മുറിവുകളുടെ കാലവും ലോകവും നിറങ്ങളുടെ ശവക്കച്ച കൊണ്ട് പൊതിയുകയായിരുന്നു വിൻസന്റ് വാൻഗോഗെങ്കിൽ ബംഗാളിന്റെ രോദനത്തെ വരകളിലൂടെ നിറച്ചിടുകയായിരുന്നു സോമനാഥ് ഹോർ എന്ന കലാകാരൻ. കാലം ഒരു ചിത്രകാരന്റെ ജീവിതത്തേയും സൃഷ്ടികളേയും എത്രത്തോളം അയാളുടെ രചനകളിൽ അടയാളപ്പെടുത്തുമെന്ന് അന്വേഷിക്കുന്നവർക്ക് എന്നും ഒരു തുറന്ന പുസ്തകമായിരുന്നു സോമനാഥ് ഹോർ എന്ന കമ്യൂണിസ്റ്റ് കലാകാരന്റെ കാൻവാസുകളും രേഖാചിത്രങ്ങളും. രാംകിങ്കർ ബെയ്‌ജിന്റെയും കെ ജി സുബ്രഹ്മണ്യത്തിന്റേയും കൂട്ടായി ശാന്തിനികേതനിൽ ജീവിച്ച സോമനാഥ് ഹോറിന്റെ രചനകളെ നേരിട്ടുകണ്ടറിയാൻ മലയാളിക്ക് അദ്ദേഹത്തിന്റെ ജീവിതകാലത്ത് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. താൻ ജീവിച്ച പ്രക്ഷുബ്‌ധകാലത്തിന്റെ ഓരോ മുറിവുകളും മുഖങ്ങളും വിഹ്വലതകളുമൊക്കെ, ഒരു സാമൂഹ്യജീവിയെന്ന നിലയിൽ വേറിട്ട രചനാശൈലിയിലൂടെ രേഖപ്പെടുത്തിയ ചിത്രകാരനും ശിൽപിയുമെന്ന നിലയ്ക്കാണ് സോമനാഥിനെ കേരളം അറിയേണ്ടത്.

കാലത്തിന്റെ കഥകൾ പറയുന്നത് എപ്പോഴും വിചിത്രമായ ഒരു അനുഭവമാണ്. കല കലയ്ക്കുവേണ്ടിയെന്ന വാദത്തെ പിന്തള്ളി, കല സാമൂഹ്യനന്മയ്ക്കാണെന്ന മാർക്‌സിയൻ സൗന്ദര്യശാസ്ത്രത്തെ കൂട്ടുപിടിക്കുമ്പോൾ ബംഗാളിന്റെ തിളയ്ക്കുന്ന അതിജീവനശാസ്ത്രം സോമനാഥിന്റെ രചനകളിൽ നുരഞ്ഞുപൊന്തുന്നതു കാണാം. ബംഗാളിലെ അതിഭീകരമായ ക്ഷാമവും നാൽപതുകളുടെ മധ്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കർഷകവിഭാഗമായ കിസാൻ സഭയുടെ നേതൃത്വത്തിൽ പിറവിയെടുത്ത തേഭാഗ എന്ന കർഷക പ്രസ്ഥാനവുമൊക്കെ ഹോറിന്റെ രചനകളിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. ജന്മിമാർക്ക് കർഷകർ തങ്ങളുടെ വിളവിന്റെ പാതി നൽകേണ്ടിയിരുന്നതിൽ നിന്നും ജന്മിക്ക് നൽകേണ്ട വീതം മൂന്നിലൊന്നായി ചുരുക്കാൻ ലക്ഷ്യമിട്ട് നടന്ന പ്രക്ഷോഭ സമരമായിരുന്നു തേഭാഗ. സമരത്തിന്റെ ഭാഗമായി കർഷകരും ജന്മിമാരും തമ്മിൽ പലയിടത്തും ഏറ്റുമുട്ടി. ബംഗാൾ പോരാട്ടത്തിന്റെ ഭൂമിയായി.

ഇരുപതുകളിലായിരുന്നു അന്ന് ഹോർ. 1943-ലെ കടുത്ത ബംഗാൾ ക്ഷാമത്തിന്റേയും മരണങ്ങളുടേയും ദാരിദ്ര്യത്തിന്റേയും മുഖം നേരിട്ട് കണ്ടറിഞ്ഞ യൗവനം. എങ്ങും വേദനകളുടെ ചിത്രങ്ങൾ മാത്രം. പട്ടിണി എങ്ങനെയാണ് ഏറ്റവും വലിയ ദുരന്തവും രോഗങ്ങൾ എങ്ങനെയാണ് മരണത്തിന്റെ മുഖപടവുമാകുന്നതെന്ന് നേരിൽ കാണുകയായിരുന്നു അന്ന് ബംഗാൾ. മലേറിയയും കോളറയും വസൂരിയുമെല്ലാം തെരുവുകളിൽ പിഞ്ചുകുഞ്ഞുങ്ങൾ പോലും മരണപ്പെടുന്ന കാഴ്ചകൾക്കിടയാക്കി. ഉടുക്കാൻ വസ്ത്രമോ ഉണ്ണാൻ ഭക്ഷണമോ ഇല്ലാത്ത കാലം. ഏതാണ്ട് പതിനഞ്ചു ലക്ഷം പേരാണ് ആ കടുത്ത ക്ഷാമകാലത്ത് മരണത്തിലേക്ക് വീണത്. എന്തുചെയ്യണമെന്നറിയാതെ, ഉറ്റവരുടെ മൃതദേഹങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു കിടക്കുന്നവരുടെ ദൃശ്യങ്ങൾ ആർഭാഢത്തോടെ കാൻവാസിലാക്കാൻ ഹൃദയത്തിൽ അനുതാപാർദ്രത നിറഞ്ഞ ഒരാൾക്കുമാകുമായിരുന്നില്ല. ഘനീഭവിച്ച ആ ദുഖമാണ് രേഖാചിത്രങ്ങളായി സോമനാഥിന്റെ വരകളിൽ പടർന്നത്. മരണപ്പെട്ട കുഞ്ഞിനെ തോളിലേറ്റി തേങ്ങിക്കരയുന്നവനും കർഷക മുന്നേറ്റങ്ങളും പട്ടിണിയുടേയും മരണത്തിന്റേയും ഭീതിദമായ ചിത്രങ്ങളും കാലമെത്ര കടന്നുപോയിട്ടും സോമനാഥിന്റെ മനസ്സിൽ നിന്നും മാഞ്ഞില്ലെന്നതിന്റ ദൃഷ്ടാന്തമായിരുന്നു അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും പെൻസിൽ സ്‌കെച്ചുകളും. മനുഷ്യന്റെ ദൈന്യത അതിലെല്ലാം തന്നെ ഘനീഭവിച്ച ഒരു തുരുത്തായി മാറി നിന്നു. വല്ലാത്തൊരു ഉൾക്കിടിലത്തോടു കൂടി മാത്രമേ ആ രചനകളെ ഒരാൾക്ക് നോക്കി നിൽക്കാനാകുകയുള്ളു.
ഇരുണ്ട ജീവിതത്തെയാണ് തെളിച്ചമുളള മനസ്സുള്ള സോമനാഥ് കണ്ടുകൊണ്ടിരുന്നത്. താൻ വരയ്ക്കുന്നത് തന്റെ ഹൃദയവും മനസ്സുമാണെന്ന് കമ്യൂണിസത്തിന്റെ മാനവദർശനം ഹൃദയത്തിലേറ്റിയ ഹോറിന് നന്നായി അറിയാമായിരുന്നു. വിൽപനയ്ക്കുള്ള ചരക്കായി അതുകൊണ്ടു തന്നെ ഹോർ തന്റെ രചനകളെ കണ്ടില്ല. പട്ടിണി വിൽപനച്ചരക്കല്ലെന്നും ദൈന്യത ദൈവത്തിലേക്കുള്ള ചവിട്ടുപടിയാണെന്നുമാകണം ഹോർ വിശ്വസിച്ചു കാണുക. ‘ക്ഷാമത്തിന്റെ വേദനകൾ’ എന്ന പേരിൽ ശിൽപങ്ങളുടെ സൃഷ്ടിപരമ്പരയും ‘മുറിവുകൾ’ എന്ന ചിത്രപരമ്പരയും നടത്തിയ ഹോറിനെ ഇന്ത്യൻ വാൻഗോഗ് എന്നു വിശേഷിപ്പിക്കുന്നതിൽ അനൗചിത്യമില്ലെന്നു തോന്നുന്നു.

ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായി മാറിയ ചിറ്റഗോങ്ങിൽ 1921-ലാണ് ഇന്ത്യൻ ചിത്രകലയിലെ ഈ ഹ്യൂമനിസ്റ്റിന്റെ ജനനം. ദാരിദ്ര്യത്തിന്റെ വേദനകൾ അറിഞ്ഞുകൊണ്ടായിരുന്നു കുട്ടിക്കാലം. കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്ടപ്പെട്ട ഹോർ തന്റെ അമ്മാവന്റെ സഹായത്തോടെയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ചെറുപ്പത്തിൽ തന്നെ അടുത്ത ബന്ധമുണ്ടായ ഹോർ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. പാർട്ടിയുടെ പോസ്റ്ററുകൾ രൂപകൽപന ചെയ്യുന്ന ചുമതലയാണ് ആദ്യകാലത്ത് ഹോർ ചെയ്തിരുന്നത്. പാർട്ടി ബന്ധമാണ് ഹോറിന് കൊൽക്കത്തയിലെ ഗവൺമെന്റ് ആർട്ട് കോളെജിൽ എത്തിച്ചത്. ഗ്രാഫിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ ഹരേൺ ദാസ് എന്ന ഹരേന്ദ്ര നാരായൺ ദാസ് പ്രിന്റ് മേക്കിങ് കലാകാരന്റെ ശിക്ഷണം ലഭിച്ചതും. കലയിലെ ഈ സാങ്കേതികതയെ തന്റെ രചനകളിലേക്ക് സശ്രദ്ധമെത്തിക്കാൻ പിൽക്കാലത്ത് ഹോറിനായതിനു കാരണം ഹരേൺ ദാസിന്റെ ശിക്ഷണമാണെന്ന് പറയാതെ വയ്യ. ബംഗാൾ ക്ഷാമത്തെപ്പറ്റി 1940-കളിൽ കമ്യൂണിസ്റ്റ് പാർട്ടി മാസികയായ ജനയുദ്ധയ്ക്കു വേണ്ടി ചിത്രങ്ങൾ കോറിയിട്ട ഹോറിൽ നിന്നും അബ്‌സ്ട്രാക്ടിലേക്ക് പിൽക്കാലത്ത് നീങ്ങിയപ്പോഴും കാലം തന്റെ മുന്നിലിട്ടുഞെരിച്ച ദൃശ്യങ്ങൾ ഹോറിന്റെ മനസ്സിൽ നിന്നും അടർന്നുപോയില്ല.

ലിതോഗ്രഫിയും ഇൻടാഗ്ലിയോയുമൊക്കെ പഠിച്ച് അവയെല്ലാം തന്റെ രചനകളിലേക്കെത്തിച്ച ഹോർ ഇന്ത്യയിലെ പ്രമുഖ പ്രിന്റ് മേക്കറായി അമ്പതുകളുടെ തുടക്കം തന്നെ പേരെടുത്തിരുന്നു. സ്വന്തമായി സങ്കേതങ്ങൾ രൂപപ്പെടുത്തുന്നതിലായി പിന്നീട് ഹോറിന്റെ ശ്രദ്ധ. തന്റെ മുറിവുകൾ എന്ന ചിത്രപരമ്പരയ്ക്ക് ഹോർ പിൽക്കാലത്ത് ഉപയോഗപ്പെടുത്തിയത് പൾപ്-പ്രിന്റ് സാങ്കേതികതയാണെന്നും അറിയുക. ബംഗാളിലേക്ക് മാത്രം ഒതുങ്ങിനിന്നില്ല ഹോറിന്റെ മാനവികത. പീഡിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യനൊപ്പം ഹോർ നിലകൊണ്ടു. വിയറ്റ്‌നാം യുദ്ധത്തിന്റെ യാതനകൾ വിഷയമാക്കിയ അദ്ദേഹത്തിന്റെ അമ്മയും മകനുമെന്ന ശിൽപം ശാന്തിനികേതനിൽ ഗ്രാഫിക്‌സ് അധ്യാപകനായിരിക്കുന്ന കാലത്താണ് ഹോർ വരച്ചത്. ഈ ശിൽപം പിന്നീട് ശാന്തിനികേതനിലെ കലാഭവനിൽ നിന്നും മോഷണം പോയെങ്കിലും ഇതുവരേയ്ക്കും കണ്ടെത്താനായിട്ടുമില്ല.
മനുഷ്യന്റെ വേദനകൾ നെഞ്ചിലേറ്റുന്ന ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അയാൾക്ക് തീക്ഷ്ണഭാവത്തോടെയല്ലാതെ അവ ആവിഷ്‌കരിക്കാനാവില്ല. വാക്കുകളുടെ മൂർച്ചയും വികാരങ്ങളുടെ വിക്ഷോഭവുമാണ് ഓരോ വരയിലും ഹോർ തീർത്തത്. കണ്ട കാഴ്ചകളിലെ ഭീകരത സൗമ്യപ്രസന്നനായ ഹോറിന്റെ പുറമേയ്ക്കുള്ള ശാന്തത ഉള്ളിലെ പുകയുന്ന അഗ്നിപർവതത്തെ കാൻവാസിലേക്കാണ് മാനവികതയുടെ ഉരുകുന്ന ലാവയായി ഒഴുക്കിയത്. സാമൂഹ്യസമത്വത്തിനായുള്ള മുറവിളിയും കാഹളവുമായിരുന്നു ആ രചനകൾ. മനുഷ്യൻ മനുഷ്യനോട് കാട്ടേണ്ട സാമാന്യമായ ദയയേയും സഹാനുഭൂതിയേയും ഒരു മാൻ ഇൻ ബ്ലാക്കിപ്പോലെ മാറിനിന്ന് പരിചരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ എല്ലാ ദൈന്യതകളും അതിന്റെ തീക്ഷ്ണതയിൽ കണ്ട ഒരു മനുഷ്യനാണ് ഹോർ- ബംഗാൾ ക്ഷാമം മുതൽ വിഭജനത്തിന്റെ വേദനകൾ വരെ, ദാരിദ്ര്യം മുതൽ രോഗാവസ്ഥകളും നിസ്സഹായ മരണങ്ങളും വരെ. ദൈന്യം കണ്ട കണ്ണുകൾക്ക് എങ്ങനെയാണ് നിറങ്ങളുടെ ആഡംബരത്തിൽ സൗന്ദര്യാരാധന നടത്താനാകുക? 2006-ൽ തന്റെ 85-ാം വയസ്സിൽ കണ്ണടയ്ക്കും വരേയ്ക്കും ഹോർ മനസ്സിലും ശരീരത്തിലും ജീവിതത്തിലും ഒരു കമ്യൂണിസ്റ്റ് ആയിരുന്നു- മറ്റുള്ളവരുടെ വേദനകളെ കാൻവാസിലൂടെ കത്തിയെരിയിച്ച ഒരൂ സൂര്യൻ!
കമ്യൂണിസത്തിന്റെ മൂശയിൽ നിന്നും ഊർജമുൾക്കൊണ്ട ഒരു ബാലന്റെ ഹൃദയത്തിൽ, എങ്ങനെയാണ് ഹ്യൂമനിസത്തിന്റെ തിരമാലകളുയർന്നതെന്നതും അവ കാൻവാസിലും കടലാസിലും എങ്ങനെയാണ് ഒരു വികാരവിക്ഷോഭമായി പടർന്നതെന്നും തിരിച്ചറിയണമെങ്കിൽ കൊച്ചിയിലെ ദർബാർ ഹാൾ ആർട്ട് ഗാലറിയിലേക്ക് വരിക. ശിൽപി കെ എസ് രാധാകൃഷ്ണൻ സോമനാഥിന്റെ കൊൽക്കത്തയിലെ പല വർക്കുകളും ഇതാദ്യമായി കേരളത്തിൽ ലളിതകലാ അക്കാദമിയുടെ സംഘാടനത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുകയാണ് അവിടെ. ബംഗാളിന്റെ ജീവിതസംഘർഷങ്ങളെ എങ്ങനെയാണ് സോമനാഥിന്റെ രചനകൾ മറ്റാർക്കും രേഖപ്പെടുത്താനാകാത്തവിധം ചിത്രീകരിച്ചതെന്ന് തിരിച്ചറിയാൻ കലാകുതുകികൾക്ക് ലഭിച്ചിരിക്കുന്ന അസുലഭാവസരമാണത്. പ്രദർശനം ജൂൺ 26 വരെ തുടരും.