സമയം വാച്ചിനുള്ളില്‍ എങ്ങനെയാണ് കുടുങ്ങിക്കിടക്കുന്നത്
എന്നാലോചിക്കുമ്പോള്‍ ഹാന്‍സ് ഫല്ലദ (Hans Fallada) എന്ന ജര്‍മ്മന്‍
എഴുത്തുകാരന്റെ “Why do you Wear a Cheap Watch?” എന്ന കഥയാണ്
ഓര്‍മ്മയിലെത്തുന്നത്. കഥ പറയുന്നയാളുടെ അച്ഛന്‍ ഒരു വാച്ച്
മെയ്ക്കറായിരുന്നു. എന്നിട്ടും അയാള്‍ കുട്ടിക്കാലത്ത് വില കുറഞ്ഞ നിക്കല്‍
ചങ്ങലയുള്ള വാച്ചാണ് കെട്ടിയിരുന്നത്. അത് കണ്ട് കൂട്ടുകാര്‍ ചോദിക്കും.
“എന്തുകൊണ്ടാണ് നീ നിക്കല്‍ വാച്ച് കെട്ടുന്നത്? അത്രക്ക് ദരിദ്രനനാണോ നീ.” വാച്ച് എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നോ സമയം കഠിനമാണെന്നോ പറഞ്ഞ് തടിതപ്പാമായിരുന്നിട്ടും അച്ഛന്‍ പിശുക്കനാണെന്നും സ്വാര്‍ത്ഥനാണെന്നുമുള്ള യാഥാര്‍ത്ഥ്യം അയാള്‍ മറുപടിയായി പറഞ്ഞു. എന്നാല്‍ പരീക്ഷയില്‍ ഉന്നതമല്ലെങ്കിലും മെച്ചപ്പെട്ട വിജയം നേടിയപ്പോള്‍ അച്ഛന്‍ ഒരു സ്വര്‍ണ്ണം പൂശിയ വാച്ച് അയാള്‍ക്ക് സമ്മാനമായി നല്കി.

അവന്‍ ഒരു ദിവസം സുഹൃത്തുക്കളുമൊത്ത് നീന്താന്‍ പോയി. പുഴയില്‍
കെട്ടിയിട്ട ബോട്ടില്‍ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച് അവര്‍ നീന്താന്‍
തുടങ്ങി. ജലക്രീഡകള്‍ക്കൊടുവില്‍ ബോട്ടിലേക്ക് തിരിച്ചു കയറുമ്പോള്‍ അത് ചരിഞ്ഞതു കാരണം അഴിച്ചു വെച്ച വസ്ത്രങ്ങളും മറ്റും താഴേക്ക് വീണു. ഒപ്പം സ്വര്‍ണ്ണ വാച്ച് അമ്പതടി താഴ്ചയിലേക്ക് മുങ്ങി മറഞ്ഞു. അതോടെ അച്ഛന്‍ തന്ന സമ്മാനം നഷ്ടമായി.

എനിക്ക് ആദ്യമായി കിട്ടിയ വാച്ചിന്റെ ഗതിയും ഏറെക്കുറെ സമാനമായിരുന്നു. പതിനഞ്ച് മിനിട്ട് സമയം നടന്നാലെത്തുന്ന ദൂരത്തായിരുന്നു എന്റെ പ്രൈമറി സ്‌കൂള്‍. കാലത്ത് നടന്നുപോകുമ്പോള്‍ സ്‌കൂളിലെത്താന്‍ വൈകുമോ എന്ന് ഭയന്ന് വാച്ച് കെട്ടിയ ആരെ കണ്ടാലും സമയം ചോദിക്കാറുണ്ടായിരുന്നു. സാവധാനം വാച്ച് കെട്ടിയവരെ കാണുമ്പോഴൊക്കെ സമയം ചോദിക്കുന്ന ദുശ്ശീലത്തിലേക്ക് അത് വളര്‍ന്നു. ഇത് കുട്ടികളുടെയെല്ലാം ശീലമായിരുന്നു.

എങ്കിലും ആളുകള്‍ ദേഷ്യപ്പെടുകയോ സമയം പറയാതിരിക്കുകയോ ചെയ്യാതെ ഗ്രാമീണ സ്‌നേഹത്തിന്റെ കുളിര്‍മ്മയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ചിരിയോടെ മറുപടി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെ സ്വന്തമായി ഒരു വാച്ചുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും. മിനുറ്റുകള്‍ ഒപ്പിച്ച് വേഗത കൂട്ടിയും കുറച്ചും നടന്ന് സ്‌കൂളില്‍ കൃത്യസമയത്ത് എത്തിച്ചേരുന്നത് സ്വപ്‌നം കാണും. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കുള്ള ഇടവഴിയില്‍ ഓരോയിടത്തും എത്തേണ്ടത് ഏത് സമയത്താണെന്ന് കണക്കുകൂട്ടി സ്‌കൂളിലേയ്ക്ക് നടന്നു പോകുന്നത് സങ്കൽപ്പിക്കും.

അങ്ങനെയിരിക്കെ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ എനിക്ക്
സമ്മാനമായി ഒരു വാച്ച് തന്നു. അതിന് സ്റ്റീല്‍ ചങ്ങലയായിരുന്നു.
വട്ടത്തിലുള്ള വെള്ള ഡയലിന് മുകളില്‍ കൃത്യമായി വിഭജിച്ച പന്ത്രണ്ട്
വരകള്‍. ആറിനും ഒന്‍പതിനും പന്ത്രണ്ടിനും തടിച്ച മെറ്റല്‍ വരകള്‍.
നടുക്ക് കമ്പനിയുടെ പേര് ‘SIEKO 5.’ മൂന്നിന്റെ സ്ഥാനത്ത് ഡയലിലെ
ചതുരവിടവിലൂടെ കാണാവുന്ന ദിവസവും തീയ്യതിയും. പൊങ്ങി നില്കുന്ന ഗ്ലാസ്. എന്റെ ആദ്യത്തെ വാച്ച് ഓര്‍മ്മയില്‍ നിന്ന് മായുന്നതേയില്ല.

ഒരു കാലത്ത് പലരും നൽകിയിരുന്ന പ്രധാന സമ്മാനങ്ങളായിരുന്നു വാച്ചും പേനയും. അതില്‍ വിലപ്പെട്ടത് വാച്ച് തന്നെ. പരീക്ഷകള്‍ പാസാകുമ്പോഴും ജീവിതത്തിലെ പ്രധാനപ്പെട്ട മറ്റെന്തെങ്കിലും നേടിയെടുക്കുമ്പോഴും പ്രിയപ്പെട്ടവര്‍ വാച്ച് സമ്മാനമായി നൽകിയിട്ടുണ്ടാവണം. വാച്ച് എന്ന സമ്മാനത്തിന്റ വില എന്നെ ബോധ്യപ്പെടുത്തിയത് യുറീക്കയുടെ എഡിറ്ററായിരുന്ന ജനു എന്ന മുതിര്‍ന്ന സുഹൃത്ത്. അദ്ദേഹത്തിന് അച്ഛന്‍ സമ്മാനം നൽകിയ വാച്ചുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്.

“പത്താം ക്ലാസ് പാസായപ്പോള്‍ അച്ഛന്‍ തന്നതാണ്. ഇതൊന്ന് നന്നാക്കിയെടുക്കണം.”

കറുത്ത ലെതര്‍ സ്ട്രാപ്പോടുകൂടിയ സ്വര്‍ണ്ണനിറമുള്ള ഒരു ‘ഒമേഗ’ വാച്ച്.
അതിന്റെ നിറം ആകെ മങ്ങിയിരുന്നു. സ്വര്‍ണ്ണ നിറത്തിന്റെ പാടുകള്‍
അവിടെയും ഇവിടെയും അവശേഷിച്ചിരുന്നു. ഡയല്‍ ആകെ മങ്ങിയിരുന്നു. വിയര്‍പ്പിന്റെ നനവിനാല്‍ ഡയലിലാകെ പച്ച പൂപ്പല്‍ പരന്നിരുന്നു.

ഞങ്ങള്‍ കോഴിക്കോട്ടെ പ്രശസ്തമായ വാച്ചുകടകളിലെക്കെ അന്വേഷിച്ചു. ഐ ഗ്ലാസ് വെച്ച് കൂനിക്കൂടിയിരുന്ന് പണിയെടുത്തുകൊണ്ടിരുന്ന വാച്ച് മെയ്ക്കര്‍മാര്‍ ഗ്ലാസ് ഊരിവെച്ച് ഞങ്ങള്‍ കൊടുത്ത വാച്ച് വാങ്ങി നോക്കി. എന്നിട്ട് ഐഗ്ലാസ് പിന്നെയും കണ്ണില്‍ വെച്ച് അതിനുള്ളിലൂടെ ഡയലിലെ പേരുകള്‍ വായിച്ച് ഞങ്ങളെ നോക്കി. പിന്നെ നിലച്ച സൂചികള്‍ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് ഏറെക്കുറേ ഒരേ വാക്യം ആവര്‍ത്തിച്ചു.

“ഇതിന്റെ സ്‌പെയര്‍പാര്‍ട്സുകള്‍ കിട്ടുമെന്ന് തോന്നുന്നില്ല.”

ഒരേ തരത്തിലുള്ള പരിശോധനകള്‍ ഒരേ മറുപടികള്‍. ഒടുവില്‍ ഞങ്ങള്‍ വാച്ച് നന്നാക്കുക എന്ന ഉദ്യമം ഉപേക്ഷിച്ചു. അന്ന് രാത്രി മാനാഞ്ചിറ മൈതാനത്തിന്റ വെളിച്ചം കുറഞ്ഞ ഒരു മൂലയിലിരുന്ന് സംസാരിക്കുമ്പോള്‍ അദ്ദേഹം കുട്ടിക്കാലത്തെപ്പറ്റിയും അച്ഛനെപ്പറ്റിയുമാണ് സംസാരിച്ചത്.

അന്ന് നാല്പത്തഞ്ച് വയസ്സുണ്ടായിരുന്ന അദ്ദേഹം മുപ്പത് കൊല്ലം മുമ്പ്
ലഭിച്ച ഒരു സമ്മാനത്തെ വീണ്ടും ചലിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മരിച്ചുപോയ അച്ഛന്റെ ആത്മാവിന്റെ ഒരംശം ആ വാച്ചിന്റെ നിലച്ചുപോയ
ചക്രങ്ങള്‍ക്കിടയിലുണ്ടെന്ന് അദ്ദേഹം സങ്കല്പിച്ചിരിക്കണം. അതിനെ
ചലിപ്പിക്കുന്നതോടെ അച്ഛന്റെ കൈ തന്റെ കൈത്തണ്ടയില്‍ ഒരിക്കല്‍ കൂടി ചുറ്റിപ്പിടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കാം. വര്‍ഷങ്ങള്‍ എത്ര
കഴിഞ്ഞാലും വാച്ചുകള്‍ ഓര്‍മ്മയില്‍ നിന്ന് മായുന്നില്ലല്ലോ എന്ന് ഞാന്‍
അപ്പോഴാണ് ആലോചിച്ചത്. സമയം ഇളംതെന്നല്‍ പോലെ നമ്മെ
കടന്നുപോയിക്കൊണ്ടിരിക്കുന്നതും വാച്ചുകള്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ആ ഒഴുക്കിന്റെ ഇടവേള നാം അളന്നെടുക്കുന്നതും ആ ഇടവേളയെ സമയമെന്ന് നാം തെറ്റിദ്ധരിക്കുന്നതും എന്തൊരു മാന്ത്രികതയാണ്. സമയം നമ്മെ
വിട്ടുപോകാത്തതുപോലെ വാച്ചുകളും നമ്മെ ഒരിക്കലും വിട്ടുപിരിയില്ല.

വാച്ചിന്റെ പുറം മോടിയെക്കാളും സൂചികളുടെ ചലനങ്ങളുടെ
ആവര്‍ത്തനത്തേക്കാളും എന്നെ കൊതിപ്പിച്ചത് അതിന്റെ ഉള്ളിലെ
പല്‍ചക്രങ്ങളുടെ സങ്കീര്‍ണ്ണ ചലനങ്ങളായിരുന്നു. ആ സൂക്ഷ്മചലനങ്ങളെ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ഞാന്‍ അതിനുള്ളിലൂടെ നടന്നുപോകുന്നത് ഒരുപാട് വട്ടം സങ്കൽപ്പിച്ചിരുന്നു.

മാര്‍ട്ടിന്‍ സ്‌കോര്‍സസയുടെ “ഹ്യൂഗോ” എന്ന എന്ന് ചിത്രത്തില്‍ ഹ്യൂഗോ
എന്ന ബാലന്‍ റെയില്‍വേസ്റ്റേഷനിലെ വലിയ ക്ലോക്കിന്റെ ഡയലിലെ സംഖ്യാ വിടവിലൂടെ താഴെ നടന്നുപോകുന്ന ആള്‍ക്കൂട്ടത്തെ നോക്കുന്നത് കണ്ടപ്പോള്‍ പഴയ സ്വപ്‌നങ്ങളിലേക്ക് തിരിച്ചുപോകുന്നതായി എനിക്ക് തോന്നി. ഡയലിലെ ഓരോ സംഖ്യക്കും കുട്ടിയുടെ മുഖത്തിന്റെ വലുപ്പമുണ്ടായിരുന്നു. അത്രയും വലിയ ക്ലോക്കിന്റെ പല്‍ച്ചക്രങ്ങള്‍ക്കിടയിലൂടെ നടക്കുകയും അതിനെ സ്പര്‍ശിക്കുകയും ചെയ്യുന്ന കുട്ടിയുടെ ചലനങ്ങള്‍ എന്റെ സങ്കൽപ്പങ്ങള്‍ തന്നെയായിരുന്നു. ‘ഹ്യൂഗോ’ എന്ന സിനിമയില്‍ ക്ലോക്ക് ഒരു കുട്ടിക്ക് നടക്കാവുന്നത്ര വലുതായിരുന്നെങ്കില്‍ വാച്ചിനുള്ളിലൂടെ നടക്കാന്‍ ഞാന്‍
സങ്കൽപ്പത്തിലൂടെ ചെറുതാവുകയായിരുന്നു.

ഒരു കാലത്തെ സാങ്കേതിക വിദ്യയുടെ പൊതു പ്രതീകം വാച്ചായിരുന്നു. പിന്നീട് ആ സ്ഥാനം റേഡിയോയും ടി.വിയും കമ്പ്യൂട്ടറും ക്രമത്തില്‍ തട്ടിയെടുത്തു. എന്നാല്‍, കാലത്തെ അതിജീവിക്കാനുള്ള മാന്ത്രികത വാച്ചിനുണ്ടായിരുന്നു. മനുഷ്യബുദ്ധിക്ക് എളുപ്പത്തില്‍ സ്വാംശികരിക്കാനാവാത്ത സമയമെന്ന തത്വശാസ്ത്ര പ്രശ്‌നത്തെ ഇത്രയും ലളിതമാക്കിയത് വാച്ചുകളും ക്ലോക്കുകളുമാണ്. ഒരു പേനയോ പെന്‍സിലോ പോലെ എളുപ്പത്തില്‍ കൈയ്യിലൊതുക്കാവുന്ന ഭൗതിക വസ്തുവാണ് സമയം എന്ന ചിന്തയിലേക്ക് നമ്മെ എത്തിച്ചത് കൈത്തണ്ടയില്‍ കെട്ടിവെക്കാവുന്ന ഇതിന്റെ ലാളിത്യം തന്നെയാണ്.
വിശ്വസ്തനായ നായയെപ്പോലെ നമ്മെ പിന്തുടരുന്ന വാച്ചുകളും ക്ലോക്കുകളും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വായുവിലേയ്ക്ക് ഉയര്‍ന്നു പൊങ്ങിപ്പോവുകായാണെങ്കില്‍ നാം തീര്‍ച്ചയായും അമ്പരക്കും. പഴയ
ദാര്‍ശനിക പ്രശ്‌നം ഒരിക്കല്‍ കൂടി ചോദിക്കും.

എന്താണ് സമയം ?

തത്വചിന്തകനായ സെയ്ന്റ് അഗസ്റ്റിന്‍ തന്റെ ‘കണ്‍ഫെഷന്‍സ്’ എന്ന
പുസ്തകത്തില്‍ പറയുന്നതുപോലെ -“എനിക്കറിയാം എന്താണ് സമയമെന്ന്, നിങ്ങള്‍ അങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കും വരെ,” എന്ന വിരുദ്ധയുക്തിയുടെ മറുപടിയിലേക്ക് നാം ചെന്നെത്തും.

ഹാന്‍സ് ഫല്ലദയുടെ കഥയിലേതുപോലെ എനിക്ക് സമ്മാനമായി കിട്ടിയ ആദ്യത്തെ വാച്ച് ഒരു ദിവസം വെള്ളം കോരുമ്പോള്‍ കിണറ്റിലേക്ക് വീണുപോയി. സിനിമയിലെ സ്ലോമോഷന്‍ പോലെ വാച്ച് കിണറിലേക്ക് പതിക്കുന്നതും ജലോപരിതലത്തില്‍ സ്പര്‍ശിക്കുന്നതും നനയുന്നതും പതിയെ മുങ്ങുന്നതും പിന്നെ വര്‍ത്തുളചലനത്തോടെ കിണറിന്റെ അടിത്തട്ടില്‍ ചെന്ന് വീഴുന്നതും അതിന്റെ വീഴ്ചയില്‍ അടിത്തട്ടിലെ ചളി ഇളകിയമരുന്നതും നാലഞ്ച് വായു കുമിളകള്‍ പുറത്തേക്ക് വന്ന് ജലോപരിതലത്തിലെത്തി അപ്രത്യക്ഷമാകുന്നതും ഞാന്‍ പലവട്ടം ദര്‍ശിച്ചു.

ഉറക്കത്തിലും ഉണര്‍വിലും ഈ ദൃശ്യങ്ങള്‍ എന്നെ അസ്വസ്ഥമാക്കി. വെള്ളം കോരാന്‍ പോയ നിമിഷത്തെ ഞാന്‍ പഴിച്ചു. അപ്പോള്‍ വാച്ച് കെട്ടാന്‍ തോന്നിയ ചിന്തയെ ശപിച്ചു. എന്റെ അശ്രദ്ധയില്‍ പരിതപിച്ചു. സ്ലോമോഷന്‍ വീഴ്ചയില്‍ എനിക്ക് അത് എത്തിപ്പിടിക്കാമായിരുന്നല്ലോ എന്ന് വ്യര്‍ഥമായി ചിന്തിച്ചു.
നട്ടുച്ചക്ക് കിണറിലെ നിശ്ചലതയിലേക്ക് നോക്കി നില്കുമ്പോള്‍ വാച്ചിന്റെ തിളക്കം കാണാമായിരുന്നു. അത് എന്റെ എത്ര അടുത്ത് നിന്നാണ് തിളങ്ങുന്നത് എന്ന് തോന്നും. എന്നിട്ടും അതിനെ കൈയ്യെത്തിപ്പിടിക്കാന്‍
സാധിക്കുന്നില്ലല്ലോ? പാതാളക്കരണ്ടി കൊണ്ടുവന്ന് വാച്ച് പുറത്തെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആ ശ്രമത്തിനിടയില്‍ അടിത്തട്ടിലെ ചളി ഇളകി വാച്ച് കാണാതായി. എങ്കിലും ഞാനതിലേക്ക് പിന്നെയും നോക്കി നിൽക്കാറുണ്ടായിരുന്നു. വൈന്‍ഡ് ചെയ്യാത്തതിനാല്‍ അതിലെ സമയം എപ്പോഴാണ് നിലച്ചുപോയിരിക്കുക എന്ന് ആശങ്കപ്പെടും. ഒരു കരസ്പര്‍ശം ആഗ്രഹിച്ച് ജലസമാധിയിലിരിക്കുന്ന ആ വാച്ചിനെപ്പറ്റി പിന്നെയും പിന്നെയും ഓര്‍ക്കും.

കാലങ്ങള്‍ക്ക് ശേഷവും സമയവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് സൂചികള്‍ എക്കാലവും ഒരേ സമയം കാണിച്ചുകൊണ്ടിരിക്കും. നിലച്ചുപോയ സമയത്തെ എക്കാലത്തേക്കുമായി കരുതിവെച്ച വാച്ചിന്റെ അപാരമായ നിശ്ചലതയെ പൊതിഞ്ഞു കിടക്കുന്ന ജലം കോരിക്കുടിച്ച് ദാഹം തീര്‍ത്ത് ഒരു പാട് തലമുറകള്‍ സമയത്തിലൂടെ ഒഴുകും. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വാച്ചുകള്‍ മഹത്തായ സൃഷ്ടികളാണെന്ന് തോന്നുന്നു. കാരണം സമയത്തെ എന്നെന്നേക്കുമായി നിശ്ചലമാക്കി നിര്‍ത്താന്‍ മറ്റെന്തിനാണ് കഴിയുക.

Read More:വെറുമൊരു ക്ലോക്കല്ല, ചരിത്രത്തിന്റെ അമൂല്യ നിധി

Read More: സമയരഥത്തിൽ​ നിലച്ചുപോയ ജീവിതങ്ങൾ

Read More: സമയമാപിനി- പ്രവീൺ ചന്ദ്രൻ എഴുതിയ കഥ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook