scorecardresearch

ഒരു തിരോധാനത്തിന്റെ ഡയറിക്കുറിപ്പുകൾ

വിഷാദ രോഗത്തിന് ചികിത്സ തേടിയാണ് തന്‍റെ സഹോദരിയേയും കൊണ്ട് ലാത്‌വിയൻ യുവതി കേരളത്തില്‍ എത്തിയത്. ഇവിടെ വച്ച് അതിദാരുണമായി മരണപ്പെട്ട സഹോദരിയുടെ ഓര്‍മ്മകളും പേറി അവള്‍ മടങ്ങി പോകും മുന്‍പ് ഒരു കുറിപ്പ്. ഒരംഗത്തെ നഷ്ടപ്പെട്ട ലാത്വിയയിലെ തങ്ങളുടെ കുടുംബത്തെക്കുറിച്ച്, അവളെ കാണാതായതിനു മുന്‍പും ശേഷവും ഇവിടെ നടന്ന സംഭവങ്ങളെക്കുറിച്ച്, നേരിട്ട ദുരന്തത്തില്‍ ഒപ്പം നിന്നവരെക്കുറിച്ച്…

ഒരു തിരോധാനത്തിന്റെ ഡയറിക്കുറിപ്പുകൾ

ഭാഗം ഒന്ന്: അവളും ഞാനും തമ്മില്‍

ലാത്വിയന്‍ തലസ്ഥാനമായ റിഗയുടെ വടക്കുള്ള ഒരു ചെറിയ പട്ടണത്തില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്. 8000ത്തോളം ആളുകള്‍ താമസിക്കുന്ന സ്വച്ഛ സുന്ദരമായ ഒരു സ്ഥലമാണത്. സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്താണ് ഞങ്ങള്‍ ജനിച്ചത്‌. കുടുംബങ്ങളില്‍ പണം കുറവായിരുന്നെങ്കിലും കഴിഞ്ഞു കൂടാന്‍ ബുദ്ധിമുട്ടില്ലായിരുന്നു.

അച്ഛനും അമ്മയും ജോലി ചെയ്തിരുന്നു. പകല്‍ ‘Kindergarten’നില്‍ ചിലവഴിച്ച ശേഷം ഞങ്ങള്‍ കുട്ടികളെ ഞങ്ങളുടെ അമ്മൂമ്മ അന്ന വന്നു കൂട്ടിക്കൊണ്ട് പോകും. അച്ഛനും അമ്മയും ജോലി തീര്‍ത്തു മടങ്ങി വരുന്നത് വരെ അമ്മൂമ്മയുടെ വീട്ടില്‍ കളിയും ചിരിയുമായി ഞങ്ങള്‍ സമയം ചിലവിടും. നല്ല കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. എനിക്ക് അവളും അവള്‍ക്ക് ഞാനുമായിരുന്നു കൂട്ട്. ഇടയ്ക്ക് വഴക്കിടുമെങ്കിലും അവള്‍ക്കു വേണ്ടി ഞാനും എനിക്ക് വേണ്ടി അവളും എന്തിനും ഉണ്ടായിരുന്നു.

മിടുക്കിയായ കുട്ടിയായിരുന്നു എന്‍റെ സഹോദരി. ക്ലാസില്‍ ഒന്നാമതായി പഠിച്ചിറങ്ങിയ അവള്‍ പബ്ലിക്‌ റിലേഷന്‍സ് പഠിക്കാനായി റിഗയിലേക്ക് പോയി. രണ്ടു കൊല്ലം കൂടി ഞാന്‍ നാട്ടിലെ സ്കൂളില്‍ തന്നെ പഠിച്ചു. രണ്ടാഴ്ച കൂടുമ്പോഴുള്ള വാരാന്ത്യങ്ങളില്‍ ഞാന്‍ അവളുടെ അടുത്തേക്ക് പോകും, അവിടെ ചിത്രരചന പഠിക്കാന്‍. എന്‍റെ സഹോദരിയുമായി ഞാന്‍ ചിലവിട്ട ആ സമയം എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അവിടെ എത്തിയാല്‍, അവിടെ തന്നെ പാചകം ചെയ്ത രാത്രി ഭക്ഷണവുമൊക്കെയായി ഞങ്ങള്‍ ആ അടുക്കളയില്‍ തന്നെയിരുന്നു വെളുക്കുവോളം സംസാരിക്കും.

എല്ലാ വിഷയങ്ങളും ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമായിരുന്നു – സൗഹൃദങ്ങള്‍, ബോയ്‌ഫ്രണ്ട്സ്, വായിച്ച നോവലുകള്‍, സര്‍വ്വകലാശാലയിലെ ജീവിതം, നഗരത്തിലെ പുതിയ ട്രെന്‍ഡുകള്‍, ഞങ്ങളുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, വിധി – അങ്ങനെ പലതും. ദൈവത്തെക്കുറിച്ചും മരണത്തെക്കുറിച്ചും സംസാരിച്ചിരുന്നു. സൃഷ്ടിയെക്കുറിച്ചും ജീവിതത്തിലെ നിഗൂഢ രഹസ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.

ആകാശത്തിന് കീഴെയുള്ള എന്തും സംസാരിക്കാന്‍ കഴിയുന്ന ബുദ്ധിമതിയായ ഒരു സഹോദരിയുണ്ടായതില്‍ ഞാന്‍ പലപ്പോഴും സന്തോഷിച്ചു, ആ ഭാഗ്യത്തിന് നന്ദിയുള്ളവളായി.

2005ല്‍ സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ ഞാന്‍ അയര്‍ലന്‍ഡിലേക്ക് പോയി. കാരണം അവള്‍ അവിടെ ഒരു സുഹൃത്തുമൊത്ത് വേനലവധി ആഘോഷിക്കാന്‍ പോയിരുന്നു. അവിടെയും എന്‍റെ സഹോദരി എനിക്ക് തുണയായി. എന്‍റെ ആദ്യത്തെ ജോലിയ്ക്കായ് ഉള്ള ‘സി വി’ ഉണ്ടാക്കാന്‍ സഹായിച്ചത്, ഇന്റെര്‍വ്യൂവില്‍ എങ്ങനെ പെരുമാറണം, എന്തു പറയണം എന്ന് പഠിപ്പിച്ചത്, എല്ലാം അവളായിരുന്നു. ഒരു പാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു അവള്‍ക്കവിടെ. അവള്‍ പുറത്തേയ്ക്കു പോകുമ്പോള്‍ അവരില്‍ ആരെങ്കിലും എന്നെ നോക്കിക്കോളും എന്ന് അവള്‍ എപ്പോഴും ഉറപ്പു വരുത്തിയിരുന്നു.

പിന്നെയുള്ള വര്‍ഷങ്ങളില്‍, വര്‍ഷത്തില്‍ അഞ്ചു തവണ ഞങ്ങള്‍ കാണുമായിരുന്നു. ചിലപ്പോള്‍ ലാത്‌വിയയിൽ, ചിലപ്പോള്‍ അയര്‍ലന്‍ഡില്‍. മാസങ്ങള്‍ക്ക് ശേഷം അവളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ ഉള്ള സന്തോഷം, അതൊന്നു വേറെ തന്നെയായിരുന്നു. കാണുമ്പോള്‍ ഒരു നിമിഷം പോലും കളയാതെ, വിശേഷങ്ങള്‍ പറഞ്ഞും, ഇഷ്ടമുള്ള, സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്തും ഞങ്ങള്‍ സമയം ചിലവിടുമായിരുന്നു.

2010 ല്‍ അവള്‍  ‘ഗുഡ് ഡീഡ്‌സ്’ എന്ന ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. അവള്‍ക്ക്  വളരെ ഇഷ്ടമായിരുന്ന ഒരു ജോലി. മനുഷ്യസ്നേഹിയും ഉപകാരിയുമായിരുന്ന അവള്‍ ആ ജോലിയില്‍ വലിയ സന്തോഷം കണ്ടെത്തിയിരുന്നു.

2014ല്‍ ഞാനും എന്‍റെ സഹോദരിയും അയര്‍ലന്‍ഡിലെ കോര്‍ക്ക് എന്ന സ്ഥലത്ത് താമസം തുടങ്ങി. അവള്‍ വന്നതോടെ എനിക്ക് ഒരു ബ്യൂട്ടി ബിസിനസ്‌ തുടങ്ങാന്‍ അവസരം കിട്ടി. അവള്‍ ഉത്സാഹത്തോടെ, അവളുടെ മുഴുവന്‍ സമയവും എനിക്കായി മാറ്റി വച്ച് എന്നെ സഹായിക്കാനും തുടങ്ങി.

ഞങ്ങള്‍ക്കിടയില്‍ ഉള്ള ‘ക്രിയേറ്റിവ് സ്പാര്‍ക്ക്’ എന്നും അവളുടേതായിരുന്നു. എല്ലാവരുടേയും ഭാവനയെ ഉണര്‍ത്താന്‍ പോന്ന ചിന്തയുള്ളവള്‍.

ഒരു സുഹൃത്തിനൊപ്പം ഇരുന്നു എന്‍റെ ബ്യൂട്ടി സലോണിന് പേര് കണ്ടു പിടിക്കാം എന്നായിരുന്നു വിചാരിച്ചത്. പക്ഷേ അതിനൊക്കെ മുന്‍പ് അവള്‍ അതിനൊരു പേര് കണ്ടുപിടിച്ചു. കുറച്ചു ദിവസങ്ങളായി സലോണ്‍ പേരുകള്‍ റിസര്‍ച്ച് ചെയ്തിരുന്ന അവള്‍ ആദ്യം കണ്ട പലതും ഏതാണ്ട് ഒരു പോലെയുള്ളതും പുതുമയില്ലാത്തതും ആയിരുന്നു എന്ന് പറഞ്ഞിരുന്നു. കുറച്ചു കൂടി ‘ബോള്‍ഡ്’ ആയ ‘മനസ്സില്‍ തട്ടുന്ന’ പേര് വേണം എന്നവള്‍ക്ക് നിര്‍ബന്ധമായിരുന്നു.

ഒരു ദിവസം ബാത്ത് റൂമില്‍ പോകാന്‍ തുടങ്ങിയ അവള്‍ തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചു,”നിന്‍റെ സലോണിന് ‘ബ്യൂട്ടി ക്രൈം’ എന്ന് പേരിട്ടാലോ? ബ്യൂട്ടി പാര്‍ലറില്‍ പോയി സ്വയം ലാളിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും നമുക്ക് കുറ്റബോധം തോന്നാറില്ലേ? പേരിനു ഒരടിക്കുറിപ്പും വയ്ക്കാം – ‘Commit Something Beautiful’ എന്ന്. വാക്കുകള്‍ കൊണ്ടുള്ള ഒരു കളിയുമാകുമല്ലോ അത്.”

അവള്‍ കണ്ടു പിടിച്ച പേര് എനിക്കും വളരെ ഇഷ്ടപ്പെട്ടു. അടുത്ത രണ്ടു മാസം ഞങ്ങള്‍ രണ്ടു പേരും തോളോട് തോള്‍ ചേര്‍ന്ന് സ്നേഹിച്ചും അധ്വാനിച്ചും സന്തോഷിച്ചും എന്‍റെ ആ സ്വപ്നം സാക്ഷാത്കരിച്ചു. മറക്കാനാവില്ല ആ സമയം.

സലോണ്‍ തുറന്നു കഴിഞ്ഞുള്ള ആദ്യ വേനലില്‍ അവള്‍ തന്‍റെ പാര്‍ട്ണറെ ഒരു മ്യൂസിക് ഫെസ്റിവലില്‍ വച്ച് പരിചയപ്പെട്ടു. വൈകാതെ ഡബ്ലിനടുത്തുള്ള സ്വോര്‍ഡ്‌സ് എന്ന സ്ഥലത്തേക്ക് താമസം മാറി. അതായിരുന്നുഅയാളുടെ നാട്. എനിക്ക് തിരക്കിട്ട ജോലിയുള്ള സമയമായിരുന്നു അത്. താമസ സ്ഥലങ്ങള്‍ തമ്മില്‍ ഒരു പാട് ദൂരവുമുണ്ടായിരുന്നു. കോര്‍ക്കില്‍ അവള്‍ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, അത് കൊണ്ട് അവള്‍ ചില വാരാന്ത്യങ്ങളില്‍ അവിടെ വരും. അപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു ഡിന്നറിന് പോകും. അടുത്ത നാല് വര്‍ഷക്കാലം ഞാന്‍ അവളെ വളരെ വിരളമായേ കണ്ടുള്ളൂ എന്നതില്‍ ഇപ്പോള്‍ ഞാന്‍ അത്യധികം ഖേദിക്കുന്നു.

2017 ഓഗസ്റ്റ്‌ മാസം എന്‍റെ സഹോദരിയുടെ ജീവിതത്തില്‍ അതിവേദനാജനകമായ ഒരു സംഭവമുണ്ടായി. അതിനു ശേഷം ഉണ്ടാകുന്ന തീവ്ര വിഷാദം (Post Traumatic Depression) എന്ന അവസ്ഥയിലേയ്ക്ക് അവള്‍ വഴുതി വീണു.

ആരോടും സംസാരിക്കാതെയായ അവള്‍, പലതും മറക്കും മറിക്കടക്കാനുമായി പുക വലിയ്ക്കാനും തുടങ്ങി. ശരിയായ ഉറങ്ങാത്തത്‌ കൊണ്ട് അവളുടെ തലച്ചോറിനും നാഡീവ്യൂഹത്തിനും ‘റീബൂട്ട്’ ചെയ്യാനോ ‘റിപ്പയര്‍’ ചെയ്യാനോ സാധിച്ചില്ല. ദിനം പ്രതി അവളുടെ അവസ്ഥ മോശമായി വന്നു. അവിടെ ഒരു മാനസിക ചികിത്സാ കേന്ദ്രത്തില്‍ അവളെ അഡ്മിറ്റ്‌ ചെയ്തു.

മരുന്നുകള്‍ ഒന്നും ഫലവത്തായില്ല. അവിടെ ആ നാല് ചുമരുകള്‍ക്കുള്ളില്‍, നിസ്സഹായായി നില്‍ക്കലും ദുഷ്കരമായി. സ്വന്തമായി ആലോചിക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ ആയിരുന്നു അവള്‍. സിനിമ കാണാന്‍ സാധിക്കില്ല, വായിക്കാന്‍ സാധിക്കില്ല, ഒരല്‍പം ശ്രദ്ധ വേണ്ടുന്ന ഒരു കാര്യവും ചെയ്യാന്‍ സാധിക്കില്ല എന്ന അവസ്ഥയായി. എല്ലാത്തിനും അര്‍ത്ഥം നഷ്ടപ്പെട്ടു. ഇങ്ങനെയൊരു ജീവിതത്തില്‍ എന്ത് കാര്യം എന്ന് ചിന്തിച്ചു തുടങ്ങി.

പല ചികിത്സാ രീതികളും പരീക്ഷിച്ചു. ഒരു സൈക്കോതെറാപ്പിസ്റ്റിനെ കാണാന്‍ അവള്‍ വിസമ്മതിച്ചു. രോഗം സ്വയം ഭേദമാക്കാന്‍ ഉള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു അത്. പക്ഷെ ഒന്നും ഫലം കണ്ടില്ല. രണ്ടു മാസം നരക തുല്യമായ ജീവിതമാണ് അവള്‍ ജീവിച്ചത്.

എത്ര പരിശ്രമിച്ചിട്ടും അതില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ അവള്‍ക്കു സാധിച്ചില്ല. അത് അവള്‍ക്കു താങ്ങാന്‍ പറ്റുന്നതിനും അപ്പുറത്തായിരുന്നു. ഹൃദയഭേദകം എന്നോ അതിലപ്പുറം എന്നോ പറയാം ആ അവസ്ഥയെ. നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളെ ഒരു തരത്തില്‍ സഹായിക്കാന്‍ കഴിയാതെ നമ്മള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ട അവസ്ഥ. പല വഴികള്‍ ശ്രമിച്ചിട്ടും ഒന്നും നടക്കാത്ത അവസ്ഥ. ഒരിക്കല്‍ കൂടി മാനസിക ചികിത്സാ കേന്ദ്രത്തില്‍ അവളെ അഡ്മിറ്റ്‌ ചെയ്തു. കുടുംബം മുഴുവന്‍ സങ്കടം അനുഭവിച്ച സമയം. അവിടുത്തെ മരുന്നും നാല് ചുവരുകളുടെ ഏകാന്തതയും അവളുടെ അസുഖം ഭേദമാക്കില്ല എന്ന് ഞങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണല്ലോ.

ഒരു മാസം കഴിഞ്ഞു അവളെ വീട്ടില്‍ പോകാന്‍ അനുവദിച്ചു. ഞാന്‍ ‘ഓൽറ്റർനറ്റിവ് മെഡിസിന്‍’ നോക്കി തുടങ്ങി. ശാരീരികവും മാനസികവുമായ ക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള ‘ഹോളിസ്റ്റിക്ക്’ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാം എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. പക്ഷേ അവള്‍ അതില്‍ താത്പര്യം കാണിച്ചില്ല.

സ്കൂള്‍ കാലം മുതലേ ഇന്ത്യന്‍ സംസ്കാരത്തില്‍ അഭിമതയായിരുന്നു എന്‍റെ സഹോദരി. ലാത്വിയയില്‍ വച്ച് തന്നെ യോഗ പരിശീലിക്കുകയും, ഇന്ത്യന്‍ സുഗന്ധവ്യജ്ഞനങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്യുകയും, ചന്ദനത്തിരി കത്തിക്കുകയും, മന്ത്രങ്ങള്‍ കേള്‍ക്കുകയും ഒക്കെ ചെയ്യുമായിരുന്നു അവള്‍.

ചെറുപ്പം മുതലേ ഞങ്ങള്‍ ആയുര്‍വേദത്തെക്കുറിച്ച് കേട്ടിരുന്നു. അവള്‍ക്ക് അതില്‍ താത്പര്യം ഉണ്ടായിരുന്നു. ഞാന്‍ ഗവേഷണം നടത്തി, കേരളത്തിലെ ‘ധര്‍മ്മാ ആയുര്‍വേദ ഹീലിംഗ് സെന്റര്‍’ 1965 സ്ഥാപിക്കപ്പെട്ട ഇടം കണ്ടെത്തി. ഉല്ലസിക്കാന്‍ ഒരു ടൂറിസ്റ്റ് റിസോര്‍ട്ട് അല്ല ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്, മനസ്സിനെ പാരമ്പര്യ ചികിത്സാ രീതികള്‍ ഉപയോഗിച്ച് സുഖപ്പെടുത്തുന്ന ഒരു സ്ഥലം കണ്ടെത്തുക എന്നത് പ്രധാനമായിരുന്നു.

ഇതിനു മുന്‍പ് രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് ഇതിനോട് പെട്ടന്ന് തന്നെ അടുപ്പം തോന്നി. അവളോട് പറഞ്ഞപ്പോള്‍ അവള്‍ക്കും ഇന്ത്യ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ അവളോട്‌ ‘ഹീലിംഗ് സെന്ററി’നെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നാല്‍ അങ്ങോട്ട്‌ പോകാം എന്ന് അവളും തീരുമാനിച്ചു.

ഫെബ്രുവരി 3 ആം തീയതി ഞങ്ങള്‍ കൊച്ചിയില്‍ എത്തി. ആയുര്‍വേദ പ്രോഗ്രാം തുടങ്ങാന്‍ ഇനിയും സമയമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്നും ഞങ്ങള്‍ ആലപ്പുഴയ്ക്ക് പോയി. അവിടെ ഒരു രാത്രി താമസിച്ചു അടുത്ത ദിവസം ബോട്ടില്‍ കയറി അമൃതപുരി ആശ്രമത്തിലും എത്തി. അവിടെ നാല് ദിവസം ചിലവഴിച്ച ശേഷം ഞങ്ങള്‍ വര്‍ക്കല കടപ്പുറത്തേക്ക് പോയി.

‘നോര്‍ത്ത് ക്ലിഫ്ഫി’ലുള്ള ഒരു സുന്ദരമായ ഗസ്റ്റ് ഹൗസിലാണ് ഞങ്ങള്‍ താമസിച്ചത്. രണ്ടു പട്ടിക്കുട്ടികളും ഒരു പൂച്ചക്കുട്ടിയും ഉണ്ടായിരുന്നു അവിടെ. മൃഗങ്ങളെ വലിയ ഇഷ്ടമുള്ള എന്‍റെ സഹോദരി അവയെ അതിരറ്റു സ്നേഹിച്ചു.

കുറച്ചു ദിവസങ്ങള്‍ അവിടെ താമസിച്ചു കഴിഞ്ഞപ്പോള്‍ അവിടുത്തെ മാനേജര്‍, മറ്റു സ്റ്റാഫ്‌ എന്നിവരുമായെല്ലാം ഞങ്ങള്‍ സൗഹൃദത്തിലായി. ഒരു ശനിയാഴ്ച ദിവസം മാനേജര്‍ ഞങ്ങളോട് നാളെ ഞാന്‍ പള്ളിയില്‍ കുര്‍ബ്ബാനയ്ക് പോവുകയാണ് എന്ന് പറഞ്ഞു. എനിക്ക് കുര്‍ബ്ബാനയ്ക് പോകാന്‍ ആഗ്രഹമുണ്ട് എന്നും അവളെ തനിച്ചാക്കി പോകാന്‍ ഞാന്‍ ഒരുക്കമല്ലാത്തത് കൊണ്ട് ഞാന്‍ പോകാതിരിക്കുകയാണ് എന്നും മനസ്സിലാക്കിയ എന്‍റെ സഹോദരി എന്നോട് പറഞ്ഞു, “ഞാന്‍ ഇവിടെത്തന്നെയുണ്ടാകും. നീ പോയി വന്നിട്ട് നമുക്ക് ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിക്കാം. പേടിക്കണ്ട.” ഞാന്‍ സമ്മതിച്ചു.

മാനേജര്‍ക്കൊപ്പം ഞാന്‍ പള്ളിയില്‍ പോയി. തിരിച്ചു വന്നപ്പോള്‍ അവളെ ഗസ്റ്റ്ഹൗസില്‍ കണ്ടില്ല. ബീച്ചില്‍ നടക്കാന്‍ പോയതാവും എന്ന് ഞാന്‍ ആദ്യം കരുതി. പക്ഷേ ബീച്ചില്‍ പോയി നോക്കിയപ്പോള്‍ കണ്ടില്ല.

എനിക്ക് ചെറിയ പേടിയായി തുടങ്ങി. ഗസ്റ്റ് ഹൗസില്‍ തിരിച്ചു പോയി നോക്കി, അവിടെയും ഇല്ല. മാനേജര്‍ എന്നോടൊപ്പം അവളെ അന്വേഷിക്കാന്‍ കൂടി. ഞാന്‍ മറ്റൊരു ബീച്ചിലേക്ക് അവളെ തേടി പോയപ്പോള്‍ മാനേജര്‍ എന്നെ ഫോണില്‍ വിളിച്ചു അവള്‍ ബീച്ചില്‍ നടക്കുന്നുണ്ട് എന്ന് പറഞ്ഞു.

ഞാന്‍ തിരിച്ചോടി. അവളെ കണ്ടപ്പോള്‍ സന്തോഷവും സങ്കടവും ഒരുമിച്ചായിരുന്നു. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു, സമാധാനമായപ്പോള്‍ ചോദിച്ചു, എന്ത് പറ്റി എന്ന്. ബീച്ചില്‍ നീന്താന്‍ പോയതാണു എന്നും വലിയ തിരകള്‍ ഉണ്ടായിരുന്നത് കാരണം നീന്താന്‍ പറ്റിയില്ല എന്നും അവള്‍ പറഞ്ഞു. അപ്പോള്‍ ഒരു ജര്‍മന്‍കാരന്‍ അവളുടെ അടുത്ത് വന്നു. അയാള്‍ അവളെ ബൈക്കില്‍ കയറ്റി അടുത്തുള്ള കായലില്‍ നീന്താന്‍ കൊണ്ട് വിട്ടു എന്നും നീന്തി കഴിഞ്ഞപ്പോള്‍ അയാളെ അവിടെ കണ്ടില്ല എന്നും അവള്‍ പറഞ്ഞു. ഇരുപതു മിനിറ്റോളം അയാളെ അവിടെ കാത്തു നിന്ന ശേഷം അവള്‍ തിരികെ വരാനുള്ള വഴിയോര്‍ത്ത് ബീച്ചിലേക്ക് മടങ്ങി എത്തുകയായിരുന്നു.

“ആരോടോപ്പവും പോകല്ലേ, ആളുകളെ ഉദ്ദേശം എന്താണ് എന്ന് നമുക്കറിയില്ലല്ലോ, എന്ന് ഞാന്‍ അവളോട്‌ കേണു പറഞ്ഞു. അയാള്‍ ‘ജെനുവിനാണ്’ എന്നാണ് അവള്‍ക്കു തോന്നിയത് എന്നവള്‍ മറുപടി പറഞ്ഞു.

ഫെബ്രുവരി 21 ന് ഞങ്ങള്‍ തിരുവനന്തപുരത്ത് പോത്തന്‍കോട് അടുത്തുള്ള ‘ധര്‍മ്മാ ആയുര്‍വേദ സെന്ററി’ല്‍ എത്തി. അവിടുത്തെ കരുണയുള്ള ഡോക്ടര്‍മാര്‍ ഞങ്ങളെ നന്നായി നോക്കി. ഒരാഴ്ചത്തെ സമീകൃത ആഹാരം, ആയുര്‍വേദ ചികിത്സ, ദിവസം രണ്ടു നേരമുള്ള നടത്തം, യോഗ, ശ്വാസക്രമീകരണ വ്യായാമങ്ങള്‍, ധ്യാനം എന്നിവ കാരണം എന്‍റെ സഹോദരി നന്നായി ഉറങ്ങാന്‍ തുടങ്ങി. കാഴ്ചയിലും അവള്‍ കുറെയും കൂടി നന്നായി. രണ്ടാമത്തെ ആഴ്ച മുതല്‍ അവള്‍ രാവിലെ 6.30 മണിയ്ക്കുള്ള യോഗ ക്ലാസ്സില്‍ പോയി തുടങ്ങി. എല്ലാം നന്നായി വരുന്നുണ്ടായിരുന്നു.

മാര്‍ച്ച്‌ 14

രാവിലെ ആറു മണിയ്ക്ക് യോഗ ക്ലാസ്സിലേക്ക് പോകാന്‍ ഞാന്‍ തയ്യാറായി. ബാത്ത്റൂമിലേക്ക് ഞാന്‍ പല്ല് തേക്കാന്‍ പോയി. തിരികെ വന്നപ്പോള്‍ അവള്‍ യോഗ വേഷമിട്ടു കിടക്കയില്‍ കിടക്കുകയായിരുന്നു. ‘എല്ലാം ഓക്കേ അല്ലേ?’ എന്ന് ഞാന്‍ അവളോട്‌ ചോദിച്ചു. ‘തലവേദനയാണ്, ഇന്ന് ക്ലാസ്സിലേക്ക് വരുന്നില്ല’ എന്നവള്‍ പറഞ്ഞു. വേദന കുറയാനുള്ള മരുന്നെന്തെങ്കിലും ഞാന്‍ പോയി വാങ്ങണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കുറച്ചു നേരം കിടന്നാല്‍ മാറും എന്നവള്‍ മറുപടി പറഞ്ഞു.

വേദന കുറയാനായി അവളുടെ നിറുകയില്‍ ഞാന്‍ ഒരു തണുത്ത ടവല്‍ വെച്ച് കൊടുത്തു. കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് പിരിഞ്ഞു. വാതില്‍ കടക്കും മുന്‍പ് അവള്‍ വിളിച്ചു പറഞ്ഞു, “എന്‍റെ യോഗ സെഷന്‍ എന്ന് ഏതു സമയത്തായിരിക്കും എന്ന് ടീച്ചറോട്‌ ചോദിക്കണം,” ചോദിക്കാം എന്ന് പറഞ്ഞു ഞാന്‍ പിരിഞ്ഞു.

ക്ലാസില്‍ നിന്നും മടങ്ങി വന്നപ്പോള്‍ അവളുടെ ചെരുപ്പ് കാണാനില്ലായിരുന്നു എന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു. അവള്‍ ഗേറ്റിന് പുറത്ത് പതിവായി സിഗരറ്റ് വലിക്കാന്‍  പോകുന്ന ഇടത്ത് പോയതാവും എന്ന് കരുതി ഞാന്‍ മുറിയില്‍ ഇരുന്നു. പത്തു മിനുറ്റ് കഴിഞ്ഞപ്പോള്‍ യോഗ ടീച്ചര്‍ അവള്‍ക്കു ക്ലാസ്സ്‌ എടുക്കാനായി വന്നു.

ഞാന്‍ പോയി അവളെ വിളിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി. പതിവായുള്ള സ്ഥലത്ത് അവളെ കണ്ടില്ല. എന്തോ പ്രശ്നമുണ്ട് എന്ന് സൂചിപ്പിച്ച എന്‍റെ മനസ്സിനെ ഒന്നുമില്ല എന്ന് സ്വയം പറഞ്ഞു ഞാന്‍ ശാന്തമാക്കി. തലവേദന കുറയാന്‍ വേണ്ടി തുറസ്സായ സ്ഥലത്ത് കുറച്ചു ശുദ്ധവായു ശ്വസിക്കാന്‍ പോയതാവും എന്ന് കരുതി. ഞാന്‍ ഓടി മുറിയിലേക്ക് ചെന്ന് യോഗ ടീച്ചറോട്‌ പതിവായുള്ള വഴിയില്‍ അവളെ കണ്ടില്ല, ഞാന്‍ പോയി നോക്കി വരാം എന്ന് പറഞ്ഞു. അവള്‍ സ്ഥിരമായി നടക്കുന്ന വഴി മുഴുവന്‍ നടന്നു നോക്കി, അവളെ കണ്ടില്ല.

എനിക്ക് പേടിയായി തുടങ്ങി. ഞാന്‍ ആയുര്‍വേദ സെന്ററില്‍ ചെന്ന് എന്‍റെ സഹോദരിയെ കാണാനില്ല, ഞാന്‍ അന്വേഷിച്ചു, അവള്‍ ഇവിടെയെങ്ങുമില്ല, നമുക്ക് അവളെ തിരയണം എന്ന് പറഞ്ഞു.

ബൈക്കിലും കാറിലുമായി ആളുകള്‍ അവളെ തിരയാന്‍ ഇറങ്ങി. ഞാന്‍ വീണ്ടും ഞങ്ങള്‍ നടക്കുന്ന മറ്റൊരു വഴിയിലേക്ക് ഇറങ്ങി. തിരിച്ചു ഞാന്‍ ആയുര്‍വേദ സെന്ററില്‍ എത്തിയപ്പോള്‍ ഓട്ടോ സ്റ്റാന്റിലെ ഒരു ഡ്രൈവര്‍ അവളെക്കുറിച്ച് വിവരം നല്കിയതായി അറിഞ്ഞു. മറ്റൊരു ഡ്രൈവര്‍ കോവളം ബീച്ചില്‍ കൊണ്ട് വിട്ട വിദേശ യുവതി അവളാവാന്‍ സാധ്യതയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

എനിക്ക് കുഴപ്പമായി. ഞങ്ങള്‍ ഒരിക്കലും പോയിട്ടില്ലാത്ത ഇടമാണ് കോവളം. ഇവള്‍ എന്തിനാണ് അവിടെ പോകുന്നത്? അവിടെയ്ക്ക് അവളെ അന്വേഷിച്ചു പോകാനായി കാര്‍ കാത്തു നിന്ന നിമിഷങ്ങള്‍ എത്ര വേദനയുളവാക്കിവയായിരുന്നു എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല.

11.30 മണിയോടെ ഞങ്ങള്‍ കോവളത്തെത്തി. ആയുര്‍വേദ സെന്ററിലെ മൂന്ന് പേരും ഞാനും ചേര്‍ന്ന് അവിടെയെല്ലാം ഓടി നടന്നു അന്വേഷിച്ചു. ഫോണില്‍ അവളുടെ ചിത്രം എല്ലാവരെയും കാണിച്ചു. രണ്ടു പേര്‍ അവള്‍ തെക്ക് ഭാഗത്തേക്ക് നടന്നു പോകുന്നത് കണ്ടതായി പറഞ്ഞു. അതൊരല്‍പ്പം പ്രതീക്ഷ നല്‍കി. അവള്‍ ദൂരേക്ക്‌ പോകാന്‍ സാധ്യത ഇല്ല എന്നും ഏതു നിമിഷവും അവളെ കണ്ടെത്തും എന്നും തോന്നി. പക്ഷേ അവളെ കണ്ടില്ല.

ഞങ്ങള്‍ കോവളം പോലീസ് സ്റ്റേഷനിലേക്ക് പോയി. അവര്‍ക്ക് ഞങ്ങളെ സഹായിക്കാന്‍ കഴിയില്ല എന്നവര്‍ പറഞ്ഞു, കാരണം അവള്‍ കാണാതായത് പോത്തന്‍കോട് നിന്നാണ് അത് കൊണ്ട് അവിടുത്തെ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അത് വരുക എന്നും പറഞ്ഞു.

പേപ്പര്‍ വര്‍ക്ക് ചെയ്തു സമയം കളയാതെ ഞങ്ങള്‍ പുറത്തു സജീവമായി അന്വേഷണം തുടരാം എന്ന് കരുതി. അവളുടെ ഫോട്ടോ പ്രിന്റ്‌ ചെയ്തെടുത്തു, അതില്‍ ‘Missing Person’ എന്നെഴുതി ഫോണ്‍ നമ്പറും ചേര്‍ത്തു. കോവളത്തിന്‌ തെക്കും വടക്കുമുള്ള മറ്റെല്ലാ ബീച്ചിലെക്കും വണ്ടി ഓടിച്ചു പോയി. പടം കാണിച്ചു ചോദിച്ചു. ആരും കണ്ടിരുന്നില്ല അവളെ.

തിരിച്ചു പോത്തന്‍കോട് എത്തുന്നത്‌ വരെ ഞാന്‍ കരച്ചിലായിരുന്നു. അവിടെ എത്തിയ എനിക്ക് ഒരു ’emotional break down’ തന്നെയുണ്ടായി. ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ ആയില്ല. അവള്‍ ‘Vulnerable’ ആണ് അത് കൊണ്ട് അവളെ പെട്ടന്ന് കണ്ടു പിടിക്കണം എന്ന് മാത്രം ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. കേസിന്‍റെ ചാര്‍ജ് ഉള്ള പോലീസ് ഓഫീസര്‍ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. കരയണ്ട, ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ അവള്‍ തിരിച്ചു വരും എന്ന് പറഞ്ഞു.

ആ വാക്കുകള്‍ക്കൊന്നും എന്നെ സമാധാനിപ്പിക്കാന്‍ ആയില്ല. എന്‍റെ സഹോദരി എവിടേയോ പോയി എന്നും അവള്‍ ഇല്ലാതെ ഞാന്‍ മടങ്ങിപ്പോകേണ്ടി വരും എന്നുമുള്ള ചിന്ത എനിക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറത്തായിരുന്നു.

മുറിയിലെത്തിയ ഞാന്‍ അവള്‍ എന്തെങ്കിലും എടുത്തിട്ടാണോ പോയത് എന്ന് നോക്കി. എല്ലാ സാധനങ്ങളും മുറയില്‍ തന്നെയുണ്ടായിരുന്നു. രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥനയിലായി. എവിടെയാണ് അവള്‍? കഴിക്കാനും കുടിക്കാനും എന്തെങ്കിലും കിട്ടിയോ? ഒറ്റയ്ക്കായാല്‍ വല്ലാതെ പരിഭ്രമിക്കുമല്ലോ… എന്താ വിളിക്കാത്തത്… മടങ്ങി വരാത്തത്… തിരച്ചു ഇങ്ങോട്ട് എത്താനുള്ള മിടുക്കൊക്കെയുള്ളവളാണ്… എന്തെങ്കിലും അപകടത്തില്‍ പെട്ടിരിക്കും… മനസ്സ് പുലമ്പിക്കൊണ്ടിരുന്നു.

വായിക്കാം: ഭാഗം രണ്ട്, അവളെത്തേടി, കേരളം മുഴുവന്‍

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Sister of latvian woman found dead in kovalam traces journey to kerala

Best of Express