/indian-express-malayalam/media/media_files/uploads/2017/08/vi-1.jpg)
തൊണ്ടിമുതൽ
എന്‍റെ ആദ്യ ജോലി രസകരമായിരുന്നു .പാട്ടും സിനിമയും വില്‍ക്കുന്ന ഒരു സെയില്‍സ്‌മാൻ. ടോറന്‍റും യു എസ് ബിയും ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് ആളുകള്‍ സിനിമ കണ്ടിരുന്നത് സീഡി വാങ്ങിയും അല്ലെങ്കില്‍ വാടകയ്ക്ക് എടുത്തുമാണ്. കാസെറ്റുകളാണ് കൂടുതലും ചെലവായിരുന്നത്. ഖല്‍ബാണ് ഫാത്തിമ എന്ന കസെറ്റ് ഒരു ദിവസം അമ്പതിന് മുകളില്‍ ഒക്കെ ചെലവാകുമായിരുന്നു ആ ഗ്രാമ പ്രദേശത്ത്. നെഞ്ചിനുള്ളില്‍ നീയാണ് തരംഗമായിരുന്ന കാലത്താണ് ഈ സംഭവം നടക്കുന്നത്.
ഒരു ദിവസം രാവിലെ പാട്ടൊക്കെ കേട്ടിരിക്കുമ്പോ ദൂരെ ഒരു പൊലീസ് ജീപ്പ് വന്നു നില്‍ക്കുന്നു. കുറെ പൊലീസുകാര്‍ അതില്‍ നിന്നിറങ്ങി നടന്നു വരുന്നുണ്ട് .അവര്‍ ഈ വഴി പാസുചെയ്തു പോകും എന്നു കരുതിയ എനിക്കു തെറ്റി .എല്ലാവരും കൂടി കടയിലേക്ക് ഇരച്ചു കയറി. സീഡി എല്ലാം എടുത്ത് പരിശോധന തുടങ്ങി. ഒരു ചെറിയ ടോര്‍ച്ച് പോലെയുള്ള ഒരു സാധനം സീഡിയിലേക്ക് അടിച്ചിട്ട് "എല്ലാം കള്ളനാ സാറേ" എന്നൊരാള്‍ പറഞ്ഞു. അത് കേട്ടതും ബാക്കി എല്ലാവരും കൂടി അവിടെ ഉണ്ടായിരുന്ന സീഡി എല്ലാം ചാക്കില്‍ കയറ്റാന്‍ തുടങ്ങി .
"ഓണര്‍ എവിടെഡാ?"
വീട്ടിലാണ് ..ഞാന്‍ വിളിക്കാം ..
"വേണ്ട നമ്പര്‍ താ"
അയാള്‍ വിളിച്ചപ്പോ നമ്പര്‍ സ്വിച്ച് ഓഫ് ആണ് .
"അവനറിഞ്ഞു കാണും. ആ കുഴപ്പമില്ല നീ മതി. മര്യാദയ്ക്ക് പറ എവിടെയാ എല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. സത്യം പറഞ്ഞില്ലേ നിന്‍റെ പേരിലും കേസെടുക്കും."
കഷ‌്‌ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചാല്‍ കല്ലുമഴ പെയ്യുന്നത് കണ്ട് ഞാന്‍ കണ്ണും തള്ളി നിന്നു.അതിനു മുമ്പു പൊലീസിനെയൊന്നും നേരിടേണ്ടി വന്നിട്ടില്ല.ലോകം കാണാത്ത പതിനെട്ടുകാരന്‍ വെട്ടിവിയര്‍ത്തു.
സാറേ, ഞാന്‍ വന്നിട്ട് കുറച്ചേ ആയിട്ടുള്ളൂ. എനിക്കൊന്നും അറിയില്ല.
"ആഹാ.നീ കൊള്ളാല്ലോടാ. നല്ല ഐശ്വര്യം ഉള്ളവനാ. വലതുകാല് വെച്ചപ്പഴേ മൊതലാളീടെ ആപ്പീസ് പൂട്ടി." ഒരു കൊമ്പന്‍ മീശക്കാരന്‍ കുടവയര്‍ കുലുക്കി ചിരിച്ചു .
അവര്‍ കട മുഴുവന്‍ ചാക്കിലാക്കി കഴിഞ്ഞിരുന്നു അപ്പോഴേക്കും .
"എന്നാ കേറ് വാ പോകാം."
/indian-express-malayalam/media/media_files/uploads/2017/08/vi-5.jpg)
ഞാന്‍ ഞെട്ടി.എന്തു തെറ്റ് ചെയ്തിട്ടാണ് എന്നെ ഈ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ചു ജീപ്പില്‍ കേറ്റി പ്രതികളെ കൊണ്ടുപോകുന്നത് പോലെ. വേറെ വഴിയില്ലാതെ ജീപ്പിന്‍റെ പിന്നിലേക്ക് കേറുമ്പോ ഞാന്‍ ചുറ്റും നിന്ന പരിചയക്കാരെ നോക്കി .എല്ലാവരുടെയും മുഖത്ത് ദൈന്യത .അപ്പുറത്തെ ഫോൺ ബൂത്തിലെ പെൺകുട്ടി കരയുന്നു .മിക്കദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം ഞാന്‍ വെയ്ക്കുന്ന പ്രണയഗാനങ്ങള്‍ കേട്ട് കടാക്ഷങ്ങള്‍ എറിഞ്ഞിരുന്ന അവള്‍ എന്തിനാണ് പൊട്ടിക്കരയുന്നത് ? അവള്‍ എന്നെ പ്രേമിക്കുന്നുണ്ടാവുമോ? എന്നൊക്കെ ആ അവസ്ഥയിലും ഓര്‍ക്കുമ്പോ സ്ഫടികം സിനിമയിലെ എന്‍ .എഫ് വര്‍ഗീസിനെ പോലെ ഒരു പാവം പോലീസുകാരന്‍ എന്‍റെ ചുമലില്‍ തൊട്ടു .
"മോന്‍ പേടിക്കണ്ട. ഓണര്‍ വരുമ്പോ വിടും"
അങ്ങനെ ആദ്യമായി പൊലീസ് സ്റ്റേഷനില്‍ എത്തി .
"അതെല്ലാം ഹിന്ദി ,മലയാളം , തമിഴ് എന്നിങ്ങനെ അടുക്കി ആ പെട്ടീല്‍
ആക്കി വെയ്യടാ" കൊമ്പന്‍ മീശ പറഞ്ഞു .
ഞാന്‍ നിലത്തിരുന്ന് എല്ലാം തരം തിരിക്കുമ്പോ റോഡില്‍ നിന്ന്‍ ആളുകള്‍ നോക്കുന്നതും പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ആളുകള്‍
നോക്കുന്നതും ഒക്കെ കണ്ടപ്പോ വലിയ അപമാന ഭാരം തോന്നി. കുനിഞ്ഞിരുന്നു .
എല്ലാം കഴിഞ്ഞപ്പോ അവിടത്തെ ബെഞ്ചില്‍ ഇരിക്കാന്‍ പറഞ്ഞു.പൊലീസുകാരോക്കെ മുന്നില്‍ നിന്നു പോയപ്പോ എനിക്കു ഭയങ്കര വിഷമം വന്നു വീര്‍പ്പ് മുട്ടി. പെട്ടെന്ന് ഒരു പ്രായമുള്ള സ്ത്രീ അടുത്ത് വന്ന്‍ "എന്നാ കേസാ" എന്നു ചോദിച്ചു.
ഞാന്‍ ഒന്നും മിണ്ടിയില്ല .അപ്പോ എസ് ഐയുടെ റൂമില്‍ നിന്നു അവരെ അകത്തേക്ക് വിളിച്ചു.
''ആ പയ്യനെ വിളിക്ക് ''
അത് ഞാന്‍ പുറത്തു കേട്ടു. ആ സ്ത്രീ "സാര്‍ വിളിക്കുന്നു" എന്നറിയിച്ചു. ഞാന്‍ അകത്തേക്ക് ചെന്നപ്പോ എസ് ഐ നല്ല ചിരിയോടെ ഒരു പ്ലാസ്റ്റിക് കവര്‍ എന്‍റെ നേരെ നീട്ടി .
"ഇത് കഴിച്ചോ."
ഞാന്‍ ക്ലോക്കിലേക്ക് നോക്കി. ഒരു മണി. അപ്പോഴാണ് ഊണ് കഴിക്കാന്‍ നേരമായി എന്നൊക്കെ അറിഞ്ഞത്. മൊത്തം തകിടം മറിഞ്ഞു നില്‍ക്കുകയാണ് .
വേണ്ട. ഞാന്‍ പറഞ്ഞു.
"ഡോ ഇത് പ്രതികള്‍ കഴിക്കുന്നതൊന്നുമല്ല. എന്‍റെ ഫുഡ് ആണ്. താന്‍ കഴിക്ക് ഞാന്‍ വേറെ വാങ്ങിപ്പിക്കാം."
വേണ്ട .... ഞാന്‍ വീണ്ടും പറഞ്ഞു .
അപ്പോ പുറകില്‍ നിന്നു ആ സ്ത്രീ ശബ്ദം : "കഴിച്ചോ കുഞ്ഞേ ഹോട്ടലീന്ന് ഞാന്‍ ഇപ്പോ കൊണ്ടുവന്നതാ"
അതുകൊണ്ടല്ല എനിക്കു വേണ്ട. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു .
"എന്നാ താന്‍ പുറത്തെ ആ ബെഞ്ചില്‍ ഇരിക്കണ്ട ..അകത്തു പോയിരിക്ക് ആളുകള്‍ കാണും."എസ് ,ഐ വീണ്ടും ചിരിച്ചു .
അകത്തേക്ക് നടക്കുമ്പോൾ നല്ല പൊലീസുകാരും ഉണ്ടെന്ന് ഞാന്‍ മനസില്‍ പറഞ്ഞു .കുറച്ചു കഴിഞ്ഞപ്പോ വീണ്ടും എന്നെ വിളിപ്പിച്ചു.
"താന്‍ ഫുഡ് കഴിക്കാതെ ഇവിടെ ഇരിക്കണ്ട പൊയ്ക്കൊ."
ഞാന്‍ സംശയിച്ചു നിന്നപ്പോ അദ്ദേഹം വീണ്ടും പറഞ്ഞു ;
"പൊയ്ക്കൊടോ." ആശ്വാസത്തോടെ അന്ന്‍ അവിടെ നിന്ന്‍ ഇറങ്ങിയിട്ട് പിന്നെ കേസുമായി പൊലീസ് സ്റ്റേഷനില്‍ പോയിട്ടില്ല
/indian-express-malayalam/media/media_files/uploads/2017/08/vi-3.jpg)
ദൃക്‌സാക്ഷി
ഒരു സന്ധ്യയ്ക്ക് മുറ്റത്തൊരു പൊലീസുകാരന്‍ .
"വിഷ്ണുവിന്‍റെ വീടല്ലേ ..?"
അതെ ...
"ഒരു സമന്‍സ് ഉണ്ട്."
ങേ ... സമന്‍സ് എന്താണ് എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാനും അമ്മയും ചേച്ചിയും പുറത്തേയ്ക്കിറങ്ങി. ആര്‍ക്കും ഞെട്ടല്‍ ഒന്നും ഉണ്ടായില്ല . എന്താണ് കാര്യം എന്നറിയാനുള്ള ഒരു തിടുക്കം .
എന്താണ് കാര്യം ..?
"ഒരാൾ ബിവറേജില്‍ നിന്ന്‍ കണക്കില്‍ കൂടുതല്‍ മദ്യം വാങ്ങി പോകും വഴി പൊലീസിനെ കണ്ട് ഒരു ചാക്ക് മദ്യ കുപ്പി റോഡില്‍ സൈക്കിള്‍ ഉള്‍പ്പെടെ ഉപേക്ഷിച്ച് ഓടി. അതാണ് കേസ്. വിഷ്ണു ആണ് സാക്ഷി."
അത് കേട്ട് എന്‍റെ കണ്ണ് തള്ളി .കാര്യം അന്നും ഇപ്പോഴും ഞാന്‍ ബിവറേജില്‍ പോയിട്ടില്ല . പിന്നെങ്ങനെ അവിടെ വെച്ച് നടന്ന സംഭവത്തിനു ഞാന്‍ സാക്ഷി ആകും.
/indian-express-malayalam/media/media_files/uploads/2017/08/vi-2.jpg)
ഞാന്‍ ഈ സംഭവം കണ്ടിട്ടില്ല. എനിക്കറിയില്ല. പിന്നെങ്ങനെ ഞാന്‍
സാക്ഷിയായി?
"അതെനിക്കറിയില്ല വിഷ്ണു. ഈ സമന്‍സ് തന്നെ ഏൽപ്പിക്കലാണ് എന്‍റെ ജോലി."
"അങ്ങനെ പറഞ്ഞാലെങ്ങനാ. അവന്‍ അങ്ങനെ ഒന്നും പോകുന്ന ആളല്ല. ഞങ്ങളിത് അന്വേഷിക്കും" അധ്യാപികയായ ചേച്ചിയാണ് അത് പറഞ്ഞത്.
"അതെനിക്ക് മനസിലായി" പൊലീസുകാരന്‍ ചിരിച്ചു. പിന്നെ വിശദീകരിച്ചു. "വീട് കണ്ടുപിടിക്കാന്‍ ദേ, ആ വീട്ടില്‍ ചോദിച്ചപ്പോ അവിടത്തെ ചേച്ചി പറഞ്ഞത് ഇവിടെയുള്ള വിഷ്ണുവിന്‍റെ വീട് അതാണ്. വീട്ടു പേരും ശരിയാണ്. പക്ഷെ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ അതാവില്ല എന്ന് പറഞ്ഞു. തനിക്ക് നല്ല പേരാണല്ലോ."
പൊലീസുകാരന്റെ ആ പറച്ചിലില്‍ മൂന്ന് പേരുടെയും ടെൻഷൻ ഒന്നയഞ്ഞു. പിന്നെ വളരെ സൗഹാർദ്ദത്തോടെയാണ് സംസാരിച്ചത്.
"നിങ്ങളിത് അന്വേഷിക്കാനൊക്കെ പോയാല്‍ തിരുവനന്തപുരത്തൊക്കെ പോകേണ്ടി വരും. വെറുതെ ഇടങ്ങേറാക്കണ്ട. ഇത് കോടതിയില്‍ പോയി അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറഞ്ഞാല്‍ മതി പ്രശ്നം തീര്‍ന്നു."
എന്നാലും മനസറിയാത്ത കാര്യത്തിനൊക്കെ... അത് മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ കൊണ്ടുവന്ന സമന്‍സ് എന്‍റെ കയ്യില്‍ തന്നു പൊലീസുകാരന്‍ തിരിച്ചു നടന്നു .ഞാന്‍ വേലിക്കല്‍ വരെ ചെന്നു. "പേടിക്കാന്‍ ഒന്നുമില്ലെടോ"
എന്നാലും ഞാന്‍ എങ്ങനെ ഇതില്‍ പെട്ടു. ഈയടുത്ത് പാസ്പോര്‍ട്ട് എടുത്തിരുന്നു. അതാണ് പൊലീസ് സ്റ്റേഷനുമായുള്ള ഏക ബന്ധം.
പഴയ സിഡി കട കാര്യം ഒന്നും ഞാന്‍ പറയാന്‍ നിന്നില്ല.
"എന്നാ പിന്നെ കോടതിയില്‍ കാണാം" പൊലീസുകാരന്‍ ചിരിച്ചു. അയാൾക്കിപ്പോ കാര്യങ്ങള്‍ എല്ലാം പിടികിട്ടി എന്ന ഭാവം മുഖത്ത് ഉണ്ടായിരുന്നു .
പിറ്റേന്ന് രാവിലെ ഒരു വെളുത്ത കാറില്‍ വെള്ളയും വെള്ളയും ഉടുത്ത് വെളുക്കെ ചിരിച്ച് കുടവയറും കുലുക്കി കേസില്‍ പെട്ട പ്രതിയുടെ മുതലാളി വീട്ടില്‍ വന്നു.
അബ്‌കാരി സ്വയം പരിചയപ്പെടുത്തി. എനിക്ക് ചിരിക്കാന്‍ ഒന്നും തോന്നിയില്ല.
/indian-express-malayalam/media/media_files/uploads/2017/08/vi-6.jpg)
"കൊച്ചെങ്ങനെ ഇതില്‍ പെട്ടു എന്നെനിക്ക് അറിയാമ്പാടില്ല. എന്തായാലും നാളെ രാവിലെ കാറ് അയക്കാം. ഒന്ന്‍ വക്കീലിന്‍റെ അടുത്ത് വാ. പുള്ളി പറയും പോലെയൊക്കെ പറഞ്ഞാ മതി."
ഞാന്‍ വരില്ല. എനിക്ക് വക്കീലിനെ കാണണ്ട കാര്യം ഒന്നുമില്ല. എനിക്കൊന്നും അറിയില്ല. അത് ഞാന്‍ കോടതിയില്‍ പറഞ്ഞോളാം. അബ്കാരിയുടെ മുഖം മങ്ങി. എന്നാ പിന്നെ ശരി എന്നും പറഞ്ഞു അയാള്‍ ഇറങ്ങി.
കോടതി മുറി
സിനിമയിൽ മാത്രമേ ഞാൻ ഇതിന് മുമ്പ് കോടതി മുറി കണ്ടിട്ടുളളൂ. ഏതാണ്ട് സിനിമയില്‍ കാണും പോലെ തന്നെയാണ്. ചുവരില്‍ ഗാന്ധിജി ചിരിക്കുന്നു. കറുത്ത ഗൗൺ ധരിച്ച വക്കീലന്മാര്‍ . ''അയ്യോ പാവം'' മുഖഭാവം ഉള്ള പ്രതികള്‍. എല്ലാവര്‍ക്കും അതെ ഭാവം തന്നെയാണ്. ബഹുമാനം കൊണ്ടു കൂനു പിടിച്ചവര്‍.
ഒന്നു രണ്ടു കേസുകള്‍ വിളിച്ചു. കുറെ പേര്‍ കൂട്ടില്‍ കയറി വാലേ വാലേ നിന്നു . കുറെ ഫയലുകള്‍ ഒക്കെ മറിച്ചു നോക്കി അധികാരഭാവമുള്ള ജഡ്‌ജി "ഈ കേസ് അടുത്ത 31 ലേക്ക് മാറ്റിയിരിക്കുന്നു" എന്ന് മൂക്കിന്‍ തുമ്പിലേയ്ക്ക് ഊര്‍ന്ന കണ്ണട മൂക്ക് കൊണ്ടു തന്നെ ഉയര്‍ത്തി അവരെ നിരാശരാക്കി .ഞാനും ഇനി ഇങ്ങനെ ഇവിടെ കേറി ഇറങ്ങേണ്ടി വരുമോ എന്ന് പേടി തോന്നി. ഒരു തെറ്റും ചെയ്യാതെ കോടതി വരാന്തയില്‍ കൂട്ടില്‍ കേറാന്‍ നിക്കേണ്ടി വന്നല്ലോ എന്നോര്‍ത്തപ്പോ മനസ്സില്‍ ഒരു പാട്ട് വന്നു "ഈ ജീവിതമെനിക്കെന്തിനു തന്നു..."
ഞാന്‍ കാണില്ല എന്ന് പറഞ്ഞ വക്കീല്‍ അപ്പോള്‍ എന്നെ കാണാന്‍ വന്നു. എന്‍റെ നിലപാട് അറിഞ്ഞപ്പോ "ശരി, അങ്ങനെ തന്നെ പറഞ്ഞോ. പിന്നെ ചിരിക്കുവൊന്നും ചെയ്യരുത്. കോടതിയെ അതിന്‍റെ ഗൗരവത്തില്‍ കാണണം. അയാള്‍ കറുത്ത ഗൗണ്‍ ചിറകുകള്‍ വീശി നടന്നു പോയി."
വെപ്രാളവും ടെന്‍ഷനും മറച്ചു വെക്കാന്‍ ഫിറ്റ് ചെയ്തിരുന്ന ചിരിക്കുന്ന മുഖം ഞാന്‍ മാറ്റിവെച്ചു .അപ്പോഴാണ് ഒരു ചാക്ക് കുപ്പി റോഡില്‍ ഉപേക്ഷിച്ചു ഓടിയ കക്ഷിയും അയാളുടെ മകനും എന്നെ കാണാന്‍ വന്നത്. അയാള്‍ക്ക് ചിരിക്കണോ വേണ്ടയോ എന്ന ഒരു ഭാവം ആയിരുന്നു മുഖത്ത് .
"ഇന്നത്തെ പണി പോയല്ലേ. കുഞ്ഞ് അറിയാത്ത കാര്യമാണ് എന്നെനിക്കറിയാം. ഞാന്‍ ബിവറേജില്‍ നിന്നു ഇറങ്ങുമ്പ തന്നെ ഇവരെന്നെ നോക്കുന്നത് ഞാന്‍ കണ്ടാരുന്നു ..അവിടപ്പോ ആരും ഉണ്ടായിരുന്നില്ല. ഒരുച്ച നേരം ആരുന്നു. ആരോ ഒറ്റിയതാണ്. ''
സത്യം പറഞ്ഞാല്‍ അയാളോട് എനിക്ക് വലിയ സ്നേഹം തോന്നി പൊലീസും വക്കീലും അബ്കാരിയും മനസിലാക്കാത്ത ഒരു കാര്യം അയാള്‍ തിരിച്ചറിഞ്ഞു . ഓരോ ദിവസത്തെ ജോലിയും കൂലിയും കണക്കാക്കി ജീവിക്കുന്ന സാധാരണക്കാരെ തിരിച്ചറിയാന്‍ അവരില്‍ പെട്ടവര്‍ക്കെ പറ്റൂ .അയാള്‍ മുഖം കുനിച്ചു എന്‍റെ മുന്നില്‍ നിന്നു .മകന്‍ ചുവന്ന ചായം തേച്ച കോടതി ചുവരില്‍ ചാരി പുറത്തെ വെയിലിലേക്ക് നോക്കി നിന്നു .അവനു അച്ഛനോട് പുച്ഛം തോന്നുന്നുണ്ടായിരിക്കും .ഒരു ദേഷ്യം കലര്‍ന്ന നിര്‍വികാരത അവനിൽ ഞാന്‍ കണ്ടു .
കേസ് വിളിച്ചു; എന്നെയും .
സിനിമയില്‍ കണ്ടിട്ടുള്ള ഒരിക്കലും കയറേണ്ടി വരും എന്ന്‍ കരുതിയിട്ടില്ലാത്ത കൂട്ടിലേക്ക് ഞാന്‍ കയറി .ഒരു തടിച്ച ബുക്കില്‍ തൊട്ടു "സത്യം മാത്രമേ ബോധിപ്പിക്കൂ" എന്ന് പറഞ്ഞു. പൊലീസുകാരന്‍ ഒരു വലിയ ഫയലും പിടിച്ചു ഗൗരവക്കാരനായി നില്‍പ്പുണ്ട് .എന്നെ ഇവിടം വരെ എത്തിച്ച അയാളോട് അപ്പൊ തോന്നിയ ദേഷ്യത്തിന് കണക്കില്ല .ഞാന്‍ ചിലതെല്ലാം പറയാന്‍ തീരുമാനിച്ചു .
"താന്‍ ഈ സംഭവം കണ്ടതാണോ" ജഡ്ജി ആദ്യ ചോദ്യം ചോദിച്ചു .
അല്ല.
"ഈ ഒപ്പ് താന്‍ ഇട്ടതല്ലേ" ആ ചോദ്യത്തോടൊപ്പം ഒരു ഫയല്‍ അവിടെ നിന്ന ഒരാള്‍ വഴി എന്‍റെ മുന്നിലേക്ക് കൊടുത്തയച്ചു. ഞാന്‍ ആ പേപ്പറില്‍ നോക്കി.ചെറിയ കുട്ടികള്‍ ആദ്യം അക്ഷരം എഴുതി പഠിക്കും പോലെ എന്‍റെ ഒപ്പ് വരച്ചു ഒപ്പിച്ചു വെച്ചിരിക്കുന്നു.
ഇത് എന്‍റെ ഒപ്പ് നോക്കി ആരോ വരച്ചതാണ്. എന്‍റെ ഒപ്പിനോട് സാമ്യം ഉണ്ട്. ഞാന്‍ ഇട്ടതല്ല. ഞാന്‍ ഈയടുത്ത് പാസ്പോര്‍ട്ട് എടുത്തിരുന്നു.അങ്ങനെയാണ് എന്‍റെ പേരും അഡ്രസും പൊലീസ് സ്റ്റേഷനില്‍ എത്തിയത്. അതില്‍ നോക്കി...
എന്നെ കൂടുതൽ പറയാന്‍ അനുവദിക്കാതെ ജഡ്ജി ദേഷ്യപ്പെട്ടു, "ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞാല്‍ മതി"
എന്‍റെ ഒപ്പ് വരച്ചു വെച്ച പോലീസുകാരനെ ജഡ്ജി ശകാരിക്കും എന്ന് കരുതിയ ഞാന്‍ ചമ്മി .
"താന്‍ ഈ സംഭവം കണ്ടിട്ടില്ലെന്നാണോ.?"
അതെ.
"എങ്കില്‍ പോകാം."
ഞാന്‍ പുറത്തേക്ക് നടന്നു. വാതില്‍ക്കല്‍ നിന്ന പൊലീസുകാരുടെ മുഖത്ത് തമാശച്ചിരി. അവരിലൊരാള്‍ അനുകമ്പയോടെ എന്നെ ചേര്‍ത്തു പിടിച്ചു. "ഒരു എക്സ്പീരിയന്‍സ് ആയിട്ട് കരുതിയാ മതി"
വാ ചായ കുടിച്ചിട്ട് പോകാം"
ചായ ഒന്നും വേണ്ട. ഇനിയെങ്കിലും ഇതുപോലെ കള്ളക്കേസില്‍ സാക്ഷിയാക്കാതിരുന്നാ മതി. ആശ്വാസത്തോടെ ഞാന്‍ ചിരിച്ചു.
അവര്‍ നിര്‍ബന്ധിച്ചു എന്നെ ചായ കുടിപ്പിച്ചു.
"ഇനി ഒന്നും ഉണ്ടാകില്ല ഞാന്‍ നോക്കിക്കോളാം" വീട്ടില്‍ വന്ന പോലീസുകാരന്‍ എന്‍റെ തോളില്‍ തട്ടി.
കോടതി മുറ്റത്തേക്ക് നടക്കുമ്പോ കുറെ ആളുകള്‍ക്കിടയിലൂടെ കേസിലെ പ്രതിയായ ചേട്ടന്‍ എന്‍റെ പുറകെ ഓടി വന്നു .
"ഇതിരിക്കട്ടെ, ഇന്നത്തെ ദിവസം പോയില്ലേ, ചേട്ടനോട് ക്ഷമി" എനിക്കെന്തെങ്കിലും പറയാന്‍ ആകുന്നതിനു മുമ്പേ പുള്ളി വന്ന വേഗത്തില്‍ തിരികെ ഓടി .കോടതിയിലേക്ക് പായുന്ന ആളുകള്‍ക്കിടയില്‍ മറഞ്ഞു .
/indian-express-malayalam/media/media_files/uploads/2017/08/vi-4.jpg)
ഞാന്‍ പോക്കറ്റില്‍ നിന്നും അത് പുറത്തെടുത്തു .
ഒരു അഞ്ഞൂറിന്റെ നോട്ട്. എനിക്ക് വല്ലാത്ത വിഷമം തോന്നി. അത് വേണ്ടെന്നു പറയാന്‍ പോലും സമയം തന്നില്ലല്ലോ... കേസ് എന്തായെന്ന് ചോദിച്ചില്ലല്ലോ. ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് എന്ന്‍ പറയാന്‍ പറ്റിയില്ലല്ലോ. ഞാന്‍ കുറെ നേരം അവിടെ തന്നെ നിന്നു. എന്‍റെ നിറുകയില്‍ ഉച്ചവെയില്‍ പൊള്ളി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us