scorecardresearch

അവിടെ ഇപ്പോഴും മാമ്പഴക്കാലമായിരിക്കുമോ?

കുളിപ്പിച്ച്, ഭക്ഷണം കഴിപ്പിച്ച്, യൂണിഫോം തേച്ച് ഇടീപ്പിച്ച്, ചോറും കറികളും പാത്രത്തിലാക്കി അവരെ സ്കൂൾവണ്ടിയിലേക്കാക്കുമ്പോൾ ഇടയ്ക്കൊക്കെ ഇപ്പോഴും ഞാനൊരു കുട്ടിയാകും. എത്ര മുതിർന്നിട്ടും ബാല്യകൗമാരങ്ങളെ മനസ്സിലേറ്റുന്ന മുതിരാൻ കൂട്ടാക്കാത്ത ആ പഴയ കുട്ടി

കുളിപ്പിച്ച്, ഭക്ഷണം കഴിപ്പിച്ച്, യൂണിഫോം തേച്ച് ഇടീപ്പിച്ച്, ചോറും കറികളും പാത്രത്തിലാക്കി അവരെ സ്കൂൾവണ്ടിയിലേക്കാക്കുമ്പോൾ ഇടയ്ക്കൊക്കെ ഇപ്പോഴും ഞാനൊരു കുട്ടിയാകും. എത്ര മുതിർന്നിട്ടും ബാല്യകൗമാരങ്ങളെ മനസ്സിലേറ്റുന്ന മുതിരാൻ കൂട്ടാക്കാത്ത ആ പഴയ കുട്ടി

author-image
Rahna Thalib
അപ്‌ഡേറ്റ് ചെയ്‌തു
New Update
rahna thalib, school memories,iemalayalam

"ഇന്ന് ചെല്ലുമ്പോ നല്ല ചേലാവും... എറങ്ങി വരണ് ണ്ടാ ഇങ്ങള്..."

നേരം വൈകിയെന്നു തോന്നിയാൽ അലുമിനിയപെട്ടികളും തൂക്കി അയ്ദ്രുക്ക വീടിന് പിന്നാമ്പുറത്തുള്ള ഞാറ്റടിയുടെ വരമ്പിൽ കേറിനിന്ന് കൂവിവിളിക്കും. ഞങ്ങളപ്പോൾ കിണറ്റിങ്കരയിൽ നിന്ന് മഷിത്തണ്ടൊടിക്കുകയോ മതിലോരത്തെ റോസാചെടിയിൽ നിന്ന് പൂ പൊട്ടിക്കുകയോ ആയിരിക്കും. അല്ലെങ്കിൽ ചെരിപ്പ് കാണാതെ വീടിന് ചുറ്റോറം വലംവെയ്ക്കുകയാവും. അയ്ദ്രുക്കാടെ ബേജാറ് കേട്ടിട്ട് ഞങ്ങൾക്ക് വല്യ കൂസലൊന്നുമുണ്ടാവില്ല.

Advertisment

ഇറങ്ങേണ്ട സമയം തെറ്റിയാൽ നേരെ ചൊവ്വേയുള്ള റോഡിലൂടെ പോകില്ല. അങ്ങനെ പോകാതിരിക്കലാണ് ഞങ്ങൾക്കിഷ്ടവും. ഞാറ്റടിയുടെ വരമ്പത്തൂടെ നടന്നെത്തുന്നതിന്റെ അവസാനം മനയ്ക്കലെ പറമ്പിലേക്കുള്ള മുള്ളുവേലിയാണ്. അത്യാവശ്യത്തിന് കടക്കാനുള്ള മുളപ്പടി ചാടിക്കടന്ന് ആ പറമ്പിലെത്തിയാൽ സ്കൂളിലേക്കാണ് പോകുന്നതെന്ന് ഞങ്ങൾ മറക്കും. ലോകത്ത് മൂവാണ്ടൻ മാത്രമല്ല, അനേകയിനം മാങ്ങകളും അവയ്ക്ക് ഒന്നിനൊത്ത രുചികളുമുണ്ടെന്ന് പറഞ്ഞുതന്നത് അവിടത്തെ മാവുകളാണ്.

"നേരം വൈകൂട്ടാ, കൊമ്മല കളിക്കാണ്ട് വരീണ്ടാ ഇങ്ങള്"

നനഞ്ഞമർന്ന ഇലകൾക്കിടയിലേക്ക് വീണ മാങ്ങകൾ പെറുക്കാൻ മത്സരിച്ചോടുമ്പോൾ അയ്ദ്രുക്ക ചൊണിക്കും. രാത്രിയിൽ മഴ തോരാതെ പെയ്തതിന്റെ തണുപ്പ് ചോരാതെ മരങ്ങൾ തടുത്ത് നിർത്തിയിരിക്കും.

ഒരു സ്വപ്നഭൂമിയെന്നതു പോലെ എന്നെയെന്നും വിസ്മയിപ്പിച്ച ഇടമായിരുന്നു ആ പറമ്പും പരിസരങ്ങളും. ഇരുൾ തിങ്ങിയ പച്ചപ്പ്‌. എന്തെല്ലാം തരം മരങ്ങൾ, ചെടികൾ, പൂക്കൾ, വള്ളിപ്പടർപ്പുകൾ. സദാ കരിയിലകൾ മൂടിപ്പുതച്ചു കിടക്കുന്ന മണ്ണ്. കിളികളുടെ ശബ്ദം.

പൂമ്പാറ്റകളുടെ നൃത്തം.

Advertisment

അണ്ണാറക്കണ്ണൻന്മാരുടെ ഒളിച്ചുകളി. ആർക്കും ശല്യമാകാതെ നിഴലുപോലെ ഒഴുകിമറയുന്ന മഞ്ഞച്ചേരകൾ. വൃക്ഷത്തലപ്പുകൾ ചിത്രം വരയ്ക്കുന്ന ആകാശം. ഇലത്തഴപ്പുകൾക്കിടയിലൂടെ കഷ്ടിച്ച് കടന്നുപോന്ന് അവിടെയിവിടെയായി മിന്നുന്ന ഇളവെയിൽനാളം. എല്ലാറ്റിനുമപ്പുറം പ്രകൃതിയുടെ ഉന്മത്ത മണവും. എന്തൊരു സ്ഥലമായിരുന്നു അത്! ഇപ്പോഴും എന്റെ ഏകാന്തവിഷാദ സന്ധ്യകളിൽ ഞാൻ ചെന്നിരിക്കുന്ന അഭയഭൂമികളിലൊന്ന്.rahna thalib, school memories,iemalayalam

കാട് കണ്ടിട്ടില്ലായിരുന്ന എനിക്ക് അത് ശരിക്കും ഒരു കാട് തന്നെയായി തോന്നിച്ചു. നായ്ക്കളും പാമ്പുകളുമുള്ള പറമ്പാണ് എന്ന വീട്ടുകാരുടെ ഭീഷണി വകവെയ്ക്കാതെ അവധിദിവസങ്ങളിൽ ഞങ്ങൾ കുട്ടികൾ കൂട്ടത്തോടെ അവിടെ കറങ്ങിനടന്നു. മരങ്ങൾക്കിടയിൽ ഒളിച്ചുകളിച്ചു. കാറ്റൂതുന്ന കാലത്ത് കരിയിലകൾ ഇളകുമ്പോൾ പാമ്പ് പാമ്പ് എന്ന് പറഞ്ഞ് പരസ്പരം പേടിപ്പിച്ചു.

തൊഴുത്തിന് പുറകിലെ ബയോഗ്യാസ് യൂണിറ്റ് കണ്ടിട്ട് ചാണകത്തിൽ നിന്നെങ്ങനെ ബയോഗ്യാസ് ഉണ്ടാക്കി അടുപ്പ് കത്തിക്കും എന്ന് അന്നൊന്നും ഗ്യാസടുപ്പ് പോലും കണ്ടിട്ടില്ലാത്ത ഞങ്ങൾ ആകുലപ്പെട്ടു. മരങ്ങളുടെ സമൃദ്ധി മറച്ചുപിടിച്ചിരുന്ന അങ്ങേ തലയ്ക്കലെ വീടിനേം വീട്ടുകാരേം വകവെയ്ക്കാതെ ഞങ്ങൾ ആർത്തുവിളിച്ചു. ഒച്ചേ വിളീം കൂടുതലാകുമ്പോൾ ടീച്ചറുടെ അച്ഛനോ ചേട്ടനോ ഞങ്ങളെ അന്വേഷിച്ച് മാവിൻചോട്ടിലെത്തി. കളിക്കണതൊക്കെ കൊള്ളാം, ബഹളം വെയ്ക്കരുതെന്ന് സ്നേഹത്തോടെ ശാസിച്ചു. കളിച്ച് ദാഹിക്കുമ്പോൾ കുടിക്കാൻ സംഭാരം തന്നു.

മനയ്ക്കലെ വീടും ചെമ്പരത്തിക്കാടും പടർവള്ളികൾ അതിരിട്ട ഇടവഴിയും അമ്പലപ്പറമ്പും കടന്നാൽ റോഡായി. റോഡ് കേറി കേറി പോകുമ്പോൾ ആകാശം തൊട്ടാലെത്തുന്ന ഉയരത്തിലാണെന്ന് തോന്നും. അതിനുമപ്പുറം എന്താണെന്ന് ഞങ്ങൾ തർക്കിക്കും. തുള്ളിക്കളിച്ച് ഞാനും ഉമ്മാടെ അനിയത്തിയുടെ മകൾ മെഹ്റിനും മുൻപേ. പെട്ടികൾ തൂക്കി അയ്ദ്രുക്ക പിറകെ.

"ഓരത്തൂടെ മക്കളേ ഓരത്തൂടെ"

സ്‌കൂട്ടറിന്റെയോ കാറിന്റെയോ ശബ്ദം അകലെ നിന്ന് കേൾക്കുമ്പോഴേക്കും അയ്ദ്രുക്ക ബേജാറാവും.

ഞങ്ങൾ അയ്ദ്രുക്കാനെ പേടിപ്പിക്കാൻ അപ്പോൾ ഒന്നൂടെ ഓടും.

"ഇന്നേകൊണ്ടാവില്ലാട്രോ ഈ പണി. നാളെ മുതല് ഒറ്റയ്ക്ക് പൊയ്ക്കോ രണ്ടാളും."

അയ്ദ്രുക്ക ദേഷ്യപ്പെടും.

ഞങ്ങളത് കേട്ട് ഓട്ടം നിർത്തി പാവം ഭാവിച്ച് നിൽക്കും.

"വമ്പത്തികള്! കുറുക്കന്മാര്!"

അയ്ദ്രുക്ക മുറുക്കാൻകറയുള്ള പല്ല് കാട്ടി നിഷ്കളങ്കമായി ചിരിക്കും. ഓർക്കുന്നു, അയ്ദ്രുക്കാടെ മേല് മുഴുവൻ മുറുക്കാൻ മണമായിരുന്നു. അന്നും ഇന്നും എനിക്കിഷ്ടമുള്ള മണം.

വഴീല് കാണുന്ന പൂക്കളിലും നിറങ്ങളിലും കണ്ണുടക്കി വിശേഷങ്ങളിലേക്ക് ചെവികൊടുത്ത് സ്കൂളിലേക്കെത്തുമ്പോഴേക്കും ക്ലാസ്സ്പൂടാനുള്ള നേരായിട്ടുണ്ടാകും. സ്കൂൾപടി കടത്തിത്തന്ന് അയ്ദ്രുക്ക ശ്വാസമയക്കും. അരയിൽ തിരുകിയ വെറ്റിലയെടുത്ത് ചുണ്ണാമ്പും അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കികൊണ്ട് നടന്നകലും. ഞങ്ങൾ ക്‌ളാസ്സുകളിലേക്കോടും.rahna thalib, school memories,iemalayalam

നാലരവയസ്സിലാണ് ഉമ്മ എന്നെ ഉമ്മാടെ വീടിനടുത്തെ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ കൊണ്ടുചേർത്തത്. എന്നെക്കാൾ 11 മാസത്തിനിളപ്പമായ മെഹ്‌റിനെ കുഞ്ഞിമ്മ യൂകെജിയിലും ചേർത്തു. അവൾക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല സ്കൂളിൽ പോകാൻ. ആദ്യ ദിവസം പുതിയതായി ചേർന്നവരെയൊക്കെ ഒരേ ക്ലാസ്സിലിരുത്തിയപ്പോൾ അവൾ ബെഞ്ചിൽ നിന്നിറങ്ങിയോടി നിലത്തിരുന്ന് കൈകാലിട്ടടിച്ചു. എനിക്ക് പ്രത്യേകിച്ച് ഇഷ്ടക്കേടൊന്നും ഇല്ലാതിരുന്നിട്ടും അവൾക്ക് കിട്ടുന്ന ശ്രദ്ധ എനിക്കും കിട്ടാനാവണം ഞാനുമതു പോലെ കൈകാലിട്ടടിച്ചു. ആദ്യദിവസം തന്നെ കുറച്ച് കഴിഞ്ഞപ്പോൾ എനിക്കാ അഭിനയവാശി ബോറടിച്ചു. ഞാനത് നിർത്തി. അവളത് ദിവസങ്ങളോളം തുടർന്നു. സഹികെട്ട് അയ്ദ്രുക്ക വന്ന് ഞങ്ങളെ വീട്ടിൽ കൊണ്ടുപോയി. പിന്നീടെപ്പോഴോ അവൾ സ്കൂളുമായി പൊരുത്തപ്പെട്ടു.

സ്കൂൾവിടുമ്പോഴേക്കും അയ്ദ്രുക്ക ഗേറ്റിൽ ഹാജരുണ്ടാകും. കുറച്ച് നടന്ന് കഴിയുമ്പോഴേക്കും "കാലുവേദനിക്കുന്നു, ഇന്നെ എടുക്ക്" എന്ന് പറഞ്ഞ് മെഹ്‌റി വാശി പിടിക്കും. പെട്ടിക്കടയിൽ കേറിനിന്ന് മിഠായി വാങ്ങിച്ചുതരാൻ പറയും.

"ഇന്നെ സുയിപ്പാക്കല്ലീൻ മക്കളേ, വേഗം നടക്കിൻ, ചെന്നിട്ട് പയ്യിന് വെള്ളം കാട്ടണ്ടതാ." ഞങ്ങളുടെ വാശികൾക്ക് മീതെ അയ്ദ്രുക്ക പിറുപിറുക്കും.

ഗതികെട്ടാവണം, അധികം വൈകാതെ ഞങ്ങളെ സ്കൂളിലേക്ക് കൊണ്ടാക്കുന്ന പണിയിൽ നിന്നും അയ്ദ്രുക്ക രാജിവെച്ചു.

പെങ്ങാമുക്ക് സ്കൂളിലേക്ക് പോകുന്ന രണ്ട് ചേച്ചിമാരുടെ കൂടെയായി പിന്നെ ഞങ്ങളുടെ പോക്കും വരവും. തിക്കട തരികിടകളൊന്നും അവരുടെ അടുത്ത് ഏശാതെയായി. അന്ന് ഒൻപതിലോ പത്തിലോ പഠിച്ചിരുന്ന അവർ ഞങ്ങൾക്ക് ഏറെ സുന്ദരികളായി തോന്നിയിരുന്നു. ഫുൾപാവാടയും ജമ്പറുമിട്ട് ശാലീനത തുളുമ്പിയ കൗമാരചന്തം ആസ്വദിച്ച് പെട്ടീം തൂക്കി ഞങ്ങൾ അവരുടെ കൂടെ അനുസരണയോടെ നടന്നു.

കുളിപ്പിന്നലിട്ട നീളൻ മുടിയിൽ തൃത്താവോ ചെമ്പകമോ തിരുകിയത് കാണുമ്പോൾ സങ്കടത്തോടെ ഞാനെന്റെ തോളറ്റം വെട്ടിയിട്ട മുടിയിലേക്ക് നോക്കി. "എങ്ങനാ മുടിങ്ങനെ വലുതാവണ്" എന്ന് നൂറു പ്രാവശ്യം ചോദിച്ചോണ്ടിരുന്നു. മുടി മാത്രമല്ല, എങ്ങനെയെങ്കിലും ഒന്ന് വലുതായാൽ മതി എന്നായിരുന്നു അന്നൊക്കെ. ഫുൾ പാവാടയിടാലോ, ദാവണിയുടുക്കാലോ, സാരി ചുറ്റാലോ, നീളൻമുടിയിൽ മുല്ലപ്പൂ വെയ്ക്കാലോ, കയ്യിൽ നിറയെ വളകിടാലോ, എന്നിട്ട് കണ്ണെഴുതി പൗഡറിട്ട് കണ്ണാടി നോക്കുമ്പോൾ സുന്ദരിയാവൂലോ എന്നൊക്കെയുള്ള പൂതികളായിരുന്നു വലുതാകാനുള്ള മോഹത്തിന് പിന്നിൽ.

രണ്ട് കൊല്ലമേ ഞാനവിടെ പഠിച്ചുള്ളൂ. പിന്നീട് എന്നെ ഉമ്മ കൊണ്ടുപോയി വടക്കേക്കാടുള്ള സ്കൂളിലാക്കി. ഒൻപതാംക്ലാസ്സ്‌ വരെ അവിടേക്കും നടന്നു തന്നെയാണ് പോയിരുന്നത്. വീട്ടിൽനിന്നിറങ്ങുന്നത് പാടത്തേക്കാണ്. ആ വഴിയാണ് എളുപ്പം. പാടവും തോടും നിറഞ്ഞ് കവിയുന്ന നല്ല മഴക്കാലത്ത് മാത്രം ആ വഴി ഒഴിവാക്കും. അല്ലെങ്കിൽ പാടവരമ്പിലൂടെ, നടുവിലുള്ള കുളക്കരയിലൂടെ നടന്ന് ഇടയിലെ തോടും ചാടിക്കടന്ന് അപ്പുറത്തെത്തും. കുളക്കടവിൽ കുളിക്കുകയും അലക്കുകയും ചെയ്യുന്ന സ്ത്രീകൾ സ്നേഹം പറയും. വീട്ടിലെ വിവരങ്ങളന്വേഷിക്കും. വഴിയിൽ നിന്ന് കൂട്ടുകാർ കൂടെ ചേരും. ചുട്ട പുളിങ്കുരുവും അയിനിക്കുരുവും പങ്കിട്ട് വീട്ടുമുറ്റങ്ങളിലൂടെ, വേലികളോ മതിലോ ഇല്ലാത്ത പറമ്പുകളിലൂടെ നടന്ന് നടന്ന് ഒന്നരകിലോമീറ്റർ അപ്പുറമുള്ള സ്കൂളെത്തും.

rahna thalib,school memories, iemalayalam

അതിനിടയിൽ ആൺകുട്ടികൾ കാണുന്ന മാവിനൊക്കെ കല്ലെറിയും. പേരയിലും പറങ്കിമാവിലും വലിഞ്ഞുകേറും. ചില വിദ്വാൻമാർ ട്രൗസറിന്റെ കീശയിൽ തിരുകിയ ചവണയിൽ കല്ല് വെച്ച് ഞേടും. അവരുടെ ഉന്നം കണ്ട് ഞങ്ങൾ പെൺകുട്ടികൾ വാ പൊളിക്കും. മാവുകൾ, പേരകൾ, പറങ്കിമാവുകൾ, കുളങ്ങൾ, തോടുകൾ എല്ലാം എല്ലാവരുടെതുമായിരുന്ന കാലം. ഹാ, അതെത്ര സുന്ദരമായിരുന്നു!

ഒരു കൊല്ലത്തെ സ്കൂൾപഠനം കഴിയുമ്പോഴേക്കും അതിലിരട്ടി അനുഭവപാഠങ്ങൾ സ്കൂളിലേക്കുള്ള യാത്രകൾ സമ്മാനിക്കും. ജീവിതവും ജീവനവുമാണ് എന്നും കാണുന്നത്. പാടം പൂട്ടുന്നത്, ഞാറ് നടുന്നത്, കള പറിക്കുന്നത്, കതിരിടുന്നത്, മരുന്ന് തളിക്കുന്നത്, കൊയ്ത്ത്, മെതി, കാറ്റത്തിടൽ, അളവ്, അങ്ങനെയങ്ങനെ പാടത്തെയും പറമ്പിലെയും കൃഷിപ്പണികൾ. എല്ലാം പോകുന്ന വഴിയേയുള്ള കാഴ്ചകളായിരുന്നു. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതെങ്ങനെ, സഹജീവികളെ സ്നേഹിക്കുന്നതെങ്ങനെ, നിസ്സഹായരായവരെ പരിഗണിക്കുന്നതെങ്ങനെ എന്നതിനൊന്നും ആരും ക്ലാസ്സ്‌ എടുത്തിരുന്നില്ല. എല്ലാം കാഴ്ചകളും ശബ്ദങ്ങളും അനുഭവങ്ങളുമായി മുന്നിലുണ്ടായിരുന്നു.

മഴ കൊള്ളാനോ വെയിലേൽക്കാനോ പേടിയില്ലായിരുന്നു. മണ്ണിലൂടെ, ചെളിയിലൂടെ ചെരിപ്പിടാതെ നടക്കാൻ മടിയില്ലായിരുന്നു. ആർക്കും ആരെയും ഇതുപോലെ ഭയമില്ലായിരുന്നു. ഒരാളും വിളിച്ചാൽ പോകരുത്, ആരും ഒന്നും തന്നാൽ വാങ്ങരുത്, ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുത് എന്നൊന്നും ഞങ്ങളോടാരും പറയാറില്ലായിരുന്നു. അവിശ്വാസം, ചതി, പീഡനം, ബലാൽസംഘം, ആത്മഹത്യ, കൊലപാതകം എന്നതൊന്നും നിത്യോപയോഗ വാക്കുകളല്ലായിരുന്നു. തട്ടമിട്ടിട്ടുണ്ടോ, പൊട്ടുകുത്തിയിട്ടുണ്ടോ, ചരട് കെട്ടിയിട്ടിട്ടുണ്ടോയെന്നൊന്നും ആരും ശ്രദ്ധിക്കാറില്ലായിരുന്നു.

വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നു. വീട്ടുപടിയിൽ നിന്ന് വണ്ടി കയറി മക്കൾ സ്കൂൾപടിയിലെത്തും. തിരിച്ച് സ്കൂൾപടിയിൽ നിന്ന് വീട്ടുപടിയിലും. പിന്നെ അവർ മുറ്റത്ത് ഇത്തിരി നേരം കളിച്ചെങ്കിലായി. കുളി കഴിഞ്ഞാൽ ടീവി കാണൽ, ചില്ലറ വഴക്ക്, അത്യാവശ്യം പഠിത്തം, പിന്നെ ഉറക്കം.

കുളിപ്പിച്ച്, ഭക്ഷണം കഴിപ്പിച്ച്, യൂണിഫോം തേച്ച് ഇടീപ്പിച്ച്, ചോറും കറികളും പാത്രത്തിലാക്കി അവരെ സ്കൂൾവണ്ടിയിലേക്കാക്കുമ്പോൾ ഇടയ്ക്കൊക്കെ ഇപ്പോഴും ഞാനൊരു കുട്ടിയാകും. എത്ര മുതിർന്നിട്ടും ബാല്യകൗമാരങ്ങളെ മനസ്സിലേറ്റുന്ന മുതിരാൻ കൂട്ടാക്കാത്ത ആ പഴയ കുട്ടി.

ഇതൊക്കെ ഇങ്ങനെ ഓർക്കാമെന്നല്ലാതെ ആ കാലത്തെകുറിച്ചും അനുഭവങ്ങളെകുറിച്ചും എനിക്കെങ്ങനെ അവരോട് പറയാനാകും! സ്മാർട്ട്‌ഫോണും ഇന്റർനെറ്റും വൈഫൈയും ബ്ലുടൂത്തും മൊബൈൽആപ്പുകളും ചാനലുകളും സോഷ്യൽ മീഡിയയും ഇല്ലാത്ത കാലത്തെ പിച്ചക്കഥകളെ ഇങ്ങനെ പൊലിപ്പിക്കുന്നതെന്തിന് എന്ന് എന്നോടവർ തിരിച്ചുചോദിച്ചെങ്കിലോ!

School Memories Rahna Thalib

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: