scorecardresearch

ബലൂൺ ഒളിപ്പിച്ചുവെയ്ക്കാത്ത എലിപ്പെട്ടി - വിനോയ് തോമസ്‌ എഴുതുന്നു

തൃശൂരിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂരെ കുട്ടികളുടെ "എലിപ്പെട്ടി" എന്ന നാടകം കുട്ടികളുടെ നാടകം കളിച്ചു വിളയുന്നതിനെ അടയാളപ്പെടുത്തുന്നു. കഥാകൃത്തും അധ്യപകനുമായ ലേഖകൻ എഴുതുന്നു

തൃശൂരിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂരെ കുട്ടികളുടെ "എലിപ്പെട്ടി" എന്ന നാടകം കുട്ടികളുടെ നാടകം കളിച്ചു വിളയുന്നതിനെ അടയാളപ്പെടുത്തുന്നു. കഥാകൃത്തും അധ്യപകനുമായ ലേഖകൻ എഴുതുന്നു

author-image
Vinoy Thomas
അപ്‌ഡേറ്റ് ചെയ്‌തു
New Update
vinoy thomas, writer,memories, kalolsavam,

നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്നത്. ഉഗ്രന്‍ ഒരു പോലീസുകാരന്റെ വേഷമാണ് എനിക്കു കിട്ടിയത്. അല്ല, ഞാന്‍ എടുത്തത്. കാരണം ആ നാടകത്തിന്റെ രചനയും സംവിധാനവും ഞാന്‍ തന്നെയായിരുന്നു. നാടകം കളിക്കുക എന്നതിനപ്പുറം സ്പെഷ്യല്‍ ഇഫക്ടുകള്‍കൊണ്ട് കാണികളെ അമ്പരപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. വെറുതേ കത്തിക്കാത്ത ബീഡിയും വലിച്ച് നടന്നു പോകുന്ന ഒരുത്തനോട് വായ്പ മേടിച്ച പൈസ തിരികെ ചോദിക്കാനായി വേറൊരുത്തന്‍ വരുന്നു. പണം ഇപ്പോള്‍ തിരികെ തരില്ല എന്ന് അധമര്‍ണ്ണന്‍ പറയുമ്പോള്‍ കൊമ്പന്‍ മീശക്കാരനായ ഉത്തമര്‍ണ്ണന്‍ ഓഹോ എന്ന് മാത്രം പറഞ്ഞുകൊണ്ട് കത്തിയെടുത്തു കുത്തുന്നു. ഷര്‍ട്ടിനകത്ത് ഒളിപ്പിച്ചുവെച്ച ബലൂണ്‍ ഞെക്കിപ്പൊട്ടിച്ചുകൊണ്ട് കടംവാങ്ങിയ പാവത്താന്‍ നിലത്തുവീഴുന്ന ആ നിമിഷത്തിനുവേണ്ടി മാത്രമാണ് കാണികളും അണിയറക്കാരും കാത്തിരിക്കുന്നത്. ബലൂണ്‍ പൊട്ടുമോ? അതിനുള്ളില്‍ സിന്ദൂരം കലക്കി നിറച്ചിരിക്കുന്ന രക്തം കൃത്യസമയത്ത് വേദിയില്‍ ചിതറുമോ? കുത്തും പൊട്ടലും തമ്മില്‍ ചിരിപ്പിക്കുന്ന ഒരു സമയവിടവുണ്ടാകുമോ? ഇതൊക്കെയായിരുന്നു ഞങ്ങളുടെ ആശങ്ക.

Advertisment

കത്തിക്കുത്ത് കഴിഞ്ഞാല്‍ പിന്നെ നാടകം അധികം നീളില്ല. ഞാനാകുന്ന പോലീസുകാരന്‍ പെട്ടെന്ന് കടന്നു വന്ന് സംഘടനത്തിലൂടെ കൊലയാളിയെ കീഴ്പ്പെടുത്തുന്നിടത്ത് നാടകം പൂര്‍ത്തിയാകും. മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ആ എല്‍പി സ്കൂള്‍ നാടകവേദിയില്‍ ചിതറിയ രക്തം തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഹൈസ്ക്കുള്‍ വിഭാഗം നാടകമത്സരത്തിലും ഞാന്‍കണ്ടു. കുറച്ച് ചുവപ്പ് കൂടുതലുണ്ടായിരുന്നു.

vinoy thomas, writer,memories, kalolsavam,

ചെറുപ്പത്തിലേ സ്വന്തമായി നാടകം സംവിധാനം ചെയ്തതുകൊണ്ടല്ല ഞാന്‍ മറ്റു സംവിധായകരുടെ കീഴില്‍ അധികം അഭിനയിക്കാത്തത്. ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു അധ്യാപകന്‍ സംവിധാനം ചെയ്ത നാടകത്തില്‍ അഭിനയിച്ചിട്ടുള്ളതുകൊണ്ടാണ്. ജി ശങ്കരപ്പിള്ളയുടെ ഒരു നാടകമായിരുന്നു അത്. വൃദ്ധനായ ഒരു സന്യാസിയോ മറ്റോ പൂവും പറിച്ച് വരുന്നതാണ് രംഗം. ഈ പൂവ്... ഈ പൂവ്.. എന്നു തുടങ്ങുന്ന ഒരു സംഭാഷണം ഞാന്‍ സന്യാസി പറയണം. സാറിന്റെ ജീപ്പ് റെയ്സാക്കുമ്പോള്‍ ലോക്കുപോയ ബോണറ്റ് വിറയ്ക്കുന്നതുപോലെ തൊണ്ടയും ശരീരവും ഒന്നടങ്കം വിറപ്പിച്ചുകൊണ്ട് പറയേണ്ടവിധം സാറ് കാണിച്ചു തന്നിട്ടുണ്ട്. ചെറിയ കള്ളുമണമുള്ള സാറ് വടിയുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാനെത്ര ശ്രമിച്ചിട്ടും കൈയ്യും കാലുമല്ലാതെ തൊണ്ട വിറക്കുന്നില്ല. ശുദ്ധനാടകത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ആ സാറ് വടികൊണ്ട് രണ്ടെണ്ണം തന്നപ്പോള്‍ ചുണ്ടും തൊണ്ടയുമെല്ലാം തന്നേ വിറച്ചു. കരഞ്ഞുകൊണ്ട് ഞാന്‍ ഡയലോഗ് പറഞ്ഞപ്പോള്‍ സാറിന് പകുതി സന്തോഷമായി. ബാക്കി പകുതി സന്തോഷം കിട്ടാത്തതിനു കാരണം ഞാന്‍ പറഞ്ഞ വാക്കുകള്‍ക്ക് സ്ഫുടതയില്ല എന്നതുകൊണ്ടായിരുന്നു.

vinoy thomas, writer,memories, kalolsavam, എലിപ്പെട്ടി നാടകം അവതരിപ്പിച്ച കുട്ടികള്‍

സംവിധായകന്റെ കീഴിലുള്ള നാടകപഠനം അന്ന് നിര്‍ത്തിയതാണ്. പിന്നെ സ്ക്കൂളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നാടകരചയിതാവായി. പഴയ സാറിന്റെ ഓര്‍മ്മ വിട്ടുപോകാത്തതുകൊണ്ട് ഞാനെഴുതിയ നാടകങ്ങളെല്ലാം സംവിധാനം ചെയ്യാന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അങ്ങനെയൊക്കെ എന്റെ കൂടെയുണ്ടായിരുന്ന നാടകത്തെ തല്ലിയൊതുക്കിയത് ശിവദാസ് പൊയില്‍ക്കാവ് എന്ന മാഷാണ്. ഞാനെഴുതുന്നതും ചെയ്യുന്നതുമൊന്നുമല്ല കുട്ടികളുടെ നാടകമെന്നും അത് ഒരു പച്ചപ്ലാവില പഴുക്കുന്നതുപോലെ, കറിവേപ്പില മുളച്ച് ഇതള്‍വിരിയുന്നതുപോലെ സ്വഭാവികമായി ഉണ്ടായി വരേണ്ടതാണെന്നും ഈ മാഷ് അരങ്ങിലൂടെ ക്ലാസ്സെടുത്തു തന്നു. ആ പാഠമുള്‍ക്കൊണ്ട് ഞാന്‍ നാടകം നിര്‍ത്തി കഥയുടെ വഴി പിടിച്ചു.

Advertisment

vinoy thomas, writer,memories, kalolsavam,

സംഗീതനാടക അക്കാദമിയുടെ ഹാളില്‍ വെറും നിലത്ത് ചെരുപ്പിന്റെ മുകളില്‍ ഞെരുങ്ങിക്കൂടിയിരുന്നാണ് ഞാന്‍ ശിവദാസന്‍ മാഷിന്റെ...അല്ല, തിരുവങ്ങൂരെ കുട്ടികളുടെ "എലിപ്പെട്ടി" കാണുന്നത്. പാമ്പിന്റെ ഇഴച്ചിലും മുള്ളന്‍ പന്നിയുടെ കൂനന്‍നടത്തവും കോഴിയുടെ കൊക്കിവിളിച്ചാട്ടവും എലികളുടെ പേടിപ്പാച്ചിലും കണ്ടപ്പോള്‍ ഒരു ചൂരല്‍വടിക്കും തെറിവിളിക്കും തെളിച്ചെടുക്കാനാവാത്തതും തനികുട്ടിത്തത്തിന്റെ ലോകത്ത് കളിച്ചുവിളയുന്നതുമായ നാടകമിതാണല്ലോ ഇതാണല്ലോ എന്നോര്‍ത്ത് ഞാന്‍ പലവട്ടം കയ്യടിച്ചു. ആ നാടകത്തിലും പലരുടേയും മരണമുണ്ട്. പക്ഷേ അതിന്റെ പശ്ചാത്തലസംഗീതം കരഞ്ഞു വിളിക്കുന്ന വയലിനല്ല, പൊട്ടിച്ചിരിക്കുന്ന സദസ്സിന്റെ ആനന്ദാരവമായിരുന്നു. കാരണം ഒരു ആഹ്ലാദനൃത്തംകൊണ്ട് മറികടക്കാവുന്ന ആയുസ്സേ നമ്മുടെ ദുഃഖങ്ങള്‍ക്കുള്ളൂ എന്ന് അരങ്ങില്‍ കളിക്കുന്ന കുട്ടികള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

vinoy thomas, writer,memories, kalolsavam, ശിവദാസ്‌ പൊയില്‍ കാവും കുട്ടികളും

പണ്ടത്തെ നാടകത്തില്‍ ബലൂണ്‍ എപ്പോള്‍ പൊട്ടുമെന്നോര്‍ത്ത് ഞങ്ങളെ പിടികൂടിയ ആശങ്ക "എലിപ്പെട്ടി"യിലെ കുട്ടികള്‍ക്കില്ല. അവര്‍ മനസ്സിലാക്കുന്നുണ്ട് ചുറ്റും തിരഞ്ഞാല്‍ കാണുന്ന പ്ലാസ്റ്റിക് വയറും കളമാന്തിയും ഡപ്പികളും മുള്ളും മുരടുമൊക്കെ തങ്ങള്‍ക്ക് അനായാസമായി കളിയുപകരണങ്ങളാക്കാമെന്നും അത് നാടകത്തില്‍ ബാധ്യതയല്ല സാധ്യതയാണെന്നും. അരമണിക്കൂര്‍നേരം കളിച്ചുചിരിച്ച് അരങ്ങിലാടിക്കഴിയുമ്പോള്‍ തൊടിയില്‍ മുള്ളന്‍പന്നി മാത്രം പോരാ പാമ്പും കോഴിയും എലികളും ശകുന്തളയുമൊക്കെയുള്ള മഴവില്‍ചെടികള്‍ മുളച്ചുപടരണമെന്ന് പറയുന്നതിനുമുന്‍പേ അവര്‍ സ്വയം അക്കാര്യം ആഴത്തില്‍ അറിയുന്നു എന്നു കാണുമ്പോഴാണ് എന്നിലെ അധ്യാപകന്‍ സന്തോഷിക്കുന്നത്.

എനിക്ക് ഒരിക്കലും പങ്കെടുക്കാന്‍ കഴിയാതെ പോയതുകൊണ്ടാണോ എന്നറിയില്ല സ്കൂള്‍ കലോത്സവങ്ങളോടുള്ള കൊതി പ്രായമാകുംതോറും എന്നില്‍ പെരുകിക്കൊണ്ടിരിക്കുന്നു. വിധികര്‍ത്താക്കളേയും മത്സരത്തേയും കുറിച്ചൊന്നുമോര്‍ക്കാതെ വന്ന് ആടിപ്പാടി ആഘോഷിച്ചു പോകുന്ന ഇത്തരം കുറച്ചു കുട്ടികളെയെങ്കിലും എല്ലാവര്‍ഷവും കാണുന്നതുകൊണ്ടുമായിരിക്കാം അത്. അവരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ കൂടി വരുമായിരിക്കും. കാരണം മുള്ളന്‍പന്നി സ്വപ്നത്തില്‍ പോയ മുള്ളന്‍കുന്ന് വിദ്യാപീഠത്തിലെ മുള്ളന്‍പാഠാവലി അല്ലല്ലോ യാഥാര്‍ത്ഥ്യം. നാടകത്തിനൊടുവില്‍ എല്ലാവരും ചേര്‍ന്നിരിക്കുന്ന ആ ബെഞ്ചല്ലേ.

School Kalotsavam School Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: