എന്റെ അച്ഛനെയും അമ്മയെയും ജയിലിൽ അടച്ചിരിക്കുന്നു. അവർ ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് മനസ്സിലാക്കി തരാമോ? സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നുകൊണ്ട് ഈ പന്ത്രണ്ട് വയസ്സുകാരന്റെ ചോദ്യം കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയോടും പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയോടും മാത്രമല്ല, നിസ്സംഗരായ ഓരോ മലയാളിയോടുമാണ്.

അനീതിയുടെ പ്രളയകാലത്ത് അധികാര കേന്ദ്രങ്ങളുടെ ബധിരകർണങ്ങളെയോ അവരുടെ പോരാളികളെയോ ഈ കുഞ്ഞിന്റെ ചോദ്യം അലട്ടില്ലായിരിക്കാം. എന്നാൽ അധികാരത്തിന്റെ ശീതളിമയിൽ നിന്നും ഇറങ്ങുന്ന കാലത്ത് ഈ ചോദ്യം അവരെ വിടാതെ പിന്തുടരും.
ജിഷ്ണുവിന്റെ അമ്മയെയും കുടുംബത്തെയും സഹായിച്ചതിന്റെ പേരിൽ, മഹിജയോടൊപ്പം നിലകൊണ്ടതിന്റെ പേരിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട റിമാൻഡിലായ ഷാജർഖാന്റെയും എസ്. മിനിയുടെയും ഏക മകൻ ഏഴാം ക്ലാസുകാരൻ അലൻ എം.എസിന്റെ ചോദ്യമാണ് മലയാളിയുടെ മനഃസാക്ഷിയെ പൊളളിക്കുന്നത്.

വർഷങ്ങളുടെ പൊതുപ്രവർതന പാരമ്പര്യമുളളവരാണ് ഷാജർ ഖാനും മിനിയും. ജിഷ്ണു മരിച്ച അന്ന് മുതൽ ആ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിയുന്നു. തിരുവനന്തപുരം ജില്ലയിലടക്കം നിരവധി ജനകീയ സമരങ്ങളുടെ മുൻനിരയിൽ നിന്നിട്ടുണ്ട്. വിളപ്പിൽശാല മലിന്യഫാക്ടറി വിരുദ്ധ സമരം, വിഴിഞ്ഞം പദ്ധതി വിരുദ്ധ സമരം, വിദ്യാഭ്യാസ വായ്പ എടുത്ത കടക്കെണിയിലായ രക്ഷകർത്താക്കളുടെ സമരം, ഡി പി ഇ പി വിരുദ്ധ വിദ്യാഭ്യാസ സംരക്ഷണ സമരം തുടങ്ങി നിരവധി പ്രക്ഷോഭങ്ങളുടെ നേതൃനിരയിൽ ഉണ്ടായിരുന്നവരാണ് ഇരുവരും. കഴിഞ്ഞ രണ്ടു പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഷാജർ ഖാനും അസ്സെംബ്ലി തെരഞ്ഞെടുപ്പിൽ എസ് മിനിയും എസ്‌യു സിഐ യെ പ്രതിനിധീകരിച്ചു മത്സരിച്ചു. നിലവിൽ ആൾ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റിയുടെ സംസ്ഥാന സെക്രട്ടറിയും ജനകീയ പ്രതിരോധ സമിതിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും എസ് യു സി ഐ ജില്ലാ കമ്മിറ്റി അംഗവും ആണ് ഷാജർ ഖാൻ. ഇന്ത്യൻ നഴ്സസ് പേരെന്റ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗവും ആണ് എസ് മിനി.” സാധാരണ വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തകരെ പോലെയല്ല ഷാജർഖാൻ, പ്രസ് റിലീസുമായി പത്രമോഫീസിലെത്തി വെറുതെ തന്ന് പോകുകയല്ല ഷാജർഖാൻ​ ഒരിക്കലും ചെയ്യുന്നത്. ആ റിലീസിനെ കുറിച്ച്, അതിന്റെ ഉളളടക്കത്തെ കുറിച്ച് വ്യക്തമായും വിശദമായും മാധ്യമപ്രവർത്തകർക്ക് വിശദീകരിച്ചു കൊടുത്തശേഷമേ പോവുകയുളളൂ. തന്റെ നിലപാടിനെ കുറിച്ച് ഏറ്റവും ആഴത്തിലും വിശദമായും പഠിച്ച് അഭിപ്രായം പറയുന്ന വിദ്യാഭ്യാസ പ്രവർത്തകനാണ് ഷാജർഖാൻ.” “ഇരുപത് വർഷമായി എനിക്ക് പരിചയമുള്ള ഒരാൾ. ഫോണിലും നേരിട്ടും ഇടയ്ക്കിട്ടയൊക്കെ സംസാരിക്കുന്ന ഒരാൾ. സ്വാശ്രയ കോളേജ് വിഷയത്തിൽ ആദ്യം മുതൽ കൃത്യമായ നിലപാടുള്ള ഒരാൾ. ഷാജർഖാനോടുളള രാഷ്ട്രീയ അഭിപ്രായവ്യത്യസം  നിലനിർത്തി തന്നെയാണ് ഇത് പറയുന്നത്.”  ഷാജറും മിനിയും ക്രിമിനലുകളാണ് എന്ന് പറയുന്നവരോട്  കേരളത്തിലെ രണ്ട് മാധ്യമപ്രവർത്തകർ അവരുടെ ഫെയ്സ് ബുക്കിൽ  എഴുതിയതിന്റെ ചുരുക്കമാണിത്. മാധ്യമത്തിലെ വി ആർ രാജമോഹനും ഡെക്കാൻ ക്രോണിക്കിളിലെ സാബ്ലുതോമസുമാണ് ഷാജർഖാനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

രക്ഷിതാക്കളുടെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് തന്നെ അലന് പൊലീസും സമരവുമൊന്നും പുത്തരിയല്ല. സമരങ്ങൾക്കിടയിലായിരുന്നു ജനനം മുതൽ അലന്റെ ജീവിതം. താമസം പാർട്ടി പ്രവർത്തകർ കൂട്ടായി താമസിക്കുന്ന പാർട്ടി സെന്ററിൽ .അതു കൊണ്ടു തന്നെ സമപ്രായക്കാരായ മറ്റു കുട്ടികളെപ്പോലെ അമ്മയെ കാണണമെന്ന ശാഠ്യമൊന്നും അലൻ പ്രകടിപ്പിച്ചിട്ടില്ല. പ്രകടിപ്പിച്ചിട്ടും വലിയ കാര്യമുണ്ടായിരുന്നില്ലെന്ന് കുഞ്ഞുണ്ണി എന്ന് സഹപാഠികളും സഖാക്കളും വിളിക്കുന്ന അലൻ പറയും. കാരണം വിദ്യാർഥി സംഘടനാ നേതാക്കളായിരുന്ന അച്ഛനും അമ്മയും സ്ഥിരം യാത്രയിലായിരിക്കും. കുറച്ചു കൂടി വളർന്നപ്പോൾ ജനകീയ സമരങ്ങളുടെ വേലിയേറ്റമായി. വിളപ്പിൽശാലയിലെ മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാർ സമരം തുടങ്ങിയപ്പോൾ ഐക്യദാർഢ്യമർപ്പിക്കാനെത്തിയതാണ് മിനി. പിന്നീട് സമരത്തിന് ഒഴിവാക്കാനാകാത്ത വ്യക്തിത്വമായി മിനി മാറി. അലനും ഈ സമയം അമ്മയോടൊപ്പമുണ്ടായിരുന്നു. വിളപ്പിൽശാല സമരം ശക്തിപ്പെട്ടതോടെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മിനി മാറി. സമരത്തിൽ പങ്കെടുത്ത് തിരിച്ചു വരുകയായിരുന്ന മിനി സഞ്ചരിച്ച വാഹനം തടഞ്ഞാണ് മിനിയടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. സമരകാര്യങ്ങൾ ആലോചിക്കുന്നതായി എസ് യു സി ഐ ഓഫീസിലെത്തിയ വിളപ്പിൽശാല സമരനേതാവ് ബുർഹാനെ അറസ്റ്റ് ചെയ്യാനായി അന്ന് പൊലീസ് ഓഫീസിൽ നടത്തിയ പരാക്രമം അലന് ഇപ്പോഴും നല്ല ഓർമയുണ്ട്. അമ്മയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് പൊലീസ് ഓഫീസിലെത്തിയതെന്ന് പിന്നീടാണ് അലൻ അറിഞ്ഞതെന്നു മാത്രം.

ജിഷ്ണു പ്രണോയ് എന്ന ചേട്ടനെ അലൻ നേരിട്ട് കണ്ടിട്ടില്ല.പക്ഷെ ഇന്ന് ജിഷ്ണു അലന് സ്വന്തം ജ്യേഷ്ഠനാണ്. ജിഷ്ണുവിന്റെ മരണം പുറത്തറിഞ്ഞ ശേഷം അലൻ തന്റെ അച്ഛൻ ഷാജർ ഖാനെ അധികം കണ്ടിട്ടില്ല. സ്വാശ്രയ കോളജുകളിലെ നരഹത്യകൾക്കെതിരെ വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിച്ചു കൊണ്ട് അന്നു മുതൽ യാത്രയിലാണ് ഷാജർ. ഇടക്കിടയ്ക്ക് അച്ഛൻ എത്തുമ്പോൾ സമര വിശേഷങ്ങൾ പറയും. അങ്ങനെ ജിഷ്ണു പ്രണോയ് അലന് സ്വന്തം ജ്യേഷ്ഠനായി മാറി.

‘ജിഷ്ണുവേട്ടന്റെ അമ്മയെ അലൻ പിന്നീട് കണ്ടു. മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയപ്പോൾ. അന്ന് മഹിജാമ്മയ്ക്കും കുടുംബത്തിന്നും സമരതലസ്ഥാനം സ്വീകരണം നൽകിയപ്പോൾ അലനും മാതാപിതാക്കൾക്കൊപ്പം അവിടെയുണ്ടായിരുന്നു. ജിഷ്ണുവേട്ടന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനെ തുടർന്ന് ആ കുടുംബം വീണ്ടും തിരുവന്തപുരത്തെത്തുന്ന കാര്യം അമ്മ പറഞ്ഞ് അലൻ അറിഞ്ഞിരുന്നു.

മെഡിക്കൽ​ കോളജിൽ നിരാഹാരമനുഷ്ഠിക്കുന്ന സമയത്ത്  മഹിജാമ്മയെ കാണാൻ അലൻ എത്തിയിരുന്നു. അച്ഛനും അമ്മയും ജയിലിലായതിനാൽ എസ് യു സി ഐ പ്രവർത്തകർക്കൊപ്പമാണ് അലൻ ആശുപത്രിയിലെത്തിയത്.

alan, shajarkhan, mnii, suci,

അലൻ (ഇടത്തേയറ്റം) സമരപന്തലിൽ

 

അനീതിയെ ചോദ്യം ചെയ്യണമെന്നും നീതിക്കുവേണ്ടി നിലകൊള്ളണമെന്നും ആണ് എസ്.യു. സി ഐ പ്രവർത്തകരായ ഇവരുടെ ജീവിതത്തിൽ നിന്നും അലൻ പഠമാക്കിയിട്ടുള്ളത്. എന്നാൽ അതിന്റെ പേരിൽ അവരെ കുറ്റവാളികൾ ആക്കുന്ന ഭരണക്കാരുടെ നടപടി യുക്തിസഹമല്ലെന്നും ഈ ബാലൻ നിശ്ചയദർഢ്യതോടെ പറയുന്നു. അതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ നിരുപാധികം വിട്ടയാക്കുന്നതുവരെ അലനും എസ്‌യൂ സി ഐ യോടൊപ്പം സമരത്തിൽ ഉണ്ടാകും.

പൊലീസ് ആസ്ഥാനത്തിന മുന്നിൽ സമരത്തിന് പോകുമ്പോൾ അലനും പോകാനൊരുങ്ങിയതാണ്.പിന്നെ വേണ്ടെന്ന് വെച്ചു. പോയിരുന്നെങ്കിൽ തന്നെയും ജയിലിലടക്കുമായിരുന്നോ. അടച്ചിരുന്നെങ്കിൽ ജയിലൊക്കെ ഒന്നു കാണാമായിരുന്നു. അതു പറയുമ്പോൾ അലന്റെ കണ്ണുകളിൽ കുസൃതി. അഞ്ചു ദിവസമായി അച്ഛനുമമ്മയും ജയിലിലായിട്ട്. പക്ഷെ അന്നു മുതൽ സമരവേദികളിലായിരുന്നതിനാൽ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്ന് അലൻ. ഇതിനിടെ സഖാക്കളുടെ കൂടെ ജയിലിൽ പോയി അമ്മയെ കണ്ടു. “എന്തുവാടേ വിശേഷം?” എന്നാണ് അമ്മ ചോദിച്ചത്. “തുണിയൊക്കെ തന്നെ കഴുകി” എന്ന് അമ്മയോട് പറഞ്ഞു. അമ്മ ഹാപ്പി. “ഇനി അങ്ങനെ വേണ്ടി വരും.ഇങ്ങനെ പോയാൽ ഞാൻ ഇടക്കിടയ്ക്ക് ജയിലിലായിരിക്കുമല്ലോ എന്ന് അമ്മ പറഞ്ഞു.”

അമ്മയും അച്ഛനും ഒപ്പമില്ലെങ്കിലും ആ കുഞ്ഞുകണ്ണുകളിൽ താൻ അനുഭവിക്കുന്ന അനീതിയ്ക്കെതിരായ തീയുണ്ട്. ആ ചിരിയിൽ അധികാരം കൊണ്ട് അന്ധതബാധിച്ച രാഷ്ട്രീയ വണിക്കുകളോടുളള പരിഹാസം ഉണ്ട്. ഈ കുഞ്ഞുപ്രായത്തിൽ തന്നെ അലൻ കലഹം ചെയ്യുകയാണ് അനീതികൾക്കെതിരായി.

 

തിരുവനന്തപുരത്ത് നിന്നും ആർ. അപർണയുടെ റിപ്പോർട്ടോടുകൂടി 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook