മൂന്ന് മണിക്കൂറിൽ പത്ത് സിനിമകൾക്ക് വേണ്ടിയുള്ള വിഷയങ്ങൾ, വൈകാരിക പ്രകടനങ്ങൾ, മനുഷ്യന്റെ നിസ്സഹായാവസ്ഥ, അസ്തിത്വം, മതങ്ങൾ, ദൈവം, സദാചാരം, അധികാരം, കാമം, മനുഷ്യനിൽ ഉൾച്ചേർന്നു നിൽക്കുന്ന അക്രമ വാസന, സമൂഹത്തിന്റെ അവഗണന, എല്ലാത്തിനും ഒടുവിൽ എന്താണ് നിത്യ സത്യം, യാഥാർഥ്യം, തെറ്റും ശെരിയും എന്നാലെന്ത് എന്നിങ്ങനെ ഒരു നൂറ്‌ ചോദ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ്  ത്യാഗരാജൻ കുമാരരാജെയുടെ ‘സൂപ്പർ ഡീലക്സ്’ എന്ന ചിത്രം. കൃത്യമായി ഏതു വിഭാഗത്തിൽ സിനിമയെ പെടുത്താം എന്ന ചോദ്യം ഉയരുകയാണെങ്കിൽ അത് പലപ്പോളും പ്രേക്ഷകന്റെ ആസ്വാദനശേഷിയെ ആശ്രയിച്ചു നില്‍ക്കും എന്ന് മറുപടി പറയേണ്ടി വരും.

മൂന്ന് പ്രധാന പ്ലോട്ടുകളിലായി വികസിക്കുന്ന ചിത്രം നമ്മൾ കണ്ടു പഴകിയ കഥ പറച്ചിൽ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായതും, അടുത്ത രംഗം ഇത്തരത്തിൽ ഒന്നായിരിക്കുമെന്ന പ്രേക്ഷകന്റെ ധാരണയെ പൊളിക്കുന്ന തരത്തിലുമുള്ളതാണ്. ഒരു രംഗത്തിൽ നിന്നും അടുത്തതിലേക്ക് കടക്കും തോറും നമ്മൾ കാണുന്ന കഥ അപ്രവചനീയമാവുകയും കൂടുതൽ വിശാലമായ ഭൂമികയിലേക്ക്/ രാഷ്ട്രീയത്തിലേക്ക്, കൂടുതൽ ചിന്തകളിലേക്ക്, സമൂഹത്തിന്റെ നേരുകളിലേക്ക്, നമ്മൾ ഓരോരുത്തരുടെയും  ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന വിധം അത്ഭുതകരമാണ്.

ചിത്രീകരണത്തിന്റെ സൂക്ഷ്മതയിലൂടെയും പല ഭാഗങ്ങളിലെ ചെറിയ സംഭാഷണങ്ങളിൽ കൂടിയും ചിത്രം മുന്നോട്ട് വെക്കുന്നത് കനപ്പെട്ട ചിന്തകളെയാണ്. കൃത്യമായി പറയുകയാണെങ്കിൽ മുൻ ചിത്രമായ ‘ആരണ്യകാണ്ഡ’ത്തിൽ കുമാരരാജാ പറഞ്ഞു പോകുന്ന ചിന്തകളുടെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന കാഴ്ച്ചാനുഭവമാണ് ‘സൂപ്പർ ഡീലക്സ്’.

Read More: ‘സൂപ്പർ ഡീലക്സ്’ ഇനിയും കാണാത്തവർക്ക്, നഷ്ടമാകുന്നത് വെറുമൊരു സിനിമ മാത്രമല്ല

 

‘ആരണ്യകാണ്ഡം’ ചിത്രം കണ്ടവർ ഒരുപക്ഷേ ചിത്രത്തിലെ ആദ്യരംഗം/ടൈറ്റിൽ ഓർക്കുന്നുണ്ടാകും. വിഷ്ണു ഗുപ്തനോടുള്ള ഒരു ചോദ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത് വിഷ്ണുഗുപ്താ എന്താണ് ധർമം ? വിഷ്ണുഗുപ്തൻ മറുപടി പറയുന്നു ‘ഏത് തേവയോ അത് താൻ ധർമം…’

‘ആരണ്യകാണ്ഡം’ ക്ലൈമാക്സ്, ആദ്യ രംഗത്തിലെ ഈ സംഭാഷണത്തെ സാധൂകരിക്കുന്ന തരത്തിൽ, തെറ്റ് – ശരി എന്ന ബൈനറികൾക്കകത്തല്ല കാര്യങ്ങളുടെ നിലനിൽപ്പ് എന്ന് ഒന്നിപ്പറയുന്നു. ‘ആരണ്യകാണ്ഡത്തി’ല്‍ ഓരോ ആളുകളും ചെയ്യുന്നത് അവനവന്റെ ശരികളാണ്. അത് ഒരേ സമയം ചെയ്യുന്നവന്റെ ശരിയും മറ്റൊരാൾക്ക് തെറ്റും ആയി മാറുന്നു. ശേഷം കുമാരരാജാ ചിത്രത്തിലൂടെ എടുത്തു പറയുന്നത് ആദ്യം പറയുന്ന അതേ കാര്യങ്ങൾ തന്നെയാണ്നി – നിങ്ങളുടെ സാഹചര്യങ്ങൾ, ആവശ്യങ്ങൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ നിങ്ങള്‍ എന്ത് ചെയ്യുന്നുവോ അത് തന്നെയാണ് ധർമം… തെറ്റ് ശരി എന്നീ രണ്ട് അവസ്ഥകൾക്കും അപ്പുറമാണ് യാഥാര്‍ത്ഥ്യം.

‘ആരണ്യകാണ്ഡ’ത്തിലൂടെ ഇത്രയും പറഞ്ഞു വെക്കുമ്പോൾ കഥക്ക് വിഷയമാകുന്നത് കാടിനോട് സാദൃശ്യം പുലർത്തുന്ന പുതിയ കാലത്തെ കോൺക്രീറ്റ് കാടുകളായ, ഉൾകാടുകൾ പോലുള്ള നഗരത്തിന്റെ ഉൾപ്രദേശങ്ങളാണ്. അവിടെ നിലനിൽക്കുന്നത്, കാടിന്റെ നീതിയെന്ന പോലെ, തന്റേതായ ശരികൾക്കും ആവശ്യങ്ങൾക്കും വേണ്ടി കൊല്ലുവാനും, നിലനിൽക്കപ്പെടാനും ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുമാണ്. അവിടെ കാടിന്റെ, പ്രകൃതിയുടേതായ ‘Survival of the fittest’ എന്ന നിയമമാണ് നിലനിൽക്കുന്നതും.

‘ആരണ്യകാണ്ഡ’ത്തിൽ കുമാരരാജാ പറഞ്ഞു പോകുന്ന പ്രകൃതിയുടേതായ ഇത്തരം നിയമങ്ങളുടെയും, തെറ്റ് ശരി എന്ന ദ്വൈധത്തിന്റെ അപ്പുറമാണ് ധർമം എന്ന ചിന്തയിൽ നിന്നും ‘സൂപ്പർ ഡീലക്സി’ലേക്കെത്തുമ്പോൾ, ഇന്നത്തെ സമൂഹത്തിന്റെയും, മനുഷ്യ സമൂഹം ഇന്നോളം സൃഷ്ടിച്ച വേർതിരിവുകളുടെ പൊള്ളത്തരത്തെയും, തെറ്റും ശരിയും എന്നത് യഥാർത്ഥത്തിൽ നിലനിൽപ്പ് ഇല്ലാത്ത ഒന്നാണ് എന്ന തത്വചിന്തകളിലേക്കും, ഒപ്പം ഇനിയും മാറേണ്ടതായ ഒരു സമൂഹത്തെ പറ്റിയുമുള്ള തന്റെ ചിന്തകള്‍ പ്രേക്ഷകനിലേക്ക് ഇറക്കി വയ്ക്കുകയാണ് സംവിധായകന്‍.

Read More:  Super Deluxe Review: സിനിമയല്ല ജീവിതമാണ് ‘സൂപ്പര്‍ ഡീലക്‌സ്’

 

‘സൂപ്പർ ഡീലക്സ്’ എങ്ങനെ ‘ആരണ്യകാണ്ഡ’ത്തിന്റെ തുടർച്ചയാകുന്നു എന്ന് വിശദമായി പരിശോധിക്കുകയാണെങ്കിൽ, ‘ആരണ്യകാണ്ഡ’ത്തിലെ ധര്‍മ്മം-ശരി-തെറ്റുകള്‍ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ‘സൂപ്പർ ഡീലക്സ്’ എത്തുമ്പോള്‍ തുടര്‍ന്ന് വികാസം പ്രാപിക്കുന്നത് കാണാം. ‘ആരണ്യകാണ്ഡ’ത്തിലെ ആദ്യരംഗം ഒരു ‘സെക്സ്’ സീനിൽ ആരംഭിക്കുമ്പോൾ ഇവിടെയും അതിന് മാറ്റമില്ല. ഒരു ഭാഗത്ത് ഉദ്ധാരണം സംഭവിക്കാത്ത ലിംഗമാണ് വിഷയമെങ്കിൽ, മറ്റൊന്നില്‍ ആ നിമിഷത്തിൽ സംഭവിക്കുന്ന മരണമാണ്. പുരുഷന്റെ ആണത്തം പലപ്പോളും ലിംഗത്തെ ചുറ്റിപറ്റി നിലനിൽക്കുമ്പോള്‍ മരണം എന്ന രൂപകം രണ്ടിലും ഒരു പോലെ ബാധകമാവുമെന്ന് വായിക്കാം. ആദ്യ രംഗങ്ങളിലെ സാമ്യത്തിൽ മാത്രമല്ല, തുടർന്നങ്ങോട്ടും പലപ്പോളായി ‘സൂപ്പർ ഡീലക്സ്’ സംവിധായകന്റെ മുൻ ചിത്രത്തെ ഓർമ്മപെടുത്തുന്നുണ്ട്. തന്റേതായ, കൃത്യമായ ശരികളുള്ള, കഥാപാത്രങ്ങളുടെ നിർമ്മിതി രണ്ടിലും പൊതുവായി കാണാവുന്നതാണ്.

‘സൂപ്പർ ഡീല്ക്സി’ൽ വില്ലനായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന പോലീസ് ഓഫീസർക്ക് പോലും അയാളുടെ ഭാഗത്ത് നിന്നുള്ള ചിന്തയിൽ ശരികളുണ്ട്. അയാൾ ലൈംഗികബന്ധം ആവശ്യപ്പെടുന്ന രണ്ട് പേരും സമൂഹം പറയുന്ന അരുതുകൾ ചെയ്തവരാണ്. ഒരാൾ തൊഴിലായും മറ്റൊരാൾ സമൂഹം അംഗീകരിക്കാത്ത അവിഹിതബന്ധമായും. ഒരു ശരാശരി മനുഷ്യൻ എന്നതിനപ്പുറം ‘ആരണ്യകാണ്ഡ’ത്തിലെ കാട്ടിലെ ഇര പിടിക്കുന്ന വേട്ടക്കാരനായാണ് അയാളുടെ നിലനിൽപ്പ്. ‘വേശ്യയുടെ ചാരിത്ര്യപ്രസംഗം’ എന്ന ചൊല്ലുകളെല്ലാം എത്ര ആളുകൾ കൊണ്ടു പിടിക്കുന്ന വാചകമാണെന്നോർക്കുമ്പോളാണ് പ്രേക്ഷകൻ എന്ന നിലയിൽ, സിനിമയിൽ ഇരയുടെ പക്ഷത്തും സമൂഹത്തിന്റെ പൊതുമനസാക്ഷിക്കൊപ്പവും നിൽക്കുന്ന നമ്മുടെ ഇരട്ടത്താപ്പിനെ ചിത്രം എത്രത്തോളം സമർത്ഥമായി ചോദ്യം ചെയ്യുന്നു എന്നത് മനസിലാവുന്നത്.

 

ചിത്രത്തിൽ, ‘ഞാൻ വേട്ടയാടപെടാനായി നിന്നു കൊടുക്കാൻ തയ്യാറല്ല’ എന്ന് പറയുന്ന നായികക്കൊപ്പം പ്രേക്ഷകന് എളുപ്പത്തിൽ സഞ്ചരിക്കാനാവുന്നത്, ഒരുപക്ഷേ ‘പിങ്ക്’ എന്ന ചിത്രം പരിചയമുള്ളത് കൊണ്ടാവാം. ‘പിങ്ക്’ പറഞ്ഞത്, ഇവിടെ,  ചെറിയ ഒരു സമയത്തിന്റെ ദൈർഘ്യത്തിൽ കുമാരരാജാ ചിത്രത്തിലൂടെ മനോഹരമായി സംവദിക്കുന്നുണ്ട് . ഓരോ പ്ലോട്ടുകളിലും, അതിൽ നിന്നായി വികസിക്കുന്ന ഓരോ ഉപവിഭാഗങ്ങളിലും, ഓരോ ചിന്തകൾ, ആസ്വാദനത്തിൽ ഒട്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാതെ, പറഞ്ഞു പോകുന്നുണ്ട് ചിത്രം.

ആദ്യ പകുതിയിൽ പിന്തുടർന്ന് പോകുന്ന ചിത്രത്തിന്റെ ‘ഡാർക്ക്‌ കോമഡി’ മൂഡ് ഇതിലേക്ക് കാര്യമായി സംഭാവന നൽകുന്നുണ്ട്,.വളരെ സീരിയസ് ആയ കഥാസന്ദർഭങ്ങൾക്കിടയിലാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രം ‘തമിഴ് ഐഡന്റിറ്റി’ എന്ന് കൊട്ടിഘോഷിക്കുന്ന സ്വത്വരാഷ്ട്രീയത്തെയും ജാതിയേയുമെല്ലാം പറഞ്ഞു പോകുന്നത്. ഗവണ്മെന്റിന്റെ അനാസ്ഥ, അഴിമതി എന്നിങ്ങനെ പല പ്രശ്നങ്ങളും, പ്ലോട്ടിനോട് ബന്ധമൊന്നുമില്ലെങ്കിലും, ചിത്രത്തിൽ സംഭാഷണങ്ങളിലൂടെ ഉൾച്ചേർന്നു പോകുന്നു. കല്ലു കടിയായേക്കാവുന്ന ഇത്തരം പല രംഗങ്ങളും അവതരിപ്പിക്കുന്നതിൽ ചിത്രം വിജയിക്കുന്നത് കൃത്യമായ ഒരു ഴോണറിന്റെ പക്ഷം പിടിക്കാൻ നിൽക്കാത്തത്തു കൊണ്ടായിരിക്കാം. ഒപ്പം ‘ഡാർക്ക്‌ കോമഡി’ എന്ന സങ്കേതത്തിന്റെ ഉപയോഗവും.

Image may contain: 1 person, beard and close-up

ത്യാഗരാജന്‍ കുമാരരാജ

ട്രാൻസ്‌ജെൻഡർ വിഭാഗത്തോടുള്ള സമൂഹത്തിന്റെ സമീപനം, നീതി നിഷേധം, സദാചാരം, പോലീസ്, അധികാരം തുടങ്ങി ഫാന്റസിയിലേക്ക് വരെ ചിത്രം കാലെടുത്തു വെക്കുമ്പോളും പ്രേക്ഷകനെ ചിത്രത്തിനോട് ചേർത്തു നിർത്തുവാൻ സംവിധായകന് കഴിയുന്നുണ്ട്. ക്യാമറ, കളർ മിക്സിങ്, കൃത്യമായ എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, അഭിനേതാക്കളുടെ അസാധ്യമായ പ്രകടനം, സംഭാഷണങ്ങൾ എന്നിവയെല്ലാം ഒന്നിനോടൊന്ന് ചേർന്നു നിൽക്കുന്നതിലാകണം, ഒന്നിൽ നിന്നും വേറിട്ട് മറ്റൊന്ന് എന്ന രീതിയിൽ അല്ലാതെ, ചിത്രം ‘unique’ ആയ കാഴ്ചാനുഭവം സമ്മാനിക്കുന്നത്.

‘ആരണ്യകാണ്ഡ’ത്തിൽ എന്ന പോലെ ഇവിടെയും ഓരോ കഥാപാത്രത്തിന്റെയും ശരികളെ പരിശോധിക്കുമ്പോൾ അതെല്ലാം വ്യക്തിയുടെ സാഹചര്യങ്ങൾക്കും, അനുഭവങ്ങൾക്കും, ചിന്തകൾക്കും അനുസരിച്ച് ശരിയും മറ്റുള്ളവർക്ക് തെറ്റും ആകുന്നുണ്ട്. Everyone is the hero in their own story…

ചിത്രത്തിലെ ഒരു രംഗത്തിൽ വിവിധങ്ങളായ ജീവനുകളെ പറ്റിയുള്ള ഒരു ചെറിയ വിവരണത്തിൽ കാൾ സാഗനെ ഓർമപ്പെടുത്തുന്ന പോലെ ‘സ്റ്റാർ ഡസ്റ്റ്’ എന്ന കോൺസെപ്റ്റിലേക്കെല്ലാം ചിത്രം നീളുന്നുണ്ട്. ശരീരത്തിലെ ഓരോ ആറ്റവും ഓരോന്നായി കണക്കിലെടുക്കുമ്പോൾ വ്യത്യസ്തവും എന്നാൽ എല്ലാം കൂടിച്ചേർന്ന് ഒരു വസ്തുവായി, വിവിധ ഘടകങ്ങൾ ചേർന്ന് ഒന്നായ മറ്റൊന്നാകുന്നത് പോലെയാണ് മനുഷ്യനും പ്രപഞ്ചവുമെല്ലാം എന്ന തരത്തിലെ ഫിലോസഫി, ദൈവത്തിന്റെ അസ്ത്ഥിത്വത്തെ പറ്റിയുള്ള വേറെയും പല ഘടകങ്ങളായി ചിത്രത്തിൽ ഒരു പ്രധാന പ്ലോട്ട് ആയിത്തന്നെ പറഞ്ഞു പോകുന്നു. ഒരു തരത്തിൽ ‘ആരണ്യകാണ്ഡം’ പറഞ്ഞു നിർത്തിയ ‘ഏത് ധർമം ഏത് ശരി’ എന്ന ചോദ്യത്തിനുള്ള വിശദമായ ഉത്തരങ്ങളിലൂടെയാണ് ‘സൂപ്പർ ഡീലക്സ്’ അവസാനിക്കുന്നത് എന്ന് തന്നെ പറയാം.

 

ഒരൊറ്റ സിനിമ എന്ന രീതിയിൽ വളരെ വലിയ കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ടെങ്കിലും കുമാരരാജയുടെ സിനിമാ ലോകത്തിന്റെ, അദ്ദേഹം സിനിമകളിലൂടെ പറഞ്ഞു പോകുന്ന ചിന്തകളുടെ ലോകം വിവരിക്കുകയാണെങ്കിൽ, ‘ആരണ്യകാണ്ഡ’ത്തെ ഉൾപെടുത്തി കൊണ്ടു മാത്രമേ അത് പൂർണമാകൂ എന്ന് കരുതുന്നു. ഒപ്പം ഇന്നത്തെ മൂല്യങ്ങൾ എല്ലാം കൊണ്ടു വന്നതും, സ്വയം തിരുത്തി മുന്നേറുന്നതും നമ്മൾ തന്നെയാണെന്നും, ഇന്നലത്തെ ശരികൾ പലതും ഇന്ന് തെറ്റാവുന്നത് പോലെ, ഇന്നത്തെ ശരികൾ പലതും നാളെ തെറ്റാവുകയും ചെയ്യുന്ന ആപേക്ഷികതയിലാണ്, ചുരുങ്ങിയ കാലം ഭൂമിയിൽ ജീവിക്കുവാൻ വന്നവര്‍ തമ്മിൽ കലഹിച്ച് ജീവിക്കുന്നത് എന്ന ഓർമ്മപെടുത്തലിലൂടെ ചിത്രം അവസാനിക്കുന്നു. ത്യാഗരാജൻ കുമാരരാജ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളുടെ സ്ഥാനത്തേക്ക് തന്റെ സമകാലീനരെ ഒരുപാട് ദൂരം പിന്നിലാക്കികൊണ്ട് മുന്നേറുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook