scorecardresearch

SSLC Exam Results 2025: പത്തൊക്കെ എന്ത്‌! പത്തിലേക്കുളള എന്‍ട്രിയായിരുന്നു സാറേ വല്യ പരീക്ഷ

Kerala SSLC Results 2025-mary Samual Memories, SSLC Exam, SSLC Exam Results 2025: "ഒരു കുട്ടിയുടെ ജീവിതത്തില്‍ സ്‌കൂള്‍ അന്തരീക്ഷം ഉണ്ടാക്കുന്ന സ്വാധീനം എത്രവലുതാണെന്നും അതില്ലാതാവുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയും ആത്മവിശ്വാസക്കുറവും അരക്ഷിതത്വബോധവുമൊക്കെ സൃഷ്ടിക്കുന്ന പരീക്ഷകള്‍ എത്ര കടുത്തതാണെന്നും പില്‍ക്കാലത്ത്‌ ജീവിതം കൊണ്ടനുഭവിച്ചു" മേരി സാമുവൽ എഴുതുന്നു

Kerala SSLC Results 2025-mary Samual Memories, SSLC Exam, SSLC Exam Results 2025: "ഒരു കുട്ടിയുടെ ജീവിതത്തില്‍ സ്‌കൂള്‍ അന്തരീക്ഷം ഉണ്ടാക്കുന്ന സ്വാധീനം എത്രവലുതാണെന്നും അതില്ലാതാവുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയും ആത്മവിശ്വാസക്കുറവും അരക്ഷിതത്വബോധവുമൊക്കെ സൃഷ്ടിക്കുന്ന പരീക്ഷകള്‍ എത്ര കടുത്തതാണെന്നും പില്‍ക്കാലത്ത്‌ ജീവിതം കൊണ്ടനുഭവിച്ചു" മേരി സാമുവൽ എഴുതുന്നു

author-image
Mary Samual
New Update
mary samuel, memories, iemalayalam

ചിത്രീകരണം : വിഷ്ണു റാം

Kerala SSLC Result 2025: ഓരോ എസ്‌ എസ്‌ എല്‍ സി പരീക്ഷക്കാലം കടന്നുവരുമ്പോഴും കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും യുദ്ധസമാനമായ ഒരുക്കങ്ങളും തുടര്‍ന്നുളള ആകാംക്ഷാനിര്‍ഭരമായ കാത്തിരിപ്പും കാണുമ്പോഴും എന്റെ ആദ്യത്തെ പൊതുപരീക്ഷക്കാലം ഓര്‍മ്മവരും. പത്ത്‌ കടക്കുക എന്നതിനേക്കാള്‍ പത്തിലെത്തിച്ചേരാന്‍ നടത്തിയ യുദ്ധത്തോളം പിന്നീടെഴുതിയ ഒരു പരീക്ഷയും കടുപ്പമായിരുന്നിട്ടില്ല.

Advertisment

അമ്മ പള്ളിവക ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളിലെ ടീച്ചറായിരുന്നതു കൊണ്ട്‌ രണ്ടരവസയുളളപ്പോഴേ പള്ളിക്കൂടത്തിനകത്തു കയറാന്‍ ഭാഗ്യം ലഭിച്ചവളാണ്‌ ഞാന്‍. അങ്ങനെ ഒന്നരക്കൊല്ലം എല്‍കെജിയും ബാക്കി യഥാവിധി യുകെജിയും ഒന്നും രണ്ടും മൂന്നും പഠിച്ചുവന്നപ്പോഴാണ്‌ നഷ്ടക്കച്ചോടമാണെന്ന തിരിച്ചറിവില്‍ പള്ളിക്കാര്‌ സ്‌കൂൾ നിര്‍ത്തിയത്‌.

മാനന്തവാടിയില്‍ അന്നു വിരലിലെണ്ണാന്‍ പോലും സ്‌കൂളുകളില്ല. പിന്നെയാണ്‌ ഇംഗ്ലിഷ്‌ മീഡിയം! സി എസ്‌ ഐ ഇംഗ്ലിഷ്‌ മീഡിയം പൂട്ടിക്കെട്ടിയതോടെ ബാക്കിയായ യാക്കോബായക്കാരുടെ സ്‌കൂളിനാണ്‌ കോളടിച്ചത്‌. യു പി വരെ മാത്രമുളള അവരന്ന്‌ ഹൈസ്‌കൂളിനായി ശ്രമിക്കുന്ന കാലവുമായിരുന്നു. തരക്കേടില്ലാതെ പഠിക്കുമായിരുന്ന എന്നെ തുടര്‍ന്നും ഇംഗ്ലിഷ്‌ മീഡിയത്തില്‍ത്തന്നെ പഠിപ്പിക്കാന്‍ അപ്പനും അമ്മയും തീരുമാനിച്ചിടത്ത്‌ ആരംഭിച്ച ട്വിസ്റ്റ്‌ പിന്നെ ട്വിസ്റ്റോടു ട്വിസ്‌റ്റായി കാര്യങ്ങളൊക്കെ കൈവിട്ടുപോയി.

ടീച്ചറുടെ മകളെന്ന ആനുകൂല്യത്തില്‍ മാസം മുപ്പതുരൂപ ട്യൂഷന്‍ ഫീസ്‌ മാത്രമായിരുന്നു അതുവരെ എന്റെ പഠനച്ചെലവ്‌. പുതിയ സ്‌കൂളില്‍ ചേര്‍ത്തുമ്പോള്‍ ട്യൂഷന്‍ ഫീസ്‌ മാത്രമേ തരൂ എന്ന ഉറപ്പിലായിരുന്നത്രെ എന്നെ ചേര്‍ത്തത്‌. യു പി സ്‌കൂളിനുളള അംഗീകാരവും ഹൈസ്‌കൂളിനുളള അനുമതിക്കുമൊക്കെ പിള്ളേരുടെ തലയെണ്ണല്‍ വലിയൊരു ഘടകമായിരുന്നതുകൊണ്ട്‌ മാനേജരച്ചന്‍ അത്‌ സമ്മതിച്ചു.

Advertisment

ആ കൊല്ലം അങ്ങനെ പോയി. പിന്നീടുളള കൊല്ലങ്ങളില്‍ സ്‌പെഷ്യല്‍ ഫീസ്‌, പുതിയ കെട്ടിടം പണിയുന്നതിന്റെ ഫീസ്‌ എന്നിങ്ങനെ രസീതുകള്‍ ഒന്നൊന്നായി വീട്ടിലേക്കു വന്നതോടെ അപ്പന്‍ കെറുവിച്ചു. അപ്പന്റേം അച്ചന്റേം കെറുവുകളുടെ ബലാബലത്തിനൊടുവില്‍ ആറാം ക്ലാസില്‍ ഞാന്‍ സ്‌കൂളിനു പുറത്തായി. തല്ലിപ്പിണങ്ങിപ്പോന്നതുകൊണ്ട്‌ സാധാരണ സ്‌കൂള്‍ മാറുമ്പോള്‍ കിട്ടുന്ന വിടുതല്‍ സര്‍ട്ടിഫിക്കറ്റുകളൊന്നും എനിക്ക്‌ കിട്ടിയില്ല. വാങ്ങാന്‍ പിന്നങ്ങോട്ട്‌ പോയില്ല എന്നുളളതാണ്‌ വാസ്‌തവം.

mary samuel, memories, iemalayalam

അംഗീകാരമില്ലാത്ത സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ അന്നൊക്കെ നാലാം ക്ലാസ്‌ വരെ മറ്റു സ്‌കൂളുകളില്‍ പ്രവേശനം എളുപ്പമായിരുന്നു. അതുകഴിഞ്ഞാല്‍ പിന്നെ ഒരു ക്ലാസ്‌ താഴ്‌ത്തി, അവരുടെ പ്രവേശനപ്പരീക്ഷ എഴുതി, അങ്ങനെ ചടങ്ങാണ്‌. കാര്യങ്ങളുടെ പോക്കത്ര ശരിയല്ല എന്നുകണ്ട പ്രത്യുൽപ്പന്നമതിയായ അമ്മ എന്നെ മലയാളം മീഡിയത്തില്‍ ചേര്‍ക്കാമെന്നു പറഞ്ഞെങ്കിലും അപ്പന്‍ കൂട്ടാക്കിയില്ല.

കൽപ്പറ്റയില്‍ പരിചയക്കാരുണ്ട്‌, അവിടെ എന്‍എസ്‌എസ്‌ സ്‌കൂളില്‍ ചേര്‍ത്താന്‍ എല്ലാം ശരിയാക്കിയിട്ടുണ്ട്‌, ഒരുവട്ടം കൂടി അഞ്ചാം ക്ലാസ്‌ പരീക്ഷയെഴുതി അടുത്ത അധ്യയന വര്‍ഷത്തില്‍ അവിടെ ചേരാം എന്നപ്പന്‍ ഉറപ്പു പറഞ്ഞു. ഒരു കൊല്ലം വീട്ടിലിരിക്കേണ്ടി വരും. അങ്ങനെ ഒരുവട്ടം കൂടി അഞ്ചാം ക്ലാസ്‌ പാഠപുസ്‌തകങ്ങള്‍ തിരിച്ചും മറിച്ചും പഠിച്ചു വര്‍ഷാവസാന പരീക്ഷ, കൽപ്പറ്റ എന്‍എസ്‌എസ്‌ സ്‌കൂളില്‍ പോയി എഴുതിയെങ്കിലും അപ്പന്റെ കൂട്ടുകാരന്‍ കാലുമാറിയിട്ടോ എന്തുകൊണ്ടോ എനിക്ക്‌ അടുത്ത വര്‍ഷം അവിടെ പ്രവേശനം ലഭിച്ചില്ലെന്നു മാത്രമല്ല, ഒരുകൊല്ലത്തെ അവധിക്കാലം ആറുവര്‍ഷത്തേക്ക്‌ നീളുകയും ചെയ്‌തു.

ഈ ആറ് വർഷക്കാലം ജീവിതത്തിൽ ഇപ്പോഴും എന്നോട് കൂടെ നിഴൽപോലെയുണ്ട്. ഇപ്പോൾ രണ്ട് വർഷം കോവിഡ് കാലത്ത് കുട്ടികൾ കൂട്ടിലടച്ചതുപോലെ ആയപ്പോൾ അവർ അനുഭവിച്ച, ഇനിയുള്ള കാലം ആ കുട്ടികൾ അതിജീവിക്കേണ്ട കടമ്പകളെ കുറിച്ച് എന്നിൽ ആശങ്കകളുയർത്തിയത് ഞാൻ കടന്നുപോയ അനുഭവങ്ങളാണ്.

സ്കൂളിൽ പോകാതെ ഞാൻ കടന്നുപോയ ആ ആറ് വർഷങ്ങൾ. അതിനെ അതിജീവിച്ചു എന്ന് കരുതുമ്പോഴും ഇന്നും ആ കൗമാരക്കാരിയുടെ നിഴൽ എനിക്കൊപ്പം നടക്കുന്നത് ഞാനറിയുന്നുണ്ട്. അന്ന് ഞാനെന്ന ഒറ്റയാളായിരുന്നു അതിനെ അതിജീവിക്കാൻ ശ്രമിച്ചതെങ്കിൽ ഇന്ന് ഒരു തലമുറ തന്നെയാണ് അതുപോലൊരു അതിജീവനത്തിലേക്ക് ഈ അധ്യയന വർഷം മുതൽ നടക്കാനൊരുങ്ങുന്നത്.

സ്‌കൂളില്‍ പോകാതെ വീട്ടിലിരിപ്പ്‌ ആദ്യം രസമായി തോന്നിയെങ്കിലും 9 മുതല്‍ 15 വയസുവരെ ഒരു കുട്ടിയുടെ ജീവിതത്തില്‍ സ്‌കൂള്‍ അന്തരീക്ഷം ഉണ്ടാക്കുന്ന സ്വാധീനം എത്രവലുതാണെന്നും അതില്ലാതാവുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയും ആത്മവിശ്വാസക്കുറവും അരക്ഷിതത്വബോധവു മൊക്കെ സൃഷ്ടിക്കുന്ന പരീക്ഷകള്‍ എത്ര കടുത്തതാണെന്നും പില്‍ക്കാലത്ത്‌ ജീവിതം കൊണ്ടനുഭവിച്ചു.

കൂട്ടുകാര്‍ ഇല്ല. വേറൊന്നും ചെയ്യാനില്ല. പുറത്തിറങ്ങിയാല്‍ ആളുകളുടെ സഹതാപതരംഗം മുക്കിക്കൊല്ലുമെന്നതിനാല്‍ കല്യാണം, പാലുകാച്ച്‌ പോലുളള ആളുകൂടല്‍ ചടങ്ങുകള്‍ വഴിയേ ബഹിഷ്‌ക്കരിച്ചു. ആശ്രയിക്കാനൊരു പുല്‍ക്കൊടിപോലും ഇല്ലാതെ വറ്റിവരണ്ടുപോകുമായിരുന്ന അക്കാലത്തെ വായനയുടെ വഴിലേക്ക്‌ തിരിച്ചുവിട്ടത്‌ അമ്മായിയുടെ സഹപ്രവര്‍ത്തകനും ചേട്ടന്മാരുടെ മലയാളം അധ്യാപകനുമായിരുന്ന പത്മനാഭന്‍ മാഷാണ്‌. മാഷെനിക്ക്‌ ഭാഷയും വ്യാകരണവും പഠിപ്പിച്ചു തന്നു. വായിക്കാന്‍ പുസ്‌തകങ്ങള്‍ തന്നു. എന്നിലേക്കുതന്നെ ഉള്‍വലിഞ്ഞ കാലത്ത് പുറത്തേക്കുള്ള വാതിലായി ആ പുസ്‌തകങ്ങള്‍. ആ "വാതിൽക്കാഴ്ച"യിലൂടെ മാത്രം വര്‍ഷങ്ങള്‍ അഞ്ചാറ്‌ കടന്നുപോയി.

mary samuel, memories, iemalayalam

തിരുവനന്തപുരത്തേക്ക്‌ വിവാഹം കഴിഞ്ഞുപോയ അമ്മായിയുടെ യാദൃശ്ചികമായ വരവാണ്‌ പൊലിഞ്ഞുപോയ സ്‌കൂള്‍പഠനമെന്ന ആശയ്‌ക്കു വീണ്ടും ചിറകുകള്‍ തുന്നിയത്‌. ആവശ്യത്തിലേറെ അഭിമാനം മാത്രം ബാങ്കുബാലന്‍സായി ഉണ്ടായിരുന്ന അപ്പന്‍ എന്റെ പഠനം മുടങ്ങിയതൊന്നും സഹോദരങ്ങളെ അറിയിച്ചിരുന്നില്ല. ഇടയ്‌ക്കിടെയുള്ള വീടുമാറ്റം അന്നത്തെ ഏക ആശയവിനിമയമാര്‍ഗമായിരുന്ന കത്തെഴുത്തിനെയും ബാധിച്ചിരുന്നത്‌ ആരുമൊന്നും അറിഞ്ഞതുമില്ല. അമ്മായി അന്ന്‌ തിരുവനന്തപുരം നെടുമങ്ങാട്‌ ഗവ. ഹൈസ്‌കൂളില്‍ അധ്യാപികയും ഭര്‍ത്താവ്‌ പൊതുമരാമത്ത്‌ വകുപ്പിലെ എഞ്ചിനിയറും ആയിരുന്നു.

വയനാട്ടില്‍ വന്ന്‌ അവര്‍ തിരികെ പോയി ഒരു മാസം കഴിഞ്ഞ്‌ ചേട്ടനെ തിരുവനന്തപുരത്തേക്ക്‌ വിളിപ്പിച്ചു. ദ്വാരക സേക്രഡ്‌ ഹാര്‍ട്ട്‌ സ്‌കൂളില്‍ പത്താം ക്ലാസ് പ്രവേശനത്തിന് യോഗ്യത നിർണ്ണയിക്കുന്ന പരീക്ഷ (ഒമ്പതാംക്ലാസ് പരീക്ഷ എഴുതാൻ) സർക്കാരിൽ നിന്നുള്ള പ്രത്യേക ഉത്തരവ് കൊടുത്തയക്കാൻ. (അന്ന് അങ്ങനെയെന്തോ ഒരു വകുപ്പ് ഉണ്ടായിരന്നു. പലകാരണങ്ങളാൽ സ്കളിൽ റഗുലർ ക്ലാസിന് പോകാൻ കഴിയാത്ത 15 വയസുള്ള കുട്ടികൾക്ക് ഈ പരീക്ഷയെഴുതി പത്തിൽ പഠിക്കാൻ ചേരാമായിരുന്നു. എന്തായിരുന്നു അത് എങ്ങനെയാണ് എന്നുള്ള കാര്യം എന്ന് ഇന്നും എനിക്കറിയില്ല).

അങ്ങനെ നീണ്ടൊരു കാലയളവിനു ശേഷം ഞാന്‍ വീണ്ടും സ്‌കൂള്‍ യൂണിഫോമണിഞ്ഞു. ആറില്‍ നിന്നും നേരിട്ട്‌ പത്തിലേക്കുളള ചാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. പത്തുവയസുകാരിയുടെ വടിവും വേഗവും മാത്രമുളള പാവം അക്ഷരങ്ങള്‍ എഴുതിത്തെളിഞ്ഞ പത്താക്ലാസുകാരുടെ ആകാരഭംഗിയുളള അക്ഷരങ്ങള്‍ക്കൊപ്പമെത്താന്‍ കിതച്ചു. പക്ഷെ അനുകമ്പയോടെ എന്നെ താങ്ങിയ അധ്യാപകരും നോട്ടുകള്‍ പകര്‍ത്തിത്തന്ന്‌ കൂട്ടുകാരും ഒപ്പമുണ്ട്‌, എന്ന വലിയ ബലം പകര്‍ന്നു. അതുമെനിക്കൊരു പുതിയ അനുഭവമായിരുന്നു.

പണക്കാര്‍ പിളേളര്‍ മാത്രം പഠിച്ചിരുന്ന ഇംഗ്ലിഷ്‌ മീഡിയത്തിലെ മൂന്നുകൊല്ലവും കൂട്ടുകാരേ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, തൊലിനിറത്തിന്റെയും നിറം മങ്ങിയ ഏതാനും ഉടുപ്പുകളുടെയും പേരിലുളള വിവേചനവും നന്നായി അനുഭവിച്ചിട്ടുളളതുകൊണ്ട്‌ ഉച്ചഭക്ഷണം പങ്കുവെക്കാന്‍ മടിയില്ലാത്ത, തോളില്‍ കൈയിട്ടുനടക്കുന്ന കൂട്ടുകാര്‍ അത്ഭുതം തന്നെയായിരുന്നു. പത്തിലേക്ക്‌ പുതുതായി എത്തിയ ഏകവിദ്യാര്‍ത്ഥി ആയിരുന്നിട്ടും ദിവസങ്ങള്‍ക്കുളളില്‍ ഞാനും അവരിലൊരാളായി. സ്‌കൂളില്‍ നിന്ന്‌ ബസ്‌ സ്റ്റോപ്പിലേക്ക്‌ കപ്പലണ്ടി കൊറിച്ചും കഥ പറഞ്ഞുമുളള നടപ്പായിരുന്നു ആ രസക്കൂട്ടിന്‌ ഉല്‍പ്രേരകമായത്‌.

അന്നൊക്കെ പത്താംക്ലാസില്‍ നൂറുശതമാനം വിജയം സാര്‍വത്രികമായിരുന്നില്ല. മോഡറേഷന്‍ ഉണ്ടായിരുന്നിട്ടും 210ന്റെ പടി കടക്കാനാവാതെ കാലിടറിവീഴുന്നവര്‍ ധാരാളം. 360 എന്ന ഫസ്റ്റ്‌ ക്ലാസ്‌ മാര്‍ക്ക്‌ തന്നെ ഭേദപ്പെട്ട വിജയമാണ്‌. 480ന്റെ ഡിസ്റ്റിങ്‌ഷന്‍ കടമ്പ കടന്നുകിട്ടിയവര്‍ക്ക്‌ പഠിപ്പിസ്റ്റ്‌ പട്ടം ഉറപ്പ്‌. ഇഷ്ടപ്പെട്ട ഏതു കോഴ്‌സിനു പോകാനും ഡിസ്‌റ്റിങ്‌ഷന്‍ തന്നെ ധാരാളമായിരുന്നു. വെറും 442 മാര്‍ക്ക്‌ വാങ്ങിയ എനിക്കും കിട്ടി അക്കൊല്ലം പത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ വാങ്ങുന്നവര്‍ക്കുളള ഇടവക വക സ്‌കോളര്‍ഷിപ്പ്‌ എന്നു പറഞ്ഞാല്‍തന്നെ അന്നത്തെ മാര്‍ക്കെന്തു മാര്‍ക്കായിരുന്നു എന്നൂഹിച്ചോണം.

mary samuel, memories, iemalayalam

അക്കാലത്ത്‌ പത്താം ക്ലാസിലെ റിസല്‍റ്റ്‌ വരുന്ന മെയ്‌ 27ാം തിയതിയിലെ പത്രങ്ങളില്‍ മുന്‍പേജില്‍ത്തന്നെ ആദ്യറാങ്കുകാരുടെ കളര്‍പടമടിച്ചു വരുമായിരുന്നു. ഇന്നത്തെ ഐ എ എസ്‌ റാങ്കുകാരുടെ പടത്തിനും ഇന്റര്‍വ്യൂവിനും പോലും അത്ര ഗമ കാണില്ല. അവരുടെ പഠനരീതി, റിവിഷന്‍, അധികമായി ആശ്രയിച്ച പുസ്‌തകങ്ങള്‍ ഇതൊക്കെ പത്തിലേക്ക്‌ കടക്കുന്നവരുടെ അച്ഛനമ്മമാര്‍ക്ക്‌ ആപ്‌തവാക്യങ്ങളാണ്‌. ഒമ്പതുവരെ അത്യാവശ്യം ഉഴപ്പിയിട്ടും ഭേദപ്പെട്ട മാര്‍ക്ക്‌ വാങ്ങിയ പാവം പിളേളരുടെ തലതിന്നാന്‍ കുറച്ചുനാളത്തേക്ക്‌ ഇതൊക്കെ ധാരാളം.

ദിവസത്തില്‍ രണ്ടുപരീക്ഷ എന്ന കാലങ്ങളായുളള എസ്‌ എസ്‌ എല്‍ സി സമ്പ്രദായം മാറി ഒരു ദിവസം ഒരു പരീക്ഷ എന്ന മാറ്റം വന്നത്‌ ഞങ്ങള്‍ പത്തെഴുതിയ കൊല്ലമായിരുന്നു. കോണ്‍വെന്റ്‌ സ്‌കൂളായിരുന്നതു കൊണ്ടുതന്നെ മികച്ച വിജയം ഉറപ്പാക്കാനായി പത്തിലെ പിളേളര്‍ക്ക്‌ പ്രത്യേകം ശ്രദ്ധ തന്നിരുന്നു ഞങ്ങളുടെ സ്‌കൂളില്‍.

അന്ന്‌ പഞ്ചായത്ത് മെമ്പറോ മറ്റോ കൂടിയായിരുന്ന കാതറിന്‍ ടീച്ചര്‍ വഴിയാണ്‌ എനിക്കീ സ്‌കൂളില്‍ അഡ്‌മിഷന്‍ ശരിയായത്‌. അഞ്ചാറുകൊല്ലം ഔദ്യോഗികവിദ്യാഭ്യാസത്തിന്റെ കെട്ടുപാടുകള്‍ക്കു പുറത്തായിരുന്ന എന്നെ വീണ്ടും സിസ്റ്റത്തിന്റെ ഉളളിലേക്ക്‌ എത്തിക്കാന്‍ ക്ലാസ്‌ ടീച്ചര്‍മാര്‍ എടുത്ത ശ്രദ്ധ വലുതായിരുന്നു. എന്നാല്‍ എനിക്കോ മറ്റു കുട്ടികള്‍ക്കോ ഞാനൊരു 'സ്‌പെഷ്യല്‍ കുട്ടി' ആണെന്ന തോന്നലുണ്ടാക്കാത്ത വിധമായിരുന്നു അവരുടെ ഇടപെടല്‍. അമ്മയുടെ അടുത്ത പരിചയക്കാരായ രണ്ട്‌ ടീച്ചര്‍മാര്‍ അവിടെ ഉണ്ടായിരുന്നതും വലിയ തുണയായി. കുഞ്ഞേച്ചി എന്ന്‌ വിളിച്ചു കഞ്ഞിയും കറിയും വെച്ച്‌ കളിച്ചിരുന്ന അനിലറ്റ്‌ ടീച്ചറായിരുന്നു എന്റെ മലയാളം ടീച്ചര്‍. മറ്റൊന്ന്‌ കെമിസ്‌ട്രി പഠിപ്പിച്ചിരുന്ന പ്രിയപ്പെട്ട ജോവാന്‍ ടീച്ചറും.

ഇവരുടെ ഒക്കെ സഹായത്തോടെ എല്ലാ വിഷയങ്ങളിലും ഓണപരീക്ഷയോടെ മെച്ചപ്പെട്ടെങ്കിലും ഒരു പിടിയും തരാതെ കണക്കുമാത്രം ചുറ്റിച്ചു. ഓണപ്പരീക്ഷയുടെ മാര്‍ക്ക്‌ കിട്ടിയപ്പോള്‍ കണക്കിനു മാത്രം പത്തും പന്ത്രണ്ടും. ബാക്കിയെല്ലാത്തിനും നല്ല മാര്‍ക്ക്‌ വാങ്ങാമെങ്കില്‍ കണക്കിനും ആവാം എന്നു പറഞ്ഞായിരുന്നു ലൗലി ടീച്ചറുടെ അടി. അന്ന്‌ പിള്ളാരെത്തല്ലുന്നതില്‍ വിലക്കില്ലാത്ത കാലമായിരുന്നു.

വൈകാതെ എന്റെ വിചിത്രപുരാണം അറിഞ്ഞ ലൗലി ടീച്ചര്‍ ശനിയും ഞായറും വീട്ടില്‍ വന്നോളണം എന്നു "ഭീഷണി"പ്പെടുത്തി. അങ്ങനെ പിന്നീടുളള ശനി, ഞായര്‍ ദിവസങ്ങളില്‍ ആപ്പിളും ഹോര്‍ലിക്‌സിനുമൊപ്പം കണക്കിന്റെ അടിസ്ഥാന പാഠങ്ങളും കൂടി ടീച്ചര്‍ പഠിപ്പിച്ചുതന്നു. എസ്‌ എസ് ‌എല്‍ സിക്കു ഏറ്റവും കുറവ്‌ മാര്‍ക്ക്‌ കണക്കിലെ ഇരുപതും ഇരുപത്തിരണ്ടും ആയിരുന്നെങ്കിലും അത്രയും വാങ്ങിച്ചെടുക്കാന്‍ എന്നെ പ്രാപ്‌തയാക്കിയത് ലൗലി ടീച്ചറുടെ ആത്മാർത്ഥ നിറഞ്ഞതും സ്നേഹനിർഭരവുമായ ശ്രമമാണ്.

നല്ല അധ്യാപകരെ നേടാന്‍ കഴിയുക വലിയൊരു ഭാഗ്യം തന്നെയാണ്‌. ആദ്യാക്ഷരം പകര്‍ന്നുതന്ന അധ്യാപിക കൂടിയായിരുന്ന അമ്മ മുതല്‍ ദൈവദൂതനെപ്പോലെ കടന്നുവന്ന പത്മനാഭന്‍ മാഷ്‌, പഠിപ്പിച്ചില്ലെങ്കിലും വീണ്ടും സ്‌കൂളിന്റെ പടികാണാന്‍ സഹായിച്ച അമ്മായിയും കാതറിന്‍ ടീച്ചറും, പത്താം ക്ലാസിലെ എല്ലാ അധ്യാപകരും, വി എച്ച്‌ എസ്‌ സിയില്‍ വെച്ച്‌ വിശ്വസാഹിത്യത്തിലേക്ക്‌ വഴിതുറന്നുതന്ന സുമംഗല ടീച്ചര്‍, ബോറന്‍ വൊക്കേഷന്‍ വിഷയത്തെ സരസമായ തമാശകള്‍കൊണ്ട്‌ പ്രിയപ്പെട്ടതാക്കി മാറ്റിയ ഡോ. ഗിരിദാസ്‌ സാര്‍, കേരളവര്‍മ്മയിലെയും ഗവ. കോളേജിലെയും പ്രിയപ്പെട്ട അധ്യാപകര്‍… ഇപ്പോഴും മാഷേ എന്ന ഒറ്റവിളിയില്‍ മലയാളത്തിന്റെ കുരുക്കഴിച്ചുതരുന്ന ദയാനന്ദന്‍ മാഷിനെയും രഞ്‌ജിത്ത്‌ മാഷിനെയും പോലെ പഠിപ്പിച്ചിട്ടില്ലെങ്കിലും മനസുകൊണ്ട്‌ ഗുരുതുല്യരായി കാണുന്ന വേറെയും ഒട്ടേറെപ്പേര്‍… അവരുടെയെല്ലാം ആത്മാര്‍ത്ഥമായ അനുഗ്രഹം തന്നെയാണ്‌ ഇന്നുമെന്നെ വഴി നടത്തുന്നത്‌. അക്ഷരങ്ങള്‍ കൊണ്ട്‌ ഉപജീവനം കഴിക്കാന്‍ ശക്തിയാവുന്നതും.

  • നിങ്ങൾക്കും എഴുതാം, ഇവിടെ ഈ പംക്തിയിൽ. നൊസ്റ്റോളജിയ, അന്നൊക്കെയായിരുന്നു, പഴയകാല ഓർമ്മകൾ എന്നിവ പങ്ക് വെക്കുന്ന ഈ ഇടത്തില്‍ നിങ്ങള്‍ക്കും എഴുതാം. എഴുത്തുകള്‍ iemalayalam@indianexpress.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. സബ്ജക്റ്റ് ലൈനില്‍ ഓര്‍മ്മകള്‍-നൊസ്റ്റോളജി എന്ന് ചേര്‍ക്കുക
Features Sslc Exam Memories Kerala Sslc Result

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: