കിഷോരി അമോങ്കറിന് അഭിമുഖങ്ങള്‍ ഇഷ്ടമല്ല. അഭിമുഖങ്ങളെ സമയനഷ്ടമായാണ് അവര്‍ കണക്കാക്കുന്നത്. അതിനു പുറമേ, സംഗീത സാധന്യ്ക്കും പരിശീലനം നല്‍കാനുമുള്ള അവരുടെ വിലപ്പെട്ട സമയത്തെയും അഭിമുഖങ്ങള്‍ ഇല്ലാതാക്കുന്നു എന്നും അവര്‍ പറയുന്നു.

അതുകൊണ്ട് തന്നെയാണ് രണ്ടു മാസങ്ങള്‍ മുന്നേ, മുന്‍കൂട്ടി നിശ്ചയിച്ചതായ അഭിമുഖം നിഷേധിച്ചുകൊണ്ട് നമ്മുടെ കാലത്തെ ഏറ്റവും പ്രഗത്ഭരായ ശാസ്ത്രീയ സംഗീതജ്ഞരില്‍ ഒരാള്‍ ഞങ്ങളെ ഡൽഹിയിലെ അവരുടെ ഹോട്ടല്‍ മുറിയുടെ അടച്ച വാതിലിന് മുന്നില്‍ വളരെയേറെ സമയം നിര്‍ത്തിച്ചതും. “ഞാന്‍ ക്ഷീണിതയാണ്. അവരോടു സംസാരിക്കണം എങ്കില്‍ വീട്ടില്‍ വരാന്‍ പറയൂ”. വാതിലിനു പിറകില്‍ നിന്നും അവര്‍ മൊഴിഞ്ഞു. ശിഷ്യയായ നന്ദിനി ബേഡ്കാര്‍ ഖേദപൂര്‍വ്വം ഞങ്ങളെ നോക്കി.

മുംബൈയിലെ പ്രഭാദേവിയിലെ ഒരു ചെറിയ അപാര്‍ട്ട്മെന്‍റ് ആണ് അമോങ്കറിന്‍റെ വീട്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം, അവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ അവിടെ എത്തുകയായിരുന്നു. ഞങ്ങള്‍ അങ്ങനെയൊരു യാത്ര നടത്തും എന്ന് അവര്‍ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. “നിങ്ങള്‍ ഇവിടം വരെ വന്നു എന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും മുന്നേ, സംഗീതത്തെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളം അറിയാം എന്ന് എനിക്ക് അറിയേണ്ടതായുണ്ട്.” അമോങ്കര്‍ പറഞ്ഞു.

സങ്കീര്‍ണമായ കൊത്തുപണികള്‍ ഉള്ള ഒരു ആട്ടുകട്ടിലില്‍ അവര്‍ ഇരുന്നു. മെല്ലെ, താളക്രമത്തോടെ ആടി. ആ സ്വീകരണമുറിയില്‍ അപ്രതിരോധ്യമായ ഒരേയൊരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെയിരുന്നു അത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ബ്ലാക് ആണ്ട് വൈറ്റ് ചിത്രം ഒരു ചുമരിനെ മുഴുവനായി മൂടിയിരിക്കുന്നു. തന്‍റെ സ്വര്‍ണമണ്ഡലില്‍ വിരല്‍ മീട്ടുന്ന ചിത്രം ഒരു ‘trance’ ലേക്ക് എത്തിക്കുന്നുണ്ട്. അവരുടെ നെറ്റിയില്‍ സ്പഷ്‌ടമായി തെളിഞ്ഞുകിടന്ന വരകള്‍ മുറുകി നില്‍ക്കുന്ന സ്വരങ്ങള്‍ പോലെ ദൃശ്യമാകുന്നു. ഈ എണ്‍പത്തിനാലാം വയസ്സില്‍ അവരുടെ കണ്ണിനു ചുറ്റും വരകള്‍ തുന്നല്‍ പണി ചെയ്തിട്ടുണ്ട്. മുഖത്തേക്കും പടര്‍ന്നു കിടക്കുന്ന ആ വരകള്‍ അവരുടെ വയസ്സിനേയും അറിവിനേയും അടയാളപ്പെടുത്തി.

kishori amonkar, m a baby

പ്രമുഖരായ പല ശാസ്ത്രീയ സംഗീതജ്ഞരും തങ്ങളുടെ കച്ചേരികളെയാവും അവരുടെ പ്രശസ്തിക്കും അപ്രമാദിത്വത്തിനും കാരണമായി കണക്കാക്കുന്നത്. പക്ഷെ അമോങ്കര്‍ അത് ഒട്ടും കണക്കിലെടുക്കുന്നതായി തോന്നുന്നില്ല. അവര്‍ അവര്‍ക്ക് തോന്നിയ രീതിയില്‍, തോന്നുമ്പോള്‍ മാത്രം കച്ചേരികള്‍ അവതരിപ്പിക്കുന്നു. “അത്തരം പരിസരങ്ങള്‍ തന്നെ അസ്വസ്ഥമാക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് വിദേശങ്ങളില്‍ പാടാന്‍ കൂട്ടാക്കാതിരിക്കുന്നു. വല്ലപ്പോഴും, വളരെക്കുറച്ചു സ്ഥലങ്ങളില്‍ മാത്രം പാടുന്നു. ഇനി പാടുകയാണ് എങ്കില്‍ തന്നെ, ഈയടുത്ത് ഡല്‍ഹി നെഹ്രു പാര്‍ക്കില്‍ (The Society for the Promotion of Indian Classical Music And Culture Amongst Youth) നടത്തിയത് പോലത്തെ കച്ചേരിയില്‍ രാഗത്തിലേക്ക് എത്തിചേരുവാന്‍ തന്‍റെതായ സമയമെടുക്കുന്നു. അവരുടെ ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടായിരുന്നു. ഇടവിട്ടുള്ള ചുമ പാട്ടിനു തടസമാകുന്നുണ്ടായിരുന്നു. പലരും കരുതിയത് പ്രായം അവരില്‍ നിന്നും സംഗീതത്തെ അകറ്റി എന്നാണ്. പക്ഷെ സത്യം അതല്ല, അമോന്‍കര്‍ രാഗത്തിലേക്ക് ഇഴുകിചേരുവാന്‍ എപ്പോഴും സമയമെടുത്തിരുന്നു. എല്ലാ കച്ചേരികളിലും പാടാന്‍ തുടങ്ങുന്ന സമയത്ത് അമോന്‍കറിന്‍റെ ശബ്ദം ഇടറുമായിരുന്നു. ശരിയായ സ്വരത്തിലേക്ക് എത്തിചേരുവാനായി വിവിധ ദിശയിലേക്ക് സഞ്ചരിക്കുന്നതാണത്. ഓരോ കച്ചേരികളിലും അവര്‍ പരാജയത്തെ അഭിമുഖീകരിക്കുന്നുണ്ട്. പിന്നെ, സാധാരണത്വത്തോടെ അതുവരെയുള്ള പ്രയത്നങ്ങളെ പിന്നിലേക്ക് തള്ളിക്കൊണ്ട് രാഗത്തിന്‍റെ ഏറ്റവും ഉദാത്തമായ സ്വരത്തിലേക്ക് അവര്‍ ഊഴ്ന്നിറങ്ങും.

ഡൽഹിയിലെ ഈ ഒക്ടോബറില്‍ എന്‍റെ പ്രിയപ്പെട്ട രാഗമായ ബഗേശ്വരി ആയിരുന്നു അവര്‍ ആലപിച്ചത്. മിന്നല്‍ വേഗത്തിലാണ് അവര്‍ അതിന്‍റെ താനങ്ങള്‍ ആലപിക്കുന്നത്. അവരുടെ ശിഷ്യയായ നന്ദിനി ബേഡക്കറിനോ ചെറുമകളും ശിഷ്യവുമായ തേജസ്വി അമോന്‍കറിനോ അതുമായി കിടപിടിക്കാന്‍ സാധിക്കുന്നേയില്ല.

“അവര്‍ എങ്ങനെ ഒരു സ്വരത്തിലേക്ക് എത്തുന്നു എന്നത് ആ സ്വരത്തോളം തന്നെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടാണ് അവര്‍ ദേഹാതീതമായൊരു വൃത്തിയിലേക്ക് ചെല്ലുന്നതും നമ്മളെയും അവിടേക്ക് പിടിച്ചുകൊണ്ട് ചെല്ലുന്നതും. അവരുടെ പാട്ടുകള്‍ വികാരങ്ങളേയും അതുപോലെ തന്നെ സംഗീതത്തിന്‍റെ സാങ്കേതികതകളെയും മനോഹരമായി ചാലിക്കുന്നു ” തുമ്രി വ്യാഖ്യാതാവായ ഗിരിജാദേവി പറയുന്നു.

ഈ രാജ്യത്തെ സംഗീതമികവിന്‍റെ സുവര്‍ണ മാതൃകയെ പ്രതിനിധീകരിക്കുന്നുണ്ട് അമോങ്കര്‍. അമോല്‍ പലേക്കറും സന്ധ്യ ഗോഖലേയും അമോന്‍കറിനെക്കുറിച്ച് നിര്‍മിച്ച ‘ഭിന്ന ഷഡ്‌ജ’ എന്ന ഡോക്യുമെന്ററിയില്‍ തബല വിദ്വാനായ സാകിര്‍ ഹുസൈന്‍ പറയുന്നത് ഇങ്ങനെയാണ് “അവര്‍ പാടിയിരിക്കുന്ന രാഗങ്ങള്‍ ആ രാഗങ്ങളുടെയൊക്കെ ഏറ്റവും ശാശ്വതമായ ആവിഷ്കരണങ്ങള്‍ ആണ്. ഉസ്താദ് ആമിര്‍ ഖാന്‍റെ മര്‍വയോടു നിങ്ങള്‍ സംവേദിക്കുന്ന അതേ ശ്വാസത്തിലാവും കിഷോരി തായ്‌യുടെ’ ഭൂപ് ‘നോടു നിങ്ങള്‍ സംസാരിക്കുക. സംഗീതത്തില്‍ നാഴികകല്ലുകളായ ചില പ്രകടനങ്ങള്‍ ഉണ്ട്. അതില്‍ ചിലത് നൂറു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാവും സംഭവിക്കുക. അതിനെപ്പറ്റി നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ സംസാരിക്കും. ചിലപ്പോള്‍ വരാന്‍ പോവുന്ന നൂറ്റാണ്ടുകളിലും ആ സംസാരം തുടര്‍ന്നുകൊണ്ടിരിക്കും. അമോന്‍കറിന്‍റെ സംഗീതം എന്നാല്‍ ഒരാളുടെ ജീവിതത്തിലെ സകലമാന വിശദാംശങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു ചിത്രംപോലെയാണ്. അതില്‍ ചെറിയ ചെറിയ കഷണങ്ങളായി സന്തോഷമുണ്ട്, ദുഃഖമുണ്ട്, ദേഷ്യമുണ്ട്, നിരാശയുണ്ട്, മോഹഭംഗങ്ങളുമുണ്ട്.”

അമോന്‍കര്‍ സംഗീതം അഭ്യസിച്ചു തുടങ്ങുന്നത് ഉസ്താദ് അല്ലാദിയ ഖാന്‍ ജൈപൂര്‍ അത്രോളി ഖരാനയിലെ ഐതിഹാസ സംഗീതജ്ഞയായ മോഗുബായ് കുര്‍ദികാര്‍ എന്ന സ്വന്തം അമ്മയില്‍ നിന്നാണ്. മൂന്നു സ്വരങ്ങളിലൂടെ കടന്നുപോവുന്ന ഒരു ശബ്ദത്തെ മൂര്‍ച്ചകൂട്ടുവാനും ശ്രുതികളെ തിരിച്ചറിയുവാനും അവതരിപ്പിക്കുവാനുമുള്ള ഖരാനയുടെതായ പരിശീലനങ്ങള്‍ അവര്‍ക്ക് ലഭിച്ചത്.

അമോന്‍കറുമായി അവരുടെ പാട്ടിനെക്കുറിച്ചുള്ള സംഭാഷണം എന്നത് അവരുടെ പാട്ട് കേള്‍ക്കുന്നതിനു സമാനമാണ്. ഒരു ഖയാല്‍ ഗായികയുടെ ഭാവനയില്‍ തുന്നികൂട്ടിയ അവരുടെ കഥകള്‍ നിങ്ങളെ അപ്രതീക്ഷിതമായി പല ദിശകളിലേക്കും കൊണ്ടുചെല്ലും. ഞങ്ങള്‍ പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു, ശാസ്ത്രീയ സംഗീതത്തെക്കുറിച്ചു കുറച്ചു പരിജ്ഞാനവും ഒരു കൂട്ടം ചോദ്യങ്ങളുമായി വന്ന ഞങ്ങളിലേക്ക് അവര്‍ തിരിഞ്ഞു. “പറയൂ.. നിങ്ങള്‍ക്ക് സംഗീതത്തെക്കുറിച്ച് എന്താണ് അറിയുക ? ” അവര്‍ ചോദ്യകര്‍ത്താവ് ആവുകയായിരുന്നു.

അര മണിക്കൂര്‍ നേരം ഞങ്ങളെ ഇരുത്തി പൊരിച്ചശേഷം അവര്‍ക്ക് തെല്ലൊരു ആശ്വാസം ലഭിച്ചതായി തോന്നി. അവര്‍ സ്വരങ്ങളുടെ രഹസ്യങ്ങളെക്കുറിച്ച് പറയാന്‍ ആരംഭിച്ചു.

ഒരാള്‍ അറിയേണ്ടുന്ന ആദ്യത്തെ കാര്യം സംഗീതം രാഗത്തില്‍ നിന്നല്ല സ്വരത്തില്‍ നിന്നാണ് ആരംഭിക്കുന്നത് എന്നാണ്. “ഞാന്‍ എന്നെ തന്നെ ആവിഷ്കരിക്കുന്നത് അതിലൂടെയാണ്” അമോന്‍കര്‍ പറയുന്നു.

“എന്‍റെ അപ്പാർട്ടമെന്റിന്‍റെ കാവൽക്കാരനോട് എന്‍റെ ആദ്യത്തെ ചോദ്യം അയാള്‍ക്ക് ഒരു പ്രത്യേക രാഗം അറിയുമോ എന്നല്ല. അയാള്‍ക്ക് എന്‍റെ പാട്ട് ഇഷ്ടമായോ എന്നായിരിക്കും. അതിനായി എനിക്ക് ഈ മാധ്യമത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കേണ്ടതായുണ്ട്. എങ്ങനെയാണ് ഈ സ്വരത്തിന്‍റെ ചലനം ? നിങ്ങളുടെ മാധ്യമത്തെ നിങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് അതിനെ വെല്ലാന്‍ സാധിക്കയുള്ളൂ. അതിനായി നിങ്ങള്‍ സംഗീതം ആവിഷ്കരിക്കുന്നതിന്‍റെ തന്നെ തുടക്കത്തിലേയ്ക്ക് പോവേണ്ടതായുണ്ട്. ” അമോന്‍കര്‍ പറയുന്നു.

അനുഗ്രഹീത സംഗീതജ്ഞയും കണിശതയുള്ള ഗുരുവും സ്നേഹനിധിയായ അമ്മയുമായിരുന്നു കുര്‍ദികര്‍. അമോന്‍കറിനു ആറു വയസ്സ് മാത്രമുള്ളപ്പോഴാണ് കുർദികറിന് തന്‍റെ ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. മൂന്നു കുട്ടികളും, ദാരിദ്ര്യവും സംഗീതത്തെക്കുറിച്ചുള്ള അനന്തമായ അറിവുകളും മാത്രമായൊരു ലോകത്തേക്കാണ് അവരെ ആ നഷ്ടം തള്ളിയിട്ടത്.
“എന്‍റെ അമ്മ സംഗീതത്തെക്കുറിച്ച് ഒന്നും തന്നെ സംസാരിക്കുമായിരുന്നില്ല. അവര്‍ പാടുമ്പോള്‍, ഞാന്‍ അതുപോലെ തന്നെ അത് ആവര്‍ത്തിക്കുമായിരുന്നു. മറ്റൊരു ചോദ്യവും എനിക്ക് ഉണ്ടായിരുന്നില്ല. അമ്മയെ ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. വളരെ കണിശക്കാരിയായിരുന്നു അമ്മ. രണ്ടേരണ്ടു തവണ മാത്രമാണ് അമ്മ സ്ഥായിയും അന്ത്യവും പാടുക. മൂന്നാമതായൊരു ആവര്‍ത്തനം ഇല്ല. രണ്ടുതവണ കേള്‍ക്കുന്നതിനിടയില്‍ തന്നെ അമ്മ പാടിയതിന്‍റെ രൂപരേഖ ഞാന്‍ ഗ്രഹിക്കണമായിരുന്നു. ഞാന്‍ എകാഗ്രത പഠിക്കുന്നത് അങ്ങനെയാണ്. ഒരു സംഗീത ഗുരു എന്നാല്‍ അത്രയും നന്നാവേണ്ടതായുണ്ട്.

“എന്‍റെ ശിഷ്യര്‍ എന്നാണു ഒരു പരിപാടിക്കായി അരങ്ങില്‍ ഇരിക്കുക ? എന്നാണു അവള്‍ വിദേശത്തേക്ക് പോവുക ? ‘ എന്നു സ്ഥിരമായി പരവശനാകുന്ന ഒരു ഗുരുവിന് ഒരിക്കലും നിങ്ങളെ സംഗീതം പഠിപ്പിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ളൊരു വ്യക്തിക്ക് ഒരു അദ്ധ്യാപകന്‍ ആവാന്‍ സാധിക്കുമായിരിക്കും, പക്ഷെ ഒരു ഗുരു ആവാന്‍ ഒരിക്കലും അയാള്‍ക്ക് സാധിക്കില്ല.” അമോന്‍കര്‍ പറയുന്നു.

പരിശീലനവും സാധനയും ഉദാഹരിച്ചുകൊണ്ട് അവര്‍ കൂടുതല്‍ വിശദീകരിക്കുന്നു. പരിശീലനം എന്നത് കാര്യങ്ങളെ മനഃപാഠം പഠിക്കുക എന്നതാണ്. ” എന്നാല്‍ സാധന എന്നാല്‍ കാര്യങ്ങളെ ഒരുപടി കൂടെ കടന്ന് മുന്നോട്ടേക്ക് കൊണ്ടുപോവുന്നു. നിങ്ങളായിട്ട് തന്നെ നടക്കുകയും ഓടുകയും ചെയ്യേണ്ടതായി വരുന്നു. ഗുരു നിങ്ങള്‍ക്ക് അതിനുള്ള കരുത്ത് മാത്രമാണ് നല്‍കുന്നത്. ഇനി നിങ്ങള്‍ അത് ചെയ്യുന്നില്ല എങ്കില്‍ നിങ്ങള്‍ സര്‍വ്വസാധാരണരായി തന്നെ തുടരുന്നു. ഞാന്‍ സര്‍വ്വസാധാരണമായി തുടരരുത് എന്ന കാര്യത്തില്‍ എന്‍റെ അമ്മ ഉറപ്പുവരുത്തിയിരുന്നു.” അമോന്‍കര്‍ പറയുന്നു.

അമ്മയില്‍ നിന്നുള്ള അഭ്യസനത്തിനു പുറമേ ആഗ്ര ഖരാനയിലെ അന്‍വര്‍ ഹുസൈന്‍ ഖാനില്‍ നിന്നും ഭേന്ധി ബസാര്‍ ഖരാനയിലെ അഞ്ചനിഭായി മല്‍പേക്കറില്‍ നിന്നും ഗ്വാളിയോറിലേ ശരത്ചന്ദ്ര ആരോള്‍കാറില്‍ നിന്നും ഗോവയിലെ അധികായനായ ബാല്‍കൃഷ്ണബവ പര്‍വട്കറില്‍ നിന്നും അമോന്‍കര്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്.

സ്ത്രീകളായ പാട്ടുകാര്‍ക്ക് അധികം ബഹുമതി നല്‍കാതിരുന്ന ഒരു കാലത്താണ് കുര്‍ദികര്‍ പാടിയിരുന്നത്. അമ്മയുടെ കൂടെ രാത്രിനീളെ മൂന്നാം ക്ലാസ് ട്രെയിന്‍ കമ്പാര്‍ട്ട്മെന്റില്‍ സഞ്ചരിക്കുന്നതും അമ്മയുടെ തോളില്‍ തലവെച്ച് ഉറങ്ങുന്നതും അമോന്‍കര്‍ ഓര്‍ക്കുന്നുണ്ട്. അമ്മയുടെ കച്ചേരികളില്‍ അമോങ്കര്‍ തംബുരു മീട്ടുമായിരുന്നു. അമ്മയോട് സംഘാടകര്‍ക്കുണ്ടായിരുന്ന സമീപനം അമോന്‍കറിനെ ഇപ്പോഴും വിഷമിപ്പിക്കുന്നു. കുര്‍ദിക്കറിന് പലപോഴും അവഗണനയോടെയുള്ള സംസാരങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. വളരെ തുച്ഛമായ തുക നല്‍കി തിരിച്ചയച്ചവരുണ്ട്. ഉചിതമായ ഗസ്റ്റ് ഹൗസുകള്‍ നല്‍കാത്തതിനാല്‍ മറ്റാരുടെയെങ്കിലും വീടുകളില്‍ താമസിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു ശാസ്ത്രീയ സംഗീതജ്ഞ എന്ന രീതിയില്‍ അര്‍ഹിച്ച ബഹുമാനം അവര്‍ക്കു ലഭിച്ചിരുന്നില്ല.

“അവരെപ്പോലെ ഇതിഹാസമായ ഒരു സംഗീതജ്ഞയോട് മോശമായ രീതിയില്‍ പെരുമാരുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളതാണ്. അതെന്നില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ മൂന്നു കുട്ടികളെ വളര്‍ത്തണം എന്നുള്ളതുകൊണ്ട് തന്നെ ഇതൊക്കെ സഹിച്ചുകൊണ്ട് അമ്മയ്ക്ക് തുടരേണ്ടി വന്നു. പക്ഷെ അന്ന് ഞാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഞാന്‍ ഒരു സംഗീതജ്ഞ ആവുമ്പോള്‍ ഇതൊന്നും അനുവദിക്കുകയില്ലെന്ന തീരുമാനം.അത് ഇതുവരെ അനുവദിക്കുകയും ചെയ്തിട്ടില്ല. യാഥോചിതമായ ഹോട്ടലുകളില്‍ മാത്രമാണ് ഞാന്‍ നിന്നിട്ടുള്ളത്. എനിക്ക് കാര്‍ നല്‍കണം എന്ന് ഞാന്‍ ആവശ്യപ്പെടാറുണ്ട്. അതെല്ലാ തവണയും ലഭിക്കാറില്ല. പ്രതിഫലം കൃത്യമായി പറ്റുന്നതും ഞാന്‍ ഉറപ്പുവരുത്തി പോന്നു” അവര്‍ പറയുന്നു.

അമ്മയില്‍ നിന്നും മറ്റു ഗുരുക്കളില്‍ നിന്നും അഭ്യസിക്കുന്നതിനിടയിലും തന്‍റെതായ രീതികളിലേക്കും അമോന്‍കര്‍ നോക്കുന്നുണ്ടായിരുന്നു. വൈകാരികതകളെ അവര്‍ ആദ്യമായി പ്രതിഷ്ടിപ്പിക്കുന്നത് അവിടെയാണ്. ഖരാനയുടെ താളക്രമത്തിലേയും അലങ്കാരങ്ങളിലെയും ഘടനകളിലെയും കീഴ്‌വഴക്കങ്ങളെ മറ്റു ഖരാനകളിലെഅംശങ്ങളെ ചേര്‍ത്തുവെച്ചുകൊണ്ട് വിന്യസിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നു. “ഖരാന എന്നൊന്നില്ല, സംഗീതം മാത്രമേയുള്ളൂ. സംഗീതത്തെ ഖരാനകളായി വേര്‍തിരിച്ചിരിക്കുകയാണ് ഇവിടെ. സംഗീതത്തെ ജാതിയായി വേര്‍തിരിക്കുന്നപോലെയാണ് അത്. ആരും തന്‍റെ ശിഷ്യരെ ഈ കലയുടെ പരിധികള്‍ പഠിപ്പിക്കരുത്. അങ്ങനെയൊന്നില്ല. പക്ഷെ ഒരാള്‍ കൃത്യമായി അതിന്‍റെ വ്യാഖ്യാനങ്ങള്‍ പഠിക്കേണ്ടതായുണ്ട്. വ്യാഖ്യാനങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഒരാളെ അലങ്കാരങ്ങളും രാഗങ്ങളും പഠിപ്പിക്കുന്നതും” – അമോന്‍കര്‍ പറയുന്നു.
1960 കളിലും 1970 കളിലുമാണ് അമോന്‍കര്‍ വലിയ വേദികളില്‍ പാടാന്‍ ആരംഭിക്കുന്നത്. അവരുടെ പരിപാടികള്‍ കാസറ്റുകളും ആയും റെക്കോര്‍ഡുകളുമായി അവരുടെ സ്വകാര്യ സംഗീത ശേഖരത്തില്‍ ഇടംപിടിക്കുന്നതും ഈ കാലഘട്ടത്തിലാണ്. പക്ഷെ ഇരുപത്തഞ്ചാം വയസ്സില്‍, അമോന്‍കര്‍ നിശബ്ദയാവുകയായിരുന്നു. അമോന്‍കറിനു അവരുടെ ശബ്ദം നഷ്ടപ്പെടുന്നു. വിശദീകരിക്കാവുന്നത്തിലും അപ്പുറമാണത്. ആധുനിക വൈദ്യശാസ്ത്രവും വിവിധതരം വ്യായാമങ്ങളും പരീക്ഷിച്ചു എങ്കിലും ഒന്നിനും അവരെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കുംബോഴാണ് പൂനെയില്‍ നിന്നുള്ള ‘സന്യാസി’യായ സര്‍ദേശ്‌മുഖ് മഹാരാജിനെ അവര്‍ കാണുന്നത്. ആയുര്‍വേദത്തിലൂടെ ശബ്ദം തിരിച്ചുനല്‍കാം എന്നു സന്യാസി വാഗ്ദാനം നല്‍കുന്നു. ഒടുവില്‍ പോയ ശബ്ദം തിരിച്ചുകിട്ടാന്‍ രണ്ടു വര്‍ഷമെടുത്തു.

Indian classical singer Kishori Amonkar being felicitated at ‘Gaansaraswati Mahotsav’ at Ganesh Kala Krida Manch on Sunday. Express Photo by Shivakumar Swamy. 03.03.13.

ഈ രണ്ടു വര്‍ഷത്തെ നിശബ്ദതയാണ് അമോന്‍കര്‍ എന്ന സംഗീതജ്ഞ മറ്റൊരു തലത്തിലേയ്ക്ക് രൂപാന്തരപ്പെടുന്നത്. ആ നിശബ്ദത, അവരെക്കൊണ്ട് കൂടുതല്‍ ആഴത്തില്‍ ചിന്തിപ്പിച്ചു. ആ സംഭവത്തിനുശേഷം താന്‍ പരിപാലിച്ചുപോന്ന രീതികളെ പൊളിച്ചുപാടുക എന്നത് അമോന്‍കറിനെ സംബന്ധിച്ചു വളരെ എളുപ്പമായിരുന്നു. അമോന്‍കര്‍ തന്‍റെതായ ശൈലി വാര്‍ത്തെടുക്കുകയായിരുന്നു. സംഗീത ലോകത്ത് മുന്നേ കേട്ടിട്ടില്ലാത്ത കഥയാണിത്.

“തുടക്കം മുതല്‍ ഞാന്‍ ഒറ്റപ്പെട്ടതായി എനിക്ക് തോന്നി. ആദ്യമായി, എന്നെ അമ്മ പഠിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത് എന്താണ് എന്നു എനിക്ക് അറിയണമായിരുന്നു. നിരന്തരമായി പാടികൊണ്ടേയിരുന്നപ്പോള്‍ സ്വരം എന്താണ് എന്നു ഞാന്‍ മനസ്സിലാക്കി തുടങ്ങി. ഒരു സ്വരത്തില്‍ നിന്നും മറ്റൊരു സ്വരത്തിലേക്കുള്ള വ്യതിയാനം എങ്ങനെയാണ് എന്ന് ഞാന്‍ മെല്ലെ മെല്ലെ മനസ്സിലാക്കിയെടുത്തു. രാഗ ശുദ്ധ കല്യാണിലെ ‘റെ’ (ഋഷഭം) യില്‍ നിന്നും രാഹ ഭൂപിലെ ‘റെ’ എങ്ങനെയാണ് വ്യത്യസ്ഥമാകുന്നത് എന്നു എന്നോട് അമ്മ ചോദിക്കുമായിരുന്നു. ഈ രണ്ട് ഋഷഭവും ഒരേ സ്വരത്തിലാണ്. എങ്കിലും ആ സ്വരത്തിലേക്ക് എത്തിചേരുന്നത് വ്യത്യസ്ഥ വഴികളിലൂടെയാണ്. അത് മനസ്സിലാക്കുവാനായി ഞാന്‍ വളരെ ആഴത്തില്‍ എത്തിച്ചേരേണ്ടിയിരുന്നു” അവര്‍ പറയുന്നു.
പ്രധാന സ്വരങ്ങളുടെ ഇടയിലാണ് ശ്രുതി എന്നു അമോന്‍കര്‍ കണ്ടെത്തുന്നു. ആ ശ്രുതിയാണ് വൈകാരികതകളെ അതിന്‍റെ പൂര്‍ണവ്യാപ്തിയില്‍ പ്രകാശിപ്പിക്കുന്നത്. ഇവിടെയാണ് രാഗം അവരെ സംബന്ധിച്ച് ജീവിക്കുന്ന, അസ്തിത്വമുള്ള രൂപങ്ങള്‍ ആവുന്നതും.

” ഒരാള്‍ രാഗത്തിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി, അതിനെ വളരെ സ്നേഹത്തോടെ വര്‍ണിക്കുമ്പോള്‍ അതൊരു ആള്‍രൂപമായി നമ്മുടെ കണ്ണിനു മുന്നില്‍ നില്‍ക്കുന്നു, അവിടെ പിന്നീട് ഞാന്‍ പാടേണ്ടത് ആ വ്യക്തിയെ ഞാന്‍ കാണുന്നുണ്ട്, കേള്‍വിക്കാര്‍ എന്ന നിലയില്‍ നിങ്ങളും അത് കാണണം എന്ന തരത്തില്‍ ആവണം. ഞാന്‍ മനുഷ്യനാണ്. എങ്കിലും എന്‍റെ സംഗീതത്തിലൂടെ എനിക്ക് അമൂര്‍ത്തത്തകളെ അനുഭവിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് മാത്രമാണ് നിങ്ങള്‍ ഇപ്പോഴും എന്നെ ശ്രവിക്കുന്നതും. ” അവര്‍ പറയുന്നു. അമോന്‍കറിന്‍റെ മീരാഭാജനും കബീര്‍ ഭജനും പ്രശസ്തമായ രാഗ ഭോപാലിയിലുള്ള ‘സഹേല റെ’ എന്ന പ്രശസ്തമായ ബന്ദിഷും അതീന്ദ്രീയാനുഭവങ്ങള്‍ നല്‍കുന്നവയാണ്.

പക്ഷെ ശാസ്ത്രീയമായ ചിട്ട വട്ടങ്ങളില്‍ വിശകലനം ചെയുകയാണ് എങ്കില്‍ ഒരു ഖരാനയുമായുള്ള ബന്ധം മറ്റൊരു ഖരാനയെ അലങ്കരിക്കുന്നതിനായി വിച്ചേദിക്കുക എന്നത് വ്യവസ്താവിരുദ്ധമാണ്. “ജനങ്ങള്‍ എന്നെ നിഷേധി എന്നു വിളിച്ചു. ഞാനൊരു നിഷേധി ആണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. വികാരതീവ്രമായൊരു വ്യക്തിത്വം എനിക്കുണ്ട്. ഞാന്‍ സത്യം പറയാറുമുണ്ട്. ഉദാത്തതകളെ നിങ്ങള്‍ അടുത്തറിയുകയാണ് എങ്കില്‍ നിങ്ങളിലെ അമൂര്‍ത്തതകള്‍ രൂപാന്തരം പ്രാപിച്ചുതുടങ്ങും. അങ്ങനെവരുമ്പോള്‍ വിമര്‍ശകര്‍ എന്തു പറയുന്നു എന്നത് നിങ്ങള്‍ക്ക് വിഷയമല്ലാതാവും. അല്ലെങ്കിലും അതൊരു വിഷയമേയല്ല.” അമോന്‍കര്‍ പറയുന്നു. താന്‍ തന്നെയാണ് തന്‍റെ ഏറ്റവും വലിയ വിമര്‍ശക എന്നും ആവര്‍ത്തിക്കുന്നുണ്ട് അമോന്‍കര്‍. അമോന്‍കറിന്‍റെ വീട്ടില്‍ എപ്പോഴും കേള്‍ക്കുക അവര്‍ തന്നെ നടത്തിയ കച്ചേരികളുടെ ടേപ്പുകളാണ്. കേള്‍വിക്കിടയില്‍ തെറ്റുകള്‍ കണ്ടെത്തുകയും അടുത്ത തവണയതിനെ തിരുത്തുക എന്നതിനു വേണ്ടിയാണത്.

കിഷോരി അമോങ്കറിനെ കുറിച്ചുള്ള എല്ലാ കഥകളും അവര്‍ക്ക് കേള്‍വിക്കാരോടുണ്ടായിരുന്ന അക്ഷമയുടെ കൂടി കഥകളാണ്. അവരുടെ ഐതിഹാസികമായ ദേഷ്യത്തിന്‍റെ കഥകള്‍. കുര്‍ദികറിന്‍റെ സമകാലികമായിരുന്നു. കേസര്‍ഭായി കെര്‍കാറുമായി പലരും അമോങ്കറിനെ താരതമ്യപ്പെടുത്താറുണ്ട്. വെട്ടിതുറന്നു കാര്യങ്ങള്‍ പറയാന്‍ ശീലിച്ച, കേള്‍വിക്കാരോട് വളരെ ധാർഷ്‌ട്യത്തോടെ പെരുമാറിയിരുന്ന സംഗീതജ്ഞയായിരുന്നു കേസര്‍ഭായി കേര്‍കര്‍.

കാണികള്‍ മോശമായി പെരുമാറുന്നു എന്നു പറഞ്ഞുകൊണ്ട് അമോങ്കര്‍ വേദി വിട്ടുപോയ സംഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. ഒരു തവണ കശ്മീരിലെ ഗോള്‍ഫ് ക്ലബില്‍ നടന്ന കച്ചേരിക്കിറയില്‍. അന്നത്തെ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയടക്കമുളള കാണികളോട് അമോങ്കര്‍ ആക്രോശിക്കുകയുണ്ടായി. അമോങ്കര്‍ പാടുന്നതിനിടയില്‍ ഒരു വ്യവസായിയുടെ പത്നി പാന്‍ ആവശ്യപ്പെട്ടതാണ് അമോങ്കറെ ചൊടിപ്പിച്ച സംഭവം. ” എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ആട്ടക്കാരി ആയി തോന്നുന്നുണ്ടോ ? ” എന്നും ചോദിച്ചുകൊണ്ട് അമോങ്കര്‍ ആക്രോശിക്കുകയും പാട്ട് നിര്‍ത്തുകയും ചെയ്യുന്നു. രാഷ്ട്രീയക്കാരും വ്യവസായികളും എഡിറ്റര്‍മാരും കലാകാരും മുതല്‍ പലരുമുണ്ട്, കച്ചേരിക്കിടയില്‍ അമോങ്കറിന്‍റെ ദേഷ്യം നേരിട്ട് അനുഭവിച്ചവരായി.

നെഹ്രു പാര്‍കില്‍ നടന്ന കച്ചേരിയില്‍, ഇരിപ്പിടത്തില്‍ നിന്നും ഒരു അനക്കവുമില്ലാതെ വളരെ നിശബ്ദമായി ഇരിക്കുകയായിരുന്നു കാണികള്‍. സൗണ്ട് ചെക് അത്ര നല്ല രീതിയിലല്ല മുന്നോട്ട്പോയത്. മൈക്കിന്‍റെയും സ്പീക്കറുകളുടെയും ലൈറ്റുകളുടെയും കാര്യത്തിലും അമോങ്കര്‍ അത്ര തൃപ്തയായിരുന്നില്ല. “ഇത് എന്‍റെ വിലപ്പെട്ട സമയത്തെ നഷ്ടപ്പെടുത്തലാണ്.” എന്ന്‍ അമോങ്കര്‍ പരാതിപ്പെടുന്നു. ഒടുവില്‍ സ്പിക്കമാക്കേ ഫൗണ്ടേഷന്‍ അദ്ധ്യക്ഷയായ രശ്മി മാലിക് തന്നെ സ്റ്റേജിലേയ്ക് ചെല്ലേണ്ടി അവരെ അടക്കാന്‍.

” ഞാന്‍ മുന്‍കോപിയും ധാർഷ്‌ട്യക്കാരിയുമാണ്‌ എന്നാണു ആളുകള്‍ പറയുന്നത്. എനിക്കത് ഒട്ടും മനസ്സിലാവുന്നില്ല. ഞാന്‍ എപ്പോഴെങ്കിലും എന്‍റെ കച്ചേരിക്കിടയില്‍ ചിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? സദസ്സുമായി സംസാരിക്കുന്നത് ?  എനിക്ക് അമൂര്‍ത്തതകളില്‍ മുഴുകിയിരിക്കണം. അതിനായി എനിക്ക് എന്‍റെ ശരീരം മറക്കേണ്ടിവരും. അവിടെയാണ് എനിക്ക് സദസിന്‍റെയും സഹായം ആവശ്യമാകുന്നത്. അവരുടെ ഇടപെടലുകള്‍ അല്ല എനിക്ക് ആവശ്യം. സംഗീതം എന്നാല്‍ വിനോദം അല്ല എന്നു ആളുകള്‍ മനസ്സിലാക്കണം. ആളുകളെ ആകര്ഷിക്കാനല്ല ഞാന്‍ പാടുന്നത്. അതുകൊണ്ടാണ് ഞാന്‍ ഗാലറിയില്‍ പാടാത്തതും. സദസ് ഒരിക്കലും കലാകാരന്‍റെ ഏകാന്തതയെ ഭഞ്ജിക്കരുത്.” മിക്കവാറും കച്ചേരികളില്‍ തന്‍റെ മുഖത്ത് വെളിച്ചം വീഴ്ത്താന്‍ ഇഷ്ട്ടപ്പെടാത്ത, ഇരുട്ടിലിരുന്നു പാടാന്‍ താത്പര്യപ്പെടുന്ന അമോങ്കര്‍ പറയുന്നു.

kishori amonkar, ma baby
അമോങ്കര്‍ തന്‍റെ കച്ചേരിക്കു മുന്നേ ഒരാളെപോലും ഗ്രീന്‍ റൂമില്‍ അനുവദിക്കാറില്ല. കച്ചേരികഴിഞ്ഞാലും സദസിന്‍റെയോ കാണികളുടെയൊ മറ്റു സംഗീതജ്ഞരുടെയും അഭിപ്രായങ്ങളോ അഭിനന്ദനങ്ങളോ കൈപറ്റാറുമില്ല. “ഞാന്‍ ഗ്രീന്‍ റൂമില്‍ ആളുകളെ അനുവദിക്കാത്തത് മറ്റൊന്നും കൊണ്ടല്ല. കച്ചേരിക്കുമുന്നെ അവിടെ വച്ചാണ് ഞാന്‍ എന്‍റെ തമ്പുരുവോടൊപ്പം ഇരുന്ന് എന്‍റെ രാഗത്തെ കാണുന്നത്. ഒരു കച്ചേരി നടക്കുന്നത് മുതല്‍ അത് കഴിയുന്നത്‌ വരെ അതിനെക്കുറിച്ച് ഒട്ടും ആത്മവിശ്വാസം ഉള്ള ആളല്ല ഞാന്‍. കച്ചേരിക്കു ശേഷം ആണെങ്കില്‍ ഞാന്‍ മറ്റൊരു ലോകത്തുമാണ്. ആരുടെകൂടെയും സമയം ചിലവിടാനുള്ള കരുത്ത് എന്നില്‍ അവശേഷിക്കാറില്ല. ” അമോങ്കര്‍ പറയുന്നു.
നെഹ്രു പാര്‍ക്കില്‍ തുടങ്ങിയപ്പോള്‍ അമ്പരിപ്പിക്കുന്ന ഒരു നിര താനങ്ങളുമായാണ് അവര്‍ തുടങ്ങിയത്. അവരുടെ എണ്‍പതുകളില്‍ കൂടുതല്‍ പ്രയത്നത്തോടെയാണ് അവര്‍ പാടുന്നത്. ഇടയ്ക്ക് കുറെ ചുമയ്ക്കുന്നുണ്ട്. ധാരാളമായി ചൂടു വെള്ളം കുടിക്കുന്നു. ക്ഷോഭിക്കുന്നു. “ഇപ്പോള്‍ നിങ്ങള്‍ക്ക് എന്‍റെ സംഗീതത്തില്‍ നിന്നും ലഭിക്കുന്നത് കാലങ്ങള്‍ കുറെയായിട്ടും നിങ്ങള്‍ക്ക് എന്‍റെ സംഗീതത്തില്‍ നിന്നും ലഭിക്കാത്തതോക്കെയാണ്. ഇപ്പോള്‍ വളരെയേറെ തെഹ്രാവ് (നിശ്ചലത) അതിലുണ്ട്. എന്‍റെ വഴികള്‍ എനിക്കറിയാം. എന്റെ ലക്ഷ്യവും. ഞാന്‍ അവിടെ എത്തുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അവസാന ശ്വാസത്തോളം ഞാന്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ” അമോങ്കര്‍ പറയുന്നു.

ശ്രേഷ്ഠമായ അവരുടെ ജീവിതം കണക്കിലെടുത്ത ഭാരത സര്‍ക്കാര്‍ അമോങ്കറെ പത്മഭൂഷനും പത്മ വിഭൂഷനും നൽകി ആദരിച്ചിട്ടുണ്ട്. ഭാരതരത്നം വേണ്ട എന്നാണു അവര്‍ പറയുന്നത് “സച്ചിന്‍ ടെണ്ടുല്‍കര്‍ ഒക്കെയാണ് അത് ലഭിച്ചിട്ടുള്ള ആള്‍. അതാണ്‌ സര്‍ക്കാര്‍ എടുത്ത തീരുമാനം എങ്കില്‍, എന്നെ ആ വിഭാഗത്തിലേക്ക് അവര്‍ ഉള്‍പെടുത്തേണ്ടതില്ല” അമോങ്കര്‍ പറയുന്നു.

അടക്കവും ഒതുക്കവും വളരെ പ്രധാനപ്പെട്ട ഗുണങ്ങളായി കാണുന്ന ഇന്ത്യന്‍ ശാസ്ത്രീയ സംഗീത ലോകത്തെയാണ് കിഷോരി അമോങ്കര്‍ പ്രതിരോധിക്കുന്നത് അവരുടെ സംഗീതം ഒന്നുകൊണ്ട് മാത്രാണ്. തന്‍റെ സംഗീതത്തില്‍ കാണികളോടോ, തന്നെ നഷ്ടപ്പെട്ടവരോടോ, വേദിയില്‍ കൂടെ അനുഗമിക്കുന്ന മറ്റു കലാകാരോടോ കടപ്പെടാന്‍ അവര്‍ കൂട്ടാക്കുന്നില്ല. തന്‍റെ ഹൃദയത്തിലുള്ളത് എന്തോ അത് ഏവര്‍ക്കും പകര്‍ന്നുകൊടുക്കുന്നു എന്നിടത്താണ് അമോങ്കറിന്‍റെ ഖയാലിലെ പൂര്‍ണത. അവരുടെ ഉച്ചസ്ഥായിലുളള മീര, കബീര്‍ ഭജനുകള്‍ ആരെയും ആര്‍ദ്രമാക്കുന്നതാണ്. അമോങ്കറിനെ പോലൊരാള്‍ പാടിക്കൊണ്ട് നമ്മളെ അമൂര്‍ത്തതകളിലേക്ക് കൊണ്ടുപോവുമ്പോള്‍ അവര്‍ ആഗ്രഹിക്കുന്ന ഏകാന്തത നമ്മള്‍ അനുവദിച്ചുകൊടുക്കേണ്ടതായുണ്ട്, ഒരല്പം ധാര്‍ഷ്ട്യവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook