കഥയിലും നോവലിലും ഒക്കെ തീവണ്ടി പലപ്പോഴും മനോഹരമായ ഒരു ബിംബമായി പ്രത്യക്ഷപ്പെടുന്നുവെങ്കിലും, ജീവിതത്തിൽ പലപ്പോഴും അതങ്ങനെയല്ല. അതിന്റെ ചക്രങ്ങൾക്കിടയിൽ പെട്ടു പോകുന്ന ജീവിതങ്ങളുടെ മറ്റൊരു പതിപ്പാണ് അത് ഓടിച്ചു കൊണ്ടിരിക്കുന്നവരുടേയും.  വി.ടി. ഭട്ടതിരിപ്പാടിന്റെ ഒരു പരാമർശമുണ്ട്; ഒരപ്ഫന്റെ ജീവിതം ഒരു ഖണ്ഡികയിലൊതുക്കാമെന്ന്. അങ്ങനെ പറയുകയാണെങ്കിൽ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രണ്ടു വരികളിലൊതുക്കാം, ഒരു ലോക്കോ പൈലറ്റിന്റെ ജീവിതം- ‘ആത്മഹത്യയ്ക്കും കൊലയ്ക്കു മിടയിലൂ-ടാർത്ത നാദം പോലെ പായുന്ന ജീവിതം.’

പാർശ്വവൽക്കരിക്കപ്പെട്ടു പോകുന്ന ജീവിതങ്ങളിലൊന്നാണ്, ട്രെയിൻ ഓടിക്കുന്നവരുടേതും. ഒരുപക്ഷേ മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായി അതാരും കാണുന്നതും അറിയുന്നതും പോലുമില്ല. കൃത്യസമയത്ത് എത്തിച്ചേരാനുള്ള പരക്കം പാച്ചിലിൽ അവർ കടന്നു പോകുന്ന പ്രതിസന്ധികൾ, ധർമ്മസങ്കടങ്ങൾ, ആത്മഹത്യയോളമെത്തുന്ന സംഘർഷങ്ങൾ, ഒരു സാധാരണ മനുഷ്യന്റെ മാനസികനില തകർക്കാൻ പോരുന്ന കാഴ്ചകൾ, അങ്ങനെ, എണ്ണിയാലൊടുങ്ങാത്ത എത്രയോ സാഹചര്യങ്ങളെ തരണം ചെയ്താണ് ജീവിതം മുന്നോട്ടു പോകുന്നത്! ഒരു ചിട്ടയും ഇല്ലാതെ പോകുന്ന ജീവിതചര്യകൾ, താളം തെറ്റുന്ന വിശ്രമം, ഭക്ഷണം, ഉറക്കമില്ലാത്ത രാത്രികൾ, കണ്ണിമ ചിമ്മാതെയുള്ള കാത്തിരിപ്പുകൾ, ഏകാന്തത, ഭീഷണമായ ജീവിത സാഹചര്യങ്ങൾ, 110 decibelന് മേലെയുള്ള തുടർച്ചയായ ഹോൺ ശബ്ദം തുടങ്ങി, എല്ലാ തരത്തിലുമുള്ള പ്രതിസന്ധികളിൽ കൂടിയാണ് ഒരു ലോക്കോ പൈലറ്റിന്റെ ജീവിതം കടന്നു പോകുന്നത്.

പലപ്പോഴും കൗതുകം തോന്നിപ്പിക്കുന്ന ഒരു സംഗതിയുണ്ട്. ജീവിതത്തിന്റെ വ്യത്യസ്ത കർമമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന സമർപ്പിതരായ ഏതൊരാളോടു ചോദിച്ചാലും അവർ പറയും, അവരുടെ ഏറ്റവും വലിയ ആഗ്രഹം, പ്രവർത്തിച്ചു കൊണ്ടിരിക്കെ മരിച്ചു പോകുക എന്നതാണ് എന്ന്. നർത്തകൻ നൃത്തത്തിനിടെ, അധ്യാപകൻ അധ്യാപനത്തിനിടെ, പ്രസംഗകൻ പ്രഭാഷണത്തിനിടെ. പക്ഷേ ഇതൊരു ഡ്രൈവറാണ് പറയുന്നതെങ്കിൽ അയാളുടെ കാര്യം ചിന്ത്യം എന്നു പറഞ്ഞാൽ മതി.

ചിലപ്പോൾ ജീവിതം അങ്ങനെയുമാണ്.  30 വർഷത്തെ റെയിൽവേ ജീവിതത്തിനു ശേഷവും… ഇപ്പോഴും കഥയിലോ കവിതയിലോ സിനിമയിലോ തീവണ്ടി കടന്നു വരുന്നതു കാണുമ്പോൾ എന്തെന്നില്ലാത്ത കൗതുകവും സന്തോഷവും തോന്നാറുണ്ട്. തികച്ചും അജൈവികമായ ഒന്ന് നമ്മുടെ ജൈവിക ചോദനകളെ എവിടെയെല്ലാമോ തൊട്ടുണർത്തുന്നതിന്റെ ഉത്തമോദാഹരണമാണ് തീവണ്ടി. അതിന്റെ പ്രകൃതം, താളം, സംഗീതം, ഭ്രാന്തമായ പ്രയാണം ഒക്കെ ജീവിതത്തെ ഓർമിപ്പിക്കുന്നു. മലയാളത്തിൽ തന്നെ എത്രയോ സിനിമകൾ, കവിതകൾ, കഥകൾ! ‘ചട്ടക്കാരി,’ ‘പാളങ്ങൾ,’ ‘കരി പുരണ്ട ജീവിതങ്ങൾ,’ തുടങ്ങിയ സിനിമകൾ. കവിതയിലെങ്കിൽ തിരുനല്ലൂരിന്റെ ‘ആദ്യത്തെ തീവണ്ടി,’ പി.പി.രാമചന്ദ്രന്റെ ‘കാണെക്കാണെ,’ അനിത തമ്പിയുടെ ‘കേകയിൽ ഒരു തീവണ്ടി.’ കഥയിലെങ്കിൽ വൈശാഖന്റെ ഒട്ടേറെ കഥകൾ, ചന്ദ്രമതി ടീച്ചറുടെ ‘അഞ്ചാമന്റെ വരവ്‌,’  അങ്ങനെ എത്രയോ  തീവണ്ടിയാത്ര, ജീവിതത്തെ തന്നെ ഓർമിപ്പിക്കുന്നതു കൊണ്ടാവാം, ഒരുപക്ഷേ തീരാത്ത ഈ കൗതുകം.loco pilot , memories, sureshkumar g, iemalayalam

ഇത്തരുണത്തിൽ വി.ആർ.സുധീഷിന്റെ ‘അച്ഛൻ തീവണ്ടി,’ എന്ന കഥയോർത്തു പോവുകയാണ്. കണ്ണൂരിൽ നിന്നാണ്, ആ ട്രെയിൻ ഓടിത്തുടങ്ങുന്നത്.  വീട്ടുകാരെ കൊച്ചി കാണിക്കാൻ കൊണ്ടു പോകുന്ന ഒരാൾ ഓടിക്കുന്ന തീവണ്ടി. വീട്ടുകാരോട് യാത്രക്കാരായി കൂടെ വന്നാൽ മതിയെന്ന് പറയുന്നു, അദ്ദേഹം. കാരണം അവധി കിട്ടിയിട്ട് അവരെയൊരിക്കലും കൊച്ചി കാണിക്കാൻ കൊണ്ടുപോകാനദ്ദേഹത്തിനാവില്ല.

യാത്ര തുടങ്ങുന്നു. പക്ഷേ, ഈ വണ്ടി ഒരാൾക്കൂട്ടത്തിന് മേലെ പാഞ്ഞുകയറി കുറേ പേർ മരിക്കുകയാണ്. കുറേ നാൾ മുമ്പുണ്ടായ ജഗന്നാഥ ടെമ്പിൾ ഗേറ്റ് അപകടത്തെ പറ്റിയാവാം സൂചന. ഇങ്ങനെ സംഭവിച്ചാൽ ആദ്യം ചെയ്യുക, ഈ ലോക്കോ പൈലറ്റിനെ ഇറക്കി, മദ്യപിച്ചിരുന്നോ, ശാരീരിക ക്ഷമത ശരിയായിരുന്നോ എന്നു തുടങ്ങി ദിവസങ്ങൾ നീളുന്ന പരിശോധനയും വിചാരണയുമാണ്. ഇതെല്ലാം കഴിഞ്ഞ് കുറ്റാരോപിതനായ അവസ്ഥയിൽ ആകെ തകർന്ന് പോകുന്ന ഒരു കഥാപാത്രം, അതും മനസ്സറിവു പോലുമില്ലാത്ത ഒരു കുറ്റത്തിന്റെ പേരിൽ!

പിന്നെ അയാൾ തീവണ്ടി ഓടിക്കുന്നതേയില്ല!  മാത്രമല്ല, തീവണ്ടിയുടെ ശബ്ദം കേട്ടാൽ ഭ്രാന്തു പിടിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു അയാൾ. ഒടുവിൽ അവർ അദ്ദേഹത്തെ തീവണ്ടിയേ ഇല്ലാത്ത ഒരു സ്ഥലത്ത് താമസിപ്പിക്കുന്നു. അങ്ങനെ കുറച്ചു കാലം കഴിയുമ്പോൾ ആ ഗ്രാമത്തിൽ ഒരു പുതിയ റെയിൽവേ ലൈൻ വരികയാണ്. അതിലേ കൂടി വരുന്ന ആദ്യത്തെ തീവണ്ടിയുടെ മുന്നിൽ തന്നെ ചാടി മരിക്കുകയാണ് ഇദ്ദേഹം. ഒരു ലോക്കോ പൈലറ്റിന്റെ ജീവിതം എങ്ങനെയൊക്കെ കൂടി ആകാമെന്നതിന് ഉത്തമോദാഹരണമാണ്, ഈ കഥ.

ട്രെയിൻ യാത്രയ്ക്ക് വേറൊരു കൗതുകം കൂടിയുണ്ട്. റോഡ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഓരങ്ങളിലൂടെയാണ്, പിന്നാമ്പുറങ്ങളിലൂടെയാണ് അതിന്റെ യാത്ര. വീടുകളുടെ, വയലുകളുടെ, മൈതാനങ്ങളുടെ, പീഠഭൂമികളുടെ, വ്യക്തി ജീവിതങ്ങളുടെ … നേരിട്ടു കാണാൻ കഴിയാത്ത ഒട്ടേറെ പരുക്കൻ വശങ്ങൾ അതു പലപ്പോഴും കാണിച്ചു തരാറുണ്ട്. കുളിക്കടവുകൾ, പ്രകൃതിയുടെ വിളികൾക്ക് കാതോർത്തിരിക്കുന്നവർ , എന്തിനെന്നറിയാതെ, റെയിലോരത്തു പതുങ്ങുന്നവർ… ഭിക്ഷക്കാർ, പോക്കറ്റടിക്കാർ, ലൈംഗികതൊഴിലാളികള്‍, കള്ളന്മാർ, ഗുണ്ടകൾ, മനോരോഗികൾ ഇവരൊക്കെ രാത്രിയുടെ ഓരോ യാമങ്ങളിലും ഏകദേശം ഒരു ക്രമത്തിൽ കടന്നു വരുന്നതും പോകുന്നതും കാണാം.

ദുർമരണങ്ങളുടെ പ്രദക്ഷിണവഴികൾ കൂടിയാകുന്നു, റെയിൽവേ ട്രാക്കുകൾ. അറിഞ്ഞും അറിയാതെയുമായി എത്രയെത്രയോ ജീവിതങ്ങളുടെ ഹംസഗാനം മുഴക്കിയാണ് ജീവിതത്തിലേയ്ക്കുള്ള ഈ വണ്ടി കടന്നു പോകുന്നത്. ദൃക്സാക്ഷിയാകേണ്ടി വരുന്ന,  ചിതയിലോളം കൂടെ വരുന്ന ദുസ്വപ്നങ്ങൾ പോലെ ഭീതിദമാർന്ന ഒട്ടനേകം ഓർമകൾ. ഒളിച്ചോടി വരുന്ന കാമുകീ കാമുകന്മാർ, പരീക്ഷയിൽ തോറ്റ കുട്ടികൾ, ജീവിത പരീക്ഷയിൽ വിജയിക്കാതെ പോയവർ, ഒരു നിമിഷത്തെ തോന്നലിന് എല്ലാം അവസാനിപ്പിക്കാമെന്ന് വിചാരിച്ചവർ, കുടുംബ പ്രശ്നങ്ങളിൽ മനം മടുത്തവർ…

ഒരു സാധാരണ മനുഷ്യനെ അസ്വസ്ഥതയിലേക്കോ ചിത്തഭ്രമത്തിലേക്കോ ആത്മഹത്യയിലേയ്ക്കു തന്നെയുമോ കൊണ്ടെത്തിക്കാൻ പോന്നത്രയും തീവ്രമായ അനുഭവങ്ങൾ… തലയറ്റ, ഉടലറ്റ, കൈകാലുകളും ആന്തരാവയവങ്ങളും ചിന്നിച്ചിതറിയ എത്രയോ ദേഹങ്ങൾ ബാക്കിയാക്കി യാത്ര തുടരേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മനോവേദന അറിയിക്കാൻ വാക്കുകളില്ല. ട്രാക്കുകളിലും, റെയിൽവേ പാലങ്ങളിലും, മനഃപൂർവ്വമല്ലാതെ ഒഴിഞ്ഞുമാറാനാവാതെ വരുന്നവരുടെ കഥ ഇതിലും ദാരുണമാണ്.

loco pilot , memories, sureshkumar g, iemalayalam

നടപ്പാതയില്ലാത്ത പാലത്തിൽ പെട്ടു പോയ ഒരു വീട്ടമ്മ ഇപ്പോഴും കണ്ണു നിറയ്ക്കുന്നുണ്ട്. വീട്ടുകാരെയും സമുദായത്തെയും ഒക്കെ ഉപേക്ഷിച്ച് ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ഇറങ്ങിപ്പോയതായിരുന്നു അവർ. ഒടുവിൽ കുടുംബിനിയായ മകളുടെ വീട്ടിലേയ്ക്കു പോകാൻ എളുപ്പവഴിയായ റെയിൽവേ ട്രാക്ക് തിരഞ്ഞെടുത്തതായിരുന്നു. വളവു തിരിഞ്ഞെത്തിയപ്പോൾ പാലത്തിലേക്കു പകുതി കയറിയെത്തിയ ഭർത്താവിനെയാണ് ആദ്യം കണ്ടത്. അദ്ദേഹം മുന്നോട്ടോടി രക്ഷപ്പെട്ടു. പുറകേ വന്ന ഭാര്യ, ജീവിതത്തിലെന്ന പോലെ തികച്ചും അന്ധമായി അദ്ദേഹത്തെ പിന്തുടർന്നു പാലത്തിലേക്ക് കയറുകയാണ് ചെയ്തത്. കണ്ടിരിക്കാനേ കഴിയുമായിരുന്നുള്ളു, ആ ദുരന്തം.

സമാനമായ സാഹചര്യങ്ങളിൽ പലപ്പോഴും, വശങ്ങളിലേക്ക് ഒഴിഞ്ഞു മാറുന്നതിന് പകരം ഏതോ നിയോഗത്തിലെന്ന വണ്ണം, നേരെ നടന്നു കയറുകയാണ് ആൾക്കാർ ചെയ്യുക. കണ്ടിരിക്കുന്നവർക്ക് ഒടുങ്ങാത്ത വേദന സമ്മാനിച്ചു കൊണ്ട്! പിന്നെ എത്രയോ കാലം ഞെട്ടിയുണരുന്നത് ഒരു ദുഃസ്വപ്നം കണ്ടിട്ടായിരുന്നു. ഓടിച്ചു കൊണ്ടു പോകുന്ന തീവണ്ടി, ഒരു വളവു തിരിഞ്ഞെത്തുന്നത് ബലിതർപ്പണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ ഇടയിലേയ്ക്ക്… നിലവിളി, പറന്നു പൊങ്ങുന്ന കാക്കകൾ, ചിതറിത്തെറിക്കുന്ന ഇലകൾ, പിണ്ഡങ്ങൾ, ബലിച്ചോർ…

തേങ്ങലായി, നിലവിളിയായി, ശാപമായി പിന്തുടരുന്ന വേറൊരോർമ ഒരമ്മയുടേതാണ്. പേരക്കുട്ടിയുമായി ട്രാക്ക് ക്രോസ് ചെയ്തതാണവർ. കുട്ടിയുടെ ചെരിപ്പ് പാളത്തിൽ കുടുങ്ങിപ്പോയിരുന്നു. തിരിഞ്ഞു നോക്കി, കുട്ടിയെ കാണാനാവാതെ പരിഭ്രാന്തയായ അമ്മയുടെ നോട്ടം, പാഞ്ഞടുക്കുന്ന ട്രെയിൻ, അതു വകവയ്ക്കാതെ കുട്ടിയെ എടുക്കാനുള്ള പാച്ചിൽ… എല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞു. ഇപ്പോഴും തീരദേശ പാതയിലെ ആ വളവിലെത്തുമ്പോൾ ഒരു കുട്ടിയും വലിയമ്മയും നെഞ്ചു പൊട്ടുന്ന ഓർമയായി പിന്തുടരുന്നു. മനഃപൂർവ്വമല്ലെങ്കിലും ഈ ദുരന്തങ്ങളുടെയൊക്കെ ഒരുപകരണമാകേണ്ടി വരുന്ന നിസഹായതയിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. ചിലപ്പോഴൊക്കെ ഒരെമർജൻസി ബ്രേക്കു കൊണ്ട് രക്ഷിക്കാനായ ചില ജീവിതങ്ങളുമുണ്ട്. രക്ഷിക്കാനാവാതെ പോയ സങ്കടങ്ങൾക്കിടയിൽ അവ ജീവിതത്തിന്റെ കൈത്തിരിയാകാറുണ്ട്, ഏതോ പൂർവ്വജന്മസുകൃതം പോലെ…

യാത്ര ചിലപ്പോൾ സന്തോഷങ്ങളുടേതുമാണ്. ദീർഘകാലം പിരിഞ്ഞിരുന്ന് ഒടുവിൽ കമിതാവിനെ, മകനെ, മാതാപിതാക്കളെ കാണുന്ന മുഖങ്ങളിലെ ചാരിതാർഥ്യം, ചേർത്തു പിടിക്കുന്ന, കണ്ണീരൊഴുക്കുന്ന കൂടിച്ചേരലുകൾ… എല്ലാവരെയും ലക്ഷ്യത്തിലെത്തിക്കുമ്പോഴും എവിടെയുമെത്താതെ പോകുന്ന സങ്കടങ്ങളുടേതു കൂടിയാവുന്നു ജീവിതം.loco pilot , memories, sureshkumar g, iemalayalam
ചിലപ്പോൾ കാണുന്ന കാഴ്ച വളരെ കൗതുകകരങ്ങളുമാകാം. വേഗം കുറച്ചു പൊയ്ക്കൊണ്ടിരുന്ന ഒരു ട്രെയിനിനു മുന്നിൽ രണ്ടു കാമുകീകാമുകന്മാർ. ഏതോ സൗന്ദര്യപ്പിണക്കത്തിലായിരിക്കാം, കാമുകൻ ട്രാക്കിൽ നിന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്, അവൻ മാറില്ലെന്ന്… അവൾ മര്യാദയ്ക്ക് ഒന്നു രണ്ടു പ്രാവശ്യം ആംഗ്യം കാണിച്ചു മാറാൻ. അവൻ കേൾക്കുന്നില്ല. ഒരു സിനിമയിലെന്ന പോലെ അവൾ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ച് മറിയണം എന്നാവാം അവന്റെ ലക്ഷ്യം. പറഞ്ഞത് കേൾക്കാഞ്ഞപ്പോൾ എല്ലാ കാമുകിമാരെയും പോലെ അവൾ കൈ കെട്ടി നിന്ന് ഇഷ്ടം പോലായിക്കോളാൻ പറഞ്ഞു.

ഒരു ഹോണെങ്കിലും മുഴക്കിയിട്ടു ചാടിയേക്കാനാവണം അവൻ ദയനീയമായി ഞങ്ങളെ നോക്കി. കള്ളത്തരം മനസിലായതു കൊണ്ട്, തീവണ്ടി നിശ്ശബ്ദം! ഒരു രക്ഷയുമില്ലാതെ, പ്രണയത്തിന്റെ പൊള്ളത്തരം വെളിവാക്കിക്കൊണ്ട് ആ കാമുകൻ അവളുടെ മുന്നിലേക്ക് എടുത്തു ചാടി. അവന്റെ വൈക്ളബ്യത്തിലൂടെ കടന്നു പോകുമ്പോൾ, തീവണ്ടി രണ്ടാൾക്കും ഒരുൾക്കാഴ്ച കൊടുത്തിട്ടുണ്ടായിരിക്കണം.

തീവണ്ടിയാത്രകളും രസകരം തന്നെ. ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് തീവണ്ടി മുറികൾ… ആഹ്ളാദം, പ്രണയം, വിരഹം, ദുഃഖം, ഏകാന്തത, നിർവികാരത. ഒരിക്കൽ, ആടിയുലഞ്ഞ് അതിവേഗം പൊയ്ക്കൊണ്ടിരുന്ന ഒരു വണ്ടിയിലായിരുന്നു സംഭവം. ഒരു ട്രേയിൽ നിറയെ ഉഴുന്നുവടകളും ഒരു പാത്രം നിറയെ കൊഴുത്ത തേങ്ങാച്ചമ്മന്തിയുമായി ബാലൻസ് ചെയ്ത് നടന്നു വന്നിരുന്ന ഒരു കാപ്പിക്കച്ചവടക്കാരന്റെ കയ്യിൽ നിന്ന് ആ ട്രേ താഴേയ്ക്ക് പറന്നു പോയി. വടകൾ ചിതറി. ചമ്മന്തിയുടെ നിറ പാത്രം ആകട്ടെ സൈഡിലിരുന്ന ഒരു മുഴു കഷണ്ടിക്കാരന്റെ തലയിലേക്ക് കമഴ്ന്നു വീണു. നെയ്യഭിഷേകം നടത്തിയ വിഗ്രഹത്തെ പോലെ ഒരു നിമിഷം ഇരുന്നിട്ട്, സലിം കുമാറിന്റെയോ സുരാജിന്റെയോ ഒരു കഥാപാത്രത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ കണ്ണുകളുടെയും നെറ്റിയുടെയും മുകളിൽ നിന്നയാളതു തുടച്ചെടുത്തു. ഇതേസമയം, നിലം തൂത്തു നടന്നു കൊണ്ടിരുന്ന ഒരുവൻ, പറന്ന പ്ളേറ്റുകളിലൊന്ന് സംഘടിപ്പിച്ച് രണ്ടുവടയുമായി നീങ്ങുകയായിരുന്നു. പ്രത്യുൽപന്നമതിത്വം എന്താണെന്ന് തെളിയിച്ചു കൊണ്ട്, ഓടിയെത്തി അയാൾ പറഞ്ഞു, സാറേ കളയല്ലേ ,അതിങ്ങോട്ടിട്ടേയ്ക്കാൻ! ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാതെ വരുന്ന ചില ജീവിത സമസ്യകളിലൂടെയാവണം,  തീവണ്ടി പിന്നെയും കുതിച്ചു പാഞ്ഞു…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook