ഏപ്രിൽ മാസം…
ഹിമാലയത്തിന്റെ ചരിവുകൾ മഞ്ഞുരുകി പൂവിടുന്ന സമയമാണ്. മഞ്ഞു കാലത്ത് താഴ്‌വരകൾ തേടി പ്പോയ ചെറുകിളികളെല്ലാം മലകൾ പറന്നു കയറി തിരിച്ചെത്തിയിരിക്കുന്നു. മലഞ്ചെരിവിലായി പണിതിരിക്കുന്ന പഴയ മിലിട്ടറി ഹോസ്പിറ്റലിൻ്റെ വളപ്പിൽ നിറയെ പീച്ച്, പ്ലം, ആപ്രിക്കോട്ട് പഴമരങ്ങളാണ്. ഏതോ കാലത്ത് ആരോ വെച്ചുപിടിപ്പിച്ചവ…
ഡെൻറൽ സെക്ഷൻ്റെ മുന്നിലെ പ്ലംമരം അടിമുടി പൂവിട്ടിരിക്കുന്നു… നിറയെ നനുനനുത്ത കേസരങ്ങളുള്ള തൂവെള്ള പൂവുകളാണ്. മനം മയക്കുന്ന സുഗന്ധം… പൂമ്പാറ്റകളുടെയും തേൻകിളികളുടെയും ബഹളമാണ്.
തിങ്കളാഴ്ച്ചത്തെ തിരക്കുള്ള ഒപിഡി തീർത്ത്, പ്ലം മരത്തിന്റെ ഒരു പൂക്കുല എത്തിപ്പിടിച്ച് അടർത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാനും മുരുകനും ത്രിവേദിയും. റെഡ്ക്രോസിന്റെ മുദ്രയുള്ള പഴയൊരു ഓട്ടുപൂപ്പാത്രം രാവിലെ തന്നെ തേച്ച് മിനുക്കി വെള്ളം നിറച്ച് മേശപ്പുറത്ത് വെച്ചിട്ടുണ്ട്. പതിവില്ലാതെ ഉച്ചനേരത്ത് റൗണ്ട്സ് നടത്തിയ ഹോസ്പിറ്റൽ കമാൻഡിങ്ങ് ഓഫീസറുടെ മുന്നിൽ ചെന്ന് പെട്ടു പോയി. മഹാപത്ര സാറാണ്. സാത്വികനായ ഒരു ഒറീസക്കാരൻ. സാധുവാണ്.
‘എത്ര പഴങ്ങൾ ആയിത്തീരേണ്ട പൂക്കളാണ് നീയീ പറിച്ച് കളഞ്ഞതെന്ന ‘ചോദ്യത്തിന്, ‘രാവിലെത്തെ ടീപ്പാർട്ടിയിൽ സാർ ഒരു ബദാംമരക്കാട് തന്നെ തിന്നു തീർത്തില്ലേ’ എന്ന കുറുമ്പൻ മറുചോദ്യത്തിൽ ഉത്തരം മുട്ടിച്ച് സന്തോഷിച്ചു നില്ക്കുന്ന സമയത്താണ് ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് കോൾ വന്നത്.
അപ്പുറത്ത് മേജർ അനൂപ് ആണ്, സർജൻ. മലയാളിയാണ്. ‘ഒന്നിവിടം വരെ വേഗം വരു’എന്ന്. എമർജൻസിയാണെന്ന് കേട്ടപ്പോൾ മഹാപത്ര സാറും കൂടെ വന്നു.
ചെന്നപ്പോൾ തിയേറ്ററിനു മുന്നിലത്തെ മുറിയിൽ രക്തത്തിൽ കുളിച്ച് ഒരാൾ കിടപ്പുണ്ട്. ചോരയിൽ കുതിർന്ന വരയൻ ചുബാ (പർവത ഗോത്രവർഗക്കാർ ധരിക്കുന്ന നീളൻ രോമക്കുപ്പായം) ഊരി മാറ്റി വെച്ചിരിക്കുന്നു. യാക്കിൻ രോമത്തിൻ്റെയും വെട്ടുനെയ്യുടെയും പിന്നെയും എന്തൊക്കെയോ കടും ഗന്ധങ്ങൾ തീയേറ്ററിലെ മരുന്ന് മണങ്ങൾക്ക് മുകളിൽ നില്ക്കുന്നു. താടിയിലെ വലിയ മുറിവിൽ പ്രെഷർപാക്ക് കൊടുത്ത് നേഴ്സിങ് അസിസ്റ്റന്റുമാർ അടുത്ത് നില്ക്കുന്നു.
“എന്തൊരു വെട്ടാണ് വെട്ടിയത്, ഒറ്റ വെട്ടേയുള്ളു… പക്ഷെ മാൻഡിബിൾ (കീഴ്ത്താടിയെല്ല്) നെടുകനെ മുറിഞ്ഞു. ഖുക്രി കൊണ്ടുള്ള വെട്ടാണ്, കഴുത്തിന് ഉന്നം വെച്ചതാണ്, താടി വെട്ടിച്ചിരുന്നില്ലെങ്കിൽ തല ദൂരെ തെറിച്ചേനേ,” അനൂപ് പറഞ്ഞു.
സഹോദരൻമാർ തമ്മിലുള്ള മല്പിടുത്തമായിരുന്നു. സാധാരണ ഇത്തരം കേസുകൾ ഇവിടെ വരാറേയില്ല. മൊംപഗോത്രക്കാർ സ്വതവെ സാധുശീലരാണ്… നീളം കൂടിയ ഖുക്രിയും കൊണ്ടാണ് സ്ഥിരം സഞ്ചാരമെങ്കിലും വാൾ ഉറയിൽ നിന്ന് ഊരാറേയില്ല. അഥവാ ഊരിയാലും വല്ല കാടും പടലുമോ കാട്ടുമുയലിനെയോ വെട്ടാനായിരിക്കും.
“മൂത്തയാളുടെ കുഞ്ഞുണ്ടായ സൽക്കാരമായിരുന്നു പോലും. രണ്ടാളും നന്നായിട്ട് ‘അപുങ്ങ്’ അകത്താക്കിയിട്ടുണ്ടായിരുന്നു.” (മലകളിൽ പുനം കൃഷി നടത്തിയുണ്ടാക്കുന്ന നെല്ലു വാറ്റിയെടുക്കുന്ന വീര്യമുള്ള മദ്യമാണ് അപുങ്ങ് എന്ന റൈസ് ബിയര്‍. ഇവരുടെ വീടുകളിൽ വലിയ മരവീപ്പകളിൽ അതിന്റെ ശേഖരം ഉണ്ടാവും), വാർഡ് സഹായിക അൻഷു കഥ പറഞ്ഞു തന്നു. അവൾ ഈ മലനാട്ടുകാരിയാണ്. ഞങ്ങളുടെ പ്രധാന ദ്വിഭാഷി.
അടുത്തു തന്നെ സഹോദരൻമാരുടെ അമ്മ നിൽപ്പുണ്ട്. കരയുന്നോ മിണ്ടുന്നോ ഒന്നുമില്ല. മരം കൊണ്ടുണ്ടാക്കി അറ്റത്ത് നൂലുകളുടെ കടുംകെട്ട് കുഞ്ചലമുള്ള ബുദ്ധമതക്കാരുടെ 108 മണികളുള്ള ജപമാല അവരുടെ വിരലുകൾക്കിടയിൽ വേഗത്തിൽ തിരിഞ്ഞു കൊണ്ടിരിക്കുന്നു. മൂക്കിന് പിടി തരാതെ തീയേറ്ററിൽ പറന്നുകളിക്കുന്ന മൂന്നാമത്തെ ഗന്ധം റൈസ് ബിയര്‍ന്റെയാണെന്നെനിക്ക് മനസിലായി.
വാളിനും കഴുത്തിനുമിടയിൽ കയറി രക്ഷകനായ കീഴ്ത്താടിയെല്ല് ദയനീയമാം വിധം നെടുകനെ പിളർന്നിരിക്കുന്നു. കവിളും മസിലും മാൻഡിബിളും കടന്ന് നാവു വരെ പിളർത്തിയിരിക്കുന്നു ഖുക്രി. ശരിക്കും മാക്സില്ലോ ഫേഷ്യൽ സർജന്റെയും പ്ലാസ്റ്റിക് സർജൻ്റെയും ജോലിയാണ്. എമർജൻസി ട്രീറ്റ്മെന്റ് കൊടുത്തിട്ട് താഴെ തേജ്പൂർ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് വിടാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അൻഷു അത് അമ്മയോട് പറഞ്ഞു.
” തേജ്പൂർ വരെ കൊണ്ടു പോകാൻ അവർക്ക് വണ്ടിക്കൂലിക്ക് കാശില്ലത്രേ. ആകെയുള്ള വരുമാനമായ യാക്കിനെ (പർവ്വത പ്രദേശങ്ങളിൽ ഇണക്കി വളർത്തുന്ന നിറച്ചും രോമങ്ങളുള്ള മൃഗം) വിറ്റിട്ടാണ് മൂത്ത മകന്റെ ഭാര്യയുടെ പ്രസവത്തിന് ചെലവാക്കിയത്. സിസേറിയൻ ആയിരുന്നു. അവർ വീട്ടിൽ കൊണ്ടുപോയി പച്ചമരുന്ന് വെച്ചോളാമെന്ന് പറയുന്നു,” അമ്മ പതുക്കെ പിറുപിറുക്കും പോലെ പറഞ്ഞത് അൻഷു ഞങ്ങൾക്ക് പറഞ്ഞു തന്നു.
ശരിയായിരിക്കാം. മലകളിറങ്ങി ഒരു ദിവസത്തെ യാത്രയാണ് താഴെ ആസാമിലെ തേജ്പൂരിലേക്ക്. ഇടുങ്ങിയ മലമ്പാതകളിൽ സഞ്ചരിക്കാൻ 4×4 ഗിയറുള്ള വണ്ടി തന്നെ വേണം. മലമുകളിൽ താമസിക്കുന്ന മൊംപഗോത്രക്കാർ യാക്കിനെയും ആടിനെയുമൊക്കെ മേയിച്ചു കഴിയുന്ന പാവപ്പെട്ട നൊമാഡ്സ് ആണ്… മഞ്ഞുരുകുന്ന സമയത്ത് താഴെ നിന്ന് നോക്കുമ്പോൾ ദൂരെ പർവതശിഖരങ്ങളിൽ പച്ചക്കടലാസുകഷണങ്ങൾ പോലെ അവരുടെ മേച്ചിൽപുറങ്ങൾ കാണാറുണ്ട്. അവിടെ കറുത്ത പൊട്ടുകളെപ്പോലെ യാക്കുകളും മിതുനുകളും (വലുപ്പമുള്ള ഒരിനം കാട്ടുകാള. അരുണാചലിന്റെ സംസ്ഥാന മൃഗമാണ്. ഗോത്രവർഗ്ഗക്കാരുടെ അനുഷ്ഠാനങ്ങളിലും മറ്റും വലിയ പ്രാധാന്യമുണ്ട് ഇതിന്).
ഞാനും അനൂപും തമ്മിൽ തമ്മിൽ നോക്കി. വളരെ സീരിയസായ ഇൻജുറിയാണ്. ഒന്നും ചെയ്യാതിരുന്നാൽ പഴുപ്പ് കയറി മരണം ഉറപ്പാണ്.
“നമുക്കൊന്ന് ശ്രമിച്ചാലോ” അനുപ് ചോദിച്ചു. ഞാനും യോജിച്ചു.
അനസ്തേഷിയോളജിസ്റ്റ് കേണൽ ബാനർജി വളരെ സീനിയറാണ്, അനുഭവസമ്പത്ത് ഉള്ള ആളാണ്. മലമുകളിലെ ഈ കുഞ്ഞ് ഹോസ്പിറ്റലിലെ പരിമിതമായ സൗകര്യങ്ങളിൽ ഇത്ര സങ്കീർണ്ണമായ ഒരു സർജറി നടത്തിയാലുണ്ടാക്കായേക്കാവുന്ന കോംപ്ലിക്കേഷൻസിനെക്കുറിച്ച് നന്നെ ചെറുപ്പക്കാരും തന്‍റെ നോട്ടത്തിൽ എടുത്തു ചാട്ടക്കാരുമായ രണ്ടു ഡോക്ടർമാരെ പറഞ്ഞ് മനസിലാക്കാൻ പുളളി തന്നാലാവും വിധം പരിശ്രമിക്കുന്നുണ്ട്. പക്ഷെ ഒന്നും സംസാരിക്കാതെ ഞങ്ങളെത്തന്നെ ഉറ്റുനോക്കി പ്രതിമ പോലെ നില്ക്കുന്ന ആ അമ്മയെ കാണുമ്പോൾ വരുന്നത് നേരിടാം എന്നൊരു ശക്തമായ തോന്നൽ. അവസാനം അനസ്തേഷിയോളജിസ്റ്റും സമ്മതം മൂളി… മഹാപത്രസാറും അനുവാദം തന്നു.
മൂന്ന് നാല് മണിക്കൂർ നീണ്ടുവെങ്കിലും സർജറി ഭംഗിയായി കഴിഞ്ഞു. പല്ലുകളും അവയുടെ പൊട്ടിയ വേരുകളുമെല്ലാം എല്ലിൻ്റെ പിളർപ്പിൽ നിന്ന് എടുത്തു മാറ്റി, പൊട്ടൽ ഫിക്സ് ചെയ്ത് ഉറപ്പിച്ച്, കീറിയ നാവും വായുമെല്ലാം തുന്നിച്ചേർത്തു. മസിലുകളും മുഖത്തെ സ്കിന്നുമെല്ലാം ഒരു പാട് സമയമെടുത്ത് ഭംഗിയായി സ്റ്റിച്ച് ചെയ്ത് ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ രാത്രിയായിരുന്നു.
മുറ്റത്തെ ആപ്രിക്കോട്ട് മരത്തിന് കീഴെ രണ്ട് അരുണാചൽ പോലീസുകാരുടെ നടുവിൽ നില്ക്കുന്ന മൂത്ത സഹോദരനെ അൻഷു കാണിച്ചു തന്നു. അതാണ് താഷി. വെട്ടു കിട്ടിയയാൾ പേമ.
വെട്ടിയിട്ടാലും മുറി കൂടുന്ന മലനാടൻ ചെറുപ്പമാണ്. നല്ല ആന്റിബയോട്ടിക്കുകളും ഹോസ്പിറ്റലിലെ മെച്ചപ്പെട്ട പരിചരണവും, വിചാരിച്ചതിലും വളരെ വേഗത്തിൽ ഭംഗിയായി മുറിവുണങ്ങി. ഞാനും അനൂപും ശ്വാസം നേരെ വിട്ടു.
കായേൻ -ആബേൽ കേസ് എന്നാണ് ഞങ്ങളീ കേസിനെ കളിയായി വിളിച്ചിരുന്നത്. പേമ ഒരു മാസത്തിലധികം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഡിസ്ചാർജ് ആയതിനു ശേഷം പിന്നെ ഒരിക്കലും, രണ്ടാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്ന ചെക്കപ്പിനു പോലും അവൻ മലയിറങ്ങി വന്നില്ല.
രണ്ട് മൂന്ന് മാസം കഴിഞ്ഞു, പീച്ചും പ്ലമ്മും നിറച്ച് കായകൾ തന്നുകൊണ്ടിരിക്കുന്നു… അനൂപ് ട്രാൻസ്ഫർ ആയി ആഗ്രയ്ക്ക് പോയി. ഈ കഥകളെല്ലാം ഞാൻ മറന്നു തന്നെ പോയി.
കാണാൻ ബോംഡിലയിൽ നിന്ന് ഒരാൾ വന്നിട്ടുണ്ടെന്ന് കേട്ട് ഇറങ്ങിച്ചെന്നതാണ് അന്ന്. ഒരു പർവത ഗോത്രക്കാരൻ. ഒന്നും മിണ്ടാതെ, ചിരിക്കാതെ മുൻപിൽ നില്ക്കുന്നു. എന്നെ കണ്ടപ്പോൾ വര പോലെയുള്ള കണ്ണുകൾ ഒന്നു കൂടി ഇറുങ്ങി. പുഞ്ചിരിയാണോ അതോ സ്നേഹമാണോ.. മനസിലാവുന്നില്ല. ഇവരുടെ മുഖഭാഷ വായിച്ചെടുക്കാൻ പഠിക്കണമെങ്കിൽ ഇനിയും കുറച്ചൂടെ നാളുകൾ ഇവിടെ കഴിയേണ്ടി വരും എന്ന് ഞാൻ മനസിൽ പറഞ്ഞു…
മങ്ങിയ ചുവപ്പിൽ നെടുകനെ തുന്നൽപ്പണികളുള്ള ചുബാ ആണ് വേഷം. വെള്ളി നിറത്തിൽ തിളങ്ങുന്ന പിടിയുള്ള നീണ്ട ഖുക്രി അരയിലെ ബെൽറ്റിൽ, ഉറയിലുണ്ട്. യാക്കിന്റെ രോമം കൊണ്ടുള്ള തൊപ്പിയിൽ നിന്ന് രോമത്തൊങ്ങലുകൾ തൂങ്ങിക്കിടക്കുന്നു. മിനുക്കാത്ത പിഞ്ച് ചൂരൽവള്ളികൾ കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഭംഗിയുള്ള ഒരു കൂട വാതിൽപ്പടിയിൽ വെച്ച് എത്രയും വേഗം തിരിച്ചു പോവാനുള്ള ശ്രമമാണ്… എന്താ കാര്യമെന്ന് ചോദിക്കണമെങ്കിൽ ആശയ വിനിമയം കുറച്ച്ബു ദ്ധിമുട്ടാണ്… അത്ര ദുർഘടം പിടിച്ചതാണിവരുടെ ഗോത്രഭാഷ.
മുരുകൻ അടുത്ത് വന്ന് പതുക്കെ പറഞ്ഞു, “ആളെ മനസിലായില്ലേ, അന്ന് നാലു മണിക്കൂർ ഓപ്പറേഷൻ ചെയ്ത് ശരിയാക്കിയെടുത്ത നമ്മുടെ കായേൻ- ആബേൽ കേസ്…”
“ഓ, പേമാ… പക്ഷെ മുറിവൊന്നും കാണാനില്ലല്ലോ.. ”
“അവനല്ല, ചേട്ടൻ താഷിയാണ്, രണ്ടാളും കണ്ടാലൊരു പോലെ ഇരിക്കും,” മുരുകൻ പിറുപിറുത്തു.
“ദൈവമേ, കത്തിയെടുത്ത് വെട്ടിയവനോ,” നെഞ്ചൊന്നു കാളി.
‘ഇവനെന്തിനാണിപ്പോൾ വന്നിരിക്കുന്നത്… കൊട്ടയിലെന്താണാവോ… അന്ന് വെട്ട് മാറിപ്പോയത് കൊണ്ട് ശരിയാവാതെ പോയ ഗളച്ഛേദം ഇന്ന് പൂർത്തിയാക്കി, പൊതിഞ്ഞ് കൊണ്ടു വന്നിരിക്കുകയെങ്ങാനുമാണോ,’ ഭാവന കാടുകയറിപ്പോയി.
മുരുകൻ ആംഗ്യ ഭാഷയിൽ പറഞ്ഞ് അവനെക്കൊണ്ട് ചൂരൽ കൊട്ട അഴിപ്പിക്കുകയാണ്… എന്റെ അതേ സംശയം അവനുമുണ്ടോ. താഷി കാട്ടുവള്ളികളുടെ കെട്ടഴിക്കുന്നു. ഒരു ഗിഫ്റ്റ് ഓപ്പണിങ്ങ് സെറിമണി പോലെ എല്ലാവരും ആകാംക്ഷയോടെ ചുറ്റും നില്ക്കുന്നു.
മധുരവും പുളിയുമുള്ള ഒരു പുതുസുഗന്ധം അവിടെയെല്ലാം നിറഞ്ഞു. മലമുകളിൽ നിന്ന് കാട്ടുപഴമണങ്ങളുമായി ഒരു കാറ്റിറങ്ങി വന്ന് ഞങ്ങളെ തൊട്ടതു പോലെയിരുന്നു… പൈൻ മരത്തിന്റെ സൂചി പോലെയുള്ള ഉണക്കിലകളുടെയിടയിൽ തമ്മിൽ തൊടാതെ അടുക്കിയടുക്കി വെച്ചിരിക്കുന്ന ഇളം പച്ചനിറമുളള ആപ്പിളുകൾ. അവ വന്ന മലഞ്ചെരിവുകൾ പോലെ തന്നെ മിനുത്തതും കളങ്കമില്ലാത്തതും. മരങ്ങളിൽ തന്നെ നിന്ന് പഴുത്ത് പാകപ്പെട്ടത്…ഒരുപാടുണ്ട്.. ഹോസ്പിറ്റലിൽ എല്ലാവർക്കും കൊടുക്കാനും മാത്രം..
ഞാൻ കൈ കൂപ്പി നന്ദി പറഞ്ഞു. താഷിയുടെ ചുവന്ന മുഖത്ത് ഒരു ഭാവമാറ്റവുമില്ല. അയാൾ പിന്നോട്ട് മാറി, കുനിഞ്ഞ് അഭിവാദനം ചെയ്ത് ഒന്നും മിണ്ടാതെ നടന്നു മറഞ്ഞു.
അടുത്ത മാസവും, പിന്നെ അതിനടുത്ത മാസവും അങ്ങനെ ആപ്പിൾ കാലം തീരും വരെ താഷി ഇടയ്ക്കിടെവന്നു. പണം കൊടുക്കാൻ ശ്രമിച്ചുവെങ്കിലും സ്വന്തം വീട്ടാവശ്യത്തിന് വളർത്തുന്ന ആപ്പിളുകളാണെന്ന് പറഞ്ഞ് നിരസിച്ചു.
ചിലപ്പോൾ ആപ്പിൾ കൂടയിൽ കൊരുത്തു വച്ച് ഒരു വിശേഷപെട്ട കാട്ട് ഓർക്കിഡ് പൂക്കുലയുമുണ്ടാവും. എല്ലാവരുമായി പങ്കുവെച്ചു കഴിഞ്ഞും, തിരിച്ചു വീട്ടിലേക്ക് പോവുമ്പോൾ കൊണ്ടുപോകാൻ, കോംബാറ്റ് യൂണിഫോമിന്റെ അനവധിയായ പോക്കറ്റുകളിലെല്ലാം നിറയാൻ മാത്രമുണ്ടായിരുന്നു ആപ്പിളുകൾ. പൂക്കുല മേശപ്പുറത്ത് പഴയ റെഡ്ക്രോസിന്റെ പൂപ്പാത്രത്തിൽ എടുത്തു വയ്ക്കും. അടുത്ത തവണ അവൻ വരും വരെയും അത് ചീത്തയാവാതെ നില്ക്കും. ഓരോ തവണയും ഞാനോർക്കും ഇത്തവണ പേമയാണോ വന്നത് എന്ന്, പക്ഷെ പേമ ഒരിക്കലും വന്നില്ല. താഷി മാത്രം വന്നു. അടുത്ത തവണത്തെ ആപ്പിൾ സീസണു മുന്നെ എനിക്കും ട്രാൻസ്ഫർ ആയി.
ബോർഹെസിൻ്റെ ‘ലെജന്റ്’ എന്ന ഒരു കുഞ്ഞിക്കഥയുണ്ട്. ‘ആബേലും കായേനും വീണ്ടും കണ്ടുമുട്ടി. മരുഭൂമിയിൽ വെച്ച്. ഒരു പാട് ദൂരത്തു നിന്നേ അവർ പരസ്പരം തിരിച്ചറിഞ്ഞു. രണ്ടാളും നല്ല ഉയരക്കാരാണല്ലോ. അവർ മണ്ണിലിരുന്നു, തീ കൂട്ടി, അപ്പം പങ്കിട്ടു. ദിവസത്തിൻ്റെ അവസാന യാമത്തിൽ വല്ലാതെ ക്ഷീണിച്ചു തളർന്നവരെപ്പോലെ അവർ ഒന്നും മിണ്ടാതെ ഇരുന്നു. ആകാശത്തിന്റെ അതിരിൽ ഒരു ഒറ്റനക്ഷത്രം തിളങ്ങി. ആർക്കും ഓർമ്മയില്ലാത്ത ഒരു നക്ഷത്രം. കനലിന്റെ വെളിച്ചത്തിൽ ആബേലിന്റെ നെറ്റിയിൽ കല്ലുകൊണ്ടിടിച്ച മുറിപ്പാട് കായേൻ കണ്ടു. തിന്നാൻ എടുത്ത അപ്പം അവന്റെ കയ്യിൽ നിന്ന് താഴെ വീണു.
“എന്‍റെ തെറ്റ് നീ പൊറുത്തോ,” കായേൻ ചോദിച്ചു.
“നീയെന്നെയാണോ കൊന്നത്, അതോ ഞാൻ നിന്നെയോ… എനിക്കോർമ്മിച്ചെടുക്കാൻ ആവുന്നില്ല. പക്ഷെ ഇപ്പോൾ നമ്മൾ പഴയതുപോലെ തന്നെയല്ലേ…” ആബേൽ പറഞ്ഞു.
“നീയെന്നോട് ക്ഷമിച്ചു കാണും,” കായേൻ പറഞ്ഞു. “കാരണം മറക്കുകയെന്നാൽ പൊറുക്കുക എന്നാണ്. ഞാനും ഇനി അത് മറക്കാം.”
“അതു ശരിയാണ്,” ആബേൽ മൃദുവായി പറഞ്ഞു. “കുറ്റബോധം അവശേഷിക്കുമ്പോൾ അനുതാപം ബാക്കിയാവും.”
അനുതാപത്തിന്റെ പുളിമധുര ആപ്പിളുകളുമായി മലയിറങ്ങിക്കൊണ്ടിരിക്കുന്ന താഷി… പേമ അത് എപ്പോഴേ മറന്നു പോയിക്കാണുമായിരിക്കും…
സ്വകാര്യത കണക്കിലെടുത്ത് പേരുകള്‍ മാറ്റിയിട്ടുണ്ട്
Read More: സോണിയ ചെറിയാന്‍ എഴുതിയ കുറിപ്പുകള്‍ ഇവിടെ വായിക്കാം