എന്റെ കൂട്ടുകാരന്‍ സൗമിത്ര; ഷര്‍മിള ടാഗോര്‍ എഴുതുന്നു

‘ച്ഛിപദോഹരിലെ കാട്ടിലെ വിശാലാകാശത്തിനു കീഴില്‍ അനുഭവിച്ച രാപ്പകലുകളുടെ ഹര്‍ഷോന്‍മാദങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഇനിയാരുണ്ട്?,’ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സൗമിത്ര ചാറ്റര്‍ജിയുടെ സ്മരണകളില്‍ ഷര്‍മിള ടാഗോര്‍

Soumitra Chatterjee, Satyajit Ray, Dhritiman Chaterji, Soumitra Chatterjee films, Soumitra Chatterjee death, Sharmila Tagore, Indian Express

‘അപുര്‍ സന്‍സാര്‍’ ആയിരുന്നു ഞങ്ങളുടെ ആദ്യ ചിത്രം. എനിക്ക് പതിമൂന്നും സൗമിത്രയ്ക്ക് ഇരുപതിമൂന്നും പ്രായം. യൂണിറ്റിലെ ഏറ്റവും ഇളയ ആളായിരുന്നത് കൊണ്ട് സത്യജിത് റേയെ മണിക്ക് ദാ എന്നും ശബ്ദലേഖകനെ ദുര്‍ഗ ദാ എന്നും ഛായാഗ്രാഹകനെ സുബ്രത കാക്കു എന്നുമാണ് വിളിച്ചിരുന്നത്. സൗമിത്ര ചാറ്റര്‍ജി മാത്രം സൗമിത്ര എന്ന കൂട്ടുകാരനായി. ഒപ്പമിരുന്നു സംസാരിക്കാന്‍ പറ്റുന്ന, തുല്യമാണ് എന്ന് തോന്നിയിരുന്ന ആള്‍. (ആരുമായും ചേര്‍ന്ന് പോകാവുന്ന തരത്തില്‍ സവിശേഷമായ ഒരു ഗുണം സൗമിത്രയ്ക്കുണ്ടായിരുന്നു എന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു.)

രാത്രിയും പകലും നടന്ന കാട്ടിലെ ഔട്ട്‌ഡോര്‍ ചിത്രീകരണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നുമുണ്ട്. ബീഹാറിലെ പലമാവ് പ്രദേശത്തുള്ള ച്ഛിപദോഹാര്‍ എന്ന ചെറിയ, വനത്തോടോടുത്ത ഒരു പട്ടണത്തില്‍ ഒരു മാസത്തോളം ഞങ്ങള്‍ ചെലവഴിച്ചു. ഏപ്രില്‍ മാസത്തെ ചൂട് 48 ഡിഗ്രി സെല്‍ഷ്യസ് കടന്ന പകലുകള്‍. അതിരാവിലെ മൂന്നു മണിക്കൂറും, വൈകിട്ട് മൂന്നു മണിക്കൂറുമാണ് ജോലി ചെയ്തിരുന്നത്. ബാക്കി സമയം മുഴുവന്‍ വാചകമടി തന്നെ. ഇടയ്ക്ക് മണിക്ക് ദാ അവിടേയ്ക്ക് വരും. അദ്ദേഹത്തെ കാണുമ്പോള്‍ എല്ലാവരും ബഹുമാനാര്‍ഥം സിഗരറ്റ് ഒളിപ്പിക്കും. അത് കണ്ണില്‍പ്പെട്ടതില്‍ പിന്നെ അദ്ദേഹം വരികയുണ്ടയില്ല. റോബി ദാ എല്ലാവരുടെ പേരിന്റെ കൂടെയും ഒരു ‘epithet’ (വട്ടപ്പേര്) ചേര്‍ത്തിരുന്നു. റോബി പോര (കരിഞ്ഞ), ഷമിത് ഭാപ (പുഴുങ്ങിയത്), ശുഭേന്ദു ഭാജ (വറുത്തത്) എന്നിങ്ങനെ. കൂളര്‍ ഉള്ള മുറി എനിക്ക് മാത്രമായിരുന്നു. (സ്ത്രീയായതിന്റെ ‘prerogative’)

പൗര്‍ണമി അടുക്കുമ്പോള്‍ കാട് മാസ്മരികമാകും. ദൂരെ ആനകളുടെ ചിന്നം വിളിയും സന്താള്‍ ഡ്രമ്മുകളുടെ ഉന്‍മത്തമാക്കുന്ന താളപ്പെരുക്കങ്ങളും കേള്‍ക്കാം. ഒരിക്കല്‍, പെട്ടെന്നുണ്ടായ ഒരു ആവേശത്തില്‍ ഞങ്ങള്‍ എല്ലാവരും കൂടി സന്താള്‍ വര്‍ഗക്കാരെ കാണാന്‍ പോയതും രാത്രി വൈകി അവരുമൊത്ത് നൃത്തം ചെയ്തതും എല്ലാം ഞാന്‍ ഓര്‍ക്കുന്നു. മണിക്ക് ദാ അതൊരിക്കലും അറിഞ്ഞിരുന്നില്ല. ഒരു സന്ധ്യയ്ക്ക് ഞങ്ങള്‍ താമസിക്കുന്നയിടത്ത് വന്നു ഒരു കൂട്ടര്‍ പ്രശ്നമുണ്ടാക്കി. പോലീസ് പോസ്റ്റുകളില്‍ നിന്നും വളരെ അകലെയായിരുന്നു ഞങ്ങള്‍. അന്നാര്‍ക്കും ബോഡി ഗാര്‍ഡുകളും ഇല്ല. സൗമിത്രയും മറ്റു ആണ്‍കുട്ടികളും ചേര്‍ന്ന് എങ്ങനെയോ അവരെ ഓടിച്ചു വിട്ടു. ചില്ലറക്കാര്യമല്ല ചെയ്തത്. അന്ന് ഞാന്‍ അറിഞ്ഞു, എന്നോട് അകമഴിഞ്ഞ കരുതലുള്ള ഒരു കൂട്ടം ആളുകള്‍ക്കൊപ്പമാണ് ഞാന്‍ എന്ന്.

ഇവരില്‍ പലരും ഇന്നില്ല എന്ന സങ്കടമുണ്ട്. കാബേരി ദി, റോബി ദാ, ശുഭേന്ദു, ഷമിത്, ബന്‍സി ദാ, മണിക്ക് ദാ… ഇപ്പോള്‍ സൗമിത്രയും. ച്ഛിപദോഹരിലെ പുരാതനമായ കാട്ടിലെ വിശാലാകാശത്തിനു കീഴില്‍ ഞങ്ങള്‍ അനുഭവിച്ച രാപ്പകലുകളുടെ സന്തോഷവും ഹര്‍ഷോന്‍മാദവും ഓര്‍ത്തെടുക്കാന്‍ ഇനി ആരുമില്ല. മടങ്ങിയപ്പോള്‍ ഞാന്‍ ഒരു കുപ്പി മഹുവ കൊണ്ട് വന്നിരുന്നു, സൂക്ഷിച്ചു വയ്ക്കാന്‍. പക്ഷേ അതിന്റെ മണം വീട്ടിലെ മറ്റുള്ളവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നതു കൊണ്ട് ഒടുവില്‍ അത് ഉപേക്ഷിക്കേണ്ടി വന്നു.

Soumitra
Soumitra Chatterjee in Apur Sansar. (Express archive photo)

Read Here: ‘അപു’ ഇനി ഓർമകളിൽ

അത്തരത്തിലുള്ള മറ്റൊരു ഷൂട്ടിംഗ് അനുഭവമായിരുന്നു ഗൗതം ഘോഷിന്റെ ‘അബര്‍ ആരന്യേ.’ ഒരു ചായ തോട്ടത്തിന്റെ നടുക്കുള്ള, മൂന്നു കിടപ്പ് മുറികളുള്ള ഒരു ഡാക് ബംഗ്ലാവിലായാരുന്നു എനിക്കും സൗമിത്രയ്ക്കും ശുഭേന്ദുവിനും താമസം ഒരുക്കിയിരുന്നത്. സഹായികളും പാചകക്കാരുമൊക്കെ ഉണ്ടായിരുന്നു അവിടെത്തന്നെ. പഴയ കാല പ്രതാപം നിറഞ്ഞ ആ ബംഗ്ലാവ് ഞങ്ങള്‍ പുതിയ താമസക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഫര്‍ണിച്ചര്‍ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി, ഞങ്ങള്‍ മുറികള്‍ വീണ്ടും സജ്ജീകരിച്ചു. എന്റെ ഇഷ്ടം തന്നെയാണ് പലപ്പോഴും നടന്നത്.

ഷൂട്ടിംഗിന് പോകാനായി അതിരാവിലെ തന്നെ എഴുന്നേല്‍ക്കേണ്ടതുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഞാന്‍ എന്റെ കിടക്കയില്‍ കാപ്പി കുടിച്ചു കൊണ്ടിരിക്കുകയായിരിക്കും. സൗമിത്ര അപ്പോഴേക്കും പ്രഭാതസവാരിയ്ക്കായി തയ്യാറായിക്കാണും. ശുഭേന്ദു ബ്രേക്ക്‌ഫാസ്റ്റ്, ഡിന്നര്‍ എന്നിവയ്ക്ക് വേണ്ടത് ഒരുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാവും. രാവിലെ വ്യായാമം ചെയ്യുമ്പോള്‍ സൗമിത്ര പാടിയിരുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. പരമാനന്ദമായിരുന്നു അത്. പിന്നെ ഒരോട്ടമാണ്, കുറെ കാര്യങ്ങള്‍ ചെയ്തു തീരത്ത് ലോക്കേഷനിലേക്കുള്ള നീണ്ട ഡ്രൈവ്. ഇടയ്ക്ക് സൗമിത്ര ചെറിയ പേപ്പര്‍ കഷണങ്ങളില്‍ കുത്തിക്കുറിക്കുന്നത് എന്നെ വായിച്ചു കേള്‍പ്പിക്കും – കൊച്ചുമക്കള്‍ക്കുള്ള മനോഹരമായ കവിതകളാണ് – എന്നിട്ട് എന്റെ പ്രതികരണത്തിനായി കാത്തിരിക്കും. അപ്പോള്‍ ആ മുഖം ചെറിയ കുട്ടികളുടേത് പോലെ ഓമനത്തമുള്ളതാവും. കുടുംബത്തെക്കുറിച്ചു ആലോചിക്കുമ്പോള്‍ തന്നെ ആ മുഖം ദീപ്തമാവും.

ദിവസത്തെ ജോലി എല്ലാം തീര്‍ത്ത് വന്നു പൂമുഖത്തെ മുറിയില്‍ ഞങ്ങള്‍ സംസാരിച്ചിരിക്കും. അതൊക്കെ റെക്കോര്‍ഡ്‌ ചെയ്തു വയ്കാമായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. അദ്ദേഹത്തില്‍ നിന്നും പഠിക്കാനൊരുപാടുണ്ടായിരുന്നു. നാടകം, കല, രാഷ്ട്രീയം, തത്ത്വശാസ്ത്രം, ഗോസിപ്പ് തുടങ്ങി ഒരു വിഷയത്തില്‍ നിന്നും മറ്റൊരു വിഷയത്തിലേക്ക് നീളുന്ന സംഭാഷണങ്ങള്‍ പലപ്പോഴും ഞാന്‍ നിശബ്ദയായി കേട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരു നവോത്ഥാന നായകനായിരുന്നു സൗമിത്ര. മണിക്കൂറുകള്‍ വേഗം കടന്നു പോകും. അത്താഴം കഴിച്ച് അടുത്ത ദിവസത്തേക്ക് തയ്യാറെടുക്കാനുള്ള നേരമാകും.

ഞങ്ങളുടെ സൗഹൃദത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ അതുല്യമായ വ്യകതിത്വം, മൂല്യങ്ങള്‍ എന്നിവയാണ്. അദ്ദേഹത്തിന്റെ മനോജ്ഞത, നര്‍മ്മം, അഗാധമായ പാണ്ഡിത്യം, സത്തയുടെ ഓരോ അംശത്തിലും അദ്ദേഹം ചെലുത്തിയ ശ്രദ്ധ. ‘ചാരുലത’യ്ക്ക് ശേഷം അദ്ദേഹം തന്റെ കൈയ്യക്ഷരം നന്നാക്കുന്നതില്‍ ശ്രമങ്ങള്‍ നടത്തി, മനസ്സില്‍ കണ്ട തികവ് കൈവരുന്നത് വരെ. വാണിജ്യപരമായ പരിഗണനകളല്ല അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. സ്വന്തം ആശയസംഹിതകളില്‍ ദൃഢചിത്തനായി, സുഹൃത്തുക്കളോട് വിശ്വസ്‌തത പുലര്‍ത്തി. ഇന്ത്യയ്ക്കായുള്ള തന്റെ ദര്‍ശനത്തില്‍ ഉറച്ചു വിശസിച്ചു. അത് എന്റെ ദര്‍ശനങ്ങളുമായി ചേരുന്നവയുമായിരുന്നു. സൗമിത്രപ്പോലെയുള്ളവര്‍ കുറഞ്ഞു വരികയാണ് ഇപ്പോള്‍.

Soumitra Chatterjee, Satyajit Ray, Dhritiman Chaterji, Soumitra Chatterjee films, Soumitra Chatterjee death, Sharmila Tagore, Indian Express
Kolkata bids farewell to Soumitra Chatterjee, Express Photo. Shashi Ghosh

Read Here: Soumitra Chatterjee: From the older Apu to sunny Feluda, Ray’s go-to actor to our everyman

നവംബര്‍ പതിനഞ്ചാം തീയതി വൈകിട്ട് കൊല്‍കൊത്ത അദ്ദേഹത്തിനു ഹൃദ്യമായ യാത്രയയപ്പ് നല്‍കി – കവിതകളും പൂക്കളും പാട്ടുകളും കണ്ണീരും നിറഞ്ഞ യാത്രാമൊഴി. ബംഗാളിന്റെ വേരുകളിലേക്ക് ആഴത്തില്‍ പതിഞ്ഞ സൗമിത്ര തന്റെ കര്‍മ്മഭൂമിയായി തെരഞ്ഞെടുത്തത് കൊല്‍കൊത്തയാണ്. അത്രമേല്‍ ഇഴ ചേര്‍ന്ന് പോയ ഒരു നഗരം. ആ വിയോഗത്തില്‍ ബംഗാള്‍ തകര്‍ന്നുലഞ്ഞതില്‍ അത്ഭുതമില്ല.  തേലേന്നത്തെ വാര്‍ത്തയാകാന്‍ ഒരു നാളും കഴിയാത്ത ഒരാള്‍. സൗമിത്രയുടെ കര്‍മ്മപഥം, ആത്മാവ് തൊട്ട കഥനങ്ങള്‍, ചുരുക്കത്തിൽ അദ്ദേഹത്തിന്റെ പൈതൃകം, വരുംതലമുറയെ പ്രചോദിപ്പിക്കുകയും പ്രബുദ്ധമാക്കുകയും ചെയ്യും. എളിമയുള്ള വ്യക്തിത്വമായിരുന്നു സൗമിത്രയുടേത്. സാധാരണത്വവും അഭിഗമ്യതയും അതിനു മാറ്റു കൂട്ടി.

ഒരേയൊരു കാര്യത്തിലേ ഖേദമുള്ളൂ, സൗമിത്രയുടെ പൈതൃകം, അദ്ദേഹത്തിന്റെ ഗുരു സത്യജിത് റേയെപ്പോലെ, ഇന്ത്യൻ സിനിമയേക്കാൾ ലോക സിനിമയുടെ ഭാഗമായി അറിയപ്പെടുന്നു എന്നതാണ്. ദുഃഖകരമെന്നു പറയട്ടെ, രണ്ട് ബംഗാളുകൾക്ക് പുറത്തുള്ള പലർക്കും, സിനിമാ വിദ്യാർത്ഥികളോ ചലച്ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ടവരോ അല്ലെങ്കില്‍, സൗമിത്രയുടെ സംഭാവനയെക്കുറിച്ച് അറിയില്ല.

എന്‍റെ 75-ാം ജന്മദിനത്തിൽ ഒരു സുഹൃത്ത് എനിക്കായി ഒരുക്കിയ സര്‍പ്രൈസ് ചിത്രത്തിന്റെ ഭാഗമാകാന്‍ സൗമിത്രയെ സമീപിച്ചപ്പോള്‍, അസുഖബാധിതനായിരുന്നിട്ടു കൂടി അദ്ദേഹം അതിനായി സമയം കണ്ടെത്തി. ‘ഞാനില്ലാതെ ഈ സിനിമ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ല. റിങ്കുവിന്റെ വിശേഷ ജന്മദിനത്തിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു,’ എന്ന് കൂടി പറഞ്ഞു. ‘സ്വാഭാവികവും ജൈവവുമായ ഒരു ബന്ധമാണ് നമ്മുടേത്. മാസങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോൾ പോലും, ഇന്നലെ കണ്ടു പിരിഞ്ഞത് പോലെ തോന്നുന്നു. വിട്ടു പോയ ഇടത്തു നിന്നാണ് വീണ്ടും ആരംഭിക്കുന്നത്.’ ഞാന്‍ എന്നും ഓര്‍ക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.

അറുപതു വര്‍ഷങ്ങള്‍ എന്‍റെ കൂട്ടുകാരനായിരുന്നു. ആ വിയോഗം എനിക്ക് വലിയ സ്വകാര്യ നഷ്ടമാണ്. ടാഗോറിന്റെ വിഖ്യാതമായ വാക്കുകളിളുടെ ഞാന്‍ എന്നും അദ്ദേഹത്തെ സ്മരിക്കും.

‘ജിബോണ്‍ മോരോനെര്‍ സീമന ചരായെ
ബോന്ധു ഹേ ആമാര്‍ റോയെച്ചേ ദരായെ’

(ജീവന്‍-മരണ സീമകള്‍ക്കപ്പുറം
നിങ്ങൾ നിൽക്കുന്നു പ്രിയ കൂട്ടുകാരാ)

സത്യജിത് റേയുടെ ‘അപുര്‍ സൻസാറി’ൽ സൗമിത്ര ചാറ്റർജിക്കൊപ്പം അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ലേഖിക

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Sharmila tagore remembers soumitra chatterjee apur sansar

Next Story
പാൻ, പട്ട്, പാട്ട്; കാശിയുടെ നിറഭേദങ്ങൾbanarasi sari, banarasi sari online, banarasi silk sari, banarasi saree, varanasi, varanasi ghat, kashi, river ganga, handlooms of india, india handlooms
The moderation of comments is automated and not cleared manually by malayalam.indianexpress.com