Kerala Piravi: മലയാളമാണ് എന്നെ വളർത്തുന്നത്

ഗോത്രഭാഷയായ റാവുള ഒന്നാം ഭാഷ, മലയാളം രണ്ടാം ഭാഷ. രണ്ടിലും എഴുതുന്നു. കാട് ഗോത്രത്തിൻറെ ഹൃദയം, കാടാണ് കൊടുക്കുന്നത് എഴുത്തിനുള്ള കാതൽ… സുകുമാരൻ ചാലിഗദ്ധ എന്ന ബേത്തി മാരൻ എഴുതുന്നു

sukumaran chaligatha, poem, iemalayalam

എൻ്റെ പേര് സുകുമാരൻ ചാലിഗദ്ധ ശരിക്കും പേര് ബേത്തി മാരൻ. വയനാട് ജില്ലയിലെ റാവുള (അടിയ) ഗോത്രത്തിൽപ്പെട്ട എഴുത്തുകാരനാണ്. റാവുള ഭാഷയിലും മലയാളത്തിലും കവിതകളും പാട്ടുകളും കഥകളും എഴുതുന്നുണ്ട്. എനിക്ക് സ്വന്തമായി ഒരു ഭാഷയുണ്ട്- റാവുള ഭാഷ. മലയാളം എൻ്റെ രണ്ടാം ഭാഷയാണ്. മലയാളമാണ് എന്നെ വളർത്തുന്നത്
എൻ്റെ പോറ്റമ്മയാണ്‌ മലയാളം. പക്ഷേ മലയാള ഭാഷയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു, ആ ഭാഷയിൽ കവിതകളെഴുതുന്നു, സംസാരിക്കുന്നു, പഠിക്കുന്നു… ഇത്രത്തോളം സന്തോഷം എവിടുന്നാണ് കിട്ടുക.

പണ്ടുമുതൽക്കെ വനാന്തരങ്ങളിലാണ് ഞങ്ങളുടെ ഗോത്രങ്ങൾ താമസിച്ചിരുന്നത്. എനിക്ക് കാണാൻ കഴിഞ്ഞ എൻ്റെ പൂർവികൻമാരായ വല്യച്ചൻമാർ പറഞ്ഞ കഥകളും ചരിത്രങ്ങളും സംസ്ക്കാരവും അനുഷ്ഠാനങ്ങളും, ജീവിത കാഴ്ച്ചകളും പകുതിയോളം കിട്ടിട്ടുണ്ട്. അതിൽ നിന്നുമാണ് ഞാൻ കവിതകൾ നിർമ്മിച്ചെടുക്കുന്നത്. അതുമാത്രമല്ല കാട് എന്നത് ഗോത്രത്തിൻ്റെ ഹൃദയമാണല്ലോ മനസ്സാണല്ലോ അതിനകത്താണ് സകലതും ഒളിഞ്ഞിരിക്കുന്നത്, അതിനകത്ത് ചെന്ന് എനിക്ക് ആവശ്യമായ കാതൽ എടുക്കാറുണ്ട് അതിൽ നിന്നും കിട്ടുന്ന ഭാഷയും അവരുടെ തനിമകൾ കലർന്ന അർത്ഥങ്ങളിൽ നിന്നും
ലാളിച്ചു കിട്ടുന്ന വരികളാണ് എൻ്റെ കവിതയിൽ കാണുന്ന ഭാഷ.

എൻ്റെ ഗോത്ര ജീവിതമാണ് എൻ്റെ കവിതയിലെ ഭാഷ. എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന തരത്തിലുള്ള നാടൻ പ്രയോഗങ്ങളാണ് പൊതുവെ സ്വീകരിക്കുന്നത്. എല്ലാവർക്കും മനസ്സിലാവണം എന്നതാണ് കാരണം. എൻ്റെ കവിതകളിൽ അധികവും കാടും ഗോത്രങ്ങളും കടന്നുവരാറുണ്ട് അതിൽ പ്രകൃതിയുടെ ജീവിതമുണ്ട്. ജീവികളുടെ നന്മകളും ആശകളുമുണ്ട്… പുതിയ ആശയങ്ങളാണ് എൻ്റെ കവിതയുടെ നിലനിൽപ്പ്.  അത് ഇന്നും തുടർന്നു പോവുന്നുണ്ട്. എൻ്റെ ഗോത്രത്തിൻ്റെ സമ്പാദ്യമാണ് എൻ്റെ കവിതകൾ. മലയാള നാടിന് സ്നേഹം…

രണ്ട് പക്ഷികൾ

കാട്ടിൽ പോയ അമ്മയുടെ
കൈയ്യിലെ പൊതികെട്ടിൽ
രണ്ട് പക്ഷികളുണ്ടായിരുന്നു…
ഒന്ന് കറുത്തതും, ഒന്ന് ചുവന്നതും.

ഒന്നിൻ്റെ കണ്ണിൽ ഭൂമി ശരിക്കും
കാണുന്നുണ്ട്,
മറ്റേ പക്ഷിയുടെ ചെവിയിൽ
ഒരു പുഴ ഒഴുകാതെ നിൽക്കുന്നുണ്ട്.

അച്ഛൻ പറഞ്ഞിരുന്നു.
അമ്പിൻ്റെ മുനയിൽ
തൂവൽ കുടുങ്ങിയെന്നും,
പുഴ കലങ്ങിയിരുന്നെന്നും,sukumaran chaligatha, poem, iemalayalam

വീട്ടിലെത്തിയ അമ്മ പൊതിക്കെട്ടഴിച്ചു.
രണ്ട് പക്ഷികളും അച്ഛൻ്റെ പേര് വിളിച്ചു
മാരാ… മാരാ ന്ന്.

മാരൻ,
മറുമരുന്ന് മരത്തിലുണ്ട്
കൈയുഴിഞ്ഞ് കാലുഴിഞ്ഞ്
തലയുഴിഞ്ഞ് തുടി ഗദ്ധിക
വീടിനു ചുറ്റും തിറയാടി പറഞ്ഞു.

ഭൂമിയിൽ പിറന്ന പുല്ലുക്കൊടി വളര്
കല്ലിൽ മുളയ്ച്ച കല്ലുക്കൊടി വളര്.

അമ്പെയ്തവൻ്റെ ഭാര്യ
പ്രസവിക്കാറായിരിക്കുന്നു.
രണ്ട് പക്ഷികൾ അവിടം
പൂമരം നടുന്നുണ്ടായിരുന്നു.

വേടൻ്റെ പേര് പറയാതെ
ഒരു കണ്ണും ഒരു ചെവിയുമായ്
അവർ കാടുകളിലേക്ക് പറന്നു.
*

രാണ്ടു പുള്ളു

കാടുക്കുപ്പോന്ന അമ്മെൻ്റെ
കൈയ്യില പൊതിക്കെട്ടിലി
രാണ്ടു പുള്ളിന്ത.
ഒൻ്റു കറുത്തവോ, ഒൻ്റു ചുവാന്തവോ

ഒൻ്റുൻ്റ കണ്ണിലി
പൂമി ചന്തമേ കണ്ടു ബൻ്റോ,
ബേറെ പുള്ളുൻ്റ ചൊവ്ടിലി
ഒരു പുവെ ഓഗാതെ നിൻ്റുളാന്നു.

അപ്പെയ് പറെഞ്ചിന്ത
അമ്പുൻ്റ ജൂഞ്ചിലി
തൊപ്പുടെ കുടുങ്കിന്താൻ്റു,
പുവെ കലാങ്കിന്തായെൻ്റുമ്മു.

കുള്ളുക്കെത്തിന്ന അമ്മെ
പൊതിക്കെട്ടാവ്ച്ച.
രാണ്ടു പുള്ളുവളുമ്മു
അപ്പെൻ്റ പേരു ബുളിച്ച,
മാരാ… മാരാൻ്റു.

മാരെയ്…
മറുമറുന്തു മറാത്തിലിളാ…
കൈയ്യുജി കാല്ലുജി
തിലെ ബളെച്ചു തുടി ഗദ്ധിഗെ
കുള്ളുൻ്റ ചന്തു ബളെച്ചു
തിറെയാടി പറെഞ്ച.sukumaran chaligatha, poem, iemalayalam

പൂമിലി പുറാന്ത പുല്ലുക്കൊടി ഗേരു
കല്ലിലിമുളെച്ച കല്ലുക്കൊടി ഗേരു.

അമ്പെയ്തെൻ്റ റാട്ടി
പെറുവ്വായിളാന്നു.
രണ്ടു പുള്ളുവ്വ
അവ്ടെ പൂമര നടുവക്കൂടിന്ത.

ബേടെൻ്റ പേരു പറെയാതെ
ഒരു കണ്ണുമു ചൊവ്ടുമാച്ചു
ഐര കാടുക്കു പറാന്ത.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Sukumaran chaligatha on writing in malayalam

The moderation of comments is automated and not cleared manually by malayalam.indianexpress.com