scorecardresearch

ഓർമ്മകളുടെ തെറ്റിയോടുന്ന സമയം, മറവിയുടെയും

“അമ്മ താമസിച്ചിരുന്ന കെട്ടിടത്തിൽ ഒരുപാട് നാഴികമണികളു ണ്ടായിരുന്നുവെന്ന് എഴുത്തുകാരി ഓർക്കുന്നുണ്ട്. പക്ഷേ അവയൊന്നും കൃത്യമായ സമയം കാണിച്ചിരുന്നില്ല. അഥവാ ഓർമ്മകളില്ലാത്തവരുടെ കാലം മറ്റൊന്നാണ്. അവിടെ സമയം തെറ്റിയോടുന്നതാവട്ടെ നമ്മളും.” നൊബേൽ സമ്മാന ജേതാവായ ഫ്രഞ്ച് എഴുത്തുകാരി അനീ എർനുവിന്റെ എഴുത്ത് ലോകത്തെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു

Annie Ernaux, Nobel prize 2022, Literature, jayakrishnan
ചിത്രീകരണം : ജയകൃഷ്ണന്‍

മെക്സിക്കൻ എഴുത്തുകാരനായ ഫാബിയോ മൊറാബിത്തോ (Fabio Morabito)യുടെ “Home Reading Service” എന്ന നോവലിൽ ക്യാൻസർ ബാധിച്ച് അവശനായ അച്ഛനെ കഥാനായകനായ എദ്വാർദോയും സഹോദരിയും ചേർന്ന് പുറത്തേക്കു കൊണ്ടു പോകുന്ന ഒരു രംഗമുണ്ട്. മരങ്ങൾ നിറഞ്ഞ് മനോഹരമായ ഒരിടത്തെത്തിയപ്പോൾ അച്ഛന് പെട്ടെന്ന് വെളിക്കിറങ്ങണം. തനിയെ നടക്കാനോ വസ്ത്രങ്ങളഴിക്കാനോ അച്ഛന് വയ്യ. മക്കൾക്കാണെങ്കിൽ അച്ഛനെ സഹായിക്കാനും കഴിയുന്നില്ല. (വീട്ടിൽ അതെല്ലാം വേലക്കാരിയാണ് ചെയ്യുക). ഒടുവിൽ വിവരംകെട്ട മക്കളെ അച്ഛൻ ശപിക്കുന്നു. മക്കളാകട്ടെ പരസ്പരം പഴിചാരുകയും ചെയ്യുന്നു.

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടിയ ഫ്രഞ്ച് എഴുത്തുകാരി അനീ എർനു (Annie Ernoux)വിന്റെ എഴുത്തിന്റെ ലോകം പൊതുവെ ഇരുണ്ടതും മ്ലാനത നിറഞ്ഞതുമാണ്. മനസ്സിന്റെ അതിലുപരി ശരീരത്തിന്റെ കാമനകളും എത്തിച്ചേരായ്മകളും നിറംകെടുത്തുന്നവയാണ് ഫിക്ഷനും ഓർമ്മകളും ഇടകലരുന്ന അവരുടെ എഴുത്ത്. എന്നാൽ മറവിരോഗം (Alzheimer’s disease) ബാധിച്ച അമ്മയെക്കുറിച്ചുള്ള ഓർമ്മകളുടെ പുസ്തകമായ “I Remain in Darkness” എന്ന പുസ്തകത്തിൽ അവരുടെ എഴുത്ത് കുറെക്കൂടി അലിവുള്ളതും തെളിഞ്ഞതുമാണ്. ഇതിലെ മകൾ, മൊറാബിത്തോയുടെ നോവലിലെ, അച്ഛനെ ഉള്ളാലെ വെറുക്കുന്ന, എങ്ങനെയും ഒഴിവാക്കാനാഗ്രഹിക്കുന്ന മക്കളെപ്പോലെയല്ല. മറിച്ച് തനിക്ക് ഒരേയൊരു ജന്മം നൽകിയ ഒരേയൊരു അമ്മയെ സ്നേഹിക്കുന്നവളാണ്. മറവിരോഗം ബാധിച്ച അവരെ ഓർമ്മകളിലൂടെ വീണ്ടെടുക്കുന്നവളും.

പുസ്തകത്തിലൊരിടത്ത് അമ്മയെയും കൊണ്ട് മകൾ ഷോപ്പിങ് മാളിൽ പോകുന്നു. കാരണമില്ലാതെ ചിരിക്കുന്ന അമ്മയെ സാധനങ്ങളെടുത്തു കൊടുക്കുന്ന പെൺകുട്ടികൾ അമ്പരപ്പോടെ നോക്കുകയാണ്. മകളാകട്ടെ അവരെ തിരിച്ച് തറപ്പിച്ചു നോക്കുന്നു. ഓർമ്മകൾ നഷ്ടപ്പെട്ട അമ്മ മറ്റുള്ളവർക്ക് വിചിത്ര ജീവിയായിരിക്കാം. എന്നാൽ മകൾക്കങ്ങനെയല്ല. അമ്മയുടെ മറവിയിലൂടെ ഇല്ലാതാകുന്നത് അവരുടെ ലോകം മാത്രമല്ല തന്റേതു കൂടിയാണെന്ന് അവൾ മനസ്സിലാക്കുന്നു. “നിനക്ക് വീട്ടിൽത്തന്നെയിരുന്ന് മുഷിയുന്നില്ലേ?” എന്ന് അമ്മ ചോദിക്കുമ്പോൾ അത് തന്നോടല്ല, അമ്മയോടു തന്നെയാണെന്ന് അവളറിയുന്നു. അതെ, വീട്ടിൽ തന്നെയിരുന്ന് അമ്മ മടുത്തു കഴിഞ്ഞു. അല്ലെങ്കിൽ മടുപ്പ് എന്ന വാക്കിന് ഓർമ്മകൾ നഷ്ടപ്പെടുമ്പോൾ എന്തർത്ഥമായിരിക്കും ഉണ്ടാവുക?

ഓർമ്മകൾ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ മറ്റാരുടെയോ ഓർമ്മകളായിരിക്കുമോ? എഴുത്തുകാരിക്കു മനസ്സിലാവുന്നില്ല. അവർ സ്വാഭാവികമായി ചെയ്യുന്നത് നമുക്ക് അങ്ങനെയല്ലെന്നു തോന്നിപ്പോകുന്നു. നമ്മുടെ ഓർമ്മകളെ പിടിച്ചു നിർത്താൻ നമ്മൾ അവരുടെ വാക്കുകൾ കേൾക്കാതിരിക്കുന്നതിനു വേണ്ടി ചെവി പൊത്തുന്നു, ഉറക്കെ സംസാരിക്കുന്നു – പുസ്തകത്തിൽ നിന്ന് ഒരു ഭാഗം:

ഇന്നു രാത്രി, ഞാൻ ഉപന്യാസങ്ങളെഴുതുകയായിരുന്നു. അടുത്ത മുറിയിൽ നിന്ന് അമ്മയുടെ ശബ്ദം വ്യക്തമായും ഉച്ചത്തിലും മുഴങ്ങിക്കേട്ടു; ഒരു സ്റ്റേജിൽ നിന്ന് സംസാരിക്കുന്നതു പോലെ. അമ്മ സങ്കല്പത്തിലുള്ള ഒരു കുഞ്ഞിനോട് പറയുകയായിരുന്നു “മോളേ നേരം വൈകി. വേഗം വീട്ടിലേക്കു പോകൂ.” അമ്മ സന്തോഷവതിയായിരുന്നു. അവർ ചിരിച്ചുകൊണ്ടേയിരുന്നു. ഞാൻ ചെവി പൊത്തി, മനുഷ്യരാശിയുമായുള്ള എന്റെ എല്ലാ ബന്ധവും അറ്റുപോകുന്നതു പോലെ തോന്നി. നമ്മൾ ഒരു സ്റ്റേജിലല്ല. ഇത് തന്നോടുതന്നെ സംസാരിക്കുന്ന എന്റെ അമ്മയാണ് .

അമ്മയുടെ മറവിയോടൊപ്പം ഇല്ലാതാകുന്നത് തന്റെ ഓർമ്മകളാണെന്നും അതോടെ മനുഷ്യരുമായുള്ള തന്റെ ബന്ധം മുഴുവനും ഇല്ലാതാകുന്നുവെന്ന് അങ്ങേയറ്റം കാവ്യാത്മകമായി എർനു പറയുന്നു. അതോ നമുക്ക് മുമ്പ് ജീവിച്ചിരുന്നവരുടെ ഓർമ്മകളുടെ വെറും തുടർച്ച മാത്രമാണോ നമ്മൾ?

അമ്മ താമസിച്ചിരുന്ന കെട്ടിടത്തിൽ ഒരുപാട് നാഴികമണികളുണ്ടായിരുന്നുവെന്ന് എഴുത്തുകാരി ഓർക്കുന്നുണ്ട്. പക്ഷേ അവയൊന്നും കൃത്യമായ സമയം കാണിച്ചിരുന്നില്ല. അഥവാ ഓർമ്മകളില്ലാത്തവരുടെ കാലം മറ്റൊന്നാണ്. അവിടെ സമയം തെറ്റിയോടുന്നതാവട്ടെ നമ്മളും.

തനിക്ക് ജന്മം നൽകിയ അമ്മ ഫ്രഞ്ച് ചിത്രകാരനായ ഗുസ്താവേ കൂർബെ ( Gustave Courbet)യുടെ “The Origins of the World” എന്ന ചിത്രത്തിലെ സ്ത്രീയെപ്പോലെയാണെന്ന് എർനു കരുതുന്നു. അവരുടെ രൂപത്തെ കാലം തിന്നു തീർത്തു കഴിഞ്ഞു. പക്ഷേ തന്റെ എഴുത്തിലൂടെ അമ്മയെ വീണ്ടെടുക്കേണ്ടതുണ്ട്. യാദൃച്ഛികമായിരിക്കാം, മറ്റൊരു ഫ്രഞ്ച് എഴുത്തുകാരനായ പിയറി മിഷോണിന്റെ (Pierre Michon) “The Origins of the World” എന്നു തന്നെ പേരുള്ള നോവലിലെ തോണിക്കാരൻ്റെ നേർ വിപരീതമാണ് “I Remain in Darkness” ലെ മകൾ. മിഷോണിന്റെ നോവലിലെ കഥാപാത്രം എന്തെങ്കിലും പറയാൻ വേണ്ടി മാത്രം അമ്മയെക്കുറിച്ച് അന്വേഷിക്കുന്നു. അയാൾ മറുപടി ആഗ്രഹിക്കുന്നില്ല. സ്വന്തം വാക്കുകളുടെ പേമാരിയിൽ അമ്മയുടെ രൂപം ഒലിച്ചുപോകുന്നു. എർനു അമ്മയെപ്പറ്റി സംസാരിക്കുന്നതാവട്ടെ നിശബ്ദതയിലൂടെയാണ്, നിശബ്ദതയുടെ ഇരുണ്ട വാക്കുകളിലുടെ.

മരിച്ചുപോയ അമ്മയെപ്പറ്റി “യഥാർത്ഥത്തിലുള്ള ഒരു പുസ്തകം” തനിക്കെഴുതാനാവില്ലെന്ന് എർനു പറയുന്നു. അതങ്ങനെയാണ് മരണം അയഥാർത്ഥമാണ്, മരിച്ചവരും.

അവരെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമാണ് യാഥാർത്ഥ്യം.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: The world of 2022 literature nobel laureate annie ernaux