സുൽത്താൻ ബത്തേരി: ജനവാസകേന്ദ്രത്തിലിറങ്ങി ഭീതിവിതച്ച കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം പത്തുദിവസം പിന്നിട്ടിട്ടും വിജയം കണ്ടില്ല. വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചീരാലിലും സമീപപ്രദേശങ്ങളിലും കണ്ട കടുവയെ കെണിയിലാക്കാനുള്ള ശ്രമമാണ് ഇതുവരെ ലക്ഷ്യം കാണാതിരിക്കുന്നത്. ടൗണിനടുത്ത് ഹയര്‍സെക്കന്‍ഡറി കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ മേയാന്‍ വിട്ടിരുന്ന പോത്തിനെ കൊന്നാണ് കടുവ തന്റെ സാന്നിധ്യം അറിയിച്ചത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയതോടെയാണ് ഇരയെ കൈവെടിഞ്ഞ് കടുവ സമീപങ്ങളിലുള്ള തോട്ടങ്ങളിലേക്ക് പിന്‍വാങ്ങിയത്. വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ദിവസങ്ങളോളം കടുവ പ്രത്യക്ഷപ്പെടുകയും ചെയ്തു.
വനം വകുപ്പ് കെണിയൊരുക്കി കടുവയ്ക്കായി കാത്തിരുന്നു. മൂന്നിടങ്ങളില്‍ കൂടുവെക്കുകയും പത്ത് ക്യാമറകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തു. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പടെയുള്ള വനപാലകരുടെ വന്‍ സംഘവും നാട്ടുകാരും കടുവയ്ക്കായി രാപ്പകല്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇടവഴികളിലും പോക്കറ്റ് റോഡുകളിലും ഇടക്കിടെ പ്രത്യക്ഷപ്പെട്ട കടുവ ഗ്രാമത്തിന്റെയാകെ ഉത്കണ്ഠയായി മാറി. ചീരാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഒരുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഉച്ചഭാഷിണിയിലൂടെ പ്രദേശത്താകെ അപകടസന്ദേശം മുഴക്കുകയും ചെയ്തു. ഈ പ്രദേശത്ത് കടുവയെ കണ്ട നിരവധി ഗ്രാമീണരെ ഞങ്ങള്‍ക്ക് കാണാനായി. പഴൂരിനടുത്തെ ആശാരിപ്പടിയിലെ ചന്ദ്രശേഖരനും വീട്ടമ്മമാരായ സുജാതയും ഉമൈബയും കെട്ടിടം പണിക്കാരനായ സുരേഷും കടുവയെ നേരില്‍ കണ്ടവരാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ ഭീതിവിട്ടകന്നിട്ടില്ല.
‘മൂന്ന് തലമുറയായി ഇവിടെയാണ് കഴിയുന്നത്. അച്ഛന്‍ പട്ടാളക്കാരനായിരുന്നു. ഞാനും. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം കൃഷിയാണ് ആശ്രയം. കുട്ടികളോടൊപ്പം കഴിയുന്നത് ഇവിടെയാണ്. നാടും കാടും തമ്മില്‍ വേര്‍തിരിവില്ലാത്ത കാലത്ത് ഇങ്ങിനെ പ്രയാസമൊന്നും ഇല്ലായിരുന്നു. വല്ലപ്പോഴും കാടിനുള്ളില്‍ റോഡരികില്‍ ആനയുണ്ടെന്ന് കേട്ടതൊഴിച്ചാല്‍, അതും ഞാന്‍ കണ്ടിട്ടില്ല. ഇപ്പോഴതല്ല കാര്യം. ആനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. റോഡരികില്‍ ശ്മശാനത്തിനടുത്ത് ആളുകളോടൊപ്പം നില്‍ക്കുമ്പോഴാണ് കടുവ തോട്ടത്തിലിറങ്ങിയതായി ആരോ വിളിച്ചു പറഞ്ഞത്. അല്‍പ്പം കഴിയുന്നതിന് മുമ്പെ കടുവയെ എനിക്ക് കാണാനായി. അതിന് പിന്നാലെ അമ്പത് മീറ്ററോളം മറ്റാളുകളോടൊപ്പം ഞാനും പോയി. കൂടെയുണ്ടായിരുന്നവരില്‍ നിന്നും തെന്നിമാറിയ ഞാന്‍ നേരെ റോഡരികിലെത്തി. വീട്ടിലേക്കുപോകുന്ന വഴിയാണത്. കടുവയുടെ മുരള്‍ച്ചയും തോട്ടത്തിലേക്കുള്ള ചാട്ടവുമാണ് ഞാന്‍ കണ്ടത്. നല്ല ആരോഗ്യമുള്ള കടുവയാണ്. അല്ലെങ്കില്‍ മൂന്നോ നാലോ മീറ്റര്‍ കമ്പിവേലി മറികടന്നു ചാടാനാകുമോ?. ഇവിടെ ജീവിക്കാനാവില്ല’. ഭയം നിറഞ്ഞ വാക്കുകളിൽ ചന്ദ്രശേഖരന്‍ പറഞ്ഞു.
വീടിന് മുന്നില്‍ നിന്ന് കേട്ട ഗര്‍ജ്ജനം സുജാതയെ അവശയാക്കി. കടുവയുടെ സാമിപ്യത്തെ കുറിച്ച് അവര്‍ പറഞ്ഞതിങ്ങിനെ, ‘ഉച്ചയ്ക്ക് പന്ത്രണ്ടരയായിട്ടുണ്ടാകും സമയം. അപ്പോള്‍ മുറ്റത്തായിരുന്നു. ആളുകളുടെ ബഹളവും വനം വകുപ്പുകാരുടെ ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പും കേട്ട് ഭയന്ന് വീട്ടിനുള്ളിലേക്ക് കയറിയതാണ്. അയല്‍വീട്ടിലെ ഒച്ചകേട്ട് ഞാനും അങ്ങോട്ട് പോയി. അവരും ഭയപ്പെട്ടിരിക്കുകയാണ്. തിരികെ വീട്ടിലെത്തി വാതില്‍ തുറക്കുന്നതിനിടെയാണ് മുന്‍ഭാഗത്തുനിന്നും ഒരു മുരള്‍ച്ച കേട്ടത്. പിന്നീട് ഒരു ഗര്‍ജ്ജനമായിരുന്നു. ഭയന്നു വിറച്ച ഞാന്‍ ഒന്നും ചെയ്യാനാകാതെ ഒറ്റയ്ക്ക് വീട്ടിനുള്ളില്‍ വിറച്ചിരുന്നുപോയി. പനിച്ച് പോയി. ഇപ്പോഴും മാറിയിട്ടില്ല’.
‘സുജാതയുടെ വീടിന് എതിരെ റോഡരികില്‍ അല്‍പ്പം മാറിയാണ് ഞാന്‍ നിന്നത്. എന്റെ വീട് അവിടെയാണ്. അടുത്തുള്ളവരെല്ലാവരും ചേര്‍ന്ന് കുറച്ചാളുകള്‍ അവിടുണ്ടായിരുന്നു. ആരുടെയൊക്കെയോ ഒച്ച കേട്ട് കടുവ വരുന്നുണ്ടെന്നറിഞ്ഞു. കൊച്ചു മോനെയും ഒക്കത്തേറ്റി ആദ്യം നോക്കിയത് എതിര്‍ഭാഗത്തേക്കാണ്. ഞെട്ടിക്കുന്ന ഒരു ശബ്ദം കേട്ടാണ് സുജാതയേച്ചിയുടെ വീടിന് മുന്നിലേക്ക് നോക്കിയത്. കടുവയെ ഞാന്‍ നേരില്‍ കണ്ടു . മുന്നിലുള്ള തോട്ടത്തിലേക്കാണ് കടുവ പോയത്. പുറത്തിറങ്ങാന്‍ പോലും പേടിയാണ്’.” കടുവയെ നേരില്‍ക്കണ്ട ഉമൈബയുടെ വാക്കുകളാണിത്.
ആശാരിപ്പടിയില്‍ വീടുനിര്‍മ്മാണം നടത്തുന്നതിനിടെയാണ് സൂരേഷിന്റെയും സഹപ്രവര്‍ത്തകരുടെയും മുന്നിലൂടെ കടുവ അടുത്ത തോട്ടത്തിലേക്ക് കടന്നു പോയത്. ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. അദ്ദേഹം ആ സന്ദര്‍ഭം വിവരിച്ചു. ‘ഒരിരമ്പല്‍ കേട്ടാണ് മുന്നിലുള്ള തോട്ടത്തിലേക്ക് നോക്കിയത്. മുന്നിലതാ ഒരു കടുവ. ഇതോടെ പേടിച്ച് നടക്കാന്‍ പോലും കഴിയാതെയായി. പേടിയിപ്പോഴും മാറിയിട്ടില്ല. കടുവയെന്ന പേര് കേള്‍ക്കുമ്പോഴെ ശരീരത്തില്‍ നിന്നൊരു ആന്തലാണ്. കൈകളിലെ രോമം പോലും എഴുന്നേറ്റ് നില്‍ക്കും. എന്റെ വീട് ഇവിടെ അടുത്താണ്. രണ്ടു കുട്ടികളുണ്ട്. മൂത്തവന്‍ പ്ലസ് ടുവാണ്. ഒരാഴ്ചയായി കുട്ടികളെ സ്‌കൂളില്‍ വിടുന്നില്ല. അവര്‍ക്കെന്തെങ്കിലും പറ്റുമോ എന്ന പേടിയാണ്. രണ്ടുപേരെയും വീട്ടിനുള്ളില്‍ അടച്ചിട്ടിരിക്കുകയാണ്. എത്ര ദിവസം ഇങ്ങനെ പോകും’.
ആശാരിപ്പടിയില്‍ തന്നെയുള്ള ആദിവാസി കോളനിയിലെ വാര്‍ധക്യത്തിലെത്തിയ കരിക്കിക്ക് കടുവയെ കണ്ടിട്ട് വലിയ ഭയമൊന്നും തോന്നിയില്ല. ബഹളത്തോടെയെത്തിയ വനപാലകര്‍ക്കും നാട്ടുകാര്‍ക്കും കുടിലിന് സമീപത്ത് കടുവയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു. ‘സാറേ…. എന്ന പിരയ്ക്കടുത്ത് കടുവ വന്നു, തോട്ടത്തിലൂടെ പതുക്കെ പതുക്കയാ വന്നത്. ഞാന്‍ നേര്‍ക്ക് കണ്ടതാ… അപ്പ തന്നെ ഫോറസ്റ്റുകാരു വന്തു, അവരോട് ഞാന്‍ പറഞ്ഞു, ഇതാ സാറേ കടുവ ഇവിടെ ഉണ്ടു, അവര്‍ വേറെ എവിടെയോ നോക്കി. അവര്‍ക്കും പേടി ഉണ്ടാകില്ലെ….. നോക്കാന്‍ വേണ്ടിട്ടു മാത്രം വന്തതല്ലെ…. അവര്‍ക്ക് എന്തു ചെയ്യാനാകും’. കരിക്കി പറഞ്ഞു.
കടുവയിറങ്ങിയ വിവരമറിയാതെ പഴൂര്‍ സെന്റ് ആന്റണീസ് എ യു പി സ്‌കൂളിലെത്തിയ കുട്ടികളെ രക്ഷിതാക്കളെത്തി വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിദ്യാലയത്തിന് അവധി നല്കാത്തതിലുള്ള രോഷവും അധ്യാപകരോട് ഇവര്‍ പ്രകടിപ്പിച്ചു. നാട്ടുകാരിലൊരാളായ പ്രേമന്‍ സംഭവം വിവരിച്ചതിങ്ങിനെ. ‘കടുവയിറങ്ങിയതറിഞ്ഞ് ചീരാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. തലേ ദിവസം രാത്രിയില്‍ വനം വകുപ്പുകാര്‍ ഈ പ്രദേശത്തൊക്കെ രാത്രിയില്‍ ഉച്ചഭാഷണിയിലൂടെ മുന്നറിയിപ്പ് സന്ദേശം നല്കിയിരുന്നു. കടുവയിറങ്ങിയിട്ടുണ്ടെന്നും പുറത്തിറങ്ങരുതെന്നുമായിരുന്നു ഇത്. ഇതൊന്നും അറിയാതെയും കേള്‍ക്കാതെയും ചില കുട്ടികളെല്ലാം തൊട്ടടുത്തുള്ള പഴൂര്‍ എ യു പി സ്‌കൂളില്‍ പിറ്റേ ദിവസം പോയി. പിന്നാലെ വിവരം അറിഞ്ഞവര്‍ അവരുടെ കുട്ടികളെ സ്‌കൂളിലെത്തി കൊണ്ടുപോകുകയായിരുന്നു. ഹെഡ്മാസ്റ്ററോടും സ്‌കൂളിലെ മറ്റുള്ളവരോടും രക്ഷിതാക്കള്‍ ചൂടായി പെരുമാറിയതിന് ശേഷമാണ് സ്‌കൂള്‍ അടച്ചത്. സ്വന്തം മക്കളെ അങ്ങിനെ വിടാനാകുമോ’. അദ്ദേഹം ചോദിച്ചു.
കടുവയിറങ്ങിയ വിവരം അറിയാത്തതുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്ററായ ബിജു ഞങ്ങളോട് പറഞ്ഞു. ‘സ്‌കൂളില്‍ വരുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എല്ലാവരും പേടിച്ചരണ്ടിരിക്കുകയാണ്. സ്‌കൂളിന്റെ പ്രവര്‍ത്തനം തന്നെ താറുമാറാണ്. ക്ലാസിലെത്താന്‍ താത്പര്യമുള്ള കുട്ടികളെ അവരുടെ വീടുകളില്‍ നിന്നും സ്‌കൂള്‍ വാഹനത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. തിരികെ വിടുന്നതും അങ്ങിനെ തന്നെ. മുഴുവന്‍ കുട്ടികളും വീട്ടിലെത്തിയെന്ന് ഉറപ്പാക്കിയിട്ടെ അധ്യാപകര്‍ തിരികെ പോകാറുള്ളു. കടുവ ഭീതിയെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകദിനാഘോഷം മാറ്റിവെക്കേണ്ടിയും വന്നു. അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ കാര്യങ്ങളാകെ കുഴയും’.
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചിന് സമീപത്താണ് ഈ പ്രദേശങ്ങള്‍. കന്നുകാലി വളര്‍ത്തലാണ് പ്രധാനമായും ഇവരുടെ തൊഴില്‍. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ കാടിനേയും സമീപത്തെ തോട്ടങ്ങളേയും ആശ്രയിച്ചാണ് ആടിനേയും പശുവിനേയും വളര്‍ത്തുന്നത്. നിരവധി കുടുംബങ്ങളുടെ ഏക ആശ്രയവും ഇതുതന്നെയാണ്. വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടുന്നത് ഇവര്‍ക്ക് താങ്ങാനാവില്ല. കടുവയുടെ നാടിറക്കത്തെകുറിച്ചുള്ള വനം വകുപ്പിന്റെ അറിയിപ്പും നാട്ടുകാരുടെ ബഹളവും കേട്ട അമ്മിണി തീറ്റയ്ക്കായി കെട്ടിയിരുന്ന ആടുകളെ കൂട്ടിലെത്തിക്കാനാണ് ശ്രമിച്ചത്. ‘കൂട്ടിലുണ്ടായിരുന്ന ആടുകളില്‍ ചിലതിനെ തീറ്റയ്ക്കായി പുറത്തു കെട്ടിയിരുന്നു. ഒന്നുരണ്ടെണ്ണം കയറഴിഞ്ഞു പോകുകയും ചെയ്തു. ഇതൊക്കെ പതിവുള്ളതാണ്. അപ്പോഴാണ് കടുവയിറങ്ങിയതായി കേള്‍ക്കുന്നത്. ജീപ്പിലൂടെ വിളിച്ചു പറഞ്ഞു പോകുകയായിരുന്നു. ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് ആടുകളെയെല്ലാം കൂട്ടിലെത്തിച്ചത്’. അമ്മിണി ദീര്‍ഘനിശ്വാസത്തോടെയാണ് ഇത് പറഞ്ഞത്.
സുല്‍ത്താന്‍ ബത്തേരി ഊട്ടി സംസ്ഥാന പാതയ്ക്കരികിലാണ് കടുവയിറങ്ങിയ പ്രദേശങ്ങള്‍. ഒരുപാതയുടെ അകലം മാത്രമേ കാടുമായുള്ളു. ഹെക്ടറുകള്‍ വരുന്ന കാപ്പിത്തോട്ടങ്ങളാണ് ഇവിടെയുള്ളത്. കാടിന്റെ സമാന അവസ്ഥതന്നെയാണ് തോട്ടങ്ങളുടേതും. കൃഷിയുമായി ബന്ധപ്പെട്ട ദൈനംദിന ജോലികള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വന്നതോടെ തോട്ടങ്ങളിലെല്ലാം അടിക്കാട് നിറഞ്ഞിട്ടുണ്ട്. ഉത്പന്നങ്ങളുടെ വിലക്കുറവും തൊഴിലാളികളുടെ അഭാവവുമാണ് ഇങ്ങിനെയാവാന്‍ കാരണം. കാടും നാടും തമ്മിലുള്ള വൈജാത്യമില്ലാതായതോടെ വന്യമൃഗങ്ങള്‍ ഇവിടേയ്ക്ക് അനായാസമായി പ്രവഹിക്കുന്നു. കടുവയ്ക്ക് പുറമെ കാട്ടാനയും കാട്ടുപന്നിയും കാട്ടാടും മയിലും മാനുമെല്ലാം കൃഷിയിടങ്ങളിലെ നിത്യസന്ദര്‍ശകരാണ്. കര്‍ശനമായ വനനിയമം കാരണം ഇവയെ തടയാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. ഇവിടെ ചെറിയ കച്ചവടം നടത്തുന്ന ദാസന്‍ തന്റെ ദീര്‍ഘകാലാനുഭവം ഞങ്ങള്‍ക്കുമുന്നില്‍ തുറന്നുവെച്ചു. ‘പത്തുനാല്‍പ്പത് കൊല്ലമായി ഞാനിവിടെയുണ്ട്. അച്ഛനും ഇവിടെ തന്നെയായിരുന്നു താമസം. കാടും വീടുമായുള്ള അകലം. ഒരു റോഡ് മാത്രമേയുള്ളു. നേരത്തെയൊന്നും ഒരിക്കല്‍ പോലും ഇങ്ങനെ പേടിക്കേണ്ടി വന്നിട്ടില്ല. വല്ലപ്പോഴും ഒരിക്കല്‍ റോഡരികില്‍ വനത്തിനുള്ളില്‍ കാട്ടാനകളെ കണ്ടെങ്കിലായി. ഇപ്പോള്‍ കാര്യങ്ങളാകെ മാറിയിരിക്കുന്നു. കാട്ടാനമാത്രമല്ല. പന്നിയും കാട്ടാടും മയിലും കാട്ടുപോത്തും കാട്ടിലുള്ളതെല്ലാം നാട്ടിലിറങ്ങിയിട്ടുണ്ട്. തോട്ടത്തിലാണ് ഇവയല്ലാം’.
ദാസന്റെ പെട്ടിക്കടയോട് ചേര്‍ന്ന ചായപ്പീടികയിലെ സംഭാഷണവും കടുവയെക്കുറിച്ചുതന്നെ. തൊട്ടടുത്ത ദിവസം വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച ട്രഞ്ചില്‍ വീണ കാട്ടാനയുടെ കാര്യവും ഇവരുടെ ചര്‍ച്ചയില്‍ ഇടം പിടിച്ചു. വനംവകുപ്പിന്റെ വന്യജീവി മാനേജുമെന്റ് ഫലപ്രദമല്ലെന്നാണ് പൊതുവില്‍ ഇവരുടെ അഭിപ്രായം. കുഴിയില്‍ വീണ കാട്ടാനയുടെ കാല് പഴുത്തൊലിക്കുകയാണ്. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതായും സംശയമുണ്ട്. വനത്തിനുള്ളലെ ആദിവാസി കോളനിയിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ഇരുമ്പുകവാടമാണ് കാട്ടാനയുടെ പരുക്കിന് കാരണമെന്നാണ് ഇവരുടെ സംശയം. ഏതാണ്ട് കാല്‍മീറ്ററോളം നീളമുള്ള കമ്പിയാണ് ഗെയിറ്റില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇങ്ങിനെ ഘടിപ്പിച്ച കമ്പികളില്‍ ചിലത് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കമ്പികള്‍ കുത്തിക്കയറിയതാണ് ആനയുടെ പരുക്കിന് കാരണമെന്നും ഇവര്‍ക്ക് സന്ദേഹമുണ്ട്.
വനത്തിനുള്ളില്‍ നിന്ന് ആദിവാസികള്‍ ഉള്‍പ്പടെയുള്ളവരെ പുറത്തെത്തിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും ഇവര്‍ പങ്കുവെക്കുന്നു. കടയിലെ വര്‍ത്തമാനത്തില്‍ പങ്കെടുത്ത മത്തായി ചില കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. ‘ഞാനിവിടെ ജനിച്ചുവളര്‍ന്നവനാണ്. അപ്പനും അമ്മയും കുടിയേറ്റക്കാരാണ്. കൃഷി തന്നെയാണ് ഞങ്ങളുടെ ഉപജീവനം. കാടും നാടുമൊന്നും വേര്‍തിരിക്കാത്ത കാലത്ത് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എനിക്ക് രണ്ടു പെണ്‍മക്കളാണ്. വിവാഹിതരായ അവര്‍ രണ്ടുപേരും മറ്റിടങ്ങളിലാണ് കഴിയുന്നത്. പ്രായമുള്ള ഞങ്ങള്‍ രണ്ടുപേര്‍ മാത്രമാണ് വീട്ടിലുള്ളത്. വലിയ പ്രയാസമാണ് ജീവിക്കാന്‍. പണ്ടൊക്കെ ഏത് വന്യമൃഗത്തിന്റെ ശല്യവും പരിഹരിക്കാന്‍ തനതായ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. ആദിവാസികള്‍ക്ക് അതൊക്കെ അറിയാം. പുലികുത്തൊക്കെ അതിന്റെ ഭാഗമാണ്. കുത്തി പിടിക്കുന്ന പുലിയെ ലേലം ചെയ്ത് വില്‍ക്കും. നാവ് അധികാരിക്കാണെന്നാണ് വെയ്പ്പ്. സ്ഥലം അധികാരി സ്ഥലത്തെത്തി നാവു മുറിച്ചു കൊണ്ടു പേകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചീരാലിനടുത്തായിരുന്നു അത്. കഴിഞ്ഞ ദിവസം കടുവ പോത്തിനെ കൊന്ന് തിന്നതിനടുത്തുള്ള സ്ഥലം. പിന്നെ ശിക്കാറുമുണ്ടായിരുന്നു. ശല്യക്കാരായ കാട്ടുമൃഗങ്ങളെ കൊന്നുതിന്നാനുള്ള സ്വാതന്ത്ര്യവും അന്നുണ്ടായിരുന്നു. നായാട്ടും അന്ന് അപൂര്‍വമായിരുന്നില്ല. കച്ചവടത്തിനൊന്നുമായിരുന്നില്ലെങ്കിലും ഞങ്ങളും ഇതൊക്കെയാണ് ചെയ്തത്’. മത്തായി പറഞ്ഞു.
മുണ്ടക്കൊല്ലിക്കടുത്ത പണിയ കോളനിയിലെ ചാമന്റെ വിളിപ്പേരിപ്പോള്‍ ചമ്മന്തിയെന്നാണ്. അവശനാണെങ്കിലും കോളനി മൊതലിയാണ് ഇയാള്‍. ചികിത്സയും സമുദായത്തിന്റെ നേതൃസ്ഥാനവും ചമ്മന്തിക്കാണ്. പണ്ടൊക്കെ പുലിയിറങ്ങാറുണ്ടായിരുന്നെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്ന മൃഗങ്ങളെ പിടികൂടാന്‍ സ്വന്തം മാര്‍ഗ്ഗങ്ങള്‍ അവര്‍ വികസിപ്പിച്ചെടുത്തിരുന്നു. പുലികുത്തെങ്ങിനെയെന്ന് മൊതലി വിശദമാക്കിതന്നു.
‘ഞാനു പിന്നെ നാലു പുലികുത്തുക്കെങ്കിലും പോയിട്ടുണ്ട്. ഏറ്റവും അവസാനത്തേത് ചീരാലിലേതാ. പത്തുനാപ്പതു കൊല്ലമായിട്ടുണ്ടാകും സാറേ… പുലികുത്തിന് ഞങ്ങളെല്ലാം പോകും. ഞങ്ങള്‍ പിന്നെ പണിയരാ….. കാട്ടുനായക്കരും ഊരാളിമാരും കുറുമരും എല്ലാരും ഉണ്ടാകും. അന്നൊക്കെ കാലികളെ കെട്ടുന്നത് ആലയിലാ. വയലില്‍ കെട്ടിയുണ്ടാക്കിയ ആലയിലാ. മുളകൊണ്ട് മെടഞ്ഞാണ് ആല ഉണ്ടാക്കുക. പകല്‍ കാട്ടിലൊക്കെ മേയാന്‍ പോകും. ഞങ്ങളാണ് അതിനെ നോക്കാന്‍ കൂടെ ഉണ്ടാകുക. അഞ്ചോ ആറോ കൊല്ലം കൂടുമ്പോ പുലിയൊക്കെ വന്ന് കാലിനെ പിടിക്കും. അപ്പം ഞങ്ങള്‍ പുലി എവിടെയാണെന്ന് കണ്ടുപിടിക്കും. വലിയ മരത്തിന് മുകളില്‍ കയറി കുറേ ദിവസം നോക്കിയാലെ പുലിനെ കണ്ടെത്താന്‍ പറ്റൂ. അയാളെ കണ്ടാപ്പിനെ ഞങ്ങളെല്ലാവരോടും പറയും. ആ സ്ഥലം വളയും റോഡ് പോലെ ചുറ്റും കാട് വെട്ടി ഉള്ളിലേക്ക് കൂട്ടും. അതിന് ചുറ്റും വല കെട്ടും. വല കെട്ടാന്‍ പിന്നെ മരത്തിന്റെ തോലുകൊണ്ടാണ് കയറുണ്ടാക്കുക. കൂറെ ഉയരത്തില്‍ കെട്ടും. ഒരു മൃഗത്തിനും ചാടി പോകാന്‍ പറ്റാത്ത അടുത്തടുത്താണ് കയറുകൊണ്ട് കെട്ടുക. ചുറ്റും അടുപ്പൊക്കെ കൂട്ടി തിന്നാനൊക്കെ ഉണ്ടാക്കി അവിടെതന്നെ കൂടും. അവസാനം പിന്നെ വെളിച്ചപ്പാട് വന്ന് പറയും. പുലിനെ പിടിക്കേണ്ട സമയം. മൂന്നോ അഞ്ചോ ഏഴോ ദിവസം കഴിഞ്ഞിട്ടുവേണം പിടിക്കാനെന്നായിരിക്കും വെളിച്ചപ്പാട് പറയുക. അതുവരെ ഞങ്ങള്‍ രാത്രിയും പകലും അവിടെ ഉണ്ടാകും. തുടികൊട്ടും കളിയുമൊക്കെയായി. ഓരോ ഭാഗത്തും ഓരോരുത്തരായിരിക്കും. അപ്പം ഞങ്ങക്കു തിന്നാനൊക്കെ തരുന്നത് ചെട്ടിമാരാ. വലിയ മുള വെട്ടിയെടുത്ത് കാട്ടിനുള്ളില്‍ കുത്തും. ഊടതന്നെ വലിയ കുന്തമുണ്ടാക്കി തീയ്യിലിട്ട് പഴുപ്പിച്ച് വെക്കും. മുളകൊണ്ട് കുറേ നേരം കുത്തുമ്പോ നിവര്‍ത്തിയില്ലാതെ പുലി പുറത്തേക്ക് ചാടും. പുറത്തേക്ക് ചാടിയാ അവന്‍ പിന്നെ വലയില്‍ തന്നെ. വലയില്‍ കുടുങ്ങിയ അവനെ പിന്നെ കുത്തി കൊല്ലും. എല്ലാരും ഉണ്ടാകും. പിന്നെ അവനെ കൊണ്ടുവന്ന് ഫുള്ള് കളിയാ….’ അദ്ദേഹം പറഞ്ഞു നിര്‍ത്തി.
കടുവയോ പുലിയോ എന്ന് തീര്‍ച്ചപ്പെടുത്താനാകാത്ത ആശയക്കുഴപ്പത്തിലാണ് ഒരര്‍ത്ഥത്തില്‍ വനപാലകര്‍. കടുവയെ തേടി നടക്കുന്നതിനിടെ ചിലയിടങ്ങളില്‍ നിന്നും കിട്ടിയ കാലടയാളം പുലിയുടേതാണെന്ന സംശയവും ഇവര്‍ക്കുണ്ട്. അവസാനദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യം നാട്ടിലുണ്ടായിട്ടില്ലെന്നാണ് ഒരുപക്ഷം. എന്നാല്‍ ഇത് വിശ്വസിക്കാന്‍ നാട്ടുകാര്‍ തയ്യാറല്ല. കടുവയെ കെണിയിലകപ്പെടുത്തിയെ തീരൂ എന്നാണവരുടെ വാശി. നിലവിലുണ്ടായിരുന്ന ജനകീയ കമ്മിറ്റിക്ക് പകരം മറ്റൊന്നുകൂടി ഇപ്പോള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഭരണാധികാരികള്‍ ചീരാലിലെത്തി നാട്ടുകാരെ ശാന്തരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തത്ക്കാലം ഭീതിയൊഴിഞ്ഞിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം. കടുവ കാടിറങ്ങാനുള്ള കാരണം കണ്ടെത്താതെ ഇക്കാര്യത്തിലൊരുറപ്പ് പറയാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നാട്ടുവാസത്തിനിടെ കടുവയ്‌ക്കേറ്റ മുറിവുകള്‍ ഭേദമാകുന്ന കാര്യത്തിലും സംശയമുണ്ട്.
മുത്തങ്ങ റെയിഞ്ചോഫിസര്‍ ആശാലതയുടെ വാക്കുകളിങ്ങിനെ.
‘കടുവയുടെ സാന്നിധ്യമുണ്ടെന്ന് ഉറപ്പാ. പ്രായമോ ലിംഗവ്യത്യാസമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാല്‍പാദങ്ങളുടെ വലിപ്പം പരിഗണിച്ചാല്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആരോഗ്യവാനായ കടുവയാണെന്നാണ് നിഗമനം. പത്തു ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും ഒന്നില്‍ പോലും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. നാടിറക്കത്തിനുള്ള കാരണമോ സഞ്ചാര വേഗതയോ കണ്ടെത്താനുമാവുന്നില്ല. നൂറോ അതിലധികമോ കിലോ തൂക്കം വരുന്ന പോത്തിനെ കീഴ്‌പ്പെടുത്തി അല്‍പ്പദൂരം വലിച്ചുകൊണ്ടുപോകാന്‍ കടുവയ്ക്കായിട്ടുണ്ട്. ഇരുപത് കിലോയിലധികം മാംസം ഒന്നോ രണ്ടോ മണിക്കൂറിനകം വയറ്റിലെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. ആളുകളുടെ ബഹളം കേട്ടാണ് കടുവ അവിടെ നിന്നും പോയത്. രണ്ടുമൂന്നു ദിവസത്തേക്കെങ്കിലും ഈ ഭക്ഷണം മതിയാകും. ചീരാലില്‍ നിന്ന് മൂന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള കണ്ണംകോട് ഒരു തോട്ടത്തില്‍ കാട്ടുപന്നിയെ കൊന്നുഭക്ഷിച്ച നിലയിലും അതിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. ഇതും ഈ കടുവ തന്നെയാണെന്നാണ് ഊഹിക്കുന്നത്. ഈ പ്രദേശത്ത് തന്നെ കടുവ ചുറ്റിത്തിരിയുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. ഞങ്ങള്‍ എല്ലാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. ഫോറസ്റ്റ് വെറ്ററി ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സദാതയ്യാറാണ്. രാപ്പകല്‍ പട്രോളിംഗ് നടക്കുന്നുണ്ട്. കടുവയെ കണ്ടാലുടന്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് ശ്രമം. ഒരുതവണ കടുവ അകപ്പെട്ട സ്ഥലം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചെങ്കിലും കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. ആള്‍ക്കൂട്ടമായിരുന്നു പ്രധാന തടസ്സം. സാധാരഗതിയില്‍ രണ്ടു ഡോസ് മയക്കുമരുന്നെങ്കിലും നല്‍കിയാലെ കടുവ മയങ്ങു. ഇതിന് അനുയോജ്യമായ സ്ഥലം നിര്‍ബന്ധമാണ്. മയക്കുവെടിയുടെ ആദ്യഡോസ് ഏല്‍ക്കുന്ന കടുവ കൂടുതല്‍ അപകടകാരിയാണ്. കണ്ണില്‍ കാണുന്നവയെയൊക്കെ അപകടപ്പെടുത്താന്‍ ശ്രമിക്കും. ഇക്കാരണം കൊണ്ട് തന്നെ അനുയോജ്യമായ സ്ഥലം നിര്‍ബന്ധമാണ്. ആളുകളുടെ സാന്നിധ്യം കൂടിയതോടെയാണ് അന്നത്തെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. നാട്ടുകാരും ഞങ്ങളോട് സഹകരിക്കുന്നുണ്ട്.” അവര്‍ പറഞ്ഞു.
ഒരുഗ്രാമം ഭീതിയുടെ മുള്‍മുനയില്‍ കഴിഞ്ഞ പത്തുദിവസത്തെ കുറിച്ചുള്ള ഏതാണ്ട് ചിത്രമാണിത്. ചീരാലില്‍ മാത്രമല്ല ജില്ലയിലെ രണ്ടിടങ്ങളില്‍ കടുവയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് സമാന പ്രശ്‌നങ്ങളുണ്ട്. കൃത്യമായ പരിഹാരമില്ലാതെ മാസങ്ങളായി ഇത് തുടരുകയുമാണ്.