എന്‍റെ ഹൃദയാകാശത്തിലെ നക്ഷത്രമാണ് ഓരോ മൂക്കുത്തിയും. ഒരു തുള്ളി തിളക്കം മൂക്കിന്‍ തുമ്പത്ത് നിറച്ച പെണ്‍മുഖങ്ങള്‍ പ്രകാശം പരത്തുന്നു. കാന്തം പോലെ വലിച്ചടുപ്പിക്കുന്നതാണ് ഈ കാന്തി. ചിലരുടെ മൂക്കുത്തികള്‍ക്ക് അസാധാരണ തിളക്കം തോന്നിയിട്ടുണ്ടോ? പൂച്ചയുടെ കണ്ണുകളിലെ വൈഡൂര്യത്തിളക്കമായിരിക്കും. കുസൃതിയും പ്രണയവും ഒളിപ്പിച്ച് കണ്ണുകള്‍ വിടര്‍ത്തിയ കാമുകനെപ്പോലെ അവ മിന്നും. ഏതോ നിഗൂഢതയില്‍ തന്നെത്തന്നെ മറച്ചും മറന്നും ഒരേയൊരു മിനുക്കം നീട്ടിനില്‍ക്കുമവള്‍. മുക്കുത്തി എന്നുമെന്‍റെ സ്വപ്നങ്ങളില്‍ ചിറകുനീര്‍ത്തി പറന്നുവന്നു.

കനവിലത് കനല്‍തിളക്കമായെങ്കിലും പുറമേ ചാരമായ് കിടന്നു പുസ്തകത്താളുകളില്‍ മൂക്കുത്തി ഉള്ളവരോട് ഒരടുപ്പം അനുഭവപ്പെട്ടു. താദാത്മ്യം പോലെ ഇഴയടുപ്പം. ടി.പത്മനാഭന്‍റെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെ ‘ഞാന്‍ എന്നിലും പുറത്തും തിരഞ്ഞു. ചിലനേരങ്ങളില്‍ വഴിവിളക്കുകള്‍ പോലെ, സമുദ്രതീരത്ത് നിലാവില്‍ ദൂരെക്കാണും തോണിയിലെ വെളിച്ചം പോലെ ആശകളായി മാറി. മിന്നാമിനുങ്ങുകളിലെ തിളക്കം ഓരോ പെണ്‍മുഖമായി കനാക്കണ്ടേനെടി സഖീ…സി.വി.ശ്രീരാമന്‍ കണ്ട പ്രണയങ്ങള്‍ അതിര്‍ത്തികള്‍ക്കപ്പുറത്തായിരുന്നു. അതിനാലാവണം കാമുകിമാരുടെ ഭാഷയും വേഷവും സൗന്ദര്യാത്മകമായി നമ്മളറിയാതെ അനുഭവിച്ചത്.അദ്ദേഹത്തിന്‍റെ ഒരു കഥയില്‍ ”ഒന്നിച്ച് ജീവിക്കുമ്പോള്‍ അഴിച്ചു വെയ്ക്കാം”എന്നാണ് പ്രണയിനി പറയുന്നത്. തിരക്കേറിയ റസ്റ്റോറന്‍റില്‍ കാപ്പികുടിക്കുമ്പോള്‍ തനിക്ക് നേരേ നീളുന്ന ഓരോ കണ്ണുകളെയും സംശയത്തോടെയും തെല്ല് ഭയത്തോടെയും നോക്കി ”അപ്പാവോട് ആളാക്കുമോ?”എന്ന് വെപ്രാളപ്പെട്ട് ഇരിക്കുന്ന അവളുടെ ശ്വാസനിശ്വാസങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന് താഴ്ന്ന് മിന്നുന്ന മൂക്കുത്തിയിലേയ്ക്ക് അയാള്‍ കൗതുകത്തോടെ നോക്കിയപ്പോഴാണ് പൊത്തിപ്പിടിച്ച് അവള്‍ അഴിച്ചുവെയ്ക്കാം എന്ന് പറയുന്നത്. സത്യത്തില്‍ അവളുടെ മൂക്കുത്തിയും വെപ്രാളവും അയാള്‍ക്ക് ഇഷ്ടമായിരുന്നു എന്ന് വിശ്വസിക്കാനാണ് എന്നും എനിക്കിഷ്ടം. ഭിന്ന ഭാഷകളിലെ പ്രണയം അത്രമേല്‍ മനോഹരമായിത്തോന്നിയ ഒരു നിമിഷം .

‘മനുഷ്യന് ഒരാമുഖം ‘ എന്ന സുഭാഷ് ചന്ദ്രന്‍ നോവല്‍ വരുന്ന കാലത്ത് എനിക്കൊരു മൂക്കുത്തിയുണ്ട്. കുറേക്കാലം ഉള്ളില്‍ സൂക്ഷിച്ച കിനാവിനെ ഒരു സ്വര്‍ണ്ണപ്പൂവാക്കി ഇട്ടിരുന്നു. ജിതേന്ദ്രന്‍, ആന്‍ മേരിക്ക് പ്രണയത്തിലും കാമത്തിലും എഴുതിയ കത്തുകളിലൊന്നില്‍ തനിക്ക് വേണ്ടി ആഭരണങ്ങളണിയേണ്ടെന്നും വേണമെങ്കില്‍ ഒരു മൂക്കുത്തി മാത്രം അണിഞ്ഞു വരിക എന്നും എഴുതിയത് എന്നെ വല്ലാതെ മോഹിപ്പിച്ചു. മൂക്കില്‍ അവിടെ ഒരു മറുക് ആണെങ്കിലും മതി എന്ന ചിന്തയെ ഞാന്‍ നിരാകരിച്ചു. ആ ഒറ്റത്തിളക്കം മറുകിന് തരാനാവുമോ? സങ്കല്പങ്ങളില്‍ നിന്നും എന്‍റെ മൂക്കിലെത്തിയ ആ കുഞ്ഞുപൂവിനെ ഞാന്‍ ഒന്നുകൂടി സ്നേഹിച്ചു.dhanam alamelu, memories

‘നാടോടിത്തെന്‍റല്‍ ‘എന്ന തമിഴ് സിനിമയുടെ കേന്ദ്രബിന്ദു ഒരു മൂക്കുത്തിയായിരുന്നു…”കണ്ടപടിതുരത്തി അമ്മനവള്‍ വാങ്ങിക്കൊണ്ട മൂക്കുത്തി ”എന്ന വരി രസകരമായിത്തോന്നി. രഞ്ജിനിയുടെ മൂക്കില്‍ കാര്‍ത്തിക്ക് മൂക്കുത്തി ഇടുന്ന അതിസുന്ദരമായ ഒരു മൂഹൂര്‍ത്തമുണ്ട്. ഇത്ര പ്രണയത്തോടെ ഒരാഭരണവും ഇടുവാനാവില്ല.ചുംബിക്കും പോലെ അടുത്ത് മുഖങ്ങള്‍. ”നിനക്കൊരു വൈരമൂക്കുത്തിയാണ് ചേരുക അല്ലെങ്കില്‍ പുഷ്യരാഗം… ഈ സ്വര്‍ണ്ണപ്പൂവല്ല എന്നെന്‍ കാതില്‍ ആരോ കളിയായ് ചൊന്നതോ? ഓടുന്ന ബസ്സില്‍ ചിതറിത്തെറിച്ച അക്ഷരങ്ങള്‍ സ്വരൂക്കൂട്ടി ഞാന്‍ കേട്ടതോ? കൊലുസിന്‍റെ കിലുക്കം പോലെ കിലുകിലുന്നനെ വര്‍ത്തമാനം പറയുന്നവള്‍ക്ക് പ്രകാശം പരത്തുന്ന മൂക്കുത്തിയും ചിരിയുമാണ് ചേര്‍ച്ചയത്രേ. ഇതെല്ലാം കിനാവിന്‍റെ നിലാത്തരികള്‍ ഇലഞ്ഞിപ്പൂക്കള്‍ നീട്ടിയതാവാം. അവ നക്ഷത്രമൂക്കുത്തികള്‍ പൊഴിച്ചിട്ട് നില്‍ക്കും പോലെ കനവ് മായുമല്ലോ. ചില തോന്നലുകള്‍ സത്യം പോലെ ഉള്ളില്‍ പരക്കും.ഏതോ ഹൃദയത്തിലെന്‍റെ മൂക്കുത്തിത്തിളക്കം നിറയുന്നതായ് കരുതി ഞാന്‍. ഒരപൂര്‍വസുഗന്ധം മൂക്കില്‍ നിറഞ്ഞു. നാളിത് വരെ അറിയാത്ത അഭൗമമായ ഒരു മണം. അല്ലെങ്കില്‍ ബാലിശമായ ഒരു ഭയം മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ വൈരം ഞാന്‍ ചിന്തിക്കുമായിരുന്നോ? സംശയമാണ്. അത്രമേല്‍ ശക്തമായ ആ തോന്നലില്‍ ഞാന്‍ മൂക്കുത്തി മാറ്റി.

കുട്ടിക്കാലത്ത് ഉടലെടുത്ത ഭയത്തിന് കാരണം നാട്ടില്‍ പരന്ന ഒരു കഥയായിരുന്നു. പണ്ട് ഹരിഹരയ്യര്‍ എന്ന ഒരു അധ്യാപകന്‍ ആശിച്ച് ഭാര്യയ്ക്ക് വൈരം വാങ്ങിയത്രേ. അവരധികം താമസിയാതെ മരിച്ചു. അതിന്‍റെ ദോഷത്താലാണ് ആയമ്മ മരിച്ചതെന്ന് എല്ലാരും പറഞ്ഞു. ഞാന്‍ അവരെ കണ്ടിട്ടില്ല. കന്യാകുമാരി ദേവിയുടെ മൂക്കുത്തിയുടെ പ്രകാശം കപ്പല്‍ഛേദം വരുത്തിയതിനാല്‍ നടയടച്ച കഥ പോലെ ഒന്നായിരുന്നു നാട്ടിലിത്. ആ മൂക്കുത്തിക്കഥയ്ക്ക് വൈരത്തേക്കാള്‍ തിളക്കവും മൂര്‍ച്ചയും ഉണ്ടായിരുന്നു. എന്നിലെ കുട്ടിയെ മായ്ച്ച് മാന്ത്രികമായ തൂവലുഴിയല്‍ പോലെ ഞാന്‍ അതിനുള്ളിലായി. അതോ അതെന്നുള്ളിലോ? മഴ പെയ്യുമ്പോള്‍ പൊരുളോ ഇരുളോ ഓര്‍ക്കാതെ ചില ചെടികള്‍ പൂക്കും പോലെയാവാമത്.dhanam alamelu ,memories

”ഒരു ദേശത്തിന്‍റെ കഥ”യില്‍ ശ്രീധരന്‍റെ അമ്മയ്ക്ക് ഒരു മൂക്കുത്തി ഉണ്ട്. നിനക്കോര്‍മ്മയുണ്ടോ? എന്ന് ഒരു സുഹൃത്ത് എന്നോട്ചോദിച്ചപ്പോള്‍ അമ്പരന്നു. ഇല്ലല്ലോ. അതില്‍ അമ്മുക്കുട്ടിക്ക് ഒരു ചോന്നമൂക്കുത്തിയല്ലേ ഉള്ളൂ എന്നോര്‍ത്തു. വായിച്ച വഴികളില്‍ വരികള്‍ മറന്നതിനാല്‍ വീണ്ടുമെടുത്തു. അമ്മുവിന്‍റെ പാവത്തം നിറഞ്ഞ മുഖത്തിന് ചേരാത്ത ചോപ്പ് മൂക്കുത്തിയും കടന്ന് പേജുകള്‍ മറഞ്ഞപ്പോള്‍ അതാ ഒരു കിടിലന്‍മൂക്കുത്തി. മണിച്ചങ്ങലകള്‍ തൂങ്ങിക്കിടന്ന ചന്ദ്രക്കലാകൃതിയിലാണത്. ശ്രീധരന്‍റെ അമ്മയുടെ മൂക്കുത്തി. വായിച്ചപ്പോള്‍ ഒരു മറാഠി പെണ്ണിന്‍റെ നെറ്റിയിലെ അര്‍ദ്ധചന്ദ്രനും കുത്തുകളുമാണ് മനസ്സില്‍ വന്നത്. എസ് കെ എന്ന സഞ്ചാരിയുടെ ഏത് വഴികളിലാവാം ഈ മൂക്കുത്തിയുടെ ആദ്യ രൂപം?

പ്രിയപ്പെട്ട പലരുടെയും മൂക്കുത്തിയുടെ കഥകള്‍ പ്രിയത്തോടെ കേട്ടു. പലരുടെയും വായിച്ചപ്പോള്‍ പളുങ്കുമണികള്‍ ചിതറിവീഴുന്നൊരഴക് അനുഭവിച്ചു. പ്രിയകഥാകാരി അഷിതയുടെ മൂക്കുത്തി മലയാളമാകെ കൊതിക്കുന്ന ഒരാളുടെ സ്നേഹമാണ്. ഒരു കുറിപ്പിലാണത് വായിച്ചത്. ശാസ്തമംഗലത്തെ തന്‍റെ അയല്‍ക്കാരിക്കുട്ടിക്ക് അഴകേറ്റാന്‍ ആമിയോപ്പു കൊടുത്തതാണ് ആ മൂക്കുത്തി .ആ മൂക്കുത്തി അടുത്ത് കണ്ടപ്പോഴൊക്കെ ആമിയെ കാണാത്ത സങ്കടം മായുകയും വാക്കുകളിലെ മിന്നലും ഉന്മാദവും തെളിയുകയും ചെയ്‌തു. അങ്ങനെ ഒരു സ്നേഹസമ്മാനം എത്ര അമൂല്യമെന്ന് അസൂയപ്പെട്ടു. മൈന ഉമൈബാന്‍ എഴുതിത്തുടങ്ങിയ കാലം. ആയിടയ്ക്ക് തന്‍റെ പ്രണയത്തെക്കുറിച്ചും മറയൂരിന്‍റെ വന്യതയും വയനാടിന്‍റെ മലയോരവും തമ്മില്‍ ചേരുന്നതും എഴുതിയിരുന്നു. ആ കുറിപ്പില്‍ മൈനയുടെ കൂട്ടുകാരന്‍ ”എനിക്കൊരിഷ്ടമുണ്ട് ”എന്ന് ഒരു വഴി നടത്തത്തിനിടെ പറയുകയും നേരേ ഒരു ആഭരണക്കടയിലേയ്ക്ക് കയറി മൂക്ക് കുത്തിക്കുന്നതും വായിച്ചു. ഒരാലോചനയും സ്വപ്നവുമില്ലാതെ മൈനയുടെ മൂക്കില്‍ എത്തിയ ആകസ്മികത മൂക്കുത്തിയും അറിഞ്ഞിരിക്കുമോ?

പ്രണയചിഹ്നമായും ഉപഹാരമായും കിനാവായും തിളങ്ങുന്ന നക്ഷത്രമേ. നീ മാത്രമെന്തേ ഇത്ര പ്രിയതരമാവുന്നു? ഒരു ഗൂഢസ്മിതത്തോടെ ഒളിക്കുന്നു? സ്നേഹിക്കപ്പെടുന്ന പെണ്ണുങ്ങള്‍ എന്ന കവിതയില്‍ ബിന്ദു കൃഷ്ണന്‍ എഴുതിയ പോലെ തിളങ്ങുന്നു സ്നേഹം. മൂക്കുത്തിയായ്. പുല്‍ക്കൊടിത്തുമ്പിലെ നീഹാരമായ്, ഇരുളിലെ താരമായ്. മറ്റെല്ലാം ഒളിപ്പിച്ച് ഒരു തിരിവെട്ടം പരത്തി നില്‍ക്കുന്നു. ഹൃദയാകാശത്തിലെ നക്ഷത്രദ്യുതി പോലെ.പ്രണയഗാനത്തിന്‍റെ പതിഞ്ഞ ഈണം പോലെ മൃദുവായ് ഹസിച്ച് നില്‍ക്കുന്നു ഓരോ മൂക്കുത്തികളും

Read More: പെൺകൊട്ടകക്കാലങ്ങൾ

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ