ജാലകത്തിലൂടെ കാണാം അപ്പുറത്തെ വീടിൻ്റെ മുറ്റത്ത് പുതിയ ബാഗും കുടയും ഷൂസുമൊക്കെയായി കുഞ്ഞിൻ്റെ സന്തോഷം. ആദ്യമായി സ്ക്കൂളിൽ പോകുന്നതിൻ്റെ ആഹ്ളാദം കടയിൽ യൂണിഫോം-ബാഗ് സെക്ഷനിൽ തിരക്കു കണ്ടപ്പോഴേ ഓർത്തു വെക്കേഷൻ കഴിഞ്ഞ് സ്ക്കൂൾ തുറക്കാനായല്ലോ എന്ന്. അനക്കമില്ലാതെ കിടന്ന അടുത്ത വീടുകളിലൊക്കെ കുട്ടികളുടെ ഒച്ചയും ബഹളവും കേട്ടു തുടങ്ങി. എവിടെയും പോകാനില്ലാതെ അവധിക്കാലവും ഇവിടെ തന്നെ ചിലവഴിക്കേണ്ടി വന്ന കുട്ടികൾ കടുത്ത വേനൽ കാരണം ഇപ്രാവശ്യം സമ്മർ ക്യാമ്പുകളൊ ക്ലാസ്സുകളൊ ഇല്ലാത്തതു കൊണ്ട് വീടിനുള്ളിൽ അടച്ചിരുന്ന് ടെലിവിഷനും വീഡിയോ ഗെയിമുമായി സമയം പോക്കുന്ന കുട്ടികൾ പുറത്തിറങ്ങി കളിക്കാൻ ഇടവും കൂട്ടുകാരുമില്ലാതെ.
ഒന്നും ചെയ്യാനില്ലാതെ ബോറടിച്ച് തല്ലുകൂടുന്ന മക്കളെപ്പറ്റി അനിയത്തിയുടെ പരാതി. കുട്ടികളുടെ വികൃതി കൊണ്ട് പൊറുതി മുട്ടി നേരത്തെ സ്ക്കൂൾ തുറക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് കൈക്കൂലി കൊടുക്കാൻ തയ്യാറായി ഒരു അമ്മുമ്മ. ചെറിയ കുഞ്ഞുങ്ങളെ ജോലിക്കാരിയെ ഏല്പിച്ചു പോകുന്നതിൻ്റെ സങ്കടവുമായി ഒരു അമ്മ -അപ്പുറത്തെ വീട്ടിലെ കുട്ടി യൂണിഫോമുമായി നിൽക്കുന്ന കണ്ടപ്പോൾ പെട്ടെന്ന് വളരെ കാലങ്ങൾക്കു മുൻപത്തെ ഒഴിവുകാലവും സ്ക്കൂൾ തുറപ്പു ദിവസവുമെല്ലാം മനസ്സിലേക്കോടിയെത്തി.
കുട്ടിക്കാലത്തിന്റെ സ്വാതന്ത്ര്യവും കുസൃതിയും മുഴുവൻ പുറത്തെടുത്ത് ആടി തിമിർത്ത അവധിക്കാലം. ചില ഓർമ്മകൾ എത്ര കാലപ്പഴക്കത്തിലും തെളിഞ്ഞു കിടക്കും. പ്രകൃതിയെ കണ്ട്, തൊട്ട്, അറിഞ്ഞ് പഠനഭാരമില്ലാതെ ആഘോഷിക്കാൻ കഴിഞ്ഞ ഞങ്ങളുടെ തലമുറ. അവസാന പരീക്ഷയും കഴിഞ്ഞ്തിരിച്ചെത്തിയാൽ പുസ്തകം വച്ച്ഇറങ്ങുകയായി കളിക്കാൻ.
വലിയപറമ്പിനുള്ളിൽ മഞ്ഞും മഴയും വെയിലും നിലാവും ഇരുട്ടും ഉള്ളിൽ വന്നു വീഴുന്നൊരു വീട്. ഓടിക്കളിക്കാൻ ഇഷ്ടം പോലെ സ്ഥലം. നിറയെ കൂട്ടുകാർ. അടുത്ത വീടുകളിൽ താമസിക്കുന്ന ചെറിയമ്മമാരുടെയും അമ്മാവിമാരുടെയും മക്കൾ. അകലെ നിന്നെത്തുന്ന കുട്ടികളും രാവിലെ തുടങ്ങുന്ന കളി-വെയിൽ ചുട്ടുപൊള്ളുന്ന നട്ടുച്ചയിലും തുടർന്ന് വൈകും വരെ നീളും. മാവിൻ ചോടുകളിലും കശുമാവിൻ തോട്ടങ്ങളിലും വീടിനു അടുത്തായി ഒഴുകുന്ന കനാലിലും. അവിടമായിരുന്നു ഞങ്ങളുടെ സമ്മർ ക്യാമ്പുകൾ. കളികൾക്കിടയിൽ മറന്നു പോവുന്നു ഇല്ലായ്മക ളും വല്ലായ്മകളും. കശുമാവിൻ ചാറിന്റെയും മാങ്ങാ ചൊനയുടെയും ഗന്ധമുള്ള ഒഴിവുകാലം.
എന്തൊക്കെ കളികളായിരുന്നു. ഒളിച്ചുകളി, കിളിത്തട്ടു കിളി വട്ടു കളി, സാറ്റ്, ചെറിയ കമ്പുകളും ഓലയും കൊണ്ട് കളിവീടുണ്ടാക്കി കഞ്ഞിയും കറിയും വച്ചു കളി. ഇങ്ങനെ പലതരം കളികൾക്കിടയിൽ നീന്തൽ അറിയാത്തവരുടെ നീന്തൽ പഠനവും ഒഴിവുകാലത്താണ്. നീന്തൽ പഠനത്തിനിടെ മുങ്ങി താഴുന്ന മനസ ചേച്ചിയെ രക്ഷപെടുത്താൻ കൂടെ ചാടി രണ്ടാളും കൂടി വെള്ളത്തിനടിയിൽ പോയിരുന്നതും മുകളിൽ പൊങ്ങി കിടന്ന മുടി ചുരുളുകളിൽ പിടിച്ച് ചേച്ചി രക്ഷപെടുത്തിയതും തെളിമയുള്ള ഓർമ്മയായി.
അവധികാലത്തു വന്നെത്തുന്ന വിഷു. വിഷു കൈനീട്ടമായി കിട്ടുന്ന ചില്ലറ തുട്ടുകൾ ചേർത്തുവച്ച് എല്ലാവരും കൂട്ടം കൂടി കളിച്ചു ചിരിച്ച് കുറച്ചകലെയുള്ള ഓലകൊട്ടകയിൽ മുന്ന് മണിയുടെ മാറ്റിനി കാണാൻ പോകും. വറുത്ത കപ്പലണ്ടിയുടെയും ബീഡിപ്പുകയുടെയും മണമുള്ള കൊട്ടക. ഓലകൾക്കിടയിലൂടെ ഒരു റുപ്പിക വട്ടത്തിലുള്ള വെളിച്ചതുണ്ടുകൾ പരന്നു കിടക്കും. കാണികളുടെ മുടിയിലും മടിയിലും നിറയെ വെളിച്ച നുറുങ്ങുകൾ. സീനുകൾക്കനുസരിച്ച് കരയുകയും ചിരിക്കുകയും ചെയ്യുന്ന കാണികൾ മാറ്റിനി കഴിഞ്ഞു് കരഞ്ഞു ചോന്നമുക്കോടെ വീടെത്തുന്നതു വരെ കണ്ട സിനിമയുടെ കഥ പറഞ്ഞു നടക്കും. കഥ കേട്ടാൽ പലരും കണ്ടത് പല സിനിമകളാണെന്നു തോന്നും.
ഇപ്പോൾ കുട്ടികൾ അവധിക്കാല യാത്രകൾ കഴിഞ്ഞ്, സിംഗപ്പൂരും യൂറോപ്പും ഗൾഫുമൊക്കെ കറങ്ങി വന്ന് വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോൾ ഓർക്കും, ഞങ്ങൾക്ക്പോകാൻ ഒരു സ്ഥലമേ ഉണ്ടായിരുന്നുള്ളു. അച്ഛൻ വീട്. അവധിക്കാലം തുടങ്ങിയാൽ അഞ്ചു പേരുടെ ശല്യം സഹിക്കവയ്യാതെ അമ്മ രണ്ടാളെ അച്ഛന്റെ വീട്ടിലേക്ക്, മുത്തശ്ശിയുടെ അടുത്തേക്ക് പായ്ക്ക് ചെയ്യും.
തൊടുപുഴക്കടുത്ത് കോടിക്കുളം എന്ന ഗ്രാമം. പാടവും പുഴയും മലയും കാവും കുണ്ടനിടവഴികളുമുള്ള ഗ്രാമം. വീട്ടിൽ നിന്നും രണ്ട് മണിക്കൂറോളം സൈഡ് സീറ്റിൽ കാഴ്ചകൾ കണ്ട് ആസ്വദിച്ചു ചെയ്തിരുന്ന ബസ്സ് യാത്ര. ഓടുന്ന ബസ്സിൽ പിന്നിലേക്ക് വേഗത്തിൽ മറയുന്ന മരങ്ങളും കെട്ടിടങ്ങളും മനുഷ്യരും മൈതാനങ്ങളും കൺനിറയെ കണ്ടിരിയ്ക്കാറുണ്ട്. ഇറങ്ങാനുള്ള സ്ഥലം എത്തല്ലേ എന്നാണ് മനസ്സിൽ മോഹം. ബസ്സിറങ്ങി പരന്നു കിടക്കുന്ന പാടം, പാടവരമ്പിലൂടെ കുറെ നടന്നു വേണം പോകാൻ. പാടത്തിന്റെ അറ്റത്തായി ഒരു കുളം. കുറച്ചു കൂടി കഴിഞ്ഞാൽ റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട ഒരു വീട്.
വേനൽപ്പകലുകളിൽ മരങ്ങളുടെ മേലാപ്പിനിടയിലൂടെ ചോർന്നു വീഴുന്ന സൂര്യ വെളിച്ചം എത്രയെത്ര അമൂർത്ത നിഴൽ ചിത്രങ്ങളെയാണ് വരച്ചിടുന്നത്: മാവും പ്ലാവും മറ്റു മരങ്ങളും ചുറ്റിലും ഏതു വേനലിലും ചൂടു തോന്നുകയേയില്ല റബർ ഷീറ്റിന്റെയും ഒട്ടുപാലിന്റെയും മണമുള്ള വീട്.
വൈദ്യുതി എത്താത്ത ഗ്രാമത്തിൽ – ഉള്ളിൽ ഇരുട്ടും നനവും പടർന്ന മുറികൾ ‘ ചുറ്റും ഇരുട്ട് തിങ്ങിനിറഞ്ഞു നിൽക്കും. മണ്ണെണ്ണ വിളക്കിന്റെ കുഞ്ഞു വെളിച്ചം മാത്രം, മുറ്റത്തൊരു മുല്ലത്തറ. സന്ധ്യാവുമ്പോൾ മുല്ലപ്പു മണം നിറയും പൂജാമുറിയിൽ നിന്നും മുല്ല പൂവിന്റെയും ചന്ദന തിരിയുടെയും കുടി കലർന്ന ഗന്ധം. ഒപ്പം മുത്തശ്ശിയുടെ ഈണത്തിലുള്ള കീർത്തനം ചൊല്ലൽ ഒച്ചയും. അഞ്ചു മണിയോടെ ഉണർന്ന്എണീക്കുന്ന മുത്തശ്ശിയുടെഈണത്തിലുള്ള കീർത്തനവും കേട്ട് മയങ്ങാൻ എത്ര സുഖമായിരുന്നു. മുത്തശ്ശി ഉണ്ടാക്കിയിരുന്ന കപ്പ, ചക്ക പുഴുക്ക് കളുടെ സ്വാദിഷ്ട ഗന്ധം ഇപ്പോഴും ഓർമ്മയിലുണ്ട്
നീണ്ട് പരന്നു കിടക്കുന്ന പറമ്പിൽ ഒരു കോണിലായി സർപ്പക്കാവ്. അതിനോട് ചേർന്നുള്ള കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്ത്തലയിൽ വച്ചു കൊണ്ടുവരണം. ശീലമില്ലാത്തതു കൊണ്ടും വീട്ടിലെത്തുമ്പോഴേക്കും എന്റെ കുടത്തിലെ വെള്ളം മുഴുവൻ വീണ് മേല് നനഞ്ഞിട്ടുണ്ടാവും. കൂട്ടുകൂടി ചെയ്തിരുന്നതുകൊണ്ട് ആസ്വദിച്ചു ചെയ്തിരുന്നൊരു ജോലിയായിരുന്നു. വീട്ടിനടുത്തുള്ള ഗ്രാമീണ വായനശാല. അവിടെ നിന്നുമാണ് കോട്ടയം പുഷ്പനാഥിന്റെയും മറ്റും നോവലുകൾ വായിച്ചു തുടങ്ങിയത്.
ഒരു പുഴയ് ക്കപ്പുറവുമിപ്പുറവ്മായി അച്ഛന്റെ ഏട്ടനും അനിയൻമാരും അവരുടെ മക്കളും. അവരാണ് അങ്ങോട്ടുള്ള ഏറ്റവും വലിയ ആകർഷണം. കളിക്കാൻ നിറയെ പേർ, നിയന്ത്രിക്കാനാരുമില്ലാത്ത രണ്ടു മാസങ്ങൾ. പുഴയക്കപ്പുറത്തുള്ള വീട്ടിലേക്ക് പോകാൻ പുഴ ഇറങ്ങി കയറണം. അന്ന് പാലം വന്നിട്ടില്ല. വേനൽക്കാലത്ത് വെള്ളം കുറവായിരിക്കും. കൊച്ചച്ഛന്റെ വീടിന് ഒരു മതിൽ അപ്പുറത്താണ് ഭഗവതി ക്ഷേത്രം. ഒഴിവുകാലത്താണ് അവിടെ ഉത്സവം. വീട്ടിൽ നിന്നാൽ കേൾക്കാം. ഉത്സവ ബഹളങ്ങൾ കൊട്ടും മേളവും. ബലൂൺക്കാരും വള കച്ചവടക്കാരും. രാതിയിൽ ഗരുഡൻ തൂക്കവും ഉണ്ടാവും. എല്ലാം കഴിഞ്ഞ് രാത്രിയിൽചൂട്ടു കറ്റയുടെ വെളിച്ചത്തിൽ പുഴയും പാടവും കടന്ന് തിരിച്ച് തറവാട്ടിലേക്ക്.
റബ്ബർ വെട്ടി പാലെടുത്ത് ഉറയൊഴിച്ച് – ഷീറ്റ് ആക്കുന്നത് കണ്ടു നിൽക്കാൻ വളരെ ഇഷ്ടമായിരുന്നു. ഷീറ്റാക്കാൻ കൊണ്ടു പോകൽ ഞങ്ങൾ കുട്ടികളുടെ ജോലി ആയിരുന്നു.
പുഴയിൽ നീന്തി തുടിച്ചും അടുത്ത ബന്ധുവീടുകളിലും മാവിൻ ചോട്ടിൽ കഥകൾ പറഞ്ഞ് കറങ്ങി നടന്നും ദിവസങ്ങൾ പോകുന്നത് അറിയുകയേയില്ല. സ്ക്കൂൾ തുറക്കാറായാൽ . അച്ഛൻ പ്രത്യക്ഷപ്പെടും തിരികെ കൊണ്ടുപോകാൻ-അപ്പോഴാണ് സ്ക്കൂൾ തുറക്കാറായെന്ന് ഓർമ്മ വരിക. പോരാറായാൽ കണ്ണിലൊരു ഉറവ പൊട്ടും. തിരികെ വീട്ടിലെത്തിയാലും കുറച്ചു ദിവസത്തേയക്ക് എന്തൊ ഒരു നഷ്ടബോധമാണ്. ഇപ്പോഴും ഇടയ്ക്ക് അച്ഛന്റെ നാട്ടിൽ പോകാറുണ്ട്. ആ വീട് ഇല്ലാതായി. വല്യച്ഛനും കൊച്ചച്ചന്മാരിൽ പലരും പോയ് മറഞ്ഞു. അനിയൻമാരൊക്കെ പുതിയ വീടുകൾ പണിത് അവിടെ തന്നെയുണ്ട്. അധികം മാറ്റങ്ങൾ സംഭവിക്കാത്ത നാടും നാട്ടുകാരും… സന്തോഷത്തോടെ, മനസ്സുനിറഞ്ഞാണ്തിരികെ പോരുക.
സ്ക്കൂൾ തുറക്കുന്നതോടൊപ്പം മഴയുമെത്തും. അളവെടുക്കാതെ അച്ഛൻ തുന്നിച്ചു കൊണ്ടുവന്ന അയഞ്ഞ പാകമല്ലാത്ത ഉടുപ്പുമിട്ട് ‘സോവിയറ്റ് നാട്’ മാഗസിൻ്റെ മിനുസമുള്ള പേപ്പർ കൊണ്ട് പൊതിഞ്ഞ നോട്ടുബുക്കുകളുടെ പുതു ഗന്ധവും ആസ്വദിച്ച് സക്കുളിലേക്ക്. മഴയിൽ നനഞ്ഞ് വെള്ളം തട്ടി തെറിപ്പിച്ച്, നനഞ്ഞ കുടകറക്കിവെള്ളം മറ്റുള്ളവരുടെേ മേലേക്ക് തെറിപ്പിച്ച്, വികൃതി കാട്ടി കുട്ടുകാരുമൊത്ത് അവധിക്കാല വിശേഷങ്ങളും പങ്കുവെച്ച് തോടുകളും മേടുകളും പാടവും ഒക്കെ കണ്ട് നാട്ടുവഴികൾ താണ്ടി സക്കുളിലെത്തുമ്പോൾ ഫസ്റ്റ് ബെൽ അടിച്ചിരിക്കും.
ഓടുമേഞ്ഞ അരളിയും ചെമ്പരത്തിയും പൂവിട്ടു നിൽക്കുന്ന ഞങ്ങളുടെ പഴയ ഗ്രാമീണ വിദ്യാലയങ്ങൾ കുട്ടികളുടെ സ്വഭാവ രൂപീ കരണത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്ന അന്നത്തെ അധ്യാപകർ. അധ്യാപനത്തെ ഒരു തപസ്സായി കൊണ്ടു നടന്ന ടീച്ചർമാരും നിസ്വാർത്ഥമായ സ്നേഹമുള്ള കൂട്ടുകാരും. എത്ര മനോഹരമായ കാലമായിരുന്നു. ആ കാലത്തിനെ കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സിൽ കുളിർമയുടെ ഒരു നേർത്ത തലോടൽ പോലെ അനുഭവപ്പെടുന്നു.