scorecardresearch

Latest News

സൗന്ദര്യമത്സരം സദാചാരവാദങ്ങൾക്കപ്പുറം

സൗന്ദര്യമത്സരം ഇന്ന് പുതിയ വേദികളൊരുക്കുകയാണ്. വെളുത്ത വർഗക്കാരായ സ്ത്രീകൾക്ക് മാത്രമായി തുടങ്ങിയ ഒന്ന് ഇന്ന് പുതിയ ഇടങ്ങളിലേയ്ക്കും വികസിക്കുന്നു. സാമൂഹികമായി പുതിയ വാതിലുകൾ​തുറക്കുന്നു. സൗന്ദര്യമത്സരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങളെ കുറിച്ച്

beauty contest, resmi nair, transgender,

ഇന്നിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ സൗന്ദര്യ മത്സരങ്ങള്‍ കുറെഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട് . ഒരു ഭാഗത്ത് ബ്യൂട്ടി പേജന്റുകളുടെ ഓണര്‍ ആയിരുന്ന ഒരു തീവ്രവലതുപക്ഷ നേതാവ് അമേരിക്കയുടെ പ്രസിഡന്റ് ആകുന്നു മറുഭാഗത്ത് മാനവികതയുടെ വിളിച്ചോതലുമായി ട്രാൻസ് ജെൻഡർ സുഹൃത്തുക്കളുടെ സൗന്ദര്യ മത്സരങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്നു.സൗന്ദര്യ മത്സര വിജയികള്‍ നടിമാരും രാഷ്ട്രീയക്കാരും മുതല്‍ അമേരിക്കയുടെ പ്രഥമ പൗരി വരെ ആയി മാറുന്നു. നൂറുകണക്കിന് സിനിമകളുടെയും ടെലിവിഷന്‍ സീരിസുകളുടെയും നോവലുകളുടെയും ഇതിവൃത്തം ആയുള്ള സൗന്ദര്യ മത്സരങ്ങളുടെ ചരിത്രവും വര്‍ത്തമാന പ്രസക്തിയും എന്തൊക്കെയാണ് എന്ന് നമ്മള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ . ലോകോത്തര ബ്രാന്‍ഡുകള്‍ മുതല്‍ ഒരു നഗരത്തിനപ്പുറം വില്‍പ്പനയോ സേവനമോ ഇല്ലാത്ത പ്രാദേശിക വ്യവസായികള്‍ വരെ സ്പോൺസര്‍ ചെയ്യുന്ന അനേകായിരം പേജന്റുകള്‍ ഇന്ന് ലോകത്ത് നടക്കുന്നുണ്ട്. മക്കളെ സൗന്ദര്യ റാണിയാക്കാന്‍ അച്ഛനമ്മമാര്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന പേജന്റുകള്‍ മുതല്‍ ഭാര്യയെ പട്ടം ചൂടിക്കാന്‍ ഭര്‍ത്താക്കന്മാര്‍ നടത്തുന്ന മിസ്സിസ് പേജന്റുകള്‍ വരെ അക്കൂട്ടത്തില്‍ ഉണ്ട് .

1839 ലെ ഇങ്‌ലിന്റൺ ടൂര്‍ണമെന്റിന്റെ (Eglinton Tournament) ഭാഗമായാണ് ഒരുപക്ഷെ ആധുനിക ചരിത്രത്തിലെ ആദ്യ സൗന്ദര്യ മത്സരം നടന്നത് . രാഷ്ട്രീയക്കാരനായ തോമസ്‌ ഷേര്‍ടിയന്റെയും നോവലിസ്റ്റായ കരോളിന്‍റെയും മകളായ Georgiana Seymour, “Queen of Beauty” എന്ന തലക്കെട്ടോടെ അതില്‍ വിജയിയായി. എന്നാല്‍ ഇന്ന് കാണുന്ന രീതിയിലുള്ള ഒരു ആധുനിക സൗന്ദര്യ മത്സരം 1854ല്‍ അമേരിക്കന്‍ വ്യവസായിയും രാഷ്ട്രീക്കാരനുമായ Phineas Taylor Barnum ആണ് ചിട്ടപ്പെടുത്തി നടത്തിയത് എന്നാല്‍ അതിനെതിരെയുള്ള സദാചാര സമരങ്ങളുടെ ഫലമായി അദ്ദേഹത്തിന് ആ പേജന്റ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. അന്ന് തുടങ്ങിയ നൂറ്റാണ്ടുകള്‍ നീണ്ട സദാചാര സമരങ്ങളുടെ ഒരു പരമ്പര തന്നെ സൗന്ദര്യ മത്സരങ്ങൾക്കെതിരെ ഉണ്ടായിട്ടുണ്ട്. ഇന്നും അത് തുടരുന്നു.

ഇന്ന് നടത്തപ്പെടുന്നവയില്‍ ഏറ്റവും പഴക്കമുള്ള പേജന്റ് 1921ല്‍ ആരംഭിച്ച മിസ്സ്‌ അമേരിക്ക ആണ്. ന്യൂ  ജഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രാദേശിക വ്യവസായിയാണ്‌ അത് നടത്തിയത്. 1951 ല്‍ മിസ്സ്‌ വേള്‍ഡ്ഉം 52ല്‍ മിസ്സ്‌ യൂണിവേഴ്സും ആരംഭിച്ചതു മുതലാണ്‌ സൗന്ദര്യ മത്സരങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ന്നത്‌.

Read More:ശരീരം, തൊഴിൽ, സ്വത്വം, മോഡലിങിന്റെ രാഷ്ട്രീയമാനങ്ങൾ

1947 ല്‍ കത്തോലിക്കാ സഭ നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി ബിക്കിനി റൗണ്ട് ആദ്യമായി മിസ്സ്‌ അമേരിക്കയില്‍ നിന്നും ഒഴിവാക്കി അത് തിരികെ വന്നത് അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം 1997ല്‍ ആണ്. മിസ്സ്‌ വേള്‍ഡിലും യൂണിവേഴ്സിലും സമാന രീതിയില്‍ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ബിക്കിനി റൗണ്ട് ഉപേക്ഷിക്കേണ്ടി വന്നു 1997 ല്‍ പുനസ്ഥാപിക്കുകയും ചെയ്തു . 1996 ല്‍ ചരിത്രത്തില്‍ ആദ്യമായി മിസ്സ്‌ വേള്‍ഡ് ഇന്ത്യയില്‍ ബെംഗളുരു നഗരത്തില്‍ നടന്നപ്പോളും സമാന പ്രക്ഷോഭങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായിട്ടുണ്ട് . ഒടുവില്‍ സംഘാടകര്‍ക്ക് സ്വിം സ്യൂട്ട് റൗണ്ട് ഇന്ത്യക്ക് പുറത്തുവച്ച് നടത്തേണ്ടി വന്നു. 2003 ലെ മിസ്സ്‌ എര്‍ത്തില്‍ ചുവന്ന ബിക്കിനിയില്‍ തിളങ്ങിയ Vida Samadzai എന്ന അഫ്‌ഗാൻ സ്വദേശിക്ക് സ്വന്തം രാജ്യത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. വിജയികളുടെ പ്രതിഷേധങ്ങള്‍ക്കും പേജന്റ് വേദികള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ . സൗന്ദര്യമത്സരങ്ങളിൽ രാഷ്ട്രീയബോധമില്ലാത്തവരാണെന്ന ആരോപണങ്ങളുടെ മുനയൊടിക്കന്നതരത്തിൽ രാഷ്ട്രീയ ബോധ്യം പ്രകടമാക്കിയ വിയോജിപ്പുകൾക്കാണ് ഈ മത്സരവും വേദിയായിട്ടുളളത്. ആ രാഷ്ട്രീയത്തോട് യോജിച്ചാലും വിയോജിച്ചാലും രാഷ്ട്രീയം ചർച്ചചെയ്യപ്പെട്ടു എന്ന പ്രാധാന്യം കാണാതെ പോകാനാകില്ല. 1955ല്‍ ബ്രിട്ടണും ഈജിപ്റ്റും തമ്മില്‍ സൂയസ് കനാല്‍ പ്രശ്നം നിലനില്ല്കുന്നത് കൊണ്ട് ലണ്ടനില്‍ നടക്കുന്ന മിസ്സ്‌ വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കില്ല എന്ന് 1954 ലെ മിസ്സ്‌ വേള്‍ഡ് വിജയിയായ ഈജിപ്ഷ്യന്‍ സുന്ദരി Antigone Costanda യുടെ നിലപാട് അത്തരത്തില്‍ ഒന്നായിരുന്നു.

trans beauty contest, resmi nair, kochi,
ട്രാൻസ് സൗന്ദര്യ മത്സരത്തിൽ നിന്ന് ഫൊട്ടോ-ജസ്റ്റിൻ ആന്റണി

സൗന്ദര്യ മത്സരങ്ങൾക്കെതിരെ  ഉയര്‍ന്നു കേള്‍ക്കുന്ന വലിയ വിമര്‍ശനം സ്ത്രീയുടെ സ്വത്വത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് അവളെ വെറുമൊരു കാഴ്ച വസ്തുവായി കാണുന്നു എന്നതാണ് ഒരു പരിധിവരെ പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്ന വാദമാണിത്. കായിക മത്സരങ്ങളില്‍ കായിക മികവല്ലാതെ സ്വത്വം പരിഗണിക്കപ്പെടുന്നുണ്ടോ എന്ന മറുവാദവും കേള്‍ക്കാം.1921 ല്‍ തുടങ്ങിയ മിസ്സ്‌ അമേരിക്കയില്‍ 1950 വരെ “Contestants must be of good health and of the white race.” എന്നൊരു നിയമം തന്നെ ഉണ്ടായിരുന്നു എന്ന് മനസിലാക്കുമ്പോള്‍ എത്രത്തോളം മാനുഷിക വിരുദ്ധമായിരുന്നു ആദ്യകാല മത്സരങ്ങള്‍ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. 1983 ല്‍ മാത്രമാണ് ഒരു കറുത്ത വര്‍ഗക്കാരി Vanessa Lynn മിസ്സ്‌ അമേരിക്ക ആകുന്നത്. പിന്നീട് രാഷ്ട്രീയക്കാരി കൂടിയായി മാറിയ Janelle Commissiong ആണ് 1977 ല്‍ ആദ്യമായി മിസ്സ്‌ യൂണിവേഴ്സ് വേദിയില്‍ കിരീടം ചൂടിയ കറുത്ത വര്‍ഗക്കാരി. പിന്നീടു 1998 ലും 99 ലും 2011 ലും കറുത്ത വര്‍ഗക്കാര്‍ മിസ്സ്‌ യൂണിവേഴ്സ് പട്ടം സ്വന്തമാക്കി.

1947 ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ദേശീയ സൗന്ദര്യ മത്സരം നടക്കുന്നത് കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രമിള ആദ്യ മിസ്സ്‌ ഇന്ത്യ ആയി .1952 മുതല്‍ മിസ്സ്‌ ഇന്ത്യ വിജയികള്‍ മിസ്സ്‌ യൂണിവേഴ്സ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നുണ്ട് 1959 മുതല്‍ മിസ്സ്‌ വേൾഡിലും. 1970 തു മുതല്‍ മിസ്സ്‌ വേള്‍ഡ് മത്സരങ്ങളില്‍ വിജയിയെ അയയ്ക്കാനുള്ള അവകാശം ഫെമിന നേടി ഒരു ഇന്ത്യക്കാരി ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ വിജയിക്കുന്നത് 1970 ലെ മിസ്സ്‌ ഇന്ത്യ ആയ Zeenat Aman ഫിലിപ്പീന്‍സില്‍ നടന്ന മിസ്സ്‌ എഷ്യ പസഫിക് വിജയി ആകുന്നതോട് കൂടിയാണ്. 1994 ല്‍ മിസ്സ്‌ ഇന്ത്യ വിജയിയായ സുസ്മിതാസെന്‍ മിസ്സ്‌ യൂണിവേഴ്സും മിസ്സ്‌ ഇന്ത്യാ റണ്ണര്‍അപ്പ് ആയ ഐശ്വര്യറായ് മിസ്സ്‌ വേള്‍ഡ് ആയും തിരഞ്ഞെടുക്കപ്പെട്ടു. 1994 ലെ മിസ്സ്‌ വേള്‍ഡ് യൂണിവേഴ്സ് കിരീടങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യയുടെ ചരിത്ര വിജയത്തിന് ശേഷം മിസ്സ്‌ ഇന്ത്യ മത്സരത്തില്‍ ഒരു ഒറ്റ വിജയിയെ തീരുമാനിക്കുന്ന പതിവിനു പകരം പകരം ഫെമിന മിസ്സ്‌ ഇന്ത്യയില്‍ 1994 മുതല്‍ തുല്യ പ്രാധാന്യമുള്ള മൂന്നു വിജയികളെ പ്രഖ്യാപിക്കുകയും അവരെ മിസ്സ്‌ യൂണിവേഴ്സ് മിസ്സ്‌ ഇന്ത്യ മിസ്സ്‌ എര്‍ത് പെജന്റുകളില്‍ ഇന്ത്യയെ പ്രധിനിധീകരിച്ചു അയയ്ക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് പോകുന്നത് .2013 ല്‍ മിസ്സ്‌ യൂണിവേഴ്സ് മത്സരങ്ങള്‍ക്ക് പ്രതിനിധിയെ അയയ്ക്കാനുള്ള അവകാശം ടൈംസ്‌ ഗ്രൂപ്പ്‌ സ്വന്തമാക്കുകയും മിസ്സ്‌ Diva എന്ന പുതിയ പേജന്റ് തുടങ്ങുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു കേട്ടത് പോലെ തന്നെ ചൂഷണങ്ങളുടെ ഒരു നീണ്ട നിര തന്നെ സൗന്ദര്യ മത്സരങ്ങളുമായി ബന്ധപ്പെട്ടു ഉണ്ടാകാറുണ്ട്. കൂടുതല്‍ വിശാലമായ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ അത്തരം ചൂഷണങ്ങൾക്കെതിരെ നില്‍ക്കുവാനും തരണം ചെയ്തു മുന്നോട്ടു പോകാനും കൂടുതല്‍ സഹായകരമാണ്. സാമ്പത്തിക ചൂഷണങ്ങളുടെയും വലിയ ലോകം സൗന്ദര്യ മത്സരങ്ങളില്‍ ഉണ്ട് . ദേശീയ തലത്തിൽ ഒരു സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരു മത്സരാർത്ഥിക്ക് മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവുണ്ട്. അതില്‍ ഏറിയ പങ്കും വസ്ത്ര ഡിസൈനിങ്ങിനും മേക്കപ്പിനും ഒക്കെയായി ആകും ചെലവാകുക ഇതൊക്കെയും സംഘാടകര്‍ നല്‍കുന്ന ഓപ്ഷന്‍സില്‍ നിന്ന് മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയൂ എന്ന് വരുമ്പോള്‍ അതിന്റെ സാമ്പത്തിക താല്പര്യങ്ങള്‍ വ്യക്തമാകും. അമേരിക്കയില്‍ മാത്രം രണ്ടര മില്ല്യനില്‍ കൂടുതല്‍ സ്ത്രീകള്‍ ഒരു വർഷം സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നു എന്ന് മനസിലാക്കുമ്പോള്‍ അത് തുറന്നു വയ്ക്കുന്ന വിപണി എത്രത്തോളം വലുതാണ്‌ എന്ന് വ്യക്തമാകും.

beauty pageant, resmi nair, vishnu ram

മറ്റേതൊരു മത്സരത്തിനും ഉള്ളത് എന്നതുപോലെ ജൂനിയര്‍ വിഭാഗം കുട്ടികള്‍ക്കായി സൗന്ദര്യ മത്സരങ്ങളിലും ഉണ്ട്. ആറു വയസിനും പതിനാറു വയസിനും ഇടയിലുള്ള ശരാശരി മൂന്നു മില്യന്‍ കുട്ടികള്‍ ഒരു വർഷം ലോകത്തെമ്പാടുമുള്ള കുട്ടികളുടെ പേജന്റുകളില്‍ പങ്കെടുക്കുന്നുണ്ട് എന്നാണു ഏകദേശ കണക്ക്. കുട്ടികളുടെ സൗന്ദര്യ മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി വിലക്കുകള്‍ ഉള്ള ജനാധിപത്യരാജ്യങ്ങള്‍ ഉണ്ട് പതിമൂന്നു വയസില്‍ താഴെയുള്ള കുട്ടികളെ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് ഫ്രാന്‍സില്‍ നിരോധിച്ചിട്ടുണ്ട്. നമ്മള്‍ മെഡിക്കല്‍ എൻട്രൻസ് കോച്ചിങ്ങിനോക്കെ കുട്ടികളെ വിടുന്നപോലെ സൗന്ദര്യ മത്സരങ്ങള്‍ക്ക് വേണ്ടി കുട്ടികളെ പ്രാപ്തരാക്കുന്ന “Miss Factories” എന്നപേരില്‍ അറിയപ്പെടുന്ന അക്കാദമികള്‍ വെനുസ്വേല പോലുള്ള രാജ്യങ്ങളില്‍  വരെ പ്രചാരത്തില്‍ ഉണ്ട്. പേജന്റ് കോച്ചുകള്‍ എന്നൊരു പ്രൊഫഷന്‍ തന്നെ ലാറ്റിന്‍അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്ന 75% പേരും ഒരു കോച്ചിനെ നിയമിക്കാറുണ്ട്‌ എന്നാണ് കണക്ക്.

അത്രയൊന്നും പ്രചാരം ഉണ്ടായിട്ടില്ല എങ്കിലും 1999 മുതല്‍ ഫെമിന മിസ്സ്‌ കേരളാ മത്സരങ്ങള്‍ നടക്കുന്നുണ്ട് 2000ല്‍ മിസ്സ്‌ കേരള ആയ രഞ്ജിനി ഹരിദാസ് ആണ് ഏറ്റവും പ്രശസ്തയായ മിസ്സ്‌ കേരളാ വിന്നര്‍. 2014 ന് ശേഷം ഔദ്യോഗിക മിസ്സ്‌ കേരളാ മത്സരങ്ങള്‍ നടക്കുന്നില്ല എങ്കിലും കൂണ് പോലെ മുളച്ചു പൊന്തിയ നൂറില്‍ കൂടുതല്‍ സൗന്ദര്യ മത്സരങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട് . ഓരോ സൗന്ദര്യ മത്സരവും മുന്നോട്ടു വയ്ക്കുന്ന വിപണി താല്പര്യങ്ങള്‍ മനസിലാക്കാന്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് കഴിയണം . ഒരു ഭാഗത്ത് വലതുപക്ഷ സംഘടനകള്‍ സംസ്കാരം തുടങ്ങിയ പൊള്ളയായ വാദങ്ങള്‍ ഉയര്‍ത്തി പേജന്റുകളെ എതിര്‍ക്കുമ്പോള്‍ മറുഭാഗത്ത് ഇവ മുന്നോട്ടു വയ്ക്കുന്നത് ഇതേ വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ വിപണി സാധ്യതകള്‍ ആണ്.

മോഡലും ആക്ടിവിസ്റ്റുമാണ് ലേഖിക

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Shifting paradigms in beauty pageants resmi nair