scorecardresearch
Latest News

DYFI ഡയറീസ്: മുറ്റത്തെ മുല്ലയും ഷ്രൂസ്‌ബെറി ബിസ്ക്കറ്റും

ഷ്രൂസ്‌ബെറി ബിസ്കറ്റ് പൂണെയില്‍ പ്രിയങ്കരം, സാക്ഷാൽ ഷ്രൂസ്‌ബെറിയിലോ അജ്ഞാതം. കവിതയിലും നാടകത്താലും ചുണ്ടുകളാലും വാഴ്ത്തപ്പെട്ട ഷ്രൂസ്‌ബെറിയുടെ മധുരവേരുകൾ തേടിയലയുന്നു ലേഖകൻ ഒടുവിൽ മുറ്റത്തെ ഷ്രൂസ്‌ബെറിയുടെ മണം കണ്ടെടുക്കുന്നു…

DYFI ഡയറീസ്: മുറ്റത്തെ മുല്ലയും ഷ്രൂസ്‌ബെറി ബിസ്ക്കറ്റും

ഞാൻ താമസിക്കുന്ന വെയിൽസിലെ ഡവി (Dyfi) മേഖലയിൽ നിന്നും തീവണ്ടിയിൽ ഒന്നേകാൽ മണിക്കൂർ കൊണ്ട് ഷ്രൂസ്‌ബെറിയിൽ എത്താം. ഡവി ഭാഗത്തേക്ക് ഒരേ ഒരു തീവണ്ടി റൂട്ടേ ഉള്ളൂ. ഏകദേശം ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും ഇംഗ്ലണ്ടിലെ ബെർമിങ്ങം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വരുന്ന തീവണ്ടി ഷ്രൂസ്‌ബെറി വഴിയാണ് ഇങ്ങോട്ടെത്തുന്നത്. ഞങ്ങൾ ഡവി വാസികൾക്ക് തീവണ്ടിയിൽ വെയിൽസിന്റെ തലസ്ഥാനമായ കാർഡിഫിൽ എത്താൻ പോലും ഇംഗ്ലണ്ടിലെ ശ്രോപ്ഷെർ പ്രവിശ്യയിലെ ഷ്രൂസ്‌ബെറിയിൽ പോകണം. അവിടെ നിന്ന് വേറെ തീവണ്ടി മാറി കയറണം.

വെയിൽസിനുള്ളിൽ നേരെ തെക്കോട്ടു പോകുന്നതിനു പകരം കിഴക്കു ഇംഗ്ലണ്ടിൽ പോയി അവിടുന്ന് തെക്കു പടിഞ്ഞാറ് യാത്ര ചെയ്തു തെക്കൻ വെയിൽസിലെ കാർഡിഫിൽ എത്തുന്ന ഈ യാത്ര നാല് മണിക്കൂറിൽ ഒട്ടും കുറയില്ല. ഇതൊക്കെ കൊണ്ട് തന്നെ ഈ ഭാഗത്തുള്ള പല വെൽഷുകാരും ഏറ്റവും അടുത്തുള്ള വലിയ പട്ടണമായി കണക്കാക്കുന്നത് വെയിൽസിലെ കാർഡിഫിനെയോ സ്വാൻസിയെയോ അല്ല, ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബെറിയെ ആണ്. വ്യാപാരത്തിനും മറ്റും പണ്ടും അങ്ങനെ തന്നെ ആയിരുന്നു എന്നാണ് കേട്ടറിവ്.

shrewsbury biscuits, mahesh nair, iemalayalam
പഴമയും പുതുമയും തൊട്ടുരുമ്മി നിൽക്കുന്ന ഷ്രൂസ്‌ബെറി പട്ടണം | ഫൊട്ടൊ: ജൂലി ബ്രോമിനിക്സ്

യുകെയുടെ മറ്റു ചില ഭാഗങ്ങളിൽ ഉണ്ടായത് പോലെ ഡവിയിൽ ആധുനികത പഴമയെ പൂർണമായും മായ്ച്ചു കളഞ്ഞിട്ടില്ല. ഇപ്പോൾ റെയിൽപ്പാളങ്ങൾ നടുവേ കീറിയ പഴയ തുറമുഖം ചെമ്മരിയാടുകൾ മേയുന്ന പുൽമേടുകൾ ആയി മാറിയിട്ടേയുള്ളൂ, അവിടെ ഫ്ലാറ്റുകളും മാളുകളും ഉയർന്നു വന്നിട്ടില്ല.

മഴക്കാലത്ത് ചിലപ്പോൾ പഴയ കടലിനെ അനുസ്മരിപ്പിച്ചുകൊണ്ട് അവിടെയൊക്കെ വെള്ളം പൊങ്ങും. ആ സമയങ്ങളിൽ എന്റെ ജനൽഫ്രെയിമിനുള്ളിൽ കാണാവുന്ന ഡവി താഴ്‌വരയെ തുറമുഖമായി സങ്കൽപ്പിക്കാൻ എളുപ്പമാണ്. കുറച്ചകലെ നങ്കൂരം ഇട്ട കപ്പലുകളിൽ നിന്നും ബാർജുകളിൽ ചരക്കുമായി വന്ന തൊഴിലാളികൾ എന്റെ അയൽവക്കത്തുള്ള ബ്ലാക്ക് ലയൺ പബ്ബിലേക്ക് (നാനൂറ്റന്പത് കൊല്ലം പഴക്കമുള്ള ബ്ലാക്ക് ലയൺ ഇപ്പോഴും പബ്ബ് തന്നെ ആണ്) കൂട്ടമായി എത്തുന്നതും, അവിടെ ഒന്ന് ‘മിനുങ്ങിയ’ ശേഷം ഒഴിഞ്ഞ ബാർജുകളിൽ ഇവിടുത്തെ ഖനികളിൽ നിന്നുള്ള സ്ളേറ്റ് അടുക്കി തിരികെ കപ്പലിലേക്ക് മടങ്ങുന്നതും ഒക്കെ. എന്റെ വീട്ടിന്റെ ഒരു ഭാഗം ആ റെയിൽപ്പാളങ്ങൾ വരുന്നതിനു മുന്പു പണിതതാണ്. ഇവിടെ ജീവിച്ചിരുന്നവർ ഈ കാഴ്ച കണ്ടിട്ടുണ്ടാവണം.

shrewsbury biscuits, mahesh nair, iemalayalam
ഡവിപ്പുഴയുടെ തീരങ്ങളിൽ പഴയ തുറമുഖത്തിന്റെ ഓർമയും കൊണ്ട് മഴയും വേലിയേറ്റവും വരുമ്പോൾ | ഫൊട്ടൊ: ജോവാന നായര്‍

ഇവിടുന്ന് ഷ്രൂസ്റിബെറിയിലേക്കുള്ള ഒന്നേകാൽ മണിക്കൂർ നീണ്ട യാത്രയിൽ മിക്കവാറും കാണുന്നത് ഈ വിജനത തന്നെ ആണ്. മലകളും അരുവികളും പാടങ്ങളും മേയുന്ന ചെമ്മരിയാട്ടിൻ കൂട്ടങ്ങളും. എങ്കിലും ഞാൻ ആ പട്ടണത്തിന്റെ പഴയ മുഖം അത്ര ആർഭാടമായി ഒന്നും സങ്കൽപിച്ചിരുന്നില്ല,   ഷ്രൂസ്‌ബെറി ബിസ്കറ്റിനെ കുറിച്ചു കേൾക്കുന്നത്‌ വരെ. കേൾക്കുന്നതോ ഷ്രൂസ്‌ബെറിക്കാരിൽ നിന്നൊന്നുമല്ല, നാട്ടിലുള്ള ഒരു സുഹൃത്തിൽ നിന്നാണ്.

ഷ്രൂസ്‌ബെറിയെക്കുറിച്ചു ഞാൻ എന്തോ പറഞ്ഞപ്പോൾ ആണ് ആ പട്ടണത്തെക്കുറിച്ചു എനിക്കറിയാത്ത ഈ വസ്തുത സുഹൃത്ത് പറഞ്ഞു തരുന്നത്. പൂണെയിലും പരിസര പ്രദേശങ്ങളിലും പഴയ സിനിമാപ്പാട്ടിലെ സുറുമയെപ്പോലെ പേരുകേട്ട ബിസ്കറ്റ്. പൂണെയിൽ ചെന്ന് ഷ്രൂസ്ബെറി ബിസ്‌കറ്റ് എന്ന് പറഞ്ഞാൽ കേൾക്കുന്നവർ മടക്കിക്കുത്തഴിക്കും എന്ന് തോന്നത്തക്ക രീതിയിലാണ് സുഹൃത്ത് ബിസ്കറ്റ് മാഹാത്മ്യം വിവരിച്ചത്.

shrewsbury biscuits, mahesh nair, iemalayalam
പൂണെയിലെ കയാനി ബേക്കറിയിൽ വിൽപ്പനയ്ക്കായി തയ്യാറാക്കിയ ഷ്രൂസ്ബെറി ബിസ്കറ്റ് |  ഫൊട്ടൊ : അരുള്‍ ഹൊറൈസണ്‍

മലയാളിക്ക് അത്ര പരിചിതം അല്ലാത്ത ഈ ബിസ്കറ്റിൽ വെണ്ണയും ഗോതമ്പുപൊടിയും പഞ്ചസാരയും മുട്ടയും ആണ് മുഖ്യ ചേരുവകൾ. മനോധർമ്മം പോലെ ഉണക്ക മുന്തിരിയോ കശുവണ്ടിയോ ഒക്കെ ചേർക്കാമെങ്കിലും പൂണെയിലെ ജനങ്ങൾ ഏറ്റവും ആഘോഷിക്കുന്ന ഷ്രൂസ്ബെറി ബിസ്‌കറ്റ് തരങ്ങളിൽ ഈ മേമ്പൊടി ഒന്നും ഇല്ലാത്തവ ആണ് ഇന്റർനെറ്റിൽ എനിക്കു അധികവും കാണാൻ കഴിഞ്ഞത്. ഷ്രൂസ്ബെറി എന്ന സീൽ ആണ് ഇവയുടെ ഒക്കെ മറ്റൊരു പ്രത്യേകത. ആ സീൽ വീണു കഴിഞ്ഞാൽ സ്വാദു കൂടുമോ എന്ന് തോന്നിപ്പോകും.

പതിറ്റാണ്ടുകളായി ഈ ബിസ്കറ്റുകൾ ഉണ്ടാക്കിക്കൊണ്ടിരുന്ന കയാനി ബേക്കറി 2017 ൽ അടച്ചു പോയപ്പോൾ പൂണെയിൽ വലിയ പ്രശ്നം ആയിരുന്നു. പതിനൊന്നു കൊല്ലമായി ലൈസൻസ് പുതുക്കാത്തതിന്റെ പേരിൽ ആണ് പൂട്ടിച്ചതെന്നു ബന്ധപ്പെട്ട അധികാരികൾ പറഞ്ഞിട്ടും ഉടനെ തുറപ്പിക്കണമെന്നു പറഞ്ഞു ആയിരക്കണക്കിന് ജനങ്ങൾ നിവേദനം ഒപ്പിട്ടു കൊടുത്തെന്നാണ് വാർത്ത. ഒരു സുപ്രഭാതത്തിൽ പേരുകേട്ടൊരു സ്ഥാപനം ഇങ്ങനെ അടപ്പിക്കാമോ, ഇതൊക്കെ ഇരുന്നു ചർച്ച ചെയ്തു പോംവഴി ഉണ്ടാക്കാവുന്ന കാര്യം അല്ലേ, ഞങ്ങൾക്കു ഞങ്ങളുടെ പ്രിയപ്പെട്ട ബിസ്കറ്റ് കിട്ടണ്ടേ എന്നൊക്കെയുള്ള പരാതികളും പരക്കെ ഉണ്ടായിരുന്നു.

shrewsbury biscuits, mahesh nair, iemalayalam
പൂണെ ക്യാമ്പിലെ കയാനി ബേക്കറിക്ക് മുന്നിലെ നീണ്ട ക്യൂ | ഫൊട്ടൊ : അരുള്‍ ഹൊറൈസണ്‍

ഏറ്റവും മുന്തിയ തരം വെണ്ണ ഉപയോഗിച്ചാലേ ഷ്രൂസ്‌ബെറി ബിസ്കറ്റ്, ഷ്രൂസ്‌ബെറി ബിസ്കറ്റ് ആവൂ എന്നാണ് പൂണെയിലെ സിറ്റി ബേക്കറിയുടെ ഉടമയായ അർദഷീർ സലാമത് ഇറാനിയുടെ അഭിപ്രായം. ഈ ബിസ്‌കറ്റിന്റെ പേരിലെ ഷ്രൂസ്‌ബെറി എന്ന വാക്കിനു പ്രസക്തി വേണമെങ്കിൽ വെണ്ണ മേൽത്തരം ആയിരിക്കണം അത്രേ. ഇംഗ്ലണ്ടിലെ ഒരു ചെറിയ പട്ടണം ആയ ഷ്രൂസ്‌ബെറിയിൽ വളരുന്ന സുഗന്ധവാഹിയായ ഒരു പ്രത്യേക തരം പുല്ല് തിന്നുന്ന കാലികളുടെ പാലിൽ നിന്നുണ്ടാക്കുന്ന വെണ്ണയാണ് ഒറിജിനൽ ഷ്രൂസ്‌ബെറി ബിസ്‌കറ്റിന്റെ സ്വാദിന്റെ രഹസ്യം എന്നദ്ദേഹം എടുത്തു പറയുന്നുണ്ടെങ്കിലും സിറ്റി ബേക്കറിയുടെ ഷ്രൂസ്‌ബെറി ബിസ്‌കറ്റിൽ ഷ്രൂസ്‌ബെറിയിൽ നിന്നുള്ള വെണ്ണ ആണ് ഉപയോഗിക്കുന്നത് എന്നവകാശപ്പെടുന്നില്ല.

shrewsbury biscuits, mahesh nair, iemalayalam
ഷ്രൂസ്ബെറിയിലെ ‘മധുരപ്പുൽമേടുകൾ’ | ഫൊട്ടൊ: ജൂലി ബ്രോമിനിക്സ്

ഇക്കാലത്തു പൂണെയിലോ ഇന്ത്യയിൽ മറ്റെവിടെയെങ്കിലുമോ ഉണ്ടാക്കുന്ന ഷ്രൂസ്റിബെറി ബിസ്കറ്റുകളിൽ ഷ്രൂസ്ബറിയിൽ നിന്നും ഇറക്കുമതി ചെയ്ത വെണ്ണയേ ഉപയോഗിക്കാറുള്ളൂ എന്ന് വിശ്വസിക്കുന്നതിനേക്കാൾ എളുപ്പമാണ് അതത് സ്ഥലങ്ങളിൽ കിട്ടുന്ന ഏറ്റവും നല്ല വെണ്ണ ആണ് ഇവയിൽ എന്ന് വിശ്വസിക്കുന്നത്. അങ്ങിനെയെങ്കിൽ ഷ്രൂസ്ബെറി എന്ന ഇംഗ്ലീഷ് പട്ടണവുമായി ഒരു ബന്ധവും ഇന്നത്തെ ഇന്ത്യയിലെ ഷ്രൂസ്‌ബെറി ബിസ്കറ്റുകൾക്ക് ഇല്ല എന്ന് പറയേണ്ടി വരും. അപ്പോൾ പിന്നെ ഷ്രൂസ്ബെറിയിൽ ഉണ്ടാക്കുന്ന ഷ്രൂസ്‌ബെറി ബിസ്കറ്റുകൾക്കാണോ ആ പേരിനു കൂടുതൽ അവകാശം? അവയാണോ കൂടുതൽ ശ്രേഷ്ഠം?

ഫ്രാൻസിലെ ഷാംപെയിൻ പ്രവിശ്യയിൽ വളരുന്ന മുന്തിരികളിൽ നിന്നുണ്ടാക്കുന്ന നുരയുള്ള മദ്യത്തിനല്ലേ ഷാംപെയിൻ എന്ന പേരിന് അവകാശം ഉള്ളൂ? അതേ പ്രക്രിയ ഉപയോഗിച്ച് മറ്റെവിടെയെങ്കിലും മറ്റേതെങ്കിലും മുന്തികളിൽ നിന്നുണ്ടാക്കിയ (നുരയിലും രുചിയിലും ഒന്നും സാധാരണ മദ്യപാനികൾക്കാർക്കും ഷാംപെയിനുമായുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയാത്ത) നുരയൻ വൈനുകളെ ഷാംപെയിൻ എന്ന് വിളിക്കുന്നത് നിയമപരമായി ശിക്ഷാർഹമല്ലേ? അവയൊക്കെ ഷാംപെയിനോളം ഔന്നത്യം അനുവദിക്കപ്പെട്ടിട്ടില്ലാത്ത ‘സ്പാർക്ളിങ് വൈനു’കൾ മാത്രമല്ലേ?

പക്ഷെ മുറ്റത്തെ മുല്ലയെപ്പോലെ തന്നെ ഉത്ഭവിച്ചിടത്തു പലർക്കും വലിയ മൈൻഡില്ലാത്ത മറ്റൊരു സംഭവം ആണ് തദ്ദേശവാസികളിൽ പലരും രുചിച്ചു നോക്കുക പോലും ചെയ്തിട്ടില്ലാത്ത ഷ്രൂസ്‌ബെറിയിലെ ഷ്രൂസ്‌ബെറി ബിസ്കറ്റ്.

ഞാൻ ഷ്രൂസ്‌ബെറിക്കാരി സുഹൃത്ത് ജൂലിയോട് ഇതിന്റെ കാരണം തിരക്കി. ഞങ്ങളുടെ നാട്ടിൽ ഇതിനു വലിയ പേരൊന്നും ഇല്ല, ഞാൻ ഒരിക്കലോ മറ്റോ മാത്രമേ കഴിച്ചിട്ടുള്ളൂ, ഇഷ്ടപ്പെട്ടതും ഇല്ല, ഷ്രൂസ്ബെറിയിൽ പൊതുവെ ടൂറിസ്റ്റുകൾ മാത്രം വരുന്ന കടകളിലേ ഇത് കണ്ടിട്ടുള്ളൂ, മുടിഞ്ഞ വിലയും ആണ്, ഷ്രൂസ്‌ബെറിയിൽ വന്നതിനു തെളിവായി തിരികെ സ്വന്തം നാട്ടിലേക്കു കൊണ്ട് പോകാൻ ഇത് ടൂറിസ്റ്റുകൾ വാങ്ങുന്നതു കൊണ്ട് മാത്രമാണ് വിറ്റ് പോകുന്നത്, എന്നൊക്കെ ആയിരുന്നു ജൂലിയുടെ ഉത്തരം.

ഇതേ പേരിൽ ഒരു ബിസ്കറ്റ് ഇന്ത്യയിൽ ഉണ്ടെന്നും ഇത് ഇന്ത്യയിൽ വലിയ സംഭവം ആണെന്നും ഞാൻ പറഞ്ഞപ്പോൾ അവൾക്കു ആവേശമായി. എനിക്ക് വേണ്ടി അവൾ ഫെയ്സ്ബുക്കിൽ ശ്രോപ്‌ഷെർകാരായ തന്റെ സുഹൃത്തുക്കളോടൊക്കെ തങ്ങളുടെ ഷ്രൂസ്‌ബെറി ബിസ്കറ്റ് അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ട് പോസ്റ്റിട്ടു. അങ്ങനെ കിട്ടിയ പ്രതികരണങ്ങളിൽ നിന്നും എനിക്ക് വളരെയേറെ വിവരങ്ങൾ കിട്ടുകയും ചെയ്തു.

ഇതിനിടെ പൂണെയിലെ സിറ്റി ബേക്കറി ഉടമ അർദഷീർ ഇറാനിയുടെ ‘സുഗന്ധപുല്ല്’ കഥ കൂടി കേട്ടപ്പോൾ ജൂലി ആകെ സെന്റിയായി.

‘വെണ്ണക്കും സുഗന്ധമുള്ള പുല്ലിനും ഇത്ര പേരുകേട്ട സ്ഥലമാണ് ഷ്രൂസ്ബെറി എന്നനിക്ക് അറിയില്ലായിരുന്നു; ഒരു പക്ഷെ ഒരു കാലത്തു അങ്ങിനെ ആയിരുന്നു എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു, വെൽഷുകാർ കാലികളെ തെളിച്ചു കൊണ്ട് ചന്തയിലേക്ക് പോകുന്ന വഴി അവിടത്തെ പുൽമേടുകളിൽ മേയാൻ വിട്ടിരിക്കാം, ഐ ലവ് ദിസ്,’ എന്നായിരുന്നു സ്വതവേ ‘ലോല’യും പോരെങ്കിൽ എഴുത്തുകാരിയും ആയ ജൂലിയുടെ  മറുപടി. സ്വന്തം നാട്ടിൽ അന്യം നിന്ന് പോയ, ആരും ഇപ്പോൾ ഓർക്കാത്ത, ആ നാളുകൾ ഇന്ത്യയിലെ മിത്തുകളിലെങ്കിലും ഉണ്ടല്ലോ എന്ന ചിന്തയായിരിക്കാം അവളുടെ കണ്ണ് നിറച്ചത്.

shrewsbury biscuits, mahesh nair, iemalayalam
‘ജംബോ’ ഷ്രൂസ്‌ബെറി ബിസ്ക്കറ്റുമായി ജൂലി | ഫൊട്ടൊ: ജോവാന നായര്‍

ജൂലിയുടെ വാക്കുകൾ വരച്ച ചിത്രത്തിലെ ഷ്രൂസ്ബെറി പുൽമേടുകളിലെ മണക്കുന്ന മധുരപ്പുല്ലു തിന്ന കാലികളുടെ കട്ടിപ്പാലിൽ നിന്നുള്ള ശുദ്ധ വെണ്ണ പിശുക്കാതെ ചേർത്ത ഷ്രൂസ്ബെറി കേക്കാണ് ഇന്നത്തെ ഷ്രൂസ്ബറി ബിസ്കറ്റിന്റെ മുൻഗാമി. ഷ്രൂസ്ബറി കേക്കിനെക്കുറിച്ചു ഇന്നുള്ള രേഖകൾ നോക്കിയാൽ ഈ കേക്ക് പതിനേഴാം നൂറ്റാണ്ടിലും പ്രചാരത്തിൽ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം.

വില്യം കോൺഗ്രീവ് എന്ന ബ്രിട്ടീഷ് നാടകകൃത്തിന്റെ 1700 ലെ ‘ദ വെയ് ഒഫ് ദ വേൾഡ്’ എന്ന നാടകത്തിൽ ഈ കേക്കിനെകുറിച്ചു സൂചിപ്പിക്കുന്നുണ്ട്. അതിനും ഏകദേശം അര നൂറ്റാണ്ടു മുൻപുള്ള 1658 ലെ ‘ദ കംപ്ളീറ്റ് കുക്ക്’ എന്ന പുസ്തകത്തിൽ ഷ്രൂസ്ബെറി കേക്ക് ഉണ്ടാക്കാനുള്ള ഒരു പാചകക്കുറിപ്പുണ്ട്. ഇതുപ്രകാരം ഞാനും ഭാര്യയും കൂടി വീട്ടിൽ ഉണ്ടാക്കിയ കേക്ക് കാഴ്ചയിൽ ഒട്ടും ഗ്ലാമർ ഇല്ലാത്ത ബിസ്കറ്റായി പരിണമിക്കുകയുണ്ടായെങ്കിലും സ്വാദ് ഗംഭീരമായിരുന്നു.  പാചകകുറിപ്പ് താഴെ ചേർത്തിട്ടുണ്ട്.

പതിനേഴാം നൂറ്റാണ്ടിലെ പാചകക്കുറിപ്പ് പരീക്ഷിച്ചതിന്റെ സന്തോഷത്തില്‍ ലേഖകനും ഭാര്യ ജോവാന നായരും | ഫൊട്ടൊ: ജൂലി ബ്രോമിനിക്സ്

ഷ്രൂസ്‌ബെറിയെ ചുറ്റിപ്പറ്റിയുള്ള പല രസകരമായ കഥകളും തോമസ് ഇൻഗൾഡ്‌സ്‌ബി എന്ന തൂലികാനാമത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രേത/ഹൊറർ കഥകളും കവിതകളും മറ്റും രചിച്ച റിച്ചാർഡ് ബാറം എന്ന വൈദികന്റെ ‘ദി ഇൻഗൾഡ്‌സ്‌ബി ലെജന്ഡ്സ്’ എന്ന പുസ്തകത്തിലെ ‘ബ്ലഡി ജാക്ക് ഓഫ് ഷ്രൂസ്‌ബെറി’ എന്ന കവിതയിൽ കാണാം. ഇവയൊക്കെ ചരിത്രസത്യങ്ങൾ ആണെന്നതിനു തെളിവൊന്നും ഇല്ലെങ്കിലും ഇന്നത്തെ ഷ്രൂസ്ബറി ബിസ്കറ്റ് മാർക്കറ്റ് ചെയ്യുന്നവർ പലരും തങ്ങളുടെ ബ്രാൻഡിങ് ഊന്നി നിർത്തുന്നത് ഈ സത്യങ്ങളിലോ മിഥ്യകളിലോ ആണ്.

ഒരു പഴങ്കഥ ആസ്പദമാക്കി ബാറം രചിച്ച മേൽപ്പറഞ്ഞ കവിതയിലെ വില്ലൻ വിവാഹദിവസം തന്നെ ഭാര്യമാരെ കൊന്നിട്ട് അവരുടെ വിവാഹമോതിരം ഇട്ട വിരലുകൾ അരിഞ്ഞു മാറ്റി മേശവലിപ്പിൽ സൂക്ഷിക്കുന്ന ബ്ലഡി ജാക്ക് ആണ്. ജാക്കിന്റെ ഒടുവിലത്തെ ഇരയുടെ അനുജത്തി മേരി ആൻ രക്ഷപ്പെടുന്നത് അവന്റെ കാവൽ നായക്ക് ഒരു ഷ്രൂസ്ബെറി കേക്ക് കൊടുത്തിട്ടാണ്.

ഇത് ‘കേക്കു പാചകക്കാരുടെ രാജകുമാരൻ’ ആയ പെയ്‌ലിൻ ഉണ്ടാക്കിയ കേക്കാണ് എന്ന് കവിതയിൽ എടുത്തു പറയുന്നുണ്ട്. ‘നിന്റെ പേരൊന്നു കേട്ടാൽ മതി വായിൽ വെള്ളമൂറാൻ’ എന്ന് പെയ്‌ലിനെ സ്തുതിക്കുന്ന ബാറമിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഷ്രൂസ്‌ബെറിയിലെ ഒരു സ്ഥാപനം അവകാശപ്പെടുന്നത് പെയ്‌ലിൻ ഷ്രൂസ്‌ബെറി കേക്കുണ്ടാക്കിയിരുന്ന സ്ഥലത്താണ് തങ്ങളിപ്പോൾ എന്നാണ്.

ചരിത്രസത്യം (അതോ മിത്തോ) മാർക്കറ്റിംഗ് ആവുമ്പോൾ | ഫൊട്ടൊ: ജൂലി ബ്രോമിനിക്സ്

ഇത്രയൊക്കെ മാർക്കറ്റിങ് ഉണ്ടായിട്ടും ഇന്നത്തെ ഷ്രൂസ്‌ബെറിക്കാർ പൊതുവെ ‘ഓ പിന്നെ’ എന്ന മട്ടിലാണ് ഷ്രൂസ്ബറി ബിസ്കറ്റിനോട് പ്രതികരിക്കുന്നത്. എന്നാൽ ഷ്രൂസ്‌ബെറിക്കാരിൽ പലരും ഇന്ത്യ സന്ദർശിച്ച് തിരികെ പോരുമ്പോൾ വീട്ടുകാർക്ക് വേണ്ടി കൗതുകമുള്ള ഒരു സമ്മാനമായി തങ്ങൾ ഇന്ത്യയിൽ രുചിച്ചിഷ്ടപ്പെട്ട ഇന്ത്യൻ ഷ്രൂസ്‌ബെറി ബിസ്കറ്റ് കൊണ്ടു പോയിട്ടുണ്ടത്രേ. തങ്ങളുടെ പൈതൃകത്തിന്റെയോ സ്വദേശസ്നേഹത്തിന്റെയോ ഭാഗമായി ഇവിടത്തുകാർ ഈ ബിസ്കറ്റിനെ കാണുന്നില്ലെന്ന് ചുരുക്കം.

പക്ഷെ ഇന്ത്യയിൽ ഇത് സ്വാദുള്ള ഒരു ബിസ്കറ്റിനു പുറമെ മൺമറഞ്ഞു പോയ ഒരു കാലത്തിന്റെ ചിഹ്‌നം കൂടിയാണോ? ഈ നൊസ്റ്റാൾജിയയിൽ വിധേയത്വത്തിന്റെ അംശം ഉണ്ടോ? ഉണ്ടാവാം. പക്ഷെ ഉദ്ഘാടനം കഴിഞ്ഞാലുടൻ പൊളിയാൻ തുടങ്ങുന്ന നമ്മുടെ ചില പുതിയ പാലങ്ങളെ ബ്രിട്ടീഷുകാർ പണിത വെണ്ടുരുത്തി പാലവുമായി താരതമ്യം ചെയ്യുന്നതിൽ വിധേയത്വം മാത്രമേയുള്ളോ? അതോ കുറച്ചു വസ്തുതയും കൂടിയുണ്ടോ?

വേണ്ടാത്തതിനോടൊപ്പം വേണ്ടതിനെയും കളയുക എന്ന ബുദ്ധിമോശത്തെ സൂചിപ്പിക്കുന്ന ‘Throwing the baby out with the bathwater’ എന്നൊരു പ്രയോഗം ഇംഗ്ലീഷിൽ ഉണ്ടല്ലോ. ബ്രിട്ടീഷ് സാമ്രാജ്യത്വം എന്ന കുളിപ്പിച്ച വെള്ളത്തോടൊപ്പം നമ്മൾ കളയാത്ത കുഞ്ഞുങ്ങളിൽ ഒന്നല്ലേ ഷ്രൂസ്‌ബെറി എന്ന ബ്രാൻഡിങ് മാത്രമുള്ള നമ്മുടെ നാട്ടിലെ ജനപ്രിയ ഷ്രൂസ്‌ബെറി ബിസ്കറ്റ്? ആ ബിസ്കറ്റ് തന്നെയല്ലേ ഷ്രൂസ്‌ബെറിക്കാർക്കു വേണ്ടാത്ത ‘ഒറിജിനൽ’ ബിസ്കറ്റിനേക്കാൾ ശ്രേഷ്ഠം?

shrewsbury biscuits, mahesh nair, iemalayalam
ഷ്രൂസ്‌ബെറി ബിസ്കറ്റിന്റെ ഇന്നത്തെ രൂപം

പാചകക്കുറിപ്പ് 

അവ്നിൽ ചെറുചൂടിൽ വച്ച് ഈർപ്പം കളഞ്ഞ ശേഷം അളന്ന ഗോതമ്പു പൊടി : രണ്ടു പൗണ്ട് (907 ഗ്രാം). ഇക്കാലത്തെ ഗോതമ്പ് പൊടി ഈർപ്പമില്ലാത്ത പാക്കറ്റുകളിൽ കിട്ടുന്നത് കൊണ്ട് ഉണക്കിയെടുക്കൽ വേണ്ടെന്ന് വയ്ക്കാം.

ഒന്നോ രണ്ടോ മണിക്കൂർ റോസ് വാട്ടറിൽ വച്ച ശേഷം വെള്ളം ഊറ്റിക്കളഞ്ഞ വെണ്ണ : ഒരു പൗണ്ട് (453 ഗ്രാം)

(ഞങ്ങൾ ഊറ്റിക്കളയൽ പ്രക്രിയ ഒഴിവാക്കി രണ്ടു ടേബിൾ സ്പൂൺ ഷെറി – നാട്ടിലെ വീടുകളിൽ ഉണ്ടാക്കുന്ന മധുരമുള്ള വൈനും ആകാം – വെണ്ണയിൽ ചേർക്കുകയാണ് ചെയ്തത്)

പഞ്ചസാര – മുക്കാൽ പൗണ്ട് (340 ഗ്രാം)

കോഴിമുട്ട – അഞ്ചെണ്ണം

വളരെ ചെറുതായി നുറുക്കിയ അല്ലെങ്കിൽ ഗ്രേറ്റ് ചെയ്ത ഇഞ്ചി – രണ്ട് ‘റേസ്’

(‘റേസ്’ എന്താണ് സംഗതി എന്നറിയാത്തത് കൊണ്ട് കാൽ ടീസ്പൂൺ എന്ന് ഞങ്ങളങ്ങു തീരുമാനിച്ചു)

ഉപ്പ് – പാകത്തിന്

മേൽപ്പറഞ്ഞ ചേരുവകളെല്ലാം കൂടി നല്ലവണ്ണം കുഴച്ചു അവ്നിൽ ചെറുചൂടിൽ വളരെ കുറച്ചു സമയം വച്ച് പുറത്തെടുക്കുക. പുറത്തെടുത്ത ശേഷം ഇഷ്ടമുള്ള വലിപ്പത്തിലും ആകൃതിയിലും കട്ട് ചെയ്തു എടുക്കുക.

കുഴച്ച മാവ് പൈ പ്ലേറ്റിൽ വയ്ക്കുന്നതിന് പകരം ഞങ്ങൾ ഒരു ആഴം കുറഞ്ഞ അവ്ൻ ട്രേയിൽ ചെറിയ ഉരുളകളാക്കിയ ശേഷം ഫോർക് കൊണ്ട് ഏകദേശം ഒരു സെന്റിമീറ്റർ കട്ടിയിൽ പരത്തി വയ്ക്കുകയാണ് ചെയ്തത്. സമയവും ചൂടും പാചകക്കുറിപ്പിൽ ഇല്ലാത്തതു കൊണ്ട് 170 സെന്റിഗ്രേഡിൽ 11 മിനിറ്റാണ് വച്ചത്.

  • യുകെയിലെ വെയില്‍സിലുള്ള ഡവി (Dyfi) പ്രദേശത്താണ് എഴുത്തുകാരന്‍ കൂടിയായ ലേഖകന്‍റെ സ്ഥിരതാമസം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Shrewsbury biscuit legend pune uk