/indian-express-malayalam/media/media_files/uploads/2020/02/sumangala-6.jpg)
ഓര്‍മകളിലെ എന്റെ ബാല്യത്തിന്റെ വഴികള്‍ക്ക് വലിയ നിറപ്പകിട്ടൊന്നുമില്ല. കാവി പൂശി നീണ്ടു കിടന്ന നാട്ടുവഴികള്‍. ചേരയും ചെമ്പോത്തും വഴിമാറിയിരുന്ന ഇടവഴികള്‍. ആര്‍ത്തിരുണ്ട മഴയില്‍ പുറത്തുചാടിപ്പോയ സ്വന്തം മനസ്സിനെ, നിവര്‍ത്തിയ കുടയാല്‍ മറയ്ക്കാന്‍ ശ്രമിച്ച്, ഉച്ചത്തില്‍ പാട്ടുപാടി നടന്നുപോയ പേടിയില്ലാ മഴവഴികള്‍. വലിയ സംഭവ ബാഹുല്യങ്ങളൊന്നുമില്ലാതെ അതുവഴിയൊക്കെ നടന്നങ്ങുവളര്‍ന്നു മറഞ്ഞുപോയ ബാല്യകൗമാരങ്ങള്‍. തന്നില്‍ത്തന്നെ മറഞ്ഞിരിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ കാലങ്ങള്‍ക്കു കൂട്ടായത് പുസ്തകങ്ങളായിരുന്നു.
ആദ്യകാല വായനകളിലൊരിക്കലാണ് 'സുമംഗല'എന്ന കഥപറച്ചിലുകാരിയെ എനിയ്ക്കു സ്വന്തമാകുന്നത്. എപ്പോള്‍ വേണമെങ്കിലും ചെന്നുകയറാന്‍ തക്ക സ്വാതന്ത്ര്യമുണ്ടായിരുന്ന അയലത്തെ പ്രിയ ഗുരുനാഥയുടെ വീട്ടില്‍ നിന്ന് കിട്ടിയ 'മിഠായിപ്പൊതി' എന്ന പുസ്തകങ്ങളിലൂടെ കിട്ടിയ പരിചയം. മിഠായിപ്പൊതിക്കഥകളെനിയ്ക്ക് മിഠായികളേക്കാളേറെ രസിച്ചു. അങ്ങനെ ഏതാണ്ടൊരു പത്തു വയസ്സില്‍ 'ചേച്ചീ' എന്ന സംബോധനയോടെ കത്തെഴുതി. അന്ന് നാൽപ്പത്തിയേഴിൽ എത്തിയിരുന്നയാള്‍ നിറസ്‌നേഹത്തോടെ, എന്റെ വിളിപോലെതന്നെ എന്നെ കുഞ്ഞനിയത്തിയായി സ്വീകരിച്ചു. പിന്നീടങ്ങോട്ടു കത്തുകള്‍, മറുപടികള്‍. അങ്ങിനെ ദൃഢമായ ആത്മബന്ധം വളര്‍ന്നുവന്നു.
ലേഖിക പരിചയപ്പെടുന്ന കാലത്തെ സുമംഗലമലയാളികളായ കുട്ടികളുടെയെല്ലാം പ്രിയങ്കരിയായി, 'സുമംഗലമുത്തശ്ശി'യായി പിന്നെ ചേച്ചി മാറിപ്പോയി. 'കേട്ട കഥകളും കേള്‍ക്കാത്ത കഥകളും' 'കഥകഥപ്പൈങ്കിളി'യും 'നെയ്പ്പായസ'വും 'നാടോടിച്ചൊല്‍ക്കഥക'ളും പഞ്ചതന്ത്രം പുനരാഖ്യാനവും, രാമായണകഥകളും എന്നിങ്ങനെ ചേച്ചി കൈ വയ്ക്കാത്ത കുട്ടിക്കഥാമേഖലകളില്ല എന്ന സ്ഥിതിയായി. കുട്ടികളുടെ ഇഷ്ടമറിഞ്ഞു വിളമ്പുന്ന കഥമുത്തശ്ശിയ്ക്കിതിനിടെ കേരളസാഹിത്യഅക്കാദമി അവാര്‍ഡു കിട്ടി. ലളിതമാണ് കഥാശൈലി. വിരലില്‍ പിടിച്ചു അമ്മയോട് അല്ലെങ്കില്‍ മുത്തശ്ശിയോടു ചേര്‍ന്നു നടക്കുന്ന കുട്ടിയോട് കഥ പറയുന്ന രീതിയിലുള്ള ഒരു നേര്‍വഴി.
എന്റെയാ ചേച്ചിയെ നേരിട്ട് കാണാന്‍ കാലം പക്ഷേ അവസരമൊരുക്കിയത് അടുത്തയിടെയാണ്. അവര്‍ ഒരു വെണ്‍നരച്ചേച്ചിയാവോളവും കാലം ഞങ്ങളെ മുഖാമുഖം നിര്‍ത്തിയില്ല. കാലത്തിന് ഞങ്ങളിങ്ങനെ കണ്ടുമുട്ടുന്നതായിരുന്നിരിയ്ക്കും ഇഷ്ടം. ഫോണില്‍ വിളിക്കുമ്പോഴൊക്കെ 'വരൂ കുട്ടി, എനിക്ക് കാണണം' എന്ന് ആവര്‍ത്തിക്കാറുണ്ട് ഈയിടെയായി. അങ്ങിനെയാണ് ആ പകല്‍ എനിക്ക് അവിസ്മരണീയമായത്.
വഴി പറഞ്ഞു തന്നത് കൃത്യതയോടെ, വ്യക്തമായിട്ടായിരുന്നു. എണ്‍പതും പിന്നിട്ടിരുന്ന വയസ്സിന്റെയോ വെളുത്ത മുടിയുടെയോ വളഞ്ഞ ദേഹത്തിന്റെയോ നിഴലുപോലും അപ്പറച്ചിലിലൊന്നും കണ്ടില്ല. എത്രയോ സ്വാഭാവികമായ ഒരു ബന്ധത്തിന്റെ തുടര്‍ച്ചപോലെയാണ്, 'ഞാന്‍ കാത്തിരിക്കയാണ്' എന്നു പറഞ്ഞത്! പക്ഷേ എന്റെ മനസ്സിന് അപ്പോള്‍ അത്രയ്ക്ക് കുതിപ്പൊന്നും തോന്നിയില്ല എന്നുള്ളാണ് സത്യം. ഔപചാരികതയാവും എന്നാണ് മനസ്സു വായിച്ചെടുത്തത്. പക്ഷേ പറഞ്ഞുതന്നതു പ്രകാരം ഓട്ടുപാറയില്‍ നിന്നും മുമ്പോട്ട് വന്ന് കൃഷി ആഫീസിനു എതിര്‍വശം 'ദേശമംഗലം മന 'എന്നു വായിക്കുമ്പോള്‍ ഞാന്‍ കാണുന്നു, സിറ്റൗട്ടില്‍ അക്ഷമയോടെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന വെളുത്ത വസ്ത്രത്തിലെ മുത്തശ്ശിയെ! അതില്‍ ഒരു കാത്തുകാത്തിരിപ്പിന്റെ എല്ലാ ചേരുവകളുമുണ്ടായിരുന്നു! വെള്ളത്തില്‍ വീണ പഞ്ഞിപോലെ, എന്റെ ഹൃദയം! സ്നേഹാര്‍ദ്രതയുടെ നനവില്‍ മുങ്ങിപ്പൊങ്ങി ഞാന്‍.
പക്ഷേ ഞാനങ്ങ് കയറിച്ചെല്ലുമ്പോള്‍ ആഹ്ളാദാതിരേകത്തിന്റേതായ അതിവിശാലമായ തുറന്നചിരിയൊന്നും കണ്ടില്ല. ക്ഷണനേരത്തേയ്ക്ക് മനസ്സ് പതറി. പ്രകടനങ്ങള്‍ മാത്രം കാലങ്ങളായി കണ്ടുശീലിച്ച മനസ്സിന് പതറാതെ വയ്യായിരുന്നു. പക്ഷേ സംസാരം തുടങ്ങവേ, പിന്നെയത് തുടരവേ, കാലങ്ങളായി കണ്ടുശീലിച്ച അടുത്ത ബന്ധുവെപ്പോലെ വിശേഷം പറച്ചില്‍ അനായാസവും അനര്‍ഗ്ഗളവുമായി. അന്വേഷണങ്ങളിലെ ആകാംക്ഷയും ആത്മാര്‍ഥതയും അറിയവേ മനസ്സിന്റെ എല്ലാ ആശങ്കകളും നീങ്ങിപ്പോയി./indian-express-malayalam/media/media_files/uploads/2020/02/sumangala-4-1.jpg)
സുമംഗലച്ചേച്ചിയുടെ മക്കളുടെ വിശേഷങ്ങള്‍ക്ക് കാതോര്‍ത്തു ഞാനിരുന്നു. ചേച്ചിയുടെ കൊച്ചുമക്കളുടെയൊക്കെ കാര്യവിവരങ്ങളെല്ലാം എന്റെ നാവിന്‍തുമ്പിലേയ്ക്ക് അന്വേഷണങ്ങളായി വന്നതിലെ അനായാസതയില്‍ എനിയ്ക്കുതന്നെ അത്ഭുതമായി. ഇത്രയടുത്തോ എന്റെ ഓര്‍മ്മകളില്‍ എനിയ്ക്ക് ചേച്ചി എന്ന് എന്റെ ഓര്‍മ-കൃത്യതയില്‍ ഞാന്‍ തന്നെ അമ്പരന്നു.
ഓര്‍മ്മകള്‍... തെളിഞ്ഞ അരുവിയുടെ ഒഴുക്കുപോലെയായിരുന്നു അത്. ഒളപ്പമണ്ണ മനയില്‍ ജനനം. ഋഗ്വേദഭാഷാഭാഷ്യകര്‍ത്താവും സംസ്‌കൃതപണ്ഡിതനുമായ ഒ.എം നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകള്‍. വെള്ളിനേഴിയില്‍ ഒളപ്പമണ്ണ മനയുടെ പടിഞ്ഞാറ്റിയില്‍ നിന്നും ഇവിടെ ഓട്ടുപാറയിലെ മകന്റെ വീടിന്റെ പൂമുഖത്തെത്തിയ വാര്‍ദ്ധക്യത്തിലേയ്ക്ക് എത്ര കുറച്ചു ദൂരം! അതോ എത്രയോ ദൂരം എന്നോ പറയേണ്ടത് !
അതിനിടെ 22 കൊല്ലം ചെറുതുരുത്തിയിലെ കേരളകലാമണ്ഡലത്തില്‍ പബ്ലിസിറ്റി ഓഫീസറായി ജോലി ചെയ്തുു. ബാലസാഹിത്യം മാത്രമാണ് ചേച്ചി കൈവച്ച മേഖല എന്നു കരുതണ്ട. വാല്മീകിരാമായണം -ഗദ്യവിവര്‍ത്തങ്ങള്‍ എട്ടു വോള്യം, പച്ചമലയാളനിഘണ്ടു, കേരള കലാമണ്ഡലം ചരിത്രം, അന്തര്‍ജ്ജനങ്ങളും ആചാരങ്ങളും, രാവുണ്ണി മേനോന്‍ മുതല്‍ അഞ്ചു പേരുടെ ലഘു ജീവചരിത്രം ഇങ്ങനെ പടര്‍ന്നു പന്തലിച്ചതാണ് സുമംഗലച്ചേച്ചിയുടെ എഴുത്തിന്റെ വഴികള്‍.
പക്ഷേ എന്തൊരു എളിമയാണ് അവര്‍ക്ക് വാക്കിലും നോക്കിലും മട്ടിലും മാതിരിയിലും എന്ന് ഓര്‍ത്തോര്‍ത്ത് ഞാനിരുന്നു. കുന്തിപ്പുഴയുടെ തീരത്തു വിടര്‍ന്ന സ്വപ്നങ്ങളിലേക്ക് സുമംഗലച്ചേച്ചി എന്റെ മുമ്പിലൂടെ ഒഴുകിയിറങ്ങുന്നത് ഞാനങ്ങനെ നോക്കി നോക്കി കേട്ടുകേട്ട് ഇരുന്നു.
"മൂടയോടു കൂടിയാണ് ഞാന്‍ പിറന്നുവീണത്. കുട്ടിയുടെ കരച്ചില്‍ കേട്ട് സമയം കുറിക്കാന്‍ വെളിയില്‍ എന്റെ അച്ഛനും മറ്റും കാത്തു നിന്നിരുന്നു. വയറ്റാട്ടി മൂട കീറി പുറത്തെടുത്തപ്പോഴും ഞാന്‍ കരഞ്ഞില്ല. പാലു കുടിപ്പിച്ചു. കുടിച്ചു, പക്ഷേ കരച്ചിലില്ല. അവസാനം വയറ്റാട്ടി വാതില്‍ തുറന്ന് പുറത്തു പറഞ്ഞ സമയമാണ് എന്റെ ജനനസമയമായി കുറിക്കപ്പെട്ടത്. അര മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം. അതുകൊണ്ട് 'നിന്റെ ജാതകം ശരിയല്ലാ,' എന്നാണു അമ്മ പറയാറ്."
ഒളപ്പമണ്ണക്കാര്‍ സാഹിത്യാദികലകളില്‍ തൽപ്പരരും സാംസ്‌കാരിക രംഗത്ത് നന്നായി ഇടപെടുന്നവരും ആയിരുന്നല്ലോ, അപ്പോള്‍ ചേച്ചിയുടെ ബാല്യത്തിന്റെ ചിത്രങ്ങള്‍ കൂടുതല്‍ മികവാര്‍ന്നവയാകുമല്ലോ എന്നു ഞാനോലോചിയ്‌ക്കെ, എന്റെ മുന്നിലെ നര വീണയാള്‍ കൗമാരത്തിലേക്കോടിക്കയറി. ചേച്ചിയുടെ വാക്കുകളാൽ അവരുടെ വേളിക്കാലം വരച്ചു നീര്‍ത്തിട്ടു, എന്‍റെ മുന്നില്‍...
"പതിനഞ്ചാമത്തെ വയസ്സില്‍ ദേശമംഗലത്ത് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെ വേളിയായി അദ്ദേഹത്തിന്റെ ഇല്ലത്തേക്ക് വരുമ്പോള്‍ അതൊരു മാറ്റി പ്രതിഷ്ഠ തന്നെയായിരുന്നു. അവിടെ ആര്‍ക്കും സാഹിത്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ യാഥാസ്ഥിതികമായ രീതികള്‍. നമ്പൂതിരിമാരുടെയിടയിലന്ന് സ്ത്രീകള്‍ പ്രധാന ചടങ്ങുകള്‍ക്കൊന്നും ബ്ലൗസിടാന്‍ പാടില്ല. പുതയും കുടയുമാണവര്‍ക്കു പറഞ്ഞിരുന്നത്. ബ്ലൗസ് എന്നത് കൈകൊണ്ടുപോലും തൊടാന്‍ പാടില്ലാത്ത മ്ലേച്ഛമായ ഒന്നായാണ് പ്രായമുള്ളവര്‍ കണ്ടിരുന്നത്. ഭര്‍ത്താവിന്റെ ഇല്ലത്തേക്ക് എനിയ്‌ക്കൊപ്പം തന്നുവിട്ട പെട്ടിയില്‍ അച്ഛന്‍, നമ്പൂതിരിപ്പതിവുകളായ ഘോഷയും കുടയും വച്ചില്ല. ഗൃഹ പ്രവേശത്തിന് അതൊരു വിഷയമായി. പുതയും കുടയും ഇല്ലാത്രെ. ദേശമംഗലത്ത് നിന്നും പിന്നെ അത് കൊണ്ടുവന്നാണ് എന്നെ കൂട്ടിക്കൊണ്ടു പോയത്."
വേളിയുടെ രീതിയും ചേച്ചി വിസ്തരിച്ചു.
"ഞങ്ങളുടെ താലികെട്ടിന്, താലികെട്ടുന്നത് അച്ഛനാണ്, കുട്ടിയെ ബ്ലൗസ് ഇടീക്കാതെ ഇരുത്തിയതിനു അച്ഛന്‍ തന്റെ സ്ത്രീകളോട് കയര്‍ത്തിരുന്നു. കാല്‍മുട്ടുകളും കയ്യും കഴുത്തില്‍ ചേര്‍ത്തു പുതച്ചു കുന്തിച്ചിരുന്ന കുട്ടി, താലി കെട്ടുമ്പോഴും കൈ മാറ്റി കൊടുത്തില്ല. അച്ഛന്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഞാന്‍ കൈ മാറ്റില്യ അച്ഛാ... ഞാന്‍ ബ്ലൗസിട്ടിട്ടില്ല്യ'എന്നു അന്നത്തെ ഞാന്‍ പറഞ്ഞു."
സുമംഗലയും ഭര്‍ത്താവ് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടും"കല്യാണം കഴിഞ്ഞു ഇല്ലത്തു വരുമ്പോഴും കുറേ ചടങ്ങുകള്‍... പിറ്റേദിവസം കുടിവയ്പു ഒക്കെയുണ്ട്. ഒന്നിനും ബ്ലൗസിടാന്‍ പാടില്ല. പിറ്റേന്ന് കുളി കഴിഞ്ഞു സ്ത്രീകളുടെ ഇടയിലേക്ക് വന്നപ്പോഴേ അത് മനസ്സിലാക്കി തന്നിരുന്നു. ഭര്‍ത്താവിന്റെ മുത്തശ്ശിയുണ്ടായിരുന്നു. അവര്‍ ഏറെ യാഥാസ്ഥിതികയും കണിശക്കാരിയുമായിരുന്നു. പക്ഷെ ഭര്‍ത്താവിന്റെ അച്ഛന്‍, എനിയ്ക്ക് പ്രത്യേക പരിഗണന നല്‍കി. 'അവര്‍ ഒളപ്പമണ്ണക്കാര്‍ പരിഷ്‌കാരികളാ. കുട്ടിക്കിതൊന്നും ശീലമില്ല'എന്ന് പറഞ്ഞു. കുടിവയ്പിന് ശേഷം ഭര്‍ത്താവിന്റെ എച്ചില് കഴിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. അത് വിലക്കാന്‍ ആ അച്ഛന്‍, വെളിയില്‍ കാത്തു നിന്നിരുന്നു. എന്തുകൊണ്ടോ അതാരും ആവശ്യപ്പെട്ടുമില്ല."
വിസ്തരിക്കും തോറും ചേച്ചിയുടെ കണ്ണില്‍ ആ കാലം തെളിഞ്ഞു വന്നു.
"ഒരു വര്‍ഷക്കാലം മാത്രമാണ് ഇല്ലത്തു കഴിഞ്ഞത്. പിന്നീട് ഓട്ടുപാറയിലെ പുതിയ വീട്ടിലേക്കു ഭര്‍ത്താവുമൊത്തു മാറുകയായിരുന്നു. ഏറ്റവും പ്രിയപ്പെട്ട വായനക്കായുള്ളതൊന്നും കിട്ടാനുണ്ടായിരുന്നില്ല. കടയില്‍ നിന്നും സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസ്സുകഷണങ്ങള്‍ ആര്‍ത്തിയോടെ വായിക്കും. ഒടുവില്‍ ഒരു ജോലിക്കാരിപ്പെണ്ണ് വായനശാലയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ടുത്തരുന്ന പതിവിലെത്തി. ആരോ തിരഞ്ഞെടുക്കുന്നവ. കിട്ടുന്നതൊക്കെ വായിച്ചു. ഭര്‍ത്താവിന്റെ സഹോദരിമാര്‍ കളിയാക്കി, 'ഒരു സാഹിത്യകാരി വന്നിരിക്കുന്നു' എന്ന്. ആദ്യമൊക്കെ കുട്ടികള്‍ക്കുവേണ്ടി കഥകളെഴുതിയപ്പോള്‍ മറ്റാരും തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് ലീലാ നമ്പൂതിരി എന്ന പേരുമാറ്റി ഞാന്‍ സുമംഗലയെന്ന പേര് സ്വീകരിച്ചത്."
വായനക്കാരി കഥപറച്ചിലുകാരി ആയത് മക്കള്‍ക്കു വേണ്ടിയായിരുന്നു. പറയുന്ന കഥകള്‍ തികയാതെ വന്നപ്പോഴാണ് ആദ്യ മകള്‍ ഉഷയ്ക്ക് വേണ്ടി ആദ്യത്തെ കഥ 'കുറിഞ്ഞിപ്പൂച്ചയുടെ ഒരു ദിവസം' എഴുതിയത്. പിന്നെ 'വീട്ടിലെ ഒരു നായ,' എന്നും 'തൊടിയില്‍ ചിലയ്ക്കുന്ന ഒരു അണ്ണാന്‍' ഇവരൊക്കെ കഥാപാത്രങ്ങളാവുകയായിരുന്നു. കുടുംബ സുഹൃത്തായ പി എ വാര്യരാണ് ഈ കുട്ടിക്കഥകള്‍ എഴുതിയത് മേശപ്പുറത്ത് കണ്ട് 'ഇത് ഇവിടത്തെ കുട്ടികള്‍ മാത്രം അറിഞ്ഞാല്‍ പോരാ ' എന്നു പറഞ്ഞ് എടുത്തു കൊണ്ടു പോയത്. അദ്ദേഹം അന്ന് 'പൂമ്പാറ്റ'എന്ന കുട്ടികളുടെ മാസിക നടത്തിയിരുന്നു. അങ്ങനെയാണ് കഥകള്‍ ആദ്യം അച്ചടിച്ചു വന്നത്.
ഒളപ്പമണ്ണയിലെ ഒരിക്കലും മങ്ങാത്ത മറ്റൊരു ഓര്‍മച്ചിത്രത്തിലും സുമംഗലച്ചേച്ചി അച്ഛനെ വരച്ചിടുന്നു, ഒപ്പം അമ്മയെയും.
"അച്ഛന്‍ വേദ പണ്ഡിതനായിരുന്നു. ഋഗ്വേദത്തിന് പരിഭാഷ രചിച്ചിട്ടുണ്ട്. സ്വന്തം മരണം അച്ഛന് മുന്‍കൂട്ടി അറിയാമായിരുന്നു. മരണസമയത്തു ചൊല്ലുന്ന ഋഗ്വേദ ശ്ലോകങ്ങളുണ്ട്. സാധാരണ മറ്റാരെങ്കിലുമാണ് ചെയ്യാറ്. അച്ഛന്‍ തനിയെ അവ ഉരുവിടാന്‍ തുടങ്ങി. പദങ്ങള്‍ തെറ്റാതെ കൃത്യമായി... സമയം നീങ്ങി മധ്യാഹ്നമെത്തവേ കുറച്ചു കഞ്ഞി കുടിക്കാന്‍ നിര്‍ബന്ധിച്ചു. ഒന്നോ രണ്ടോ വായ നിര്‍ബന്ധിപ്പിച്ചു കുടിപ്പിച്ചു. പിന്നെ വേണ്ടാ എന്നു കാട്ടി. വേദ ജപം നിലച്ചു. വായ എച്ചിലായി, ഇനി പാടില്ല. വെറുതെ നാമജപമായി. സമയം നീങ്ങി. താടി ചെറുതായി വിറക്കാന്‍ തുടങ്ങി. 'എന്താത്?' 'ക്ഷീണം കൊണ്ടാവും,' ഡ്രൈവര്‍ പറഞ്ഞു. പക്ഷേ അമ്മയ്ക്ക് മനസ്സിലായി. മിണ്ടാതെ കാല്‍ക്കല്‍ നമസ്‌കരിച്ച് അകത്തേക്ക് പിന്‍വാങ്ങി. നമ്പൂതിരിമാരുടെയിടയില്‍ ഭര്‍ത്താവിന്റെ ജീവനറ്റ ശരീരം ഭാര്യ കാണാന്‍ പാടില്ല."
/indian-express-malayalam/media/media_files/uploads/2020/02/sumangala-5.jpg)
"ഞാനെത്തുമ്പോഴേക്കും കഴിഞ്ഞിരുന്നു. നമസ്‌കരിച്ചിട്ട് അകത്തേക്ക് ചെന്നു. അമ്മ വെറും നിലത്തു കിടക്കുന്നു. കരയുന്നില്ല. കണ്ടു, കൈ പിടിച്ചു. കരച്ചിലില്ല. മെല്ലെ എഴുന്നേറ്റിരുന്ന് കാതിലെയും കൈയ്യിലേയും സ്വയം ഊരി എടുത്തു. താലി അഴിക്കുകയാണ്. പറ്റുന്നില്ല. ബുദ്ധിമുട്ടി ഒരുവിധം വലിച്ചു പറിച്ചെടുത്തു, കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കുന്നു. വല്യേട്ടന്‍ മുറിയിലേക്ക് വന്നു. ചോദിക്കാനാവുന്നില്ല. താലി അമ്മയോട് ചോദിച്ചു വാങ്ങണം. ഏട്ടന് അതാവില്ല. അതറിഞ്ഞ് അമ്മ നേരത്തെ തയ്യാറായിരിക്കുന്നു! പണ്ഡിതയും വിദുഷിയുമായിരുന്ന അമ്മ. അച്ഛന്റെ മരണശേഷം ബുദ്ധിയില്ലാത്തവളെപ്പോലെ ആയിത്തീര്‍ന്നു. സംസ്‌കൃതവും ശ്ലോകങ്ങളുമൊന്നും ഓര്‍മയില്ല. ഒരു ഇരുണ്ട ജീവിതം എട്ടൊമ്പത് വര്‍ഷം ജീവിച്ചു തീര്‍ത്തു."
പിന്നീട് സുമംഗല ചേച്ചി തന്റെ ഭര്‍ത്താവിന്റെ മരണശേഷമുള്ള കാര്യങ്ങളിലേക്ക് നടന്നു കയറി. അദ്ദേഹത്തിന്റെ ഒപ്പം, ഒന്നിച്ചു ജീവിച്ചിരുന്ന വീട്ടില്‍ അദ്ദേഹമില്ലാതെ തങ്ങാനാവാതായി... ഒന്നിച്ചായിരുന്ന കാലമത്രയും വ്യത്യസ്തമായ ഉള്‍ജീവിതങ്ങള്‍ ജീവിച്ചു തീര്‍ത്തു ഞങ്ങള്‍. പക്ഷെ ഒരാള്‍ വേര്‍പിരിഞ്ഞപ്പോഴാണ്, ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നുവെന്നു തിരിച്ചറിയുന്നത്."
സ്‌നേഹമുള്ള ഒരു മനസ്സിന്റെ കൂട്ടുചേരലില്‍ ഓര്‍മ്മകളുടെ തെളിഞ്ഞ ഒരു നീലാകാശത്തേയ്ക്കു ചിറകു വിരിയ്ക്കാന്‍ എപ്പോഴും കൊതിക്കുന്ന ഒരു മനസ്സാണിത്. ഇലപ്പെയ്ത്തുകളില്‍ തണുമാറാത്ത ആശ്ലേഷമാണ് ചേച്ചിയ്ക്ക് ഓര്‍മ്മകള്‍, അത് അച്ഛനെ കുറിച്ചായാലും അമ്മയെ കുറിച്ചായാലും ഭര്‍ത്താവിനെ കുറിച്ചായാലും.
പുസ്തകങ്ങളും വായനയും തന്നെയാണ് സുമംഗല ചേച്ചിക്കിന്നും ജീവിതം. ഇംഗ്ലീഷും മലയാളവും വായിക്കും. രാവിലെ തുടങ്ങുന്നു വായന. ഊണിനു ശേഷം കിടക്കും. അപ്പോഴും പുസ്തകമുണ്ട് കയ്യില്‍. വായിച്ചുകൊണ്ടേ കിടക്കും.
ബാലസാഹിത്യത്തിന് സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും കിട്ടി. ഇപ്പോള്‍ മകന്‍ നാരായണനൊപ്പം താമസം. ഉഷയും അഷ്ടമൂര്‍ത്തിയും മറ്റുമക്കള്‍.
ഇപ്പോഴും പുതിയ തലമുറയിലെ എഴുത്തുകാരെക്കുറിച്ചു വ്യക്തമായ സ്വാഭിപ്രായങ്ങളുണ്ട്. സമകാലികകാര്യങ്ങളെക്കുറിച്ചു കൃത്യമായ ജ്ഞാനമുണ്ട്. ശരീരത്തിന്റെ വളവ്, ഇപ്പോള്‍ നടപ്പ് ബുദ്ധിമുട്ടാക്കിയിരിക്കുന്നു. ഇരിപ്പും കിടപ്പും മാത്രം. ജീവിതത്തെകുറിച്ചിപ്പൊഴും ഇച്ഛാഭംഗങ്ങളോ ആശങ്കളോ ആസക്തിയോ ഇല്ല തന്നെ. നിയതിയുടെ നീതിക്ക് വഴങ്ങാന്‍ സദാ സന്നദ്ധ എന്നൊരു മട്ട്.
ഒട്ടു നീണ്ടൊരു വഴിയില്‍ ആര്‍ജിച്ച പ്രശാന്തമായ ഉള്‍ക്കാഴ്ച സദാ മുഖത്ത്.
അതുകൊണ്ടു തന്നെയാവണം, വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ തിരഞ്ഞു വന്ന ബാല്യകാല കുതൂഹലത്തെ സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us