ഇരുൾ നിറഞ്ഞ ലോകത്ത് ജീവിക്കുന്നവർക്ക് വഴികാട്ടിയാണ് ടിഫാനി ബ്രാർ. കാഴ്ചയില്ലാത്തവരെ മാറ്റിനിർത്തുന്ന സമൂഹത്തിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ ടിഫാനി നേടിയെടുത്ത വിജയം ആരെയും അദ്ഭുതപ്പെടുത്തും. കാഴ്ചയില്ലാത്തവർക്ക് സമൂഹത്തിൽ പല കാര്യങ്ങളും ചെയ്യാനാകുമെന്നു ടിഫാനിയുടെ ജീവിതം കാണിച്ചുതരും.. കാഴ്ച വൈകല്യമുള്ളവർക്കായി ടിഫാനി തുടങ്ങിയ ജ്യോതിർഗമയ സ്കൂൾ ഇന്നു ഒട്ടേറെപ്പേർക്ക് കൈതാങ്ങാണ്.

നോർത്ത് ഇന്ത്യയിൽ ജനിച്ച ടിഫാനി രണ്ടാം ക്ലാസ്സിൽ പഠിക്കുന്പോഴാണ് തിരുവനന്തപുരത്തെത്തുന്നത്. അച്ഛൻ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്റെ ജോലി സംബന്ധമായിട്ടാണ് തിരുവനന്തപുരത്തെത്തിയത്. പിന്നെ ടിഫാനി പഠിച്ചതും വളർന്നതും ഇവിടെയാണ്. കാഴ്ചയില്ലാത്തതിനാൽ ചെറുപ്പത്തിൽ പല ബുദ്ധിമുട്ടുകളും ടിഫാനിക്കുണ്ടായിട്ടുണ്ട്.. തന്നെപ്പോലെയുള്ളവർക്ക് അതുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ടിഫാനി ജ്യോതിർഗമയ തുടങ്ങിയത്.

കാഴ്ച വൈകല്യമുള്ളവർക്ക് ആത്മവിശ്വാസം നൽകി അവരെ സ്വയം പ്രാപ്തരാക്കുന്നതിനുള്ള പരിശീലനമാണ് ജ്യോതിർഗമയ നൽകുന്നത്. തുടക്കത്തിൽ വീടുകൾതോറും പോയി കാഴ്ചയില്ലാത്ത കുട്ടികൾക്കു പരിശീലനം കൊടുക്കുമായിരുന്നു. ഒരാഴ്ചയിൽ രണ്ടോ മൂന്നോ കുട്ടികൾക്കു മാത്രമേ പരിശീലനം നൽകാൻ കഴിയുമായിരുന്നുള്ളൂ. പക്ഷേ പിന്നീടതും ബുദ്ധിമുട്ടായി. എല്ലാ വീടുകളിലും ആഴ്ചതോറും പോകാൻ സാധിച്ചില്ല. അങ്ങനെയാണ് ക്യാംപുകൾ സംഘടിപ്പിക്കാൻ തുടങ്ങിയതെന്നു ടിഫാനി പറയുന്നു. ക്യാംപ് ഏഴു ദിവസമായിരിക്കും. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിവിധ തരത്തിലുള്ള പരിശീലനം നൽകും. പിന്നെ കുട്ടികളെ സിനിമയ്ക്കു കൊണ്ടുപോകും, വിനോദയാത്രക്കു കൊണ്ടുപോകും. ഇപ്പോഴും ഇത്തരം ക്യാംപുകൾ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഇടയ്ക്കിടയ്ക്ക് സംഘടിപ്പിക്കാറുണ്ട്. കേരളത്തിനു പുറത്തും വിദേശത്തും കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകാനായി പോകാറുണ്ടെന്നും ടിഫാനി പറഞ്ഞു.

കാഴ്ചയില്ലാത്തവർ പ്രധാനമായും ആശ്രയിക്കുന്നത് സർക്കാർ ജോലിയെയാണ്. എന്നാൽ എല്ലാവർക്കും സർക്കാർ ജോലി കിട്ടണമെന്നില്ല. സ്വകാര്യ സ്ഥാപനങ്ങളിലും കാഴ്ചയില്ലാത്തവർക്ക് ജോലി ഉറപ്പുവരുത്തുന്നതിനുള്ള തൊഴിലധിഷ്ഠിത പരിശീലനമാണ് ജ്യോതിർഗമയ നൽകുന്നത്. ഇവിടെനിന്നും പഠിച്ചിറങ്ങുന്ന നിരവധിപേർ പലയിടങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. പഠനത്തോടൊപ്പം സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കാനുള്ള ധൈര്യവും കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്നു ടിഫാനി പറയുന്നു.

തൊഴിലധിഷ്ഠിത കംപ്യൂട്ടർ ട്രെയിനിങ്, ഓറിയന്റേഷൻ ആൻഡ് മൊബിലിറ്റി ട്രെയിനിങ്, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിങ് തുടങ്ങിയ പരിശീലനങ്ങളാണ് ജ്യോതിർഗമയ നൽകുന്നത്. ആറു മാസത്തെ കോഴ്സാണ്. ഓരോ ബാച്ചിലും അഞ്ചോ ആറോ കുട്ടികളാണുണ്ടാവുക.. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. പുറത്തുനിന്നുള്ളവരും വിദേശത്തുനിന്നുള്ളവരും പഠിപ്പിക്കാൻ ഇവിടെ എത്താറുണ്ട്. ഭാവിയിൽ പ്രോഗ്രാമിങ് ക്ലാസുകളും തുടങ്ങാൻ പദ്ധതിയിട്ടുണ്ടെന്നും ടിഫാനി വ്യക്തമാക്കി.

ജ്യോതിർഗമയയെ ഇനിയും ഉയരങ്ങളിലെത്തിച്ച് കാഴ്ചയില്ലാത്ത നിരവധിപേർക്ക് സഹായകമാവുകയാണ് ടിഫാനിയുടെ സ്വപ്നം. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി എന്തു വെല്ലുവിളികളെയും നേരിടാൻ ഈ പെൺകുട്ടി ഒരു മടിയുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook