കല എന്നാൽ സ്വാതന്ത്ര്യത്തിലേക്കുള്ള പാതണെന്ന് റിൽക്കേ പറയുന്നു. മനുഷ്യർ ജനിക്കുന്നത് ചങ്ങലകളുമായിട്ടാണ്. ചങ്ങലകൾ ഭേദിക്കേണ്ടത് വിരൂപവും മൃഗീയവുമായ ബലപ്രയോഗത്തിലൂടെയല്ലെന്നും അത് കലയിലൂടെയാണെന്നും മറിയ റെയ്നർ റിൽക്കേ തുടരുന്നു.

കല സ്വാതന്ത്ര്യത്തിലേക്കുള്ള പാതയാണെങ്കിൽ കാൽ സ്വാതന്ത്ര്യവും അര സ്വാതന്ത്ര്യവുമുണ്ടോ? അതോ അരക്കാൽ സ്വാതന്ത്ര്യം? ചുറ്റും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നിനിടത്ത് ചങ്ങലയുടെ നീളത്തിന് ചുറ്റും കറങ്ങുന്ന സ്വാതന്ത്ര്യം എന്ത് സ്വാതന്ത്ര്യമാണ്? അവിടെ കലയ്ക്ക് എന്ത് പ്രാധാന്യമാണുള്ളത്?

ഈ ചോദ്യങ്ങളൊക്കെ വ്യക്തി എന്ന നിലയിൽ എന്നെക്കൊണ്ട് ചോദിപ്പിക്കുന്നത് ‘ഹലാൽ ലൗ സ്റ്റോറി’ എന്ന സിനിമയാണ്. കലയിൽ എങ്ങനെയാണ് ഹലാലും ഹറാമും ഉണ്ടാവുന്നത്? (ഹലാൽ എന്നാൽ അനുവദിക്കപ്പെട്ടത്, ഹറാം എന്നാൽ നിഷിദ്ധമായത്). മതനിയമങ്ങൾ കർക്കശമായ ഒരു പ്രസ്ഥാനത്തിൽ നിന്ന് കുറച്ചു പേർ ഹലാലായ സിനിമയെടുക്കാൻ പോകുന്നതാണ് ‘ഹലാൽ ലൗ സ്റ്റോറി’യുടെ ആശയം.

 

Read Here: Halal Love Story Movie Review: ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന ‘ഹലാൽ ലവ് സ്റ്റോറി’ ; റിവ്യൂ

പ്രതീക്ഷകൾ നൽകിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്ത ചിത്രമാണിത്. സുഡാനി കണ്ട കണ്ണുകളോടെ ഈ സിനിമ കാണുവാൻ സാധ്യമല്ല. വലുതായി എന്തോ പറയാൻ വരുന്നു എന്ന് തോന്നിപ്പിക്കും വിധമാണ് സിനിമയുടെ തുടക്കം. തീവ്രമത നിയമങ്ങളും കലയും തമ്മിലുള്ള സംഘർഷമാണ് ചലച്ചിത്രം പ്രശ്നവൽക്കരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ – സിനിമയ്ക്കുള്ളിലെ ജീവിതം ഇങ്ങനെ പോകുന്നു ‘ഹലാൽ ലൗ സ്റ്റോറി.’

രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് കഥ നടക്കുന്നതെന്ന് വേൾഡ് ട്രേഡ് സെൻറർ തകർച്ചയും ചില പോസ്റ്ററുകളും കാണിച്ചു തരുന്നുണ്ട്. സിനിമാപ്രേമിയായ റഹീം സാഹിബും (നാസർ കറുത്തേനി ) തൗഫീഖും (ഷറഫുദ്ദീൻ ) ചേർന്ന് ഹലാലയ സിനിമ പിടിക്കാനിറങ്ങുകയാണ്. സിനിമ ഹലാലാവണമെന്നുള്ളതു കൊണ്ട് നായികാനായകന്മാർ യഥാർത്ഥ ജീവിതത്തിലെ ഭാര്യഭർത്താക്കന്മാരാണമെന്ന് നിർബന്ധമാണ്.

പൂർണ്ണ വിശ്വാസിയും അഭിനേതാവാണെന്ന് സ്വയം വിശ്വസിക്കുകയും ചെയ്യുന്ന ശരീഫിന് (ഇന്ദ്രജിത്ത് ) നായകനാവണമെന്നുണ്ട്. പക്ഷേ, ഭാര്യയായ സുഹ്റ (ഗ്രേസ് ആന്റണി)- ഭാര്യയായി അഭിനയിച്ചാലേ അത് നടക്കൂ. മുണ്ടു മടക്കുന്ന കൂട്ടത്തിൽ സുഹ്റ, ശരീഫിനോട് ആ ആഗ്രഹം കൂടി മടക്കാൻ പറയുന്നുണ്ട്. പിന്നീട് തൗഫീഖും റഹീം സാഹിബും ശ്രമിക്കുന്നുണ്ട്. സിനിമയിൽ ഭാര്യയായി തന്നെ അഭിനയിച്ചാൽ മതി എന്ന് അവർ പറയുമ്പോൾ ‘ഭാര്യയായി അഭിനയിക്കുകയാണല്ലോ’ എന്നാണ് സുഹ്റയുടെ മറുപടി. പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പിന്നീട് സുഹ്റ അഭിനയിക്കാൻ തയ്യാറാകുന്നത്.

ഭാര്യയായി മാത്രം ജീവിതത്തിൽ അഭിനയിക്കാൻ വിധിക്കപ്പെട്ട സുഹ്റ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുകയാണ്. ‘An actor Prepares’എന്ന പുസ്തകം ലൈബ്രറിയിൽ നിന്നെടുത്തു കൊണ്ടു വരുന്നുണ്ട് അവൾ. അഭിനേതാക്കൾക്ക് നൽകുന്ന പരിശീലനത്തിൽ ഒന്നാമതെത്തുന്നത് അവളാണ്. ആറു പേരെ തെരഞ്ഞെടുക്കുന്നതില്‍ ശരീഫ് ഉൾപ്പെടുന്നില്ല. ഭർത്താവായി അഭിനയിക്കാൻ ശരീഫ് തന്നെ വേണം എന്ന ഔദാര്യത്തിൽ ആ സ്ഥാനം ലഭിക്കുകയാണ്.

സുഹ്റ ഒരു പ്രതീകം മാത്രമാണിവിടെ. സ്ത്രീയെന്ന നിലയിലും പ്രസ്ഥാനത്തിലെ സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലുമുള്ള ബഹുവിധ അടിമയാണവൾ. ‘യഥാർത്ഥ ജീവിതത്തിൽ ഭാര്യയായി അഭിനയിക്കുകയല്ലേ’ എന്ന അവളുടെ ചോദ്യം സർവ്വ പുരുഷന്മാരോടുമാണ്. ആൺകോയ്മയോടാണ്. മത പൗരോഹിത്യങ്ങളോടാണ്.

ശരീഫ് ആണെങ്കിൽ എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് ചോദ്യാവലി എടുത്തു നോക്കും. എല്ലാവരോടും ചെയ്യേണ്ട കടമകൾ പൂർത്തീകരിച്ചോ എന്നുള്ള പരിശോധന. അയാൾ അതിൽ തൃപ്തികരമായ ഉത്തരം കണ്ടെത്തുന്നു. എന്നാൽ സിനിമയിൽ മറ്റൊരിടത്ത്, ‘നിങ്ങൾ പൂർണ്ണമായും ശരിയാണെന്ന് കരുതുന്നു. പേരു പോലെ…’ എന്ന് പറഞ്ഞു ഇവിടെ സുഹ്റ ശരീഫിന്‍റെ പേര് മലയാളീകരിക്കുകയാണ്. ‘തെറ്റീറീഫായിട്ട് മിണ്ടിയാൽ മതി’ എന്നാണ് അവൾ പറയുന്നത്.

സുഹ്റ ജീവിതത്തിൽ ഉയർന്നു വരുമ്പോഴും അവളുടെ സംഘർഷം കൂടുന്നുണ്ട്. വീടിൻറെ ഉത്തരവാദിത്വങ്ങള്‍ വീണ്ടും അവൾക്കു മാത്രമാണ്… ശരീഫിനില്ലാത്ത കുടുംബ ഉത്തരവാദിത്വം, കുട്ടികളെ നോക്കൽ ഇതൊക്കെ സിനിമയ്ക്കകത്ത് ദൃശ്യവത്ക്കരിക്കുന്നുണ്ട്.

Halal Love Story Review, Halal Love Story Malayalam Review, Halal Love Story, Halal Love Story release, Halal Love Story rating, Halal Love Story Amazon Prime, Halal Love Story full movie download, ഹലാൽ ലവ് സ്റ്റോറി, ഹലാൽ ലവ് സ്റ്റോറി റിവ്യൂ, Halal Love Story film review, Indrajith, Joju George, Grace Antony

Read Here: സിമി മോളിൽ നിന്നും സുഹറയിലേക്കുള്ള ദൂരം: ഗ്രേസ് ആന്റണി സംസാരിക്കുന്നു

‘മൂന്നാമതും ഉമ്മാ’ എന്ന് പേരിടാനിരുന്ന സിനിമയാണ് തൗഫീഖിന്റേത്. ഉമ്മയ്ക്ക് മാത്രം വിലയുള്ളതും മറ്റുള്ളവർക്ക് വിലയില്ലാത്തതും എത്ര വ്യക്തം! സ്ത്രീ സ്വാതന്ത്ര്യം ഉമ്മത്തത്തിൽ മാത്രം!

ശാക്തികരിക്കപ്പെടുന്നു എന്ന മട്ടിൽ സുഹ്റയെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അത്ര ശാക്തീകരണ മാതൃകയൊന്നും സിനിമയ്ക്കകത്തെ സിനിമയിൽ കാണിച്ചു തരുന്നുമില്ല. മറ്റൊരു സ്ത്രീ കഥാപാത്രം ഉണ്ണിമായ അവതരിപ്പിക്കുന്ന സിനിമാ സംവിധായകൻ സിറാജിന്റെ ഭാര്യയുടേതാണ്. കള്ള് കുടിച്ച് ബഹളമുണ്ടാക്കുന്ന സിറാജ്, അനങ്ങാതെ നോക്കി നിൽക്കുന്ന ഭാര്യ. പക്ഷേ, അവൾ കേസു കൊടുക്കുന്നുണ്ട്. ഇത്രയൊക്കെയാണ് സ്ത്രീ സ്വാതന്ത്ര്യം. എന്നാലുമത് ഭേദമെന്ന് തോന്നി.

കെട്ടുറപ്പില്ലാത്ത തിരക്കഥ സ്ഥലകാലങ്ങളെപ്പോലും മനസിലാക്കാൻ പ്രയാസപ്പെടുത്തുന്നുണ്ട്. എങ്കിലും ഇത്തരമൊരു വിഷയം തെരഞ്ഞെടുത്തതിന് കൈയ്യടി…

‘ഹലാൽ ലവ് സ്റ്റോറി’ എന്നു കണ്ട് പ്രണയകഥ പ്രതീക്ഷിക്കരുത്

മലയാളി പൊതു മുസ്ലീമിനെയല്ല ഈ സിനിമ അഭിസംബോധന ചെയ്യുന്നത്. പ്രസ്ഥാനത്തിന് മറ്റൊരു പേര് കൊടുക്കുന്നുണ്ടെങ്കിലും പ്രതിനിധാനം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയെയാണ്.

ഈ സിനിമ കാണുന്നവരിൽ ഭൂരിഭാഗത്തിന് ഇസ്ലാമിലെ വിവിധ പ്രസ്ഥാനങ്ങളെ പരിചയമില്ലെങ്കിൽ കേരളത്തിലെ മുസ്ലീങ്ങൾ പ്രാകൃതരാണ് എന്നാവും ഈ സിനിമയില്‍ നിന്നും മനസ്സിലാക്കുക. അതാണ് ഈ സിനിമയുടെ പ്രതിലോമ രാഷ്ട്രീയം. കലയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ അത്രയൊന്നും വിശാലമല്ല – ഒരു മതവും – പ്രത്യേകിച്ച് ഇസ്ലാം. എന്നാൽ കലാരംഗത്തേക്ക് എത്രയോ പേർ വന്നിട്ടുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയിൽ. തുടക്കം മുതൽ നടീനടന്മാരായും സംവിധായകരായും നിർമ്മാതാക്കളായും പിന്നണി പ്രവർത്തകരായും എത്രയോ പേരുണ്ടായിട്ടുണ്ട്. ഒരു തരത്തിൽ അന്നും ഇന്നും സിനിമ രംഗത്ത് പ്രവർത്തിക്കുന്ന അവരെ അപമാനിക്കലാണ് ‘ഹലാൽ ലവ് സ്റ്റോറി’യ്ക്കുള്ളിലെ സിനിമ ചെയ്യുന്നതെന്ന് പറയാതെ വയ്യ.

മറ്റൊന്ന് ജോജുവിന്‍റെ സിറാജ് എന്ന സംവിധായകനാണ്. വിവാഹ മോചനത്തിന്‍റെ വക്കിൽ നില്ക്കുന്നവൻ… മദ്യപാനി… ഇങ്ങനെയുള്ള കലാകാരനായാൽ ഹറാമികളുടെ കൂട്ടത്തിൽ പെടുമെന്നും വരുത്തി തീർക്കുന്നുണ്ട്. അങ്ങനെ സിനിമാക്കാർ മുഴുവൻ കള്ളിനും കഞ്ചാവിനും കൊള്ളരുതായ്മയ്ക്കും അടിമകളാണെന്ന് പറഞ്ഞു വെയ്ക്കുന്നുമുണ്ട്.

സിനിമയിൽ കെട്ടിപ്പിടുത്തത്തെ സംബന്ധിച്ച് വലിയ ചർച്ച നടക്കുന്നുണ്ട്. ഭാര്യയ്ക്കും ഭർത്താവിനും പ്രശ്നമില്ല. മറ്റൊരാളെ ആകാഞ്ഞാൽ മതി!

ആണും പെണ്ണും ഇടകലർന്നാണ് അഭിനേതാക്കളുടെ പരിശീലന പരിപാടി… ‘പടച്ചോന് പ്രശ്നമില്ല. സംസ്ഥാന നേതാക്കൾ കണ്ടാലാണ് പ്രശ്ന’മെന്നാണ് പറയുന്നുണ്ട്. അതു തന്നെയാണ് കെട്ടിപ്പിടുത്തം ചിത്രീകരിക്കേണ്ടതിലെ പ്രശ്നവും. ആണും പെണ്ണും ഒരുമിച്ച് നിൽക്കുന്നിടം മുഴുവൻ സെക്സുണ്ടാവുമെന്ന ഭയമാണ്. ലൈംഗികതയോടെയല്ലാതെ കെട്ടിപ്പിടിക്കാവുന്ന എത്ര വികാരങ്ങളുണ്ടെന്ന് ചോദിക്കുന്നുമുണ്ട്. പക്ഷേ, റഹീം സാഹിബും തൗഫീഖും സമ്മതിക്കുന്നില്ല. പിന്നീട് അതിന് വഴി കണ്ടെത്തുന്നുമുണ്ട്.

ആ വഴി പ്രസ്ഥാനത്തെ തൃപ്തിപ്പെടുത്താനല്ലേ സക്കറിയ – മുഹ്സിൻ പരാരി ടീം ചെയ്തത് എന്ന് ആരെങ്കിലും പറഞ്ഞാൽ എങ്ങനെയാണ് സന്ദേഹിക്കാതിരിക്കുക?

കലയിൽ കോംപ്രമൈസ് ഇല്ല, മറക്കരുത്. കല ലാവണ്യമാണ്. ഭൂമിയിലെ സർവ്വചരാചരങ്ങളിലും മനുഷ്യനു മാത്രമുള്ള സിദ്ധിയാണ് കല. അത് മറക്കരുത്.

Read More: മൈന എഴുതിയ കുറിപ്പുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read in IE: Halal Love Story review: A charming film about love and faith

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook