/indian-express-malayalam/media/media_files/uploads/2018/09/smitha-3.jpg)
ചിത്രീകരണം: വിഷ്ണു റാം
“അമ്മാ, എ സ്ക്വയര്‍ പ്ലസ് ബി സ്ക്വയര്‍ ഈസ് ഇക്വല്‍ ടു?”
കഷ്ടിച്ച് ഗുണിതം ചെയ്യാന്‍ തുടങ്ങിയ ഒമ്പത് വയസ്സുകാരന്‍ ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്നത് കേട്ട് ഈ തലമുറക്കിതെന്ത് പറ്റി എന്ന് ചോദിക്കാന്‍ തുടങ്ങിയതായിരുന്നു. പക്ഷേ ജന്മനാ കൂടെ കൂടിയ അഹങ്കാരം അതിനു മുന്‍പേ പറഞ്ഞു കളഞ്ഞു:
“എ പ്ലസ് ബി ഹോള്‍ സ്ക്വയര്‍ മൈനസ് ടു എ ബി”
“അയ്യേ, അത് സി സ്ക്വയര്‍ ആണ്”
“ഓഹോ?”
അല്ല അവന്‍റെ ഉത്തരവും ശരിയാണല്ലോ. എന്നാലും ഇവന്‍ സ്ക്വയര്‍ ഒക്കെ എങ്ങനെ പഠിച്ചു? ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം!
“എവിടുന്ന് കിട്ടി ഇത്രയും വലിയ വിവരം?”
“ഷാറൂഖ് ഖാന്‍ പറഞ്ഞതാ. ടിവിയില്‍ കണ്ടിട്ടില്ലേ?”
അപ്പോള്‍ അതാണ് സ്ക്വയറിന്റെ ഗുട്ടന്‍സ്. ബൈജൂസ് ക്ലാസസ്. ഏതൊക്കെയോ അന്താരാഷ്ട്ര മാത്‌സ് ഒളിമ്പ്യാഡില്‍ ഒന്നാം സ്ഥാനം മേടിക്കുന്ന മകനെ സ്വപ്നം കണ്ട ആ ഒരു മിനിട്ട് വെറുതെയായി. ട്യൂഷന്‍ ക്ലാസുകള്‍ക്ക് ഷാറൂഖ് ഖാന്‍ മാര്‍ക്കറ്റിങ് ചെയ്യുന്ന ഇത്, പുത്തന്‍ കാലം എന്ന് അമ്മ ഓര്‍ത്തില്ല.
ചില ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ഓടി വരാന്‍ അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട എന്ന് ഒരിക്കൽകൂടി ഓർമ്മിച്ചു. വെറുതെ ഒരു സുഖത്തിന് കുറച്ചു പുറകോട്ടു പോയി. അധികമൊന്നുമില്ല വെറും ഇരുപത്തൊന്ന് കൊല്ലം. വേണമെങ്കിൽ ആലങ്കാരികമായി ഏകദേശം രണ്ട് ദശകത്തിലേറെ പഴക്കമുണ്ട് ആ ഓർമ്മയ്ക്കെന്ന് സ്കൂളിലെ മലയാളം മാഷുമാരുടെ ക്ലാസ്സിലെന്ന പോലെയോ ഒരു ചരിത്രവിശാരദയെ പോലെയോ തട്ടിവിടാം.
പത്താം ക്ലാസ് പരീക്ഷയില്‍ കണ്ണഞ്ചിപ്പിക്കുന്ന മാര്‍ക്ക് ഒക്കെ കിട്ടിയിട്ടും അതൊന്നും പോരാതെ കിട്ടാതെ പോയ ആദ്യ റാങ്കിലൊന്നിന് വേണ്ടി ഒരു കാര്യവുമില്ലാതെ മോങ്ങി നടക്കുന്ന കാലമാണ്. ചാനല്‍ ചര്‍ച്ചകളൊന്നും ഇല്ലാതിരുന്ന ആ സമയത്ത് എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞാല്‍ പത്രങ്ങളൊക്കെ റാങ്കുകാരുടെ വീട്ടിലേയ്ക്കുള്ള മാപ്പ് ആണ് വരച്ചോണ്ടിരുന്നത്. അപ്പൊ ഞാന്‍ അത് ആഗ്രഹിച്ചത് അത്ര വലിയ പാതകമൊന്നുമല്ല. റിസള്‍ട്ടിന്‍റെ സന്തോഷവും ആഘാതവും ഒക്കെ ആറിയപ്പോള്‍ ആ വലിയ ചോദ്യം മുന്നില്‍ വന്നു നിന്നു. ഇനിയെന്ത്? നാട്ടു നടപ്പനുസരിച്ചു വീട്ടിലെ വലിയ കോടതിയില്‍ (അമ്മ) നിന്നും താമസിയാതെ ഉത്തരവ് ഉണ്ടായി. നീ ഇഷ്ടമുള്ളതെന്താ എന്ന് വച്ചാല്‍ ചെയ്തോ. എന്നാലും വെറുതെ എന്‍ട്രന്‍സ് ഒന്ന് എഴുതി നോക്കി കൂടെ?
എന്‍ട്രന്‍സ് കോച്ചിങ് ഭ്രാന്ത് മൂത്ത് കേരളം മുഴുവന്‍ തൃശ്ശൂരിലാണ്.അന്ന് തൃശൂർ കേരളത്തിന്റെ എൻട്രൻസ് തലസ്ഥാനം ആയി തുടങ്ങുന്ന കാലം. അതിന് മുമ്പ് ആ തലസ്ഥാനവും ചില സമാന്തര സ്ഥാപനങ്ങളുടെ പേരിൽ അങ്ങ് തിരുവനന്തപുരത്തായിരുന്നു. അവിടെ നിന്നും തൃശൂരുകാർ സ്വന്തമാക്കിയതാണ് ഇത്. ഇപ്പോൾ ഈ തലസ്ഥാനം അങ്ങ് പാലായിലാണെന്നാണ് കേൾവി (ഈ തലസ്ഥാനം ഇന്ന് പാലായിലാണെന്നാണ് പാലാക്കാരുടെ അവകാശവാദം) അത് പോട്ടെ, അന്ന് ആ 90കളുടെ അവസാനത്തിൽ തൃശൂരുള്ളോർക്ക് എത്ര മാര്‍ക്ക് കിട്ടിയാലും വീട്ടിനടുത്തുള്ള കോളേജില്‍ പഠിക്കാന്‍ പറ്റാത്തത്ര അരക്ഷിതാവസ്ഥ. അതിനെക്കുറിച്ചു പിന്നെ പിന്നെ തൃശ്ശൂരുള്ളവര്‍ വേവലാതിപ്പെടാതായി എന്നാണ് ഐതീഹ്യം. ‘പ്രമുഖ’ എന്‍ട്രന്‍സ് സ്ഥാപനങ്ങളില്‍ ‘സ്റ്റാര്‍ ബാച്ച്’ ഒക്കെ തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞാണ് ബോധോദയം. പത്താം ക്ലാസ് പരീക്ഷാ ഫലം വന്നു കോളേജ് പ്രീഡിഗ്രി അഡ്മിഷന്‍ പരിപാടികള്‍ തുടങ്ങിയിട്ട് പോലും ഇല്ല എന്നത് ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ട ഒരു വസ്തുതയാണ്. (നോട്ട് ദ് പോയിന്റ് എന്ന്) ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവിടിങ്ങനാണ് ഭായ്. എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം എന്‍ട്രന്‍സ് കോച്ചിങ് തുടങ്ങിയില്ലേല്‍ ഞങ്ങള്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹര്‍ജി കൊടുക്കും.
ഇത് വരെ കഴിഞ്ഞത് ടൈറ്റില്‍ സോങ്. സംഭവ കഥ തുടങ്ങാന്‍ പോകുന്നതെയുള്ളൂ.
അങ്ങനെ നാടോടുമ്പോള്‍ നടുവേ ഓടാന്‍ ഞാനും തീരുമാനിച്ചു. കൂലംകഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒട്ടും താല്‍പര്യമില്ലാതെ അച്ഛന്‍റെ കൂടെ ബസ് പിടിച്ചു, എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേരാന്‍ തിരിക്കുന്നു. ഉള്ളിലുണ്ടായ വെളിപാടില്‍ പ്രേരിതരായി തേക്കിന്‍കാട് മൈതാനവും കറന്റ് ബുക്സും രാംദാസ് തിയേറ്ററും കഴിഞ്ഞിട്ടും നില്‍ക്കാതെ അങ്ങ് എം ജി റോഡിന്‍റെ അറ്റം എത്തുന്നത് വരെ നടന്നു കൊണ്ടേയിരുന്നു. പെട്രോള്‍ ബങ്കിന്റെ പുറകില്‍ ഒളിച്ചിരിക്കുന്ന ആ വീടെത്തുന്നത് വരെ. ജയറാം എന്ന് പറയുമ്പോള്‍ എനിക്ക് സിനിമാ നടന്‍ ജയറാമിനെ മാത്രമേ ആ കാലത്ത് ഓര്‍മ്മ വരുമായിരുന്നുള്ളൂ. അങ്ങനെ പല ചിന്തകളുമായി, ബെല്‍ അടിച്ച എന്‍റെ മുന്‍പില്‍ നിറഞ്ഞ പുഞ്ചിരിയുമായി ഒരാള്‍ അറിവിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നു. വീടിനകത്തേയ്ക്ക് വിളിച്ചു, ഇരിക്കാന്‍ പറഞ്ഞു. ആഗമനോദ്ദേശം പറഞ്ഞപ്പോള്‍ ജയറാം സാറിന്റെ പ്രസിദ്ധമായ ആ ചോദ്യം ആദ്യമായി ഞാന്‍ കേട്ടു.
“എത്ര്യാ നിന്‍റെ പത്താം ക്ലാസ് മാര്‍ക്ക്?”
ഉത്തരം കേട്ടതിനു ശേഷം അച്ഛനോട് അദ്ദേഹം പറഞ്ഞ ആ വാക്കുകള്‍ കൊണ്ടാണ് ഒരു മഹാസൗധം ഞാന്‍ ഉള്ളില്‍ പണിത് തുടങ്ങിയത്.
“ഇത്ര മാര്‍ക്കുള്ള ഇവള്‍ക്ക് എന്തിനാ ട്യൂഷന്‍? എന്നാലും നിര്‍ബന്ധം ആണ്ച്ചാ ചേര്‍ന്നോ. ക്ലാസ് പതുക്കെയേ തുടങ്ങൂ. കോളേജ് അഡ്മിഷന്‍ ഒക്കെ കഴിഞ്ഞാലല്ലേ കുട്ട്യോള്‍ക്ക് ഏതു ബാച്ച് ആണ് സൗകര്യം എന്ന് തീരുമാനിക്കാന്‍ പറ്റൂ.”
ഫിസിക്സിനോടുള്ള പ്രിയം ജന്മനാ ഫിസിക്സ് മാഷുടെ 'എക്സ്' ക്രോമോസോ മിന്‍റെ കൂടെ കിട്ടിയതാണെങ്കില്‍ അതൊരു കടുത്ത പ്രണയമാകുന്നത് കൃത്യമായി ഓര്‍ത്തെടുത്താല്‍ മുകളില്‍ പറഞ്ഞ സംഭാഷണം നടന്ന് പിന്നീട് വന്ന രണ്ട് വര്‍ഷങ്ങളിലാണ്. രാവിലെ ഏഴ് മണിക്ക് ഉറക്കം തൂങ്ങി സാറിന്‍റെ വീടിന്‍റെ മുകളിലത്തെ നിലയിലെ ക്ലാസ് മുറിയില്‍ ഇരിക്കുന്ന പ്രീഡിഗ്രിക്കാരുടെ മുന്നില്‍ മുണ്ടിന്‍റെ അറ്റം സ്വത സിദ്ധമായ ശൈലിയില്‍ ഒന്നു തട്ടി ഒരാള്‍ കയറി വരും. അല്പം ഉയര്‍ന്ന മുന്‍ വശത്തെ തട്ടില്‍ കയറി അടുത്ത ഒന്നര മണിക്കൂര്‍ ഫിസിക്സ് മുഴുവന്‍ ആ ഗാംഭീര്യമുള്ള ശബ്ദത്തിലും ബ്ലാക് ബോര്‍ഡിലും ചോക്കിലും ആവാഹിക്കും. കോണ്‍വെന്റ് സ്കൂളിലെ പാഠപുസ്തകങ്ങളില്‍ വായിച്ചു കേട്ട ഭൗതികശാസ്ത്രം തലച്ചോറില്‍ നിന്നും നേരിട്ട് നാക്കില്‍ ഒഴുകി വരുന്നത് ഒരു പുതു കാഴ്ചയായിരുന്നു. ഏതെങ്കിലും പുസ്തകം തുറന്നു നോക്കി ഒരിക്കല്‍ പോലും ജയറാം സാര്‍ പഠിപ്പിച്ചതായി ഓര്‍ക്കുന്നില്ല. കണക്കുകളുടെ അക്കങ്ങള്‍ പോലും അണുവിട തെറ്റില്ല.
അതിനിടയില്‍ വരുന്ന ഒരു അപകടം ഉണ്ട്. കണക്ക് ഇട്ടു തന്ന് ചിലപ്പോള്‍ അടുത്തു വന്നു പുസ്തകത്തില്‍ നോക്കി നില്‍പ്പാവും. വിറയ്ക്കുന്ന ശരീരത്തിന്‍റെ ഒരറ്റത്തിരിക്കുന്ന തലയില്‍ അപ്പോള്‍ ആകെ ഓര്‍മ്മ വരിക ‘അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍...” എന്ന് മാത്രമാണ്. ഫിസിക്സിനോട് അലംഭാവം കാണിക്കുന്നവര്‍ ആ പ്രസിദ്ധമായ ചോദ്യം പതിവായി കേട്ടുകൊണ്ടേയിരുന്നു, “എത്ര്യാ നിന്‍റെ പത്താം ക്ലാസ് മാര്‍ക്ക്?” മാര്‍ക്കി ന്‍റെ വലുപ്പം കൂടും തോറും പരിണത ഫലത്തിന്‍റെ രൂക്ഷതയും കൂടി കൊണ്ടിരുന്നു. കടലാസ്സില്‍ കിട്ടുന്ന അക്കങ്ങളല്ല വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നും പലപ്പോഴും വലിയ അക്കങ്ങള്‍ വെറും മാറാപ്പ് മാത്രമാണെന്നും അതിന് മുന്‍പോ ശേഷമോ ആരും ഇത്ര കണ്ട് ബോദ്ധ്യപ്പെടുത്തി തന്നിട്ടില്ല. എന്‍റെ ഐന്‍സ്റ്റീനിനും ന്യൂട്ടണും ഫെന്‍മാനും ഒക്കെ ജയറാം സാറിന്‍റെ രൂപം ആണ്. കൊള്ളാം എന്ന് പറഞ്ഞു തോളില്‍ തട്ടിയ ഒന്നോ രണ്ടോ അവസരങ്ങള്‍ എന്‍റെ നൊബേല്‍ സമ്മാനങ്ങളും.
ആ കൊച്ചു മുറിയിലെ ഭൗതിക ശാസ്ത്രം എന്നോട് വളരെ കുറച്ചു കാര്യങ്ങളെ പറഞ്ഞുള്ളൂ. ഭൂഗോളത്തിന്‍റെ സ്പന്ദനം ന്യൂട്ടന്‍റെ മൂന്ന് സിദ്ധാന്തങ്ങളിലാണെന്ന്. ഫാരഡെയുടെ വൈദ്യുതിയും കാന്തിക വലയങ്ങളും ഇല്ലായിരുന്നെങ്കില്‍ മനുഷ്യന്‍ ഇന്നും ശിലായുഗത്തില്‍ ജീവിച്ചേനെ എന്ന്. മാക്സ്‌വെല്ലിന്‍റെ വൈദ്യുത കാന്തിക തരംഗങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചു വരില്ലായിരുന്നു എന്നും അത് ഞാന്‍ സ്മാര്‍ട്ട് ഫോണില്‍ വായിക്കില്ലായിരുന്നു എന്നും. ഇതു പോലെയുള്ള കൊച്ചു കൊച്ചു ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തുണ്ടാക്കിയതാണ് ഇന്നത്തെ എന്‍റെ ഫിസിക്സ് ലോകം. പക്ഷേ അതിനൊരു വിശാലമായ കാന്‍വാസ് ഉണ്ടാക്കിയതിന് പിന്നില്‍ ഒരാള്‍ ഇല്ലാതിരിക്കാന്‍ തരമില്ല.
ഇന്ന് വൈദ്യുത കാന്തിക തരംഗങ്ങളെ കൂട്ടു പിടിച്ച്, മനുഷ്യ നിയന്ത്രിതമല്ലാതെ വാഹനങ്ങളെ സ്വയം ചലിക്കാന്‍ പഠിപ്പിക്കുന്ന ഒരു ലോകത്തു ഞാന്‍ എത്തിയത് യാദൃശ്ചികമല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എം ടി യും മുകുന്ദനുമൊക്കെ ഇരിക്കുന്ന ഷെല്‍ഫില്‍ സയന്‍സ് ഫിക്ഷന്‍ അങ്ങനെ വെറുതെ കയറി വന്നതാവാന്‍ വഴിയില്ല. മുറകാമിയെ വായിക്കുമ്പോള്‍ കഥാപാത്രങ്ങളുടെ സ്വഭാവവും അവരുടെ പിന്നണിയില്‍ മുഴങ്ങുന്ന ജാസിന്‍റെ അനുരണനങ്ങളും ശ്രദ്ധിക്കുന്നതിനും വ്യക്തമായ കാരണങ്ങള്‍ ഉണ്ടായേ കഴിയൂ. എന്തിന് ആറാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ വീടിന്‍റെ ടെറസ്സില്‍ ഷീറ്റ് ഇട്ടിരിക്കുന്നിടത്തു പോകുമ്പോള്‍ വെറുതെ മുകളില്‍ നോക്കി ഇത് മെക്കാനിക്സില്‍ പഠിച്ച 'ട്രസ്' അല്ലെ എന്ന് നിര്‍വൃതി കൊള്ളുന്നതും വട്ടായത് കൊണ്ടൊന്നുമല്ല.
ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും ചിലര്‍ വന്ന് നമ്മളോട് പറയും ഇതാണ് നിന്‍റെ വഴി എന്ന്. പതിനഞ്ച് വയസ്സ് ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളില്‍ ചിലത് എടുക്കേണ്ട ഒരു കാലഘട്ടമാണ്. അതിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ മനസ്സിലാക്കാത്ത ചിലത് വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വ്യക്തമായി കാണാം. ജയറാം എന്ന അധ്യാപകൻ ഞാന്‍ എന്ന വ്യക്തിത്വത്തിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. അധ്യാപകന്‍ എന്ന പദത്തിന് കൃത്യമായ ഒരു വിവരണം എനിക്ക് തന്നത് അദ്ദേഹമാണ്. ഞാന്‍ നടന്ന ചെറിയ വഴികളില്‍ ഒരാളുടെ കാലില്‍ തൊടണം എന്ന് ഒരിക്കല്‍ മാത്രമേ എനിക്ക് അതിയായ ആഗ്രഹം തോന്നിയിട്ടുള്ളൂ. എന്‍ട്രന്‍സ് റിസള്‍ട്ട് പറയാന്‍ ജയറാം സാറിനെ കാണാന്‍ പോയ ആ സന്ദര്‍ഭത്തില്‍. പേടി കാരണം അന്നത് ചെയ്യാതിരുന്നതിന് ഇന്നും സ്വയം ശകാരിച്ചു കൊണ്ടേയിരിക്കുന്നു.
Read More: സ്മിതാ വിനീത് എഴുതിയ മറ്റ് ലേഖനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.