scorecardresearch

ശിവഖോറി

“നടന്നു പോകുന്നവര്‍ പര്‍വ്വതങ്ങളുടെ ഗാംഭീര്യം അറിയുന്നു. വശങ്ങളിലൂടെ ഒഴുകുന്ന അരുവിയുടെ സംഗീതം കേള്‍ക്കുന്നു. മറ്റെല്ലാ കാഴ്ചകളും മായുന്നു. മറ്റെല്ലാ ശബ്ദങ്ങളും കെട്ടുപോകുന്നു. അരുവിയില്‍ മഞ്ഞുരുകിയ വെള്ളത്തിന്റെ തെളിച്ചം. അതിലെ മീനുകള്‍ക്ക് സാധാരണ മീനുകളേക്കാള്‍ കൂടുതല്‍ വലുപ്പം തോന്നിച്ചു”

shivkhori,pushpamgadan

ശിവകോടിയെകുറിച്ച് ഞങ്ങള്‍ക്കു യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഈ അജ്ഞത അവിടുത്തെ കാഴ്ചകളേയും ദര്‍ശനത്തേയും കൂടുതല്‍ വിസ്മയകരമാക്കി എന്നു വിചാരിക്കണം.
അമര്‍നാഥ് യാത്രയുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ ശിവകോടിയിലെത്തിയത്. ജമ്മു-കാശ്മീരിലെ അമര്‍നാഥ് തീര്‍ത്ഥാടനം എല്ലാ വര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളിലാണ്. ഈ വര്‍ഷം അത് ഓഗസ്റ്റ് 21 വരെ നീട്ടിയിരുന്നു. തീര്‍ത്ഥാടകര്‍ പ്രധാനമായും അമൃതസര്‍, വൈഷ്‌ണോദേവി എന്നിവടങ്ങള്‍ സന്ദര്‍ശിച്ച് നേരേ അമര്‍നാഥിലേക്ക് പോകും. തിരുപ്പതി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന ക്ഷേത്രമായ വൈഷ്‌ണോദേവിയില്‍ ദര്‍ശനത്തിന് പോകുന്നവര്‍ താഴെ ജമ്മുവിലെ കട്ര എന്ന സ്ഥലത്താണ് താമസിക്കുക. കട്രയില്‍ നിന്നും എണ്‍പത് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ ശിവകോടി എന്ന ഗുഹാക്ഷേത്രത്തില്‍ എത്താം. വിശ്വാസികളല്ലാത്ത സാധാരണ സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. അത്രയും പ്രകൃതിമനോഹരമായ സ്ഥലമാണ് ശിവകോടി അഥവാ ശിവഖോറി. ശിവകോടിയെകുറിച്ചുള്ള അറിവില്ലായാമയാവാം, കേരളത്തില്‍ നിന്നും ഈ ഗുഹാക്ഷേത്രം കാണാനെത്തുന്നവര്‍ കുറവാണ്.

ഖോറി എന്നാല്‍ ഗുഹ എന്നാണര്‍ത്ഥം. അതുകൊണ്ട് ശിവഖോറി എന്നാല്‍ ശിവഗുഹ. ജമ്മുവില്‍ ഉദ്ദംപൂര്‍ ജില്ലയിൽ റിയാസി താലൂക്കിലെ റാന്‍സൂ ഗ്രാമത്തിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കട്രയില്‍ നിന്നും വൈഷ്‌ണോദേവി ദര്‍ശനം നടത്തി പിറ്റേന്നാണ് ഞങ്ങള്‍ ശിവകോടിയിലേക്ക് യാത്രതിരിച്ചത്. കട്രയില്‍ നിന്നും രണ്ട് മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്യണം. ഇരുവശവുമുള്ള കൃഷിയിടങ്ങളുടേയും അവിടെയവിടെയായി ഒറ്റപ്പെട്ടു കാണപ്പെട്ട കൊച്ചുവീടുകളുടേയും ഇടയിലൂടെ അലസമായി നീണ്ടുകിടക്കുന്ന പഴയ റോഡിലൂടെ ബസ്സ് സാവധാനം സഞ്ചരിച്ചു. ജമ്മുവിലെ പ്രഭാതത്തിന് തണുപ്പുണ്ടായിരുന്നു. പിന്നെപ്പിന്നെ ഭൂപ്രകൃതി മാറിവന്നു. മലനിരകള്‍ പ്രത്യക്ഷമായി. മലകളെ വലംവച്ച് കയറിയും ഇറങ്ങിയും താഴ്‌വരകളുടെ ചരിവുകളിലൂടെ സഞ്ചരിച്ചുകൊണ്ട് ഞങ്ങള്‍ റാന്‍സു എന്നൊരു സ്ഥലത്ത് എത്തിച്ചേര്‍ന്നു. റാന്‍സുവില്‍ ഒരു ബെയ്‌സ് ക്യാമ്പുണ്ട്. വലിയ വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യണം. ഞങ്ങളുടെ ബസ്സും അവിടെ നിര്‍ത്തി. പിന്നീടുള്ള രണ്ട് കിലോമീറ്റര്‍ ദൂരം ഒട്ടോറിക്ഷ – ടാക്‌സി പോലുള്ള ചെറു വാഹനങ്ങളെ ആശ്രയിക്കണം. അപ്പോള്‍ ശിവകോടിപഥത്തിലെത്തിച്ചേരും. അവിടെനിന്നും മൂന്ന് കിലോമീറ്ററിലധികം ദൂരം മലനിരകളുടെ ചരിവുകളിലൂടെ പോകുന്ന പാതയിലൂടെ നടന്നുപോകണം. അപൂര്‍വ്വം ചിലര്‍ കുതിരപ്പുറത്തു പോകുന്നത് കണ്ടു. നടന്നു പോകുന്നവര്‍ പര്‍വ്വതങ്ങളുടെ ഗാംഭീര്യം അറിയുന്നു. വശങ്ങളിലൂടെ ഒഴുകുന്ന അരുവിയുടെ സംഗീതം കേള്‍ക്കുന്നു. മറ്റെല്ലാ കാഴ്ചകളും മായുന്നു. മറ്റെല്ലാ ശബ്ദങ്ങളും കെട്ടുപോകുന്നു. അരുവിയില്‍ മഞ്ഞുരുകിയ വെള്ളത്തിന്റെ തെളിച്ചം. അതിലെ മീനുകള്‍ക്ക് സാധാരണ മീനുകളേക്കാള്‍ കൂടുതല്‍ വലുപ്പം തോന്നിച്ചു.

2016 ല്‍ ചാര്‍ത്ഥാമിലെ യമുനോത്രി, കേദാര്‍, പിന്നീട് കഴിഞ്ഞ വര്‍ഷം കൈലാസം, ഇപ്പോള്‍ വൈഷ്‌ണോദേവി sivakhori,pushpamgadanഎന്നിവടങ്ങളിലെല്ലാം നടന്ന് യാത്ര ചെയ്ത പരിചയം കൊണ്ട് പരമാവധി നടന്നുകയറാനാണ് ശ്രമിക്കുക. പാതിദൂരം തീരെ പ്രയാസമുണ്ടായില്ല. മനുഷ്യവാസമില്ലാത്ത വിജനമായ കാട്ടുപ്രദേശങ്ങളാണെവിടെയും. ഇടയില്‍ ശ്രീറാം മന്ദിര്‍ എന്നൊരു ക്ഷേത്രമുണ്ട്. പുറത്ത് കൃഷ്ണശിലയില്‍ ഒരു വലിയ മിനുമിനുത്ത ശിവലിംഗവും നന്ദിയും നിലകൊള്ളുന്നു. ക്ഷേത്രദര്‍ശനം നടത്തി പുറത്തിറങ്ങിയപ്പോള്‍ വെയിലിന് ചൂട് കൂടാന്‍ തുടങ്ങി. തുടര്‍ന്നുള്ള യാത്ര കയറ്റങ്ങളുള്ളതാണ്. പെട്ടെന്ന് ക്ഷീണം തോന്നും. പതുക്കെ നടന്നു റാന്‍സുവിലെത്തുമ്പോള്‍ ഉച്ചയോടടുത്തിരുന്നു. കുറച്ചു നേരം അവിടെ വിശ്രമിച്ചു. വെയിലില്‍ പര്‍വ്വതനിരകളുടെ കാഴ്ച അവിസ്മരണീയമായി. യാത്ര തുടരുമ്പോള്‍ അരുവിയുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. ഭക്ഷണസാധനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു വാനരകുടുംബവും ഞങ്ങള്‍ക്കൊപ്പം നടന്നു.

പിന്നേയും രണ്ട് മണിക്കൂറുകള്‍ വേണ്ടിവന്നു ഗുഹാദ്വാരത്തിനടുത്തെത്താന്‍. മുകളിലെത്തിയാലും ഗുഹയിലേയ്ക്ക് കുറച്ച് പടവുകള്‍ കൂടി കയറണം. മൊബൈല്‍, ക്യാമറ എന്നിവ മാത്രമല്ല, ചെരുപ്പും ഷൂസും പോലും ഗുഹയില്‍ അനുവദനീയമല്ല. നഗ്നപാദരായി നടന്നുപോകണം. പാദരക്ഷകള്‍ താഴെ ഏല്‍പ്പിച്ച് ഞങ്ങള്‍ ഗുഹയിലേക്ക് പോകാന്‍ തയ്യാറെടുത്തു.

കഴിഞ്ഞ നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശിവകോടി ഗുഹാക്ഷേത്രത്തെ കുറിച്ച് പുറംലോകത്തിന് വളരെ പരിമിതമായ അറിവേ ഉണ്ടായിരുുള്ളൂ. അക്കാലത്ത് കേവലം ആയിരങ്ങള്‍ മാത്രം സന്ദര്‍ശിച്ചിരുന്ന ഗുഹാക്ഷേത്രം 2003 ല്‍ ശിവകോടി ക്ഷേത്രസമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതോടുകൂടി ലക്ഷങ്ങളിലേയ്ക്ക് വളര്‍ന്നിരിക്കുന്നു. ഇപ്പോള്‍ അമര്‍നാഥ് വൈഷ്‌ണോദേവി ദര്‍ശനത്തിനെത്തുന്നവര്‍ ശിവകോടി കൂടി സന്ദര്‍ശിക്കുക പതിവായി. എന്തുകൊണ്ടോ എല്ലായിടത്തും കാണുന്നതുപോലെ മലയാളികളെ ആരെയും ഇവിടെ വെച്ച് കണ്ടില്ല. അതാണത്ഭുതപ്പെടുത്തിയതും.

മഹാശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. മൂന്നു ദിവസത്തെ ശിവകോടിമേള അപ്പോഴാണ് നടക്കുന്നത്. അതോടെ ശിവകോടിയും പരിസരങ്ങളും ജനനിബിഡമാവുന്നു. അപ്പോള്‍ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളെയും പോലെ ശിവകോടിയും ഒരു ടൂറിസ്റ്റുപ്രദേശമായി പരിണമിക്കുകയായി. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് റസുവില്‍ റെസ്റ്റ് ഹൗസ്, റിസപ്ഷന്‍ സെന്റര്‍, പോണി ഷെഡ് തുടങ്ങിയവ നിര്‍മ്മിച്ചിരിക്കുന്നു. ഗുഹാക്ഷേത്രത്തിലേക്കുള്ള പാതയില്‍ ടൈല്‍ വിരിച്ച്, ഇരുവശവും ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചു കഴിഞ്ഞു. യാത്രക്കാര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരുന്നുണ്ട്. ഗുഹയിലെ തിരക്ക് കുറയ്ക്കുന്നതിനായി ഒരു എക്‌സിറ്റ് ടണല്‍ നിര്‍മ്മിച്ച് തുറന്നു കൊടുത്തത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഇപ്പോള്‍ ഒരു ഭക്തന് പ്രാചീന ഗുഹാമുഖം വഴി ഗുഹയില്‍ പ്രവേശിച്ച് പിന്നീട് പുനര്‍ജനി നൂഴുമ്പോലെ നൂണ്ടുകടന്ന് ഗുഹാന്തര്‍ഭാഗത്തെത്തി, ശിവലിംഗ പ്രതിഷ്ഠ ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി പുതിയ ഗുഹാകവാടം വഴി പുറത്തിറങ്ങാം. അടുത്തകാലത്തായി വൈഷ്‌ണോദേവി ക്ഷേത്രസമിതി ശിവകോടിയുടെ നടത്തിപ്പും വികസനപ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു.shivkhori,pushpamgadan

അങ്ങനെ ഗുഹയ്ക്ക് ഇപ്പോള്‍ പ്രാചീനവും ആധുനികവുമായ രണ്ട് കവാടങ്ങള്‍ ഉണ്ട്. ഒന്നാമത്തേത് പ്രകൃതിദത്തവും രണ്ടാമത്തേത് മനുഷ്യനിര്‍മ്മിതവുമാണ്. ഒന്നാമത്തേത് വളരെ ഇടുങ്ങിയതാണെങ്കില്‍ മുകളിലായി നിര്‍മ്മിച്ചിട്ടുള്ള രണ്ടാമത്തേത് താരതമ്യേന വിസ്തൃതമാണ്. പ്രകൃതിദത്തമായ ഗുഹയ്ക്ക് 150 – 200 മീറ്റര്‍ നീളവും, ഒരു മീറ്റര്‍ വീതിയും രണ്ട് മുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരവും ഉണ്ട്. ഗുഹയുടെ പ്രവേശന മാര്‍ഗ്ഗത്തിന് ഏകദേശം മുന്നൂറ് പേരെ ഉള്‍ക്കൊള്ളാനാവും. അവിടെ നിന്നും ഗുഹാന്തര്‍ഭാഗത്തെ ഗര്‍ഭഗൃഹത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പാറകളാല്‍ പ്രകൃതിദത്തമായി നിര്‍മ്മിതമായ ഗുഹ നേര്‍ത്തുനേര്‍ത്ത് വരുന്നു. ഒരാള്‍ക്ക് വളഞ്ഞുപുളഞ്ഞും ഇരുന്നും ഇഴഞ്ഞും നൂണ്ടും വേണം മുന്നോട്ടു പോകാന്‍. ഭൂരിഭാഗം പേരേയും, പ്രത്യേകിച്ച് വണ്ണം കൂടിയവരെ, ആ യാത്ര അല്‍പം ഭയപ്പെടുത്തും. പലപ്പോഴും അത് നീണ്ട കുരുക്കിന് ഇടയാക്കു കയും ചെയ്യും. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നയിക്കാന്‍ സൈനി കരും സേവാസമിതിക്കാരും ഉണ്ട്. അവരുടെ നിര്‍ദ്ദേശാനുസരണം മുന്നോട്ടു നീങ്ങാം. ഞങ്ങളുടെ സന്ദര്‍ശസമയത്ത് തിരക്ക് കുറവായിരുന്നു. അങ്ങനെ നൂണ്ടുകടന്ന് മുകളിലെത്തിയപ്പോള്‍ ഒരു വലിയ ഗുഹാഗൃഹം കണ്ടു. അവിടെ വെച്ച് ഗുഹ രണ്ടായി പിരിയുകയാണ്. അതിലൊരെണ്ണം കശ്മീരിലെ അമര്‍നാഥ് ഗുഹയിലേക്ക് എത്തിച്ചേരാവുന്ന ഒന്നാണെന്നും, അത് ചില കാരണങ്ങളാല്‍ അടച്ചിട്ടിരിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞു. ആ യാത്രാപഥത്തിലെ അപകടാവസ്ഥ കണക്കിലെടുത്ത് ആരെയും അതുവഴി കടത്തിവിടേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണത്രെ. അവിടെ നിന്ന് കുറച്ചുകൂടി മുകളിലെത്തുമ്പോള്‍ തറ ഏറെക്കുറെ പരന്നതും, മുകളിലും വശങ്ങളിലും പാറ ഒലിച്ചിറങ്ങിയതു പോലെ സ്ഥിതി ചെയ്യുന്നതുമായ ഒരു സ്ഥലത്തെത്തിച്ചേരുന്നു. ഇവിടെയാണ് നാലടി ഉയരത്തില്‍ ഇപ്പോഴും വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്ന സ്വയംഭൂവായെന്ന് പറയപ്പെടുന്ന ശിവലിംഗം സ്ഥിതി ചെയ്യുന്നത്. അവിടെ എത്തുമ്പോള്‍ ആദ്യമായി നമ്മുടെ കാഴ്ചയില്‍ വരുന്നതും ആ ശിവലിംഗമാണ്. പൂജകള്‍ നടക്കുന്നുണ്ട്. പൂജാരി ഗുഹാന്തര്‍ഭാഗത്തെ പ്രകൃതിദത്തമായ പാറയില്‍ നിര്‍മ്മിതമായ മറ്റു പ്രതിഷ്ഠകളായ പാര്‍വ്വതി, സുബ്രഹ്മണ്യന്‍, ഗണേശന്‍, നന്ദി എന്നിവരെക്കുറിച്ചും മുകള്‍ത്തട്ടിലെ പാറകളില്‍ വസിക്കുന്ന അനന്തന്‍, വാസുകി മുതലായ സര്‍പ്പശ്രേഷ്ഠന്‍മാരെക്കുറിച്ചും മുപ്പത്തിമുക്കോടി ദേവതകളുടെ സാന്നിദ്ധ്യത്തെക്കുറിച്ചും വാചാലനാകുന്നു. ചുറ്റും നോക്കുമ്പോള്‍ നാഗലോകത്തെത്തിയ പ്രതീതി. ഈര്‍പ്പം നിറഞ്ഞ ഗുഹയില്‍ ശിവലിംഗത്തിലേയ്ക്ക് ജലം ഇറ്റുവീഴുന്നു. അമര്‍നാഥ് ഗുഹയിലേതുപോലെത്തന്നെ ഇവിടേയും പ്രാവുകളുടെ ദര്‍ശനം തീര്‍ത്ഥാടകര്‍ക്ക് സായൂജ്യം പകരുന്നു.shivkhori,pushpamgadan

ഞങ്ങള്‍ ആരാധനയിലും പൂജയിലും പങ്കുകൊണ്ടു. പിന്നെ പ്രസാദം വാങ്ങി ഗുഹയിലെ ഒഴിഞ്ഞ ഒരു ഭാഗത്ത് പ്രര്‍ത്ഥനയില്‍ മുഴുകിക്കൊണ്ട് കുറെ നേരം ചെലവഴിച്ചു. അവിടെയിരുന്നു പ്രാര്‍ത്ഥിക്കുന്നത് മറ്റെവിടേയും പ്രാര്‍ത്ഥിക്കുന്നതു പോലെയല്ല. ഗുഹയ്ക്കുള്ളിലെ പ്രാചീനമായ അന്തരീക്ഷം നമ്മെ കൂടുതല്‍ ശാന്തരാക്കുന്നു. തിരക്കു കുറവായിരുതിനാല്‍ മതിവരുവോളം അവിടെ ഇരുന്നു. പിന്നെ പതുക്കെ എഴുന്നേറ്റ് ശിവലിംഗത്തെ വണങ്ങി അല്‍പം കൂടി മുകളിലേക്ക് കയറി. അവിടെ ഒരു പാറയില്‍ വളരെ ചെറിയ ചൂണ്ടുവിരലിനോളം വലുപ്പമുള്ള ഒരു നിരയില്‍ മൂന്നു ശിവലിംഗങ്ങള്‍ കണ്ടു. പാറയില്‍ തൊട്ടപ്പോള്‍ ഒരു ചെറിയ കുഴിയിലെ ജലത്തിലാണ് ശിവലിംഗങ്ങള്‍ നില കൊള്ളുന്നതെന്നു മനസ്സിലായി. അതു ഗംഗാജലമാണെന്നാണ് സങ്കല്‍പം. കൈപ്പത്തി ശിവലിംഗത്തിന് മുകളില്‍ വെച്ച് ശിവലിംഗത്തെ തൊഴുന്നതാണ് അവിടത്തെ രീതി. ഞങ്ങളും അപ്രകാരം ചെയ്തു. കൈയ്യില്‍ ജലസ്പര്‍ശം. വെള്ളത്തിന് അസാധാരണമായ തണുപ്പുണ്ടായിരുന്നു.

പുറത്തു കടന്ന് താഴക്കേിറങ്ങി. നല്ല വിശപ്പു തോന്നി. സേവാസമിതി വക അന്നദാനം ഉണ്ട്. അവര്‍ തന്ന പൂരിയും കിഴങ്ങും കഴിച്ച് തണുത്ത വെള്ളവും കുടിച്ച് പതുക്കെ മലയിറങ്ങി. മടക്കയാത്രയില്‍ ഞങ്ങളുടെ ബസ്സും മറ്റു വാഹനങ്ങളും എന്തോ കാരണത്താൽ വഴി തിരിച്ചുവിട്ടു. ജമ്മുവിലെ ടാര്‍ ചെയ്യാത്ത മലമ്പാതകളിലൂടെ ബസ്സ് ഓടിക്കൊണ്ടിരുന്നു.

ഇത് മറ്റൊരു വഴിയിലൂടെയുള്ള യാത്രയാണ്. മറ്റൊരു ജന്മം കൂടിയാണെന്നും തോന്നി. ശിവകോടിയുടെ ഗുഹയില്‍ നിന്നും പുനര്‍ജ്ജനി നൂണ്ടുവന്നിരിക്കുന്നു. മലനിരകളില്‍ വെയില്‍ മങ്ങുന്നത് കണ്ടു. തണുത്ത കാറ്റേറ്റ് കണ്ണുകളടഞ്ഞു. നിദ്രയില്‍ ആ മലമ്പാതയും താഴ്‌‌വരയും അരുവിയും പര്‍വ്വതശിഖരങ്ങളും അവയെ തൊട്ടുരുമ്മിനിൽക്കുന്ന മേഘങ്ങളുമെല്ലാം പഴയ ജന്മത്തിലെന്നതുപോലെ മാഞ്ഞുമാഞ്ഞുപോയി.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Shiv khori cave shrine jammu kashmir

Best of Express