എസ്.ജോസഫിന്റെ ‘മിന്നൽ’ എന്ന കവിത വായിച്ചപ്പോൾ ഒരു തീവണ്ടിയാത്ര ഓർമ്മയിൽ വന്നു. മഹാരാഷ്ട്രയിലെ മീറജ് സ്റ്റേഷനിൽ നിന്നും പന്താർപ്പൂറിലേയ്ക്ക് നാരോഗേജ് ട്രെയിൻ സർവ്വീസ് നടത്തിയിരുന്നു. പതിനെട്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു ആ യാത്ര. കരിമ്പുപാടങ്ങൾക്കിടയിൽ ഇടക്കിടെ മറയുന്ന കുഞ്ഞു ട്രെയിനായിരുന്നു അത്. മൂന്ന് നാല് പാസഞ്ചർ ബോഗികളും ഇന്ധന ടാങ്കറും ചരക്ക് വാഗണും ഉൾപ്പെട്ട, ഇന്ന് വംശനാശം വന്ന ഒരു മിക്സഡ് ട്രെയിൻ ആയിരുന്നു ആ കുഞ്ഞൻ.

വികാരങ്ങളുടെ രൂപത്തിലാണെന്ന് തോന്നുന്നു മസ്തിഷ്കം ഓർമ്മകളെ സൂക്ഷിച്ചു വയ്ക്കുക. ചില ഓർമ്മകൾക്ക് തണുപ്പ്. ചിലതിന് ചൂട്. ‘മിന്നൽ’* എന്ന കവിത, മിന്നൽ പോലെ കണ്ടുമറഞ്ഞ, എത്ര ശ്രമിച്ചിട്ടും രൂപം ഓർത്തെടുക്കാനാവാത്ത ഒരു പെൺകുട്ടിയെ അപാരമായൊരു മരവിപ്പോടെ കൺമുന്നിൽ ഒരുനിമിഷം കൊണ്ടുവന്നു നിർത്തി.

ഇവിടെ ഞാനെഴുതുന്നത് യാത്രാക്കുറിപ്പല്ല. എഴുതിയവസാനിപ്പിച്ച ‘പഗ്മാർക്ക് എന്ന നോവലിൽ എന്റെയുള്ളിൽ അടിഞ്ഞുകിടന്ന ആ യാത്ര മറ്റൊരു രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ‘മിന്നലും’ ‘പഗ്മാർക്കും’ ചേർത്തൊരു ജൂഗുൽബന്ധി നടത്താൻ ശ്രമിക്കുകയാണ്.

പല തീവണ്ടികൾ മാറിക്കയറിയാണ് അയാൾ അവിടെയെത്തിയത്. ഇനിയെങ്ങോട്ട് എന്ന് ചിന്തിച്ചു കൊണ്ട് നടന്നുതുടങ്ങിയപ്പോൾ യക്ഷിക്കഥകളിലെപ്പോലെ മീറജ് നഗരത്തിലെ നാരോഗേജ് റെയിൽവേ സ്റ്റേഷനിൽ അയാൾ എത്തിച്ചേർന്നു. അയാളെ കാത്ത് ഒരു വിചിത്രത്തീവണ്ടി പ്ലാറ്റ്ഫോമിൽ കിടക്കുന്നുണ്ടായിരുന്നു. നാല് യാത്രാ ബോഗികളും രണ്ട് ചരക്ക് വാഗണുകളും ഒരു പാൽ വണ്ടിയും ഇന്ധന ടാങ്കറും ഏച്ചുകെട്ടിയ കുഞ്ഞൻ ട്രെയിനായിരുന്നു അത്. പടുവൃദ്ധനായ ഒരാവിയന്ത്രം അതിന്റെ മുന്നിൽ നിന്ന് കിതയ്ക്കുന്നുണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ അയാൾ യാത്രാബോഗിയിലേയ്ക്ക് കയറി. അയാളുടെ കീശ ഒട്ടു കാലിയായിരുന്നു. ബാഗിലുള്ള പുസ്തകങ്ങൾ ആവർത്തിച്ച് വായിച്ചു കഴിഞ്ഞിരുന്നു. വിശപ്പും ഉറക്കമില്ലായ്മയും അയാളെ തളർത്തിയിരുന്നു. വീട് അയാളെ തിരികെ വിളിച്ചു തുടങ്ങിയിരുന്നു.

നഗരമധ്യത്തിൽ ഒറ്റപ്പെട്ട് നിന്നപ്പോൾ അയാൾക്ക് വല്ലാത്ത ഒരാശ തോന്നി. അപരിചിതനായ ഒരാൾ വന്ന് ചുമലിൽ തട്ടി, ‘നീ എന്തിനാണ് ഈ വെയിലത്ത് നിൽക്കുന്നത്?’ എന്ന് ചേദിച്ചെങ്കിൽ. ‘നീ എന്തെങ്കിലും കഴിച്ചോ?’ എന്ന് അന്വഷിച്ചെങ്കിൽ. ‘ഒന്നും കഴിച്ചില്ല.’ എന്ന് മറുപടി പറയുമ്പോൾ ‘വാ’ എന്ന് അധികാരത്തോടെ കൈ പിടിച്ചുവെങ്കിൽ. അവസാനം പിരിയാൻ നേരം ഒരു സഹോദരനെയെന്നവിധം ഒന്ന് ആലിംഗനം ചെയ്തുവെങ്കിൽ. ഒന്നും സംഭവിച്ചില്ല. ആ നഗരവും ഏതൊരു നഗരത്തെയുംപോലെ തിരക്ക് പിടിച്ച മനുഷ്യരെക്കൊണ്ട് നിറഞ്ഞതായിരുന്നു.

എന്തുകൊണ്ടാണ് മറ്റൊരാൾ തന്നെ കെട്ടിപ്പിടിക്കാത്തത് എന്ന ചിന്തയിൽനിന്നും എന്തുകൊണ്ടാണ് താൻ മറ്റാരെയും കെട്ടിപ്പിടിക്കാത്തത് എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അയാൾക്ക് വല്ലാതെ പൊട്ടിച്ചിരിക്കാൻ തോന്നി.shini lal, memories

അയാൾ ആ കാൽപ്പനിക വണ്ടിയിൽ കയറി.

അയാൾ കയറിയ കോച്ചിൽ യാത്രക്കാർ കുറവായിരുന്നു. അഴുക്ക്പിടിച്ച ധോത്തിയുടുത്ത അഞ്ചാറ് കർഷകരും മുഷിഞ്ഞ വസ്ത്രംധരിച്ച ഗ്രാമീണസ്ത്രീകളും ആയിരുന്നു അതിലെ യാത്രക്കാർ. സമനിരപ്പിൽ വിളഞ്ഞുനിൽക്കുന്ന കരിമ്പ് പാടങ്ങളുടെ പരപ്പിലേയ്ക്ക് അയാൾ ഭാവനയെ അഴിച്ചുവിട്ടു. ബാഗിൽനിന്നും പലവട്ടം വായിച്ച ഒരു പുസ്തകമെടുത്തു.

ഒരു ചെറിയ ഹാൾട്ട് സ്റ്റേഷനിൽ തീവണ്ടിനിന്നു. ഇരുമ്പ് പാളങ്ങൾ കൊണ്ട് നിർമ്മിച്ച തൂണുകളിൽ ആസ്ബസ്റ്റോസ് ഷീറ്റിട്ട ചെറിയ ഒറ്റമുറിയായിരുന്നു സ്റ്റേഷൻ കെട്ടിടം. കടലാസ് പൂക്കൾ കെട്ടിടത്തിന് മുകളിൽ തീ പോലെ ആളി. മൂന്നുനാല് ചെമ്മരിയാടുകളുമായി ഒരു കർഷകൻ ട്രെയിനിൽ കയറി.ആടുകളും അയാൾക്കൊപ്പം സീറ്റുകളിൽ ചടഞ്ഞിരുന്നു. ദ്രവിച്ച വായിൽ ഗുഡ്ക നിറച്ച് അയാളും ആടുകൾക്കൊപ്പം അയവെട്ടി. കരംചന്ദ് കൗതുകത്തോടെ അവരെ നോക്കിയിരുന്നു. ആടുകൾക്കും കർഷകനും ഒരേ മുഖം, ഒരേ ഭാവം.

അയാൾക്കെതിരെ ഒഴിഞ്ഞുകിടന്ന സീറ്റിൽ ഒരു പെൺകുട്ടിയും അമ്മയും വന്ന് ഇരിപ്പായി. ആടുകളെപ്പോലെതന്നെ അവരും അയവെട്ടുന്നുണ്ടുന്നുണ്ടായിരുന്നു. കരിമ്പിൻകഷ്ണം ചവച്ചരച്ച് ജനലിലൂടെ അവർ പുറത്തേക്ക് തുപ്പിക്കൊണ്ടിരുന്നു.

അയാൾക്കറിയാത്ത നാട്ടുമറാഠിയിൽ അമ്മയും മകളും പരസ്പരം എന്തൊക്കെയോ പറയുകയും ഇടക്കിടെ അയാളെ നോക്കുകയും ചെയ്തു.

“തീവണ്ടിയിലെ തിരക്കിൽ നിൽക്കുന്നവർ മുഷിയുന്നതോ

ആളുകൾ സൊറ പറഞ്ഞിരിക്കുന്നതോ

ഞാനൊരു പുസ്തകം വായിക്കുന്നതോ ശ്രദ്ധിക്കാതെ

എതിരെയുള്ള സീറ്റിൽ ചെവിയിൽ പാട്ടുതിരുകി

ഇരിക്കുന്ന ഇരുണ്ടനിറമുള്ള പെൺകുട്ടീ,

ഞാനെന്റെ പുസ്തകം അടച്ചുവച്ച് നീയെന്ന പുസ്തകം

വായിക്കുന്നു.

രണ്ടായി വിടർത്തിവച്ച പുസ്തകത്തിനിടയിൽക്കൂടി അയാൾ പെൺകുട്ടിയെ നോക്കി. പുസ്തകച്ചാലിനപ്പുറം കൗതുകംപൂണ്ട രണ്ടു കണ്ണുകൾ. ഇപ്പോൾ, പിടിച്ചു മാറ്റാനാവാത്ത വിധം നാലു കണ്ണുകൾ നിശ്ചലമായിപ്പോയി. ഒറ്റനിമിഷം മാത്രമേ ആ നോട്ടം നീണ്ടുനിന്നുള്ളു. ഏറെക്കാലമായി അയാൾക്കൊപ്പം നടക്കുകയായിരുന്ന ഏകാന്തത ആ ഒറ്റനിമിഷത്തിൽ മുറിഞ്ഞു വീണു.

അയാൾ പുസ്തകം മടക്കിവച്ചു.

അയാൾക്ക് അവളെ ഒന്ന് സ്പർശിക്കാൻ തോന്നി. അയാൾ കാൽവിരൽ അവളുടെ പാദത്തിനരികിൽ വരെ കൊണ്ടുചെന്നു. ഒന്നു തൊട്ടു. മിന്നലേറ്റപോലെ അവൾ കാൽ പിൻവലിച്ചു.shini lal,memories

“നിന്റെ വീട് മരംപോലെ ആകാശത്തേക്ക് വളഞ്ഞുയരുന്ന

കയറിന്റെ അറ്റത്തല്ലേ?

നീ പിറന്നത് തീപ്പെട്ടികൾ അടുക്കി വച്ചതുപോലുള്ള വീടുകൾ ഉള്ള

ഒരിടത്തല്ലേ?

ഭൂമിയില്ലാത്തവളുടെ സങ്കടം ഞാൻ നിന്നിൽ കാണുന്നു

ഭൂമിയിലിരിക്കുമ്പോഴും ഭൂമിയില്ല.

നിന്റെ മൂക്കും കണ്ണും എനിക്കറിയാവുന്ന

ഒരു പെൺകുട്ടിയുടേത് തന്നെ

അവർക്ക് ഭൂമിയില്ല, വീടുമില്ല.

ഏയ്, നിനക്കൊരു കാമുകനുണ്ടെങ്കിൽ നിന്റെ അവസ്ഥക്ക് എതിരേ

ഒരുവനാകാം.

അവന്റെ ബന്ധുക്കൾ അവനെ നിന്നിൽനിന്ന്

അകറ്റുമെന്ന് ഞാനെങ്ങനെ അറിഞ്ഞു എന്നല്ലേ

എനിക്കുമുണ്ട് അതുപോലെ ഒരു ചരിത്രപുസ്തകം

പേടിമൂലം ഞാനെന്റെ സ്നേഹം ഉപേക്ഷിച്ചുപോന്നു.

അവളുടെ കണ്ണുകളിൽ അയാൾ ഏകാന്തമായ ഒരു ഗ്രാമം ദർശിച്ചു. പരന്നു കിടക്കുന്ന പാടത്ത് അങ്ങ് വിദൂരത്ത് വേപ്പ് മരങ്ങൾക്കിടയിൽ പുല്ല്മേഞ്ഞ കൊച്ചുവീട്. വെയിലിൽ കണ്ണുംനട്ട് കിടന്ന് അയവെട്ടുന്ന എല്ലുന്തിയ പശുക്കൾ. ഒരു കോഴി. മുറ്റത്തിട്ട കോസടിയിൽ ഒടിഞ്ഞുകിടക്കുന്ന നടു വളഞ്ഞ നീളൻ വൃദ്ധൻ. ഒരുപാട് ദൂരെനിന്നും പ്ലാസ്റ്റിക് കുടങ്ങളിൽ വെള്ളം ചുമന്ന്കൊണ്ടുവരുന്ന യുവതി. ഉണങ്ങിയ കരിമ്പോലകളിൽ കാറ്റ് വീശുന്ന സീൽക്കാരം. അതാ കരിമ്പ് പാടങ്ങൾക്കിടയിൽ നിന്നും ഒരു ചൂളംവിളി. പെൺകുട്ടിയുടെ കവിളുകളിൽ നാണം കുഴിഞ്ഞു.

ജമീന്ദാറിന്റെ മകൻ. കാമുകൻ.

ആടുകളുമായി കയറിയ മനുഷ്യൻ മറ്റൊരു സ്റ്റേഷനിൽ ഇറങ്ങിപ്പോയി.പെൺകുട്ടി എപ്പോഴാണ് ഇറങ്ങുന്നത്? താമസിയാതെ അവൾ ഇറങ്ങിപ്പോകുമെന്ന ചിന്ത അയാളുടെ നെഞ്ചിനുള്ളിൽ ഒരാളലുണ്ടാക്കി. അയാൾ അവളെ നോക്കി ചിരിച്ചു. അവളും ചിരിച്ചു. വിന്ധ്യ-സത്പുരകൾക്കപ്പുറമിപ്പുറം പലതായിപിരിഞ്ഞ ഭാഷ അവർക്കിടയിൽ വിലങ്ങനെ നിന്നു.എന്നിട്ടും അവർ സംസാരിച്ചു.

കണ്ണുകൾക്ക് മനസ്സിലാവുന്ന ഗൂഢഭാഷ.shinilal,memories

“കുട്ടനാടൻ കരിമണ്ണുപോലെ കറുത്തവളേ

ആരേയും ശ്രദ്ധിക്കാതെ പാട്ടുകേട്ടുള്ള

നിന്റെ ഈ ന്യൂജെൻയാത്ര എന്നെ മോഹിപ്പിക്കുന്നു.

വൈരൂപ്യങ്ങളെ സൗന്ദര്യമാക്കുന്ന നിങ്ങളുടെ നിഷേധങ്ങൾ

എന്നെ യൗവ്വനം കൊതിപ്പിക്കുന്നു.

ഒന്നിനെയും കൂസാത്ത നിന്റെ മുഖത്തോട് എനിക്ക് ആരാധനയാണ്.

ഇറങ്ങാനുള്ള സ്റ്റേഷൻ അടുത്തതിനാൽ ഞാൻ നീയെന്ന പുസ്തകം

മടക്കുന്നു.

അയാൾ ഒരിക്കലും ആഗ്രഹിച്ചില്ലെങ്കിലും തീവണ്ടി നിന്നു. അമ്മയും പിന്നാലെ പെൺകുട്ടിയും പുറത്തിറങ്ങി. മന്ദരപർവ്വതം നെഞ്ചിലേക്ക് കമിഴ്ന്ന ഭാരവുമായി അയാൾ വാതിൽക്കലേക്ക് ഓടി വന്നു. ഇതുവരെ അയാൾ ഭാവനയുടെ മറ്റൊരു ലോകത്തായിരുന്നു. സംവദനശേഷിയുള്ള ഒരു മനുഷ്യജീവി അയാൾക്കരികിൽ ഇരിക്കുന്നുണ്ടായിരുന്നു. അവർക്കിടയിൽ വാക്കുകൾക്കതീതമായ ഒരു സ്വപ്നഭാഷ നിറഞ്ഞുനിന്നിരുന്നു.

അവളപ്പോൾ പിന്നിലേക്ക് നടന്നു തുടങ്ങിയിരുന്നു. തീവണ്ടി ചൂളംവിളിച്ചു. പെട്ടെന്നവൾ തിരിഞ്ഞു നിന്നു. വാതിൽക്കൽ അവനുണ്ടാവുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. മഞ്ഞനിറം കാർന്നുതുടങ്ങിയ പല്ലുകൾ വിടർത്തി അവൾ പുഞ്ചിരിച്ചു.

വേഗത്തിൽ നടന്നകന്നു.

” അപ്പോൾ നീ നോക്കിയ ഒരു നോട്ടം

എന്റെ ഇരുൾ വഴിയിൽ

മിന്നലായ് പാളിവീണൊരു വളളിയായി പൂക്കുന്നു.”

സ്വപ്നത്തിന്റെ ഹിമാലയത്തിൽനിന്നും കരംചന്ദ് ഏകാന്തതയുടെ താഴ്‌വാരത്ത് പതിച്ചു.

തീവണ്ടിയോ മറ്റൊരു കരിമ്പ് പാടത്തിനകത്ത് അപ്രത്യക്ഷമായി.

*’മിന്നൽ’ എസ് ജോസഫിന്റെ കവിത സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook