/indian-express-malayalam/media/media_files/uploads/2017/06/1-4.jpg)
കഴുത്തിൽ ടയ്യും കെട്ടി കാലിൽ ഷൂസും ഇട്ട് ഇന്നത്തെ കുട്ടികള്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുന്നത് കാണുമ്പോൾ ഞാന്‍ എന്‍റെ ആദ്യ കാല സ്കൂള്‍ ദിനങ്ങള്‍ ഓര്‍ത്തു സന്തോഷിക്കാറുണ്ട്. വെളുത്ത ഷര്‍ട്ടും കറുപ്പ് നിക്കറും കിട്ടിയാല്‍ ഒരു ബാഗും പുള്ളിക്കുടയുടെ ധാരാളിത്തവുമായി ഇടവഴികളിലൂടെയുള്ള യാത്ര.
യാത്രാമദ്ധ്യേ പലരുടെയും വേലികള്‍ നൂണ്ട് ഞങ്ങള്‍ പുളി, ഗ്ലോബി കായകള്‍, ഞാവല്‍ പഴങ്ങള്‍, ചാമ്പക്കായ്കള്‍ ഒക്കെയും ശേഖരിക്കും. അണ്ണാറക്കണ്ണന്‍മാരുടെ മുതുകിലെ വരകള്‍ മൂന്ന് എന്ന് എണ്ണും. തുമ്പിയെ പിടിക്കും. ചെറിയ തോടുകള്‍ക്കരികില്‍ തക്കം പാര്‍ത്തിരുന്നു മാനത്തുകണ്ണികളെ പിടിക്കും. മഴ നനയും മഴവില്ല് കാണും. ചെളിവെള്ളത്തില്‍ നീന്തും.
അന്നൊന്നും കീടാണുക്കള്‍ പിടിക്കും എന്ന് പേടിപ്പിച്ച് അകമ്പടി സേവിക്കാന്‍ വീടുകളില്‍ നിന്നാരും പിന്നാലെ വരില്ലായിരുന്നു. മാര്‍ഗ്ഗ നിര്‍ദേശികളായി വലിയ മൂന്നാം ക്ലാസുകാരും നാലാം ക്ലാസുകാരും ഒക്കെയുണ്ടാകും. അതു കൊണ്ടൊക്കെയാകും സ്കൂളില്‍ പോക്ക് പഠിക്കാന്‍ പോകല്‍ മാത്രമല്ലായിരുന്നു ഞങ്ങള്‍ക്ക്. ആര്‍ക്കും മടിയും വിഷമവും ഇല്ലായിരുന്നു അന്നൊക്കെ. ഇന്ന് കുട്ടികളെ കുത്തിനിറച്ച ഓട്ടോകളും ചില്ല് ജനല്‍ അടച്ച സ്കൂള്‍ ബസുകളും എന്നെ കടന്നു പോകുമ്പോള്‍ തൊണ്ണൂറുകളിലെ സ്കൂള്‍ കുട്ടിയാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഹങ്കരിക്കുന്നുണ്ട്...
1. വഴിയരികിലെ കാഴ്ചകള്‍ കണ്ടു സ്കൂളിലേക്ക് നടക്കുമ്പോൾ ഏറെ പ്രതീക്ഷിച്ചത് മഴയെ ആണ്. പുതുമണമുള്ള യൂണിഫോം നനഞ്ഞോട്ടെ... ഞെക്കുമ്പോള്‍ പൊട്ടിവിടരാന്‍ പലനിറമുള്ള കുടകള്‍ ബാഗില്‍ വെമ്പിയിരുന്നു.
/indian-express-malayalam/media/media_files/uploads/2017/06/school-1.jpg)
2. ഏറെ അടുപ്പമുള്ള ചങ്ങാതിയെ ആണ് ഈ കുസൃതിക്ക് തിരഞ്ഞെടുക്കുക. ഒരു സൂത്രം കാണിച്ചു തരാം എന്ന് പറഞ്ഞു പെയ്തൊഴിഞ്ഞ മഴയെ വിടാതെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മൈലാഞ്ചി മരത്തിനു കീഴെ കൊണ്ടു വന്നു മരക്കൊമ്പ് കുലുക്കി അവനു മാത്രം നനയാന്‍ ഒരു മഴയുണ്ടാക്കല്‍
/indian-express-malayalam/media/media_files/uploads/2017/06/school-2.jpg)
3. ഇന്റര്‍വെല്‍ നേരം നോക്കി ഞങ്ങളെ കാണാന്‍ വീശി തെളിയുന്ന മഴവില്ലിനെ നോക്കി കൈകളുയര്‍ത്തി ആഹ്ളാദിക്കുമ്പോള്‍ കാലില്‍ ഉരസുന്ന കറുകത്തണ്ടുകള്‍
/indian-express-malayalam/media/media_files/uploads/2017/06/school-3.jpg)
4. സ്കൂളില്‍ നിന്ന് മടങ്ങും വഴി കായല്‍ രൂപം പൂണ്ട മഴ നിറഞ്ഞ പാടത്ത് മീന്‍ പിടിക്കല്‍. പലപ്പോഴും വലയിലാകുക വട്ട കുളങ്ങളില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞ മഴയുടെ ധാരാളിത്തത്തില്‍ പുറത്തേക്കുള്ള വഴി തെളിഞ്ഞു കിട്ടിയ നാടു കാണാന്‍ ഇറങ്ങിയ മാനത്തുകണ്ണികളെയാണ്.
/indian-express-malayalam/media/media_files/uploads/2017/06/school-4.jpg)
5. കുട വീശി മുകളിലേക്ക് മലര്‍ത്തി കാണിക്കാന്‍ മിടുക്കുള്ളവര്‍ അധികം ഇല്ലായിരുന്നു. അവരെ ഞങ്ങള്‍ അതിശയത്തോടെ നോക്കി നിന്നു. അധികം ശക്തി കൊടുക്കാതെ വീശി കുട മലര്‍ത്താന്‍ നോക്കി പരാജയപ്പെടുമ്പോള്‍ ഉള്ളില്‍ വിലക്കിയിരുന്നത് ''ഒടിഞ്ഞാല്‍ ഈ മഴ മുഴുവന്‍ നനയേണ്ടി വരും'' എന്ന ചിന്തയായിരുന്നു. ഞങ്ങള്‍ പാവപ്പെട്ട കയര്‍ തൊഴിലാളികളുടെ മക്കള്‍ ആയിരുന്നു.
/indian-express-malayalam/media/media_files/uploads/2017/06/school-5.jpg)
6. അവളെ ആദ്യം പിണക്കിയത് വഴിയരികിലെ ചെളിവെള്ളം മേലേക്ക് തെറിപ്പിച്ചാണ്.
/indian-express-malayalam/media/media_files/uploads/2017/06/school-6.jpg)
7. കുട ഇല്ലാത്തവരും ഉണ്ടായിരുന്നു. പക്ഷെ മഴയെ അവരും ആസ്വദിച്ചിരുന്നു. മഴ ശക്തിപ്പെടുമ്പോ സുഹൃത്തി ന്‍റെ ചുമലില്‍ കയ്യിട്ടു അവരുടെ കുടയിലേക്ക് ചേര്‍ന്ന് നിന്ന് അവര്‍ അടുത്ത സുഹൃത്തുക്കള്‍ ആയി /indian-express-malayalam/media/media_files/uploads/2017/06/school-7.jpg)
8. തണുപ്പുള്ള ഈറന്‍ കൈകളിലേക്ക് ആദ്യം കിട്ടിയ സമ്മാനം തെറ്റുകള്‍ മായ്ക്കാനുള്ള മഷിത്തണ്ടുകള്‍ ആയിരുന്നു.
/indian-express-malayalam/media/media_files/uploads/2017/06/school-8.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us