scorecardresearch
Latest News

പ്രിയപ്പെട്ടവളേ വിട

കൈകളും, ഉടുപ്പും, മുടിയിഴകളുമെല്ലാം കണ്ടു. എല്ലാം അവളുടേത് തന്നെ, പക്ഷേ അവള്‍ മാത്രമില്ല. കാലം ഞങ്ങളെ കാണിക്കാന്‍ കാത്തു വച്ച പുറം തോട് മാത്രമായിരുന്നു അത്. അവളെ എപ്പോഴോ നഷ്ടപ്പെട്ടിരുന്നു… സഹോദരിയെ നഷ്ടപ്പെട്ട ലാത്വിയന്‍ യുവതിയുടെ കുറിപ്പിന്‍റെ അവസാന ഭാഗം

പ്രിയപ്പെട്ടവളേ വിട

ഭാഗം 3 – പ്രിയപ്പെട്ടവളേ വിട

രാത്രി 7.30 മണിയ്ക്കുള്ള ട്രെയിനില്‍ കയറി ഞങ്ങള്‍ തിരുവനന്തപുറത്തേക്ക് തിരിച്ചു. അത് രാവിലെ 9.30 മണിയ്ക്ക് അവിടെ എത്തും. ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഒരു തരം അവിശ്വാസമായിരുന്നു എനിക്കും അവളുടെ കൂട്ടുകാരനും. വാതില്‍പ്പടിയിലാണ് ഞങ്ങള്‍ ഇരുന്നത്, ട്രെയിന്‍ പായുമ്പോള്‍ മുഖത്തടിക്കുന്ന കാറ്റ്, രാത്രിയുടെ ഇരുട്ട്… ഇരുവരുടേയും മനസ്സ് പുറകോട്ട് സഞ്ചരിക്കുകയായിരുന്നു. ഒപ്പം അതവള്‍ അല്ലായിരിക്കണേ എന്ന വിചാരവും.

ആ രാത്രി ഞാന്‍ ഇങ്ങനെ എഴുതി.

ഏറ്റവും ഭയപ്പെടുത്തുന്ന ആ നിമിഷങ്ങള്‍
ശാന്തിയിലേക്കെത്താന്‍ ശ്രമിച്ചു തളര്‍ന്ന്,
ഇരുകാലുകളില്‍ വേച്ചുവേച്ചു പോകുന്ന വിചാരങ്ങള്‍
ഓര്‍മ്മകള്‍ കാട് കയറി, നിറയെ മരങ്ങളുള്ള ഒരു കാട്
ഒരിക്കലും വരണ്ടു പോകാത്ത കാട്
കണ്ണീരിന്‍റെ വെള്ളവും ഭയങ്ങള്‍ വളവുമായവ
കരച്ചില്‍ പോലെ പൊഴിഞ്ഞു വീഴുന്ന പച്ച
വിട്ടു കൊടുക്കാന്‍ ആവുന്നില്ല
ലോകം നരകതുല്യമാകുന്നു
പൊരുതുമ്പോള്‍ പോലും വിടാത്ത അസ്വസ്ഥത
ഉള്ളില്‍ പൂട്ടിയിടപ്പെടുന്ന വാക്കുകള്‍
സന്തോഷമറ്റ ജീവിത മുഹൂര്‍ത്തങ്ങള്‍

നിനക്കായി ഉള്ളിലുള്ള അളവറ്റ സ്നേഹം
പുറത്തു കാണിക്കാന്‍ വഴികള്‍ തേടുന്ന ഞങ്ങള്‍
ഞങ്ങളുടെ നിധിയാണ് നീ
നിര്‍ത്താതെ തേടും, മനസ്സു പൊട്ടുമ്പോള്‍ പോലും.
നീ അറിയും എന്ന് വിചാരിക്കുന്നു,
അളവില്ലാത്ത ആ സ്നേഹത്തിന്‍റെ അതിരുകള്‍

സങ്കടം മുറ്റുന്ന നിന്‍റെ കാണുമ്പോള്‍ വിങ്ങലായിരുന്നു
ഒരു പാവമായ നീ കടന്നു പോയ വേദനകള്‍
പശ്ചാത്താപമുണ്ട്, കാലത്തിന് മായ്കാനാവാത്തത്

നീ പോയോ, വിശ്വാസം വരുന്നില്ല!
ദൂരെയാ പര്‍വ്വതങ്ങളിലേക്ക് ഓടാന്‍ മനസ്സു വെമ്പുന്നു
അവിടെ ഉയരുന്ന സൂര്യനില്‍ അലിയിച്ചു കളയണം
മനസ്സിന്‍റെ നോവുകളെല്ലാം.

അറിഞ്ഞില്ല ഞാന്‍, ദൈവത്തിന്‍റെ അഭയകേന്ദ്രത്തില്‍ എത്താന്‍
നീ കടന്ന ഘോരകാനനങ്ങള്‍

ഏപ്രില്‍ 21

റെയില്‍വേ സ്റ്റേഷനില്‍ സുനിത് വന്നിരുന്നു, ഞങ്ങളെ കൂട്ടിക്കൊണ്ട് പോകാന്‍. നേരെ പാണത്തുറയിലേക്ക് തന്നെ പോയി, ദേഹം തിരിച്ചറിയാന്‍.

കഠിനമായിരുന്നു അത്. പക്ഷേ എന്തോ ഒരു ശാന്തി ഉള്ളില്‍ വന്നു നിറയുന്നതു പോലെ തോന്നി. അടുത്ത് ചെന്നപ്പോള്‍ ഞാന്‍ കണ്ടു എന്‍റെ സഹോദരിയുടെ കൈകള്‍. അതേ ‘ബോണ്‍ സ്ട്രക്ച്ചര്‍’, അതേ ‘ഔട്ട്‌ലൈന്‍’. കാണാതായ ദിവസം രാവിലെ അവള്‍ ധരിച്ചിരുന്ന നീല ടോപ്‌ ഞാന്‍ തിരിച്ചറിഞ്ഞു. നിറമാകെ മങ്ങിയിരുന്നു പക്ഷേ മുന്നില്‍ ഉള്ള ആലങ്കാരികമായ പ്രിന്റ്‌ അത് പോലെ ഉണ്ടായിരുന്നു. അവളുടെ മുടിയിഴകള്‍ കണ്ടു.

എല്ലാം അവളുടേത് തന്നെ, പക്ഷേ അവള്‍ മാത്രമില്ല. കാലം ഞങ്ങളെ കാണിക്കാന്‍ കാത്തു വച്ച അവളുടെ പുറം തോട് മാത്രമായിരുന്നു അത്. അവളെ എപ്പോഴോ നഷ്ടപ്പെട്ടിരുന്നു.

ആ ശരീരത്തില്‍ ഉണ്ടായിരുന്ന ഒരു ‘ജമ്പര്‍’ അവളുടേത്‌ അല്ല എന്ന് ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് മനസ്സിലായി. ചിത്രം കണ്ടപ്പോള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനോട് ഞാന്‍ അത് പറഞ്ഞിരുന്നു.

ആ ശരീരം കിടന്ന ‘പൊസിഷന്‍’ എന്‍റെ മനസ്സില്‍ നിന്നും മായില്ല ഒരിക്കലും. സ്വാഭാവികമായ ഒരു പൊസിഷന്‍ ആയിരുന്നില്ല അത്. ഒരേ ഒരു ചിന്ത മാത്രമായിരുന്നു അത് കണ്ടപ്പോള്‍ മനസ്സില്‍. ക്രൂരത.

ഞാന്‍ പിന്നിലേക്ക് മാറി പോലീസിനെ ശരീരം അവിടെ നിന്നും മാറ്റാന്‍ അനുവദിച്ചു. അവളുടെ ഓര്‍മ്മകള്‍ കണ്ണീരായി പെയ്തിറങ്ങുന്നുണ്ടായിരുന്നു. ഇതാണോ അവസാനം? അങ്ങനെയെങ്കില്‍ അച്ഛനും അമ്മയും ഇതെങ്ങനെ സഹിക്കും? വേറെയും ഒരുപാട് പേര്‍. പാവം എന്‍റെ അമ്മ.

പക്ഷേ അവസനമായിരുന്നില്ല അത്. സങ്കടപ്പെട്ടിരിക്കാനുള്ള സമയവും ആയിരുന്നില്ല. അവള്‍ ആത്മഹത്യ ചെയ്തു എന്നൊരു വാര്‍ത്ത പരക്കുന്നുണ്ടായിരുന്നു അപ്പോള്‍. അത് ‘ലോജിക്കലു’മായിരുന്നല്ലോ. വിഷാദമുള്ള ഒരാള്‍ ആത്മഹത്യ ചെയ്തു എന്നത്. പക്ഷേ എനിക്കറിയാം എന്‍റെ സഹോദരിയെ.

എത്ര ദൂരം താണ്ടി അവള്‍ ഇങ്ങോട്ട് വന്നത് ജീവിതം തീര്‍ക്കാനല്ല, തിരിച്ചുപിടിക്കാനാണ്. പോരാളിയാണവള്‍, മിടുക്കുയും. ശക്തയാണ്‌. ഒരു പാട് പേരാല്‍ ആരാധിക്കപ്പെടുന്നവളാണ്. ഇത് സംഭവിക്കില്ല. ആത്മഹത്യ എന്നോ അപകടം എന്നോ വിളിച്ചു ഒതുക്കാന്‍ ആവില്ല ഇതിനെ. എന്ത് സംഭവിച്ചു എന്ന് അറിഞ്ഞേ തീരൂ.

അന്ന് രാത്രി ഞാന്‍ എന്‍റെ അച്ഛനമ്മമാരോട് പറഞ്ഞു, അവരുടെ പ്രിയപ്പെട്ട മകള്‍ ഇനിയില്ല എന്ന്. ഒരച്ഛനും അമ്മയ്ക്കും സ്വന്തം കുഞ്ഞിന്‍റെ മരണം കാണാന്‍ ഇടവരരുത്. മക്കളാണ് അച്ഛനമ്മമാരരുടെ സംസ്കാരം നടത്തേണ്ടത്, അവര്‍ തിരിച്ചല്ല.

തീവ്ര ദുഖത്തിലും ഒരു സമാധാനമുണ്ടായിരുന്നു, ഇനി അവള്‍ കൂടുതലൊന്നും അനുഭവിക്കണ്ടല്ലോ എന്ന്. അവളെ കണ്ടല്ലോ, ഇനി വീട്ടിലേക്കു കൊണ്ട് വരാമല്ലോ എന്ന്.

ഏപ്രില്‍ 22

അന്ന് രാവിലെ ഞാന്‍ സുനിത്തിനൊപ്പം കോവളത്ത് മാര്‍ച്ച്‌ 14ആം തീയതി അവളെ അവസാനമായി കണ്ടു എന്ന് പറയപ്പെട്ട സമയത്ത്, 8.30യോടടുത്ത്, എത്തി. അവള്‍ക്ക് നടന്ന് പാണത്തുറയിയില്‍ അവളുടെ ശരീരം കണ്ടെത്തിയ ഇടത്തേക്ക് എത്താന്‍ സാധിക്കുമോ എന്ന് അറിയാനായിരുന്നു അത്. വളരെ വേഗത്തില്‍ നടന്നാല്‍ മാത്രമേ പോകുന്ന വഴിയിലെ റിസോര്‍ട്ടുകളിലെ ആരും കാണാതെ പോകാന്‍ സാധിക്കുകയുള്ളൂ. 30-40 മിനിട്ട് നടക്കണം.

ശരീരം കിടന്ന കൃത്യം സ്പോട്ടിലേക്ക് എത്താന്‍ കായല്‍ കടക്കണം. കുറച്ചു നേരം അവിടെ അന്വേഷിച്ച് നടന്നു ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന ഒരു പഴയ ബോട്ട് ഞങ്ങള്‍ കണ്ടെത്തി. അടുത്തുള്ള ഒരു പനയിലേക്ക് ഒരു കയറു കൊണ്ട് കെട്ടിയിട്ടിട്ടുണ്ട്. അങ്ങനെ കായല്‍ കടക്കാം. അല്ലെങ്കില്‍ മെയിന്‍ റോഡ്‌ വഴി പോകണം. രണ്ടായാലും അവള്‍ക്കു തനിയെ പോകാനാവില്ല എന്ന് ഉറപ്പാണ്‌. വളരെ ഉള്ളില്‍ ആരും കാണാത്ത ഇടത്താണ് ഈ സ്പോട്ട്. പരിസരം നന്നായി അറിയുന്നവര്‍ക്ക് മാത്രം അറിയുന്ന ഇടം.

ഒരു കൊലപാതകത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്ന് എനിക്കുറപ്പായി. എന്‍റെ പാവം സഹോദരി. ആരെങ്കിലും അവളുടെ വിഷാദാവസ്ഥയെ മുതലെടുത്തോ? എന്തൊക്കെ അനുഭവങ്ങളിലൂടെയാണ് നീ കടന്നു  പോയ്‌ കാണുക?

മാധ്യമ പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. എന്‍റെ സംശയങ്ങളും ആകുലതകളും ഞാന്‍ അവരോടു പങ്കു വച്ചു. അന്വേഷണം കൃത്യമായി നടക്കാന്‍ എന്നാല്‍ ആവുന്നത് ചെയ്യണം എന്നുണ്ടായിരുന്നു.

മാധ്യമങ്ങളോട് നന്ദിയുണ്ട്, അവര്‍ ചെയ്തു തന്ന സഹായങ്ങള്‍ക്ക്. പ്രത്യേകിച്ച് കിട്ടുന്ന വിവരത്തിന്‍റെ സാധുത ഇപ്പോഴും എന്നെ വിളിച്ചു പരിശോധിക്കാന്‍ മനസ്സു കാണിച്ചവര്‍ക്ക്. ഈ കേസിന്‍റെ അന്വേഷണത്തിന്‍റെ അജണ്ടയില്‍ എന്‍റെ സഹോദരിയെയും എന്നെയും മുന്നില്‍ നിര്‍ത്തിയതിന്, ഞങ്ങളുടെ വികാരങ്ങളെ മാനിച്ചതിന്.

പിന്നീടുള്ള ദിവസങ്ങള്‍ ദുഃഖത്തിന്‍റെതായിരുന്നു. പക്ഷേ ദുഖിച്ചിരിക്കാന്‍ സമയമുണ്ടായിരുന്നില്ല. വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ആ സത്യം വന്നെന്നെ മൂടും. എനിക്ക് അതു മുഴുവനായി മനസ്സിലായിട്ടില്ലെങ്കില്‍ പോലും. അതിന്‍റെ ആഴങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ പോലും. ഞാന്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ആവും അത് ഞാന്‍ മുഴുവനായി അനുഭവിക്കുക. അവളെ സ്നേഹിച്ചിരുന്നവരുടെ കണ്ണുകളിലെ സങ്കടം കാണുമ്പോള്‍. ഞാന്‍ അവളുടെ അഭാവം തിരിച്ചറിയും. ഇപ്പോള്‍ ഞാന്‍ ശക്തയായിരുന്നേ മതിയാകൂ, എന്‍റെ സഹോദരിക്ക് നീതി കിട്ടണമല്ലോ.

അടുത്ത ദിവസം പത്ര സമ്മേളനം നടത്താന്‍ തീരുമാനിച്ചു. രാത്രി ഇരുന്നു ഞാന്‍ പറയേണ്ട കാര്യങ്ങള്‍ ‘ബുള്ളറ്റ് പോയിന്റ്‌’ ആക്കി വച്ചു. എനിക്ക് പറയാനുള്ളത് പറയാന്‍ പറ്റിയ വാക്കുകളും അത് പറയാനുള്ള ശക്തിയും ശാന്തിയും തരണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. അവള്‍ എന്‍റെ കൂടെയുണ്ടാകണേ എന്നും.

ഏപ്രില്‍ 23

ഉച്ചക്ക് 12 മണിക്ക് ഞങ്ങള്‍ തിരുവനന്തപുരം പ്രസ്‌ ക്ലബില്‍ എത്തി. അവളുടെ കൂട്ടുകാരനും അവിടേക്ക് വന്നു. വിഷമിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു തരം ശാന്തി എന്‍റെ ഉള്ളില്‍ നിറഞ്ഞിരുന്നു. അവള്‍ക്കെന്തു സംഭവിച്ചു എന്ന് കേരളത്തിലെ ആളുകളോട് പറയാന്‍ ഇതിനേക്കാള്‍ നല്ല അവസരമുണ്ടാകില്ല എന്ന് തോന്നി, അവര്‍ അത് മനസ്സിലാക്കും എന്നും.

“നിങ്ങള്‍ക്ക് ഞങ്ങളോട് സ്നേഹവും കരുണയും കാണിച്ചു. എന്‍റെ സഹോദരിയുടെ തിരോധാനത്തെത്തുടര്‍ന്ന് നിങ്ങളുടെ എല്ലാവരുടേയും കണ്ണുകളില്‍ ഞാന്‍ സങ്കടവും കരുതലും കണ്ടിട്ടുണ്ട്. ഇവിടെത്തന്നെയുള്ള ആളുകളാണ് തെറ്റ് ചെയ്തവര്‍ എന്ന് കരുതി നിങ്ങള്‍ക്ക് നാണക്കേടും കുറ്റബോധവും വേണ്ട. നിങ്ങളുടെ കുഴപ്പമല്ലല്ലോ അത്. ദുഷ്ടപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്. ഇത് എവിടെ വേണമെങ്കിലും സംഭവിക്കാം.

പോലീസിന്‍റെ ഭാഗത്തിന് നിന്നും ആദ്യ സമയത്തുണ്ടായിരുന്ന ഒരു ശ്രദ്ധക്കുറവും ഈ വ്യവസ്ഥയുടെ പരിമിതികളും ഇവിടെ അഡ്രസ്‌ ചെയ്യപ്പെടണം. കാരണം ഇനി ഒരാള്‍ക്കും ഇത് സംഭവിക്കരുത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന അവസ്ഥയില്‍ നെഞ്ചു പൊട്ടിയിരിക്കുമ്പോള്‍ സഹായത്തിനായി നിലവിക്കേണ്ടി വരുന്ന അവസ്ഥ ആര്‍ക്കും ഇനി ഉണ്ടാകാതിരിക്കാന്‍ കൂടി വേണ്ടി ‘അക്കൗണ്ടബിള്‍ സോലൂഷനുകള്‍’ വേണം. അത് പ്രാവര്‍ത്തികമാക്കുകയും വേണം. ഇവിടുത്തെ പൗരന്മാര്‍ക്കും വിദേശികള്‍ള്‍ക്കും എല്ലാം സഹായം കിട്ടേണ്ട സമയത്ത് കിട്ടണം.

എന്‍റെ സഹോദരിക്ക് സംഭവിച്ച ദുരന്തം കാരണം എനിക്ക് ഇന്ത്യയോടുള്ള സ്നേഹം ഒരു തരിമ്പു പോലും കുറയുന്നില്ല എന്ന് നിങ്ങള്‍ ദയവായി മനസ്സിലാക്കണം. എന്‍റെ സ്നേഹം മാത്രമല്ല, അവള്‍ക്കു ഇന്ത്യയോടും മനുഷ്യരോടും എല്ലാം ഉണ്ടായിരുന്ന സ്നേഹത്തിനും ഒരു മാറ്റവും ഉണ്ടാകില്ല എന്നും എനിക്ക് ഉറപ്പാണ്. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അറിയാവുന്ന അവള്‍ക്കു മാപ്പ് നല്‍കാനും സാധിക്കും. അങ്ങനെയായിരുന്നു പണ്ടേ അവള്‍. ആരെങ്കിലും എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്‌താല്‍ അവള്‍ പറയും, “അവരുടെ ജീവിതത്തില്‍ അവര്‍ കടന്നു പോയ നിര്‍ഭാഗ്യങ്ങള്‍ കാരണമായിരിക്കും അവര്‍ ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ എല്ലാവരുടേയും ഉള്ളില്‍ ഒരു ദിവ്യമായ ആത്മാവുണ്ട്. അവ തമ്മില്‍ കണക്ട് ചെയ്യുക മാത്രമേ വേണ്ടുള്ളൂ, നമുക്ക് പരസ്പരം സ്നേഹിക്കാനും പൊറുക്കാനും.”

പത്ര സമ്മേളനത്തില്‍ ഞാന്‍ എന്‍റെ ‘കണ്‍സേര്‍ന്സ്’ തുറന്നു പറഞ്ഞു.

“അവളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് തീര്‍ത്തും ഉള്ളിലുള്ള, ആര്‍ക്കും അറിയാത്ത ഒരിടത്ത് നിന്നാണ്. മുന്‍ പരിചയമില്ലാത്ത ഒരാള്‍ക്ക് വെറുതെ അത് കണ്ടു പിടിക്കാനാവില്ല. ബീച്ചില്‍ നിന്നും മാറി, കായലാല്‍ വേര്‍പെട്ട ഒരിടമാണത്. മെയിന്‍ റോഡ്‌ വഴി ചുറ്റിയോ, അല്ലെങ്കില്‍ ആരുടെയെങ്കിലും സഹായത്തോടെയോ മാത്രമേ അവള്‍ക്കു അവിടെ എത്താന്‍ സാധിക്കുകയുള്ളൂ. അതായത് ആരെങ്കിലും അവളെ ബോട്ടില്‍ കയറ്റി കൊണ്ട് പോകണം.

ശരീരത്തില്‍ കണ്ട ‘ജമ്പര്‍’ അവളുടേതല്ല. എനിക്ക് നൂറു ശതമാനം ഉറപ്പാണത്. കാരണം, ഞങ്ങള്‍ ഒരുമിച്ചാണ് ഇന്ത്യയിലേക്ക്‌ വരാനുള്ള ബാഗ്‌ പായ്ക്ക് ചെയ്തത്. എന്താണ് എടുക്കേണ്ടത് എന്ന് പരസ്പരം ചോദിച്ചിട്ടാണ് എല്ലാം എടുത്തത്‌. കൂടാതെ തീര്‍ത്തും ആസ്വാഭാവികമായ ഒരു പൊസിഷനിലായിരുന്നു അവളുടെ ശരീരം കണ്ടു കിട്ടിയത്. ഉടലില്‍ നിന്നും തല വേര്‍പെട്ടിരുന്നു. സ്വാഭാവിക മരണമായിരുന്നുവെങ്കില്‍ ശരീരം വെറുതെ കിടക്കുമായിരുന്നില്ലേ.

ഇതിലെ അസ്വാഭാവികത കണക്കിലെടുത്താല്‍, ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവില്ലേ, ഇതൊരു കൊലപാതകമാണെന്ന്?

ഏപ്രില്‍ 24

അന്വേഷണ ടീം, ഐ ജി മനോജ്‌ എബ്രഹാം എന്നിവര്‍ ഞങ്ങളെ ഡി ജി പി ഓഫീസിലേക്ക് വിളിച്ചു അവിടെ ഒരു യോഗം ചേര്‍ന്ന് എന്താണ് അവള്‍ക്ക് സംഭാവിചിട്ടുണ്ടാകുക എന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തി. അന്വേഷണം ശരിയായ ദിശയിലാണ് എന്നും അവള്‍ക്കു എന്ത് പറ്റിയതാണ് എന്ന് നമുക്ക് വൈകാതെ അറിയാന്‍ കഴിയും എന്നുമുള്ള വിശ്വാസത്തില്‍ ഞാന്‍ അവിടെ നിന്നും പടിയിറങ്ങി.

അടുത്ത കുറച്ചു ദിവസങ്ങള്‍ ഞാന്‍ എന്‍റെ ഹോട്ടലില്‍ തന്നെ ചിലവഴിച്ചു. എന്‍റെ കൂട്ടുകാര്‍, കുടുംബം എന്നിവരോട് സംസാരിക്കുകയും, ആലോചിക്കുകയും എഴുതുകയും, മാധ്യമ പ്രവര്‍ത്തകരോട് ഇതിനെക്കുറിച്ച് കൂടുതല്‍ വിവരിക്കുകയും ചെയ്തു. അവള്‍ ശരിക്കും ആരായിരുന്നു എന്നും, ജീവിതാവസാനം വരെ ഞാന്‍ അവളെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യും എന്നും പറഞ്ഞു.

“ഒരുപാട് പേര്‍ എന്നോട് പറഞ്ഞു, ദൈവത്തില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന്. ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല എന്ന്. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോഴും തേടുമ്പോഴുമെല്ലാം അവള്‍ മരിച്ചിരുന്നു എന്നത് മറ്റൊരു സത്യം. അപ്പോഴേക്കും അവള്‍ പിശാചുക്കളുടെ കൈകളില്‍ വീണിരുന്നു. ദൈവം ഞങ്ങള്‍ക്ക് അവളെ കാണിച്ചു തന്നു. ദൈവത്തിന്‍റെ കൈകളിലാണ് അവള്‍ എന്നറിയുമ്പോള്‍ എന്തൊരു ശാന്തിയാണ്….

നിങ്ങളുടെ വിശ്വാസം എന്നും പരീക്ഷിക്കപ്പെടും. ശക്തരായിരിക്കുക, വിശ്വാസം ഒന്ന് കൂടി ശക്തിപ്പെടും.

ഈ കുറിപ്പ് എനിക്ക് വളരെ പ്രധാനപെട്ടതാണ്. കാരണം ദൈവ വിശ്വാസം എന്നത് ഒരു അനുഗ്രഹമാണ് എന്ന് ഞാന്‍ കരുതുന്നു. ഭൗതികതയില്‍ നിന്നും നിങ്ങളുടെ ജീവിതത്തിനെ ആത്മീയതയിലേക്ക് എത്തിക്കുന്ന ഒരു ശക്തിയാണത്. ജീവിതത്തില്‍ നടക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആ വിശ്വാസത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കട്ടെ.

വായിക്കാം: ഭാഗം 2, അവളെത്തേടി, കേരളം മുഴുവന്‍

വായിക്കാം: ഭാഗം 1, ഒരു തിരോധാനത്തിന്‍റെ ഡയറിക്കുറിപ്പുകള്‍

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Sister of latvian woman found dead in kovalam narrates the last days of her quest