scorecardresearch

ഒരു ജനലിന്റെ ഓര്‍മ്മയില്‍ ഒരു തോമസ് ജോസഫ്

രോഗാതുരനായ എഴുത്തുകാരൻ തോമസ് ജോസഫിന്റെ ചികിത്സാർത്ഥം സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങുമായി ചേർത്തുവച്ച്, ജീവിതത്തെയും എഴുത്തിനെയും ഒരു ആശുപത്രി ജനാലയ്ക്കരികിൽ നിന്ന് പ്രിയ എ എസ് നോക്കിക്കാണുന്നു

priya a s , memories, thomas joseph, iemalayalam

എനിക്കറിയാം രോഗങ്ങള്‍ പലര്‍ക്ക് പലതാണെന്ന്, രോഗികളോരോരുത്തര്‍ക്കും കൊടുക്കുന്ന മരുന്നു പലതാണെന്ന്, അവര്‍ കിടക്കുന്ന ആശുപത്രികള്‍ ഒന്നല്ലെന്ന്, ഓരോന്നിനും വേണ്ടുന്ന ചിലവുകള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുണെന്ന്, വേദനാനേരങ്ങള്‍ പോലും വിവിധതരത്തിലാണെന്ന്. പക്ഷേ വേദനയുടെ കയ്പും മരുന്നിന്റെ മയക്കവും നിരാശയുടെ നീറ്റലും പലപ്പോഴും ഒന്നാണ്.

അത്രമേൽ തീവ്രമായ ഒരു ബന്ധം രോഗാവസ്ഥകളുമായുള്ളതുകൊണ്ടാണ് ആശുപത്രി പശ്ചാത്തലമായുള്ള, ബോബി എന്ന പ്രാക്ടീസിങ് ഫിസിഷ്യൻ കൂടി തിരക്കഥാകൃത്തായ ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമ തീയറ്ററില്‍ പോയി കാണാനാകാതെ വന്നപ്പോൾ നഷ്ടബോധം തോന്നിയത്. അലഞ്ഞുനടന്ന് അതിന്റെ സി ഡി തരമാക്കിയപ്പോഴും, ഇരുന്നു കാണാന്‍ നേരമില്ലാത്തത്ര വേവലുകള്‍ ചൂഴ്ന്നുനിന്ന കാലമായിരുന്നു അത്.

ഒരു ദിവസം രാത്രി ‘എന്തായാലും വേണ്ടില്ല, ഇതിനി കണ്ടിട്ടു തന്നെ കാര്യം,’ എന്നു തീരുമാനിച്ച്, വീട്ടിലെല്ലാവരും കിടന്നശേഷം ഒറ്റയക്കിരുന്ന് കണ്ടു തുടങ്ങി. ഒരു ജനറല്‍ ആശുപത്രി രംഗമായിരുന്നു ആദ്യത്തേത്. ഞാനൊരിക്കലും ഒരു ജനറൽ ആശുപത്രിയുടെ തിരക്കില്‍ കിടന്നിട്ടില്ലല്ലോ എന്ന് ഞാനോര്‍ത്തു. പക്ഷേ സിനിമാ സ്‌ക്രീനില്‍ നിന്ന് ജീവിതത്തിലാദ്യമായി എനിക്കൊരു മണം കിട്ടാന്‍ തുടങ്ങി. ആശുപത്രിയുടെ മണം. അതങ്ങനെ സ്പിരിറ്റും ഡെറ്റോളും ഒക്കെയായി കുമിഞ്ഞുയരാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് കണ്ണു നീറാനും പിന്നെ ശ്വാസം മുട്ടാനും തുടങ്ങി. സ്‌ക്രീനിലെ മണം കൊണ്ട് ഹൃദയം നിന്നുപോവുമ്പോലെ ആയപ്പോള്‍ ഞാന്‍ റ്റി വി ഓഫ് ചെയ്തു. ഉറങ്ങാന്‍ കിടന്നവരാരും കേട്ടു പേടിച്ചുണരരുത് എന്നുള്ളതു കൊണ്ട് വായ പൊത്തിപ്പിടിച്ചു തേങ്ങിത്തേങ്ങിക്കരഞ്ഞു. കടന്നുപോന്ന ആശുപത്രികളുടെ മണത്തെ വകഞ്ഞുമാറ്റി ഞാന്‍ പിന്നെ ഒറ്റയ്ക്കിരുന്ന് കണ്ടു ‘അയാളും ഞാനും തമ്മില്‍.’ ഇപ്പോഴും ആ സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍, അതു തന്ന ഫീല്‍ എന്തായിരുന്നുവെന്ന് ഓര്‍ത്തെടുക്കാന്‍ എനിക്കാവാറില്ല.

Read Also: അമ്മയുടെ ഉദരം അടച്ച് – തോമസ്‌ ജോസഫ് എഴുതിയ നോവല്‍ ഭാഗം

‘ഒരാശുപത്രിസീനില്‍നിന്നുപോലും ആശുപത്രിമണം കിട്ടിയ ആ രാത്രി ‘ എന്ന ഓര്‍മ്മയില്‍ ഇപ്പോഴും എന്റെ ഓര്‍മ്മ നിന്നു പോകുന്നു. മറ്റൊരിയ്ക്കലും മറ്റൊരു മണവും എനിക്ക് ഒരു സിനിമാരംഗത്തില്‍ നിന്നും ഇതുവരെ കിട്ടിയിട്ടില്ലാത്തിന്റെ കാര്യവും കാരണവും എന്താണെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. എന്റെ ഞരമ്പുകളില്‍ ആശുപത്രികളോളം കനത്തില്‍ മിടിച്ച് മറ്റൊന്നുമില്ല എന്നതു തന്നെ.

പിന്നീട് ‘ഒക്‌റ്റോബര്‍’ എന്ന ഹിന്ദി സിനിമ വന്നപ്പോഴേക്ക് Netflix എത്തിക്കഴിഞ്ഞിരുന്നു. ‘നീ കാണ്, അതിലെ പെണ്‍കുട്ടിയുടെ ചില നോട്ടങ്ങളൊക്കെ ആശുപത്രിക്കിടക്കയില്‍ക്കിടന്നുള്ള നിന്റെ നോട്ടങ്ങള്‍ തന്നെ,’ എന്നു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാന്‍ ഒറ്റയ്ക്ക് കാഴ്ചക്കാരിയായി. പവിഴമല്ലിപ്പൂക്കള്‍ ടൈറ്റില്‍ കാര്‍ഡില്‍ തെളിയിച്ച് ആ പെണ്‍കുട്ടി അനക്കമില്ലാതെ കിടന്ന്, ചില നോട്ടങ്ങളൊക്കെ വികാരരഹിതയായി നോക്കിയപ്പോള്‍, അവള്‍ ഞാന്‍ തന്നെയായി. ആ സിനിമയെക്കുറിച്ചും വേണമെങ്കില്‍ എനിക്കെഴുതാമായിരുന്നു, ഉതിരുന്ന പവിഴമല്ലിയും ഉതിരാത്ത കണ്ണീരും കോര്‍ത്ത്. വേണ്ട, എഴുതണ്ട എന്നു മനപ്പൂര്‍വ്വം തീരുമാനിച്ചു. അത് ഞാന്‍, എന്നോടു തന്നെ വര്‍ത്തമാനം പറയുന്നതു പോലെ ഉണ്ടാകും എന്ന് തോന്നി.

priya a s , memories, thomas joseph, iemalayalam

എന്നെ വീണ്ടും ആശുപത്രിയിലേക്ക് വലിച്ചിടുന്ന പോലൊരു രംഗം തന്നെയായിരുന്നു ഓഫീസു വിട്ടുവന്ന ഒരു വൈകുന്നേരം മനോരമ ന്യൂസ് ഷെയര്‍ ചെയ്ത തോമസ് ജോസഫിന്റെ ഇപ്പോഴത്തെ ദാരുണാവസ്ഥ എന്ന വീഡിയോ റിപ്പോര്‍ട്ട്‌. സന്തോഷ് കീഴാറ്റൂരിന്റെ ‘പെണ്‍നടന്‍’ നാടകത്തിന്റെ റ്റിക്കറ്റ്, തോമസ് ജോസഫിന്റെ ചികത്സാര്‍ത്ഥം വില്‍ക്കാന്‍ കൂടിയവരില്‍ ഞാനുമുണ്ടായിരുന്നു. നാടകം നടന്ന ദിവസം എല്ലാവരും പറഞ്ഞു, ‘ഇന്ന് ഒരു നല്ല ദിവസമാണ്. തോമസ് ജോസഫ് മകനോട് പേന ചോദിച്ചു, കടലാസില്‍ എന്തോ കുത്തിക്കുറിക്കാന്‍ ശ്രമിച്ചു.’  അന്നു തോന്നിയ ശുഭാപ്തിവിശ്വാസം വലുതായിരുന്നു. എല്ലാം ശരിയാവുകയാണ് എന്നു ഞാന്‍ ആ വെറും തോന്നലിന്റെ അടിസ്ഥാനത്തിൽ കരുതിയത് എന്റെ തെറ്റ് എന്നു മനസ്സിലായത്, തോമസ്‌ ജോസഫ് എന്നു തോന്നിയ്ക്കുകയേ ചെയ്യാത്ത ആ രൂപം വിറയ്ക്കുന്നതും തലയിട്ടുരുട്ടുന്നതും ആ റിപ്പോര്‍ട്ടില്‍ കണ്ട് നടുങ്ങിപ്പോയപ്പോഴാണ്. ആ നടുക്കത്തിന്റെ ആഴത്തിലും ഞാന്‍ ഉള്ളാലെ നൊന്തു കരഞ്ഞത്, ഉള്ളിലൊരു ബോധത്തിന്റെ ചെറിയ തുണ്ടെങ്കിലുമുണ്ടെങ്കില്‍, ഈ വീഡിയോ ഇങ്ങനെ നാട്ടുകാരെല്ലാവരും കാണുന്നു സഹതപിക്കുന്നു എന്ന അറിവ്, അതദ്ദേഹത്തെ ഉലയ്ക്കുന്നുണ്ടാവില്ലേ എന്നോര്‍ത്താണ്. തലയിട്ടുരുട്ടുന്ന, കൈ സ്വസ്ഥാനത്തു വയ്ക്കാന്‍ പാടുപെടുന്ന ആ രൂപത്തിന്റെ സ്ഥാനത്ത് ഞാന്‍, എന്നെയാണ് കണ്ടത്. ഒരിടത്തും തല കുനിയ്ക്കാനിഷ്ടമില്ലാത്ത എന്നെയാണോര്‍ത്തത്. പിന്നെ ഞാന്‍ ,എന്നോടു തന്നെ ചോദിച്ചു, രോഗിയ്ക്ക് എന്ത് മാനാഭിമാനം !

മാനാഭിമാനത്തെ ഒരു മൂലയിലേയ്ക്ക് ഇടം കൈ കൊണ്ട് തോണ്ടി മാറ്റിയിട്ടശേഷം വലതുകൈകൊണ്ട് ഞാനൊരു ലിസ്റ്റുണ്ടാക്കാന്‍ തുടങ്ങി, വൈകുന്നേരച്ചായ പോലും കുടിക്കാതെ. സ്ഥിര ജോലിയുള്ള, ഒരായിരം രൂപ ഓരോ മാസവും തോമസ് ജോസഫിനായി അദ്ദേഹത്തിന്റെ അക്കൗണ്ടിലേയ്ക്കയച്ചു കൊടുക്കാന്‍ പാങ്ങുണ്ടെന്നു ഞാന്‍ സങ്കല്‍പ്പിച്ച നൂറെഴുത്തുകാരുടെ ലിസ്റ്റ് ഞാനുണ്ടാക്കി ഒറ്റയിരുപ്പിന്, ഒരു വ്രതം പോലെ. എന്നിട്ട് ‘ഇത് സാദ്ധ്യമല്ലേ?’ എന്നു ചോദിച്ച് പി എഫ് മാത്യൂസിനെ വിളിച്ചു. കണക്കുകൂട്ടാനിഷ്ടമേയില്ലാത്ത ഞാന്‍ 100 x 1000 = ഒരു ലക്ഷം രൂപ ഒരു മാസം എന്ന് കണക്കുകൂട്ടിപ്പറഞ്ഞത്, ഒത്തിരി ഒത്തിരി പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണ്.

Read Also: ആകാശലോകത്തെ പരീക്ഷണജീവിതങ്ങൾ

എഴുത്തുകാരൊന്നുമല്ലാത്ത, എന്നാല്‍ ഒരു മാതിരി ധനസ്ഥിതിയുള്ള അനേകം വായനക്കാരിലും ഉണ്ടായിരുന്നു എനിക്ക് പ്രതീക്ഷ. പക്ഷേ നാടകം നടത്തിപ്പിന്റെ ചുക്കാന്‍ വഹിച്ചപ്പോള്‍ നേരിട്ട അനുഭവങ്ങള്‍ വച്ച് പി എഫ് പറഞ്ഞത്, ‘ഇത് നടന്നാല്‍ നല്ലത്, പക്ഷേ നടക്കാന്‍ പ്രയാസം’ എന്നാണ്. ‘എന്നാലും ഒരു വഴിയും അങ്ങനെ തള്ളിക്കളയണ്ട,’ എന്നു പറഞ്ഞ് ഒരു പത്തിരുപതു പേരുടെ കൂടെ പേരുകള്‍ പി എഫ് എനിക്കയച്ചുതന്നു. പക്ഷേ അപ്പോഴേയ്ക്ക് എന്റെ ഉത്സാഹം മങ്ങിപ്പോയിരുന്നു. പിന്നെ പ്രളയവും കൂടി വന്നപ്പോള്‍, ആര്‍ക്കൊക്കെ കൊടുക്കും പൈസ എന്നു വിചാരിച്ച് ഞാനെന്റെ ലിസ്റ്റ് പൂഴ്ത്തിവച്ചു.

ഞാൻ എന്നെങ്കിലും തോമസ് ജോസഫിനെ നേരിട്ടു കണ്ടതായി എനിക്കോര്‍മ്മയില്ല. പക്ഷേ കണ്ടിട്ടില്ല എന്ന തോന്നലല്ല എനിയ്ക്കുള്ളത്. ഒരിയ്ക്കല്‍ ആലുവയില്‍ പെരിയാറിന്റെ തീരത്ത് ഒരു ആയുര്‍വ്വേദകേന്ദ്രത്തില്‍ ഞാൻ കഴിയുന്ന ഒരു അസുഖവേളയില്‍ ഏതാണ്ട് നിത്യസന്ദര്‍ശകനായിരുന്ന ജോര്‍ജ് ജോസഫ് കെ പറഞ്ഞു പറഞ്ഞാണ് തോമസ് ജോസഫിനെയും അദ്ദേഹത്തിന്റെ കഥാപശ്ചാത്തലങ്ങളെയും ഞാൻ തൊട്ടതും കണ്ടതും എന്നു പറയുന്നതാണ് ശരി. ജോര്‍ജ് ജോസഫിന്റെ വര്‍ത്തമാനം പറച്ചിലുകളില്‍ എപ്പോഴും ത്രിമൂര്‍ത്തികള്‍ വന്നുപോകുമായിരുന്നു- ജോര്‍ജ് ജോസഫ്, പി എഫ് മാത്യൂസ് തോമസ് ജോസഫ്. പില്‍ക്കാലത്ത് പി എഫ് അയല്‍ക്കാരനായപ്പോഴും ഇന്നലെ കണ്ടു മറന്ന ആളായി തോന്നിയത് അതു കൊണ്ടാണ്.

priya a s , memories, thomas joseph, iemalayalam

ഇപ്പോഴത്തെ ഈ അവസ്ഥയിൽ തോമസ് ജോസഫ്, എന്തെങ്കിലും കാര്യങ്ങൾ തിരിച്ച റിയുന്നുണ്ടോ എന്നറിയില്ല.തിരിച്ചു വരണം എന്നാശിയ്ക്കുന്നുണ്ടോ എന്നു പോലും അറിയില്ല. തിരിച്ചു വന്നാല്‍ത്തന്നെ, എഴുതണം എന്നാണോ പരാശ്രയമില്ലാതെ നടക്കണം എന്നാണോ ആശിക്കുന്നത്  എന്നുമറിയില്ല. ഒരോണക്കാലത്ത്, ഓണപ്പതിപ്പുകളിലെ കഥാവിവരങ്ങള്‍ വായിച്ചു തന്ന് എന്നെ ഉത്സാഹപ്പെടുത്താന്‍ നോക്കിയ അച്ഛനോട് ഞാന്‍ പറഞ്ഞതിപ്പോഴും എനിക്കോര്‍മ്മയുണ്ട്. ‘സാഹിത്യം എന്നു കേള്‍ക്കുമ്പോള്‍ എനിക്കു ഛര്‍ദ്ദിക്കാന്‍ വരുന്നു. മഞ്ഞുവീണ പുല്ലില്‍ ചെരുപ്പില്ലാതെ ചവിട്ടി അതിരാവിലെ ഇത്തിരി നേരം നടക്കണം, അതു മാത്രമേ എനിക്കു കൊതിയുള്ളു.’ ഒട്ടും ആരോഗ്യമില്ലാത്തപ്പോള്‍, എണീക്കണം എന്നുമാത്രമേ തോന്നാന്‍ വഴിയുള്ളൂ. ഇത്തിരി ആരോഗ്യമുണ്ടായി വന്നാലേ, എണീറ്റിരുന്ന് രണ്ടക്ഷരം എഴുതാനായെങ്കില്‍ എന്നു തോന്നൂ. ആശകള്‍ അത് എഴുത്തുകാരന്റേതായാലും ആത്യന്തികമായി പറഞ്ഞാല്‍ അതെല്ലാം വെറുമൊരു മനുഷ്യന്റേതു മാത്രമാണ്. അതാണ് രോഗി എന്ന നിലയില്‍ എന്റെ അനുഭവം.

ഇനി എണീക്കില്ല എന്നു തോന്നിപ്പിച്ച വേറൊരു എഴുത്തുകാരനുണ്ട് – എം വി ബെന്നി. അസുഖ ശേഷമുള്ള ബെന്നിയും അസുഖ മുന്‍പിലെ ബെന്നിയും തമ്മില്‍ ഓരോ കാഴ്ചപ്പാടിലും വളരെ വളരെ വ്യത്യാസം ഉണ്ടെന്നെനിക്കു ബെന്നിയുടെ ചെറുകുറിപ്പുകളിലൂടെ കടന്നു പോകുമ്പോഴൊക്കെയും തോന്നാറുണ്ട്. ബെന്നി ഇപ്പോള്‍ മരണത്തെയും ജീവിതത്തെയും സ്‌നേഹിക്കുന്നുണ്ടാവാം. രണ്ടിലും വലിയ കാര്യമൊന്നുമില്ല എന്നോ രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്നോ തോന്നുന്നുണ്ടാവാം. കിട്ടുന്നതെന്തായാലും കൈ നീട്ടി വാങ്ങിയാല്‍, ചിരിച്ചു കൊണ്ട് ജീവിക്കാം എന്നറിയുന്നവന്റെ ചിരിയാണ് ബെന്നിയുടെ ഇപ്പോഴത്തെ ചിരി എന്നുമെനിക്കു തോന്നാറുണ്ട്. ഒരു പക്ഷേ എന്റെ തോന്നലാവാം .

രോഗം ,ശരിയ്ക്കും രോഗമല്ല ഒരു മരുന്നാണ്. അത് ഞാന്‍ പഠിച്ചത് ആശുപത്രികളില്‍ നിന്ന്. മനസ്സ് വടര്‍ത്തി വയ്ക്കാന്‍ തയ്യാറാണെങ്കില്‍ രോഗകാലം നമ്മളെ മാറ്റിമറിയ്ക്കും, നമ്മുടെ മനസ്സിന്റെ ചില വളവുകളും മുഴകളും ഒക്കെ അത് നീര്‍ത്തുതരും. കിട്ടിയ അവാർഡും കിട്ടാത്ത അവാര്‍ഡും ഒരേപോലെ എന്ന് പഠിപ്പിയ്ക്കും. താന്‍പോരിമകളുടെ കനം നേര്‍ത്തു നേര്‍ത്തു വന്ന് തൂവല്‍ കനമില്ലായ്മയിലൂടെ, വിചാരിച്ചതിനേക്കാളും ദൂരം സഞ്ചരിക്കാന്‍ സഹായിക്കുന്ന മരുന്നാണ് സത്യത്തില്‍ രോഗം. മനസ്സ് വിടര്‍ത്തി വയ്ക്കലിലേയ്ക്ക് എണീറ്റിരിക്കാറാവട്ടെ തോമസ് ജോസഫ് എന്നു പ്രാര്‍ത്ഥിക്കുന്നു. ചിത്രശലഭങ്ങളുടെ കപ്പല്‍ എന്താണെന്ന് അന്നാവും തോമസ് ജോസഫ് ശരിക്കറിയുക എന്നു ഞാന്‍ കണ്ണീരോടെ സ്വപ്‌നം കാണുന്നു.

സ്വപ്‌നമല്ല ജീവിതം എന്നും എനിക്കറിയാം. അതു ഞാനറിഞ്ഞത് എന്റെ രണ്ടാം ക്‌ളാസ് പ്രായത്തിലാണ്. ഞാനന്ന് ആലുവയ്ക്കടുത്ത് പഴങ്ങനാട് ആശുപത്രിയില്‍ ഒരു മേജര്‍ സര്‍ജറി കഴിഞ്ഞു കിടക്കുകയാണ്. ചുണ്ടത്തു വരുന്ന സര്‍വ്വകാര്യങ്ങളും ദുര്‍വാശിയാക്കി ഒരു ചിരിയില്ലാക്കിടപ്പ്. പുറത്തു വരാന്തയിലൂടെ ഒന്നു കറങ്ങിയപ്പോള്‍ അച്ഛന് ഒരു പെണ്‍കുട്ടിയേയും അച്ഛനേയും പരിചയമായികിട്ടി. എന്റെ അതേ പ്രായം. ഞങ്ങളുടെ നാട്ടിനടുത്ത് തുറവൂരാണവരുടെ നാട് എന്നറിഞ്ഞതോടെ എല്ലാവരും തമ്മില്‍ കുറച്ചു കൂടി അടുപ്പം വന്നു. ഞാനസൂയയോടെ നോക്കിക്കിടന്നു, ജനലില്‍ കയറി മറിയുന്ന അവളെ. നാളെ അവള്‍ക്കൊരു മെഡിക്കൽ ടെസ്റ്റുണ്ട്, അതിനായി ഒരു ദിവസം മുമ്പേ അഡ്മിറ്റാവണം എന്നു പറഞ്ഞതനുസരിച്ച് വന്നിരിക്കുന്നതാണ് അവൾ, അച്ഛനൊപ്പം. പിറ്റേന്ന് എന്റെ അച്ഛന്‍ വിവര്‍ണ്ണമായ മുഖത്തോടെ വന്നു പറഞ്ഞു, ‘ആ കുട്ടി, ഇന്നലത്തെ ജനലുകേറ്റക്കാരി ആ ടെസ്റ്റിനിടയില്‍ മരിച്ചുപോയി.’ ഞാന്‍ മരവിച്ചുപോയി എന്നു പറയാനാവില്ല. കാരണം അന്ന് എനിക്ക് മരവിക്കാനോ ഞെട്ടാനോ അസ്തപ്രജ്ഞയാവാനോ ഒന്നുമറിയില്ലായിരുന്നു.priya a s ,memories, thomas joseph, iemalayalam

 

ഒരു സൂചി കൂടി കേറിയിട്ടും കരയാത്ത എന്റെ സ്ഥിരം മട്ടില്‍ ഞാനവിടെ കിടന്നു. അത് പിന്നെ ഞാനൊരിയ്ക്കലും മറന്നിട്ടില്ല. എന്റെ അസൂയയ്ക്കു പാത്രമായ കുട്ടിയാണ് പോയത്, സ്‌ക്കൂളില്‍ പോകാന്‍ പറ്റാതെ കിടക്കുന്ന ഈ എന്റെ അവസ്ഥയേക്കാള്‍ വലിയ സങ്കടം വേറെ എന്താണെന്നു വിചാരിച്ചു കിടന്ന എന്റെ മുന്നിലൂടെ ജനലിലൂടെ കേറി മറിഞ്ഞ് അവള്‍ കാണാലോകത്തേക്കു പോയി. അവളുടെ മുഖമെനിക്കോര്‍മ്മയില്ല. അവളുടെ പാവാട ഇളകുന്നത് എനിക്കോര്‍മ്മയുണ്ടെന്നത് എന്റെ സങ്കല്‍പ്പമാണോ എന്നുമെനിക്കറിയില്ല. പക്ഷേ അവള്‍ പോയ വിവരം പറഞ്ഞ എന്റെ അച്ഛന്റെ നില്‍പ്പ് എനിക്കോര്‍മ്മയുണ്ട്. ജീവിതത്തില്‍ ആദ്യമായി പഠിച്ച പാഠമാണത്. ഒരു ജനല്‍ ശൂന്യമാകാന്‍ വേണ്ടത്ര നിസ്സാരനേരമാണ് ജീവിതം എന്ന് എനിക്കിന്നതിനെ വാക്കാലാവിഷ്‌ക്കരിക്കാം. അന്നെനിയ്ക്കത് പറ്റുമായിരുന്നില്ല. ജീവിതം എനിയ്ക്ക് ഒരു പാഠം തരികയാണെന്നുമെനിയ്ക്കറിയുമായിരുന്നില്ല. പക്ഷേ ആ ജനല്‍, ജീവിതമെന്നോര്‍ക്കുമ്പോഴൊക്കെ എന്റെ മുന്നില്‍ വന്നിട്ടുണ്ട് പിന്നെയെപ്പോഴും.

അതു കൊണ്ട് തോമസ് ജോസഫിനെ ആ ജനാലയ്ക്കലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള യത്‌നത്തില്‍ പങ്കു ചേരുന്നതിനൊപ്പം, ഒരു മാസം ഒരു നൂറു രൂപ എങ്കിലും എഴുത്തുകാരന് ഒരു സഹായ നിധി ‘എന്നേയ്ക്കും എക്കാലത്തേയ്ക്കും’ എന്ന ആശയത്തോടെ എഴുത്തുകാർക്കിടയിൽ ഒരു പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇനിയും വൈകിക്കൂടാ എന്നു കൂടി ചൂണ്ടിക്കാണിയ്ക്കാനുണ്ട്. ജീവിത ജനലില്‍ നിന്ന് വീഴുക ഒരു തോമസ് ജോസഫോ ഒരു ബെന്നിയോ ഒരു പ്രിയയോ മാത്രമാവണമെന്നില്ലല്ലോ. ആരും, ഏതക്ഷരവും എപ്പോള്‍ വേണമെങ്കിലും ജീവിത ജനലിൽ നിന്ന് വീഴാം. അപ്പോഴൊന്നും, നമുക്കിങ്ങനെ ഒരാള്‍ക്കു വേണ്ടി ഇനി പരക്കം പായേണ്ടി വരരുത്.

പണ്ട് കുട്ടിയായിരുന്നപ്പോള്‍ മടുപ്പിന്റെ ഇടവേളകളില്‍ പഴയ ലക്കം മാതൃഭൂമിയും ബാലരമയും തപ്പി കട്ടിലിന്റെ വക്കത്ത് ഒറ്റക്കാൽവിരലിലുയര്‍ന്നുനിന്ന് മുകളിലത്തെ തട്ടില്‍ കൈയെത്തിക്കാന്‍ നോക്കിയിരുന്ന ഒരു എന്നെ, എനിയ്ക്ക് ഓര്‍മ്മയുണ്ട്. അന്ന് മാസികകള്‍ക്കൊപ്പം ഒരു നോട്ടുകെട്ട് കൈയില്‍ തടയും. ഇതെന്താണെന്നമ്പരക്കുമ്പോള്‍ അച്ഛന്‍ പറയും, അസുഖവരവുകള്‍ ആരോടും പറയാതെയാണ് എന്നു നിശ്ചയമുള്ളതു കൊണ്ട് ഇടയ്ക്കിടയ്ക്ക് പി എഫില്‍ നിന്ന് പണമെടുത്ത്  ദീര്‍ഘവീക്ഷണത്തോടെ അച്ഛന്‍ കരുതിവച്ചതാണ് എനിയ്ക്കുവേണ്ടി എന്ന്. അസുഖം, പൈസ വിഴുങ്ങുന്ന ഒരു കടലാണ് എന്നും അങ്ങനെ കുട്ടിക്കാലത്തേ തന്നെ അറിഞ്ഞതാണ്. ഇപ്പോഴുമറിയുന്നു.

‘അമ്മയുടെ ഉദരം അടച്ച്’ ഒരുപാടു കോപ്പികള്‍ ഇറങ്ങുമായിരിക്കാം, തോമസ് ജോസഫ് വീണ്ടും ചിത്രാക്ഷരങ്ങളുടെ കപ്പലിലേറുമായിരിയ്ക്കാം, പക്ഷേ നമുക്ക് മുന്നില്‍ എപ്പോഴും ആ ജനല്‍ ഉണ്ടാവണം, ആ ഫ്രെയിമില്‍ നിന്ന് മാറിപ്പോകുന്നവരെ പിടിച്ചുയര്‍ത്താന്‍ പറ്റും വിധത്തില്‍ ഒരു സ്ഥിരനിക്ഷേപം വേണം നമ്മളെഴുത്തുകാര്‍ക്ക്.

തോമസ് ജോസഫ് അതിനൊരു നിമിത്തമാവട്ടെ.

പ്രിയ എ.എസ് എഴുതിയ ലേഖനങ്ങൾ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Thomas joseph ammayude udaram adach priya as

Best of Express