വർഷം 2016. വേദിയിൽ രണ്ടു പേർ. ഒന്ന്, കടലലകൾ പോലുള്ള മുടിയും കടുത്ത കണ്ണുകളും ഒത്ത ശരീരവുമുള്ള, രാജകീയ ഉപജാപകങ്ങൾക്കിരയാകുന്ന ജനപ്രിയ ഇതിഹാസ കഥാപാത്രത്തിന്റെ സ്രഷ്ടാവ് എസ് എസ് രാജമൗലി. തൊട്ടടുത്തായി, അത്തരമൊരു സ്വപ്നത്തിന്റെ ജീവിതത്തിലെ നേര്‍ക്കാഴ്ചയായ എം എസ് ധോണി. ഇവരില്‍ ആര്‍ക്കാണ്, ആരോടാണ് കൂടുതൽ ആരാധനയെന്നത് ഊഹിക്കുവാൻ എളുപ്പമായിരുന്നു.
അന്ന്, ‘എം എസ് ധോണി- ദ അൺറ്റോൾഡ് സ്റ്റോറി‘ എന്ന ജീവചരിത്ര സിനിമയിലെ ഗാനങ്ങളുടെ പ്രകാശന വേളയിൽ, ആയിരങ്ങുളുടെ ആരാധനാപാത്രമായ ‘ബാഹുബലി’യുടെ സ്രഷ്ടാവ്, സ്വയം ഒരു ആരാധകന്റെ വേഷം അണിയുന്നതാണ് കണ്ടത്. ഒരു സ്രഷ്ടാവ് തന്റെ പ്രചോദനബിംബവുമായി കണ്ടുമുട്ടുന്നുവെന്നു പറയാനാവില്ലെങ്കിലും, ഒരു പ്രഗത്ഭ കഥാകാരൻ, തന്റെ വിചിത്ര ഭാവനകളുടെ മൂർത്തിമദ്ഭാവവുമായി മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്.
അല്ലെങ്കില്‍ തന്നെ ബൃഹത്തായ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ രാജമൌലിയുടെ ഭാവനാലോകവുമായി സാമ്യപ്പെടുത്താന്‍ പ്രയാസമില്ല. പടക്കോപ്പണിഞ്ഞ് വാൾ ചുഴറ്റി വീശുന്ന സൈനികരും, വിരണ്ടോടുന്ന ആനകളും, ചീറിപ്പായുന്ന വെടിയുണ്ടകളും, കൊട്ടാര തുല്യമായ വളപ്പുകളിൽ കൂട്ടം കൂടി നിന്ന് ഗൂഡാലോചനകൾ നടത്തുന്ന വീരപുരുഷന്മാരും രണ്ടിടത്തുമുണ്ടായിരുന്നല്ലോ. കമ്പ്യൂട്ടർ നിർമ്മിതമായ ആ അതിശയകാഴ്ചകള്‍ മാറ്റി നിര്‍ത്തിയാല്‍, ബാഹുബലിയുടെ രാജ്യവും ഇന്ത്യന്‍ ക്രിക്കെറ്റ് ലോകവും സമാനപ്രപഞ്ചങ്ങള് തന്നെയാണ്. രണ്ടിനും അടിസ്ഥാനമായി വര്‍ത്തിക്കുന്ന കഥയിലെ നായകന്മാരാകട്ടെ രണ്ടു മഹേന്ദ്രന്മാരും – മല നിരകളെ കീഴടക്കുന്ന രാജകുമാരനായ മഹേന്ദ്ര ബാഹുബലിയും, ഉയരങ്ങള്‍ ഒരുപാട് കീഴടക്കിയ മല നിരകളില്‍ നിന്നുള്ള ക്ഷത്രിയനായ മഹേന്ദ്ര സിംഗ് ധോണിയും.
ഹൈദരാബാദില്‍ ‘ധോണി’ സിനിമയുടെ പ്രചരണ പരിപാടിയിൽ, ധോണിയിൽ നിന്ന് ആദര സൂചകമായ അകലം പാലിച്ച് വേദിയിൽ നിന്ന രാജമൗലി സംസാരിച്ചു തുടങ്ങിയത് തെലുങ്കിലാണ് എന്ന് യൂട്യൂബ് രേഖപ്പെടുത്തുന്നു. ആ തുടക്കം തന്നെ തിങ്ങിനിറഞ്ഞിരുന്ന ഹാളിനു ആവേശം പകർന്നു. ആവേശച്ചൂളം വിളികളും കൂവലുകളും അവസാനിച്ചപ്പോൾ വേദിയിൽ താരത്തിളക്കം. സംവിധായകൻ വാക്കുകൾ കിട്ടാതെ വിക്കിത്തുടങ്ങി, അദ്ദേഹത്തിന്റെ ചിന്തകൾ പാളം തെറ്റി. “ഇത്രയേറെ വികാരനിർഭരമായ ഈ സന്ദർഭത്തിൽ സംസാരിക്കുവാനാകുന്നില്ല, എങ്കിലും ശ്രമിക്കാം സർ”, ലജ്ജയിൽ കുതിർന്ന ചിരിയോടെ നിന്ന ധോണിയെ നോക്കി ജെയിംസ് കാമറൂണിന്റെ ഇന്ത്യൻ അവതാരമായ രാജമൗലി പറഞ്ഞു.
ജനക്കൂട്ടത്തിന് ആ ഒഴുക്കു മനസ്സിലായി, ആധിപത്യമാർക്കെന്ന് അവർക്കു വ്യക്തമായി. താനിന്നിവിടെ രണ്ടാമനായി നിൽക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് രാജമൗലി അവരെ ധരിപ്പിച്ചു കഴിഞ്ഞിരുന്നു. പിൻ നിരകളിൽ നിന്ന് മെല്ലെ മുൻപിലേയ്ക്ക് ‘ധോണി, ധോണി’ മന്ത്രങ്ങൾ ഒഴുകി വന്നു തുടങ്ങി. രാജമൗലി ആർപ്പുകളുടെ നായകസ്ഥാനമേറ്റെടുത്തു. ‘ധോണി, ധോണി, ധോണി…’, ‘ബാഹുബലി, ബാഹുബലി’ എന്നു മുഴങ്ങിക്കേൾക്കുന്ന ‘ബാഹുബലി’യിലെ കിരീടധാരണവേളയുടെ ചിത്രീകരണ രംഗത്തിലെന്ന പോലെയായിരുന്നു അത്.
അത് മൂര്‍ധന്യത്തില്‍ എത്തിയ ശേഷം കേട്ടത് രാജമൗലിയുടെ ഗംഭീര പ്രഭാഷണമായിരുന്നു. ജനക്കൂട്ടത്തിന്റെ സ്പന്ദനമറിയാവുന്നയാളാണദ്ദേഹം. ഇവിടെയും അത് പിഴച്ചില്ല.
“നിങ്ങളെന്റെ പ്രചോദനമാണ്”, ആർപ്പുവിളികൾക്കിടയിൽ രാജമൗലി പറഞ്ഞു തുടങ്ങി.
“80കളുടെ മധ്യത്തിൽ ക്രിക്കറ്റ് കണ്ടുതുടങ്ങിയതാണ് എന്റെ തലമുറ. ആഹ്ലാദത്തെക്കാളേറെ ഭയമനുഭവിച്ചു കൊണ്ട് ക്രിക്കറ്റ് കണ്ട ഒരു കാലഘട്ടമായിരുന്നു അത്. ഈ മനുഷ്യൻ കടന്നു വരുന്നതു വരെ അതങ്ങനെ തന്നെയായിരുന്നു. ധോണി നമ്മുടെ ക്രിക്കറ്റിന്റെ നായകനായതു മുതൽ നാം ഭയമില്ലാതെ, ആഹ്ലാദത്തോടെ മാത്രം ക്രിക്കറ്റ് ആസ്വദിച്ചു തുടങ്ങി. ഒരു തുടക്കക്കാരൻ പോലും ഭയമില്ലാതെ കളിച്ചു തുടങ്ങി. ക്രിക്കറ്റ് ഞങ്ങൾക്ക് ആനന്ദകരമായ ഒരനുഭവമാക്കിത്തന്നതിനു നന്ദി സർ. സർ, ഒരു ഫോട്ടോ, ദയവായി”, നിരായുധനാക്കുന്ന ഈ ഒരപേക്ഷയോടെയാണദ്ദേഹം പ്രസംഗമവസാനിപ്പിച്ചത്.

മഹേന്ദ്ര സിംഗ് ധോണി
ഇതിഹാസം രചിക്കുന്ന രണ്ടു പേര് തങ്ങളുടെ നേട്ടങ്ങളെ വളരെ ഭവ്യതയോടെ അണിഞ്ഞു നിന്ന, അവിസ്മരണീയമായ ഒരു മുഹൂർത്തമായിരുന്നു അത്. അവരിലൊരാൾ ജനിച്ചത് ഛത്തീസ്ഗഡിലെ റയ്പൂരിൽ, മറ്റെയാൾ കർണാടകയിലെ റയ്ച്ചൂരിൽ. വരത്തന്മാരായ അവര്‍ രണ്ടു പേരും ക്രിക്കെറ്റിലും എന്റര്റൈന്മെന്റിലുമുള്ള മുംബൈയുടെ താന്‍പോരിമയുടെ കണക്ക് നിസ്സാരമായി തീര്‍ത്തു കൊടുത്തു.
ധോണിയോടുള്ള ആരാധനയെക്കുറിച്ചുള്ള ഒരു ചോദ്യം ചോദിച്ചു കൊണ്ടുള്ള ഫോണ്‍ സന്ദേശത്തിനു ഉത്തരം കിട്ടിയില്ല. ‘സർ‘ വിദേശ പ്രതിനിധികളുമായുള്ള നിർമ്മാണ ചർച്ചകളിലാണെന്നും ക്ഷമിക്കണമെന്നും അദ്ദേഹത്തിന്റെ സെക്രട്ടറി വിളിച്ചറിയിച്ചു. കാത്തിരിപ്പിന് പക്ഷെ ഫലമുണ്ടാകും. ‘സറി’ന്റെ മറുപടി വന്നു. ബാഹുബലിയിലെ നായകന് മഹേന്ദ്രയെന്നു പേരിട്ടതിനു പിന്നില്‍ പ്രചോദനം ധോണിയാണോ എന്ന ചോദ്യത്തിന് ഒരു നല്ല കഥയെ നശിപ്പിക്കുമെങ്കിൽ പോലും സത്യത്തോട് കൂറു പുലർത്തണമെന്നു നിര്‍ബന്ധമുള്ള സംവിധായകന് ഒറ്റവാക്കില്‍ പുഞ്ചിരി മുഖം ചേര്‍ത്ത് മറുപടി പറഞ്ഞു, “അല്ല’.
അവിടം കൊണ്ട് തീരുന്നില്ല. രണ്ടാമത്തെ ചോദ്യം രണ്ടു മഹേന്ദ്രന്മാർക്കുമിടയില് സമാനതകള്‍ക്ക് സാധ്യതയുണ്ടോ എന്നായിരുന്നു. ഇത് സംവിധായകനെ സംസാരിക്കുവാൻ പ്രേരിപ്പിച്ചു. ധോണിയെപ്പോലൊരു കഥാപാത്രമുണ്ട്, പക്ഷേ അത് മഹേന്ദ്രയല്ല. “മഹേന്ദ്ര ബാഹുബലി എടുത്തു ചാട്ടക്കാരനാണ്, ധോണിയാകട്ടെ സംയമനമുള്ളവനും. നേരിയ താരതമ്യമുണ്ടെങ്കിൽ, വാസ്തവത്തിൽ, അത് അമരേന്ദ്ര ബാഹുബലിയുമായിട്ടാണ്”. അദ്ദേഹം വിശദീകരിച്ചു. ഒറ്റവാചകത്തിൽ രാജമൗലി ധോണിയെ വെളിപ്പെടുത്തി. വർത്തമാനകാല ക്രിക്കറ്റിലെ പ്രവണതകളെ പക്വതയോടെ നിരീക്ഷിക്കുന്ന ഒരു അനുവാചകന്റെ, സങ്കീർണ കഥാപാത്രങ്ങളെ സൃഷ്ടിക്കുവാൻ എന്തു വേദനയും സഹിക്കുന്ന ഒരു സൃഷ്ടാവിന്റെ, വായനയായിരുന്നു അത്.
കഥയറിയാത്ത കാണികൾക്കായി ഒരു വിശദീകരണം: അമരേന്ദ്ര, മഹേന്ദ്രയുടെ പിതാവാണ്. രണ്ടും അവതരിപ്പിക്കുന്നത് ധോണിയും കൊനനും ചേര്‍ന്ന പോലെയിരിക്കുന്ന പ്രഭാസ്. സങ്കീർണമായ കഥാഗതികൾക്കും തിരിവുകൾക്കുമൊടുവിൽ അമരേന്ദ്രയ്ക്ക് തന്റെ കിരീടം നഷ്ടമാകുന്നു, പക്ഷേ അദ്ദേഹത്തിന്റെ ജനപ്രിയത നിലനിൽക്കുന്നു. ചിത്രത്തിലെ അവിസ്മരണീയമായ കിരീടധാരണച്ചടങ്ങിന്റെ സീനില്‍, രാജാവിനു നൽകിയതിലേറെ ആവേശത്തിൽ പ്രജകൾ ആർപ്പു വിളിക്കുന്നത് സേനാനായകനു വേണ്ടിയാണ്. നിലത്തു കുന്തം കുത്തി, സിംഹാസനമിളകുന്ന വിധത്തിൽ അവർ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു. നായകരാകുവാൻ ചിലർക്ക് പദവികൾ ആവശ്യമില്ല.
ഇന്ത്യ ഫീൽഡ് ചെയ്യുന്ന അവസരങ്ങളിൽ, സ്റ്റാന്‍ഡിലും സെന്‍ട്രല്‍ സ്ക്വയറിലും ഉള്ളവര്‍ക്ക് മുന്‍ ക്യാപ്റ്റൻ ധോണിയെക്കുറിച്ച്, അതാണു തോന്നുക. പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹമാണ് ഇന്ത്യയുടെ ക്യാപ്റ്റൻ, പദവിയിലാണെങ്കിലും അല്ലെങ്കിലും. വിരാട് കോലിയുടെ പൂർണ പിന്തുണയുള്ള ഹാഫ് സ്കിപ്പര്‍. സൗകര്യപ്രദവും മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുമുള്ള അനൗദ്യോഗിക ചുമതലയേല്പ്പിക്കലാണത്. മുന്‍നായകനും ഇപ്പോൾ പദവിയിലുള്ള നായകനുമായുള്ള ഈ പുതു ചങ്ങാത്തത്തിന് അതിന്റേതായ, ഗൂഡലക്ഷ്യങ്ങള്‍ ഇല്ലാത്ത പ്രമാണങ്ങളുണ്ട്. മൈതാനത്തിലെ വഴക്കുകളും ഈഗോ പ്രശ്നങ്ങളും, ഡ്രെസ്സിംഗ് റൂമിലെ അധികാര സമവാക്യങ്ങള്‍ അറിയാവുന്നവര്‍ക്ക് എളുപ്പം പരിഹരിക്കാമല്ലോ.
കോഹ്ലിയ്ക്ക് ഉപദേശമാവശ്യമുള്ളപ്പോഴോ, ഒരു ഉജ്ജ്വല സെഞ്ച്വറിയ്ക്കു ശേഷം ചിന്തിക്കുവാൻ കഴിയാതാകുമ്പോഴോ ആണ് ധോണിയ്ക്ക് പകരാധികാരം നൽകുന്നതെന്നാണ് പറയപ്പെടുന്നത്. ക്രിക്കറ്റിന്റെ ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗത്തുനിന്നും വിരമിച്ചു കഴിഞ്ഞ 37കാരനായ ധോണി തന്റെ ഇന്നിംഗ്സില്‍ മാർഗ്ഗനിർദ്ദേശക വേഷത്തിലാണിപ്പോൾ. അദ്ദേഹം ടീം ക്യാപ്റ്റനു ഭീഷണിയുമല്ല. വെള്ളിനാരുകൾ കൂടുതലൂള്ള താടിയുമായി, പ്രായമേറുന്ന ധോണി, ഒരു സി ഇ ഓ സ്ഥാനകാംക്ഷിയല്ല. മറിച്ച് ഹെല്പ് ഡെസ്ക് സമർത്ഥമായി മാനേജ് ചെയ്യുന്ന ഒരു വിശ്വസ്ത കൃതഹസ്തം മാത്രമാണ്.
ഇന്ത്യ ഇംഗ്ലണ്ടിനോട് 1-4ന് പരാജയമേറ്റു വാങ്ങിയ സന്ദർഭത്തിൽ, ക്രിക്കറ്റിലെ പ്രമുഖ ചിന്തകനും മുൻ സ്കിപ്പറുമായ മൈക്ക് ബ്രേർലി, കോഹ്ലി തന്റെ ടീം അംഗങ്ങളില്‍ നിന്ന് അകന്നു പോയേക്കാവുന്ന, പ്രമാണിയായ ഒരു നായകനായി മാറുന്നന്നതിനെക്കുറിച്ചുള്ള ഭയം പ്രകടിപ്പിച്ചിരുന്നു. അവരുടെ ജോലികൾക്കും, ട്വിറ്ററിൽ കോഹ്ലിയെക്കുറിച്ചുള്ള ആവേശഭരിതമായ റ്റ്വീറ്റുകളെഴുതുന്നതിനുമിടയ്ക്കുള്ള സമയത്ത് ചിലപ്പോഴൊക്കെ ബി സി സി ഐ കമന്റേറ്റർമാർ ഒരു നയതന്ത്രജ്ഞനെന്ന നിലയിലുള്ള ഇന്ത്യൻ ക്യാപ്റ്റന്റെ പരിമിതികളെക്കുറിച്ച് പറയുന്നതിനായി പ്രെസ്സ് ബോക്സിലേയ്ക്കും കടന്നു ചെല്ലാറുണ്ട്.
ഇത്തരം സംസാരങ്ങൾ പ്രചരിക്കുന്നതിനിടെ, ഏറെക്കാലമായി രണ്ടാമനായിരിരിക്കുന്ന രോഹിത് ശർമ്മയെ ഓവറുകൾക്കിടയിൽ കൂടിയാലോചനകൾക്കു വിളിക്കുന്നത് അത്ര നല്ല കാഴ്ചയല്ല പ്രദാനം ചെയ്യുന്നത്. ചില അനുമാനങ്ങളിലേക്കെത്താന്‍ സെലെക്ടര്മാര്ക്ക് വഴിയൊരുക്കാന്‍ അത് സഹായകരമാകും. എന്നാല്‍, ഒടുവിലത്തെ ആക്റ്റില്‍, ധോണി വന്ന് റിംഗ് മാസ്റ്റര്‍ സ്ഥാനം ഏറ്റെടുക്കുമ്പോൾ, തന്റെ ടീം സുരക്ഷിതകരങ്ങളിലാണെന്നും തന്റെ കിരീടം സുഭദ്രമാണെന്നും ഉറപ്പിച്ചു കൊണ്ട് ക്യാപ്റ്റന്‍ അതിരിൽ നിന്നു ധൈര്യമായി ഫീൽഡു ചെയ്യാമെന്ന ആർഭാടവുമാകാം.
ഈ സന്ദർഭത്തിലാണ് അടുത്ത ലോക കപ്പു വരെ ധോണി നിലനിൽക്കില്ലെന്ന വാദം അപ്രസക്തമാകുന്നത്. അദ്ദേഹത്തിന്റെ നിഷ്കാഷസനത്തെ പിന്തുണയ്ക്കുന്ന ശക്തമായ ക്രിക്കറ്റ് യുക്തിയ്ക്കുപരിയായി, സുപ്രധാനമായ ഒരു റിയാലിറ്റി ചെക്കിനെ മറികടക്കാതെ പോകുന്നത്. ടീം ഇന്ത്യയ്ക്ക് ധോണിയില്ലാതെ കളിക്കുവാൻ കഴിഞ്ഞേക്കും, പക്ഷേ കോഹ്ലിയ്ക്കതാവില്ല. അവിടെ തീര്‍ന്നു ആ വാദം.
ഒരു കോച്ച് എന്ന നിലയില്‍ വൻ വിജയമായിരുന്ന അനിൽ കുംമ്പ്ലെയെ ക്യാപ്റ്റൻ കോഹ്ലിയെ എതിർക്കേണ്ട എന്നതിന്റെ പേരിൽ മാത്രം നീക്കം ചെയ്ത അതേ ബി സി സി ഐ ആണിതെന്നോർക്കണം. അതിനാൽ, ലോകകപ്പിനോടുത്ത സമയത്ത് കോഹ്ലി- ധോണി ഉടമ്പടിയെ അസ്വസ്ഥമാക്കുവാൻ ബി സി സി ഐ ആഗ്രഹിക്കില്ല. മറുവശത്ത്, ധോണിയ്ക്ക് താൻ ആരാണോ അതായിരിക്കുവാന്‍, അതായത് ഒരു നൈസർഗ്ഗിക നായകനായിരിക്കുവാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് ഇതർത്ഥമാക്കുന്നു.

ടീമിനൊപ്പം ധോണി
പണ്ടൊരിക്കൽ, ഒരു സംവിധായകൻ, ഒരു പട്ടിണിപ്പാവത്തിന്റെ വേഷമഭിനയിക്കുവാനാവശ്യപ്പെട്ട് നടന് ഋഷി കപൂറിനെ സമീപിച്ചു.
“ഏതു കോണിൽ നിന്നു നോക്കിയാലാണു ഞാൻ ഒരു പട്ടിണിപ്പാവമായി കാണപ്പെടുന്നത്?”, കൊഴുത്തു തടിച്ച ഋഷി കപൂര്‍ ചോദിച്ചു. അതുപോലെ, ആത്മവിശ്വാസമുള്ള വ്യക്തിത്വവും അധികാര പരിവേഷവുമുള്ള ധോണിയെ ഏതു കോണിൽ നിന്നും നോക്കിയാലും ഒരു അനുയായിയായി തോന്നില്ല. ചില മനുഷ്യരിൽ ആശ്രിത ഭാവം ഉണ്ടാവുകയേയില്ല.
ജീവിതത്തിന്റെ ആദ്യ കാലത്ത് തന്നെ റാഞ്ചിയിൽ കുടുങ്ങി, പ്രാദേശിക ഇതിഹാസമായി തീരാനുള്ളവനെല്ല താന്‍ എന്ന വിശേഷപ്പെട്ട മുന്നറിവ് ധോണിയ്ക്ക് കിട്ടിയിരുന്നു. പിന്നീടുള്ള ജീവിതത്തിലെ ടിക്കറ്റ് കളക്ടറുടെ ജോലിയും, ഓരോ സ്ഥാനക്കയറ്റത്തിനും ശമ്പളവർദ്ധനവിനും മേലധികാരികളുടെ കരുണ യാചിക്കുന്നതുമെല്ലാം, തീർത്തും ശ്വാസം മുട്ടിക്കുന്നതായി തോന്നി അയാള്‍ക്ക്. വലിയ ലക്ഷ്യങ്ങളിൽ കണ്ണു നട്ട്, ധോണി തനിക്ക് സ്വയം വലിയ റോളുകൾ നൽകി. ഇന്ത്യൻ ടീമിലെ ആദ്യ നാളുകളിൽ പോലും ടീമിന്റെ സഞ്ചിത താല്പര്യത്തെക്കുറിച്ചു ധോണി ബോധവാനായിരുന്നു. തന്റെ ശമ്പളത്തിന്റെയോ സ്ഥാനത്തിന്റെയോ പരിമിതിക്കുള്ളില്‍ നിന്നല്ല ധോണി ഒരു ചുമതലയേയും കണ്ടത്.
ഗ്രെഗ് ചാപ്പലിന്റെ പുസ്തകമായ ‘ഫിയേര്സ് ഫോക്കസി’ൽ, ഇന്ത്യന്‍ മാനസികാവസ്ഥയുടെ ഒരു ക്രൂരവിശകലനമുണ്ട്. അതില്‍ ധോണിയെ മാത്രം മാറ്റിനിര്‍ത്തി പ്രശംസയോടെ ഇങ്ങനെ പറയുന്നു, “ ഇന്ത്യൻ ക്രിക്കറ്റിലെ യഥാർത്ഥ പ്രതീക്ഷാ കിരണമാണ്, എന്നോടൊപ്പമിതുവരെ ജോലി ചെയ്തിട്ടുള്ളവരിൽ വച്ച് ഏറ്റവും സമർത്ഥരായ യുവ ക്രിക്കറ്റ്കളിക്കാരിൽ ഒരാളായ മഹേന്ദ്ര സിംഗ് ധോണി. അദ്ദേഹം വളരെ സമർത്ഥനായിരുന്നു, ഏറ്റവും നല്ല ക്യാപ്റ്റന്മാരെപ്പോലെ അദ്ദേഹത്തിനു കളി മനസ്സിലാക്കുവാനാകുന്നു. ഇടവേളകളിൽ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ ഞാൻ ആശ്രയിച്ചിരുന്നത് ധോണിയെയാണ്”, അദ്ദേഹമെഴുതി.

ടീം അംഗങ്ങള്‍ക്കൊപ്പം ധോണി, ഫൊട്ടോ: ഇന്ത്യന്‍ എക്സ്പ്രസ്സ്
സൗരവ് ഗാംഗുലിയെയും സച്ചിൻ ടെണ്ടുൽക്കറെയും പോലുള്ള മുതിർന്ന കളിക്കാരുമായി പരസ്യമായ തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന ചാപ്പൽ, ഇന്ത്യയുടെ സുസ്ഥിരമായ പ്രശ്നമായ നായകത്വപരിമിതികളുടെ കാരണം ചൂണ്ടിക്കാട്ടുന്നു.”അയാളുടെ (ഗാംഗുലി) പ്രശ്നമെന്തെന്നാല്‍, ഇത്തരം യുവതാരങ്ങളെ വളർത്തിക്കൊണ്ടു വരുമ്പോൾ മാതാപിതാക്കളും അധ്യാപകരും പരിശീലകരും മറ്റു മാർഗ്ഗനിർദ്ദേശകരും മാനേജർമാരും തുടങ്ങി സ്പോൺസർമാർ പോലും അവർക്കായി തീരുമാനങ്ങളെടുക്കുന്ന അവസ്ഥയുണ്ട് എന്നുള്ളതാണ്. ഉന്നതസ്ഥാനങ്ങളിലെത്തുവാൻ ഇതവരെ സഹായിക്കും, പക്ഷേ നിങ്ങൾ തനിയേ, നഗ്നനായി, സ്പോട്ട് ലൈറ്റിൽ നിന്ന് കൊണ്ട് തീരുമാനങ്ങള്‍ എടുക്കേണ്ട ഇടമാണ് ടെസ്റ്റ് ക്രിക്കറ്റ്. അനിവാര്യമായ പ്രശ്നങ്ങളുണ്ടാകുമ്പോൾ അവിടെ അത് പരിഹരിക്കാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റൊരാള്‍ക്കാവില്ല.
ചാപ്പൽ കൂടുതൽ കാലം ഇവിടെയുണ്ടായിരുന്നുവെങ്കിൽ ഈ നാനാത്വ രാജ്യത്തിലെ കോടിക്കണക്കിനുള്ള ജനങ്ങളുടെ ഈ സാമാന്യവത്കരണം ഒഴിവാക്കുമായിരുന്നു. എന്തെന്നാൽ ചാപ്പൽ പറഞ്ഞതു പോലെ, ധോണി പിതാവിന്റെ വാക്കു കേട്ടു ജീവിച്ചിരുന്നുവെങ്കിൽ , ഇപ്പോഴദ്ദേഹം രാജധാനിയിലോ ശതാബ്ദിയിലോ യാത്രക്കാരുടെ ആധാർ കാർഡു പരിശോധിക്കുകയായിരിക്കും. റാഞ്ചിക്കാരനായ ആ യുവാവ് തന്റെ മനസ്സിന്റെ വിളിയാണു കേട്ടത്. വ്യക്തിനിഷ്ടതയിലും അസാമ്പ്രദായികത്വത്തിലും ഊന്നിയതായിരുന്നു മഹിയുടെ വഴി.
ഇന്ത്യയിലെ ചെറുനഗരങ്ങൾ ദേശീയ ടീമിലേയ്ക്ക് കടന്നു വരുന്ന കാലത്തായിരുന്നു പദവികളിലേയ്ക്കുള്ള ധോണിയുടെ ഉയർച്ച. മുംബൈ- ദില്ലി- ബംഗലുരു-ചെന്നൈ എന്ന ആധിപത്യം മങ്ങിയിരുന്നുവെങ്കിലും ഒരു ക്ലാസ്സ് വിഭജനം ഡ്രെസ്സിംഗ് മുറിയിലും ആരാധകരുടെ മനസ്സിലും അവശേഷിച്ചിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന നാഗരിക കളിക്കാരായ ടെണ്ടൂൽക്കർ, രാഹുൽ ദ്രാവിഡ്, ഗാംഗുലി, കുമ്പ്ലെ എന്നിവർ അപ്പോഴും നായകരായി മുൻനിരയിൽ തന്നെ നിന്നു. പരിഷ്കൃതമായ ക്രിക്കറ്റ് ശേഷിയും ബുദ്ധിപരമായ നയതന്ത്രവുമുള്ളവരായി അവർ കണക്കാക്കപ്പെട്ടു. ധോണി, സേവാംഗ്, ഹർഭജൻ സിംഗ്, മുനാഫ് പട്ടേൽ എന്നിവർ നിർദ്ദേശങ്ങളനുസരിക്കേണ്ട ഭടന്മാരാണെന്ന് പ്രതീക്ഷിക്കപ്പെട്ടു.

ധോണിയും സൗരവ് ഗാംഗുലിയും, ചിത്രം. ഇന്ത്യന്‍ എക്സ്പ്രസ്സ്
ആദ്യകാലത്ത് ധോണിയും വിരേന്ദർ സെവാംഗിനെപ്പോലെ, ഗുസ്തിക്കാരന്റെ കരുത്തും കർഷകന്റെ ശേഷിയുമുള്ള, പാൽ കുടിക്കുന്ന ക്രിക്കറ്ററായി അറിയപ്പെട്ടു. മറ്റു ചില അവസരങ്ങളിൽ സ്റ്റമ്പുകൾക്കിടയിൽ ഊഞ്ഞാലാടുന്ന ടാർസനായും കരുതപ്പെട്ടു. പ്രമുഖ താരമാണെന്ന് കരുതപ്പെടുവാൻ, ആ പ്രത്യേക ക്ലാസ്സിൽ നിന്ന് – നാഗരിക ഉന്നതരിൽ നിന്ന് – വരുന്നവനായിരിക്കണമല്ലോ.
ചെറുനഗരങ്ങളിൽ നിന്നുള്ളവരെ വിശേഷിപ്പിച്ചിരുന്ന വാക്കുകളും അപരിഷ്കൃതങ്ങളായിരുന്നു. ധോണി ഒരിക്കലും ബുദ്ധിമാനെന്നു വിളിക്കപ്പെട്ടില്ല, പകരം കൗശലക്കാരനായി. അയാളൊരിക്കലും പന്തിനെ തഴുകിയില്ല, ഇടിച്ചതേയുള്ളു. അയാൾ വിക്കറ്റുകൾക്കിടയിൽ തെന്നി നീങ്ങിയില്ല, വിരണ്ടോടുകയായിരുന്നു.
കാലത്തോടൊപ്പം അഭിപ്രായങ്ങളും മാറി. ടാർസൻ, സന്യാസിയായി. പക്ഷേ അതൊരു രായ്ക്കുരാമാനമുള്ള മുഖം വെളുപ്പിക്കലായിരുന്നില്ല. ജനകോടികളുടെ പക്ഷപാതം അവസാനിപ്പിക്കുവാൻ വർഷങ്ങൾ വേണ്ടി വന്നു. ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിനെ പുന:നിർവ്വചിച്ചുകൊണ്ട് ധോണി ഒരു മധ്യസ്ഥനെപ്പോലെ ടീമിനെ കൈ പിടിച്ചു നയിച്ചു. ഇന്ത്യയുടെ ചരിത്രപരമായ അതിരൂക്ഷ ക്രിക്കറ്റ് ആരാധനയിൽ സമാധാനം വ്യാപിച്ചു തുടങ്ങി. ക്രിക്കറ്റ് ഇന്ത്യൻ ഗൃഹങ്ങളിലേയ്ക്ക് കേബിൾ വഴി എത്തുകയും ഏകദിന കളികൾ, ടെസ്റ്റ് പരമ്പരകൾക്കു പകരമാകുകയും ചെയ്തതിനു ശേഷം ആദ്യമായി, ക്രിക്കറ്റ് മത്സരമുള്ള ദിനങ്ങളിൽ, ഇന്ത്യ ശാന്തമായി ജീവിക്കുന്നുവെന്ന് ധോണി ഉറപ്പാക്കി.

മഹേന്ദ്ര സിംഗ് ധോണി, ഫൊട്ടോ: പി ടി ഐ
രാജമൗലി ഏറ്റുപറഞ്ഞതുപോലെ, ആ ‘പഴയ’ ദിനങ്ങൾ അത്ര നല്ല ദിനങ്ങളായിരുന്നില്ലെന്ന് 80 കളിലെയും 90 കളിലെയും ആവേശഭരിതരായ ക്രിക്കറ്റ് കാഴ്ചക്കാർ സമ്മതിക്കും. പാകിസ്താനെതിരായ വെള്ളിയാഴ്ച കളികൾ, 1996ലെ ശ്രീലങ്കയ്ക്കെതിരായ ലോക കപ്പ് സെമി, ആസ്ട്രേലിയയെ ചേസ് ചെയ്തുണ്ടായ അനവധി ബാറ്റിംഗ് തകർച്ചകൾ, അസംഖ്യം തരംതാഴ്ന്ന അടിയറവുകൾ, ജവഗൽ ശ്രീനാഥിന്റെ റണ്ണൗട്ടുകൾ – ഒരിക്കലും രണ്ടാമതു ബാറ്റിംഗ് എന്നതു സ്വീകാര്യമാകാതിരുന്ന കാലം, ടെണ്ടുൽക്കർ ആദ്യം തന്നെ പുറത്തായാൽ കൂട്ടുകാരെ വിളിച്ചു കൂട്ടി പരാജയത്തിൽ ഒന്നിച്ചാശ്വസിക്കേണ്ടി വരുമെന്നതിന്റെ മുന്നറിയിപ്പായിരുന്ന ‘ഗള്ളി’ ക്രിക്കറ്റിന്റെ കാലം.
ധോണി കൂടെയുള്ളപ്പോൾ, ഇന്ത്യയ്ക്ക് റൺസ് പിന്തുടരാനുള്ള ധൈര്യമുണ്ടായി. കാണിയെന്ന നിലയിൽ ആരുമാഗ്രഹിച്ചിരുന്നത് ധോണി- ബൗളർ അന്തിമ ഓവറുകളാണ്. ഒരു ചെറിയ തകർച്ചയ്ക്കു ശേഷം ടീമിനു തിരിച്ചു വരവു നടത്താം, അതൊരു സന്തോഷകരമായ അന്ത്യം സമ്മാനിക്കുന്ന ത്രില്ലർ ആകുകയും ചെയ്യും. അവസാന ഓവറുകൾ വരെയും ‘ധോണി ഹൈ നാ’ ( ധോണിയുണ്ടല്ലോ) എന്ന മന്ത്രം വീടുകളുടെ സ്വീകരണ മുറികളെ സജീവമാക്കി. പക്ഷേ പ്രസന്നമായ ആ മുഖത്തിനു പിന്നിലെ ക്ഷുഭിത മനസ്സ് ആരുമറിഞ്ഞില്ല. മുകൾപ്പരപ്പിൽ തുടിച്ചു നിൽക്കുന്ന ഒരു അരയന്നത്തെപ്പോലെ, ക്രിക്കറ്റിന്റെ ആഴങ്ങളിൽ തുഴഞ്ഞു നിൽക്കുവാൻ ധോണി ഉഗ്രമായി അധ്വാനിക്കുകയായിരുന്നു.
2013ലെ ഒരു ശൈത്യകാല തുടക്കദിനത്തിൽ, മുതിർന്ന കളിക്കാർ ആധിപത്യം സ്ഥാപിച്ചിരുന്ന ഡ്രെസ്സിംഗ് റൂമിനെപ്പറ്റി ധോണി സംസാരിക്കുകയുണ്ടായി. ആ മുതിർന്ന നായകകളിക്കാർക്ക് അവരുടെ ഇഷ്ട യുവതാരങ്ങളുമുണ്ടായിരുന്നു. യുവരാജ് സിംഗിന്റെ പുസ്തക പ്രകാശനച്ചടങ്ങിലാണു ധോണി അത് വരെ മനസ്സില്‍ അടക്കിപ്പിടിച്ചത് തുറന്നു പറഞ്ഞത്.
ആ സായന്തനത്തിന്റെ കഥകളിൽ ഒന്നു രണ്ടെണ്ണം മനസ്സിലുണ്ട്. ഒന്ന്, അണ്ടർ 19 ടീമിലെ സിംഗിന്റെ ഇഷ്ടഭാജനം ഒരു ‘ബീഹാറി‘യായിരുന്നു. ആ വിളിപ്പേരിൽ ഒളിഞ്ഞിരുന്നത് ഭൂമിശാസ്ത്രം മാത്രമായിരുന്നില്ലെന്നത് വ്യക്തമാണ്.
രണ്ടാമതായി, റാഞ്ചിയിൽ നിന്നുള്ള പുതുമുഖത്തിനു തന്റെ സീനിയറിൽ നിന്നും ലഭിച്ച തീവ്രസ്നേഹം. “ഞങ്ങൾ പാകിസ്ഥാനിൽ കളിക്കുകയായിരുന്നു. ഞാൻ ‘സിക്സുകളും ഫോറുകളും’ അടിച്ചു കൊണ്ടിരുന്നു. അതിനാലദ്ദേഹം ‘Haan bhai kya chal raha hai?’( സഹോദരാ, എന്താണു നടക്കുന്നത്?‘) എന്നു ചോദിച്ചു. ഞാൻ പറഞ്ഞു, ‘Just ball dekhta hoon aur maarne ki koshish karta hoon’ (വെറുതെ പന്തു നോക്കി അടിക്കുവാൻ ശ്രമിക്കുകയാണ്) അതിനു യുവി ഇങ്ങനെയാണു മറുപടി പറഞ്ഞത്, ‘Haan haan, thoda time hone de, pressure padega phir pata chalega ke chhakke se nahi, match jeetane se zyada appraisal hota hai’, ( അതെ, കുറച്ചു കാലം കഴിയട്ടെ, സിക്സും ഫോറുമൊന്നുമല്ല, വിജയിക്കുന്നതാണു കാര്യമെന്ന് സമ്മർദ്ദമുണ്ടാകുമ്പോൾ മനസ്സിലാക്കും) ധോണി ഓർമ്മിച്ചു. പുതുമുഖങ്ങൾക്കുള്ള പ്രചോദനാശയങ്ങൾ പ്രകാശിതമാകുന്ന വേളയ്ക്ക് അനുയോജ്യമായ ഒരു അയവിറക്കൽ ആയിരുന്നില്ല ഇത്.
ക്രിക്കറ്റ് രംഗത്തെ റിപ്പോർട്ടർമാരെ സംബന്ധിച്ചിടത്തോളം ടീമിനുള്ളിലെ പാളയങ്ങളുടെ എണ്ണം സൂക്ഷിക്കേണ്ട കാലത്തായിരുന്നു ഇതു സംഭവിച്ചത്. ഒരു താരവുമായി അടുത്ത ബന്ധമുണ്ടാകുക എന്നത് കൂടുതൽ പരിരക്ഷ നൽകിയിരുന്നതായി കരുതപ്പെട്ടിരുന്നു. പക്ഷേ ധോണി അങ്ങനെയൊരു ആരാധനയിൽ വിശ്വസിച്ചില്ല. ഏതെങ്കിലും കൂട്ടുകെട്ടിന്റെ ഭാഗമാകുവാൻ ധോണി ശ്രമിച്ചില്ല. പക്ഷേ ഒരു സ്വാഭാവിക നേതാവെന്ന നിലയ്ക്ക് എല്ലായ്പ്പോഴും ധോണിയ്ക്കു ചുറ്റും കമ്മിറ്റഡ് ആയ സഹപ്രവര്‍ത്തകര്‍ എന്നും ഉണ്ടായിരുന്നു.

മകള്‍ സിവയോടൊപ്പം ധോണി, ഫൊട്ടോ: എ പി
അദ്ദേഹത്തിന്റെ ബയോപ്പിക്കിന്റെ ആദ്യ ഭാഗങ്ങളെടുക്കുമ്പോള്, മഹി വിശ്വാസികളുടെ ഒരു ഉല്ലാസ സംഘമാണു മനസ്സിൽ വരുന്നത്. മൈലുകളോളൊം ഒപ്പം യാത്ര ചെയ്ത് മഹിയുടെ അവസരങ്ങളൊന്നും നഷ്ടപ്പെടില്ലെന്നു ഉറപ്പാക്കിയവർ. പിന്നീടുള്ള ജീവിതത്തിൽ, സുരേഷ് റയ്നയും ആർ പി സിംഗും റോബിം ഉത്തപ്പയും രവിന്ദ്ര ജഡേജയും മഹിയ്ക്കൊപ്പമുണ്ടായി.
ധോണിയുടെ നിലനിൽക്കുന്ന പൈതൃകം എന്തായിരിക്കുമെന്ന് ചാപ്പൽ എഴുതുന്നുണ്ട്. ചാപ്പലിനെ സംബന്ധിച്ചിടത്തോളം ധോണിയാണ്, ‘ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ഒരു പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയത്’. ഇന്ത്യൻ ക്രിക്കറ്റിന്റെ വലിയ തലമുറ മാറ്റത്തിനു തൊട്ടു മുൻപുള്ള സങ്കീർണ്ണ ടീം മെകാനിക്സിന്റെ ശ്വാസം മുട്ടിക്കുന്ന കഥയാണത്. ‘ഞാൻ യുവകളിക്കാരോട് വ്യക്തിപരമായി സംസാരിച്ചു, അവർക്ക് മഹത്തായ ആശയങ്ങളുണ്ട്, പക്ഷേ ടീമിന്റെ സമ്മേളനത്തിൽ അവർ നിശബ്ദരാകും.. അവരുടെയൊന്നും മുൻപിൽ ഞങ്ങൾക്കു സംസാരിക്കാനാവില്ല’, ചെറുപ്പക്കാർ പറയും. ‘ഞാനൊരു സീനിയറിന്റെ മുൻപിൽ സംസാരിച്ചാൽ, അവരതെനിക്കെതിരായി നടപടി എടുക്കും’, ടെണ്ടുൽക്കർ സംസാരിക്കുന്നതിനു മുൻപ് ഒരു വാക്കു പോലും പറയുവാൻ പലരും വിസമ്മതിച്ചിരുന്നു. അത്രയ്ക്ക് ആധിപത്യ വ്യവസ്ഥ നില നിന്നിരുന്നു. പക്ഷേ ധോണി, അനുഭവമാർജ്ജിക്കുകയും നേതൃത്വം ഉറപ്പിക്കുകയും ചെയ്തതിനു ശേഷം അത് ലംഘിക്കപ്പെട്ടു.
സാധ്യമായ എല്ലാ കണക്കുകൂട്ടലുകളും നിഗമനങ്ങളുമനുസരിച്ച് , അടുത്ത വർഷത്തെ ലോകകപ്പോടെ ധോണി ക്രിക്കറ്റ് അവസാനിപ്പിക്കും. അസ്തമയത്തിലേയ്ക്ക് നടക്കുമ്പോൾ, ആ നേതാവിന്റെ കരങ്ങള്‍ ക്ഷീണിതമായിരിക്കും. രണ്ടു ദശകങ്ങളോളം നീണ്ടു നിന്ന വിക്കറ്റ് കീപ്പിംഗിനൊടുവിൽ വേദനിക്കുന്ന മുറിവുകളും വളഞ്ഞു പോയ വിരലുകളുമാകും അദ്ദേഹത്തിനുണ്ടാകുക. പക്ഷേ വിക്കറ്റ് കീപ്പിംഗിൽ നിന്നല്ലാതെ ലഭിച്ച ആ പൊള്ളലുകൾ നോക്കൂ, അവ ജീവിത കാലം മുഴുവൻ ഇന്ത്യൻ ക്രിക്കറ്റിന്റെ കടിഞ്ഞാൽ മുറുകെപ്പിടിച്ചിരുന്നതിന്റെ മുദ്രകളാണ്. ആ നിയന്ത്രണം അത്ര കഠിനമാകുമ്പോൾ പോലും അതിനെയദ്ദേഹം കൈവിട്ടില്ല. ‘ധോണി ഹൈ നാ’ (ധോണിയുണ്ടല്ലോ) എന്ന മന്ത്രം വെറും ആശ്വാസവാക്കെന്നതിലുപരി, ആത്മവിശ്വാസത്തിന്റെ ഒരു ചങ്കുറപ്പാക്കി മാറ്റുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook