scorecardresearch
Latest News

“കേരളത്തിൽ മനുഷ്യന്‍റെ ഭയം ചൂഷണം ചെയത് അന്ധവിശ്വാസം വളർത്തുന്നു” ഡോ. സുരേഷ് സി.പിളള/ പ്രിയ കിരൺ

അയർലണ്ടിലെ ആരോഗ്യവിദഗ്‌ദസമിതിയുടെ അധ്യക്ഷനായി നിയമിതനായ ആദ്യ ഇന്ത്യാക്കാരനും നിരവധി ഗവേഷണ പ്രബന്ധങ്ങളെഴുതിയിട്ടുളള, യു എസ് , യു കെ പേറ്റന്രുകൾ നേടിയിട്ടുളള, ശാസ്ത്രലോകത്ത് അറിയപ്പെടുന്ന മലയാളി ശാസ്ത്രജ്ഞനായ ഡോ. സുരേഷ് സി പിളളയുമായി പ്രിയ കിരൺ നടത്തുന്ന സംഭാഷണം

suresh c. pillai

ശാസ്ത്രം , സാങ്കേതികം, സാഹിത്യം തുടങ്ങിയ ജീവിത മേഖലകളിലെ വികാസപരിണാമങ്ങളും, പുതിയ പ്രവണതകളും, സിനിമയോ സംഗീതമോ പോലെ പൊതു ജനങ്ങളിലേക്ക് പലപ്പോഴും വേണ്ടുംവിധം എത്താതിരിക്കുന്നതെന്താണെന്നു ചിന്തിക്കാറുണ്ട്. പല വിധ കാരണങ്ങളാൽ, അത്തരം മേഖലകളിലെ പ്രമുഖരായ വ്യക്തികൾ, അവരുടെ വിഷയങ്ങളെപ്പറ്റി സരളവും ലളിതവുമായി സാധാരണക്കാരോട് സംവദിക്കാതെ പോവുന്നതാവാം ഇതിനു പ്രധാന കാരണം. പറയുന്നത് എത്ര പ്രധാന വിഷയവുമാവട്ടെ ,ഭാഷയും സംവേദനവുമാണ് മാധ്യമങ്ങൾ, അത് എത്രത്തോളം ഋജുവായിരിക്കുന്നോ, പറയപ്പെടുന്ന ആശയങ്ങളുടെ സ്വീകാര്യതയും അത്രയും സുഗമമായിത്തീരുന്നു.

ശാസ്ത്രത്തെയും, ശാസ്ത്രലോകത്തെ അവസരങ്ങളെയും, മാറ്റങ്ങളെയും പറ്റി ആധികാരികവും, എന്നാൽ ഏറ്റവും ലളിതവുമായി സമൂഹമാധ്യമങ്ങളിലൂടെയും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും സംസാരിക്കുന്ന,  മലയാളി ശാസ്ത്രജ്ഞനുണ്ട്. അയർലൻഡിലെ അരോഗ്യ വിദഗ്‌ദ സമിതിയുടെ ചെയർമാനാണ് അദ്ദേഹം. മലയാളി കടന്നു ചെന്ന ഉന്നത പദവികളിലൊന്ന്. ലോകത്ത് ഇത്തരം പദവികളിലെത്തിയ മലയാളികൾ വളരെ കുറവാണ്. ഇവിടെ എത്തുന്നതിന് മുന്പ് തന്നെ ശാസ്ത്രലോകത്ത് സുരേഷ് തന്രേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സ്ലൈഗോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാനോ ടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും, ലീഡ് സയന്റിസ്റ്റും ആണ് ഡോക്ടർ സുരേഷ് സി. പിള്ള .

സുരേഷിന്രെ ഗവേഷണങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന കാലത്തും ഇന്നും സോഷ്യൽ മീഡിയയിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും ലളിതമായി ശാസ്ത്രമെഴുതി ബോധവൽക്കരണം നടത്തുന്നു. പ്രത്യേകിച്ച് മലയാളികൾക്കിടിയിൽ ശാസ്ത്രമെന്ന നിലയിൽ  അന്ധവിശ്വാസങ്ങളും അശാസ്ത്രീയതകളും പ്രചരിപ്പിക്കപ്പെടുമ്പോൾ  ശാസ്ത്രമെന്താണ് എന്ന് പറഞ്ഞു മനസ്സിലാക്കി തിരുത്തുകയെന്നത് സുരേഷ് തന്രെ കർമ്മമായി ചെയ്തുപോരുന്നു. ആപ്പിളിലെ മെഴുകും പാത്രത്തിലെ കാൻസറുമൊക്കെ ഫെയ്സ് ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിച്ചു നടന്ന അന്ധവിശ്വാസമാണെന്ന് സുരേഷ് മലയാളിക്ക് ലളിതമായി മനസ്സിലാക്കി കൊടുത്തു.

അപകടകാരികളായ എം. ആർ. എസ്. എ, കോളി തുടങ്ങിയ സൂപ്പർ ബഗുകൾ ആയ ബാക്ടീരിയകൾ പ്രതലങ്ങളിൽ കൂടി (മൊബൈൽ ഫോൺ, കമ്പ്യൂട്ടർ സ്ക്രീൻ) പടരുന്നതു തടയുന്ന വിപ്ലവകരമായ കണ്ടുപിടിത്തം നടത്തിയതിലൂടെ ഡോ. സുരേഷ് സി. പിള്ള പോയ വർഷം ഏറെ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

suresh c. pillai,

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് പി എച്ച് ഡി. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രണ്ട് യു എസ് പേറ്റന്റും, ഒരു യുകെ പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, ‘തന്മാത്രം” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. സോഫ്റ്റ്‌വെയർ എൻജിനീയറും ഗവേഷകയുമായ ഭാര്യ സരിതയ്ക്കും മക്കൾ ശ്രീഹരി, ശ്രീശേഖർ എന്നിവർക്കുമൊപ്പം കഴിഞ്ഞ പതിനെട്ടു വർഷമായി അയർലണ്ടിലാണ് സുരേഷ് പിളള താമസിക്കുന്നത്.

പ്രവാസത്തെയും, ജീവിത കാഴ്ചകളെയും, ശാസ്ത്രത്തെയും , നാനോ ടെക്നോളജിയെയും പറ്റി  സുരേഷുമായി കുറച്ച് സമയം സംസാരിച്ചപ്പോൾ കണ്ടത്, മലയാളിയായിരിക്കെ തന്നെ എങ്ങനെ അന്തർദേശീയമായി ഉയർന്നു നിൽക്കാമെന്നും; സാധാരണക്കാരനായിരിക്കെയും ലക്ഷ്യബോധത്തിലും, മൂല്യങ്ങളിലും ഊന്നി എങ്ങനെ അസാധാരണക്കാരനായിരിക്കാമെന്നു തെളിയിക്കുന്ന ഒരാളെയാണ്.

ഡോക്ടർ സുരേഷ് സംസാരിക്കുന്നു :

? പ്രിയ കിരൺ: രണ്ടു പതിറ്റാണ്ടാകാൻ പോകുന്ന പ്രവാസ ജീവിതം, തന്റെ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ആൾ, അയർലണ്ടിലെ ഹെൽത്ത് അഡ്വൈസറി ബോർഡിന്റെ ചെയർമാൻ, ഈ പദവിയിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരൻ, നിരവധി രാജ്യാന്തര കമ്മിറ്റികളിലെ അംഗം എന്നീ നിലകളിൽ താങ്കളായിരിക്കാം ഈ ചോദ്യത്തിന് ഉത്തരം പറയാൻ ഏറ്റവും യോജിച്ച ഒരാൾ… പാശ്ചാത്യരെപ്പോലെ പെരുമാറാത്തതോ, സംസാരിക്കാത്തതോ ആണ് കഴിവുണ്ടായിട്ടും പലപ്പോഴും അംഗീകരിക്കപ്പെടാതെ പോവുന്നതിന് കാരണം എന്നൊരു പരാതി പ്രവാസി ഇന്ത്യക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ തോന്നിയിട്ടുണ്ടോ?

= ഡോ. സുരേഷ് സി പിളള: അറിവ്, ബുദ്ധി എന്നതിലുപരി, വൈകാരിക ബുദ്ധി അഥവാ emotional intelligence ഉപയോഗിച്ച് മറ്റുള്ളവരെ അറിഞ്ഞു സംസാരിക്കുന്നതിൽ, ഒരു പക്ഷെ നാം വളർന്നു വന്ന സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടാവാം, നമ്മൾ ഇന്ത്യക്കാർ അൽപ്പം പുറകോട്ടാണെന്നു എനിക്ക് തോന്നാറുണ്ട്. പൊതുവെ ഒരു സദസ്സിലോ ഗ്രൂപ്പിലോ ഇരിക്കുമ്പോൾ സ്വയം ഫോക്കസ് ചെയ്ത്, ചിലപ്പോൾ അൽപ്പം പൊങ്ങച്ചവും മേമ്പൊടിയാക്കി സംസാരിക്കാൻ ശീലിച്ചവരാണ് നമ്മൾ, അത് മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ പൊതുവിടങ്ങളിൽ നമ്മെ സഹായിക്കുന്നില്ല . പാശ്ചാത്യരാജ്യങ്ങളിൽ എത്തിയ ശേഷമാണു “you focused” അല്ലെങ്കിൽ മറ്റുള്ളവർക്ക് താല്പര്യമുള്ള കാര്യങ്ങൾ സംസാരിക്കുകയെന്നത് ഞാൻ പഠിച്ചത്. മറ്റുള്ളവരുടെ താൽപ്പര്യങ്ങൾ അറിഞ്ഞ്, അവയുമായി ബന്ധിപ്പിച്ചു സംസാരം മുന്നോട്ടു കൊണ്ട് പോവാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. ജോലിയുടെ കാര്യത്തിലായാലും, ചോദ്യം പൂർണമായും മനസ്സിലാക്കാതെയും,  ഉൾക്കൊള്ളാതെയും ഇന്റർവ്യൂകളിൽ ഉത്തരം പറയുമ്പോൾ, ആവശ്യമായ യോഗ്യതകകൾ ഉണ്ടായിട്ടും പലപ്പോഴും പല മിടുക്കരും തിരഞ്ഞെടുക്കപ്പെടാതെ പോവുന്നത് കണ്ടിട്ടുണ്ട്.

suresh c.pillai,
നോബല്‍ ജേതാവായ വില്യം സി. കാംബെലിനൊപ്പം സുരേഷ് സി. പിള്ള

? ഇന്ത്യക്ക് പുറത്തു താമസമാക്കിയവർ, തങ്ങളുടെ ഭാഷയും ദേശവുമൊക്കെ അടിസ്ഥാനമാക്കിയുണ്ടാക്കുന്ന കൂട്ടായ്മകളിലാണ് അധികം സജീവമായി കാണാറ്. ഇത് നാം ചെന്ന് ജീവിക്കുന്ന വിദേശരാജ്യങ്ങളുടെ സംസ്ക്കാരവും തനിമയും അറിയുന്നതിൽ നിന്നും നമ്മെ വിലക്കുന്നുണ്ടോ

= നമ്മൾ ഒരു രാജ്യത്തു ചെന്നാൽ അവിടുത്തെ ജനതയോടും സംസ്കാരത്തോടും പൂർണ്ണമായും ഇഴുകി ചേർന്നാണ് ജീവിക്കേണ്ടത്. വന്ന വഴികൾ മറക്കണം എന്നല്ല, സഹൃദം സ്വന്തം നാട്ടുകാരിലേയ്ക്ക് മാത്രം ചുരുങ്ങുമ്പോൾ നാം ഒരു സമൂഹത്തിൽ ഒറ്റപ്പെടുന്നു. നികേഷ് ശുക്ല തന്റെ, The Good Immigrant എന്ന പുസ്തകത്തിൽ പറയുന്ന പോലെ “Integrate well. Move upwards in society. Be praised until people worry that you’re doing too well, and then they remember that you’re foreign.” ഏതു രാജ്യക്കാർ ആയാലും, മനുഷ്യർ എല്ലാവരും ധാരാളം സമാനതകൾ ഉള്ളവരാണ്. വിദേശത്ത് വന്ന സമയത്ത് ആദ്യം, മനുഷ്യരിലുള്ള വ്യത്യാസങ്ങളാണ് ശ്രദ്ധയിൽ പെട്ടത്. കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് വ്യത്യാസങ്ങളേക്കാളും എല്ലാ തരം മനുഷ്യരിലും സമാനതകൾ ആണ് കൂടുതൽ എന്ന്. ഹൃദ്യമായ ഒരു ചിരിയും, ആത്മാർത്ഥമായ സംസാരവും മാന്യമായ പെരുമാറ്റവും മാത്രം മതി ഏതു രാജ്യക്കാരുമായും കൂട്ടാവാൻ.

? ശാസ്ത്രമേഖലയെപ്പറ്റി പറയുമ്പോൾ , എന്ത് കൊണ്ടാണ് പഠിക്കാൻ ശാസ്ത്രം തിരഞ്ഞെടുത്തത്? വീട്ടിൽ അന്ന് ഈ തീരുമാനം സ്വീകാര്യമായിരുന്നോ?

= ചെറുപ്പത്തിലേ താല്പര്യമുള്ള വിഷയമായിരുന്നു ശാസ്ത്രം. ഞാൻ ജനിച്ചു വളർന്ന കോട്ടയത്ത്, റബ്ബർ മരങ്ങൾ സുലഭമാണല്ലോ. ബഡ് ചെയ്തു ഉണ്ടാക്കുന്ന റബ്ബർ തൈകൾ സാധാരണ തൈകളിലും വിളവ് തരുന്നത് അന്ന് കൗതുകത്തോടെ നിരീക്ഷിക്കാറുണ്ടായിരുന്നു. ജനറ്റിക്സ് പഠിക്കണം എന്നത് ഇത്തരം നിരീക്ഷണങ്ങളിലൂടെ അന്ന് തോന്നിയത്. കൂടുതൽ സാദ്ധ്യതകൾ പരീക്ഷിച്ചാണ്‌ കെമിസ്ട്രിയിലും, പിന്നീട് നാനോ ടെക്നോളോജിയിലും എത്തിയത്. പിന്നീടങ്ങോട്ട് പഠനവും ഗവേഷണവുമെല്ലാം വളരെ ആസ്വദിച്ചും ഉൾക്കൊണ്ടുമാണ് ചെയ്തിട്ടുള്ളത്. വീട്ടിലാണെങ്കിൽ, ചങ്ങനാശ്ശേരി കോളേജിലെ ഒരു യുജിസി അധ്യാപകനായി എന്നെ കാണുകയെന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നത്. എന്നാൽ ലോകം തരുന്ന സാധ്യതകളെല്ലാമുപയോഗിച്ചു മക്കൾ വളരണം എന്ന് സ്വപ്നം കണ്ട് അതിനു വേണ്ടി എല്ലാ പ്രോത്സാഹനവും തന്ന ആളായിരുന്നു എന്റെ അച്ഛൻ.

?ആ പശ്ചാതലത്തിൽ ചോദിക്കട്ടെ – ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാർത്ഥികൾ ശാസ്ത്ര പഠനത്തിലേക്ക് വരുന്നുണ്ടെന്നു തോന്നിയിട്ടുണ്ടോ?

= ഉണ്ട്. ഞാൻ പഠിച്ചിരുന്ന കാലഘട്ടത്തേക്കാൾ , ഇന്ന് ശാസ്ത്രപഠനത്തിന് ഒരുപാട് പ്രാധാന്യം കൂടിയിട്ടുണ്ട്. ഇപ്പോൾ 2006 മുതൽ ഇന്ത്യയുടെ പല ഭാഗങ്ങളിലായി സ്ഥാപിതമായിരിക്കുന്ന ഏഴു ഐസർ (Indian Institutes of Science Education and Research (IISER) കളിൽ, ശാസ്ത്ര പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളെ കണ്ടെത്തി, അവർക്കു Ph.D തലം വരെ മികച്ച പരിശീലനം കൊടുക്കുന്നു. ഏറ്റവും മികച്ച ഒരു ശതമാനത്തിൽ പെടുന്നവരെ, IIT JEE മെറിറ്റ് ലിസ്റ്റിൽ പെടുന്നവരെയാണ് തിരഞ്ഞെടുക്കുന്നത്. വിദേശ സർവകലാശാലകളിൽ ഗവേഷണ സാദ്ധ്യതകളും മുമ്പത്തേക്കാൾ വളരെക്കൂടുതകൾ ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ന് പ്രയോജനപ്പെടുത്തുന്നുണ്ട്. വളരെ ആശാവഹമായ മാറ്റമാണിത്. ഇവരിൽ ചെറിയ ശതമാനം ഇന്ത്യയിലേക്ക് തിരിച്ചു ചെന്നാൽ തന്നെയും അത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും. ചുരുക്കിപ്പറഞ്ഞാൽ, കരിയർ എന്നാൽ രണ്ടോ മൂന്നോ ജോലികളെപ്പറ്റി മാത്രം ചിന്തിക്കുന്ന അവസ്ഥയിൽ നിന്നും നാം ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്. ശാസ്ത്ര ഗവേഷണം ഒരു കരിയർ ഗോൾ ആയി എടുത്ത് മിടുക്കികളും, മിടുക്കൻമാരും ഈ മേഖലയിലേക്ക് മുൻപോട്ടു വരണം. ശാസ്ത്ര ഗവേഷണങ്ങൾക്ക് ഭാവിയിൽ രാജ്യത്തും, വിദേശത്തുമായി അനന്ത സാധ്യതകൾ ഉണ്ട്.

suresh c pillai.
കുടുംബത്തോടൊപ്പം

?അപ്പോൾ കേരളത്തിന്റെ ശാസ്ത്ര പഠന മേഖല, രാജ്യാന്തര ശാസ്ത്ര മേഖലയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

= നേരത്തെ പറഞ്ഞ ഏഴ് IISER കളിൽ ഒന്ന് കേരളത്തിൽ തിരുവനന്തപുരത്താണ്. കൂടാതെ NIIST (The National Institute for Interdisciplinary Science and Technology), ISRO യുടെ ഭാഗമായി Indian Institute of Integrated Science & Technology (IIIST), Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST), Rajiv Gandhi Centre for Biotechnology (RGCB), കൊച്ചിൻ, കേരള, ,കണ്ണൂർ, കാലിക്കറ്റ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളിലെയും കാസർഗോഡ് കേന്ദ്ര സർവകലാശാലയുടെയും ശാസ്ത്ര സാങ്കേതിക ഡിപ്പാർട്ടുമെന്റുകളും, തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള ധാരാളം ഗവേഷണശാലകൾ നമുക്കുണ്ട്. ഇവിടെയൊക്കെ പഠിച്ചിറങ്ങുന്നവരിൽ അധികവും തുടർപഠന/ ജോലി സൗകര്യാർത്ഥം വിദേശങ്ങളിലേക്ക് പോവുന്നതിനാലാണ് നാമവരെ വേണ്ട വിധം അറിയാതെ പോവുന്നത്. അമേരിക്ക ഓസ്ട്രേലിയ , യൂറോപ്യൻ രാജ്യങ്ങൾ എല്ലാം ഇപ്രകാരം ഉപരിപഠനാർത്ഥം പുറത്തു പോയവരെ തിരികെയാകർഷിക്കാൻ വിവിധ പദ്ധതികൾ കൊണ്ട് വരുന്നുണ്ട്. കേരള സർക്കാരും അത്തരം കാര്യങ്ങൾ ചെയ്യുന്നത് ഉചിതമായിരിക്കും എന്ന് പലപ്പോളും തോന്നാറുണ്ട് . കാരണം പഠനത്തിനോ മറ്റോ പുറത്തു പോവുന്ന നമ്മുടെ ഗവേഷക വിദ്യാർഥികൾക്ക് , പ്രത്യേകിച്ചു നാനോ, ബയോ, മെഡിക്കൽ ടെക്നോളജി മേഖലയിൽ ഉള്ളവർക്ക്, അതിനു വളരെ അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും പുറം രാജ്യങ്ങൾ നൽകുമ്പോൾ അതിനോട് കിടപിടിക്കാവുന്ന പാക്കേജുകളാണ് സ്വാഭാവികമായും അവരെ തിരിച്ചു ആകർഷിക്കാൻ വേണ്ടത് .

? ശാസ്ത്രത്തിനേക്കാൾ, ശാസ്ത്രം എന്ന പേരിൽ പ്രചരിക്കുന്ന അശാസ്ത്രീയതകൾക്ക് സോഷ്യൽ മീഡിയയിലും മറ്റും പെട്ടെന്ന് പ്രചാരം കിട്ടുന്നുണ്ടോ

= ഉണ്ട് , മനുഷ്യന്റെ ഭയം ആണ് അവിടെ ചൂഷണം ചെയ്യപ്പെടുന്നത്. ഉദാഹരണമായി കാൻസർ വരുമോയെന്ന ഭയം . അൽപ്പം അർദ്ധ സത്യങ്ങൾ ഇടകലർത്തി ആരെങ്കിലും ഉദാഹരണത്തിന് ” ഉള്ളി കാൻസർ ഭേദമാക്കുന്നു ” എന്നോ മറ്റോ ഒരു വീഡിയോ ഉണ്ടാക്കിയാൽ ഈ സ്യുഡോ റിയലിസം പെട്ടെന്ന് പ്രചരിക്കപ്പെടുന്നു. ഗോമൂത്രം , ചാണകം എന്നൊക്കെപ്പറഞ്ഞു വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയും ആരോഗ്യത്തെപ്പറ്റി ഇത്തരം പ്രചരണങ്ങൾ കാണാറുണ്ട്. ഇതിനെയൊന്നും പ്രതിരോധിക്കാനോ , യഥാർത്ഥ അറിവുകൾ പകർന്നു കൊടുക്കാനോ അധികം ആളുകളില്ലാത്തതും ഇവയുടെ പ്രചാരണത്തിന് ഒരു കാരണമാണ്. മെഡിക്കൽ രംഗത്തെ ഇത്തരം പ്രവണതകളെ പ്രതിരോധിക്കാൻ , മലയാളികളായ യുവതലമുറയിൽപ്പെട്ട കുറെ ഡോക്ടർമാർ ഉൾപ്പെട്ട ‘ഇൻഫോക്ലിനിക്’ പോലുള്ളവർ വലിയ സേവനമാണ് ചെയ്യുന്നത് .

? കേരളത്തിലെ ഗവേഷണവിദ്യാർത്ഥികളോട് എന്താണ് പറയാനുള്ളത്

ഗവേഷണം ഒരു മൾട്ടി ഡിസിപ്ലീനറി ഏരിയ ആണ് . ശാസ്ത്രം മാത്രമല്ല , മെഡിക്കൽ , ടെക്നോളോജി, എഞ്ചിനീയറിംഗ്, ലീഗൽ എന്നിങ്ങനെ എന്ത് അടിസ്ഥാന ഡിഗ്രിയുള്ളവർക്കും , ശരിയായ താൽപ്പര്യവും കഴിവും ഉണ്ടെങ്കിൽ ഗവേഷണ രംഗത്തു അനന്ത സാധ്യതകളാണുള്ളത്. മൾട്ടി നാഷണൽ കമ്പനികൾ ധാരാളം തൊഴിലവസരങ്ങൾ ഈ മേഖലകളിൽ നൽകുമ്പോൾ , ഒഴിവുകൾ പലതും അനുയോജ്യരായവരെ കിട്ടാതെ ,സത്യത്തിൽ നികത്തപ്പെടാതെ പോവുകയാണ് പതിവ് .

? തൊഴിൽ രംഗത്തെ താങ്കളുടെ റോൾ മോഡൽ ആരാണ്

= പലരും ഉണ്ടെങ്കിലും, രണ്ടു മൂന്ന്‌ പേരെ എടുത്തു പറയാം. ആദ്യമായി വാര്യർ സാർ (Dr. K.G.K. Warrier, CSIR Trivandrum ) എന്റെ ജീവിതത്തെ നേരിട്ട് സ്വാധീനിച്ച ഒരാളാണ്. അദ്ദേഹത്തെപ്പറ്റി ‘തന്മാത്രം’ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ശാസ്ത്രത്തേക്കാളും, നമ്മുടെ മനോഭാവം , മറ്റുള്ളവരുമായി ഇടപഴകൽ എന്നിങ്ങനെ പല ജീവിത പാഠങ്ങളാണ് അദ്ദേഹത്തിൽ നിന്നും കൂടുതലായി പഠിച്ചത്. രണ്ടു രാജ്യക്കാർ എന്ന വ്യത്യാസമില്ലാതെ എന്തും പരസ്പരം പറയുന്നത്ര അടുപ്പമുള്ള ട്രിനിറ്റി കോളേജിലെ പ്രൊഫസറും, എന്റെ ഗവേഷണ സൂപ്പർ വൈസറും ആയിരുന്ന പ്രൊഫ. ജോൺ കെല്ലി ആണ് മറ്റൊരാൾ. കറുകച്ചാൽ NSS ഹൈ സ്കൂളിൽ പഠിപ്പിച്ചിരുന്ന ബാലകുമാരി ടീച്ചർ ശാസ്ത്ര പഠനത്തിന് വളരെ പ്രചോദനം നൽകിയ ആളാണ്.

suresh c pillai
ബാലകുമാരി ടീച്ചറിനൊപ്പം

? താങ്കളുടെ മേഖലയായ നാനോ ടെക്നോളജിയിലേക്ക് വന്നാൽ, നാനോടെക്നോളജി സാധാരണക്കാരനെ സ്വാധീനിക്കുന്ന ഏതാനും ഉദാഹരണങ്ങൾ പറയാമോ

= ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, മെഡിസിൻ , പ്രത്യേകിച്ച് ടാർഗെറ്റ്ഡ് കീമോ തെറാപ്പിക്കും മറ്റും നാനോടെക്നോളജി ഉപയോഗിക്കുന്നുണ്ട്. വാണിജ്യടിസ്ഥാനത്തിൽ നാനോടെക്നോളജിയുടെ സാധ്യതകൾ ഉപയോഗിക്കപ്പെട്ടു വരുന്നതേയുള്ളു , പക്ഷെ വിപ്ലവകരമായ മാറ്റങ്ങളാണ് ഈ രംഗത്തു വരാനിരിക്കുന്നത്.

? നാനോ ടെക്നോളജിയിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്

= അമേരിക്കക്കും യൂറോപ്യൻ രാജ്യങ്ങൾക്കും ചൈനക്കും പുറകിലായാണ് ഇപ്പോൾ ഈ മേഖലയിൽ നമ്മുടെ സ്ഥാനമെങ്കിലും, നേരത്തെ പ്രതിപാദിച്ച ഗവേഷണ സ്ഥാപനങ്ങളുടെയും IIT, IISc തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തരാക്ഷ്ട്ര നിലവാരമുള്ള ഗവേഷണ പ്രവർത്തനങ്ങൾ മുഖേന നാമിപ്പോൾ ഒരുപാടു ദൂരം മുന്നോട്ടു പോവുന്നുണ്ട്. ഇതിന്റെ ഫലങ്ങൾ പ്രത്യക്ഷമാവാൻ കുറച്ചുകൂടി സമയം എടുക്കുന്നെന്നു മാത്രം . ചെറുപ്പം മുതലേ ഏതു വിഷയവും കുട്ടികൾക്ക് രസകരമായ രീതിയിൽ പഠിപ്പിക്കുകയാണ്, ശരിയായ താല്പര്യമുള്ള വിഷയങ്ങളിലേക്കു കുട്ടികളെ ആകർഷിക്കാനും മിടുക്കരായവരെ ഓരോ രംഗത്തെത്തിക്കാനും ഏറ്റവും നല്ല മാർഗം. നമ്മൾ അത്ര പ്രാധാന്യം കൊടുക്കാത്ത പ്രൈമറി അദ്ധ്യാപനരംഗം മുതൽ , അതിനോട് യഥാർത്ഥ അഭിരുചി ഉള്ളവരെ തിരഞ്ഞെടുക്കുകയാണ് ഇതിനൊരു മാർഗം.

? ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രൊജക്റ്റ് എന്താണ്, അതിൽ രസകരമായ പങ്കു വെക്കാവുന്ന എന്തെങ്കിലും ഉണ്ടോ

= സൂര്യ പ്രകാശവും, സെമി കണ്ടക്ടർ ആയ നാനോമെറ്റീരിയലുകളും ഉപയോഗിച്ച് ‘പ്രകാശ-രാസത്വരണം’ (photocatalysis) മുഖേന പ്രതലത്തിലും, ജലത്തിലും മറ്റും ഉള്ള രോഗകാരികളായ ബാക്റ്റീരിയകളെയും, മറ്റു സൂപ്പർ ബഗുകളെയും എങ്ങിനെ നശിപ്പിക്കാം എന്നാണ് ഒരു പ്രധാന വിഷയം. കൂടാതെ നാനോ മെറ്റീരിയലുകൾ ഉപയോഗിച്ചു ഇലക്ട്രോണിക് ഉപകാരങ്ങളിലെ പ്രധാന ഘടകാംശങ്ങളെ എങ്ങിനെ വീണ്ടും ചെറുതാക്കാം എന്നും, അവയെ എങ്ങിനെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാം എന്നും ഇപ്പോളത്തെ ഗവേഷണത്തിന്റെ പരിധിയിൽ ഉള്ള കാര്യങ്ങൾ ആണ്. മനുഷ്യ കോശങ്ങളുമായി നാനോനാനോമെറ്റീരിയലുകൾ എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയാൻ nano cytotoxicity യും ഇപ്പോളുള്ള ഗവേഷണത്തിന്റെ ഒരു ഭാഗം ആണ്.

? സൂപ്പർ ബഗുകളെ ക്കുറിച്ചു പറഞ്ഞല്ലോ? മുകളിൽ പറഞ്ഞ ‘പ്രകാശ-രാസത്വരണം’ ഇവ ആന്റി ബയോടിക് റെസിസ്റ്റൻസ് ഉണ്ടാക്കുമോ

= ഇല്ല. അതിനുള്ള സാദ്ധ്യതകൾ കുറവാണ്. ആന്റി ബയോടിക് റെസിസ്റ്റൻസ് ആയ ബാക്റ്റീരിയകൾ ആണ് സൂപ്പർ ബഗുകൾ. ‘പ്രകാശ-രാസത്വരണം’ കൊണ്ട് പ്രതലത്തിൽ (surface) കണ്ടുവരുന്ന ബാക്റ്റീയകളെ നശിപ്പിക്കാം. ഇത് ഒരു പ്രകാശ-രാസ-ഭൗതിക പ്രതിഭാസമാണ്. ഇതിനെതിരെ ബാക്റ്റീരിയകൾ റെസിസ്റ്റൻസ് ഉണ്ടാക്കാനുള്ള സാദ്ധ്യത കുറവാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
suresh c.pillai book

?എന്താണ് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്

= ജനങ്ങൾക്ക് ഉപകാരപ്രദമായതെന്തെങ്കിലും ചെയ്യണം എന്നുണ്ട്. ശാസ്ത്രത്തെ കൂടുതൽ ജനകീയവൽക്കരിക്കണം എന്നുണ്ട്, സമയം കിട്ടുമ്പോഴെല്ലാം മാധ്യമങ്ങളിലൂടെയും , സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളിലൂടെയുമെല്ലാം ഞാൻ അതിനു ശ്രമിക്കാറുണ്ട്. കരിയറിനെക്കുറിച്ചാണെങ്കിൽ, പ്രത്യേകിച്ചൊരു ലക്ഷ്യം വെയ്ക്കാതെ, ചെയ്യുന്നത് കഴിവതും ഏകാഗ്രമായി ചെയ്യലാണ് എന്റെ രീതി. കൊക്കോകോള മുൻ സി ഇ ഓ Brian Dyson പറഞ്ഞത് “Imagine life as a game in which you are juggling some five balls in the air. You name them – work, family, health, friends and spirit – and you’re keeping all of these in the air. You will soon understand that work is a rubber ball. If you drop it, it will bounce back. But the other four balls – family, health, friends and spirit – are made of glass. If you drop one of these, they will be irrevocably scuffed, marked, nicked, damaged or even shattered. They will never be the same. You must understand that and strive for balance in your life.”, അതായത് അഞ്ച് പന്തുകളുടെ അമ്മാനമാണ് ജീവിതം. ഇതിൽ ജോലിയെന്നത് അതിൽ ഒരു റബ്ബർ പന്ത് മാത്രമാണ്, ഒരിക്കൽ നിലത്തു വീണാലും തിരിച്ചു വരും, കുടുംബം , സുഹൃത്തുക്കൾ, ആരോഗ്യം തുടങ്ങിയവ ക്രിസ്റ്റൽ പന്തുകളാണ് , ഒരിക്കൽ നിലത്തു വീണാൽ ഉടഞ്ഞു പോവും. ജോലി, കുടുംബം , സുഹൃത്തുക്കൾ, ആരോഗ്യം ഇവയുടെയെല്ലാം ശരിയായ ബാലൻസാണ് ജീവിതത്തിന്റെ യഥാർത്ഥ വിജയം എന്നാണ് എന്റെ വിശ്വാസം.

? ശാസ്ത്രപഠനം കേരളത്തിൽ കൂടുന്നെന്നു പറഞ്ഞു. എന്നാൽ പരിസ്ഥിതി സംരക്ഷണം, ശാസ്ത്ര അവബോധത്തിൽ ഊന്നിയുണ്ടാകേണ്ട സാമൂഹിക അവബോധം (പ്ലാസ്റ്റിക് ഉപയോഗം , ഭക്ഷ്യ വസ്തുക്കളിൽ കണക്കിൽ കൂടുതൽ മായം ചേർക്കൽ തുടങ്ങി )ഇവയിലെല്ലാം മലയാളി വളരെ പുറകിലാണ് . നമ്മുടെ ശാസ്ത്ര പഠനം വേണ്ട രീതിയിൽ അല്ല നടക്കുന്നത് എന്നതാവുമോ ഉദ്ദേശിച്ച ഫലം കിട്ടാതിരിക്കുന്ന ഈ അവസ്ഥക്ക് കാരണം

=ശാസ്ത്ര പഠനം കൊണ്ട് സാമൂഹിക അവബോധം ഉണ്ടാവണം എന്നില്ല. Social responsibility (സാമൂഹികമായ ഉത്തരവാദിത്വം) ഓരോ പൗരനും ഉണ്ടാവേണ്ടത് ചെറു പ്രായത്തിൽ ആണ്. ഇത് ഒരു ഒരു ജീവിതചര്യ ആയാലേ സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവൂ. സ്കൂളിൽ കുട്ടികൾക്ക് സയൻസും, മാത്തമാറ്റിക്ക്‌സും പഠിപ്പിക്കുന്ന അതേ ഗൗരവത്തിൽ തന്നെ പ്രകൃതിയോടും, പരിസ്ഥിതിയോടും, സമൂഹത്തോടും നമുക്കുള്ള ഉത്തരവാദിത്വവും കൂടി പറഞ്ഞു മനസ്സിലാക്കണം.

? ആന്റി വാക്സിൻ ക്യാംപെയിനുകൾക്ക് മുഖ്യധാര മാധ്യമങ്ങളിൽ പോലും പ്രാധാന്യം കിട്ടുന്ന അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. എന്താവാം ഇതിനു കാരണം

=മുൻപേ പറഞ്ഞപോലെ ഭയവും, വേണ്ട രീതിയിലുള്ള ബോധവൽക്കരണത്തിന്റെ അഭാവവും ആണ് ആന്റി വാക്സിൻ പ്രചാരണപ്രവര്‍ത്തനങ്ങൾക്ക് പ്രാധാന്യം കിട്ടാൻ കാരണം. പ്രതിരോധ കുത്തിവയ്പുകളും, പുതിയ മരുന്നുകളുടെ കണ്ടെത്തലുകളും, പോഷകാഹാര ലഭ്യതയും ആണ് മനുഷ്യന്റെ ശരാശരി ആയുസ്സ് കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിൽ കൂടുവാനുള്ള കാരണം. ഇവയൊക്കെ മറച്ചു വച്ച് ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ചാണ് ആന്റി വാക്സിൻ പ്രചാരണപ്രവര്‍ത്തകർ മുതലെടുപ്പ് നടത്തുന്നത്. ഇൻഫോ ക്ലിനിക്ക് പോലെയുള്ള സംഘടനകളുടെ സാമൂഹിക മാധ്യമങ്ങളിലുള്ള ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇത്തവണത്തെ പ്രതിരോധ കുത്തിവയ്പ്പ് ഇത്രപോലും വിജയത്തിൽ എത്തില്ലായിരുന്നു. എന്നിരുന്നാലും, ശാസ്ത്ര ബോധവൽക്കരണം ഇത്രയും പോരാ, സ്കൂളുകൾ കേന്ദ്രീകരിച്ച് ശാസ്ത്ര അവബോധം കുട്ടിക്കാലത്തെ ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾക്ക് സർക്കാർ മുൻകൈ എടുത്ത് അടിയന്തിരമായി ചെയ്തില്ലെങ്കിൽ ആന്റി വാക്സിൻ പ്രചാരണപ്രവര്‍ത്തനങ്ങൾ പോലെയുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാം.

suresh c pillai
വാര്യര്‍ സാറിനോടൊപ്പം

? സുരേഷിനെ സ്വാധീനിച്ച രണ്ട് പേരുകളാണല്ലോ വാര്യർ സാറും ബാലകുമാരി ടീച്ചറും വാര്യർ സാറിനെ കുറിച്ചും ബാല കുമാരി ടീച്ചറെ കുറിച്ചുമുളള ഓർമ്മകൾ സുരേഷിന് പറയാമോ

= വാര്യർ സാറിന്റെ കൂടെയുള്ള ഒരു അനുഭവത്തെ പ്പറ്റി ‘തന്മാത്രം’ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. അതിവിടെ ചുരുക്കിപ്പറയാം. ഒരിക്കൽ ഞങ്ങൾ ജോലി ചെയ്ത ഗവേഷണ സ്ഥാപനത്തിൽ വരുന്ന അതിഥിയെ സ്വീകരിക്കവുവാനായി റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണ്. അപ്പോൾ അതുവഴി ഒരു വലിയ വട്ടിയിൽ (കുട്ടയിൽ) പച്ചക്കറികൾ ചുമന്നു കൊണ്ട് ഒരു വയസ്സായ സ്ത്രീ പോകുന്നു. അവർക്ക് താങ്ങാവുന്നതിലും ഭാരം ഉണ്ട് കുട്ടയിൽ. കുറച്ചു ദൂരം മുൻപോട്ടു നടന്നു കാണും, അപ്പോൾ അവരുടെ കുട്ടയിൽ നിന്നും ഒരു കെട്ട് ചീര (കീര) താഴെ വീണു. ഇതറിയാതെ അവർ മുൻപോട്ടു നടന്നു കൊണ്ടിരിക്കുകയാണ്. അപ്പോൾ പ്ലാറ്റ്ഫോമിൽ അതിനടുത്ത് ഞാനുൾപ്പെടെ ഇരുപതോളം പേരുണ്ട്. എല്ലാവരും നിഷ്‌ക്രിയരായി നിൽക്കൂന്നു. മണ്ണോടു കൂടി, വെള്ളം ഒലിച്ചു കൊണ്ടിരിക്കുന്ന ചീരക്കെട്ടാണ്, എടുത്താൽ കൈ, ചിലപ്പോൾ ഷർട്ട്‌ ചീത്തയാകും. ഞാനും ഒന്നാലോചിച്ചു, എന്തു ചെയ്യും? ഗസ്റ്റ് വരുമ്പോൾ ഷേക്ക്‌ ഹാൻഡ്‌ കൊടുക്കാനുള്ളത് ആണ്, കൈ ചീത്തയായാലോ എന്നൊക്കെ ആയിരുന്നു എന്റെ ചിന്ത. അപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ വാര്യർ സാർ ഓടിപ്പോയി അത് എടുത്ത് അവരുടെ അടുത്തു കൊണ്ടുപോയി ഒരു പുഞ്ചിരിയോടെ കുട്ടയിൽ, താഴെ വീഴാത്ത രീതിയിൽ അമർത്തി വച്ചു കൊടുത്തു. ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനാണ് തന്നെ സഹായിച്ചത് എന്നൊന്നും ആ സ്ത്രീയും അറിഞ്ഞു കാണില്ല. ഇത് ഒരു ചെറിയ സംഭവം, എന്നാലും അന്ന് അത് മനസ്സിൽ തട്ടി. മനസിൽ കുറ്റബോധം. ഇനി അതുപോലെ ഒരു സംഭവം നടന്നാൽ മറ്റാരും ചെയ്യുന്നതിനു മുൻപേ ആദ്യം ഓടണം എന്നു തോന്നിയ നിമിഷം. ജീവിതത്തിലെ വലിയ പാഠങ്ങളിൽ ഒന്നായിരുന്നു അത്.

?ബാലകുമാരി ടീച്ചർ

= അതുപോലെ തന്നെയാണ് ബാലകുമാരി ടീച്ചറിന്റെ ജോലിയിലുള്ള അർപ്പണ ബോധം പലപ്പോഴും ആശ്ചര്യപെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശത്തെ കുട്ടികൾക്കു വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു, ടീച്ചറിന്റെ. പല ശനിയാഴ്ചകളും പഠനത്തിൽ താൽപ്പര്യം ഉള്ള കുട്ടികൾക്കായി ക്ലാസുകൾ എടുക്കുവാനായി വീട്ടിൽ നിന്നും നടന്ന് കറുകച്ചാൽ സ്കൂളിൽ വരുമായിരുന്നു. ഇതൊക്കെയാണ് എന്നെ സ്വാധീനിച്ചിട്ടുളള​ ഘടകങ്ങൾ.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Science education suresh c pillai ireland