കരാഞ്ചിറയിലെ വല്ല്യച്ചന്‍ എന്നൊരാളെക്കുറിച്ച് എഴുതണമെന്ന് കുറേക്കാലമായി വിചാരിച്ചിരുന്നു. അങ്ങനെയൊരാളുണ്ടോ? ഓര്‍മ്മയില്‍ ഇല്ല. പക്ഷേ, ആ വിളിയുടെ കൗതുകം കൊണ്ടോ മറ്റോ ആ പേര് ഇടയ്ക്കിടെ മനസ്സില്‍ വരുമായിരുന്നു. കരാഞ്ചിറ എന്നൊരു നാട് ശരിക്കും ഉള്ളതാണ്. പക്ഷേ, എഴുതാന്‍ പോകുന്ന കഥയിലെ വല്ല്യച്ചന്‍ ഈ പറയുന്ന കരാഞ്ചിറയിലെ ആളല്ല. ജനിച്ചുവളര്‍ന്ന പരിസരങ്ങളിലെ ഏതോ കാരണവരുടെ ഛായയാവണം അദ്ദേഹത്തിന്. നല്ല ഉയരവും അതിനൊത്ത ശരീരവും. ഭൂമിയില്‍ പണിയെടുത്തതിന്റെ അടയാളമായി തഴമ്പു പടര്‍ന്ന കൈകള്‍, ഉറച്ച പേശികള്‍. എന്നാലും കുട്ടികളോടും മൃഗങ്ങളോടും പക്ഷികളോടു പോലും ചങ്ങാത്തം. പലപല മനുഷ്യരില്‍ നിന്നും അബോധമനസ്സ് കുഴച്ചെടുത്തതാവണം കരാഞ്ചിറയിലെ വല്ല്യച്ചനെയും; ഏതു കഥാപാത്രത്തെയുമെന്നതു പോലെ.

e santhosh kumar, malayalam writer, short story

ചെകുത്താന്‍ എന്ന പേരില്‍ വിളിക്കാവുന്ന തത്തയുടെ കാര്യവും അങ്ങനെത്തന്നെയാണ്. ദൈവചിത്രങ്ങള്‍ കൊത്തിയെടുത്ത് മനുഷ്യരുടെ ഭാവി നിര്‍ണയിക്കാന്‍ കെല്പുള്ള അനേകം തത്തകള്‍ ഞങ്ങളുടെ കുട്ടിക്കാലത്തുണ്ടായിരുന്നു. അഴിയിട്ട കൂട്ടിലിരുന്നു കൊണ്ട് പ്രവാചകനായ തത്ത പുറത്തു നിരത്തിയിട്ടിരിക്കുന്ന ചീട്ടുകളേയും സ്വന്തം ഭാവിയിലുള്ള ഉല്‍ക്കണ്ഠയുമായി നിൽക്കുന്ന മനുഷ്യരേയും മാറിമാറി നോക്കും. സത്യം പറയുന്നതു കൊണ്ടാവണം അതിനെ ചെകുത്താന്‍ എന്ന പേരില്‍ വിളിച്ചത്. നേരു പറയുന്നവരെ ചെകുത്താന്‍ എന്നല്ലാതെ മറ്റെന്തു വിളിക്കും അല്ലേ?

മൂന്നു കുന്നുകള്‍ക്കു താഴെയായിരുന്നു എന്റെ നാട്. ഇപ്പോഴും ആ കുന്നുകള്‍ അങ്ങനെത്തന്നെയുണ്ട്, പക്ഷേ നമുക്കു പ്രായമാകുന്നതു കൊണ്ടാവണം അവയുടെ ഉയരം വല്ലാതെ കുറഞ്ഞിരിക്കുന്നു. മുമ്പ്, വീടിനു തൊട്ടുമുന്നിലൂടെ പാലക്കാട്ടേക്കുള്ള റോഡുണ്ടായിരുന്നു. അതിനു സമാന്തരമായി പില്‍ക്കാലത്ത് ദേശീയപാത വന്നപ്പോള്‍ പഴയ റോഡിലൂടെയുള്ള വാഹനസഞ്ചാരം കുറഞ്ഞു. എന്നാലും ഇരുറോഡുകളും തമ്മില്‍ വയലുകളുടെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നിന്നു നോക്കിയാല്‍ ദേശീയപാതയിലൂടെ കടന്നുപോകുന്ന വണ്ടികള്‍ അപ്പോഴും കാണാം. മഴക്കാലത്ത് വയലുകളിലെ വെള്ളം വരമ്പുകള്‍ മായ്ച്ച് കവിഞ്ഞു കിടക്കും. നിറഞ്ഞുകിടക്കുന്ന പുഴ പോലെ തോന്നിക്കും. മഴക്കാലരാത്രികളില്‍ കടന്നുപോകുന്ന വാഹനങ്ങളെ നോക്കിനിൽക്കുക കൗതുകകരമായിരുന്നു. വാഹനങ്ങളിലെ ശിരോവിളക്കുകളുടെ വെളിച്ചം വെള്ളം നിറഞ്ഞുനിൽക്കുന്ന വയലുകളിലൂടെ അവയ്‌ക്കൊപ്പം ഒട്ടുദൂരം സഞ്ചരിച്ചു. അപ്പോള്‍ വയല്‍ പാതയുടെ കണ്ണാടിയായി മാറും സ്വപ്‌നത്തിലെന്നതു പോലെ മായികമാണ് ആ കാഴ്ചകളെല്ലാം.

ഇപ്പോള്‍ വല്ലപ്പോഴും മാത്രം വരുന്ന, വിരുന്നുകാരായി മാറിയ ഞങ്ങളെ നോക്കി അകലെ നിന്നുതന്നെ ആ പഴയ കുന്നുകള്‍ പരിചയം കാണിക്കും. വേനല്‍ക്കാലം അവയെയാണ് കൂടുതല്‍ ബാധിക്കുന്നത്. ആറ്റൂരിന്റെ കവിതയെ ഓര്‍ത്താല്‍ ‘വയസ്സായി ദണ്ണം പിടിച്ചു മുടിപറ്റെ വെട്ടിയ മുത്തശ്ശിമാരായി’ അവ എളുപ്പം മാറിത്തീരും. മഴ കഴിയുമ്പോള്‍ പക്ഷേ, കുന്നുകളില്‍ പച്ച തഴയ്ക്കും. പായലുകള്‍ പാറകളെ പച്ചകൊണ്ടു മൂടും. എന്നാല്‍ വയലുകള്‍ മിക്കവാറും മാഞ്ഞുപോയിരിക്കുന്നു. ആകാശത്തേക്കു കൈകൂപ്പി നില്ക്കുന്ന കൂറ്റന്‍ വൈദ്യുത ടവറുകളും അവയ്ക്കു താഴെ പില്‍ക്കാലത്തുവന്ന വീടുകളും ദൂരയാത്രക്കാരായ വാഹനങ്ങളെ കാഴ്ചയില്‍ നിന്നും മറച്ചു. എന്നാലും അവയുടെ ഇരമ്പങ്ങള്‍ ഇപ്പോഴുമുണ്ട്. കുട്ടിക്കാലത്തിന്റെ മുഴക്കങ്ങള്‍ എളുപ്പം നിലയ്ക്കുകയില്ലല്ലോ.

e santhosh kumar, story, vishnu ram

ദേശീയപാത വന്നപ്പോള്‍ തിരക്കു കുറഞ്ഞ പഴയ ടാര്‍ റോഡിലൂടെ ഇടതടവില്ലാതെ ആളുകള്‍ നടന്നുപോയ്‌ക്കൊണ്ടിരുന്നു. വീടുകളെല്ലാം പഴയ റോഡിന്റെ അടുത്തായിരുന്നതു കൊണ്ടാവാം. എന്തെല്ലാം തരത്തിലുള്ള മനുഷ്യര്‍! പാമ്പുകളെ കൂടയിലാക്കി കൊണ്ടുനടക്കുന്നവര്‍, തത്തകളെക്കൊണ്ടു ചീട്ടെടുപ്പിച്ചു ഭാവി പറയിക്കുന്നവര്‍, തെരുവിനെ കൂടാരമാക്കി അഭ്യാസം ചെയ്യുന്ന സര്‍ക്കസ്സുകാര്‍. വലിയ ഭാണ്ഡങ്ങളില്‍ നാനാതരം ലോകങ്ങള്‍ നിറച്ചുകൊണ്ടുവന്നിരുന്ന വഴിവാണിഭക്കാര്‍: അവരില്‍ത്തന്നെ വൈവിധ്യമുണ്ട്. സോപ്പ് ചീപ്പു കണ്ണാടി മുതല്‍ മണ്‍കലങ്ങള്‍, അലുമിനിയം പാത്രങ്ങള്‍, ഏതെടുത്താലും രണ്ടുരൂപാ മാത്രമുള്ള ഉടുപ്പുകള്‍, പെട്ടിമരുന്നുകളും ഒറ്റമൂലികളും, വിഷചികിത്സക്കാര്‍, വിവാഹദല്ലാളുമാര്‍, സൈക്കിളില്‍ വരുന്ന ഐസ്‌ക്രീം കച്ചവടക്കാര്‍: തിരിഞ്ഞുനോക്കുമ്പോള്‍ ഓരോ നാട്ടിന്‍പുറവും ഒരു മാക്കൊണ്ട പോലെ തോന്നിക്കുമല്ലോ.

Read More: ആദിമൂലം കഥ ഇവിടെവായിക്കാം ആദിമൂലം-ഇ. സന്തോഷ്‌കുമാറിന്റെ കഥ

അങ്ങനെയൊരു ഒരു വൈകുന്നേരത്താണ് ആ ചെറുപ്പക്കാരന്‍ വന്നത്. ഞാനന്ന് അഞ്ചിലോ ആറിലോ പഠിക്കുകയാണെന്നാണ് ഓര്‍മ്മ. അയാള്‍ കിഴക്കോട്ടു നടന്നു പോവുകയായിരുന്നു. ഒട്ടൊക്കെ മുഷിഞ്ഞ വേഷം, ക്ഷീണിച്ച ദേഹം. അത്തരം അനേകം ചെറുപ്പക്കാര്‍ ആ വഴി കടന്നുപോകാറുള്ളതുകൊണ്ട് വലിയ കൗതുകമൊന്നും തോന്നുമായിരുന്നില്ല. പക്ഷേ, അയാളുടെ കൈയ്യില്‍ പുതിയൊരു തുകല്‍ബാഗുണ്ടായിരുന്നു. ജീവന്റെ അവസാനത്തെ തുമ്പെന്നതുപോലെ അയാളതു ശരീരത്തോടു ചേര്‍ത്തു മുറുക്കെപ്പിടിച്ചിരുന്നു. അതായിരുന്നു വ്യത്യാസം. അത്തരമൊരു പുതുപുത്തന്‍ ബാഗ് കൈയ്യില്‍ വരാന്‍ മാത്രമുള്ള എടുപ്പ് അയാള്‍ക്കുണ്ടായിരുന്നില്ല.

ഞങ്ങളെ കടന്നു കുറച്ചുദൂരം ചെന്ന ശേഷം അയാള്‍ തിരിച്ചുവന്നു. വഴി ചോദിക്കാനോ മറ്റോ ആവും എന്നു ഞങ്ങള്‍ വിചാരിച്ചു. എല്ലാവരും അയാളെത്തന്നെ നോക്കിക്കൊണ്ടു നിൽക്കുകയായിരുന്നു. എന്തോ സംശയിച്ചിട്ടെന്നതുപോലെ ഒരു നിമിഷം അയാള്‍ നിന്നു. പിന്നെ തന്റെ കൈവശമുള്ള ബാഗ് ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അമ്മയോട് ചോദിച്ചു: ഈ ബാഗ് വില്‍ക്കാനുണ്ട്. പുതിയതാണ്, ഉപയോഗിച്ചിട്ടു തന്നെയില്ല. രണ്ടുദിവസം മുമ്പാണ് വാങ്ങിയത്. വേണോ?

ഞങ്ങള്‍ക്കെന്തിനാണ് ഈ ബാഗ്? വേണ്ടെന്ന രീതിയില്‍ തലയാട്ടിക്കാണിച്ചപ്പോള്‍ അയാള്‍ വീണ്ടും പറഞ്ഞു: പത്തുരൂപയ്ക്കു വാങ്ങിയതാണ്. നിങ്ങള്‍ അഞ്ചുരൂപാ തന്നാല്‍ മതി. അക്കാലത്ത് അതും ഒരു ഭേദപ്പെട്ട തുക തന്നെയാണ്.

അഞ്ചു രൂപയ്ക്കാണെങ്കിലും വേണ്ട. ഒന്നാമത് അത്തരമൊരു ബാഗു കിട്ടിയിട്ട് ഒരു കാര്യവുമില്ല. പിന്നെ അങ്ങനെ കാശൊന്നും നീക്കിയിരിപ്പായി വീട്ടമ്മമാരുടെ കൈയ്യില്‍ കാണുക പ്രയാസം.

അപ്പോള്‍ മടിച്ചുമടിച്ച് അയാള്‍ ചോദിച്ചു: കുറച്ചു വല്ലതും കഴിക്കാനുണ്ടാവുമോ, ഇവിടെ? വിശന്നിട്ടു വയ്യ. രണ്ടുദിവസമായി വല്ലതും കഴിച്ചിട്ട്.

ഉച്ചഭക്ഷണം കഴിഞ്ഞ് ബാക്കിയുള്ള ചോറ് വെള്ളമൊഴിച്ചു സൂക്ഷിക്കുകയാണ് അന്നത്തെ പതിവ്. അപരിചിതനായ ഒരാള്‍ക്കു കൊടുക്കാന്‍ അതു മതിയാവുമോ? അതു മതി എന്ന് അയാള്‍ പറഞ്ഞു. പിന്നെ ഞങ്ങളുടെ വീടിന്റെ ഉമ്മറത്തേക്കു കയറിവന്നു. കുറച്ചു വായ്‌വട്ടമുള്ള ഭക്ഷണപ്പാത്രം കൈയ്യിലെടുത്തുകൊണ്ട്, കണ്ണടച്ച് അയാള്‍ ഒറ്റവലിക്ക് അതിലുള്ളതു മുഴുവന്‍ കഴിച്ചു. പാത്രം ശൂന്യമായി. ഒരു മനുഷ്യന്‍ ആഹാരം കഴിക്കുന്നത് ആദ്യമായി കാണുന്നതുപോലെ ഞങ്ങള്‍ കുട്ടികള്‍ അതു നോക്കിനിന്നു. മഴയുടെ അവസാനത്തെ തുള്ളിയേയും ഒപ്പിയെടുക്കുന്ന വരണ്ടുണങ്ങിയ ഭൂമിയെപ്പോലെയുണ്ടായിരുന്നു അയാളപ്പോള്‍. വിശപ്പടങ്ങിയ ശേഷം ഒട്ടൊരു ലജ്ജാഭാവത്തോടെ ചുറ്റുമുള്ളവരെ നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു: നാടുവിട്ടുപോന്നതാ. കുറച്ചു പൈസയുണ്ടായിരുന്നു. എല്ലാം തീര്‍ന്നു. തിരിച്ചുപോകാന്‍ പൈസയില്ല. അതാ ബാഗു വേണോ എന്നു ചോദിച്ചത്.

ശരിക്കും ‘ജാഡ’കാണിക്കേണ്ട ഔപചാരികമായ ചില ഘട്ടങ്ങളില്‍ വലിയ ഭക്ഷണശാലകളില്‍ വച്ച് പൊതുവേയുള്ള മറവി കാരണം തീന്‍മേശയില്‍ മാന്യന്മാര്‍ കാണിക്കേണ്ടുന്ന ചിട്ടവട്ടങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ കൂട്ടുകാരോ വീട്ടുകാരോ ശകാരിക്കും: കുറേക്കൂടി മാന്യമായി വേണം ആഹാരം കഴിക്കാന്‍, ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കും. അപ്പോഴൊക്കെ ആ മനുഷ്യന്‍ ആഹാരം കഴിച്ച വിധം എനിക്കോര്‍മ്മ വരും. അല്ലെങ്കില്‍ത്തന്നെ ഒരാള്‍ ഭക്ഷണം കഴിക്കേണ്ടത് ഏതുവിധത്തിലായിരിക്കണം? ശരിയായ വിശപ്പില്ലാത്തതുകൊണ്ടാവണം മനുഷ്യര്‍ ഇത്രയും സന്നാഹങ്ങളോടു കൂടെ, ഏതോ വലിയ ശസ്ത്രക്രിയ ചെയ്യുന്നതുപോലെ സൂക്ഷിച്ച്, പരിസരങ്ങളെയും അയല്‍വാസികളെയുമൊക്കെ പരിഗണിച്ച് ആഹാരം കഴിക്കുന്നത്.

‘ആദിമൂലം’ എന്ന കഥയിലെ കുറവന്‍ നേരത്തേ സൂചിപ്പിച്ച വഴിയാത്രക്കാരനില്‍ നിന്നാണ് രൂപപ്പെടുന്നത്. അയാളും തത്തയും കൂടി ഒരു വൈകുന്നേരം കരാഞ്ചിറയിലെ വല്ല്യച്ചന്റെ വീട്ടിലേക്കു വരുന്നതും, ദയാലുവായ വല്ല്യച്ചന്‍ നല്കിയ വിരുന്നിന്നൊടുവില്‍ ഒരിക്കലും അടങ്ങാതിരുന്ന വിശപ്പിനോടൊപ്പം തന്റെ ജീവന്‍ തന്നെ ഒടുങ്ങുന്നതും കുട്ടിക്കാലത്തിന്റെ ഓര്‍മ്മയുടെ വികാസമാണ്. മരിക്കുമ്പോഴും ഒരു നേര്‍ത്ത പുഞ്ചിരി അയാളുടെ ചുണ്ടുകളില്‍ ഉണ്ടായിരുന്നു. മരണത്തോടെ അയാള്‍ക്കുള്ളിലുണ്ടായിരുന്ന ആദിമമായ വിശപ്പ് അവസാനിച്ചു; പിന്നെ ഏതോ ഒരു വലിയ നിറവിന്റെ പുഞ്ചിരിയായിരുന്നു അയാളുടെ മുഖത്തു ശേഷിച്ചിരുന്നത്. മുമ്പു സൂചിപ്പിച്ചതു പോലെ വല്ല്യച്ചന്‍ കഠിനാദ്ധ്വാനിയും കരുണാമയനുമായ ഒരു പിതൃബിംബമാണ്. വരണ്ടു പാഴായിക്കിടന്ന ഒരു ഭൂപ്രദേശത്തെ അയാള്‍ തന്റെ ചോരയും നീരും കൊണ്ടു നനച്ചു, പച്ചപ്പിലേക്കു നയിച്ചു. ആത്മകഥ എഴുതുകയാണെങ്കില്‍, തഴച്ചുവളര്‍ന്ന ഓരോ മരവും ആ കഥയിലെ വരികളോ വാക്കുകളോ ആകുമായിരുന്നു. പക്ഷേ, സാധാരണമനുഷ്യര്‍ വലിയ തീന്‍മേശകളിലെ ഉപചാരക്രമങ്ങള്‍ക്കു നേരെ കാണിക്കുന്നതു പോലെ ലോകത്തോടു തന്നെ ഒരു തരം നിസ്സംഗത പുലര്‍ത്തുന്നതു കൊണ്ട് സ്വന്തം ജീവിതത്തെ പ്രകടനപ്പത്രികയാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

ഇങ്ങനെ കഥയെക്കുറിച്ച് വിശദീകരിക്കുന്നത് എളുപ്പമല്ല. ഒട്ടനേകം സൂക്ഷ്മാനുഭവങ്ങളുടെ ആകത്തുകയാണ് ഓരോ കഥയും. അവയെ പകര്‍ത്തുന്നതിന്റെ രീതികള്‍ മാത്രമാണ് മാറിവരുന്നത്.

ആദിമൂലം ഒരു മടക്കത്തിന്റെ കഥയാണെന്നും ഞാന്‍ വിചാരിക്കുന്നു. കഥയിലെ കുഞ്ഞന്‍ എന്ന ഊമ വല്ല്യച്ചന്റെ ഭൗതികാവശിഷ്ടവുമായി ഉളളാട്ടുകാല എന്ന വനപ്രദേശത്തേക്കു മടങ്ങിപ്പോകുന്നതിന്റെ വിവരണമാണ് അത്, പ്രത്യക്ഷത്തില്‍. അയാളുടെ നിശ്ശബ്ദമായ ഓര്‍മ്മകളിലൂടെയാണ് കരാഞ്ചിറയിലെ വല്ല്യച്ചനും അദ്ദേഹത്തിന്റെ മുടിയന്മാരായ മക്കളും അപ്പ എന്ന വള വിൽപ്പനക്കാരിയായ ചെട്ടിച്ചിയും പ്രവാചകനായ തത്തയും കുറവനുമൊക്കെ കഥയിലെത്തുന്നത്. പറയുന്ന കാലത്തില്‍ നിന്നും മുന്നോട്ടും പിന്നോട്ടും ഇടയ്ക്കിടെ മാറിമാറി സഞ്ചരിക്കേണ്ടുന്ന രീതിയായതു കൊണ്ട് അതിന്റെ എഴുത്ത് വളരെ പ്രയാസമുള്ള ഒന്നായിരുന്നു. 2016 ലെ മനോരമ ഓണപ്പതിപ്പിലേക്കു വേണ്ടി എഴുതിയതാണ്. കൊടുക്കാനുള്ള അവസാനത്തെ തിയ്യതിക്കും ശേഷം വളരെ ബുദ്ധിമുട്ടിയാണ് അതു പൂര്‍ത്തിയാക്കിയത്.

രചനയ്ക്കു ശേഷം ഏറെക്കുറെ തൃപ്തി തോന്നിയ കഥകളിലൊന്നാണ് ‘ആദിമൂലം’. അതേ സമയം അതൊരു ‘ജനസമ്മതിയുള്ള’ കഥയാവാന്‍ ഒരു വഴിയുമില്ല എന്നുള്ളത് തീര്‍ച്ചയാണ്. എന്റെ എഴുത്തിനോട് എന്നോടെന്നതു പോലെത്തന്നെ അടുപ്പമുള്ള ചില വായനക്കാരെ മാത്രമാണ് ഒരുപക്ഷേ, അതു സംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും തോന്നിയിട്ടുണ്ട്. പക്ഷേ, ഈ ന്യൂനപക്ഷം എനിക്കു വളരെ പ്രധാനമാണ്. അവരുടെ ഉറപ്പുകളാണ് പലപ്പോഴും എഴുത്തില്‍ എന്നെ മുന്നോട്ടുകൊണ്ടുപോവുന്നത്. വറുതിയുടെ വേനലില്‍ വിശന്നു പൊരിഞ്ഞ് ചെല്ലുമ്പോള്‍, ജീവിതത്തില്‍ നിന്നും മിച്ചം പിടിച്ച കുറച്ചു ഭക്ഷണം അവര്‍ എനിക്കായി കരുതിവച്ചിട്ടുണ്ടാവുമല്ലോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook