Latest News

ഞാൻ നടന്ന തെരുവുകൾ

തെരുവകളിൽ ചരിത്രം ഉറങ്ങുകയല്ല, ഉണർന്നിരിക്കുകയാണ്, അവിടെ മരിച്ചവരുടെ ജീവശ്വാസം നമ്മുടെ ഉളളിലേയ്ക്ക് ഇരമ്പിവരും ഓരോ നാടിന്റെയും നട്ടെല്ലും നാഡീവ്യൂഹവുമാണ് അവരുടെ തെരുവുകൾ, തെരുവ് അനുഭവങ്ങളിലൂടെ നടക്കുകയാണ് ലേഖിക

sreedevi vadakkedathu ,memories

Me thinks that the moment my legs begin to move, my thoughts begin to flow: Henry David Thoreau

മൊരിഞ്ഞു പൊന്തുന്ന വെള്ളേപ്പമണമുള്ള, കാണുന്നിടത്തൊക്കെ സ്വർണ്ണക്കടകളുള്ള,, സ്റ്റേഷനറി സാധനങ്ങളുടെ ഹോൾസെയിൽ കടകളുള്ള, ബാഗും ചെരിപ്പും തൂങ്ങി കിടക്കുന്ന ഹൈറോഡിലൂടെ നടക്കുക എന്നത് ചെറുപ്പത്തിലെന്റെ ഏറ്റവും വലിയ ആനന്ദങ്ങളിലൊന്നായിരുന്നു. ജീവിതപ്രാരാബ്ധങ്ങളിലൂടെ ഓടുന്നതിനിടയിൽ, ഏറ്റവും വിലക്കുറവിലേറ്റവും നല്ല സാധനങ്ങൾ വാങ്ങാനാണച്ഛൻ അങ്ങോട്ട് ചാലിട്ടിരുന്നത്. അച്ഛന്റെ KRR 8600 എന്ന ലാമ്പി സ്ക്കൂട്ടറിന്റെ പിറകിൽ കയറി ഞാനും പോകും. കാറ്റിൽ പിന്നി കെട്ടിയ എന്റെ മുടി പിറകോട്ട് പറക്കും. കുഞ്ഞിപ്പാവാട ഇളകും. മുഖത്തടിക്കുന്ന കാറ്റിൽ ഞാൻ കണ്ണുകൾ മുറിക്കിയടച്ച് പിടിക്കും. ഇടയ്ക്ക് ഒരു കള്ളിയെ പോലെ ഒറ്റക്കണ്ണ് തുറന്ന് നോക്കും. ഷൊർണ്ണൂർ റോഡിൽ നിന്നും, റൗണ്ടിലേക്ക് കയറി ഒഴുകി നീങ്ങുന്ന വണ്ടികൾക്കിടയിലൂടെ അധികം സ്പീഡില്ലാതെ ആ നീല ലാമ്പി സ്ക്കൂട്ടർ നിരങ്ങി ഹൈ റോഡിലേക്ക് കയറും. സ്ഥിരം വണ്ടി വെയ്ക്കുന്ന മൂലയിൽ വണ്ടി പാർക്ക് ചെയ്ത്, പഴയൊരു മിലിട്ടറി സഞ്ചിയുമായി അച്ഛൻ മുന്നോട്ട് നടക്കും.

പേനയും, പെൻസിലുകളും, ബാഗുകളും, അലങ്കാരവസ്തുക്കളുമൊക്കെ നിറച്ച് വച്ച കടകൾ കാണുമ്പോൾ, കയറിൽ കെട്ടി കൊണ്ട് പോകുന്ന കന്നുക്കുട്ടികൾ, വഴിയോരങ്ങളിൽ വളർന്നു നിൽക്കുന്ന പുല്ലു കടിക്കാൻ കാണിക്കുന്ന വെപ്രാളമൊക്കെ ഞാനും കാണിക്കാറുണ്ട്. ചിലപ്പോഴൊക്കെ അച്ഛനോട് ദേഷ്യം തോന്നും. ഓരോ കടയിലും കുറച്ച് സമയം ചിലവഴിച്ചാലെന്താ എന്നൊരു കുശുമ്പു തോന്നും.

ഇടവഴികളിൽ അപ്പം ചുടുന്ന ചേടത്തിമാരൊക്കെ എന്നെ മാടി വിളിക്കുന്നുണ്ടെന്ന് ഞാനങ്ങ് സങ്കൽപ്പിക്കും. പിന്നെ തെല്ലു സങ്കടത്തോടെ യാതൊരു താല്പര്യവും തോന്നാത്ത ചില പലചരക്കു കടകളുടെ മുന്നിൽ അച്ഛനൊപ്പം നിൽക്കും. അന്നേരങ്ങളിലൊക്കെ ആ വഴികളുടെ വശങ്ങളിൽ മരിച്ച് പോയ പല മനുഷ്യരേയും ഞാൻ കണ്ടിട്ടുണ്ട്. തൊട്ടു മുൻപത്തെ തവണ ചിരിച്ച് കൊണ്ട് പഴയ ന്യൂസ്പ്പേപ്പർ കുമ്പിളാക്കി സാധനങ്ങൾ നിറച്ച് തന്ന പലരും അടുത്ത തവണ ചെല്ലുമ്പോൾ കടകളിൽ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. അവർ മരിച്ച് പോയ കഥ അച്ഛനോട് മറ്റു കടകളിലുള്ളവർ വിഷമത്തോടെ പറയുന്നത് കേൾക്കും. ഇട്ടൂപ്പേട്ടൻ കടേം പൂട്ടി ചിരിച്ചോണ്ട് പോയതാ സാറേ. ഒറക്കത്തീന്ന് എണീട്ടില്ല്യാ. ലാസർക്ക് പ്രയാസണ്ടായിരുന്നു സാറേ, പറയില്ല അവനാരോടും, കടേം തൊറന്നിട്ട് പോയിട്ടല്ലെ അവനാ കടുംകൈ ചെയ്തത്. കെട്ട്യോൾട സങ്കടം കണ്ട് നിക്കാൻ വയ്യാ. വറീത് കടേൽക്ക് വരാൻ വേണ്ടീട്ട് ഓട്ടോറിക്ഷേലു കേറീപ്പളല്ലേ നെഞ്ചത്ത് വേദന വന്നത്. മെഡിക്കൽ കോളേജീ എത്തീപ്പൾക്കും തീർന്നട്ടുണ്ടായിരുന്നു.

അവർ പറഞ്ഞു നിറുത്തിയാലും മരിച്ചവർ എനിക്ക് ചുറ്റും നിൽക്കും. ബീഡി വലിച്ചും, തലേക്കെട്ടു കെട്ടിയും, ചിരിച്ച് കൊണ്ടും, തല കുനിച്ച് കൊണ്ടുമൊക്കെ വഴിയോരങ്ങളിൽ എനിക്ക് കാണാൻ പാകത്തിനു അവരൊക്കെ നിൽക്കുന്നുണ്ടെന്ന് ഞാൻ സങ്കൽപ്പിക്കും, അല്ല എനിക്ക് ശരിക്കും തോന്നും. വീട്ടിൽ ചെന്നാലും ഞാനവരെയോർക്കും. അവരുടെ സങ്കടങ്ങൾ കേൾക്കും. ചിലരൊക്കെ അറിയ്യോ മോളേ എന്ന് ചോദിച്ചെന്ന് തന്നെ എനിക്ക് തോന്നാറുണ്ടായിരുന്നു.

sreedevi vadakkedath,memories

അന്നൊന്നും, ഞാൻ നടന്ന് നീങ്ങി കൊണ്ടിരിക്കുന്നത് തൃശ്ശൂരിന്റെ ഹൃദയം ചുമക്കുന്ന തെരുവിലൂടെയാണെന്ന് എനിക്കറിയില്ലായിരുന്നു, അഥവാ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അതൊക്കെ ചിന്തിച്ച് തുടങ്ങിയപ്പോഴേക്കും അച്ഛനാ കടകളിൽ കയറുന്ന പതിവ് നിറുത്തിയിരുന്നു. തൃശ്ശൂരിന്റെ പ്രധാന കച്ചവടങ്ങൾ, ആളുകൾ, സംസ്ക്കാരം ഇതൊക്കെ ഞാൻ തൊട്ടറിഞ്ഞത്, അച്ഛന്റെ കൈ പിടിച്ച് അന്നാ തെരുവിൽ നടന്നപ്പോഴായിരുന്നു. എന്നെ സംബന്ധിച്ച് ഇന്നും ലോകത്തിലേത് തെരുവിലൂടെ നടക്കുമ്പോഴും, ഞാനതിനെ, എന്റെ ബാല്യത്തിലെ ഈ നടത്തത്തെയും കൂടെ കൈപിടിക്കും. അന്നത്തെ കാഴ്ചകൾ, മണങ്ങൾ, ശബ്ദങ്ങൾ, ഇതൊക്കെ വീണ്ടും കേൾക്കുന്നതായി എനിക്കെപ്പോഴും തോന്നും.

ആലോചിച്ച് നോക്കിയാൽ പല ദിവസങ്ങളും നമുക്ക് സഞ്ചാരങ്ങൾക്കുള്ള സാധ്യതയും, വഴിയും തുറന്നു കൊണ്ടല്ലേ തുടങ്ങുന്നത്? ഒരിടത്തനങ്ങാതെ, ഒന്നും ചെയ്യാനില്ലാതെ ചുരുട്ടി വച്ച പായ പോലിരിക്കുമ്പോൾ തലയ്ക്കകത്തേക്ക് വെളിച്ചം പ്രവേശിക്കാൻ മടി കാണിച്ച് പിണങ്ങി നിൽക്കുമെന്നാണെനിക്ക് തോന്നാറുള്ളത്. അടങ്ങിയൊതുങ്ങി ഏറെ നാൾ ചടഞ്ഞിരിക്കുന്നതോടെ ഭാവന, ബോധം, ശ്രദ്ധ ഇതൊക്കെ നഷ്ടമായൊരു ജഡാവസ്ഥയിലേക്ക് പരിവർത്തനം ചെയ്യപ്പെടും. അതു കൊണ്ട് തന്നെ സഞ്ചരിക്കാതൊരിടത്ത് ഇരിക്കേണ്ടി വരുമ്പോൾ സഞ്ചാരികളായ സുഹൃത്തുക്കളുടെ അനുഭവങ്ങൾക്കായി കാതോർക്കുകയാണ് പതിവ്.

ജീവിതം പുതിയൊരിടത്തേക്ക് പറിച്ച് നടേണ്ടത് സാഹചര്യത്തിന്റെ സമർദ്ദം കൊണ്ടാണെന്നിരിക്കെ മനുഷ്യൻ സ്വാഭാവികമായി പിന്തുടരുന്ന ഒരു പതിവെന്തെന്നു വച്ചാൽ, സ്വന്തം വേരുകൾ ജന്മഭൂമിയിലിപ്പോഴും അറ്റു പോകാതെ നിൽപ്പില്ലേ എന്ന് അടിക്കടി പരിശോധിച്ചുറപ്പു വരുത്തി അവിടത്തെ ഓർമ്മകളെ കൂടെ കൈ പിടിച്ച് നടത്തി, അതൊന്നും കൈ വിട്ടു പോകാതിരിക്കാൻ, ആ ഒരൊറ്റ ദിശയിലേക്ക് മാത്രം മനസ്സ് സദാ സഞ്ചരിക്കണമെന്ന് ശാഠ്യം പിടിച്ചു കൊണ്ടിരിക്കും. ഒരു കാലത്ത് നാടു വിട്ടു ജീവിക്കുന്നവർ ഗൃഹാതുര രചനകളിൽ വ്യാപൃതരായിരുന്നതിന്റെ കാരണം പോലും ഇതാണ്. എന്നാലിന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. സഞ്ചാരപ്രിയരായി തീർന്നതോടെ വേരുകൾ വിട്ട് മറ്റെന്തെങ്കിലുമൊക്കെ കൂടി ചിന്തിക്കാനുമെഴുതാനുമവരൊക്കെ തയ്യാറായി തുടങ്ങി.

ഓരോ നാടറിയാൻ, ആ നാട്ടിലെ ഏതെങ്കിലും തെരുവുകളിലൂടെ നടക്കണം. അവിടെ പറ്റി പിടിച്ച് നിൽക്കുന്ന സംസ്ക്കാരമറിയാനുള്ള ഒരു കുറുക്കു വഴിയാണത്.
ഒരു സഞ്ചാരിയായി ഉലകം ചുറ്റണമെന്നാണ് മോഹമെങ്കിലും, അത്രയേറെയൊന്നുമിതേ വരെ സാധിച്ചില്ല. ചില യാത്രകളുടെ ഓർമ്മകൾ പ്രാധാന്യത്തൊടെ തെളിഞ്ഞു നിൽക്കുന്നതാവട്ടെ തെരുവോർമ്മകളുടെ അകമ്പടിയോടെയാണ്.

പല തവണ നടന്നിട്ടും മടുക്കാത്ത ഒരു ബഹ്റൈൻ കാഴ്ചയേതെന്ന് ചോദിച്ചാൽ സൂക്കിലൂടെയുള്ള നടത്തമെന്നേ ഞാൻ പറയൂ. കണ്ട കാഴ്ചകൾക്കപ്പുറമെന്താണവിടെയുള്ളതെ ന്ന് അമ്പരക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. തെരുവുകൾ മാത്രമാണ് മടുക്കാത്ത കാഴ്ചയുടെ പൂരങ്ങളൊരുക്കുന്ന ഇടങ്ങൾ. എന്നും അടിസ്ഥാനപരമായൊരു കാഴ്ചയ്ക്ക് മീതെ പരന്ന്, നിങ്ങൾ സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ വെളിവാക്കപ്പെടുന്ന എത്രയോ കാര്യങ്ങളുണ്ട് തെരുവുകളിൽ. ചുവരുകളിൽ നിരന്ന് കണ്ട പല പെയിന്റിങ്ങുകൾ, ഹുക്ക വലിക്കുന്ന വൃദ്ധർ, അറബിക്കുപ്പായങ്ങൾക്കുള്ളിൽ ആഭരണങ്ങളണിഞ്ഞ വൃദ്ധരായ അറബിസ്ത്രീകൾ. അതിനിടയിൽ മലയാളം പറയുന്ന അറബികളെ വരെ കണ്ടിട്ടുണ്ട്.

ഏതു തെരുവിലേയും നിരനിരയായുള്ള കടകളിൽ നിരന്നിരിക്കുന്ന നിരവധിയായ കൗതുകവസ്തുക്കളെന്നെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കും. സ്വന്തമാക്കുക എന്നൊരു ത്വരയല്ല ആ ഭ്രമത്തിനു പിറകിൽ. കാഴ്ചകൾ നൽകുന്ന ആനന്ദമാണത്. കയ്യിലിടുന്ന മുത്തു കൊണ്ടുള്ള ബ്രെയ്സ്‌ലെറ്റുകൾ, മാലകൾ, കീ ചെയിനുകൾ, തുണിത്തരങ്ങൾ, ബാഗുകൾ, അറബിക്കുപ്പായങ്ങൾ, പച്ച മരുന്നുകൾ, മസാലക്കൂട്ടുകൾ, ഇലക്ട്രോണിക്ക് സാമഗ്രികൾ. അതിനു പുറമെ അങ്ങിങ്ങായി പടർന്ന് കിടക്കുന്ന മനുഷ്യൻ, അവരേന്തുന്ന സംസ്ക്കാരങ്ങൾ. മുൻപേ പറഞ്ഞതു പോലെ അവിടെ കാണാവുന്നത്, ഞാൻ വർഷങ്ങളായി ജീവിക്കുന്ന നാടിന്റെ പരിഛേദം തന്നെയാണ്.

മനാമ സൂക്കിനുള്ളിൽ മരിച്ച് പോയ പഴയ രാജാവ് സാധാരണക്കാരനെ പോലെ ചിരിച്ച് നിൽക്കുന്നത് എനിക്ക് കാണാനായി. ഒരിക്കൽ കണ്ടപ്പോൾ രാജാവിന്റെ വലത്തെ കയ്യിൽ നീട്ടി പിടിച്ച വലിയൊരു വാളും, ഇടം കയ്യിൽ മൂത്തു പഴുത്ത വലിയൊരു കുല ഈന്തപ്പഴവുമുണ്ടായിരുന്നു. അടുത്ത തവണ കാണുമ്പോൾ അറബികൾ നൃത്തം വയ്ക്കുമ്പോൾ കയ്യിൽ നീട്ടി പിടിക്കുന്ന വടിയുമായി ചുവടു വയ്ക്കുകയായിരുന്നു.

തെരുവുകൾ ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല എന്നെനിക്ക് ചെറുപ്പം മുതലുള്ള തോന്നലാണ്. അപ്പോൾ മുതൽ ജീവിച്ച മനുഷ്യർക്കിടയിലൊക്കെ മരിച്ച മനുഷ്യർ നടന്നു നീങ്ങുന്നത് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ഒരു പക്ഷേ ജീവിച്ചിരിക്കുന്നവരേക്കാൾ ഏറെ മരിച്ചവരാണോ എന്നും ഞാൻ ആലോചിച്ചിട്ടുണ്ട്. പാതിയുപേക്ഷിച്ച ജീവിതത്തിന്റെ ബാക്കി തിരഞ്ഞ് നടക്കുന്ന ചിലർ, നടന്ന് കൊതി തീരാതെ, പിന്നെയും നടക്കുന്ന ചിലർ, എവിടെയെത്തിയിട്ടും, ഈ തൃപ്തി തോന്നാത്തതു കൊണ്ട്, തിരികെ നടക്കാനായി വരുന്നവർ. മരിച്ചവരും വ്യക്തമായ ലക്ഷ്യങ്ങളോടെ തന്നെ നമുക്കൊപ്പം തെരുവുകളിൽ ചുവട് വയ്ക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോഴും.sreedevi vadakkedathu ,memories

ന്യൂഹൗസർ സ്ട്രീറ്റ് (Neuhauser Street), മ്യൂണിക്ക്, ജർമ്മനി 

ആ തെരുവിലേയ്ക്കന്ന് ഞങ്ങൾ കടന്നത് തനിച്ചായിരുന്നില്ല. രാത്രി കാവൽക്കാരൻ എന്നു വിളിച്ചിരുന്ന റിച്ചാർഡ് എന്ന ഗൈഡ് കൂടെയുണ്ടായിരുന്നു. ആറടി പൊക്കത്തിൽ ഏതോ കുട്ടികളുടെ മാന്ത്രിക കഥാ പുസ്തകത്തിന്റെ പേജിൽ നിന്നോ, വെള്ളിത്തിരയിൽ നിന്നോ ഇറങ്ങി വന്നതു പോലൊരാൾ. ചിരിച്ച മുഖമെന്നത് അയാളുടെ ഒരു ട്രേഡ് മാർക്കായി പറയേണ്ട സംഗതിയല്ല. ഇതയാളുടെ ഉപജീവനമാണ്. അതു കൊണ്ട് തന്നെ അയാൾക്ക് ചിരിച്ചേ മതിയാവൂ. ചുണ്ടിൽ തീരാതെ, അയാൾ കയ്യിൽ കൊണ്ടു വന്ന തൂക്കു വിളക്കിലെ തിരി പോലെ ആ വെളിച്ചം കണ്ണിൽ കൂടി കൊളുത്തി വച്ചതു കൊണ്ട്, ഞാനത് ഹൃദയത്തിൽ നിന്നും വന്ന ചിരിയാണെന്ന് മനസ്സിലാക്കി. ആ തെരുവിനിരു വശവും, പുരാതനരീതിയിൽ പണിഞ്ഞ കെട്ടിടങ്ങൾ കണ്ടതോടെ ആവേശമായി.

(സാധാരണ ഞാൻ നടന്ന തെരുവുകളിലൊന്നും കാണാത്ത പ്രത്യേകതയായെനിക്ക് തോന്നിയത് അതായിരുന്നു. അപ്പോഴെനിക്ക് മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലൂടെ നടക്കാനുള്ള എന്റെ മോഹമോർമ്മ വന്നു. നാട്ടിലെ തൊട്ടടുത്ത നഗരത്തിൽ എത്രയോ തവണ പോയിട്ടും, ആ തെരുവിലെത്തിപ്പെടാനായിട്ടില്ല. ഇങ്ങിനെയുള്ള ചില നേരങ്ങളിൽ ഞാൻ നിയോഗത്തെ കുറിച്ചൊക്കെ വാചാലയാവും. ഓരോയിടത്തും നമുക്കെത്തിപ്പെടാൻ ഒരു സമയമുണ്ടെന്നൊക്കെ പറഞ്ഞു കളഞ്ഞേയ്ക്കും.)

ആ കെട്ടിടങ്ങൾക്കിടയിൽ ചില പള്ളികൾ, കടകൾ, അതിനൊത്ത നടുവിലൂടെ ടൈലുകൾ പാകിയ റോഡ്. തീർച്ചയായും അതു വഴി വാഹനങ്ങൾ കടന്ന് പോകുന്ന ഒരു പാതയായിരുന്നില്ല. യൂറോപ്യൻ യാത്രയിലെ ആദ്യ ഡെസ്റ്റിനേഷനാണ് മ്യൂണിക്ക്. ജർമ്മനിയുടെ തെരുവെന്നെ മയക്കുമെന്നോ, മോഹിപ്പിക്കുമെന്നോ എന്റെ ചിന്തയിലില്ലാത്ത കാര്യമായിരുന്നു. എന്നാലടിവച്ചടി വച്ച് മുന്നോട്ട് നീങ്ങുന്തോറും, എന്റെ എല്ലാ പ്രതീക്ഷകളേയും മാറ്റി മറിക്കുന്ന അനുഭവമായിരുന്നു. ജനങ്ങൾ ലോഭമില്ലാതെ ആ തെരുവിലൂടെ പ്രവഹിച്ചു കൊണ്ടിരുന്നു. അതിനിടയിലൂടെ ഞങ്ങളും മുന്നോട്ട് നീങ്ങി. വഴി നീളെ കുടകൾക്കടിയിലിരുന്നു തദ്ദേശവാസികൾ ബിയർ നുണയുന്നുണ്ട്. അതിനിടയിൽ ഒരു കെട്ടിടം ചൂണ്ടി കാണിച്ച് റിച്ചാർഡ് പറഞ്ഞു, ഫുട്ബോളിൽ വിജയിച്ച് ജർമ്മൻ ടീമെത്തുമ്പോൾ ഈ കെട്ടിടത്തിനു മുകളിൽ കയറി നിന്നാണവർ ജനങ്ങളെ കണ്ടിരുന്നതെന്ന്. ഫുട്ബോളെന്നു കേട്ടതും, ഞങ്ങൾക്കിടയിലെ കുട്ടിപ്പട്ടാളം ഉഷാറോടെ മുന്നോട്ട് വന്നു. അതിനിടയിൽ റിച്ചാർഡിനു പിറകെ മുറിമീശയുമായി ഹിറ്റ്‌ലർ തന്നെ നിൽപ്പുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ടായിരുന്നു.

പിന്നീട് ഞങ്ങൾ നീങ്ങിയത് ചില ബാറുകൾ കാണാനായിരുന്നു. ഞാനാണെങ്കിൽ ഇതു വരെ ഒരൊറ്റ ബാറിനുള്ളിലും കയറിയിട്ടില്ല. അതു കൊണ്ട് തന്നെ റിച്ചാർഡ് അയാൾക്കറിയാവുന്ന ഇംഗ്ലീഷിൽ അതു പറഞ്ഞപ്പോഴെനിക്ക് ഒരാവലാതി തോന്നി. ഇതു വരെ കാത്ത് വച്ച എന്തോ നഷ്ടമാകാൻ പോകുന്നെന്ന മട്ടായിരുന്നു എനിക്ക്. ഗിറ്റാറുൾപ്പെടെ എനിക്ക് പേരറിയാത്ത ഒരു പിടി സംഗീത ഉപകരണങ്ങളുമായി ഒരു സംഘം എന്തോ പരിപാടി അവതരിപ്പിക്കുന്ന, അഞ്ഞൂറു പേർക്കെങ്കിലും ഇരിക്കാവുന്ന ഒരു കൂറ്റൻ ബാറിനുള്ളിലേക്കാണ് ഞങ്ങൾ പ്രവേശിച്ചത്. അവിടെയിരുന്ന് മദ്യപിക്കുന്നവരൊക്കെ കൈ കൊണ്ട മുഖഭാവം കണ്ടപ്പോഴെനിക്ക്, അവരിനി വല്ല കാലിച്ചായയാണോ കുടിക്കുന്നതെന്നു തോന്നി. അത്രയും നിസ്സംഗമായി മദ്യം സേവിക്കാനാവുമോ എന്ന് ഞാൻ ഉറക്കെ തന്നെ ചോദിച്ചു. അവരുടെ മുന്നിലിരിക്കുന്ന അസാമാന്യ വലിപ്പമുള്ള ബിയർമഗ്ഗുകളെടുത്ത് ചുണ്ടോട് ചേർക്കുന്നത് കാണാനവർക്ക് തൊട്ടടുത്ത് ഞാനിരുന്നു. ചിത്രങ്ങൾ പകർത്തി. അവരൊക്കെ അവിടെ പാടി കൊണ്ടിരുന്നവരെ പ്രോത്സാഹിപ്പിച്ച് കൈകളുയർത്തിയും, ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചും ആവേശഭരിതരാവുന്നുണ്ടായിരുന്നു.
sreedevi vadakkedath ,memories

എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു സംഗതി അവരിൽ വലിയൊരു വിഭാഗം ആളുകൾ യൂണിഫോം പോലെ ഒരു പോലെയുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. അതെന്തിനാണെന്ന് ഞാൻ റിച്ചാർഡിനോട് ചോദിച്ചെങ്കിലും, അടുത്തൊരുത്ഭുതം കാണിക്കാൻ കൊണ്ട് പോകുന്ന ധൃതിയിൽ അയാൾ പറഞ്ഞതെനിക്ക് മനസ്സിലാക്കാനായില്ല. തൊട്ടടുത്തുള്ള ഒരു ഡാൻസ് ബാറിന്റെ കതകിലെ ചിത്രം കണ്ട് ഞാനമ്പരന്നു നിന്നു പോയി. സാക്ഷാൽ ഗണപതി ഭഗവാൻ. അതിനുള്ളിൽ ഫൊട്ടൊഗ്രാഫിക്ക് നിയന്ത്രണങ്ങളുണ്ടെന്ന് അകത്തേക്ക് കയറും മുൻപേ അയാൾ ഞങ്ങളോട് സൂചിപ്പിച്ചിരുന്നു. അവിടെ മിന്നി കൊണ്ടിരിക്കുന്ന പല വർണ്ണങ്ങളിലുള്ള ലൈറ്റുകൾക്കും, പാട്ടിനുമൊപ്പം കുറേ പേർ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ആ ചുവരുകളിൽ ശിവനും, പാർവ്വതിയും, ഭഗവതിയുമൊക്കെ ജർമ്മൻ നൃത്തം കണ്ടിരിക്കുന്നു. നർത്തകരുടെ ഒരൊറ്റ ചിത്രം പോലും പകർത്തിയില്ലല്ലോ എന്ന് ഞങ്ങളിൽ ചിലർ ഖേദിക്കുന്നുണ്ടായിരുന്നു.

തെരുവോരത്ത് വിരിഞ്ഞ് നിൽക്കുന്ന കൊച്ച് വയലറ്റ് പൂക്കളെ ചൂണ്ടി കാണിച്ച് റിച്ചാർഡ് പറഞ്ഞു, ഇതാണ് ലാവൻഡർ പൂക്കൾ. അടുത്ത് പോയി അപ്പോഴടിച്ച സ്പ്രെയുടെ മണത്തോളമുണ്ടോ എന്ന് ഞാൻ പരിശോധിച്ചു. പൂക്കൾ നോക്കി നിൽക്കുന്നതിനിടയിൽ പെട്ടെന്നാരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ടു. ആരൊക്കെയോ ചേർന്നൊരാളെ ഓടിക്കുന്ന രംഗമായിരുന്നു തൊട്ടു മുന്നിൽ പിന്നീട് കണ്ടത്. ഭയന്നു പോയ ഞങ്ങളെ കടന്നവർ മുന്നോട്ട് പോയി. അതേതോ ബാറിൽ നിന്നിറങ്ങിയോടുന്നതാവുമെന്ന് നിസ്സാരമായി പറഞ്ഞു കൊണ്ട് മുന്നോട്ട് പോകുന്ന റിച്ചാർഡിനെ ഞങ്ങൾ പിന്തുടർന്നു.

അവിടെ നിന്നിറങ്ങിയ ഞങ്ങൾ നടന്നത് ബിയർ ഗാർഡനിലൂടെയായിരുന്നു. തുളുമ്പുന്ന ബിയർ ഗ്ലാസുകൾ, പൂന്തോട്ടങ്ങൾ, മേപ്പിൾ മരങ്ങൾ, ഞാനൊരു ഇംഗ്ലീഷ് പുസ്തകത്തിന്റെ പേജിലൂടെ നടക്കുകയാണെന്ന് പല തവണ എനിക്ക് തോന്നി. ബിയർ ഗ്ലാസുകൾ പൂത്തു നിൽക്കുന്ന ആ ഗാർഡൻ കൂടി പിന്നിട്ട് കഴിഞ്ഞപ്പോഴാ തെരുവേതാണ്ട് അവസാനിച്ചിരുന്നു. അവിടെയുള്ള ഒരു ഹോട്ടലിലേക്കാണ് ഞങ്ങൾ അത്താഴത്തിനായി കയറിയത്. വിശപ്പ് കണ്ണിൽ കുത്തി കയറി തുടങ്ങിയിരുന്നത് കൊണ്ട്, കഷ്ടകാലത്തിനാ ഹോട്ടലിന്റെ പേരു വായിച്ചില്ല. അവിടെ നിന്നു കിട്ടിയ ഭക്ഷണത്തിന്റെ പേരു ചോദിച്ചില്ല. വെജിറ്റേറിയനായ എനിക്ക് കഴിക്കാൻ പറ്റിയ ഒന്നുമുണ്ടാവില്ലെന്ന് കളിയാക്കിയ കൂട്ടുകാരെ ഞെട്ടിച്ച് കൊണ്ടാണാ തളിക എന്റെ മുന്നിലേക്കെത്തിയത്. പല തരം ഇലകൾക്ക് മീതെ ഉരുളക്കിഴങ്ങ് പുഴുങ്ങി എന്തൊക്കെയോ കൂട്ടുകൾ യോജിപ്പിച്ച് സ്വാദിരട്ടിപ്പിച്ചത്, അതിനരികിൽ വറുത്ത കൂൺ കഷ്ണങ്ങൾ (അങ്ങിനെ സ്വാദുള്ള, തുടുത്ത കൂൺകഷ്ണങ്ങൾ അതിനു മുൻപോ, പിൻപോ ഞാൻ കഴിച്ചിരുന്നില്ല), പല തരം പച്ചക്കറി കഷ്ണങ്ങൾ മുറിച്ചലങ്കരിച്ച ആ പ്ലേറ്റ് കണ്ടതും, എന്റെ മുഖം തെളിഞ്ഞു. അതോടെ ജർമ്മൻ ഭക്ഷണത്തിനുള്ള സർട്ടിഫിക്കറ്റ് ഞാൻ അവിടിരുന്നു നൽകി.ന്യൂഹൗസർ സ്ട്രീറ്റ് ഒരു പക്ഷേ ജർമ്മനിയെ മുഴുവൻ പരിചയപ്പെടുത്തില്ലായിരിക്കാം, എന്നാൽ ഒരു തെരുവിലൂടെ നടന്നാൽ, ആ രാജ്യത്തിന്റെ ഹൃദയമിടിപ്പിന്റെ ഒരു ചെറിയ ശതമാനമെങ്കിലും അറിയാനാവുമെന്ന എന്റെ വാദം ബലപ്പെട്ടു.

sreedevi vadakkedathu ,memories

ഇന്‍സ്ബ്രൂക്ക് , ഓസ്ട്രിയ 

ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്കിലെ പേരറിയാത്തൊരു തെരുവിൽ ഞങ്ങൾ ചുറ്റി നടന്നിരുന്നു. അവിടത്തെ സ്വർണ്ണം പൊതിഞ്ഞ മേൽക്കൂരയുള്ള (Goldenes Dachl) ഒരു കൊട്ടാര സദൃശമായ കെട്ടിടമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അങ്ങോട്ട് നടക്കുന്നതിനിടയിൽ വഴിയോര കഫേകളും, അതിനൊക്കെ മുന്നിലിരുന്നു ചായയും, കാപ്പിയും കുടിച്ച് കൊണ്ടിരുന്ന തദ്ദേശവാസികളും, അവർക്കരികിൽ ശാന്തരായി കിടക്കുന്ന വളർത്തു നായ്ക്കളും ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. പൊതുവെ ആളുകൾക്ക് ശാന്തതയുണ്ടായിരുന്നു. അവരൊക്കെ വർത്തമാനത്തിൽ ജീവിക്കുന്നവരാണെന്ന് എനിക്ക് തോന്നി. ഭൂതകാലം വേട്ടയാടാത്ത, ഭാവിയെ കുറിച്ച് ഉത്കണ്ഠപ്പെടാത്തവർ. മനുഷ്യന്റെ മനസ്സ് വായിക്കാനായെങ്കിൽ എന്നെനിക്ക് കൊതി തോന്നി. അവിടെ നിന്ന്, ആ ശാന്തമനുഷ്യരുടെ മനസ്സിലും ശാന്തതയാണോ എന്ന് പരിശോധിക്കാനൊരു മോഹം തോന്നി. സ്വകാര്യതകളിലേയ്ക്കുള്ള കടന്നുകയറ്റമെന്ന് കേൾക്കുന്നവർക്ക് തോന്നാമെങ്കിലും, സത്യത്തിൽ അങ്ങിനെയൊരാഗ്രഹമെനിക്ക് അപരിചതരെ കാണുമ്പോൾ തോന്നുന്നതാണ്.goldenes dachl innsbruck,sreedevi vadakkedathu

ആ വഴിയോരത്ത്, ദാഹിക്കുന്നവർക്ക് കുടിവെള്ളവുമായൊരു പൈപ്പ് കണ്ടു. കുനിഞ്ഞ് കൈ കൊണ്ട് വേണം ആ വെള്ളം കുടിക്കാൻ. ഏതോ അരുവിയിലെ തെളിനീരിനെ അനുസ്മരിപ്പിക്കുന്ന രുചി. അവിടത്തുകാരിൽ ചിലർ പറഞ്ഞു, യൂറോപ്പിലെ ഏറ്റവും ശുദ്ധമായ ജലം ഇവിടെയാണ് കിട്ടുന്നതെന്ന്, (അതു സത്യമാണോ എന്നിതു വരെ ഞാൻ ഉറപ്പ് വരുത്തിയിട്ടില്ല.) അവിടെയുള്ള ചില ചെറുകടകളിൽ നിന്ന് സോവനീറുകളും കൈക്കലാക്കി, ഒന്നു കൂടി അവിടം ചുറ്റി നടന്ന ശേഷമാണ് ഞങ്ങൾ വണ്ടിയിലേയ്ക്ക് തിരിച്ച് കയറിയത്.

ഇസ്തിക്ക് ലാൽ സ്ട്രീറ്റ്, ഇസ്താംബുൾ, ടർക്കി

തക്സിം സ്ക്വയറിനടുത്തായി ഒന്നര കിലോമീറ്ററിൽ നീണ്ടു കിടക്കുന്ന ഈ തെരുവാണ് ഒരു പക്ഷേ ഞാൻ നടന്ന സർവ്വ തെരുവുകളേക്കാൾ എന്നെ ആകർഷിച്ചത്. തെരുവു തുടങ്ങുന്നിടത്ത് കണ്ട ഒരു കൊച്ച് ഹോട്ടലിൽ നിന്ന് താമിയ കൊണ്ടുള്ള സാൻഡ്‌വിച്ച് കഴിച്ചാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. ഒരു തെരുവിലും, ഇത്ര ജനങ്ങൾ ഒരുമിച്ച് നടക്കുന്നത് ഞാൻ മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. അയ്യോ എന്നൊരു ശബ്ദമാണ് ആ കാഴ്ചയിലെനിക്ക് ആദ്യമുണ്ടായത്. അവിശ്വസനീയമെന്ന് പറഞ്ഞു കൊണ്ട് നടത്താമാരംഭിച്ചു. വഴിയുടെ വശങ്ങളിൽ കുഴൽ​ ഊത്തുകാർ മുന്നിലൊരു തുണി വിരിച്ചിട്ട് ഉപകരണങ്ങൾ വായിക്കുന്നുണ്ട്. യൂറോപ്യൻ തെരുവുകളിൽ ഇങ്ങിനെ നിൽക്കുന്നവരെ പിച്ചയ്ക്ക് നിൽക്കുന്നവരെന്ന തമാശയിലൊതുക്കാനൊന്നും അവിടത്തുകാർ ശ്രമിക്കാറില്ല എന്നെനിക്ക് മനസ്സിലായി. താല്പര്യമുള്ളവരൊക്കെ കാശെടുത്ത് അവർക്ക് മുന്നിലിട്ട് പോകുന്നതു കണ്ടപ്പോൾ, കയ്യിൽ തടഞ്ഞൊരു കോയിനുമായി ഞാനും മുന്നോട്ട് നീങ്ങി. സ്വെറ്ററുകൾ, ഷൂക്കടകൾ, ഒരു വിധം ബ്രാൻഡുകളൊക്കെ കിട്ടുന്ന കടകളൊക്കെ വഴിയുടെ വശങ്ങളിൽ കാണുന്നുണ്ടായിരുന്നു. ഇടയിൽ ചില കെട്ടിടങ്ങൾ സിനിമാ കൊട്ടകകളാണെന്നും, ചിലതിൽ ആൾത്താമസമുണ്ടെന്നുമൊക്കെ ഞങ്ങൾ കേട്ടിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഞങ്ങൾക്കതൊന്നും വേർതിരിച്ച് മനസ്സിലാക്കാനാവുന്നുണ്ടായിരുന്നില്ല. വഴിയോരങ്ങളിലൊക്കെ നാട്ടിലെ തട്ടുകട പോലെയോ, കപ്പലണ്ടി വണ്ടിക്കാരെ പോലെയോ തള്ളുവണ്ടികളിൽ ചെസ്റ്റ്നട്ടുകൾ വിൽക്കുന്ന ആളുകളെ കാണുന്നുണ്ടായിരുന്നു. വല്ലാത്തൊരു കൊതിപ്പിക്കുന്ന മണമാണ് ചുട്ടെടുക്കുന്ന ചെസ്റ്റ്നട്ടുകൾക്ക്. ഞങ്ങൾ ഒരു തള്ളുവണ്ടിക്ക് മുന്നിൽ നിന്ന് മൂന്ന് കവർ ചെസ്റ്റ്നട്ടുകളാവശ്യപ്പെട്ടു. ഞങ്ങൾക്കുള്ള ചെസ്റ്റ്നട്ടുകൾ ചുടുന്നതിനിടയിൽ അയാൾ ഞങ്ങളോട് ചോദിച്ചു ഇന്ത്യ, പാകിസ്ഥാൻ? ഇന്ത്യൻസാണെന്ന് പറഞ്ഞതും അയാൾ പറഞ്ഞു ഷാറൂഖ് ഖാൻ എന്ന്. ബോളിവുഡ് സിനിമകൾ തുർക്കികളും കാണുന്നോ എന്ന് ഞങ്ങളമ്പരന്നു. അയാൾക്കാവട്ടെ ഇംഗ്ലീഷ് അത്ര വശമില്ലാത്തതു കൊണ്ട് കൂടുതലൊന്നും ചോദിച്ച് മനസ്സിലാക്കാനും സാധിച്ചില്ല. ചിരിച്ച് കൈവീശി നീങ്ങുന്നതിനു മുൻപേ അയാൾക്കൊപ്പമൊരു ഫോട്ടോ എടുത്തിരുന്നു.

sreedevi vadakkedathu ,memories

നാടൻ നൃത്തമവതരിപ്പിച്ച് കൊണ്ടിരുന്ന യുവതിക്കടുത്തേക്ക് ചെന്നപ്പോൾ അവർക്കൊപ്പം രണ്ടു ചുവടു വയ്ക്കാനവർ ഞങ്ങളെ നിർബന്ധിച്ചു. ഒരിക്കലുമിനി കാണില്ലെന്നുറപ്പുള്ള കുറേ മനുഷ്യരുടെ ഇടയിലായത് കൊണ്ടായിരിക്കണം, സാധാരണ നൃത്തചുവടു വയ്ക്കാമൊ എന്നാരെങ്കിലും ചോദിച്ചാലറച്ച് നിൽക്കാറുള്ള ഞാൻ മടിയില്ലാതെ ചുവടു വച്ചത്.

ആ തെരുവിലെ ആഭരണക്കടകളിൽ നിരന്നിരിക്കുന്ന വെള്ളിമോതിരങ്ങളിൽ ചിലത്, കൊച്ചു ശില്പങ്ങൾ, വെളുത്ത കുപ്പായമിട്ട്, ചുവന്ന തൊപ്പി വച്ച് നൃത്തചുവടു വയ്ക്കുന്ന സൂഫി നൃത്തക്കാരൻ അങ്ങിനെ പലതും, തെരുവോർമ്മയ്ക്കായി ഞങ്ങൾ വാങ്ങുകയും ചെയ്തു. തെരുവിനൊരറ്റത്ത് പൊലീസുകാർ ക്യാമ്പ് ചെയ്തിരുന്നു. ആയിടെ ഉണ്ടായ ചില അഭ്യന്തര പ്രശ്നങ്ങൾ കാരണമായിരിക്കുമെന്ന് ഞങ്ങളൂഹിച്ചു. തിരിച്ച് നടക്കുമ്പോൾ എനിക്കൊരിക്കൽ കൂടി ആ തെരുവിലൂടെ റോന്ത് ചുറ്റാനുള്ള കൊതിയുണ്ടായിരുന്നു.

sreedevi vadakkedathu ,memories

മരിച്ചുപോയ മനുഷ്യരെ പോലെ തന്നെ എന്നെ ശല്യം ചെയ്യുന്ന ചിലരുണ്ട്. ഇസ്താംബുൾ തെരുവിലെ ചെറിയ കടകൾക്കുള്ളിൽ പോലും ഞാൻ തിരഞ്ഞത് ഓർഹാൻ പാമുക്കിനെ ആയിരുന്നു. എന്റെ നടത്തത്തിനിടയിൽ പെട്ടെന്ന് എന്റെ മുന്നിലൊരത്ഭുതം പോലെ പാമുക്ക് പ്രത്യക്ഷപ്പെടുന്നത് ഞാൻ സങ്കൽപ്പിച്ചു. പാമുക്കിനെ കാണുന്ന ആ നിമിഷത്തിൽ ഞാനെന്തു ചെയ്യണമെന്ന് പലകുറി ഞാൻ കൂട്ടിക്കിഴിച്ചു. ചില നേരങ്ങളിലൊക്കെ ഞാൻ വെറുതെ സങ്കൽപ്പിക്കുകയാണെന്ന് മറന്ന് ശരിക്കും പാമുക്കിനെ തിരയും. എന്നിട്ട് ഞങ്ങളെടുക്കുന്ന സെൽഫിയെങ്ങിനെയിരിക്കുമെന്നോർത്ത് ചിരിക്കും.

ഇതു പോലെയാണ് സ്വപ്നജീവിയായി ഒരു തെരുവിൽ നടക്കുമ്പോഴത്തെ അനുഭവം. കാണാൻ ആഗ്രഹിക്കുന്നവരൊക്കെ ഇതു പോലെ മുന്നിലെത്തി എന്നു തന്നെ തോന്നി പോവും.അവരെ കാണുമ്പോഴങ്ങിനെ പ്രതികരിക്കണമെന്ന് പരിശീലിക്കും. ഞാൻ പറഞ്ഞല്ലോ എന്നെ സംബന്ധിച്ചിടത്തോളം ഓരോ തെരുവുകളും അസാമാന്യമായ ഊർജ്ജമുല്പാദിപ്പിക്കുന്ന ഇടങ്ങളാണ്. ചിന്തകൾക്ക് തെളിച്ചവും, പുതിയ മാനങ്ങളുമുണ്ടാകുന്നത് ഇതു പോലെയുള്ള സഞ്ചാരങ്ങളിലൂടെയാണ്.

If you are seeking creative ideas, go out walking. Angels whisper to a man when he goes for a walk – Raymond Inmon.
മനുഷ്യനെപ്പോഴും കൗതുകമുള്ളിലൊളൊപ്പിച്ച് കൊണ്ട് നടക്കുന്നവനാണ്. കാണുന്നതിനൊക്കെ അവന്റേതായൊരു വീക്ഷണമുണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത് പോലും, ഈ കൗതുകചിന്തയുള്ളത് കൊണ്ടാണെന്നാണെന്റെ തോന്നൽ. നടക്കുമ്പോഴും, ഒരു കാഴ്ച കാണുമ്പോഴും, അവൻ തന്റെതായൊരു കാഴ്ചപ്പാട് രൂപീകരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നടപ്പാതകളിൽ, വീഥികളിൽ മനുഷ്യർക്കിടയിലൂടെ നടക്കുമ്പോൾ കണ്മുന്നിൽ കൗതുകങ്ങൾക്കപ്പുറം ജീവിതം തെളിഞ്ഞു വരുന്നു, അതിനിടയിലൊക്കെ നമ്മൾ നമ്മളെ തന്നെ കാണുന്നു.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Street life thrissur mattancherry manama munich innsbruck istanbul orhan pamuk

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com