പ്രപഞ്ചത്തിലെ നാല് അടിസ്ഥാനബലങ്ങളെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന ക്വാണ്ടം ബലക്ഷേത്രസിദ്ധാന്തങ്ങള്‍, ഓരോ ബലക്ഷേത്രത്തിനും സവിശേഷമായ കണികകളെ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇവ ബോസ്-ഐന്‍സ്റ്റൈന്‍ സാംഖ്യകം (Bose Einstein Statistics) അനുസരിക്കുന്ന കണികകളാണ്. ഈ ബലക്ഷേത്രകണികകളെല്ലാം ബോസോണുകളാണ്. 0,1,2 എന്നിങ്ങനെ ചക്രണമൂല്യ(Spin Value)മുള്ള കണങ്ങള്‍. ഫോട്ടോണ്‍, പയോണ്‍, ഗ്രാവിറ്റോണ്‍, W± കണങ്ങള്‍, Z0 കണങ്ങള്‍ തുടങ്ങിയവയെല്ലാം ബോസോണുകളാണ്. കറുത്ത പ്രതലങ്ങളില്‍ നിന്നുള്ള വികിരണങ്ങളെ വിശദീകരിക്കാന്‍ മാക്‌സ് പ്ലാങ്ക് മുന്നോട്ടു വച്ച വികിരണനിയമത്തെ ശരിയായ സൈദ്ധാന്തിക രൂപത്തില്‍ വ്യുൽപ്പാദിപ്പിച്ചെടുത്തതി (derivation)ലൂടെയാണ് ബോസ് ഐന്‍സ്റ്റൈന്‍ സാംഖ്യകത്തിന്റെ രൂപീകരണത്തിന് വഴി തെളിഞ്ഞത്. ഖരം, ദ്രാവകം, വാതകം, പ്ലാസ്മ എന്നിങ്ങനെയുള്ള ദ്രവ്യാവസ്ഥകളെ പോലെ മറ്റൊരു ദ്രവ്യാവസ്ഥയെ, ബോസ് ഐന്‍സ്റ്റൈന്‍ സാന്ദ്രീകൃതാവസ്ഥ(Bose Einstein Condensate)യെ, പരീക്ഷണശാലയില്‍ നിര്‍മ്മിക്കുന്നതിനും ഇതു പ്രേരണയായി. ഈ സാന്ദ്രീകൃതാവസ്ഥയെ നിര്‍മ്മിച്ചതിന് കോര്‍ണല്‍, കെറ്റര്‍ലി, വൈമാന്‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ക്ക് 2001ലെ ഭൗതികശാസ്ത്രത്തിലെ നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. 2013ലെ ഭൗതികശാസ്ത്രത്തിലെ നോബല്‍ സമ്മാനം ഹിഗ്‌സ് ബോസോണിന്റെ സിദ്ധാന്തവല്‍ക്കരണത്തിനും കണ്ടെത്തലിനും പീറ്റര്‍ ഹിഗ്‌സും ഫ്രാങ്കോ ഇംഗ്ലര്‍ട്ടും പങ്കു വയ്ക്കുകയുണ്ടായി. പല പുത്തന്‍ കണ്ടെത്തലുകള്‍ക്കും നോബല്‍സമ്മാനങ്ങള്‍ക്കും വഴി തെളിച്ച ബോസോണ്‍ പ്രഭാവങ്ങള്‍ക്ക് അടിസ്ഥാനമായ സൈദ്ധാന്തികാവി ഷ്‌ക്കാരം പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ ബോസിന്റേ താണ്. ഇന്ത്യയിലെ എക്കാലത്തേയും ഏറ്റവും ധിഷണാശാലിയായ ഈ ഭൗതികശാസ്ത്രജ്ഞന്‍ നോബല്‍സമ്മാനം കൊണ്ട് ആദരിക്കപ്പെട്ടില്ല. ആ മഹാശാസ്ത്രജ്ഞന്റെ 125 ആം ജന്മവർഷമാണിത്.
കല്‍ക്കത്തയിലെ ഭദ്രലോക് കുടുംബത്തില്‍ സുരേന്ദ്രനാഥബോസിന്റേയും അമോദിനി ദേവിയുടേയും മകനായി 1894 ജനുവരി ഒന്നാം തീയതി സത്യേന്ദ്രനാഥ ബോസ് ജനിച്ചു. രവീന്ദ്രനാഥടാഗോര്‍ പഠിച്ച നോര്‍മ്മല്‍ സ്‌ക്കൂളിലും ഖുദിറാം ബോസ് പ്രിന്‍സിപ്പാളായിരുന്ന ന്യൂ ഇന്ത്യാ സ്‌കൂളി ലും കല്‍ക്കത്തയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസസ്ഥാപനമായിരുന്ന ഹിന്ദു സ്‌കൂളിലുമായാണ് സത്യേന്ദ്രനാഥബോസ് തന്റെ സ്‌കൂൾ വിദ്യാഭ്യാ സം പൂര്‍ത്തിയാക്കിയത്. എല്ലാ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിയായിരുന്നു, ബോസ്. ചില അദ്ധ്യാപകര്‍ ഈ മിടുക്കനായ വിദ്യാര്‍ത്ഥിക്ക് നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്കു നല്‍കിയ സന്ദര്‍ഭങ്ങളുണ്ട്. ലാപ്സാസിനെയോ കോശിയെയോ പോലെ ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞനായി ബോസ് മാറിത്തീരുമെന്ന് ഉപേന്ദ്രനാഥ ബക്ഷി എന്ന അദ്ധ്യാപകന്‍ പ്രവചിക്കുന്നുണ്ട്.

കല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ബോസ് ഇന്റര്‍മീഡിയേറ്റിന് പഠിക്കുമ്പോള്‍, പില്‍ക്കാലത്ത് ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ ചരിത്രത്തി ല്‍ വലിയ പങ്ക് വഹിച്ച ധാരാളം പ്രതിഭാശാലികള്‍ വിദ്യാര്‍ത്ഥികളായി അവിടെയുണ്ടായിരുന്നു. ബംഗാള്‍ വിഭജനം ജനമനസ്സുകളില്‍ വലിയ ദേശീയവികാരം സൃഷ്ടിച്ച കാലമായിരുന്നു അത്. സ്വദേശിപ്രസ്ഥാനം സത്യേന്ദ്രനാഥിനേയും ആകര്‍ഷിച്ചിരുന്നു. സത്യേന്ദ്ര ബോസിന്റെ ഇഷ്ട വിഷയം ഗണിതശാസ്ത്രമായിരുന്നു. ഇന്റര്‍മീഡിയേറ്റ്, ബി. എസി.സി (ഓണേഴ്‌സ്), എം. എസ്.സി പരീക്ഷകളില്‍ ഒന്നാം റാങ്കോടെ ബോസ് വിജയിച്ചു. ഇന്ത്യയിലെ ശാസ്ത്ര ഗവേഷണരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ മേഘനാദ് സാഹ, ബോസിന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്നു. മേഘനാദ് സാഹയോടൊപ്പം സത്യേന്ദ്രനാഥബോസും കല്‍ക്കത്ത സര്‍വ്വകലാശാലയിലെ ലക്ച്ചറര്‍മാരായിജോലിയില്‍ പ്രവേശിച്ചു. ആദ്യം പ്രായോഗിക ഗണിതവകുപ്പില്‍ നിയമനം ലഭിച്ച ഇവര്‍ പിന്നീട് ഭൗതികശാസ്ത്രവകുപ്പിലേക്ക് മാറി. സാഹയോടൊപ്പം ബോസും ഭൗതികശാസ്ത്രം സ്വയം പഠിക്കുകയായിരുന്നു. അവര്‍ ധാരാളം പ്രതിബന്ധങ്ങള്‍ നേരിട്ടിരുന്നു. ഇന്ത്യയില്‍ പുതിയ ശാസ്ത്രപുസ്തകങ്ങള്‍ ലഭ്യമല്ലായിരുന്നു. ഇന്ത്യക്കാര്‍ക്ക് അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലോ സെമിനാറുകളിലോ പങ്കെടുക്കാന്‍ കഴിയുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. അക്കാലത്ത് ഹൗറയില്‍ താമസിച്ചിരുന്ന പ്രൊഫസര്‍ പി.ജെ. ബ്രുള്‍ ആയിരുന്നു അവര്‍ക്ക് ആശ്രയമായിരുന്നത്. ജര്‍മ്മന്‍ ഭാഷയിലുള്ള പുതിയ പുസ്തകങ്ങള്‍ ബോസിനും സാഹക്കും ബ്രുള്ളാണ് നല്‍കിയത്. മാക്‌സ് പ്ലാങ്കും മറ്റും രചിച്ച പുസ്തകങ്ങള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.
സാഹ ജര്‍മ്മന്‍ ഭാഷ പഠിച്ചിരുന്നു. ബോസും ഭൗതികശാസ്ത്രപഠനത്തിനു വേണ്ടി ജര്‍മ്മന്‍ ഭാഷ പഠിച്ചു. ഒരു കാര്യം പഠിക്കുന്നതിന് അതിന്റെ അസ്സല്‍ എഴുത്തുകളിലേക്കും രചയിതാക്കളിലേക്കും പോകുന്നതാണ് ഉചിതമെന്ന് ബോസിന് ഉറപ്പുണ്ടായിരുന്നു. എളുപ്പത്തിന് വേണ്ടി രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഭൗതികശാസ്ത്രക്ലാസ്സുകളില്‍ പഠിപ്പിക്കാനുള്ള വിഷയങ്ങളെ പങ്കിട്ടെടുത്തു. വിദ്യുത്കാന്തികസിദ്ധാന്തത്തിലും ആപേക്ഷികസിദ്ധാന്തത്തിലും മറ്റുമാണ് ബോസ് ക്ലാസുകള്‍ എടുത്തത്. 1919ല്‍ സത്യേന്ദ്ര ബോസ് സാഹയോടൊപ്പം ചേര്‍ന്ന് ആപേക്ഷിക സിദ്ധാന്തത്തെ കുറിച്ചുള്ള ഐന്‍സ്റ്റൈന്‍ രചിച്ച പുസ്തകത്തിന്റെ ആദ്യ ത്തെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കുന്നുമുണ്ട്. ഏതാണ്ട് ഇതേ സമയ ത്തു തന്നെ ഇംഗ്ലണ്ടില്‍ മറ്റൊരു പരിഭാഷ തയ്യാറാകുന്നുണ്ടായി രുന്നു. ഇതു ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇന്ത്യാക്കാരുടെ വിവര്‍ത്തനം ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് പിന്നീട് തീരുമാനിക്കപ്പെട്ടു.
ബോസിന്റെ ആദ്യത്തെ ശാസ്ത്രപ്രബന്ധവും സാഹയോടൊപ്പം ചേര്‍ന്ന് എഴുതിയതായിരുന്നു. ഫിലോസഫിക്കല്‍ മാഗസിനില്‍ അതു പ്രസിദ്ധീകരി ക്കപ്പെട്ടു. ക്വാണ്ടം സിദ്ധാന്തത്തില്‍ നിന്നും റിഡ്ബര്‍ഗിന്റെ നിയമത്തെ നിര്‍ദ്ധരിക്കുന്ന പ്രബന്ധം പ്രസിദ്ധീകരിക്കുന്നതോടെ ബോസിന്റെ ഭൗതിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലുമുള്ള പ്രാവീണ്യം നന്നായി പ്രകട മായി.

സാഹ മാത്രമായിരുന്നില്ല, ബോസിന് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഉഷാബതിയെ അദ്ദേഹം വിവാഹം കഴിക്കുമ്പോള്‍, വിവാഹ ച്ചടങ്ങുകളില്‍ ഇരുനൂറോളം കൂട്ടുകാര്‍ പങ്കെടുത്തിരുന്നു. ആശയങ്ങളുടെ വിനിമയത്തില്‍ വലിയ താല്‍പ്പര്യം കാണിച്ചിരുന്ന പ്രമദ ചൗധരിയുടെ വീട്ടില്‍ കൂടിച്ചേരുന്ന എഴുത്തുകാരുടേയും ബുദ്ധിജീവികളുടേയും വലയത്തില്‍ ബോസും ഉണ്ടായിരുന്നു. സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന സുഹൃത് വലയമായിരുന്നു അത്. അവരുടെ സദസ്സില്‍ തത്ത്വചിന്തയും ശാസ്ത്രവും സാഹിത്യവും രാഷ്ട്രീയവും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. ബിചിത്ര എന്ന പേരില്‍ ടാഗോറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന സാഹിത്യസദസ്സുകളില്‍ ബോസ് കേള്‍വിക്കാര നായിരുന്നു. ബംഗാളി ഭാഷയിലെ ‘പരിചയ്’ ത്രൈമാസികം ബോസിന്റെ എഴുത്തിലുള്ള താല്‍പ്പര്യങ്ങളെ പ്രചോദിപ്പിച്ചു. ആ മാസികയില്‍ ശാസ്ത്ര ത്തിലെ പ്രതിസന്ധിയെ കുറിച്ചും ഐന്‍സ്റ്റൈനെ കുറിച്ചും ബോസ് ലേഖന ങ്ങള്‍ എഴുതി. എവിടെച്ചെന്നാലും സാംസ്‌ക്കാരികകാര്യങ്ങളില്‍ തല്‍പ്പരരായ ഒരു സുഹൃത് വലയത്തെ ബോസ് സൃഷ്ടിച്ചെടുത്തു. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍ട്ടി അംഗങ്ങളുടെ ബാഹുല്യവും ഗവേഷണ ത്തിനുള്ള സൗകര്യക്കുറവും മൂലം ഡാക്കയില്‍ പുതിയ യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍ ബോസ് അങ്ങോട്ടേക്ക് പോയി.
ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയൊന്നിലാണ് ഡാക്ക സര്‍വ്വകലാശാല രൂപീകൃതമാകുന്നത്. ഉടനെ തന്നെ സത്യേന്ദ്ര ബോസ് അവിടെ ഭൗതികശാസ്ത്ര അദ്ധ്യാപകനായി ചേരുകയും ചെയ്തു. യൂറോപ്പ് സന്ദര്‍ശനം കഴിഞ്ഞു തിരിച്ചു വന്ന ഡി.എം. ബോസ് വിദേശത്തു നിന്നും കൊണ്ടുവന്ന മാക്‌സ് പ്ലാങ്കിന്റെ പുസ്തകം സത്യേന്ദ്രനാഥിന് നല്‍കുന്നുണ്ട്. പ്ലാങ്കിന്റെ വികിരണ സമീകരണത്തിന്റെ വ്യുല്‍പ്പാദനത്തില്‍ പോരായ്മ കളുണ്ടെന്ന് ബോസിന് തോന്നുന്നു. മറ്റു മാര്‍ഗ്ഗങ്ങളിലൂടെ പ്ലാങ്കിന്റെ സമീകരണത്തില്‍ എത്തിച്ചേരാനുള്ള ശ്രമമാണ് ബോസ് നടത്തുന്നത്. ഐന്‍സ്റ്റൈന്‍ ഉള്‍പ്പെടെ പലരും അതു പല രീതികളില്‍ ചെയ്തിരുന്നു. ഹൈസണ്‍ബര്‍ഗോ, ഇർവിൻ ഷ്‌റോഡിങ്റോ നടത്തിയതു പോലെ പുതുതായി എന്തെങ്കിലും കണ്ടെത്താനുള്ള ഒരു ശ്രമമായിരുന്നില്ല ബോസ് നടത്തിയത്. ബോസിന്റെ വ്യുല്‍പ്പാദനം പുതിയ കണ്ടെത്തലായി മാറുകയായിരുന്നു. സാംഖ്യക ബലതന്ത്രം വലിയ താല്‍പ്പര്യമെടുത്തു ബോസ് പഠിച്ചിരുന്നില്ല. 1924 മാര്‍ച്ചില്‍ സാഹയുടെ സന്ദര്‍ശനത്തിനിടെ നടന്ന ചില ചര്‍ച്ചകളാണ് ഈ പഠനത്തിലേക്ക് നയിച്ചതെന്ന് ബോസിന്റെ വിദ്യാര്‍ത്ഥിയായിരുന്ന പൂര്‍ണ്ണാംശുകുമാര്‍ റോയി എഴുതുന്നുണ്ട്. ക്വാണ്ടം വ്യവസ്ഥകളിലെ ചില കുഴങ്ങിയ അവസ്ഥകളെ കുറിച്ച് പോളിയും ഐന്‍സ്റ്റൈനും നടത്തുന്ന പരാമര്‍ശങ്ങളെ കുറിച്ച് സാഹ ബോസിനോട് പറയുന്നു. ഇവിടെ നിന്നായിരിക്കണം ബോസ് ആരംഭിക്കുന്നത്. ‘പ്ലാങ്കിന്റെ നിയമവും പ്രകാശത്തിന്റെ ക്വാണ്ടം സങ്കല്‍പ്പനവും’ എന്ന ശീര്‍ഷക ത്തിലു ള്ള പ്രബന്ധം ഫിലോസഫിക്കല്‍ മാഗസിനില്‍ പ്രസാധനത്തിനായി അയച്ചെങ്കിലും സ്വീകരിക്കപ്പെട്ടില്ല. ആ പ്രബന്ധം സത്യേന്ദ്ര ബോസ് ഐന്‍സ്റ്റൈന് അയച്ചുനല്‍കുന്നു. ഐന്‍സ്റ്റൈന്റെ പരിഭാഷയില്‍ ജര്‍മ്മന്‍ ജേണലില്‍ ആ ലേഖനം പ്രകാശിതമാകുന്നു. പ്ലാങ്കിന്റെ സമീകരണത്തിന് ബോസ് നല്‍കുന്ന വ്യുല്‍പ്പാദനം വളരെ പ്രധാനപ്പെട്ടതാണെന്ന ഐന്‍സ്റ്റൈന്റെ കുറിപ്പ് സഹിതമാണ് ബോസിന്റെ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെടുന്നത്. തന്റെ കണ്ടെത്തലിന്റെ വലിയ പ്രാധാന്യത്തെ കുറിച്ച് ബോസ് തന്നെ മനസ്സിലാക്കിയിരുന്നുവോയെന്ന് സന്ദേഹിക്കാവുന്നതാണ്. പില്‍ക്കാലത്ത് അതിപ്രാധാന്യമുള്ള പല കണ്ടെത്തലുകള്‍ക്ക് ഇതു കാരണമാ കുന്നു. ദ്രവ്യസാന്നിദ്ധ്യത്തില്‍ വികിരണബലക്ഷേത്രങ്ങളിലെ താപസന്തു ലനം എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനവും ബോസ് ഐന്‍സ്റ്റൈന് അയച്ചു നല്‍കുന്നുണ്ട്. ഐന്‍സ്റ്റൈന്‍ അതിന്റെ ഉള്ളടക്കത്തോട് യോജിപ്പ് പ്രകടിപ്പിച്ചില്ല. സത്യേന്ദ്രനാഥബോസിനെ പോലെയുള്ള ഒരു പ്രതിഭാശാലിക്ക് അര്‍ഹിച്ച പ്രോത്സാഹനം ലഭിച്ചില്ലെന്ന് ഒരു പ്രസംഗത്തിനിടെ ഇ സി ജി സുദര്‍ശന്‍ അഭിപ്രായപ്പെടുന്നുണ്ട്.
ബോസിനെ പ്രശസ്തനാക്കിയ പ്രബന്ധം ഐന്‍സ്റ്റൈന്റെ പരിഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും അടുത്ത പ്രബന്ധത്തോട് ഐന്‍സ്റ്റൈന്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും യൂറോപ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ വരികയും ചെയ്തതിനു ശേഷം പൂര്‍ണ്ണസമയവും അദ്ധ്യാപനത്തില്‍ മുഴുകുന്ന ബോസിനെയാണ് നാം ഡാക്ക സര്‍വ്വകലാശാലയില്‍ കാണുന്നത്. ബോസ് എന്ന അദ്ധ്യാപകന്‍ വളരെ പ്രതിജ്ഞാബദ്ധനാ യിരുന്നു. ഭൗതികശാസ്ത്രത്തില്‍ മാത്രമല്ല, സാഹിത്യത്തിലും സംഗീതത്തിലും മറ്റും അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിക്കുകയും കലാശേഷിയുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രിയപ്പെട്ട ശാസ്ത്രാദ്ധ്യാപകന്റെ മുന്നില്‍ പാടുകയും സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്ന കാഴ്ചകള്‍ ഉണ്ടായിരുന്നു. ഭൗതികശാസ്ത്ര പരീക്ഷണശാല പെട്ടെന്ന് സംഗീതവേദിയായി മാറിത്തീരും! വസ്ത്രധാരണത്തിലും വേഷവിധാനങ്ങളിലും ഒട്ടും ശ്രദ്ധിക്കുന്ന ശീലം ബോസിനുണ്ടായിരുന്നില്ല. ഔപചാരികത ശീലമാക്കാത്ത, തുറന്ന മനസ്സുള്ള, ഒട്ടും പ്രദര്‍ശനപരതയില്ലാത്ത, ലളിതനായ മനുഷ്യനായിരുന്നു ബോസ്. ടാഗോറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബിചിത്രയുടെ സാംസ്‌കാരികപരിപാടികളില്‍ സ്ഥിരം പ്രേക്ഷകനായിരുന്ന ബോസ് ടാഗോറിനെ പരിചയപ്പെട്ടിരുന്നില്ല! 1925ല്‍ ഐന്‍സ്റ്റൈന്‍ ടാഗോറിനെ കാണുമ്പോള്‍ ബോസിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ബോസിന്റെ പല സുഹൃത്തുക്കളേയും അറിയുമായിരുന്ന ടാഗോറിന് ബോസിനെ പരിചയമില്ലെന്നത് അത്ഭുതജനകമായ കാര്യമായിരുന്നു. ഡാക്ക സര്‍വ്വകലാശാല യിലെ അദ്ധ്യാപനത്തിന് ശേഷം വീണ്ടും കല്‍ക്കത്താ സര്‍വ്വകലാശാല യിലേക്ക് അദ്ദേഹം എത്തിച്ചേരുന്നുണ്ട്.

കല്‍ക്കത്താകൂട്ടക്കൊലയുടേയും രാജ്യവിഭജനത്തിന്റേയും സ്വാതന്ത്ര്യാ ഘോഷങ്ങളുടേയും നാളുകളില്‍ ബോസ് കല്‍ക്കത്തയിലുണ്ടായിരുന്നു. കല്‍ക്കത്താ സര്‍വ്വകലാശാലയില്‍ നിന്നും പിരിഞ്ഞതിന് ശേഷം വിശ്വഭാരതിയുടെ വൈസ് ചാന്‍സലറായും അദ്ദേഹം പ്രവൃത്തിയെ ടുക്കുന്നു. ഇതിന്നിടയില്‍, അദ്ദേഹം റോയല്‍ ഫെല്ലോ ആയി തിരഞ്ഞെടു ക്കപ്പെടുന്നുമുണ്ട്. 1952ല്‍, സത്യേന്ദ്രനാഥ ബോസ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1954ല്‍ രാഷ്ട്രഭരണകൂടം അദ്ദേഹത്തിന് ആദ്യത്തെ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.
ബംഗീയ വിജ്ഞാന്‍ പരിഷത്തിന്റെ സംഘാടനത്തിലും നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്ന സത്യേന്ദ്ര ബോസ് മാതൃഭാഷയിലൂടെ വൈജ്ഞാനിക വിഷയങ്ങള്‍ പഠിപ്പിക്കണമെന്ന വീക്ഷണം പുലര്‍ത്തി. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരുമായി സ്വതന്ത്രമായി ആശയവിനിമയം നടത്തുന്നതിന് മാതൃഭാഷയാണ് ഏറ്റവും ഉചിതമെന്നും വിദേശഭാഷ ഗ്രഹിക്കാനാകാത്തതിനാല്‍ വിഷയത്തിന്റെ ഉള്ളിലേക്ക് കടന്നുചെല്ലാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം അറിയുന്നുണ്ട്. ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ജാപ്പനീസ് ഭാഷയില്‍ ശാസ്ത്രവിജ്ഞാനം കൈകാര്യം ചെയ്യുന്നതില്‍ യുവവിദ്യാര്‍ത്ഥികള്‍ കാണിച്ച സാമര്‍ത്ഥ്യം പരിചയപ്പെട്ട അദ്ദേഹം ബംഗാളി ഭാഷയില്‍ ശാസ്ത്രം പഠിപ്പിക്കേണ്ടതിനെ കുറിച്ച് നിരന്തരം സംസാരിച്ചു. ബംഗീയ വിജ്ഞാന്‍ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഇതു നയിക്കപ്പെടുന്നു. ശാസ്ത്രലേഖനങ്ങളടങ്ങുന്ന മാസികകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിനും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്ന പ്രഭാഷണങ്ങള്‍ നടത്തുന്നതിനും മറ്റും ബംഗീയ വിജ്ഞാന്‍ പരിഷത്ത് ശ്രമിക്കുന്നുണ്ട്. പില്‍ക്കാലത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ നിരവധി സംഘടനകളുടെ രൂപീകരണത്തിന് ബംഗീയ വിജ്ഞാന്‍ പരിഷത്ത് പ്രചോദകമാകുന്നുണ്ട്. സത്യേന്ദ്ര ബോസിന്റെ ആദ്യലേഖനങ്ങള്‍ ‘പരിചയ്’ എന്ന ബംഗാളി പ്രസിദ്ധീകരണത്തിനു വേണ്ടിയായിരുന്നുവെന്ന് ഓര്‍ക്കുക!
വേദങ്ങളിലെല്ലാമുണ്ടെന്ന പ്രതിലോമകരമായ പുനരുജ്ജീവനവാദത്തിന്റെ പ്രചാരണം സത്യേന്ദ്രനാഥിന്റെ കാലത്തും ശക്തമായിരുന്നു. ജഗദീശ് ചന്ദ്രബോസിന്റെ അന്ത്യകാലത്തെ ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ ഈ രീതിയിലുള്ള ഒരു മനോഭാവത്തെ വ്യാപിപ്പിക്കുന്നതായിരുന്നു. ‘ഒന്നാണ്, ഒന്നാണ്, എല്ലാം ഒന്നാണ്’എന്ന് ആശ്ചര്യചകിതനാകുന്ന ജഗദീശ് ബോസിന്റെ രചനകളില്‍ അദ്വൈതസങ്കല്പനം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുകയും ഇന്ത്യന്‍ തത്ത്വചിന്തയിലെ ഈ സവിശേഷധാരയെ വിമര്‍ശനങ്ങളേതുമില്ലാതെ ശാസ്ത്രദര്‍ശനമായി സ്വീകരിക്കുകയും ചെയ്തിരുന്നു. എല്ലാറ്റിലും ഏകത്വം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ പ്രതിഭാസങ്ങള്‍ക്കും സമാനമായ വിശദീകരണങ്ങള്‍ നല്‍കുന്ന രീതിയില്‍ ജഗദീശ് ബോസിന്റെ നിലപാടുകള്‍ അപകടകരമായ ചില മാനങ്ങളിലേക്ക് പോകുന്നത് കാണാവുന്നതാണ്. സത്യേന്ദ്ര ബോസ് തന്റെ അദ്ധ്യാപകനായിരുന്ന ജെ സി ബോസിന്റെ ഇത്തരം തെറ്റായ ചിന്തകളെ വിമര്‍ശിക്കുകയും ആധുനികജ്ഞാനത്തെ ചരിത്രബദ്ധമായി കാണുന്ന സമീപനം സ്വീകരിക്കുകയും ചെയ്തു.
വിജ്ഞാനത്തെ കുറിച്ച് വളരെ സ്വതന്ത്രവും ജനാധിപത്യപരവുമായ വീക്ഷണങ്ങളാണ് സത്യേന്ദ്രനാഥ ബോസ് പുലര്‍ത്തിയിരുന്നത്. ഇന്ത്യയിലെ ശാസ്ത്രാധികാരസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞന്മാരായ സുഹൃത്തുക്ക ളോട് നിശിതമായ വിമര്‍ശഭാവന ദീക്ഷിച്ചിരുന്ന മേഘനാദ് സാഹ സത്യേന്ദ്ര ബോസിനെ ഉറ്റ സുഹൃത്തായി ഉള്‍ക്കൊണ്ടിരുന്നു. ബോസിന്റെ പ്രധാനപ്പെ ട്ട ഗവേഷണപ്രബന്ധങ്ങളുടെ ആദ്യപ്രചോദകനായി സാഹ നില്‍ക്കുന്ന തും കാണാന്‍ കഴിയും. എന്നാല്‍, മേഘനാദ് സാഹയെ പോലെ രാഷ്ട്ര ത്തിന്റേയും ശാസ്ത്രസ്ഥാപനങ്ങളുടേയും അധികാരികളുമായി സംഘര്‍ഷാത്മകമായ ഒരു ബന്ധമായിരുന്നില്ല ബോസ് പുലര്‍ത്തിയിരുന്നത്. കോളണിയില്‍ നിന്നുള്ള ഒരു ശാസ്ത്രജ്ഞന്‍ അഭിമുഖീകരിച്ച പിരിമുറുക്ക ങ്ങളെ യൂറോപ്പ് യാത്രയിലും മറ്റും ബോസ് അനുഭവിച്ചിട്ടുണ്ടാകാമെങ്കിലും കൊളോണിയല്‍ ഭരണാധികാരികളുമായി വലിയ സംഘര്‍ഷത്തിന് വിധേയമാകുന്ന സന്ദര്‍ഭങ്ങള്‍ ബോസിന്റെ ജീവിതത്തില്‍ കാണാന്‍ കഴിയില്ല. ശാസ്ത്രത്തിന്റെ ജനകീയമായ പ്രചരണത്തിനുള്ള പ്രവര്‍ത്തനങ്ങളിലും അക്കാദമികമായ ശാസ്ത്രസംഘടനകളിലും സജീവമാ യിരുന്ന സത്യേന്ദ്ര ബോസ്, അധികാരക്കൈമാറ്റത്തിന് ശേഷം ഉയര്‍ന്നുവന്ന ശാസ്ത്രസ്ഥാപനങ്ങളിലെ അധികാരത്തര്‍ക്കങ്ങളില്‍ നിന്നും മാറി നിന്നു. ബോസിന്റെ നിശബ്ദസ്വഭാവവും മനോഭാവങ്ങളും സംഘര്‍ഷാത്മകമായ ബന്ധങ്ങളിലേക്ക് നയിക്കുന്നതായിരുന്നില്ല. ബംഗാളി മദ്ധ്യവര്‍ഗ്ഗസമൂഹത്തിന്റെ അനുലോമമല്ലാത്ത ചില വാസനകളെ ചികിത്സിക്കാനുള്ള ചില ശ്രമങ്ങളില്‍ ബോസ് മുഴുകുന്നുണ്ടായിരുന്നെ ങ്കിലും എല്ലാ മദ്ധ്യവര്‍ഗ്ഗമനോഭാവങ്ങളില്‍ നിന്നും അദ്ദേഹം മുക്തനായിരു ന്നില്ലെന്ന് കരുതണം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മേഘനാദ് സാഹയില്‍ നിന്നും വ്യത്യസ്തമായി ബംഗാളി ഭദ്രലോകിന്റെ ആന്തരികസംതൃപ്തി ബോസിലുണ്ടായിരുന്നിരിക്കണം