ഞാൻ ദേവി ! വല്ലപ്പോഴും കഥകളും ലേഖനങ്ങളും എഴുതുന്ന എഴുത്തുകാരി !റിട്ടയർ ചെയ്ത ഒരു സർക്കാർ ജീവനക്കാരി. ചെറുപ്പത്തിലേ ഭർത്താവു നഷ്ടപ്പെട്ടിട്ടും കരുത്തോടെ ജീവിച്ച സ്ത്രീ. രണ്ടു തവണ കാൻസർ രോഗം പിടിപെട്ടിട്ടും അദ്‌ഭുതകരമായി രക്ഷപ്പെട്ട ഭാഗ്യവതി. ഇതൊന്നും ഇവിടെ പ്രസക്തമല്ല .എടുത്തു പറയേണ്ടത് ഒന്ന് മാത്രമാണ് .ദേവി ഒരു അമ്മയാണ് 21 വയസ്സിൽ അമ്മയായതു മുതൽ ഇന്ന് വരെ മക്കൾക്കുവേണ്ടി മാത്രം ജീവിക്കുന്ന അമ്മ.

ഒറ്റയ്ക്ക് ജീവിക്കാൻ ഞാൻ തീരുമാനിക്കുമ്പോൾ എനിക്ക് പ്രായം കുറവ് യുവതിയാണ്,അതിസുന്ദരി അല്ലെങ്കിലും സുന്ദരി തന്നെ .അഭ്യസ്തവിദ്യ ,സാമ്പത്തികഭദ്രതയുമുണ്ട്.പക്ഷെ അതെല്ലാം ഞാൻ മറന്നു ..ലക്ഷ്യം മക്കളെ വളർത്തി നല്ലനിലയിലെത്തിക്കണമെന്നത് മാത്രമായി .

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഒരു ജോലി ലഭിച്ചത് ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതി .മക്കളും ഞാനും മാത്രമുള്ള ഒരു സ്വർഗം അതായിരുന്നു സൂര്യരശ്‌മി എന്ന് ഞാൻ പേരിട്ട ഞങ്ങളുടെ വീട്. മക്കൾക്ക്‌ അന്ന് പ്രായം തീരെ കുറവ്.സൂരജ് എന്ന മകൻ 10 ലും രശ്മി എന്ന മകൾ നാലിലും പഠിക്കുന്നു .എങ്കിലും അവർ അമ്മയ്ക്ക് നൽകിയ സപ്പോർട്ട് വളരെ വലുതായിരുന്നു .

അപ്പോഴാണ് കാൻസർ എന്ന കടുത്ത പ്രഹരം എന്റെ മേൽ വന്നു പതിച്ചത് .പറക്ക മുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഏക ആശ്രയമായ അമ്മയ്ക്ക് ഇത്തരമൊരു മാരക രോഗം വന്നത് തികച്ചും നിർഭാഗ്യകരം തന്നെ .പക്ഷെ ഭയമോ ഉത്കണ്ഠയോ ആകുലതയോ എന്നെ ബാധിച്ചില്ല “‘എനിക്ക് ജീവിക്കണം .എന്റെ മക്കളെ വളർത്തി വലുതാക്കി ഒരു കര പറ്റിക്കണം .അതുവരെ രോഗത്തിനും മരണത്തിനും ഞനെന്നെ വിട്ടു കൊടുക്കില്ല” ‘ഞൻ ഒരായിരം തവണ സ്വയം ഉറപ്പിച്ചു .”‘ഒരു 10 വർഷം എനിക്ക് ആയുസ്സു നീട്ടി തരൂ .”‘ഈശ്വരനോട് ഞാൻ അപേക്ഷിച്ചു കൊണ്ടേയിരുന്നു . ഏതായാലും ഈശ്വരൻ കനിഞ്ഞു .അസുഖം ഭേദമായി .ഉദ്യോഗം,കുടുംബം ,കുട്ടികൾ അങ്ങനെ ഞാൻ വീണ്ടും പഴയ ദേവിയായി !

കാലം കടന്നു പോയി .തീരെ ചെറുപ്പത്തിലേ എഴുതി തുടങ്ങിയതാണ് ഞാൻ .പിന്നെ അത് നിന്ന് പോയി .ദുരന്ത കാലങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും എഴുതിത്തുടങ്ങി .പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു .ഇതിനിടയിൽ മക്കൾ വളർന്നു പഠിച്ചു .മകന് ജോലിയായി .മകളുടെ വിവാഹം കഴിഞ്ഞു. മകനും വിവാഹിതനായി .രണ്ടു പേർക്കും ഓരോ കുഞ്ഞുങ്ങളുമായി .എന്റെ കടമകൾ പൂർത്തിയായി എന്ന് ഞാൻ ആശ്വസിച്ചു.പക്ഷെ ദുർവിധി വീണ്ടും എന്നെ പിടികൂടി. തലച്ചോറിൽ രക്തസ്രാവംഎന്ന ഭീകര രോഗം അരോഗ ദൃഢഗാത്രനായ എന്റെ മകനെ അമൃതാ ആശുപത്രിയിൽ എത്തിച്ചു .ഐ സി യുടെ വാതിൽക്കൽ ഒരു ജീവച്ഛവമായി ഞാനിരുന്നു .അതിസങ്കീർണമായ ഒരു ശസ്ത്രക്രിയ ‘അതെ തുടർന്ന് വെന്റിലേറ്റർ…നിരാലംബയായ ഈ അമ്മയുടെ ഏക ആശ്രയമായ മകന്റെ ജീവനുവേണ്ടി പ്രാർത്ഥിച്ചു കൊണ്ട് എന്റെ ജീവൻതന്നെ പകരം നേദിക്കാൻ തയാറായി ഞാനിരുന്നു, ആ ദിവസങ്ങളിൽ ഉണ്ണാതെ ഉറങ്ങാതെ .അവൻ രോഗവിമുക്തനായപ്പോഴേക്കും അവന്റെ കുടുംബം അവനെ ഉപേക്ഷിച്ചു പോയിക്കഴിഞ്ഞിരുന്നു. ഒരമ്മയ്ക്ക്‌ വേദനിക്കാൻ ഇതിലധികം എന്ത് വേണം .ഒന്നും പുറത്തു കാണിക്കാതെ മകന് ധൈര്യവും സമാധാനവും ആശ്വാസവും കഴിയുന്നത്ര പകർന്നു നൽകിക്കൊണ്ട് ഞാൻ ജീവിതം തുടർന്നു .ആധി വ്യാധിയായി മാറി ഞാൻ വീണ്ടുമൊരു കാൻസർ രോഗിയായി. എപ്പോഴും പ്രസന്നമായ ഭാവം എന്റെ ശീലമാണ് .ക്ഷമയോടെ സഹനശക്തിയോടെ ഞാൻ കീമോയുടെ കെടുതികളേറ്റു വാങ്ങി .എന്റെ ചിരി മാഞ്ഞതേയില്ല .ക്രമേണ ഞാൻ സുഖം പ്രാപിച്ചു .

devi, priya a.s. mother's day

ഇതുവരെ കഴിഞ്ഞതൊന്നും ഒന്നുമല്ല .ഇനി വരാനിരിക്കുന്നത് അതിഭയങ്കരം എന്നമട്ടിലായിരുന്നു അടുത്ത ദുരന്തം .തോൽക്കുന്നില്ലെങ്കിൽ തോൽപ്പിച്ചെ അടങ്ങൂ എന്ന് ഏതോ ദുർവിധി വാശി പിടിക്കുംപോലെ. 2013 ജനുവരി അഞ്ചിന് എന്റെയും എന്റെ മകന്റെയും ജീവിതം തകർത്തു കൊണ്ട്, ഒരു കാർ രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന അവനെ ഇടിച്ചു തെറിപ്പിച്ചു .വിവരമറിഞ്ഞു കിംസ് ആശുപത്രിലെത്തിയ ഞങ്ങൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന സൂരജിനെയാണ് അവന്റെ തലയുടെ ഒരു ഭാഗം തകർന്നു പോയിരുന്നു .വാരിയെല്ലുകളും തോളെല്ലും വലതുകൈയും കഴുത്തും ഒടിഞ്ഞു തൂങ്ങുന്നു .ആ കാഴ്ച കണ്ട ഒരമ്മയുടെ മാനസികാവസ്ഥ എങ്ങനെ വിവരിക്കാനാണ് .വെന്റിലേറ്ററിൽ അവൻ കിടന്നു .ജീവന്റെ ഒരു നേരിയ ചലനം കാൽവിരൽ തുമ്പിൽ കണ്ടതു പോലും ദിവസങ്ങൾക്കു ശേഷമാണ്. അബോധാവസ്ഥയിലും അവൻ അതി കഠിനമായ വേദന അനുഭവിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു .എന്റെ കണ്ണുനീർ വറ്റി വരണ്ടു. തുടർന്ന് ഗുരുതരമായ ശാസ്ത്രക്രിയകൾ, ബാൻഡേജുകൾ കൊണ്ട് പൊതിഞ്ഞു കെട്ടി ജീവൻരക്ഷാ യന്ത്രങ്ങളുടെ നടുവിൽ അവൻ കിടന്നു, ദിവസങ്ങളോളം.പിന്നെ മുറിയിലും ഐ സി യുവിലുമായി മാറി മാറി മാസങ്ങൾ അവൻ ആശുപത്രിയിൽ കഴിഞ്ഞു.

എന്റെ മകളും മരുമകനും എപ്പോഴും കൂടെയുണ്ടായി.ചികിത്സാച്ചെലവുകൾ ഞങ്ങളെ നിസ്സഹായരാക്കി. ഇവിടെയാണ് മനുഷ്യരൂപത്തിൽ വരുന്ന ദൈവത്തെ നമ്മൾ തിരിച്ചറിയുന്നത്.എന്റെ ബന്ധുക്കൾ,കൂട്ടുകാർ, വായനക്കാർ സൂരജിന്റെ നൂറു കണക്കിന് സുഹൃത്തുക്കൾ ഒക്കെ ഞങ്ങളെ താങ്ങാനെത്തി .തളർന്നിട്ടു കാര്യമില്ല .കരഞ്ഞിട്ട് ഫലമില്ല.എനിക്ക് എന്റെ മകനെ രക്ഷിച്ചേ പറ്റൂ .അങ്ങനെ ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ എനിക്ക് കഴിയാത്ത കാര്യങ്ങൾ ഞാൻ ചെയ്തു .അവനെ വെല്ലൂർ ആശുപത്രിയിൽ കൊണ്ടുപോയി .അവിടെയും കുറെ മാസങ്ങൾ ഉറ്റവരാരും കൂടെയില്ലാതെ സദാ ഉറങ്ങിക്കിടക്കുന്ന മകനെയും നോക്കി ഞാനിരുന്നു .ഓപ്പറേഷനുകൾ അവിടെയും നടത്തി .ലക്ഷങ്ങൾ അവിടെയും മുടക്കി. എന്ത് കാര്യം? ഒടുവിൽ അവനെ നാട്ടിലേക്കു കൊണ്ട് പൊന്നു .ഒരു ഫ്ലാറ്റ് അവനായി എടുത്തു .ഒരു മുറിയിൽ ഒരാശുപത്രിമുറി സജ്ജീകരിച്ചു .ഹോം നേഴ്സ് ,ഫിസിയോ തെറാപ്പിസ്റ്റ് ഡോക്ടർമാർ ഇവരുടെയൊക്കെ സഹായത്തോടെ ഞാൻ എന്റെ മകനെ ശുശ്രുഷിച്ചുകഴിയുന്നു.

വർഷം നാലരകഴിഞ്ഞിരിക്കുന്നു .. എന്നാണ് എന്റെ മകൻ അമ്മെ എന്നൊന്ന് വിളിക്കുക .എപ്പോഴാണ് ഒരു തുള്ളി വെള്ളം വായിലൂടെ ഇറക്കാൻ അവനു കഴിയുക!ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല .അവൻ മൂക്കിൽ ഭക്ഷണത്തിനുള്ള ട്യൂബും യൂറിൻ ട്യൂബും ഡയപ്പറും ഒക്കെയായി അങ്ങനെ കിടക്കുന്നു .

sooraj d singh, devi js, priya as

മകൻ സൂരജമൊത്ത് പഴയകാല ചിത്രം

ഞാൻ ഒരുപാടു ചിരിക്കുന്നു .സംസാരിക്കുന്നു പ്രാർത്ഥനകൾ ചൊല്ലുന്നു .എല്ലാം അവനു വേണ്ടി .അവൻ പഴയതു പോലെ ഓടി ചാടി നടക്കേണ്ട .ക്രിക്കറ്റും ഷട്ടിലും കളിക്കേണ്ട .പാടുകയും ആടുകയും വേണ്ട .ഒന്ന് മിണ്ടാനും വീൽ ചെയറിൽ എങ്കിലും എഴുന്നേറ്റിരിക്കാനും അമ്മയെ തിരിച്ചറിയാനും കഴിഞ്ഞെങ്കിൽ !

ഒരു സാധാരണ അമ്മയും മകനുമല്ല ഞാനും എന്റെ മകനും .തോളോടുതോൾ ചേർന്ന് നിന്ന് ദുർഘട സന്ധികളെ നേരിടുകയും ലാഭനഷ്ടങ്ങൾനേടുകയും സുഖദുഃഖങ്ങൾ പങ്കിടുകയും ചെയ്തു പോന്നത് കൊണ്ട് വളരെ ദൃഢമായ ഒരാത്മബന്ധം ഞങ്ങൾ തമ്മിലുണ്ട് .അമ്മ എപ്പോഴും കൂടെയുണ്ടെന്ന് അബോധാവസ്ഥയിലും അവനറിയുന്നുണ്ട് .അവനു വേണ്ടി എന്റെ ആയുസ്സു നീട്ടി തരണേ എന്ന് ഞാൻ വീണ്ടും പ്രാർത്ഥിക്കുന്നു .

മകനെ നോക്കുന്നതോടൊപ്പം തിരക്കുള്ള ഉദ്യോഗസ്ഥയായ മകളുടെ വീട്ടുകാര്യങ്ങളും
കുട്ടികളെയും ഞാൻ നോക്കുന്നുണ്ട് .എങ്ങനെ നിനക്കിതൊക്കെ കഴിയുന്നു, എങ്ങനെ നിനക്ക് ഇപ്പോഴും ഇങ്ങനെ ചിരിക്കാൻ കഴിയുന്നു എന്നൊക്കെ ചോദിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളു .”ഞാൻ ചിലപ്പോഴൊക്കെ എനിക്ക് തന്നെ ഒരദ്‌ഭുതമാണ് .” എന്റെ കൂട്ടുകാരി പ്രിയ .എ .എസ് എന്ന വലിയ എഴുത്തുകാരി ഒരിക്കൽ പറയുകയുണ്ടായി “.നിന്നിലെ അമ്മയ്ക്ക് ഞാൻ തരുന്നത് നൂറിൽ നൂറു മാർക്കാണ് “ഇതിലും വലിയൊരു അഭിനന്ദനം ഒരമ്മയ്ക്ക്‌ കിട്ടാനുണ്ടോ ?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ