരോധിച്ചത്.

വേണുപക്ഷ പിരിച്ചുവിടൽ വാദികളെ പുറത്താക്കി കേരള കമ്യൂണിസ്റ്റ് പാർട്ടി (കെ.സി.പി) എന്ന ചെറിയ സംഘടനയുമായി പിടിച്ചു നിൽക്കാനായിരുന്നു മുൻ അഖിലേന്ത്യാ കമ്മിറ്റിയംഗം കെ. മുരളിയുടെ (കണ്ണമ്പള്ളി മുരളി)യുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ ശ്രമം. അവർ ചെറിയ സമരങ്ങളിലൂടെ സംഘടന വീണ്ടും കെട്ടിപ്പടുത്തു. കെ.സി.പി.യുടെ പുന:സംഘടനാ സമയത്ത് ചുരുക്കം ചില സംസ്​ഥാന നേതാക്കളേ ഒപ്പമുണ്ടായിരുന്നുള്ളൂ. ചില പ്രദേശങ്ങളിൽ ഒന്നോ രണ്ടോ പ്രവർത്തകർ മാത്രമായി. ഉള്ളവരിൽ തന്നെ നിരാശയും നിലനിന്നു. എങ്കിലും ചെറിയ സമരങ്ങളിലൂടെ സംഘടന മുന്നോട്ട് നീങ്ങി. പതിയെ കേരള കമ്യൂണിസ്​റ്റ് പാർട്ടിക്ക് സംഘടിത രൂപം നൽകി. പിന്നീടുള്ള രണ്ടു പതിറ്റാണ്ടുകളിൽ സംഘടന പുതിയ ചുവടുകൾ വച്ചു. പിന്നീട് മഹാരാഷ്ട്ര കമ്യൂണിസ്​റ്റ് പാർട്ടിയുമായി ലയിച്ച് അവർ മാവോയിസ്​റ്റ് ഐക്യ കേന്ദ്രം, സി.പി.ഐ (എം.എൽ) എന്ന പാർട്ടി രൂപീകരിച്ചു.

മാവോയിസ്​റ്റ് ഐക്യകേന്ദ്രം 1999 ഏപ്രിൽ 22 ന് ആന്ധ്ര കേന്ദ്രമാക്കി പ്രവർത്തിച്ച സി.പി.ഐ (എം.എൽ) നക്സൽബാരിയുമായി ലയിച്ചു. സായുധ സമരം, സൈനിക ലൈൻ, ജനകീയയുദ്ധം, പ്രാദേശികമായി അധികാരം പിടിച്ചെടുക്കൽ, കാർഷിക വിപ്ളവം, തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന്റെ തന്ത്രപരമായ പ്രാധാന്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഏറെക്കുറെ വിപ്ളവപരം എന്നുപറയാവുന്ന നിലപാടുകൾ സംഘടന ഉറപ്പിച്ചു. പോരാട്ടം, അയ്യങ്കാളിപ്പട തുടങ്ങിയ സംഘടനകളിലൂടെ ഈ ഘടത്തിൽ നിരവധി സമരങ്ങളും ഇടപെടലുകളും നടത്തി. ആദിവാസി ഭൂമി പ്രശ്നം ഏറ്റെടുത്തു. ആദിവാസി–സ്​ത്രീ–ദലിത് മർദകർക്ക് നേരെ കടന്നാക്രമണം അഴിച്ചുവിട്ടു. എ.ഡി.ബി ഓഫീസ്​ ഉൾപ്പടെയുള്ള സാമ്രാജ്യത്വ സ്​ഥാപനങ്ങൾ ആക്രമിച്ചു. ബ്ലേഡ് പലിശക്കാരെ വിചാരണ ചെയ്തു.

2000 െൻറ തുടക്കത്തിൽ, മുമ്പ് സി.പി.ഐ (എം.എൽ) ജനശക്തിയിൽ പ്രവർത്തിച്ചിരുന്ന രൂപേഷും സംഘവും ആന്ധ്രയിലെ പീപ്പിൾസ്​വാർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് കേരളത്തിലും സംഘടന സാധ്യമാക്കി. ഇതിെൻറ തുടർച്ചയിലാണ് കേരളത്തിൽ സി.പി.ഐ (മാവോയിസ്​റ്റ്) രൂപീകരണം നടക്കുന്നത്. 2014 മെയിൽ കെ. മുരളി നേതൃത്വം നൽകിയ സി.പി.ഐ (എം.എൽ) നക്സൽബാരിയും സി.പി.ഐ (മാവോയിസ്​റ്റും) ലയിച്ചു. ഇതോടെ കേരളത്തിൽ വിപുലമായ മാവോയിസ്​റ്റ് സാധ്യത തുറക്കപ്പെട്ടു.

2013 തുടക്കത്തിലാണ് മാവോയിസ്​റ്റ് ഗറില്ലകൾ കേരള വനത്തിലുണ്ടെന്ന് സ്​ഥിരീകരണം വരുന്നത്. പിന്നാലെ “ജനകീയ വിമോചനത്തിനായി ജനകീയ വിമോചന സേനയിൽ അണിചേരുക’ എന്ന സി.പി.ഐ (മാവോയിസ്​റ്റ്) പശ്ചിമഘട്ട സ്​പെഷൽ സോണൽ കമ്മിറ്റിയുടെ പ്രസ്​താവനയും വന്നു. 2013 ഒക്ടോബർ 27 ന് പുലർച്ചെ വയനാട് വനാതിർത്തിയോടു ചേർന്ന ചൂരണിമലയിൽ മുക്കം ക്രഷർ യൂണിറ്റിന്റെ ജെ.സി.ബി. കത്തിച്ചായിരുന്നു മാവോയിസ്​റ്റുകളുടെ തുടക്കം. പിന്നീട് എറണാകുളം പനമ്പിള്ളി നഗറിലെ നീറ്റ ജലാറ്റിന്റെ ഓഫീസ്​ അടിച്ചുതകർത്തു.
പിന്നീട് വയനാട്, പാലക്കാട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ വിവിധ സർക്കാർ, സ്വകാര്യ സ്​ഥാപനങ്ങൾ ആക്രമിച്ച് മാവോയിസ്​റ്റുകൾ വാർത്തകളിൽ നിറഞ്ഞു. 2015 ജനുവരിയിൽ അട്ടപ്പാടിയിൽ വനംവകുപ്പിെൻ്റ ക്യാമ്പ് ഷെഡ്ഡിനും, കണ്ണൂരിൽ ക്വാറിക്കും വയനാട്ടിൽ ആദിവാസി ഭൂമിയയിൽ​സ്ഥാപിച്ചിരിക്കുന്നുവെന്ന് പേരിൽ സ്വകാര്യ റിസോർട്ടിനും ടാമിറിന്റ് റസറ്റോറന്റിനും നേരെ ആക്രമണം നടന്നു.

Maoist, Kerala, police Custody
ഷൈന പൊലീസ് കസ്റ്റഡിയിൽ

ഇത്തരം നടപടികളുമായി മുന്നോട്ട് പോവുകയായിരുന്ന മാവോയിസ്​റ്റുകൾക്ക് നേരെ ഭരണകൂടം 2015 ഏപ്രിൽ–മെയ് മാസങ്ങളിൽ ആഞ്ഞടിച്ചു. പത്ത് വർഷത്തിലേറെ രഹസ്യമായി പ്രവർത്തിച്ച് മാവോയിസ്​റ്റുകൾ സംസ്​ഥാനത്തെമ്പാടും സ്​ഥാപിച്ച രഹസ്യ ശൃംഖലയുടെ നിർണായക കണ്ണികൾ പൊട്ടി. ഒരു പക്ഷേ, ഭരണകൂട– ഇൻറലിജൻസ്​ സംവിധാനത്തെ അൽപം അലംഭാവത്തോടെ മാവോയിസ്​റ്റുകൾ സമീപിച്ചാകാം തിരിച്ചടി നേരിട്ടതിന് ഒരു കാരണം. മെയ് നാലിന് മാവോയിസ്​റ്റ് നേതാവ് രൂപേഷും മറ്റ് നാലുപേരും കോയമ്പത്തൂരിൽ പിടിയിലായി. അധികം വൈകാതെ കെ. മുരളി പൂണെയിലും അറസ്റ്റിലായി.

maoist,fake encounter,police,nilambur
നിലമ്പൂരിൽ​ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം മാറ്റുന്നു

മുരളിയുടെയും രൂപേഷിന്റെയും അറസ്​റ്റ് കേരളത്തിലെ മാവോയിസ്​റ്റ് പ്രവർത്തനത്തെ മന്ദീഭവിപ്പിച്ചു. എന്നാൽ, അവർ മുന്നോട്ടു തന്നെ പോയി. പിന്നീട് 2016 നവംബറിൽ മാവോവാദികൾക്ക് നേരെ ശക്തമായ ഭരണകൂട കടന്നാക്രമണമുണ്ടായി. അഖിലേന്ത്യാ നേതാവും മികച്ച സംഘാടകനുമായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടു. ഇരുവരുടെയും കൊലപാതകം ഭരണകൂടത്തിനും മാവോവാദികൾക്കും സമൂഹത്തിനും ചില സൂചനകൾ നൽകി. അടിച്ചമർത്തലിെൻറ ഘട്ടത്തിലും പൗരാവകാശ പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി സംസ്​കരിക്കാനായി രംഗത്തുവന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധം ഉയർന്നു. സർക്കാർ പ്രതിക്കൂട്ടിലായി. ഇനിയൊരു ഭരണകൂട വേട്ട എളുപ്പമല്ലാതായി എന്നു ചുരുക്കം.
തിരിച്ചടികളെ മറികടന്ന് മാവോയിസ്റ്റുകൾ മുന്നേറുന്നതായാണ് പുതിയ സൂചനകൾ. പുതിയ ദളം രൂപീകരിച്ചതായി മാവോയിസ്റ്റുകൾ തന്നെ അവകാശപ്പെടുന്നു. ഒളിവിൽ ‘കമ്യൂണിസ്​റ്റ്’ എന്ന സൈദ്ധാന്തിക മാസിക പുറത്തിറക്കാനും അത് പൊതുസമൂഹത്തിൽ രഹസ്യമായി എത്തിക്കാനും അവർക്കായി. ഫലത്തിൽ തോക്കേന്തിയ ഗറില്ലാ പോരാളികൾ കേരളത്തിെൻറ കാടുകളിൽ കഴിയുന്നുവെന്ന് ചുരുക്കം.ഇത് ഈ രൂപത്തിൽ തുടരാൻ കഴിയില്ല. തോക്കേന്തിയ ഗറില്ലകളെ ഭരണകൂടം അനുവദിക്കില്ല. ഫലത്തിൽ ഏറ്റുമുട്ടലുകൾ അനിവാര്യം. വെടിയൊച്ചകൾ ഇനിയും മുഴങ്ങും.
നക്സലിസം/ മാവോയിസത്തിന് അദൃശ്യമായ വേരുകൾ കേരള സമൂഹത്തിൽ പലയിടത്തായി ആഴത്തിലുണ്ട്. അത് ഭരണകൂടത്തിനുമറിയാം. എതിർശബ്ദങ്ങളില്ലാതാക്കാൻ ഭീകരവിരുദ്ധ നിയമങ്ങളുടെ വ്യാപക ഉപയോഗമാണ് ഭരണകൂടം ഈ കുറഞ്ഞ നാളുകളിൽ നടത്തിയത് 25ലേറെ പ്പേരെ മാവോവാദി ബന്ധത്തിെൻറ പേരിൽ മാത്രം യു.എ.പി.എ ചുമത്തി തടവിലടച്ചു. നിരവധി പേർ പീഡിപ്പിക്കപ്പെടുന്നു. ഈ വർത്തമാന യാഥാർത്ഥ്യം കാൽപനിക വീരസ്യം പറച്ചിലുകളിലില്ല. രൂപേഷും ഷൈനയും രണ്ടര വർഷത്തിലേറെയായി ജയിലിലാണ്. കെ. മുരളി പൂണെയിലെ ജയിലിലും. ആർക്കും അവർ വിഷയമേ ആകുന്നേയില്ല.

ഇനി മാവോയിസ്റ്റുകൾക്കു പുറത്ത് റെഡ്‌ഫ്ലാഗ്, റെഡ്‌സ്​റ്റാർ, ജനശക്തി അടക്കമുള്ള സംഘടനകളാകട്ടെ, തങ്ങൾക്ക് സാധ്യമാകുന്ന മേഖലയിലെല്ലാം ജനകീയ ചെറുത്തുനിൽപ്പുകൾ സംഘടിപ്പിക്കുന്നു. ഭാംഗൂറിലെ കാർഷിക കലാപത്തിന് നേതൃത്വ പങ്ക് വഹിക്കുന്നത് കെ.എൻ. രാമചന്ദ്രെൻറ നേതൃത്വത്തിലുള്ള റെഡ്സ്​റ്റാർ വിഭാഗമാണ്. കേരളത്തിൽ ആദിവാസി മേഖലകളിൽ ഭൂപ്രശ്നവും ഉന്നയിച്ച് ഈ വിഭാഗങ്ങൾ സമരം നടത്തുന്നുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് നക്സൽബാരിയുടെ ഇന്നലകളെക്കുറിച്ച് വീരരചനകൾ.
മാവോയിസ്​റ്റുകളുടെ ഒരു വിഭാഗം സായുധരായി കാടുകളിൽ കഴിയുന്നുവെന്നത് രണ്ടുതരം വികാരങ്ങളാണ് ഉണർത്തുന്നത്. അതിയായ ഭയവും പ്രത്യാശയും. വിലയേറിയ ജീവനുകൾ നഷ്​ടപ്പെടുമെന്നും ഭരണകൂട അടിച്ചമർത്തലിൽകുറേയേറെപ്പേർ ഇരയാക്കപ്പെടുമെന്നും അറിയാതെയെങ്കിലും ഭയമുളവാക്കുന്നു. മാവോയിസ്റ്റുകളുടെ രേഖകളിൽ നിന്നു തന്നെ കുറഞ്ഞ കാലത്തിനിടക്ക് നാല് പേർ രക്തസാക്ഷികളായതായി മനസിലാവുന്നു. ആദ്യം മരിച്ചത് സിനോജ് എന്ന യുവ വിപ്ലവകാരിയാണ്. സ്​ഫോടകവസ്​തുക്കൾ മറ്റാർക്കും അപകടമുണ്ടാക്കാതെ കൈകാര്യം ചെയ്യുമ്പോഴായിരുന്നു അപകടമരണം. നോക്കൂ, ചരിത്രത്തിെൻറ ക്രൂരമായ ആവർത്തനം. നക്സലൈറ്റ് പ്രസ്​ഥാനത്തിെൻറ ആദ്യ രക്തസാക്ഷി കിസാൻ തൊമ്മൻ മരിച്ചതും സമാനമായ സാഹചര്യത്തിലാണ്. സ്​ഫോടകവസ്​തുക്കൾ അടങ്ങിയ സഞ്ചി മറ്റാർക്കും അപായമുണ്ടാക്കാതെ മാറ്റിവയ്ക്കുമ്പോഴായിരുന്നു കിസാൻ തൊമ്മൻ രക്തസാക്ഷിയായത്. സ്വന്തം സംഘടനയെപ്പറ്റി കന്മഷമില്ലാതെ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന (അത് നക്സലൈറ്റുകൾക്ക് മാത്രമുള്ള ഒരു സവിശേഷതയാണ്) ഒരു സാധാരണ നക്സലൈറ്റ് അനുഭാവിയായ സിനോജ് ഓർമയിലുണ്ട്. മാവോയിസ്റ്റായ സിനോജിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും. അതുകൊണ്ട് തന്നെ ജയിലിലടക്കപ്പെട്ടവരുടെ സ്വാതന്ത്ര്യവും പീഡനവും ഭയമായി തന്നെ നിറയുന്നു.
അതേ സമയം, വലത്തോട്ട് അതിവേഗം ചായുന്ന സമൂഹത്തിനെ അതിൽ നിന്ന് പിടിച്ചുനിർത്തിയത് നക്സലൈറ്റ് ഇടപെടലുകളാണ്. സാമൂഹിക–സാംസ്​കാരിക ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തിൽ, പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ അതിജീവന ശ്രമങ്ങൾക്കൊപ്പം നിന്നതിൽ, കലയിലും സാഹിത്യത്തിലും നടത്തിയ ഇടപെടലുകളിൽ, കോർപറേറ്റ്–സാമ്രാജ്യത്വ വിരുദ്ധ സമീപനങ്ങളിൽ എല്ലാം നക്സലൈറ്റുകളും അതിൽ നിന്ന് വിട്ടുപോയവരും വഹിക്കുന്നതും വഹിച്ചതുമായ പങ്ക് വിസ്​മരിച്ചുകൂടാ. അതു തന്നെയാണ് പ്രത്യാശ. നക്സലൈറ്റുകളുടെ അധികാര–ജനാധിപത്യ സങ്കൽപങ്ങൾ എന്തെന്ന കാര്യത്തിൽ അവ്യക്തയുണ്ടെങ്കിലും അവരാണിപ്പോൾ ഇന്ത്യയിലെ യഥാർത്ഥ പ്രതിപക്ഷം. അംഗീകരിച്ചാലുമില്ലെങ്കിലും.

മാവോ സെതുങ് ആവർത്തിച്ചു പറഞ്ഞ ‘പർവതത്തെ നീക്കം ചെയ്യാൻ ശ്രമിച്ച വിഡ്ഢിയായ വൃദ്ധൻ’ എന്ന കഥയിലെ നായകരായി മാവോയിസ്​റ്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നത് തന്നെ ചുരുക്കി കാണാനും പാടില്ല. അതെന്തായാലും, കേരളത്തിന്റെ ഇന്നലകളെയും ഇന്നിനെയും നാളെയും കുറിച്ചുള്ള ചർച്ചകൾ നക്സലൈറ്റുകൾ/മാവോയിസ്​റ്റുകളെ മാറ്റി നിർത്തി സാധ്യമാകില്ല. അഥവാ അതിനു മുതിർന്നാൽ ആ ചരിത്രം പൂർണമാവുകയുമില്ല.

‘നക്സൽദിനങ്ങൾ’ എന്ന കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതിയ ലേഖകൻ അരുന്ധതി റോയി, മനീഷാ സേഥി,ഗെയിൽ ഓംവെദ്,തെൻ സിൻ സെൻന്ത്യു എന്നിവരുടേത് ഉൾപ്പടെ 23 പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മംഗളം ദിനപത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പുകളിൽ മാധ്യമപ്രവർത്തനായിരുന്ന ലേഖകൻ ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിലെ പത്രാധിപ സമിതിയംഗമമാണ്

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Tracing the history of the naxalite movement in kerala rk bijuraj

Best of Express