ലക്ഷ്യബോധമുള്ള ഇടത്തരം വീട്ടിലെ കുട്ടിയെപ്പോലെയാണ് പ്രവാസിക്ക് കേരളം. ഇൻഫോപാർക്കുകൾ, ലോകത്തിലെ ആദ്യത്തെ സൗരോർജ വിമാന താവളമായി നെടുമ്പാശ്ശേരി, പെരിയാർ സംരക്ഷണം, ജൈവകൃഷി, മഴവെള്ള സംഭരണി തുടങ്ങിയ പരിസ്ഥിതി പദ്ധതികൾ, പൊതു വിദ്യാഭ്യാസ മേഖലയുടെ നിലവാരവും ജനപ്രീതിയും വീണ്ടെടുക്കൽ എന്നിങ്ങനെ വ്യക്തവും ഉറച്ചതുമായ കാൽവെപ്പുകളോടെ ആ കുട്ടി ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കു നടന്നടുക്കുന്നതിന് പ്രവാസി, ഓരോ വരവിലും നിറകൺചിരിയോടെ സാക്ഷിയാവുന്നു..
ആ പട്ടികയിൽ പുതുതായി ഇടം പിടിക്കാൻ ഒരുങ്ങുകയാണ് കൊച്ചി മെട്രോ . നാലു വർഷത്തോളം മാത്രം സമയമെടുത്ത് നിർമാണ പ്രവർത്തനം പൂർത്തിയാക്കിയ, 23 സ്റ്റേഷനുകളിലായി 975 യാത്രക്കാരെ വഹിക്കാവുന്ന, ചുരുങ്ങിയ യാത്രാനിരക്കുള്ള കൊച്ചി മെട്രോയിലെ ആധുനിക സംവിധാനങ്ങളെപ്പറ്റി വായിക്കുമ്പോൾ, ഞാൻ ലണ്ടനിലെ ട്യൂബ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. (ലണ്ടനിലെ പ്രധാന സ്റ്റേഷനുകളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ഭൂഗർഭ റയിൽപാതയാണ് , ട്യൂബ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇവിടുത്തെ മെട്രോ സർവീസ്).
Read More: കൊച്ചി മെട്രോയുടെ ശബ്ദം ഇവരാണ്..
ബ്രിട്ടന്റെ മനോഹരമായ ഭൂപ്രകൃതി കാണാനും ആസ്വദിക്കാനുമുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ഇവിടുത്തെ ട്രെയിൻ യാത്രകൾ . ലണ്ടനിൽ നിന്നും സ്കോട്‌ലാൻഡ്, വെയിൽസ്, യോർക്ക് തുടങ്ങി പ്രസിദ്ധ നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ട്രെയിൻ യാത്രകൾ , ചെമ്മരിയാടുകളും കനാലുകളും കൃഷിയിടങ്ങളുമടക്കം ഒട്ടേറെ ജാലകക്കാഴ്ചകളിലേക്കു നമ്മളെ ക്ഷണിക്കുകയായി .
എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി , സെൻട്രൽ ലണ്ടനിലെ യാത്രക്കാരെ – പ്രത്യേകിച്ചും ഓഫീസിലെത്താനും മറ്റും – കഴിഞ്ഞ 150 വർഷത്തിലേറെയായി സഹായിക്കുന്നത്, സെൻട്രൽ ലണ്ടനിലെ പ്രധാന സ്റ്റേഷനുകളും പ്രാന്ത പ്രശേശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ലണ്ടൻ ട്യൂബ് സർവീസ് ആണ് (പുറംനാട്ടുകാർ ഈ ട്യൂബ് സംവിധാനത്തെയാണ് ലണ്ടൻ മെട്രോ എന്ന് വിശേഷിപ്പിക്കുന്നത്). ഇതിലെ നാല്പത്തഞ്ചു ശതമാനത്തോളം ഭൂഗർഭപാതയായും, ബാക്കി സാധാരണ റയിൽപാതയുമാണ് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുളളത്.
ബ്രിട്ടനിൽ പ്രകൃതി സുന്ദരമായ കാഴ്ചകൾ കണ്ടുള്ള തീവണ്ടി യാത്ര പരിചിതമായിരുന്നെങ്കിലും , ഇവിടുത്തെ മെട്രോയിൽ ആദ്യമായി ഒറ്റയ്ക്ക് പോവേണ്ടി വന്ന ദിവസം ഇന്നും ഓർമയിൽ ഉണ്ട്. സാധാരണട്രെയിനിൽ പോയി, ലണ്ടൻ യൂസ്റ്റണിൽ ഇറങ്ങി , പിന്നെ രണ്ടു ട്യൂബ് മാറിക്കയറണം ഓഫീസിൽ എത്താൻ . എൺപതുകളിലെ കുട്ടിക്കാലത്തിനു സഹജമായ സഹജീവികളിലുള്ള അമിത വിശ്വാസത്തിന്റെയോ , അന്ധമായ ആത്മ വിശ്വാസത്തിന്റെയോ ഒക്കെ ബാക്കിയാവണം, ഒരിക്കൽപ്പോലും ട്യൂബ് മാപ്പ് മറിച്ചു നോക്കാൻ ബദ്ധപ്പെടാതെ ആരോടെങ്കിലും ചോദിച്ചു കണ്ടു പിടിക്കാമെന്നു കരുതി വീട്ടിൽ നിന്നിറങ്ങിയ ഞാൻ, യാത്രക്ക് ആകെ ചെയ്ത തയ്യാറെടുപ്പു , മൊബൈലിൽ ട്യൂബിന്റെ പടമെടുക്കാൻ മാത്രം ബാറ്ററി ഉണ്ടെന്നു ഉറപ്പു വരുത്തിയത് മാത്രമാണ്.

രാവിലെ എട്ടു മണിക്ക് ലണ്ടൻ സ്റ്റേഷനിലെത്തിയപ്പോൾ കണ്ട ജനങളുടെ കുത്തൊഴുക്കിൽ, ഏതു ലൈനിലാണ് എനിക്ക് പോവേണ്ട ട്യൂബ് സർവീസ് എന്ന് ആരോടെങ്കിലും ചോദിച്ചറിയാമെന്ന എന്റെ പ്രതീക്ഷ ഒലിച്ചു പോയി! ദിവസം 4.8 മില്യൺ യാത്രക്കാരെ, 270 സ്റ്റേഷനുകളിൽ നിന്നായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ലോകത്തെ ആദ്യത്തെ ഭൂഗർഭറയിൽപ്പാതയടങ്ങിയ, യൂറോപ്പിലെ മൂന്നാമത്തെ തിരക്കേറിയ ലണ്ടൻ മെട്രോയുടെ അപദാനങ്ങൾ പാപ്പരാസികളുടെ ഭാവനാസൃഷ്ടികളല്ലെന്നു ഞൊടിയിടയിൽ ഞാൻ തിരിച്ചറിഞ്ഞു. പോവേണ്ട സ്ഥലം രണ്ടു വശത്തെ ഭിത്തികളിലും മുകൾവശത്തും ആയുള്ള റൂട്ട് മാപ്പ് നോക്കി സ്വയം കണ്ടു പിടിക്കുകയല്ലാതെ വേറെ വഴിയില്ല – പിക്കാഡലി ലൈൻ – നീല , നോർതേൺ – കറുപ്പ് .. ഇത് തങ്കപ്പൻ , ഇത് പൊന്നപ്പൻ .. കൂട്ടിയും കിഴിച്ചും, മാപ്പും ചിഹ്നങ്ങളും നോക്കിയും, നടന്നും എസ്കലേറ്ററിലും ഒക്കെയായി ഒരു വിധം ലക്ഷ്യത്തെത്തി. ഓരോ രണ്ടു മിനിറ്റിലുമുള്ള ട്യൂബ് സർവീസ് വലിയ ശബ്‍ദത്തോടെ മുന്നിൽ നിന്നപ്പോൾ, ഒക്കെയൊന്ന് നോക്കി പറ്റിയെങ്കിൽ ഒരു ഫൊട്ടോയുമെടുത്തു അടുത്തതിൽ പോവാമെന്നാണ് കരുതിയതെങ്കിലും , പിറകിലുള്ള ജനസാഗരത്തിന്റെ ഒഴുക്കിൽ , ഞാനും സെക്കൻഡുകൾക്കുള്ളിൽ ട്രെയിനിനുള്ളിലെത്തിക്കഴിഞ്ഞിരുന്നു.
അതിനകത്തു, ബസ്സിലോ , മറ്റു സാധാരണ ട്രെയിനുകളിലോ കാണാത്ത വിധം തിങ്ങി നിറഞ്ഞ ആളുകളിൽ പലരും ചൂടും വിയർപ്പും താങ്ങാതെ വീശുന്നു , ഷർട്ടഴിക്കുന്നു. ലണ്ടൻ ബ്രിഡ്ജ് സ്റ്റേഷനിൽ മാത്രം, ഓഫീസ് സമയത്തെ തിരക്കിൽപ്പെട്ടു ബോധക്കേടും തലകറക്കവുമൊക്കെയായി ശരാശരി 11 പേരെ ഓരോ ദിവസവും മെഡിക്കൽ മുറിയിൽ കൊണ്ട് വരാറുണ്ടെന്ന് പിന്നീട് പറഞ്ഞു കേട്ടു. എന്നിരിക്കിലും, റോഡ് ഗതാഗതക്ലേശങ്ങൾ, ഇന്ധനവില, സുരക്ഷ, അന്തരീക്ഷമലിനീകരണം എന്നിങ്ങനെ പലവിധ കാരണങ്ങളാൽ, സെൻട്രൽ ലണ്ടനിലും പ്രാന്തപ്രദേശങ്ങളിലും ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷവും എന്നും ട്യൂബ് സർവീസിന്റെ ഉപയോക്താക്കളാണ്.

കൊച്ചിയിലും പ്രധാനമായും സാധാരണക്കാരായ ദൈനം ദിന ഗുണഭോക്താക്കളെ ലക്ഷ്യമാക്ക്കി മെട്രോ തന്റെ ജനകീയ പ്രയാണത്തിന് തുടക്കം കുറിക്കുകയാണ് . അന്താരാഷ്ട്ര ശുചിത്വ, അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങൾ പാലിക്കുന്ന കൊച്ചി മെട്രോയിലെ സെൽഫ് സ്കാനിംഗ് സമ്പ്രദായവും ടിക്കറ്റ് ബാർ കോഡ് സിസ്റ്റവുമെല്ലാം ശരാശരി മലയാളിക്ക് പുതിയ അനുഭവങ്ങളുടെ വാതിൽ തുറക്കും . ഭിന്ന ശേഷിക്കാർക്കു വേണ്ടി ഉയരം കുറഞ്ഞ കൗണ്ടറുകൾ , ശ്രവണ ശക്തി കുറഞ്ഞവർക്കായി കൂടുതൽ ഡിസ്പ്ലേ ബോർഡുകൾ , ദ്വിലിംഗക്കാർക്കായി ഇന്ത്യയിൽ ആദ്യമായി തൊഴിൽ സംവരണം , കുടുംബശ്രീക്കാർക്കു തൊഴിൽ നൽകൽ , ആദ്യ 11 സ്റ്റേഷനുകൾക്ക് ഊർജ്ജം പകരാൻ സൗരോർജ്ജ പാനലുകൾ, കേരളചരിത്രത്തിനെയും സംസ്ക്കാരത്തെയും അടയാളപ്പെടുത്തുന്ന സ്റ്റേഷനുകളിലെ ചിത്രപ്പണികൾ തുടങ്ങി ഈ മെട്രോ സർവീസ് കേരളത്തിന് കാഴ്ച വെക്കുന്നത് , പുതിയൊരു യാത്രാനുഭവം മാത്രമല്ല , ലോകോത്തര നിലവാരമുള്ള കാഴ്ചപ്പാടുകൾ കൂടിയാണ് . പ്രായമായവർക്കും ഗർഭിണികൾക്കും പ്രത്യേക ഇരിപ്പിടങ്ങൾ അടയാളപ്പെടുത്തിയിട്ടുള്ള കൊച്ചി മെട്രോ ട്രെയിനുകൾ , സ്ത്രീകളെ ദുർബല വിഭാഗമായി കണക്കാക്കാതെ ഈ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കിയതും, അതെ സമയം മൊത്തം യാത്രക്കാരുടെ സുരക്ഷക്കാവശ്യമായ മുൻകരുതലുകളെല്ലാം ട്രയിനുകൾക്കുള്ളിൽ സജ്ജമാക്കിയിട്ടുള്ളതും തികച്ചും സ്വാഗതാർഹമാണ്.
വായു സഞ്ചാരം ഉറപ്പു വരുത്തുന്ന ട്രെയിൻ നിർമാണം മുതൽ, ആത്മഹത്യകൾ തടയാനുദ്ദേശിച്ചുള്ള ഗ്ലാസ് വാതിലുകളടങ്ങിയ സ്റ്റേഷൻ രൂപകൽപ്പന വരെ, കൊച്ചി മെട്രോ നമുക്ക് നൽകുന്ന നൽകുന്ന സന്ദേശം , ലോക വിശ്വാസ്യതയുടെ ചതുരംഗ പ്രമാണങ്ങളിൽ സുരക്ഷയും പുരോഗതിയും പരസ്പരപൂരകങ്ങളാണെന്നതാണ്.
Read More:കൊച്ചി മെട്രോ-ലിംഗ സമത്വത്തിന്റെ പുതുവഴികളിലേയ്ക്കുളള യാത്ര
ഗതാഗത കുരുക്കിൽ നിന്നും മോചനം , കുറഞ്ഞ അന്തരീക്ഷ മലിനീകരണം , സ്ത്രീ പുരുഷ ഭേദമന്യേ, വിശ്വസനീയവും സുരക്ഷിതവുമായ അസമയയാത്രകൾ… ഇ. ശ്രീധരന്റെ കൈമുദ്ര പതിഞ്ഞ കൊച്ചി മെട്രോ, ക്ഷേമരാഷ്ടത്തിലേക്കുള്ള നമ്മുടെ പ്രയാണം സുഗമമാക്കട്ടെ!ഹർത്താലിന്റെയും സമരങ്ങളുടെയും കല്ലുകൾ, അതിന്റെ പാളങ്ങൾ തടസ്സപ്പെടുത്താതിരിക്കട്ടെ ..!
2003 മുതൽ ലണ്ടനിൽ താമസിക്കുന്ന ലേഖിക, നെറ്റ് വർക്ക് റെയിലിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുന്നു