ആഭ്യന്തരമായ തൊഴിൽ കുടിയേറ്റത്തിന്റെ സഞ്ചാരവഴികളാണ് ഇന്ത്യയിലെ റെയിൽ പാളങ്ങൾ​ രേഖപ്പെടുത്തുന്നത്.  അതിജീവിനത്തിന്റെ വഴികളിൽ സ്വന്തം മണ്ണിൽ നിന്നുളള സഞ്ചാരമാരംഭിക്കുന്ന തൊഴിൽ ജീവിതങ്ങളുടെ പലായനത്തിന്റെ ചക്രമുരുളുന്നത് ​ഈ പാളങ്ങളിലാണ്. റെയിൽവേയുടെ വരവോടു കൂടി മാറുമെന്ന് പ്രഖ്യാപിച്ച കാഴ്ചപ്പാടുകൾക്ക് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നു. ആഗോളവൽക്കരണത്തിന്റെ രണ്ടാം ദശകത്തിന്റെ രണ്ടാം പകുതി മുതൽ മൂന്നാം ദശകത്തിന്റെ ആദ്യ പകുതി വരെയുളള പത്തു വർഷത്തിന്റെ കണക്കുകളിൽ ഇന്ത്യൻ അടിസ്ഥാന തൊഴിൽ ശക്തി കിലോമീറ്ററുകളോളം ട്രെയിനിൽ സഞ്ചരിക്കുന്നുവെന്നാണ്.

പത്തുവര്‍ഷം മുമ്പ്  280 കോടി ജനങ്ങള്‍ ശരാശരി 229 കിലോമീറ്ററോളം ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിച്ചു എന്നാണ് കണക്ക്. 2016-17 ൽ ശരാശരി 273 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനായി 360 കോടി ജനങ്ങളാണ് റെയില്‍വേയിൽ സഞ്ചരിച്ചത്.

സഞ്ചരിച്ച ദൂരത്തിലല്ല, പുതിയ അക്കങ്ങളിലും കൂടുതല്‍ സ്വീകാര്യമാവുന്ന ലക്ഷ്യസ്ഥാനങ്ങളിലും, കുടിയേറ്റങ്ങളുടെ തിരഞ്ഞെടുപ്പുകളിലുമാണ് യഥാര്‍ത്ഥ കഥ നില്‍ക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കുടിയേറ്റങ്ങള്‍ ഏതുതരത്തില്‍ മാറിമറഞ്ഞു എന്നതാണ് വാര്‍ത്തകളാവുന്നത്.

എഴുപതുകളിൽ കേരളത്തെ കരകയറ്റിയ ഗൾഫ് പ്രവാസത്തിന്റെ മടക്കകാലത്തിന്റെ സൂചനകൾ നിറയുന്നതിന് തൊട്ട് മുമ്പാണ് കേരളത്തിലേയ്ക്ക് ആഭ്യന്തര പ്രവാസത്തിന്റെ ചൂളം വിളി കടന്നുവന്നത്. ഒരു കാലത്ത്  അസ്സമിലേയ്ക്കും ബോംബേയിലേയ്ക്കും ഗുജറാത്തിലേയ്ക്കും ഡൽഹിയിലേയ്ക്കുമൊക്കെ കുടിയേറിയ മലയാളിയുടെ കുടിയേറ്റ ചരിത്രത്തിന് പ്രതിഫലനമാണ് കേരളത്തിലേയ്ക്കുളള തൊഴിൽ കുടിയേറ്റം രേഖപ്പെടുന്നത്. അസ്സം പണിക്കാർ എന്ന വൈലോപ്പിളളി കവിത കേരളത്തിൽ നിന്നും അസ്സമിലേയ്ക്ക് ജീവിതം തേടിയുളള​ കുടിയേറ്റത്തിന്റെ ചിത്രമായിരുന്നു. അത് വർത്തമാന മലയാളിക്ക് കവിത മാത്രമായി ചുരുങ്ങുമ്പോഴാണ് കര തേടി കേരളത്തിലേയ്ക്കുളള കുടിയേറ്റം സംഭവിക്കുന്നത്.

കേരളത്തിൽ 25 ലക്ഷം തൊഴിലാളികൾ മറ്റുളള​ സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുണ്ടെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സ്റ്റഡീസിന്റെ ഒരു പഠനം രണ്ട് വർഷം മുമ്പ് വ്യക്തമാക്കിയിരുന്നു.  കേരളത്തിലെത്തുന്ന തൊഴിലാളികളിൽ​ ഭൂരിപക്ഷവും ബംഗാൾ, അസം, ഉത്തർ പ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണെന്നാണ് ഗവേഷകരുടെ അനുമാനം.  ശരാശരി അറുപത് മണിക്കൂർ യാത്ര ചെയ്താണ് അവർ തങ്ങളുടെ “ഗൾഫ്” ആയ കേരളത്തിലെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കുന്ന  ട്രെയിനുകളിലൊന്നും കേരളത്തിലേയ്ക്കുളള​ പാളത്തിലാണ് ഓടുന്നത്.

ഇന്ത്യയിൽ കൂടുതൽ  യാത്രക്കാര്‍ സഞ്ചരിക്കുന്ന പത്ത്  ട്രെയിനുകളെ കുറിച്ചുളള​  വിവരങ്ങള്‍ ഇതൊക്കെയാണ്. പത്തു വർഷത്തെ കണക്കുകളിലൂടെ ഇന്ത്യൻ എക്‌സ്‌പ്രസ്  കടന്നുപോകുന്നു.

# 2008-09 കാലഘട്ടത്തില്‍ സ്ഥിരമായി അഭ്യന്തര കുടിയേറ്റം നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ യാത്രക്കാര്‍. മുംബൈയേയും ഉത്തര്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന രണ്ടു ട്രെയിനുകള്‍, ബീഹാറിനെയും ഡല്‍ഹിയേയും ബന്ധിപ്പിക്കുന്ന ഒന്നും. ചത്തീസ്‌ഗഡ്- ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ വഴി യാത്രക്കാരെ മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിക്കുന്ന ഒരു ട്രെയിന്‍.

2008-09 വര്‍ഷത്തിലെ കണക്ക്

2016-17 ആവുമ്പോഴേക്ക് ഇതേ വഴിയില്‍ എട്ടു ട്രെയിനുകള്‍ ഉണ്ട്. ബീഹാറിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന അഞ്ചെണ്ണത്തില്‍ രണ്ടെണ്ണത്തില്‍ മടക്കവുമുണ്ട്. മുംബൈയേയും ഉത്തര്‍പ്രദേശിനേയും ബന്ധിപ്പിക്കുന്ന ഒരു ട്രെയിനും മുംബൈയെയും കൊല്‍ക്കത്തയേയും ബന്ധിപ്പിക്കുന്ന ഒന്നും ജാര്‍ഖണ്ഡിനേയും കേരളത്തിനേയും ബന്ധിപ്പിക്കുന്ന ഒരു ട്രെയിനും ഏറ്റവും കൂടുതല്‍ യാത്രക്കാരെ വഹിക്കുന്ന വണ്ടികളായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി കേരളം മാറി.

2016-17 വര്‍ഷത്തിലെ കണക്ക്

2016-17 വര്‍ഷത്തിലെ കണക്ക്

2008-09 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ വഹിച്ച ട്രെയിനുകളുടെ പട്ടികയില്‍ ഡല്‍ഹി മുതല്‍ ബെംഗളൂരു വരെയുള്ള ഒരു ട്രെയിനും ഡല്‍ഹി മുതല്‍ ഗോവ വരെയുള്ള മറ്റൊരു ട്രെയിനും ഇടംപിടിച്ചിരുന്നു. എന്നാല്‍ 2017 ആവുമ്പോഴേക്കും ഈ രണ്ടു ട്രെയിനുകളുടെയും ഇടം നഷ്ടമായി. ട്രെയിന്‍ സേവനങ്ങളെ മാത്രമല്ല. ഈ നഗരങ്ങളുമായി ഡല്‍ഹിയെ ബന്ധിപ്പിക്കുന്ന വിമാനങ്ങളിലും യാതരക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.

സാമ്പത്തികവും വ്യാവസായികവുമായ ആവശ്യങ്ങളുമായി കൂടിപ്പിണഞ്ഞു കിടക്കുന്നതാണ് റെയില്‍വേ യാത്രികരുടെ പോക്കുവരവുകള്‍ എന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായ എ കെ മിട്ടല്‍ പറയുന്നത്. ” അതുകൊണ്ടാണ് കാര്‍ഷികവൃത്തിക്കായി ആളുകള്‍ സ്ഥിരമായി നീങ്ങുന്ന പഞ്ചാബ്-ബിഹാര്‍ പാതയില്‍ ട്രെയിനുകള്‍ ഉള്ളത്. അതുപോലെ തന്നെ കേരളത്തിലേക്കും തെന്നിന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലേക്കും ആളുകള്‍ ഒഴുകുന്നതനുസരിച്ച് കിഴക്കന്‍ സംസ്ഥാനങ്ങളെ തെന്നിന്ത്യയുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ” മിട്ടല്‍ പറഞ്ഞു.

2013ലെ യുനെസ്കോയുടെ ‘ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റക്കാരെ സാമൂഹിക ഉൾപ്പെടുത്തൽ’ എന്ന പഠനപ്രകാരം “രാജ്യത്ത് കുടിയേറ്റങ്ങള്‍ നടക്കുന്ന ഇടനാഴികള്‍ കൃത്യമാണ്. ബിഹാറില്‍ നിന്നും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേക്ക്. ബിഹാറില്‍ നിന്നും ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്ക്. ഒഡീഷയില്‍ നിനും ഗുജറാത്തിലേക്കും ആന്ധ്രാപ്രദേശിലേക്കും. ഒഡീഷയില്‍ നിന്നും തന്നെ രാജസ്ഥാന്‍ ഗുജറാത്ത് എന്നിവിടങ്ങളിലെക്കുമുള്ള കുടിയേറ്റങ്ങള്‍ വ്യാപകമാണ്”. യുനെസ്കോ നടത്തിയ പഠനം പറയുന്നു.

അങ്ങനെ വിലയിരുത്തുമ്പോള്‍ പത്ത് വര്‍ഷത്തിനിടയില്‍ ബീഹാറിലെ ദര്‍ഭംഗയില്‍ നിന്നും ലക്നൗ- ഗോരഖ്‌പൂർ, പട്‌ന വഴി ഡല്‍ഹിയിലേക്ക് പോകുന്ന സമ്പര്‍ക്ക് ക്രാന്തി എക്‌സ്‌പ്രസ് ഒൻപതാം സ്ഥാനത്തു നിന്നും ഒന്നിലേക്ക് ഉയര്‍ന്നിരിക്കുന്നു.

2008-09 കാലഘട്ടത്തില്‍ ഇരുപത്തിനാല് കോച്ചുകളിലായി 5.74 ലക്ഷം യാത്രികരുമായി  സഞ്ചരിച്ച ട്രെയിന്‍ ഇന്ന് ഏതാണ്ട് ഒരുലക്ഷത്തില്‍ കൂടുതല്‍ പേരെയാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. വെയിറ്റിങ് ലിസ്റ്റ് ശരാശരി 357ല്‍ നിന്നും 564 ആയി വര്‍ധിച്ചു. ഇതേ വഴിയില്‍ ഓടുന്ന രണ്ടു ട്രെയിനുകള്‍ 2017 ആവുമ്പോഴേക്കും വെയിറ്റിങ് ലിസ്റ്റിലെ എണ്ണത്തില്‍ ആദ്യ രണ്ടുസ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നു.

കേരളത്തിലേക്കുള്ള ജനപ്രവാഹം

കേരളത്തിലെത്തുന്ന തൊഴിലാളികളില്‍ 75% പേരും പശ്ചിമ ബംഗാള്‍, ബിഹാര്‍, ആസാം, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരാണ് എന്നാണ് ഗവേഷകനായ എംപി ജോസഫ് വിലയിരുത്തുന്നത്. അതിനാലാണ് 57 മണിക്കൂറുകളെടുത്ത് 2,546 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസ് ഇന്ത്യയില്‍ത്തന്നെ ഏറ്റവും അധികം യാത്രക്കാരെ വഹിക്കുന്ന ട്രെയിന്‍ ആവുന്നത്.

” പത്തുവര്‍ഷം മുന്നെ ഈയൊരു വഴിയില്‍ അധികം ട്രെയിനുകള്‍ ഇല്ലായിരുന്നു. യാത്രക്കാരുടെ ഈയൊരൊഴുക്ക് കണക്കാക്കികൊണ്ടാണ് ഈയടുത്തായി എറണാകുളത്തെ ഹൗറയുമായി ബന്ധിപ്പിക്കുന്ന അന്ത്യോദയ എക്‌സ്‌പ്രസ്സ്  ആരംഭിക്കുന്നത്.” മിട്ടല്‍ പറഞ്ഞു. പൂര്‍ണമായും റിസര്‍വേഷന്‍ ഇല്ലാത്ത ട്രെയിന്‍ ആണ് അന്ത്യോദയ എക്‌സ്‌പ്രസ്സ്.

പത്തുവര്‍ഷം മുന്‍പ് ഏറെ യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ഗോവ എക്‌സ്‌പ്രസ്സും കര്‍ണാടക എക്‌സ്‌പ്രസ്സും ഇന്ന് ആദ്യ പത്തില്‍ പോലും ഇടം പിടിക്കില്ല. ” മുമ്പ് ഒട്ടേറെ യാത്രക്കാര്‍ ഉണ്ടായിരുന്ന ചില മേഖലകള്‍ ഇന്ന്‍ ഒരുപോലെ വിമാനങ്ങളെയും ആശ്രയിക്കുന്നുണ്ട്. അതൊരു വലിയ മാറ്റമാണ്” മുന്‍ റെയില്‍വേ ബോര്‍ഡ് അദ്ധ്യക്ഷനായ എസ്എസ് ഖുറാന പറഞ്ഞു.

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ഇന്ത്യയ്ക്ക് കുറുകെ പായുമ്പോള്‍ രാജ്യത്തെ കുടിയേറ്റങ്ങളുടെയും പാലായനങ്ങളുടേയും രേഖാചിത്രം കൂടിയാണ് തെളിഞ്ഞു വരുന്നത്. അതിലെ മാറുന്ന പ്രവണതകളുംകൂടി വരച്ചുകാട്ടുന്നതാണ് റെയില്‍വേയുടെ ഈ കണക്കുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook