scorecardresearch
Latest News

മൗനവും സംസാരിക്കാറുണ്ട്

യേശുദാസ് ശബ്ദ സാന്നിധ്യമായും വ്യക്തി സാന്നിധ്യമായും ജീവിതത്താളുകളിൽ നിറയുന്ന പഴങ്കാലവും പുതുകാലവും ഓർമ്മിച്ച് കഥാകൃത്ത് ഗ്രേസി, യേശുദാസിന്റെ എൺപതാം പിറന്നാൾ ദിനത്തിൽ

k j yesudas, memories, gracy , iemalayalam

യേശുദാസ് പാടിയ പാട്ട് ഞാനാദ്യമായി കേൾക്കുന്നത് മറ്റൊരാളുടെ കണ്ഠത്തിലൂടെയാണ്. പ്രീ-ഡിഗ്രിക്ക് എന്റെ സീനിയറായ ഒരു ഇരു നിറക്കാരൻ പയ്യൻ. ‘അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ’ എന്നു പാടുന്നതുകേട്ട് ഞാൻ പൊടുന്നനെ പ്രണയിനിയായി. അയാളെ പിന്നീടൊന്ന് കാണാൻ എന്റെ കണ്ണുകൾ ഉഴറി. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന കോളേജിൽ അയാളെ എനിക്കൊരിക്കലും കണ്ടെത്താൻ കഴിഞ്ഞില്ല. മരത്തടിയിട്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സഞ്ചാരസ്വാതന്ത്ര്യം വേർതിരിക്കുന്ന കോളേജിൽ അയാളെ അന്വേഷിച്ചലയുന്നത് ആത്മഹത്യാപരമായിരുന്നു.

അമ്മവീട്ടിലെ ഉത്തരത്തിൽ അമ്മാവൻമാരാരോ രഹസ്യമായി സൂക്ഷിച്ചുവെച്ച ഒരു സിനിമാ മാസികയിലാണ് യേശുദാസിന്റെ ചിത്രം ഞാൻ ആദ്യമായി കാണുന്നത്. അത് എന്നെ തീരെയും ആകർഷിച്ചില്ല. അതുകൊണ്ടാവണം ‘മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു’ എന്നു തുടങ്ങുന്ന എക്കാലത്തേയും മനോഹരമായ യുഗ്മഗാനം തരളമായൊരു കാമുക ശബ്ദത്തിൽ പാടിയിട്ടും ഞാൻ യേശുദാസിനെ പ്രണയിക്കാതെ പോയത്! കണ്ണടച്ചിരുന്ന് ആ മനോഹര ശബ്ദത്തിലേക്കു ഞാൻ ഇരുനിറക്കാരൻ പയ്യനെയാണ് ആവാഹിച്ചെടുത്തത്. യേശുദാസിലെ കൗമാരക്കാരനായ കാമുകന്റെ ശബ്ദം പിന്നീട് മുതിർന്നു. അദ്ദേഹത്തിന്റെ ശബ്ദം അലൗകികമായി. അങ്ങനെ അദ്ദേഹം ഗാനഗന്ധർവ്വനായി. പക്ഷേ, എന്റെയുള്ളിന്റെയുള്ളിലെ കൗമാരക്കാരനായ ആ ഇരുനിറക്കാരൻ മുതിർന്നതേയില്ല. അങ്ങനെയാണ് ആ പ്രണയം മുരടിച്ചുപോയത്.

Read Also: പിറന്നാൾ ദിനത്തിൽ കൊല്ലൂരമ്മയെ തൊഴുത് യേശുദാസ്; ചിത്രങ്ങൾ

പ്രണയമില്ലാതെ എനിക്ക് ജീവിക്കാനാകുമായിരുന്നില്ല. ഓരോ പ്രണയവും തകരുമ്പോൾ പാമ്പ് പടംപൊഴിച്ചതിനുശേഷമെന്ന പോലെ ഞാൻ നിസ്സഹായയായി. തീവ്രമായൊരു പ്രണയത്തകർച്ചയുടെ നരകാഗ്നിയിൽ നിന്ന് ഭൂമിയുടെ ജലസ്പർശത്തിലേക്ക് ചേർത്തു നിർത്തിയത് യേശുദാസ് ‘ചിത്ചോർ’ (1976) എന്ന സിനിമയിൽ പാടിയ ഒരു പാട്ടാണ്. ‘ഗോരി തേരാ ഗാവ് ബടാ പ്യാരാ,’ ആ പാട്ടിലലിഞ്ഞ് ഞാൻ വീണ്ടും പ്രണയവതിയായി.

ഞാൻ പിന്നെ ഭാര്യയും അമ്മയുമായി. യേശുദാസിന്റെ ഗാനമേള കളമശ്ശേരിയിലുണ്ടെന്നറിഞ്ഞ് ഞാനും ഭർത്താവും കൂടി കേൾക്കാൻ പോയി. മരിക്കുമ്പോൾ പോലും യേശുദാസിന്റെ പാട്ട് കേൾക്കാനാഗ്രഹിക്കുന്നത്ര ഭ്രാന്തമായ ആരാധനയുള്ള ഒരുവനായിരുന്നു എന്റെ കൂട്ടുകാരൻ. ജനത്തിരക്കിൽ ഏറെ പിറകിൽ നിന്ന് ഞങ്ങൾ യേശുദാസിനെ കണ്ടു. അരങ്ങിൽ അദ്ദേഹം ഒരു ഗന്ധർവനെപ്പോലെ തന്നെ തോന്നിച്ചു. പക്ഷേ അദ്ദേഹം സ്വന്തം പാട്ടുകളുടെ ഈണങ്ങളിൽ നിന്ന് പലപ്പോഴും തെന്നിമാറി. പാടിപ്പതിഞ്ഞ ഈണങ്ങളും നടന്ന് തെളിഞ്ഞ വഴികളും ഉപേക്ഷിക്കാൻ മനുഷ്യർ മടിക്കും. അതുകൊണ്ട് നിരാശരായി ഞങ്ങൾ മടങ്ങി പോന്നു.

റേഡിയോയിലൂടെ  ദിവ്യ വെളിച്ചം പോലെ ഒഴുകിപ്പരക്കുന്ന അദ്ദേഹത്തിന്റെ ശബ്ദം അനുഭൂതിയുടെ പലതലങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയെങ്കിലും പിന്നെ നേരിൽ കാണണമെന്ന് തോന്നിയതേയില്ല!

എന്റെ ഭർത്താവിന്റെ ചിറ്റമ്മയുടെ മകൻ എസ് ഹരിഹരൻ നായർക്ക്  ഒരു സംഗീത അക്കാദമി തുടങ്ങാൻ സഹായിച്ചത് യേശുദാസിന്റെ സുവർണ്ണശബ്ദമാണ്. യന്ത്രക്കുരുക്കിൽപ്പെട്ട് രണ്ട് കൈകളും നഷ്ടമായ ഹരിഹരൻ എന്ന സംഗീതകാരനെക്കുറിച്ച് കേട്ടറിഞ്ഞ യേശുദാസ് കരുണയുടെ ദൂതനായി. സൗജന്യമായി ഒരു കച്ചേരി നടത്തിക്കൊടുത്തുകൊണ്ട് മാത്രമാണ് ഹരിഹരൻ നായർക്ക് സംഗീത അക്കാദമി എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരം സാധിച്ചത്.

കച്ചേരി കഴിഞ്ഞ് ഹരിച്ചേട്ടന്റെ വീട്ടിൽ യേശുദാസിനും പക്കമേളക്കാർക്കും ഭക്ഷണം ഒരുക്കിയിരുന്നു. അദ്ദേഹത്തെ കാണാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും ആളുകൾ തിങ്ങിക്കൂടി. അതൊക്കെ കൗതുകത്തോടെ നോക്കിക്കണ്ട് മകളുടെ കൈപിടിച്ച് ഒരൊഴിഞ്ഞ മൂലയില്‍ നിൽക്കുകയായിരുന്നു ഞാൻ. ഹരിചേട്ടൻ ഞങ്ങളെ വിളിച്ച് യേശുദാസിനെ പരിചയപ്പെടുത്തി. മലയാളത്തിലെ ഒരു വലിയ കഥാകാരിയാണെന്ന അതിശയോക്തിയിൽ ഞാൻ ലജ്ജാലുവായി. ഗായകർ സാഹിത്യം വായിക്കുന്ന കൂട്ടത്തിലല്ലെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു. അങ്ങനെയുള്ളവരുടെ മുമ്പിൽ ഒരു കഥാകാരിയുടെ നെറ്റിപ്പട്ടമണിഞ്ഞ് നിൽക്കാൻ ഞാൻ തീരെയും ഇഷ്ടപ്പെട്ടില്ല. എങ്കിലും താടിയും മുടിയുമൊക്കെ വളർത്തി ഭംഗിയായി ചിട്ടപ്പെടുത്തി ഒരു സുന്ദര പുരുഷനായിത്തീർന്ന യേശുദാസിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷം തോന്നി.

തിരക്കിൽ നിന്നും പുറത്തുകടന്ന് ഞാൻ പൂമുഖത്ത് ചുമരുചാരി നിൽക്കുമ്പോഴാണ് യേശുദാസ് മടങ്ങിപ്പോയത്. എന്റെ മുന്നിൽ കിടന്ന ചെരുപ്പുകളിൽ കാല് തിരുകുമ്പോൾ അദ്ദേഹം എന്നെ ആശീർവദിച്ചു. നല്ല കഥകളെഴുതാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ! ഓർക്കാപ്പുറത്തായതുകൊണ്ട് ഞാൻ അമ്പരന്നു പോയി. നന്ദി പറയേണ്ട ശബ്ദം എന്റെ തൊണ്ടയിൽ നിന്ന് എങ്ങോ ഓടിയൊളിച്ചു.

Read Also: നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍; ഗാനഗന്ധർവന് ഇന്ന് 80ാം പിറന്നാൾ

ഒരാഴ്ച്ച കഴിഞ്ഞ് കൈയിലെത്തിയ ഫോട്ടോ കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയി. അത്രമേൽ സുന്ദരിയായി ഞാൻ ഒരു ഫോട്ടോയിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. അത്രമേൽ ഹൃദ്യമായി ഞാനിതുവരെ ചിരിച്ചിട്ടുമുണ്ടായിരുന്നില്ല. യേശുദാസും ഞാനും മകളും ചേർന്ന് നിൽക്കുന്ന ആ ഫോട്ടോ എന്റെ കോളേജിലെ സഹപ്രവർത്തകരെ കാണിച്ച് വലിയ ഗമ നടിച്ച് ഞാൻ പറഞ്ഞു. “ദേ, എന്റെ ഏറ്റവും പുതിയ ഫാമിലി ഫോട്ടോ!”. കൂട്ടച്ചിരിയിൽ മുങ്ങിനിവർന്ന ആ നിമിഷം ഓർമ്മയിലിപ്പോഴും മിന്നി നിൽക്കുന്നു.

k j yesudas, memories, gracy , iemalayalam
ഗ്രേസിയും മകൾ അപർണയും യേശുദാസിനൊപ്പം

പല ഭാഷകളിലും നിറഞ്ഞു തുളുമ്പിയ ആരാധകരെ ഉപേക്ഷിച്ച് യേശുദാസ് അമേരിക്കയിൽ വാസമുറപ്പിച്ചത് എനിക്ക് തീരെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എങ്കിലും മക്കളായ വിജയ്‌യും വിശാലുമൊക്കെ അന്യമതസ്ഥരായ പെൺകുട്ടികളെ ഭാര്യമാരായി സ്വീകരിച്ചപ്പോൾ തെല്ലുപോലും എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന യേശുദാസ് എന്നെ സംബന്ധിച്ചിടത്തോളം മതേതരത്വത്തിന്റെ പ്രതീകമായി ഉയർന്നു നിന്നു. മനുഷ്യന്റെ നന്മക്കായി ഉദയം കൊണ്ട മതം ഏറ്റവും വിനാശകാരിയായി ഭവിച്ചതിൽ എന്റെ ഉള്ളം എപ്പോഴും നീറിപ്പുകഞ്ഞു. എപ്പോഴോ തികഞ്ഞ ഒരു പിന്തിരിപ്പനെപ്പോലെ യേശുദാസ് പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിനെ വിമർശിച്ചപ്പോൾ എന്റെ ഉള്ളിലെ വിഗ്രഹത്തിന്റെ ചൈതന്യത്തിന് മങ്ങലേറ്റു.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കരുതെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് യേശുദാസ് വെളിപ്പെടുത്തിയപ്പോഴാകട്ടെ എനിക്ക് കടുത്ത ആഘാതമേറ്റു. ആ കാനനക്ഷേത്രം ഗോത്രവർഗക്കാരുടേതായിരുന്നു എന്നും അവരുടെയിടയിൽ സ്ത്രീ-പുരുഷ ഭേദമില്ലെന്നും ബ്രാഹ്മണരുടെ അധിനിവേശം കൊണ്ട് അന്യാധീനപ്പെട്ടപ്പോൾ പടിപടിയായി പല ആചാരാനുഷ്ഠാനങ്ങളും ഉണ്ടായി വന്നതാണെന്നും യേശുദാസ് ചരിത്രം പഠിക്കാഞ്ഞതെന്തെന്ന് ഞാന്‍ ഖിന്നയായി. തിരുവിതാംകൂർ രാജവംശത്തിലെ സ്ത്രീകൾ ശബരിമലയിൽ അയ്യപ്പദർശനം നടത്തിയിട്ടുണ്ടെന്നും ചരിത്ര വസ്തുതയാണ്.

ശബ്ദത്തിൽ ഈശ്വര സ്പർശമുള്ള ഈ ഗായകന് ഈശ്വരന്റെ തന്നെ സൃഷ്ടികളായ ആണിനും പെണ്ണിനും തുല്യസ്ഥാനമാണുള്ളതെന്ന തിരിച്ചറിവുണ്ടാകാതെ പോയതിൽ എനിക്ക് അപാരമായ വ്യസനം തോന്നി. സത്യം പറഞ്ഞ് ആരുടെയും വികാരങ്ങളെ മുറിപ്പെടുത്താൻ ഇഷ്ടമില്ലെന്ന നയത്തിലാണ് വിശ്വാസമെങ്കിൽ മൗനമവംലബിക്കുകയെങ്കിലും ചെയ്യാമായിരുന്നു. എന്തെന്നാൽ മൗനവും സംസാരിക്കാറുണ്ട്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Singer kj yesudas 80th birthday gracy