മലപ്പുറം എന്നത്,‌ അസാധാരണത്വം നിറഞ്ഞ സാധാരണ മനുഷ്യർ മാത്രമല്ല വ്യത്യസ്ത ഭൂപ്രകൃതിയും കൂടി ഉൾപ്പെട്ട കേരളത്തിലെ ഒരു വടക്ക്‌ കിഴക്കൻ ജില്ലയാണ്! കളിമണ്ണും ചരൽക്കല്ലും തരിശും പാടങ്ങളും കണ്ടലും മുതൽ പച്ചപ്പും വെള്ളത്തുരുത്തുകളും കടുംതണുപ്പാർന്ന ഹിൽസ്റ്റേഷനുകളും തൊട്ട്‌ കടലും റെയിൽപ്പാളങ്ങളും മുതൽക്ക്‌ ലോകത്തെ ഏറ്റവും വലിയ തേക്കുമരം വരെ ഉള്ള സ്ഥലം. അതിന്റെ ആകെ മൊത്തം ജീവിതഘടനയെക്കൂടി കണക്കിലെടുത്തുകൊണ്ട്‌‌ മാർക്കേസിന്റെ കാൽപനിക മക്കണ്ടോയോട്‌ താരതമ്യപ്പെടുത്തിയിട്ടുണ്ട്‌ പലവുരു, പലരും! അറുപതുകളുടെ അർദ്ധാന്ത്യം മുതൽ എൺപതുകളുടെ അവസാനം വരെയുള്ള ഒരു പ്രത്യേക കാലഘട്ടത്തിൽ അതിനെ അടുത്ത്‌ നിന്ന് നിരീക്ഷിക്കാൻ നിങ്ങൾക്ക്‌ സാധിച്ചിരുന്നുവെങ്കിൽ ഇന്ന് തീർച്ചയായും നിങ്ങൾ ആണയിട്ട്‌ പറയുമായിരുന്നു ഇന്ത്യാ രാജ്യത്ത്‌ ഇത്രയേറെ സ്നേഹവും ശാന്തിയും ആത്മാർഥതയും നിറഞ്ഞ മറ്റൊരു സ്ഥലം വേറെ ഇല്ല എന്ന്! അപാരമാം വിധം സെൻസിറ്റീവ്‌ ആയിരിക്കുമ്പോൾത്തന്നെ അത്രമേൽ ലെസ്‌ വയലന്റ്‌ ആയിരിക്കുക എന്നത്‌ സാധാരണഗതിയിൽ ഒരു ജനതതിയെ സംബന്ധിച്ച്‌ അസാധാരണമായ ഒരു കാര്യം ആണ്! അത്‌ കൊണ്ട്‌ തന്നെ, അതിന്റെ മൂലകാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ എന്തായിരിക്കാം എന്നതിനെക്കുറിച്ച്‌ എങ്ങാനും നിങ്ങൾ അനേഷിച്ച്‌‌ പോവുകയാണെങ്കിൽ നിങ്ങൾ എത്തിച്ചേരുക തീർച്ചയായും അതിന്റെ കാൽപ്പന്തുകളിഭ്രാന്തിൽ ആയിരിക്കും എന്നതാണു അത്ഭുതകരമായ സത്യം!

ഫുട്ബാൾ ഭ്രാന്തുള്ള മറ്റനേകം രാജ്യങ്ങളിൽ‌ നിന്നും ഭൂപടത്തിൽ നിന്ന് കണ്ടുകിട്ടാൻ കൂടി ഉള്ള വലിപ്പമില്ലാത്ത മലപ്പുറം എന്ന ഈ കുഞ്ഞുസ്ഥലത്തിനു എന്ത്‌ പ്രത്യേകത എന്ന് അപ്പോൾ നിങ്ങൾ ചിന്തിക്കും! അതിന്റെ സിമ്പിൾ ഉത്തരം ആണ് ഏഴാൾക്കളി ! അഥവാ സെവൻസ്‌ ഫുട്ബോൾ! ഏഴ്‌ ആകാശവും ഏഴ്‌ ഭൂമിയും! അങ്ങനെ ഈരേഴു പതിനാലെന്ന് മിസ്റ്റിക്‌ ലെവലിൽ പറയാവുന്ന ഒരു പ്ലെയിനിൽ ആണ് മലപ്പുറത്തിന്റെ കളി ജീവിതം സ്ഥിതി ചെയ്യുന്നത്‌! എല്ലാം ഫുട്ബാൾ ആണ്! മുഴുവൻ ജീവിതത്തെയും അത്‌ കവർ ചെയ്യുന്നു.സങ്കടം, ദേഷ്യം, കരുണ, പ്രതികാരം തുടങ്ങി സകല വികാര വിചാരങ്ങളാലും തുന്നിപിടിപ്പിക്കപ്പെട്ട്‌ കൊയ്ത്തുപാടത്തും ചളിയിലും ചരക്കല്ലിലും മഴയത്തും അത്‌ കിടന്ന് ഉരുളുകയാണ്! ഒരു ഭക്ഷണ വിഭവത്തിന്റെ രുചി നിശ്ചയിക്കപ്പെടുന്നത്‌ നിങ്ങൾ കളിയിൽ ജയിച്ചു വന്നാണോ തോറ്റ്‌ വന്നാണോ അത്‌ കഴിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചാണ്! നിങ്ങൾ അങ്ങാടിയിൽ തല്ല് കൂടിയിരുന്നതും വാതു വെക്കുന്നതും കളിയെച്ചൊല്ലിയായിരുന്നു! അതും ലോകത്തെവിടെയും കേട്ടുകേൾവിയോ ഔദ്യോഗിക പദവിയോ ഇല്ലാത്ത ‘ഏഴിന്റെ കളി’ ക്കു വേണ്ടി!എന്ന് പറഞ്ഞാൽ പുറമേ എവിടെയും കൊണ്ട്‌ പോയി “വിൽക്കാൻ” പറ്റാത്ത ഒരു കളിരീതിയാണു ഒരു ജനത സ്വയം തിരഞ്ഞെടുത്തിരിക്കുന്നത്‌! അതും ഗ്രൗണ്ട്‌ പോയിട്ട്‌ സിക്സ്‌ ഇന്റു ഫോർ ചതുരത്തിൽ ഒരു മരക്കുറ്റിയുടെ മറവില്ലാതെ ഒരു അടക്കാ പറമ്പ്‌ പോലും എടുക്കാൻ ഇല്ലാത്ത നാടാണ് മുഴുവൻ സമയവും കളിക്കു വേണ്ടി മരിക്കുന്നത്‌! ഒരു പക്ഷേ ഈ സ്ഥല പരിമിതി കൂടിയാണ് തുല്യതയില്ലാത്ത ഒരു കളിമാർഗ്ഗം കണ്ടെത്തുവാൻ ഇവിടുത്തെ മനുഷ്യരെ പ്രേരിപ്പിച്ചത്‌! അക്കാലത്ത്‌ വൈദ്യന്മാരുടെ മുൻപിൽ ഉമ്മമാർ എത്തിയത്‌ തങ്ങളുടെ കുട്ടികൾ കളിച്ചു വീണു കൈയോ കാലോ ഒടിഞ്ഞതിനോ പന്തെടുക്കാൻ ഓടുമ്പോൾ മരക്കുറ്റിയോ കുപ്പിച്ചില്ലോ കാലിൽ തറച്ചതിന്റെ പേരിലോ ആയിരുന്നു.

shahabas aman,malappuram,football

പന്ത്‌ കളി ഒരു ഉപജീവിതം അല്ലായിരുന്നതു കൊണ്ട്‌ തന്നെ ദീർഘകാലം ആരെ സംബന്ധിച്ചും അത്‌ ഒരു ഉപജീവനവും ആയില്ല! സ്വാതന്ത്യ ലബ്ധിക്ക്‌ തൊട്ടുമുൻപുള്ള കാലത്ത്‌ ബ്രിട്ടീഷുകാരോട്‌ ബൂട്ടിടാതെ കളിച്ചു മുട്ടിക്കൊണ്ടാണു മലപ്പുറം ഫുട്ബാളിലെ അതിന്റെ മൗലികമായ അടിസ്ഥാനം ഉറപ്പിക്കുന്നത്‌! പതിനൊന്ന് എന്ന ക്ലാസിക്കൽ തിയറിയെ തങ്ങളുടെ നാട്ടു ജീവിതത്തിലേക്ക്‌ ഏഴാക്കി ബോധപൂർവ്വം കൺവർട്ട്‌ ചെയ്യുകയായിരുന്നു പഴയ മലപ്പുറത്തെ കാരണവന്മാർ! കയ്യൊടിഞ്ഞു വരുന്ന മക്കളെ മരുന്നും ധൈര്യവും നൽകി കളിക്കളത്തിലേക്ക്‌ തിരിച്ചയക്കുമ്പോൾ ഓരോ ഗൃഹനാഥകളും കരുതിയത്‌ പുറത്ത്‌ യുദ്ധം നടക്കുന്നുണ്ട്‌ എന്ന് തന്നെയായിരുന്നു!

അതേസമയം,ആക്രമണമാണു പ്രതിരോധം എന്ന തത്വത്തെ ‌ 4-3-3 എന്ന് അക്കത്തിലേക്ക്‌ ലോക സാംബാ നർത്തകർ പരിവർത്തിപ്പിക്കുമ്പോൾ ഒരു ചെറുതോൽവി പോലും സഹിക്കാൻ കഴിയാത്ത വിധം ഗാലറിയിൽ ഇരുന്ന് അവർക്ക്‌ കരയേണ്ടി വരുന്നു!എന്നാൽ മറ്റൊരു മൂന്നാം ലോക രാജ്യമായ മലപ്പുറമാകട്ടെ ജയമോ തോൽവിയോ അല്ല, കളിയാണു പ്രധാനം എന്ന് ഞങ്ങൾ കുട്ടികളെ പഠിപ്പിച്ചു! അത്‌ കൊണ്ട്‌ ജയിച്ചു വരുമ്പോഴും തോറ്റു വരുമ്പോഴും ജീപ്പിൽ ഇരുന്ന് ഞങ്ങൾ പാട്ടു പാടി! പിൽക്കാലത്ത്‌ സ്വന്തം സംഗീത‌ ആൽബത്തിനു ആ ജീപ്പിന്റെ നമ്പർ (kef 1126) ടൈറ്റിൽ ആയി സ്വീകരിച്ചത്‌ വെറുമൊരു ഓർമ്മ എന്ന നിലയ്ക്കായിരുന്നില്ല! ആ നമ്പർപ്ലേറ്റ്‌ ഞങ്ങളുടെ സൂഫി മാസ്റ്റർ ആയിരുന്നു.കളിക്കളം ആയിരുന്നു ഞങ്ങളുടെ നിസ്ക്കാരപ്പായ! വിസിൽ ബാങ്കും!പന്തിനു ചുറ്റും കറങ്ങുന്നതാണു മെഡിറ്റേഷൻ! അത്കൊണ്ടാണു ‘യോഗ’ എന്ന നിശ്ചലത ഞങ്ങളെ ആകർഷിക്കാത്ത ഒരു രാഷ്ട്രീയ കാര്യമായി പിന്നീട്‌ മാറുന്നത്‌ ‌! അല്ലാതെ അന്ധവും വിഭാഗീയവുമായ ഒരു ഹേയ്റ്റ്‌ ‌ അല്ല അതിനൊന്നും പിന്നിൽ‌‌! പുറമേയ്ക്ക്‌ വെറുപ്പായും തീവ്ര വികാരപരതയായും തെറ്റിദ്ധരിക്കപ്പെട്ട പല കാര്യങ്ങൾക്കും മനഃശാസ്ത്രപരമായും ജീവചരിത്ര പ്രകാരവും മലപ്പുറത്തിന്റെ കാൽപ്പന്തുകളിഭ്രാന്തിൽ ഉത്തരങ്ങളുണ്ട്‌!

shahabas aman, malappuram,football

കേരളത്തിൽ പൊതുവേയും മലബാറിൽ വിശേഷിച്ചും ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‌ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമ, കളി കാണിക്കുന്ന സിനിമ എന്നതിനേക്കാൾ കളിയെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന സിനിമ എന്ന നിലയ്ക്കാണ് വലിയ വിജയം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്‌!

അതേ സിനിമയിൽ ,”ഏതുണ്ടെടാ കാൽപ്പന്തല്ലാതെ, ഊറ്റം കൊള്ളാൻ വല്ലാതെ?” എന്ന് ഒരു പാട്ടിലൂടെ ഞങ്ങൾ ചോദിക്കുന്നുണ്ട്‌! അതിന്റെ ലളിതമായ അർത്ഥം ഇത്രേയേയുള്ളു! പുറമേ നിന്ന് നിങ്ങൾ എങ്ങനെ വാതു വെച്ചാലും കളിക്കളത്തിൽ അണപൈ മായം കലർത്താൻ ആരാലും സാധിക്കാത്ത ഒരേയൊരു ജൈവ കായിക കല ഫുട്ബോൾ ആകുന്നു! അങനെയുള്ള ഒരു കായിക വിനോദം ‌രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു ജനതയ്ക്ക് അത്രമേൽ‌‌ ഒറിജിനൽ ആയിട്ടല്ലാതെ ജീവിക്കുക സാധ്യമല്ല! സ്പോർട്ട്‌സ്‌മാൻ സ്പിരിറ്റ്‌ ശ്വാസത്തിൽ കലർന്നവർക്ക്‌ സ്നേഹവും ശാന്തതയും അതിന്റെ സ്വാഭാവിക സംസ്കാരം മാത്രമാകുന്നു.അത്കൊണ്ട്‌,വരാനിരിക്കുന്ന ലോകകപ്പ്‌ ഫുട്ബോൾ നടക്കുമ്പോൾ നിങ്ങൾ പോകേണ്ടത്‌ യഥാർത്ഥത്തിൽ റഷ്യയിലേയ്ക്കല്ല! മലപ്പുറത്തേയ്ക്കാണ്! കളിക്കളം തൊടുന്ന എല്ലാ രാജ്യങ്ങളുടേയും രാഷ്ട്രീയ പതാകകൾ സ്വന്തം നാടിന്റെ ഫുട്ബോൾ പതാകകൾ മാത്രമായി മാറുന്ന അനന്യ സുന്ദരവും അനിർവ്വചനീയവുമായ കാഴ്ച നിങ്ങൾക്കവിടെ കാണാം! ഇത്‌ സ്നേഹത്തിന്റെ പേരിൽ ഇന്നേ വരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രത്യേക പൊളിറ്റിക്കൽ വേർഷനാണ്!
ബ്രസീലിനെയടക്കം അതിശയിപ്പിക്കും വിധത്തിലുള്ള ഒരു കളി ഭ്രാന്ത് മലപ്പുറത്തെ വേറിട്ടതാക്കുന്നത്‌ അവിടെ ഏറ്റവും വലിയ കുരിശുപള്ളിയൊന്നും ഉണ്ടായിട്ടല്ല! കഅബയെ വലയം വെക്കുന്നത്‌ പോലെ പുണ്യമുള്ളതാണ് പന്തിനു ചുറ്റും കറങ്ങുന്നത്‌ എന്ന് അറിയുന്നത്‌ കൊണ്ടാണ്! ട്രംപിന്റെ രാഷ്ട്രീയ അമേരിക്കയെ വെറുത്ത്‌ കൊണ്ട്തന്നെ ഒരു അമേരിക്കൻ ഫുട്ബാൾ ടീമിനെ എങ്ങനെ നെഞ്ചിലേറ്റാം എന്നറിയുന്നവർ! ‘എ ബ്യൂട്ടിഫുൾ ഗെയിം’ എന്ന് ബ്രസീലുകാരൻ കളിരാജാവ്‌ പെലെ പറയുമ്പോൾ മലപ്പുറത്തെ ഏതൊരു കുട്ടിയും അതിൽ അൽപ്പമൊരു വ്യത്യാസം വരുത്തിക്കൊണ്ട്‌ തങ്ങൾ പിൻപറ്റുന്ന കാൽപ്പന്തുകളിയെക്കുറിച്ച്‌ ഇങ്ങനെ പറയും ” എ ബ്യൂട്ടിഫുൾ ലൈഫ്‌” !

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ