ഭാഗം 2 – അവളെത്തേടി
മാര്‍ച്ച് 15
രാവിലെയായി, കരഞ്ഞ് തളര്‍ന്ന എന്‍റെ കണ്ണുകള്‍ തുറക്കാന്‍ പോലും സാധിച്ചില്ല. ഹൃദയം നുറുങ്ങുന്നത് പോലെ, ഒന്നും കഴിക്കാന്‍ പറ്റുന്നില്ല, നേരാം വണ്ണം ആലോചിക്കാന്‍ പറ്റുന്നില്ല. അവളെ കാണുന്നില്ല, എന്തിനാണ്, എങ്ങോട്ടാണ് അവള്‍ പോയത്? എങ്ങനെ കണ്ടു പിടിക്കും, പോലീസിനെ വിളിച്ചല്ലോ, പക്ഷേ അവര്‍ക്കും ഒരു വിവരവും കിട്ടിയില്ലല്ലോ? അവിടേയ്ക്കു തന്നെ മടങ്ങി പോയി അന്വേഷണം തുടരാം എന്ന് തോന്നി.
വീണ്ടും അവളുടെ മുഖം പതിച്ച പോസ്റ്ററുകളുമായി ഞങ്ങള്‍ കോവളത്തും നഗരത്തിലും പോയി. കേരളത്തിലെ മനുഷ്യര്‍ കരുണയുള്ളവരാണ്. അവര്‍ സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്തു ഞങ്ങളെ സഹായിച്ചു തുടങ്ങി. ഞാന്‍ അവളുടെ പാര്‍ട്ട്‌നറെ വിളിച്ചു അവളെ കാണാനില്ല എന്ന് പറഞ്ഞു. അടുത്ത ഫ്ലൈറ്റില്‍ത്തന്നെ ഞാന്‍ എത്താം എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു അദ്ദേഹത്തിനുള്ള വിസ എത്രയും പെട്ടന്ന് കൊടുക്കാന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 17 ന് ഉച്ചയോടു കൂടി അദ്ദേഹം ഇവിടെ എത്തും എന്നറിയിച്ചു.
അന്ന് രാത്രി ആയുര്‍വേദ സെനന്റെറില്‍ മടങ്ങിയെത്തിയ ഞാന്‍ വീണ്ടും സങ്കടത്തിലായി. അച്ഛനേയും അമ്മയേയും വിളിച്ചു പറയണ്ടേ അവളെ കാണാതായ വിവരം? എന്ത് പറയും ഞാന്‍, എങ്ങനെ പറയും? അവര്‍ തകര്‍ന്നു പോവില്ലേ, എന്‍റെ സഹോദരിയെ നഷ്ടപ്പെട്ടു എന്നറിയുമ്പോള്‍? പാവം അവള്‍ എവിടെയോ ഒറ്റയ്ക്ക്…
കണ്ണീരിന്‍റെയും പ്രാര്‍ത്ഥനകളുടെയും മറ്റൊരു രാത്രി കൂടി കടന്നു പോയി, അവളെക്കുറിച്ച് വിവരമൊന്നുമില്ലാതെ.
മാര്‍ച്ച് 16
ഞങ്ങള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാന്‍ പോയി. അദ്ദേഹം പൊലീസ് കമ്മിഷണറുമായി ഒരു അപ്പോയിന്റ്റ്മെന്റ് അറേഞ്ച് ചെയ്തു. ഞങ്ങള്‍ അദ്ദേഹത്തെ കണ്ടു. കോവളത്തെ പൊലിസിനെ വിളിച്ചു അന്വേഷണം ത്വരിതപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വിഷമിക്കണ്ട, രണ്ടു ദിവസത്തിനുള്ളില്‍ കണ്ടു പിടിക്കാം എന്ന് അദ്ദേഹവും വാക്ക് തന്നു. ആയുര്‍വേദ സെന്ററിന്‍റെ ഉടമസ്ഥന്‍, അദ്ദേഹത്തിന്‍റെ അമ്മാവന്‍, അവിടത്തെ മാനേജര്‍, ഡോക്ടര്‍മാര്‍, എന്നിങ്ങനെ അവിടെയുള്ള എല്ലാവരും അവരാല്‍ കഴിയുന്ന രീതിയില്‍ എന്നെ സഹായിച്ചു, വലിയ ദുരന്തത്തില്‍ എന്‍റെ കൈപിടിച്ചു. അവരോടു എന്നും നന്ദിയും കടപ്പാടും ഉണ്ടാകും. അവരാണ് മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചകള്‍ രാവിലത്തേക്ക് അറേഞ്ച് ചെയ്തത്.
വൈകിട്ട് കോവളത്ത് കൂടുതല്‍ ‘Missing Person!” പോസ്റ്ററുമായി ചെന്നു. കമ്മിഷണര്‍ പറഞ്ഞതനുസരിച്ച് പൊലീസിനും പോസ്റ്റര്‍ കൊടുത്തു. അവരെല്ലാം വളരെ റിലാക്സ്ഡ് ആയി തോന്നി. അന്വേഷണത്തില്‍ ഉണ്ടാകും എന്ന് പറഞ്ഞ ‘ത്വരിതപ്പെടുത്തല്‍’ അവിടെ കണ്ടില്ല.
ഉറക്കം നഷ്ടപ്പെട്ട് മറ്റൊരു രാത്രി കൂടി കഴിച്ചു കൂട്ടി.
മാര്‍ച്ച് 17
രാവിലെ ആറു മണിക്ക് ഞങ്ങള്‍ ഒരു കാറില്‍ കയറി തിരുവനന്തപുരത്തേക്ക് പോയി. അവിടെ പത്ര സമ്മേളനം അറേഞ്ച് ചെയ്തിരുന്നു. അവളുടെ പാര്‍ട്ട്‌നര്‍ അയര്‍ലാന്‍ഡില്‍ നിന്നും എമര്‍ജന്‍സി വിസ എടുത്തു കേരത്തില്‍ എത്തിയിരുന്നു അന്ന്, അന്വേഷണത്തിനു സഹായിക്കാന്‍. ലാത്‌വിയന്‍ പൗരത്വം ഉള്ള ആളാണ് എന്‍റെ സഹോദരി, സ്ഥിര താമസം (Permanent Residency) അയര്‍ലാന്‍ഡിലും.
അന്ന് വൈകിട്ട് ഞങ്ങള്‍ ഒന്ന് കൂടി കമ്മിഷണറെ കാണാന്‍ പോയി. വേഗം കണ്ടു പിടിക്കാം എന്ന് അദ്ദേഹം വീണ്ടും സമാധാനിപ്പിച്ചു. പൊലീസ് എന്താണ് ചെയ്യുന്നത്? എല്ലാ ആശുപത്രികളും, സി സി ടി വിയും, ആശ്രമങ്ങളും, ബസ് സ്റ്റോപ്പുകളും, റിക്ഷാ സ്റ്റാന്റുഡുകളും എല്ലാം നിങ്ങള്‍ അന്വേഷിച്ചോ? എവിടെയാണ് നിങ്ങള്‍ അവളെ നോക്കുന്നത്? അവള്‍ക്കു വിഷാദ രോഗമുണ്ട് എന്ന് ഞങ്ങള്‍ ഊന്നി പറഞ്ഞു കൊണ്ടേയിരുന്നു.
മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊടുത്തു തുടങ്ങി. കാണുന്നവരോട് എല്ലാം ഞങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ അത് ഷെയര്‍ ചെയ്യാന്‍ പറഞ്ഞു. അവളെ കാണാതായിട്ട് നാല് ദിവസം കഴിഞ്ഞു. അവള്‍ എങ്ങോട്ടെങ്കിലും എത്തിക്കാണും എന്നും കൂടുതല്‍ ഇടങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കണം എന്നും എന്‍റെ മനസ്സു പറഞ്ഞു.
മാര്‍ച്ച് 18
ഞങ്ങള്‍ ലാത്‌വിയയിലെ വിദേശ കാര്യ മന്ത്രാലയത്തിന്‍റെയും ഇന്ത്യയിലെ അയര്‍ലാന്‍ഡ് എംബസിയുടെയും മറ്റു ഡിപ്ലോമാറ്റിക് സ്ഥാപനങ്ങളുടെയും ഇടപെടല്‍ ആവശ്യപ്പെട്ടു. അയര്‍ലാന്‍ഡിലേയും ലാത്വിയയിലേയും സുഹൃത്തുക്കള്‍ പ്രാര്‍ത്ഥനയും സഹായവുമായി കൂടെ നിന്നു.
അവളെ കാണാതായി ഒരാഴ്ചയായപ്പോള്‍ അന്വേഷണം നടത്തുന്ന ഒരു പൊലീസ് ഓഫീസര്‍ക്ക് ഞാന്‍ ഇങ്ങനെ എഴുതി.
“അവര്‍ സ്വന്തം ഇഷ്ടപ്രകാരം എവിടെയോ കറങ്ങി നടക്കുകയാണ് എന്ന് ദയവായി കരുതാതിരിക്കൂ. എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന ആളാണ് എന്‍റെ സഹോദരി. ആരെയും അവള്‍ വേദനിപ്പിക്കില്ല. പ്രത്യേകിച്ച് ഞങ്ങളെ. അവളെ കാണാതെ ഞങ്ങള്‍ വിഷമിക്കും എന്നവള്‍ക്കറിയാം. ഞങ്ങളോട് അവളിതു ചെയ്യില്ല.
സ്വതന്ത്രയായി നടക്കുകയാണ് അവളെങ്കില്‍ ഇതിനോടകം അവള്‍ ഞങ്ങളുടെ കൈകളിലേക്ക് തന്നെ മടങ്ങി എത്തിയേനെ. അവളുടെ കൈയ്യില്‍ ഒന്നുമില്ല – പണം, യാത്രാ ഡോക്യുമെന്റ്സ്, അങ്ങനെ ഒന്നും. അവള്‍ക്കു വിഷാദ രോഗമുള്ളതു കൊണ്ട് തന്നെ സാധാരണ ആളുകള്‍ സന്തോഷം കാണുന്ന ഒന്നിലും അവള്‍ക്കു താത്പര്യവും ഇല്ല.
ഇത്രയും സമയം കഴിഞ്ഞില്ലേ. എന്‍റെ സഹോദരി ഒരു പാവമാണ്. അവള്‍ ആരെയെങ്കിലും വിശ്വസിച്ച് കൂടെ പോയിട്ടുണ്ടാകും. അല്ലാതെ അവളുടെ തിരോധാനത്തെക്കുറിച്ച് ‘ലോജിക്കല്‍’ അല്ല മറ്റൊരു കാരണവും എനിക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. കൊണ്ട് പോയ ആള്‍ അവളെ എവിടെ എത്തിച്ചു, എന്തിനാണ് അങ്ങനെ ചെയ്തത്, അത് മാത്രമാണ് എനിക്കറിയാത്തത്.”
മാര്‍ച്ച് 24
എല്ലാ പരിശ്രമങ്ങളും നടത്തി, എല്ലാ മാധ്യമപ്രവര്‍ത്തകരുടേയും മുന്നില്‍ ചെന്ന് കരഞ്ഞു, അധികാര സ്ഥാനത്തുള്ള എല്ലാവരുടേയും മേശയ്ക്കു മുന്നില്‍ ചെന്ന് നിന്നു. ഒടുവില്‍, ഞാന്‍ അറിഞ്ഞു, ഒരു സ്പെഷ്യല്‍ ടീമിനെ അന്വേഷണത്തിനായി ഏര്‍പ്പെടുത്തി എന്ന്.
അവര്‍ അഭിമുഖങ്ങള്‍ എടുത്തു, എന്തെങ്കിലും തുമ്പ് കിട്ടുമോ എന്ന് അന്വേഷിച്ചു. എനിക്ക് സമാധാനമായി. ഇപ്പോള്‍ ഇരു കൂട്ടരും ഒരേ ലക്ഷ്യത്തിനു വേണ്ടി, ഒരേ പാതയില്‍ സഞ്ചരിക്കുന്നവരായി. അന്വേഷണ ഉദ്യോഗസ്ഥന്‍ രാജ്‌കുമാറിന്‍റെ ഫോണ്‍ നമ്പര്‍ എനിക്ക് തന്നു, എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കാന്‍. വീണ്ടും പ്രതീക്ഷകള്‍ തലപൊക്കി തുടങ്ങി. എന്‍റെ സഹോദരിയെ ഞങ്ങള്‍ കണ്ടെത്തും എന്ന് തന്നെ എനിക്ക് ഉറപ്പായി. ഞങ്ങള്‍ വൈകി പോയി എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. അവള്‍ പോയി എന്നും. ഞങ്ങള്‍ അന്വേഷിച്ചു കൊണ്ടേയിരുന്നു.
മാര്‍ച്ച് 26
നിയമോപദേശം തേടിയതിന് ശേഷം ഞാന്‍ ‘ഹേബിയസ് കോര്‍പ്പസ്’ ഫയല്‍ ചെയ്തു. പൊലീസ് അന്വേഷിക്കുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നുവെങ്കിലും അവരെ ‘അക്കൗണ്ടബിള്‍’ ആക്കേണ്ടതുണ്ട് എന്ന് തോന്നിയത് കൊണ്ടാണ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. അന്വേഷണം വൈകുന്നത് കൊണ്ടും.
ഏപ്രില്‍ 2
ഈസ്റ്റര്‍ ആയിട്ടും അവള്‍ തിരിച്ചു വരുന്ന വിവരം ഒന്നും കിട്ടിയില്ല. ഞങ്ങളെ അവളുടെ അടുത്തേക്ക് എത്തിക്കണമേ ദൈവമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ദൈവം അത്ഭുതം കാട്ടിയ ദിവസമല്ലേ…
രാവിലെ ഞാന്‍ (ഞങ്ങളെ അന്വേഷണത്തില്‍ സഹായിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍) സുനിത്തിനൊപ്പം പള്ളിയില്‍ പോയി അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു.
പിന്നീട് പുറത്തേക്കിറങ്ങി ‘Missing’ എന്നെഴുതിയ ഫ്ലൈയറുകള്‍ കാണുന്നവര്‍ക്കൊക്കെ വിതരണം ചെയ്തു. രണ്ടാഴ്ചയായി ഞങ്ങള്‍ ചെയ്ത കാര്യമായിരുന്നു അത്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനൊപ്പം ഒരു ചെറു ഫ്ലൈയര്‍ കൈയ്യില്‍ കൊടുത്താല്‍ അവര്‍ക്കും മറ്റുള്ളവരെ കാണിക്കാമല്ലോ എന്ന് കരുതി.
ഞങ്ങള്‍ പാണത്തുറയില്‍ എത്തി, ഇടത്തോട് നടന്നു, അവിടെ കണ്ടവര്‍ക്ക് കുറച്ചു ഫ്ലൈയറുകള്‍ കൊടുത്തു. അപ്പോള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല, ഏതാനും മീറ്ററുകള്‍ക്കപ്പുറത്ത് അവളുണ്ട് എന്ന്.
അവിടെയാരും അവളെ കണ്ടതായും പറഞ്ഞില്ല. ഞങ്ങള്‍ വലത്തേയ്ക്ക് നടന്നു, അവിടെ ഒരു കോണ്‍ക്രീറ്റ് ചുമര് കണ്ടു. ഇരുന്ന് കടല്‍ത്തിരകള്‍ കാണാന്‍ പറ്റിയ സ്ഥലം. അന്വേഷണം തുടങ്ങിയിട്ട് ആദ്യമായാണ് ഞങ്ങള്‍ ഒരു സ്ഥലത്ത് സമാധാനമായി ഇരുന്നത്.
സുനിത്തിനോട് ഞാന്‍ അവളുടെ ജീവിത കഥ പറയുകയായിരുന്നു. അവള്‍ എവിടെയായിരിക്കും എന്നും അവളെ തിരിച്ചു കിട്ടിക്കഴിഞ്ഞു ഞങ്ങള്‍ ഒരുമിച്ചു എന്തൊക്കെ ചെയ്യുമെന്നും ഞാന്‍ സുനിത്തിനോട് പറഞ്ഞു. കുറച്ചു നേരം അങ്ങനെ സംസാരിക്കാന്‍ എനിക്ക് പറ്റുമായിരുന്നു. അത് കഴിഞ്ഞാല്‍ അവളെക്കുറിച്ചുള്ള ചിന്തകളില്‍ വീണ്ടും തല കറങ്ങും.
അവളെ കാണാതായ സമയം മുതല്‍ ഞങ്ങളെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ‘ധര്‍മ്മാ ആയുര്‍വേദ സെന്ററിലെ ആളുകള്‍ ആയിരുന്നു.അവരാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായി കാണാന്‍ അവസരം ഉണ്ടാക്കിത്തന്നത്. ആണ്ട്രൂ വരുന്നത് വരെ എല്ലായിടത്തും അവര്‍ കൂടെ വന്നു. അവര്‍ വഴിയാണ് ചന്ദ്ര മോഹന്‍ എന്ന പത്രപ്രവര്‍ത്തകനെ പരിചയപ്പെട്ടത്. ആദ്യത്തെ പത്ര സമ്മേളനം അറേഞ്ച് ചെയ്തത് ഉള്‍പ്പടെ ഒരു പാട് സഹായങ്ങള്‍ അദ്ദേഹം ചെയ്തു തന്നു. മനോരമ ന്യൂസിലെ ശ്രീദേവി എന്‍റെ ഒപ്പം നിന്ന് വലിയ പിന്തുണ നല്‍കി. എന്നെ പിടിച്ചു നിര്‍ത്താന്‍ എനിക്ക് പലപ്പോഴും സാധിച്ചത് ശ്രീദേവിയുടെ സാന്നിധ്യം കൊണ്ടാണ്.
അവളുടെ പാര്‍ട്ട്‌നര്‍ വന്നതിനു ശേഷം ഞങ്ങള്‍ ആയുര്‍വേദ സെന്ററില്‍ നിന്ന് കോവളത്തേക്ക് താമസം മാറി. അന്വേഷിക്കാന്‍ എളുപ്പമാകും എന്ന് കരുതി. ഞങ്ങളുടെ ‘Missing’ പോസ്റ്റര്‍ ഒരു സുഹൃത്ത് നന്നായി ‘റീഡിസൈന്‍’ ചെയ്തു തന്നു. ഞങ്ങള്‍ തന്നെ മുന്‍കൈയ്യെടുത്തു എല്ലാ കാര്യങ്ങളും ചെയ്യണം എന്ന അവസ്ഥയിലായി.
വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലക്ക് അഞ്ചാം ദിവസം കയറിചെല്ലുമ്പോള്‍, അവര്‍ക്ക് ഒരു വിവരവും കിട്ടിയില്ല ഇത് വരെ എന്ന് പറഞ്ഞു. അവളെ കാണാതായ ഇടത്തേക്ക് ഒരു മൂന്നോ നാലോ കിലോമീറ്റര്‍ ദൂരമേയുള്ളൂ വിഴിഞ്ഞത്ത് നിന്ന് എന്നോര്‍ക്കണം.
എനിക്ക് സംശയങ്ങള്‍ തോന്നി തുടങ്ങി. എത്ര പൊലീസുകാരെയാണ് അവളെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്? അതിനു വേണ്ടി അവര്‍ എന്താണ് ചെയ്യുന്നത്? പൊലീസ് ആക്ഷന്‍ എടുത്തില്ല എന്നല്ല പറഞ്ഞു വരുന്നത്, എടുത്ത ആക്ഷന്‍ ശരിയായ ദിശയിലുള്ളതാണോ എന്നാണ് സംശയം തോന്നിക്കൊണ്ടിരുന്നത്.
പബ്ലിക് റിലേഷന്‍സ് രംഗത്തുള്ള അവളുടെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ക്ക് വേണ്ടി പണിയെടുത്തു തുടങ്ങി അപ്പോഴേക്കും. അവര്‍ പറ്റാവുന്ന ഇടത്തേക്കെല്ലാം പത്രക്കുറിപ്പുകള്‍ അയച്ചു. അവളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങള്‍ വാട്ട്‌സാപ്പില്‍ ഒരു ടീം രൂപീകരിച്ചു. എന്‍റെ സഹോദരി വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന അവളുടെ അഞ്ചു സ്ത്രീ സുഹൃത്തുക്കള്‍ ചേര്‍ന്നതായിരുന്നു അത്. അവരുമായി അവള്‍ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. അവര്‍ അവള്‍ക്കു വേണ്ടി അവരാല്‍ ആവുന്ന എല്ലാം ചെയ്തു, അവളെ കണ്ടെത്താന്‍ ശ്രമിക്കുന്ന എനിക്ക് വേണ്ടിയും.
ഞങ്ങളുടെ കസിന്‍ ‘Missing in Kerala’ എന്നൊരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കി അതില്‍ പണിയെടുത്ത് കൊണ്ടിരുന്നു.
മാര്‍ച്ച് 18
സുനിത് ഞങ്ങളുടെ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തു ഫേസ്ബുക്കില്‍ ഇട്ടു. ഒരു ലക്ഷത്തോളം ആളുകള്‍ അത് കണ്ടു. എങ്ങനെ നിങ്ങളെ സഹായിക്കാന്‍ സാധിക്കും, ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു എന്നൊക്കെയുള്ള മെസ്സേജുകള്‍ കൊണ്ട് ആ ഫേസ്ബുക്ക് പോസ്റ്റ് നിറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ ശക്തി അറിഞ്ഞ സമയമായിരുന്നു അത്. ലോകമെമ്പാടുമുള്ള ആളുകളുടെ സ്നേഹവും പിന്തുണയും അത് കൊണ്ട് വന്നു. അവര്‍ ഓരോരുത്തരും പകര്‍ന്ന ശക്തിയാണ്, കാണിച്ച മനുഷ്യത്വമാണ് ഞങ്ങളെ ഓരോ ദിവസവും മുന്നോട്ട് നടത്തിയത്, ഞങ്ങള്‍ക്ക് അചഞ്ചലമായ വിശ്വാസവും പ്രതീക്ഷയും പകര്‍ന്നത്.
വിചാരിച്ചതിലും കൂടുതല്‍ ഈ വിഷയത്തില്‍ ഇടപേണ്ടി വന്നയാളാണ് സുനിത്. പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ട, മലയാളം സംസാരിക്കാനറിയാത്ത രണ്ടു വിദേശികള്‍. ഇവിടുത്തെ കാര്യങ്ങള്‍ ഒന്നും തന്നെ അറിയാത്തവര്‍. എങ്ങോട്ട് പോകണം എന്നറിയാത്തവര്‍. അവര്‍ക്ക് സഹായം വേണം എന്ന് സുനിത്തിനു അറിയാമായിരുന്നിരിക്കണം. കണ്ട ദിവസം മുതല്‍ എല്ലാ ദിവസവും സുനിത് എനിക്കൊപ്പം ഉണ്ടായിരുന്നു, അന്വേഷണത്തില്‍ സഹായിക്കാന്‍ മാത്രമല്ല; തകര്‍ന്നു പോയ എന്നെ നോക്കാന്‍, എനിക്ക് ആഹാരം കൊണ്ട് വരാന്‍, ഞാന്‍ ഹോട്ടലില്‍ സുരക്ഷിതയായി എത്തിയോ എന്നയിയാന്‍. ഒരു അടുത്ത സുഹൃത്തായി ഇപ്പോള്‍ ഞാന്‍ കരുതുന്ന സുനിത്തുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നിട്ടുണ്ട്. എനിക്ക് കിട്ടിയ ഒരു അനുഗ്രഹമാണ് ആ സൗഹൃദം. അതില്ലായിരുന്നുവെങ്കില്‍, ഈ അവസ്ഥയില്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നു എന്ന് എനിക്കറിയില്ല.
സോഷ്യല്‍ മീഡിയയിലെ ഞങ്ങളുടെ പേജ് കണ്ടിട്ടാണ് സാം എന്നയാള്‍ അശ്വതി ജ്വാല എന്ന അദ്ദേഹത്തിന്‍റെ സുഹൃത്തിനോട് ഈ വിഷയം പറയുന്നത്. അവര്‍ ഈ വിഷയം അന്വേഷിച്ചു വന്ന സമയത്താണ് ശിവ, വിജു എന്നിവരും ഞങ്ങളുടെ കൂടെ കൂടുന്നത്. പോസ്റ്റര്‍ ഒട്ടിക്കാന്‍ സഹായിച്ചവരാണ് ഇവര്‍. ചില മീറ്റിങ്ങുകൾ അറേഞ്ച് ചെയ്യാനും അവരാല്‍ ആവുന്ന വിധം സഹായിക്കാനും അവര്‍ കൂടെ നിന്നു.
“നിങ്ങളുടെ തിരക്കുള്ള ജീവിതങ്ങളില്‍ നിന്നും സമയം കണ്ടെത്തി ഞങ്ങളെ സഹായിച്ചതിന് ഹൃദയത്തില്‍ തൊട്ട് ഞാന്‍ നന്ദി പറയുന്നു. വിലമതിക്കാനാവാത്തതാണ് നിങ്ങള്‍ തന്ന ആ പിന്തുണ. ഈ യാത്ര ദുഷ്കരമായിരുന്നു, പക്ഷേ ഇതില്‍ നിന്നും ഒരു പാട് പഠിക്കാനും ഉണ്ടായിരുന്നു. എന്‍റെ സഹോദരിക്കും നന്ദി പറയേണ്ടതുണ്ട്, ജീവിതത്തിലെ ഈ വലിയ പാഠങ്ങള്‍ക്ക്.”
എന്‍റെ പ്രിയപ്പെട്ട ചേട്ടന്മാരേ, ചേച്ചിമാരേ, നിങ്ങളെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നു. മറക്കില്ല ഞാന്‍ നിങ്ങളെ ഒരിക്കലും.”
ഇടയ്ക്ക് നാട്ടിലേക്ക് മടങ്ങിപ്പോയ അവളുടെ പാര്‍ട്ട്‌നര്‍ തിരിച്ചു ഇന്ത്യയില്‍ മടങ്ങിയെത്തി. വടക്കന്‍ കേരളത്തിലേക്ക് പോയി അവിടെ നിന്നും ‘Missing’ പോസ്റ്റര്‍ പതിച്ചു തുടങ്ങി തിരുവനന്തപുരം വരെയെത്താം എന്ന് പദ്ധതിയിട്ടു.
ഏപ്രില്‍ 19
എന്‍റെ സഹോദരിയെ കാണാതായിട്ട് ഒരു മാസമായി. കടുത്ത മനപ്രയാസമനുഭവിച്ച ഒരു മാസം. അവിടേയും ഇവിടേയും ചിലര്‍ അവളെക്കണ്ടു എന്ന് പറഞ്ഞതല്ലാതെ വേറെ ഒരു വിവരവും ഇല്ല. അവരോട് സംസാരിച്ചപ്പോള്‍ അവര്‍ പറയുന്നത് വിശ്വസനീയമാണോ എന്ന് തന്നെ ഞാന്‍ സംശയിച്ചു. അവര്‍ കണ്ടത് അവളെയാവില്ല എന്ന് തോന്നിപ്പിച്ച ചില കാര്യങ്ങള്‍ അവരുടെ പറച്ചിലില്‍ നിന്നും എനിക്ക് തോന്നി.
ദിവസങ്ങള്‍ കഴിയും തോറും കാര്യങ്ങള്‍ കൂടുതല്‍ വിഷമകരമായി. അവളുടെ തിരിച്ചു വരവിനായി ആളുകള്‍ പ്രാര്‍ത്ഥിച്ചു എങ്കിലും അവള്‍ വന്നില്ല. താമസം നേരിടുന്നതിന് ദൈവത്തിനു എന്തെങ്കിലും കാരണം കാണുമായിരിക്കും, പക്ഷേ എനിക്കത് മനസ്സിലാവുന്നില്ല.
നാളെ എന്‍റെ പിറന്നാളാണ്. എന്‍റെ സഹോദരി എന്‍റെ ഒപ്പം ഉണ്ടാകണം എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാത്രി മുഴുവന്‍ ഞാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു, എന്‍റെ ആ ഒരു ആഗ്രഹം സാധിച്ചു തരണേ എന്ന്. എന്തൊക്കെ സംഭവിച്ചാലും എനിക്കറിയണം, അവള്‍ എവിടെ എന്ന്.
അന്ന് രാത്രിയിലെ ട്രെയിനില്‍ ഞാന്‍ വടക്കന്‍ കേരളത്തിലേക്ക് പോയി. അവിടെ ഉപ്പള എന്ന സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിക്കുന്നുണ്ടായിരുന്നു അവളുടെ പാര്‍ട്ട്‌നര്‍. ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ പല വിധത്തിലുള്ള ആലോചനകള്‍ എന്നെ വന്നു മൂടി – മനസ്സിന്‍റെ ഒരു പകുതി പോകണം എന്ന് പറയുമ്പോള്‍ അതിന്‍റെ മറുപാതി പാടേ തളര്‍ന്നിരുന്നു.
ഏപ്രില്‍ 20
ഞാന്‍ ഉപ്പളയില്‍ എത്തി അവളുടെ കൂട്ടുകാരനെക്കണ്ടു. ഞങ്ങള്‍ തെക്കോട്ടുള്ള യാത്ര തുടങ്ങി. ബേക്കല്‍ കോട്ടയ്കക്കടുത്ത് എത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രാജ് കുമാര്‍ എനിക്ക് കുറച്ചു പടങ്ങള്‍ അയച്ചു തന്നു. കോവളത്തിന് അഞ്ചു കിലോമീറ്റര്‍ വടക്കായി പരിസരവാസികളായ രണ്ടു ചെറുപ്പക്കാര്‍ കണ്ടെത്തിയ ഒരു മൃതദേഹത്തിന്‍റെയായിരുന്നു അത്. പഴകിയ ശരീരമായിരുന്നു, ഞാന്‍ ആ കൈകളിലേക്ക് നോക്കി. അതിന്‍റെ ഔട്ട്‌ലൈന്‍ അവളുടേത് തന്നെ. മുടിയിഴകള്‍, അതും അവളുടേത്. കണ്ടത് അവളെത്തന്നെ എന്ന് സമ്മതിക്കാന്‍ മനസ്സ് തയ്യാറായില്ല, പക്ഷേ ബോധം പറഞ്ഞു അതവള്‍ തന്നെ എന്ന്.
വായിക്കാം: ഭാഗം 1, ഒരു തിരോധാനത്തിന്‍റെ ഡയറിക്കുറിപ്പുകള്‍
വായിക്കാം: ഭാഗം 3, പ്രിയപ്പെട്ടവളേ വിട