scorecardresearch

ആ മുഖങ്ങളെ ഞാൻ കാണുന്നുള്ളൂ, ആ നിലവിളികൾ മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ

"ഇത്രയും എഴുതാൻ കഴിയുമെന്ന് വിചാരിച്ചതല്ല. ഇത് വായിക്കുമ്പോൾ ചിലർക്കെങ്കിലും എന്നോട് അനിഷ്ടം തോന്നിയേക്കാം. ഞാനത് കാര്യമാക്കുന്നില്ല" താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരനും കഥാകൃത്തുമായ സുഭാഷ് ഒട്ടുംപുറം എഴുതുന്നു

"ഇത്രയും എഴുതാൻ കഴിയുമെന്ന് വിചാരിച്ചതല്ല. ഇത് വായിക്കുമ്പോൾ ചിലർക്കെങ്കിലും എന്നോട് അനിഷ്ടം തോന്നിയേക്കാം. ഞാനത് കാര്യമാക്കുന്നില്ല" താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരനും കഥാകൃത്തുമായ സുഭാഷ് ഒട്ടുംപുറം എഴുതുന്നു

author-image
Subash Ottumpuram
അപ്‌ഡേറ്റ് ചെയ്‌തു
New Update
tanur boat accident, subash ottumpuram, iemalayalam

പനി പിടിച്ച് മൂടിപ്പുതച്ചിരിക്കുമ്പോഴാണ് ഫയർഫോഴ്സിന്റെയും ആംബുലൻസിന്റെയുമൊക്കെ ശബ്ദം കേൾക്കുന്നത്. എവിടെയോ തീ പിടിച്ചിട്ടുണ്ടാവുമെ ന്നാണ് ആദ്യം കരുതിയത്. റോഡിലെത്തിയപ്പോൾ വാഹനങ്ങളുടെ അസാധാരണതിരക്ക്. ബൈക്കുകളും കാറുകളുമൊക്കെ വടക്കോട്ട് ചീറിപ്പായുന്നു. അപ്പോഴാണറിഞ്ഞത് പുഴയിൽ ബോട്ട് മുങ്ങിയതാണെന്ന്.

Advertisment

അഴിമുഖത്തെ ഉല്ലാസബോട്ടുകൾ നാലെണ്ണത്തിൽ ഏതാണ് മുങ്ങിയതെന്ന കാര്യത്തിൽ രണ്ടാമതൊരു പേര് മനസ്സിൽ വന്നില്ല; അത് അറ്റ്‌ലാന്റിക് എന്ന ബോട്ട് തന്നെയായിരിക്കുമെന്ന് ഊഹിച്ചു. ആ ഊഹം വെറുതെ തോന്നിയതല്ല, അതിന് കാരണമുണ്ടായിരുന്നു. ഈ ബോട്ട് തട്ടിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് എത്രയോ മുൻപേ നാട്ടിൽ പരന്നിരുന്ന വർത്തമാനമാണ്. ഒരു തരത്തിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാൻ യോഗ്യത അതിനില്ലത്രേ; കണ്ടാൽ പുത്തനാണെന്ന് തോന്നുമെങ്കിലും. അനുമതി കിട്ടാത്തത് കാരണം ദിവസങ്ങളോളം ആ ബോട്ട് പുഴയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. പക്ഷേ, എന്ത് മായാജാലമാണെന്നറിയില്ല കഴിഞ്ഞ വിഷുവിന് അറ്റ്‌ലാന്റിക് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്യപ്പെടുകയും ആളുകളെയും കൊണ്ട് വിനോദസഞ്ചാരം ആരംഭിക്കുകയും ചെയ്തു.

ആരോഗ്യമില്ലാത്ത ബോട്ടിന് പൂരപ്പുഴയിൽ വിനോദയാത്ര നടത്താൻ അനുമതി എങ്ങനെ ലഭിച്ചു?

ആ ചോദ്യം ചോദിക്കരുത്. എന്തോ ഒരു മാന്ത്രികശക്തിയുള്ള നാടാണ് നമ്മുടേത്. മനുഷ്യജീവനൊഴികെ, അസംഭവ്യമെന്ന് കരുതുന്ന എന്ത് കാര്യവും ആ മാന്ത്രികവസ്തു കൊണ്ട് സാധ്യമാകും. അതു കൊണ്ട് വോട്ട് വാങ്ങാം. ബോട്ടും വാങ്ങാം. നൽകാൻ പാടില്ലാത്ത അനുമതികൾ അതുകൊണ്ട് തന്നെ നേടിയെടുക്കാവുന്ന വണ്ടർലാൻഡ് ആയി നമ്മുടെ നാട് മാറി.

Advertisment

റോഡിലെ ബഹളങ്ങൾ നോക്കി നിൽക്കുമ്പോൾ അപകടത്തിന്റെ വ്യാപ്തി ശരിക്കും മനസിലായിരുന്നില്ല. കടലിൽ തോണി മുങ്ങുന്നതും ആളുകൾ മുങ്ങിമരിക്കുന്നതും ഞങ്ങൾ "കടപ്രക്കാർക്ക്" പുതിയ സംഭവമൊന്നുമല്ല. "കടപ്പുറത്ത് '' എന്ന കഥ അത്തരമൊരു സംഭവത്തിന്റെ ദൃക്സാക്ഷി വിവരണമാണ്.

tanur boat accident, subash ottumpuram, iemalayalam

അധികം വൈകാതെ വടക്കുനിന്ന് ആംബുലൻസുകളും ഓട്ടോറിക്ഷകളും ചീറിപ്പാഞ്ഞു വന്നു. അപകടത്തിൽ പെട്ടവരേയും കൊണ്ട് കുതിക്കുന്ന ആ വാഹനങ്ങളെ നോക്കി റോഡരികിലെ സ്ത്രീകൾ കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ മനുഷ്യർക്ക് വേണ്ടി എന്റെ ഗ്രാമം ഒന്നടങ്കം കരഞ്ഞു. അതേ ഗ്രാമം അറ്റ്‌ലാന്റിക്കിലെ യാത്രികരോടൊപ്പം അന്ന് മരിച്ചു. അല്ല; കൊന്നു. ഞാനങ്ങനെയേ പറയൂ. കൊന്നതാണ്. ജീവിക്കാനുള്ള ആ കുഞ്ഞുങ്ങളുടെ അവകാശത്തെ ധിക്കാരപൂർവ്വം നിഷേധിച്ചതാണ്. നേരത്തെ പറഞ്ഞ മാന്ത്രികവസ്തുവിന് മുന്നിൽ.

അപകടം നടന്ന സ്ഥലത്തെ കാഴ്ച അങ്ങേയറ്റം ദയനീമായിരുന്നു. ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികൾ മുഴുവൻ പുഴയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അതും മൊബൈൽ ടോർച്ചിന്റെയും മറ്റും പരിമിതമായ വെളിച്ചത്തിൽ. സ്വന്തം സുരക്ഷയെച്ചൊല്ലി ഒട്ടുമേ ആശങ്കപ്പെടാതെ അവർ ഓരോ ജീവനും രക്ഷിച്ചെടുക്കാനുള്ള തിരക്കിലായിരുന്നു. അവരെപ്പോഴും അങ്ങനെയാണ് സ്വന്തം ജീവനേക്കാൾ അപരന്റെ ജീവന് അവർ വില കൽപ്പിക്കുന്നു. അവർക്കിടയിൽ ജീവിക്കാനായതിൽ അങ്ങേയറ്റം അഭിമാനമുണ്ട്.

താഴ്ന്ന് ചെളിയിലുറച്ച ബോട്ടിനെ പൊക്കിയെടുക്കാൻ മത്സ്യത്തൊഴിലാളികൾ ആവതും ശ്രമിച്ചു കൊണ്ടേയിരുന്നു. അതിനുള്ളിൽ അകപ്പെട്ടു പോയവർ അത്ര നേരം ജീവനോടെയിരിക്കാൻ സാധ്യതയില്ലെന്ന ചിന്ത പോലും അങ്ങേയറ്റം ക്രൂരമായനുഭവപ്പെട്ടു. എത്ര പേരാണതിൽ ബാക്കിയുള്ളത്, ആശുപത്രിയിലേക്ക് കൊണ്ടുപോയവരിൽ എത്ര പേർ രക്ഷപ്പെട്ടു എന്നൊന്നും അറിയാൻ കഴിഞ്ഞില്ല. ആളുകളും കിംവദന്തികളും ഒട്ടും അനുസരണയില്ലാതെ പുഴയോരം നിറഞ്ഞു നിന്നു.

ബോട്ട് പൂർണ്ണമായും വെള്ളത്തിൽ താഴ്ന്നിട്ട് അപ്പോഴേക്കും ഒരു മണിക്കൂറിലധികം കഴിഞ്ഞിരുന്നു. അപ്പോഴും അതിനകത്ത് ആളുകളുണ്ടെന്നറിഞ്ഞപ്പോൾ മനസ്സിൽ തോന്നിയ വികാരം എഴുതി ഫലിപ്പിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു പോകുന്നു. കുട്ടികളായിരുന്നു അധികവും. നാളെ ആരൊക്കെയോ ആകേണ്ടിയിരുന്നവർ. കൊന്നു കളഞ്ഞു. ആ നശിച്ച ബോട്ടിനുള്ളിൽ കിടന്ന് അവരനുഭവിച്ച വേദനയെ പറ്റി ആലോചിക്കുമ്പോൾ തളർന്നു പോകുന്നു.

മത്സ്യത്തൊഴിലാളികളുടെ പരിമിതമായ ഉപകരണങ്ങളാൽ ബോട്ടിനെ ഇക്കരേക്ക് വലിച്ചുയർത്തുക അസാധ്യമായപ്പോൾ അക്കരേക്ക് കയറ്റാനുള്ള ശ്രമങ്ങളാരംഭിച്ചു. കുറേ നേരം അവർ വെള്ളവുമായി യുദ്ധം ചെയ്തു. പിന്നെ മണ്ണുമാന്തിയും ക്രെയിനുമൊക്കെ വന്നിട്ടാണ് അറ്റ്‌ലാന്റിക്കിനെ കരയ്ക്കെത്തിച്ചത്. ആർത്തിയുടേയും നിസ്സാഹയതുടേയുമൊക്കെ പ്രതീകമായി അതിപ്പോൾ ശാപം പോലെ, അക്കരെ കിടക്കുന്നുണ്ട്.

tanur boat accident, subash ottumpuram, iemalayalam

ഈ ദുരന്തത്തിന് ശേഷം ഇനിയൊരു ബോട്ടും പ്രവർത്തിക്കേണ്ട എന്ന അഭിപ്രായം പലരിൽ നിന്നും കേൾക്കാനിടയായി. ഇത്തരം അഭിപ്രായങ്ങൾക്കും ഈ ദുരന്തമുണ്ടാക്കിയ നടുക്കത്തിനും അധികകാലം ആയുസ്സില്ല എന്നതാണ് വസ്തുത. എത്ര ദുരന്തങ്ങൾ നമ്മൾ കണ്ടിരിക്കുന്നു. ദുരന്തം നടന്ന് ആദ്യത്തെ കുറച്ചു ദിവസങ്ങൾ വാങ്ങുന്ന ശമ്പളത്തോട് കൂറു കാണിക്കും ഉദ്യോഗസ്ഥർ. പിന്നെ സൗകര്യപൂർവ്വം പലതും കണ്ടില്ലെന്ന് നടിക്കും. നമ്മളോ അതിലും വേഗം എല്ലാം മറക്കും. ദുരന്തങ്ങൾ പെട്ടെന്ന് വിസ്മൃതിയിലേക്ക് തള്ളാനുള്ള കഴിവു കൂടിയുണ്ട് നമ്മുടെ വണ്ടർലാൻഡിന്.

അറ്റ്‌ലാന്റിക്കിന്റെ പതനത്തോടനുബന്ധിച്ച് ചില കാര്യങ്ങളിലേക്ക് കൂടി ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. നേരത്തെ പറഞ്ഞതു പോലെ എല്ലാം മറന്ന് പൂരപ്പുഴയുടെ ഓളങ്ങളെ പുളകിതരാക്കി വീണ്ടും വിനോദസഞ്ചാര ബോട്ടുകൾ യാത്ര നടത്തിയേക്കാം. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും മറ്റും ഉണ്ടായേക്കാം. പക്ഷേ, അതൊന്നും അപ്രതീക്ഷിതമായൊരു അപകടത്തെ തടയാൻ പര്യാപ്തമല്ലല്ലോ. ഭാവിയിൽ ഇത്തരമപകടമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻ പറ്റിയ പുഴയോരമല്ല ഇവിടുത്തേത്. ഇത്തവണ അപകടം നടന്നത് നാട്ടുകാർ ആശ്രമം എന്ന് വിളിക്കുന്ന ശ്രീരാമചന്ദ്രമിഷന്റെ മെഡിറ്റേഷൻ സെന്ററിന് അരികെയായിരുന്നു. അവരുടെ കോംപൗണ്ടിനുള്ളിലൂടെ പുഴയോരം വരെ വാഹനത്തിന് വരാനുള്ള സൗകര്യമുണ്ടായിരുന്നു. മറിച്ചായിരുന്നെങ്കിൽ പുഴയിൽ നിന്ന് വാരിയെടുത്ത ജീവനുമായ് റോഡ് വരെ ഓടുകയല്ലാതെ വേറൊരു വഴിയുമുണ്ടാകുമായിരുന്നില്ല.

മറ്റൊരു കാര്യം, അതൊരുപക്ഷേ, തീർത്തും നിസ്സാരമായി തോന്നിയേക്കാം. പുഴയിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന കുറച്ചു പേരുണ്ട്. ഇക്കരെ നിന്ന് അക്കരേക്ക് നീട്ടി വലയിടുന്ന രീതിയാണവരുടേത്. ഉല്ലാസനൗകകളുടെ പോക്കുവരവുകൾ അവസാനിച്ചിട്ട് വേണം അവർക്ക് വള്ളവും വലയുമായി പുഴയിലേക്കിറങ്ങാൻ. അങ്ങനെ അവസാനത്തെ ബോട്ടും പോകുന്നതും നോക്കിയിരിക്കുമ്പോഴാണ് മത്സ്യത്തൊഴിലാളിയായ പ്രതീഷിന് മുന്നിൽ അറ്റ്‌ലാന്റിക്ക് തല കീഴായി മറിയുന്നത്. പ്രതീഷ് രക്ഷിച്ചത് പതിമൂന്ന് പേരെയാണ്. അതെ, പ്രതീഷിന്റെ നാട്ടുകാരനാണ് ഞാൻ.

ഇത്രയും എഴുതാൻ കഴിയുമെന്ന് വിചാരിച്ചതല്ല. ഇത് വായിക്കുമ്പോൾ ചിലർക്കെങ്കിലും എന്നോട് അനിഷ്ടം തോന്നിയേക്കാം. ഞാനത് കാര്യമാക്കുന്നില്ല. ഈ ദുരന്തത്തിൽ മരിച്ചു പോയവരുടെ മുഖം മാത്രമേ എന്റെ മനസിലുള്ളൂ. അവരുടെ നിലവിളികൾ മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ. മറ്റൊരു ന്യായീകരണവും കേൾക്കാൻ തൽക്കാലം എനിക്കു മനസില്ല.

Malappuram Boat Accident Memories Features

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: