ഭൂപടങ്ങളിൽ ഇടം കണ്ടെത്തിയ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള പെണ്ണുങ്ങളിൽ നിന്ന്, പേരും നാളും മേൽവിലാസവുമില്ലാത്ത കുറെ പെണ്ണുങ്ങളിലേക്ക്, പെൺകൂട്ടങ്ങളിലേക്ക് എഴുത്ത് നീട്ടണമെന്ന് പറഞ്ഞിട്ടാണ് കിരോസ്താമിയും പനാഹിയും തിരശീലയിൽ നിന്നിറങ്ങിപ്പോയത്. എന്നെ അവർ, തിയേറ്ററിലെ തണുപ്പിൽ നിന്നും, പുറത്തെ മഞ്ഞിലേക്കും, മഴയിലേക്കും, ഇരുട്ടിലേക്കും, വെയിലിലേക്കും, ഒറ്റയ്ക്ക് തള്ളിവിട്ട ദിവസങ്ങളുടെ ഓർമ്മയ്ക്ക്.

കുറെ കൊച്ചു പർദക്കാരികൾ/ കോറസ് / അബ്ബാസ് കിരോസ്താമി

ചെവി നന്നായി കേൾക്കാത്ത ഒരപ്പൂപ്പൻ. സൗകര്യമനുസരിച്ച് ഹിയറിങ് എയ്ഡ് വെച്ചും എടുത്ത് മാറ്റിയും എന്ത് കേൾക്കണം എന്ത് കേൾക്കണ്ട എന്ന് തീരുമാനിക്കാൻ സ്വാതന്ത്ര്യമുള്ള മനുഷ്യനാണ് കിരോസ്താമിയുടെ ഈ അപ്പൂപ്പൻ. അയാളുടേതായ വീക്ഷണകോണാണ് നമ്മൾ കാഴ്ച്ചക്കാർക്കും; സൗകര്യം പോലെ കേൾക്കാം, കേൾക്കാതിരിക്കാം. അറക്കവാളിന്‍റെ ശബ്ദത്തിന്, മാർക്കറ്റിലെ കലപിലകൾക്ക് നേരെ ഒക്കെ നമുക്ക് ചെവിയടച്ചിരിക്കാം. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.

കൊച്ചു മക്കൾക്ക് കോളിങ് ബെല്ലിൽ കയ്യെത്തില്ല. അതു കൊണ്ട്, താനേ വന്നടയുന്ന വാതിലിൽ അപ്പൂപ്പൻ കല്ല് കയറ്റി വച്ചിട്ടുണ്ട്. അയലത്തെ കുരുത്തം കെട്ട ഒരു ചെക്കൻ, പുറത്തേക്കു പോകും വഴി വളരെ അശ്രദ്ധമായി അത് തട്ടിക്കളഞ്ഞു പോകുന്നു. ഇതൊന്നുമറിയാതെ അപ്പൂപ്പൻ കട്ടൻ ചായ അനത്തുകയും കറിക്ക് നുറുക്കുകയും ചെയ്യുന്നു. കട്ടിലിൽ വന്നിരുന്ന് സാവധാനത്തിലൊരു സിഗരറ്റു കത്തിക്കുന്നു. മദ്രസയോ, സ്‌കൂളോ വിട്ടു പുറത്തേക്കിറങ്ങുന്ന കുറെ കുഞ്ഞു പർദ്ദക്കാരികൾ. അവരിൽ കൊച്ചുമക്കൾ രണ്ടുപേർ വീട്ടിലേക്ക് കയറാനാവാതെ കോലു കൊണ്ട് ബെല്ലടിക്കാൻ നോക്കിയെങ്കിലും നടക്കുന്നില്ല. അവർ താഴെ തെരുവിൽ നിന്ന് മുകളിലെ ജനാലയിലേക്കു നോക്കിക്കൊണ്ട് ഉറക്കെ വിളിക്കുന്നു. പക്ഷേ, നേരത്തെ തെരുവിലെ മെഷീനിന്‍റെ ശബ്ദം കാരണം ഹിയറിങ് എയ്ഡ് മാറ്റിയിട്ട അപ്പൂപ്പൻ ഇതുവരെ അത് തിരികെ വച്ചിട്ടില്ല.

അവർ വിളി തുടർന്നെങ്കിലും അനക്കമൊന്നുമുണ്ടായില്ല. തെരുവിലൂടെ മടങ്ങുകയായിരുന്ന മറ്റ് കൊച്ചു പർദക്കാരികൾ കാര്യം തിരക്കുന്നു, കൂടെ കൂടുന്നു. അവരും ഏറ്റു വിളിക്കുന്നു. തെരുവിൽ പർദക്കാരികളുടെ എണ്ണം കൂടുന്നു. വിളിക്ക് ശക്തിയും.  അവസാനം തലയ്ക്കു പുറകിലെവിടെയോ ഒരു ശബ്ദം കേട്ടതായി തോന്നിയ അപ്പൂപ്പൻ ജനാലയ്ക്കലേക്ക് തല എത്തിച്ച് നോക്കുന്നു.

തെരുവിലതാ നിറയെ കൊച്ചു പർദക്കാരികൾ. അവസാനത്തെ ഷോട്ടിൽ ആ അപ്പൂപ്പന്‍റെ മുഖത്ത് നിലാവു പടർന്ന ചിരി. അവസാനം പറയാൻ മാറ്റി വെച്ചത് ഒരേ താളത്തിൽ ഉറക്കെയുറക്കെ അവർ വിളിച്ച വിളിയാണ്, “Grandpa, Come and Open the Door.” അങ്ങനെ വിളിച്ചു വിളിച്ചാണ് അവരാ കൊട്ടിയടച്ച ചെവിയിലേക്ക് തുളഞ്ഞു കയറിയത്.

1982 ലെ ഈ ഇറാനിയൻ ചിത്രത്തിന്‍റെ ദൈർഘ്യം പതിനേഴു മിനിറ്റ് മാത്രമാണ്. പ്രിവ്യൂ തിയറ്ററിന്‍റെ തണുപ്പിൽ, ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സ് തുടങ്ങിയ ശേഷം ആദ്യം കണ്ട സിനിമയാണ് ‘കോറസ്’. ഒരുപക്ഷേ, അതിനുശേഷം ഇന്നുവരെ, ഏറ്റവും കൂടുതൽ തവണ കണ്ടതും.

ഒരു കൂട്ടം പെണ്ണുങ്ങൾ/ ഓഫ്‌സൈഡ്/ ജാഫർ പനാഹി

പനാഹിയുടെ പെൺകൂട്ടത്തോട് എനിക്കുള്ളത് സഹതാപമൊന്നുമല്ല, അവരർഹിക്കുന്നത് വീരാരാധനയുമല്ല; എന്തൊരു പെണ്ണുങ്ങളാണപ്പാ. ഫൺ ലവിങ് ആണ് പനാഹിയെന്നു തോന്നിപ്പോയത് ‘ഓഫ് സൈഡ്’ കണ്ടിട്ടാണ്. അവസാനം വരെ, ഒരു അരികിൽ-ഓഫ് സൈഡിൽ, ആ പെണ്ണുങ്ങളെ നിർത്തി പനാഹി കളിച്ച കളി!

സ്‌ക്രീനിൽ കണ്ടതിനേക്കാൾ ദാരുണമാണ് ഇറാനിലെ സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യമെന്ന്, ഈയിടെ വിസ കാലാവധി നീട്ടാനുള്ള അപേക്ഷ റദ്ദു ചെയ്ത് ഇറാനിൽ നിന്ന് തിരിച്ചയക്കപ്പെട്ട, ഒരു ചലച്ചിത്രകാരി സുഹൃത്ത് പറയുകയുണ്ടായി. അങ്ങനെയെങ്കിൽ അന്നാട്ടിൽ നിന്ന് വരുന്ന സിനിമകൾ ഇനിയുമേറെ ആഘോഷിക്കപ്പെടേണ്ടതുണ്ട്.

ഈ പെണ്ണുങ്ങൾ താരതമ്യേന ശ്രദ്ധിക്കപ്പെട്ടവരാണ്. അവരെ ഏതാണ്ട് എല്ലാവരും അറിയുമായിരിക്കും. അതുകൊണ്ട് മാത്രം എഴുതാതിരിക്കാനാകില്ല; ഓരോ സിനിമയും ഓരോ കഥാപാത്രവും അർഹിക്കുന്ന ഒരു എഴുത്ത് രീതിയുണ്ട്. വ്യവസ്ഥയോടുള്ള കലാപം തോക്കിൻ കുഴലിലൂടെ മാത്രമല്ല സാധ്യമാകുന്നതെന്ന് പ്രവൃത്തി കൊണ്ട് ഈ പെണ്ണുങ്ങളും, സിനിമ കൊണ്ട് പനാഹിയും കാണിച്ച് തന്നു കൊണ്ടേയിരിക്കുന്നു.

2006 ലോകകപ്പ് ഫുട്ബോൾ ക്വാളിഫയിങ് മത്സരം; ഇറാനും ബഹ്‌റൈനും തമ്മിലാണ്. പുരുഷന്മാരുടെ ഫുട്ബോൾ മത്സരം ഗ്രൗണ്ടിൽ കാണാൻ ഇറാനിൽ സ്ത്രീകൾക്ക് അനുവാദമില്ല. വാക്കു കൊണ്ടോ നോക്കു കൊണ്ടോ പെരുമാറ്റം കൊണ്ടോ അവർ അവഹേളിക്കപ്പെടുന്നത് ഒഴിവാക്കാനാണത്രെ നിയമപരമായ ഈ കാർക്കശ്യം! എന്നാലും എവിടത്തെയും പോലെ അവിടെയുമുണ്ട് കുറെ ‘തലതിരിഞ്ഞ’ പെണ്ണുങ്ങൾ, ‘താന്തോന്നികൾ’, ‘തന്നിഷ്ടക്കാരികൾ’… അവർ എന്ത് വിലകൊടുത്തും മത്സരം കാണാനായി വേഷപ്രച്ഛന്നരായിറങ്ങും.

ചിലർ പിടിക്കപ്പെടും, കളി കണ്ടു കൊണ്ടിരിക്കെ ഗ്രൗണ്ടിൽ പിടിക്കപ്പെടുന്ന ചിലരുമുണ്ട്. മറ്റ് ചിലർ സകലരെയും വെട്ടിച്ച് ഗ്രൗണ്ടിൽ കളി കണ്ട് മടങ്ങും. ആദ്യമായി മത്സരത്തിന് വരുന്നവർ മുതൽ ഓരോ തവണയും ശ്രമിക്കുന്നവർ വരെയുണ്ട് കൂട്ടത്തിൽ. അവരങ്ങനെ വേഷം മാറിയും ആൺകുട്ടികളുടെ ബസ്സിൽ കയറിപ്പറ്റിയും ഇരട്ടിക്കിരട്ടി വില നൽകി ടിക്കറ്റും പോസ്റ്ററും മുഖംമൂടികളും വാങ്ങിയും തങ്ങളാലാവും വിധം ഒളിച്ചു കടക്കാൻ ശ്രമിക്കുന്നു. ഒരു തരത്തിൽ തികച്ചും അർത്ഥശൂന്യമായ തൊണ്ണൂറു മിനിട്ടുകൾക്ക് വേണ്ടിയാണ് അവരീ കഷ്ടപ്പാടെല്ലാം പെടുന്നത്. എന്നാൽ ആ തൊണ്ണൂറു മിനിറ്റുകൾ അങ്ങനെ പലർക്കും മറ്റുള്ളവരിൽ നിന്ന് പിടിച്ച് വാങ്ങിയ സ്വന്തം ജീവിതത്തിലെ തൊണ്ണൂറു മിനിറ്റുകളാണ്.

ആവേശമുണർത്തുന്ന ഒരു സിനിമയായല്ല, പനാഹി ‘ഓഫ് സൈഡ്’ ബിൽഡ് ചെയ്തിട്ടുള്ളത്. അത് അതിന്‍റെതായ സമയമെടുത്ത്, വിശദാംശങ്ങളിൽ കടന്ന്, മുഷിപ്പിക്കാതെ, സങ്കീർണ്ണതകളെ ലളിതവൽക്കരിക്കാതെ, എന്നാൽ മാധ്യമത്തിന്‍റെ ലാളിത്യം കൈമോശം വരാതെ നമുക്ക് മുന്നിൽ വെളിപ്പെടുകയാണ്. ഗ്രൗണ്ടിൽ കടക്കാൻ ശ്രമിച്ച് പലഘട്ടങ്ങളിലായി പിടിക്കപ്പെട്ട ആറു പെൺകുട്ടികൾ, ഗ്രൗണ്ടിന് തൊട്ടടുത്ത്, എന്നാൽ ഗ്രൗണ്ടിലേയ്ക്കുള്ള കാഴ്ച്ചയ്ക്ക് യാതൊരു സാധ്യതയുമില്ലാതെ, അവരെ തൽക്കാലം പാർപ്പിക്കാനൊരു ചെറിയ ചതുരക്കൂട്, അതിനു കാവലായി രാഷ്ട്രസേവനത്തിലുള്ള ചില ഇറാനി കേഡർമാർ. അവരാണ് ആദ്യാവസാനം നമ്മുടെ കാഴ്ച്ചയിലുള്ളത്.

അതിലെ പെണ്ണുങ്ങൾ ഓരോന്നും ഓരോ തരമാണ്. ആദ്യത്തെ പെൺകുട്ടി, ആരാലും പിടിക്കപ്പെടും വിധം ബാലിശമായ പ്രച്ഛന്നവേഷത്തിൽ ആൺകുട്ടികളുടെ ബസ്സിൽ കയറിപ്പറ്റി എത്തിയതാണ്. ബസ്സിൽ, അവളെ തിരിച്ചറിഞ്ഞിട്ടും വെറുതെ വിട്ടവരും സഹായി ചമയാനെത്തിയവരും ആയ ആൺകുട്ടികളെ കണ്ടിട്ടാണ് അവൾ വരുന്നത്. അവളുടെ ആദ്യ മാച്ചാണെന്ന് കണ്ടാലറിയാം. വലിയ വില കൊടുത്താണ് അവൾ ടിക്കറ്റും പോസ്റ്ററും വാങ്ങുന്നത്; അവളുടെ നിസ്സഹായാവസ്ഥ കച്ചവടക്കാരൻ മുതലെടുത്തതാണ്. അവൾ പക്ഷെ പരിശോധനാ കവാടത്തിൽ വെച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേ പിടിക്കപ്പെട്ടു. മറ്റൊരു പെൺകുട്ടിയുള്ളത് നന്നേ ചെറുതാണ്, ആദ്യമായി മാച്ചിന് വരുന്ന ആദ്യത്തെ പെൺകുട്ടിയെക്കാൾ ചെറുത്. കൂട്ടത്തിൽ വന്ന കൂട്ടുകാരി മൈതാനത്തിൽ കയറിപ്പറ്റിയപ്പോൾ എങ്ങനെയോ പെട്ടുപോയവളാണ് നമ്മുടെ മൂന്നാമത്തെ പെൺകുട്ടി. അവളെ അന്വേഷിച്ച് രക്ഷിതാക്കളിലൊരാൾ വരുന്നുണ്ട്, ഇടയ്ക്ക്. അയാൾ തിരിച്ചറിഞ്ഞു എന്നറിഞ്ഞിട്ട് അവൾ പർദ്ദ അണിഞ്ഞു അടുത്തേയ്ക്ക് ചെല്ലുന്നു. മുഖമടച്ച് അടിയാണ് ആദ്യം കിട്ടുന്നത്! കാവൽക്കാർ അയാളെ പിടിച്ച് മാറ്റി പറഞ്ഞു വിടുന്നു.

ഇനിയൊരു താന്തോന്നിയുണ്ട്, അവൾ സിഗരറ്റ് വലിക്കുകയും, കാവൽക്കാരനെ ധാർമ്മികതയെയും തുല്യതയെയും പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ച് കുഴയ്ക്കുകയും ചെയ്യുന്നുണ്ട്. അവളുടെ യുക്തികൾ കാർക്കശ്യമുള്ളതാണ്; അവൾ ചോദിക്കുന്നത് സാധാരണമട്ടിലാണെങ്കിലും. ഇനിയൊരുവൾ വില്ലാളിയാണ്, പട്ടാളവേഷം തന്നെ കെട്ടിയാണ് പുള്ളിക്കാരി കളികാണാനിറങ്ങിയത്, നിർഭാഗ്യവശാൽ പിടിക്കപ്പെട്ടു. ഓടിപ്പോകാതിരിക്കാൻ അവളെ കൈവിലങ്ങു വെച്ചാണ് കൊണ്ടു വരുന്നത് തന്നെ. മറ്റൊരാൾ ഇറാനിന്‍റെ വനിതാ ഫുട്ബോൾ ടീമിലുണ്ട്, ഫുട്ബോളിനോട് കടുത്ത ആരാധനയാണവൾക്ക്. അവളാണ് മൂത്രമൊഴിക്കാൻ പോകുന്നിടത്ത് നിന്ന് രക്ഷപ്പെടുന്നത്. അങ്ങനെ ഇത്തിരിനേരം ഗാലറിയിൽ ചെലവഴിക്കാൻ അവൾക്കാവുന്നുണ്ട്.

തബ്രീസിൽ നിന്നുള്ള കാവൽക്കാരന് സ്ത്രീകൾ കളി കാണുന്നതിനെപ്പറ്റി അങ്ങനെ പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല. എന്നാൽ, എല്ലാം അവരുടെ സുരക്ഷയ്‌ക്കാണെന്ന പൊതുയുക്തിയിൽ അയാൾ വിശ്വസിക്കുന്നുണ്ട്. അയാളെയാണ് പിന്നീട് നമ്മുടെ താന്തോന്നി പെൺകുട്ടി ചോദ്യം ചോദിച്ച് കുഴപ്പിക്കുന്നത്.

അയാൾക്ക്, യാഥാർത്ഥത്തിൽ നിർബന്ധിത രാഷ്ട്രസേവന കാലാവധി ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയെന്നേ ഉള്ളൂ. തിരിച്ചു പോകണം. ഗ്രാമത്തിലെ വീട്ടിൽ പോയി, തന്‍റെ കന്നുകാലികളെ പോറ്റി സമാധാനമായി ജീവിക്കണം. ഇനി അയാൾക്ക് അതിനാവുമെന്നു തോന്നുന്നില്ല; കാരണം കീഴ്ജീവനക്കാരന്‍റെ കൂടെ മൂത്രമൊഴിക്കാൻ പോയ ഫുട്ബോൾ കളിക്കാരി പെൺകുട്ടി ഓടിരക്ഷപ്പെട്ടിരിക്കുന്നു. തടവുകാർ അയാളുടെ ഉത്തരവാദിത്തമാണ്. അധികാരികളോട് എന്ത് മറുപടി പറയും? ഗ്രൗണ്ടിലെ ആൾക്കൂട്ടത്തിൽ അവളെ എങ്ങനെ കണ്ടു പിടിക്കാനാണ്? അപ്പോഴേ പറഞ്ഞതാണ് സൂക്ഷിച്ചു കൊണ്ടു പോകണമെന്ന്.

ആൾക്കാർ തിരിച്ചറിയാതിരിക്കാനും, അവളാ മൂത്രപ്പുരയിലെ (അശ്ലീല) ചുമരെഴുത്തുകൾ വായിക്കാതിരിക്കാനുമായി മുഖത്ത് പോസ്റ്റർ ഒട്ടിച്ചാണ് കൊണ്ടുപോയത്. പക്ഷേ, മൂത്രപ്പുരയിലെത്തിയ ‘തെമ്മാടിക്കൂട്ടം’, ‘അവളെ’ തിരിച്ചറിയുന്നു. പട്ടാളക്കാരനും അവരുമായുണ്ടായ വാക്കു തർക്കം കയ്യേറ്റത്തിലെത്തുമ്പോള്‍ അവൾ ഓടി രക്ഷപ്പെടുന്നു. യാഥാർത്ഥത്തിൽ ആ ആൺകുട്ടികൾ അവളെ സഹായിക്കുകയാണ് ചെയ്യുന്നത്; അവർ സംശയലേശമില്ലാതെ പട്ടാളക്കാരനെ തടഞ്ഞു വെച്ച് ഗ്രൗണ്ടിലേയ്ക്കോടാൻ അവൾക്ക് വഴിയൊരുക്കിക്കൊടുക്കുന്നു. മൂത്രപ്പുരയ്ക്കകത്ത് വേറെയും ചില രസകരങ്ങളായ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. പൊതുബോധം മനുഷ്യരെ എത്രമേൽ സംശയാലുക്കളും അരക്ഷിതബോധമുള്ളവരുമാക്കുന്നുവെന്ന് പറയാൻ പനാഹി ഉപയോഗിച്ച ടൂൾ നർമ്മമാണ്.

അവളുടെ ആ രക്ഷപ്പെടലിൽ കിട്ടുന്ന ഒരു മിന്നായക്കാഴ്ച്ചയാണ് നമുക്ക് ഗ്രൗണ്ടിലേക്കുള്ള ഏക നോട്ടം. ആ കൂട്ടിലെ, മറ്റ് പെൺകുട്ടികൾക്ക് അതു പോലുമില്ല. അവർ ഗ്രൗണ്ടിന് ഏറ്റവുമടുത്ത്, ഒരു ചതുരക്കൂട്ടിനുള്ളിൽ വെരുകുകളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ആ കളിക്കളത്തിലേയ്ക്കുള്ള ഒരു നോക്കിനു വേണ്ടിയാണ്. ഓടിപ്പോയ പെൺകുട്ടി എന്തായാലും അൽപ സമയത്തിനകം തിരിച്ചു വരുന്നുണ്ട്; അവൾക്ക് പാവം കാവൽക്കാരോട് സഹതാപം തോന്നിയിട്ടാണ്. അവർ മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന് അവൾക്കറിയാം.

ഫുട്ബോളിനോടുള്ള സ്നേഹത്തെക്കാൾ വലിയ മാനുഷികമൂല്യം കാണിക്കുന്നുണ്ട് ഈ പെൺകുട്ടി; അവളെ വിശ്വസിച്ച് മൂത്രപ്പുരയിലേക്കു കൊണ്ടുപോയ, അനുവാദം കൊടുത്ത കാവൽക്കാരോട്.

സമയമങ്ങനെ പോകുകയാണ്. എത്ര യാചിച്ചാലും അവരെ ഫുട്ബോൾ കാണിക്കാൻ ഈ കാവൽക്കർക്ക് നിർവ്വാഹമില്ലെന്ന് അവരോടൊപ്പം തന്നെ പതുക്കെ നമ്മളും തിരിച്ചറിയുകയാണ്. ആവേശമുണർത്തുന്ന ആ കളിക്കാഴ്ച്ച ഇനി നമുക്കില്ലെന്നും, ഓഫ്സൈഡിൽ നിന്നുള്ള, വിലക്കപ്പെട്ട ഗോളടിച്ച ടീമിനെ പോലെയാണ് കവാടം വരെയെത്തിയിട്ടും ആരവം മാത്രം കേട്ട് ഞെളിപിരി കൊള്ളേണ്ടിവരുന്ന ഈ പെൺകുട്ടികളുടെ തൊണ്ണൂറു മിനിട്ടുകളെന്നും നമുക്ക് ആദ്യ പാതിയിൽ ഉറപ്പാകുന്നു. കാവൽക്കാരിൽ രണ്ടു പേർ ഫുട്ബോൾ ആരാധകരാണെന്നു തോന്നുന്നു. അവരുടെ തർക്കങ്ങളിൽ നിന്നും, പിന്നീട് അവർ നടത്തുന്ന കമന്ററിയിൽ നിന്നുമാണ് ഗ്രൗണ്ടിലെന്താണ് നടക്കുന്നതെന്ന് ഈ പെൺകുട്ടികൾ അറിയുന്നത്. കാഴ്ച്ച നിഷേധിക്കപ്പെട്ട് ആ അരികിലിരുന്ന് അവർ ആവേശം കൊള്ളുകയും നിരാശപ്പെടുകയും ചെയ്യുന്നു. എപ്പോഴൊക്കെയോ പട്ടാളക്കാരും അവരോടു അനുതാപപൂർവമായ പരിഗണനകൾ കാണിക്കുന്നുണ്ട്.

അവരെ അവിടെ നിന്നും കൊണ്ടു പോകേണ്ട സമയമാകുന്നു; എന്താണ് നിയമ നടപടി എന്ന് വ്യക്തമല്ല. ദേഹം നിറയെ പടക്കവുമായി ഗ്രൗണ്ടിൽ കയറിയതിനു പിടിക്കപ്പെടുന്ന ‘അരപ്പിരി’ ചെക്കനുമുണ്ട് കൂടെ. അവനെ പട്ടാളക്കാർ അത്യാവശ്യം കൈകാര്യം ചെയ്‌തെന്ന് തോന്നുന്നു. ഒരു വാനിലാണ് യാത്ര. അതിലൊരു പൊട്ട റേഡിയോ ഉണ്ട്. ആന്റിന തട്ടി ശരിയാക്കി നേരെ നിർത്തിയാൽ കമന്ററി കേൾക്കാം. പക്ഷേ വാൻ ഒന്ന് കുലുങ്ങിയാൽ അത് നിന്ന് പോകും.

നമ്മുടെ തബ്രീസുകാരൻ കാവൽക്കാരൻ അത് തട്ടിത്തട്ടി നേരെയാക്കുന്നുണ്ട്; വലിയ സെന്റിമെന്റ്സൊന്നും അവരോടു കാണിക്കുന്നില്ലെങ്കിൽ പോലും! ഒടുക്കം നിവൃത്തിയില്ലാതെ അയാൾ അത് കയ്യിൽ പിടിച്ച് ഇരിക്കുകയാണ്! ഇതിനിടയിൽ വാനിൽ ആ ചെക്കനും പെണ്ണുങ്ങളും ഒന്നിടയുന്നുണ്ട്. അവൻ ആരെയോ പരിഹസിച്ചതാണ്, അവൾ തിരിച്ചവനെ കൈകാര്യം ചെയ്യുന്നു. താനെന്താ എല്ലാവർക്കും കൊട്ടിക്കളിക്കാനുള്ള ചെണ്ടയാണോ എന്ന മട്ടിൽ അവൻ ഇടയ്ക്ക് സങ്കടം പറയുന്നുണ്ട്. എന്തായാലും വേഗം അവർ തിരിച്ച് സൗഹൃദത്തിലാകുന്നു, പിന്നെ താന്തോന്നിപെൺകുട്ടിയുടെ സിഗരറ്റിൽ നിന്ന് അവൻ കുറച്ച് പുകയെടുക്കുന്നു.

അവസാനം, ഇറാൻ കളി ജയിക്കുകയാണ്. അവർ മതിമറന്നു തുള്ളിച്ചാടുന്നു, പരസ്പരം കെട്ടിപ്പിടിക്കുന്നു. ആ പയ്യൻ ഇനിയും പിടിക്കപ്പെട്ടിട്ടില്ലാത്ത അവന്‍റെ പടക്ക ശേഖരം പുറത്തെടുത്ത് ആഘോഷം ബഹളമയമാക്കുന്നു. ഇതിനിടെ നമ്മുടെ ആദ്യ പെൺകുട്ടി കരയുകയാണ്. അടുത്തിടെ നടന്ന ഇറാൻ – ജപ്പാൻ ഫുട്ബോൾ മാച്ചിനിടെ, അപകടത്തിൽ കൊല്ലപ്പെട്ട ഫുട്ബോൾ കളിക്കാരനായ സുഹൃത്തിന്‍റെ ഓർമ്മയ്ക്ക് കളി കാണാൻ വന്നതായിരുന്നു അവൾ. അവളുടെ ദുഖത്തിലേക്ക് ആ പയ്യൻ നിറങ്ങൾ വിരിയുന്ന പൂത്തിരിയും കത്തിച്ചു ചെല്ലുകയാണ്!

‘ഓഫ്സൈഡ്’ ഒരു സ്ത്രീപക്ഷ സിനിമയാണ്. എന്നാൽ അവിടെ ആണുങ്ങളെല്ലാം മോശക്കാരല്ല. അതിനപ്പുറം പനാഹി അവരെ മനസ്സിലാക്കിയിരിക്കുന്നത് നിലനിൽക്കുന്ന ആണധികാര വ്യവസ്ഥിതിയുടെ സ്വയമറിയാത്ത ഇരകളായിട്ടാണ്.

എന്തായാലും തെരുവുകളിൽ ആഘോഷം നടക്കുകയാണ്. മധുരം വാനിലുളളിലുളള ‘കുറ്റവാളികളു’മായും പങ്കു വയ്ക്കപ്പെടുന്നുണ്ട്. അവരെ ഇനി സ്വന്തം വീടുകളിലേക്കയക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അല്ലെങ്കിൽ തന്നെ, ജയിലിൽ പോകുന്നതോർത്ത് ഇന്നേരം വരെ കരഞ്ഞതും പിടിച്ചതും പട്ടാള വേഷത്തിൽ വന്ന വില്ലാളി മാത്രമാണ്; മറ്റുള്ളവർ അതേക്കുറിച്ച് ഓർത്തിട്ടു പോലുമില്ലെന്ന് തോന്നുന്നു. ആർക്കറിയാം അവർക്ക് ഏതു തടങ്കലാകും ഭേദപ്പെട്ടതെന്ന്?

‘ഓഫ്സൈഡ്’ എനിക്ക് പ്രിയപ്പെട്ടതാകുന്നത് ക്ളൈമാക്സ് സീക്വൻസിലാണ്. അവർ തെരുവുകളിലേക്ക്, ആ ആഘോഷങ്ങളിലേക്ക്, സ്വതന്ത്രരായി ഇറങ്ങി നടക്കുന്ന നിമിഷം! പനാഹിയും ആ ക്യാമറയും അവർ നടന്നു നീങ്ങിയ സ്വാതന്ത്ര്യത്തിലേയ്ക്ക് അവരെ പിന്തുടരുന്ന നിമിഷം, ആ ലോങ്ങ് ടേക്ക്! അവിടെ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടായേക്കാം. പക്ഷേ, ആകാശത്തപ്പോൾ വലിയ പൂത്തിരി വിരിയുന്നുണ്ട്, അവരുടെ കൈകളിലും!

സ്വാതന്ത്ര്യം മാത്രമല്ല, എനിക്കീ പനാഹി ചിത്രം. അതിനുമപ്പുറം, ജീവിതത്തിന്‍റെ ഗ്രാൻഡ് നരേറ്റീവിൽ തികച്ചും നിസ്സാരയായ വ്യക്തിക്ക് എന്താണിനി ചെയ്യാനുള്ളത് (ജീവിതം അങ്ങേയറ്റം അർത്ഥശൂന്യവും യുക്തിരഹിതവുമാണെങ്കിൽ, പ്രത്യേകിച്ചും!) എന്ന് തോന്നിയ ഒരിടത്ത് നിന്ന് എന്നെ കൈപിടിച്ച് കയറ്റിയത് പനാഹിയാണ്.

നമ്മളൊക്കെ ആരുടെയോ ചിന്തകൾ മാത്രമാണെന്ന് തോന്നിയപ്പോൾ, എന്‍റെ പച്ചയും നിന്‍റെ പച്ചയും ഒരേ പച്ചയാകാൻ തരമേതുമില്ലെന്ന് അറിഞ്ഞപ്പോൾ, സ്നേഹം ഈ ദുഃഖത്തിന് ഉത്തരമാകുന്നില്ലെന്ന് മനസ്സിലായ കാലത്ത്, ഒരു ഓപ്പറ കാണും പോലെ, ഒരു ഫുട്ബോൾ മാച്ച് കാണും പോലെ അത്രയേ ഉള്ളൂ മൊത്തത്തിലേ ജീവിതത്തിന്‍റെ കളിയെന്ന് ഇയാൾ കാണിച്ചു തന്നു.

രഹസ്യങ്ങളെല്ലാം വെളിപ്പെട്ടു കിട്ടിയവർക്ക്, അല്ലെങ്കിൽ അങ്ങനെ ഒരു രഹസ്യവുമില്ലെന്നറിയുന്നവർക്ക്, പിന്നെന്തു ജീവിതമെന്നു തോന്നിയ ആ വളവിൽ വെച്ച്, ‘ആന്ദ്രേ റുബ്ലേവി’നെക്കാട്ടി തർക്കോവ്സ്കിയും ഈ പെണ്ണുങ്ങളെക്കാട്ടി പനാഹിയും ‘ഡാൻസ് ഓഫ് റിയാലിറ്റി’ കാട്ടി യോഡോറോവ്സ്കിയും എന്നെ ജീവിതത്തിലേക്ക് തിരിച്ചു നടത്തി. ആ തൊണ്ണൂറ്റി മൂന്നു മിനിറ്റിൽ ജീവിച്ചിരിക്കുന്ന നിമിഷത്തിൽ മാത്രമായിരിക്കുന്നു ‘ഓഫ്‌സൈഡ്’ കണ്ടിരിക്കുന്ന കാഴ്‌ചക്കാർ. അതായിരുന്നു സിനിമയിലേയ്ക്കും ജീവിതത്തിലേയ്ക്കുമുള്ള എന്‍റെ തിരിച്ചു വരവ്!

യഥാർത്ഥ മത്സരത്തിനിടെ, മൈതാനത്തും പരിസരത്തുമായി, തികഞ്ഞ സ്വാഭാവികതയോടെ ഷൂട്ട് ചെയ്തതാണ് ഈ പനാഹി ചിത്രം. പലപ്പോഴും ഹാൻഡ് ഹെൽഡ് ഷോട്ടുകളാണ് ഉപയോഗിച്ചിട്ടുള്ളത്. കണിശമായി, എന്നാൽ മനോഹരമായി എഡിറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഏതവസ്ഥയിലും സൗന്ദര്യം കാണുന്ന ഒരു കണ്ണ്, പ്രതീക്ഷ നിലനിർത്തുന്ന സ്ഥൈര്യം; അതില്ലായിരുന്നെങ്കിൽ ഈ പനാഹി ചിത്രം, മുഷിപ്പിക്കുന്ന ഒരു വസ്തുതാ വിവരണത്തിന്‍റെ കോളത്തിലേക്ക്, ഏതു നിമിഷവും മറിഞ്ഞു വീഴുമായിരുന്നു. എങ്കിൽ പിന്നെ ചലച്ചിത്രം എന്ന മാധ്യമത്തിന്‍റെ സാധ്യത അവിടെ അവസാനിക്കും. ഒരു ഡോക്യു -റിയാലിറ്റിയുടെ അടുത്ത് നിൽക്കുന്നതാണ് സ്‌പേസും ടൈമും. കളി നടക്കുന്ന തൊണ്ണൂറു മിനിറ്റിന്‍റെ യഥാർത്ഥ പ്രതീതി നിലനിർത്തുന്നുണ്ട് ഈ തൊണ്ണൂറ്റി മൂന്നു മിനിറ്റിൽ ‘ഓഫ്‌സൈഡ്’.

‘സ്ത്രീപക്ഷ സിനിമകൾ’ എന്ന നിലയിൽ മാത്രമല്ല ‘കോറസും’ ‘ഓഫ്‌സൈഡും’ എഴുതുന്നത്. അത് വരുന്ന ഭൂമികളുടെ രാഷ്ട്രീയം കൂടി കാണാനാണ്. കടുത്ത ഭരണകൂട നിയന്ത്രണങ്ങളുള്ള ഭൂമികകളിൽ നിന്ന് വരുന്ന സിനിമകൾ കാണുമ്പോള്‍, നമ്മുടെ നേരെ സ്വയമൊന്ന് നോക്കുവാൻ കൂടിയാണത്.

പഹ്‌ലജ് നിഹ്‌ലാനിയും, പ്രസൂൺ ജോഷിയുമെല്ലാം വന്നിട്ടും, ഇപ്പോഴും, എന്തിന്‍റെയെല്ലാമോ ആനുകൂല്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു പോകുന്നവരാണ് നമ്മൾ. പഴുതുകൾ ഇപ്പോഴും ബാക്കിയുള്ളവർ! എന്നിട്ടും നമ്മുടെ ഭൂരിപക്ഷം സിനിമകളും എന്നത്തേയും പോലെ ഇപ്പോഴും ന്യൂനപക്ഷവിരുദ്ധമായി തുടരുന്നു. കടുത്ത മുസ്‌ലിം വിരുദ്ധതയും, മൃദു-തീവ്ര ഹിന്ദുത്വവും, തീവ്ര ദേശീയതയുമൊക്കെ ആഘോഷിക്കുന്ന ചലച്ചിത്ര പ്രവർത്തകരും കാഴ്ചക്കാരും വെറുതെയൊന്നു കാണണം, വിമർശനാത്മകമായി സ്വന്തം സമൂഹത്തിലേക്ക് നോക്കുന്ന, അവിടെ അപ്പോഴും സൗന്ദര്യം കണ്ടെത്തുന്ന, ഈ ഇറാനിയൻ ചലച്ചിത്ര പ്രവർത്തകരെ.

നമുക്കിനി അധികം സമയമില്ലെന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കുക കൂടിയാണ് ഇതെഴുതുമ്പോള്‍. ഇവിടെ ഈ രണ്ടു സിനിമകൾ കാണിച്ചു തരുന്നത് പ്രതിരോധത്തിന്‍റെ സാധ്യതകളാണ്. ‘കോറസ്’ സിസ്റ്റത്തിനുള്ളിൽ നുഴഞ്ഞു കയറി നിർമ്മിക്കപ്പെട്ടപ്പോൾ, ‘ഓഫ്‌സൈഡി’ന് ഇറാനിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു. നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും, വിലക്ക് നേരിട്ടിട്ടും പനാഹി നിരന്തരം സിനിമകൾ ചെയ്തു കൊണ്ടേയിരുന്നു. ഒളിച്ചു കടത്തിയ ഫ്ലാഷ് ഡ്രൈവിലൂടെ ലോകം പനാഹിയുടെ സിനിമ കണ്ടിരുന്ന് കയ്യടിച്ചു. എന്തൊരു സ്ഥൈര്യമാവണം ആ മനുഷ്യന്‍റേത്!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ