scorecardresearch

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-അധ്യായം 14

“ഏതൊക്കെ വീടുകളിൽ താമസിച്ചു. ഏതൊക്കെ തരം ആൾക്കാരെ കണ്ടു. എന്തൊക്കെ കഥകൾ കേട്ടു? നൂറു വർഷത്തെ ചരിത്രം നമ്മുടെ പിറകിൽ തിരമാലകൾ പോലെ അടിച്ചുകേറുകയാണ്.” ബിന്ദുവും സാജനും ചേർന്ന് എഴുതിയ യാത്രാവിവരണം  "മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ"  പതിനാലാം ഭാഗം

“ഏതൊക്കെ വീടുകളിൽ താമസിച്ചു. ഏതൊക്കെ തരം ആൾക്കാരെ കണ്ടു. എന്തൊക്കെ കഥകൾ കേട്ടു? നൂറു വർഷത്തെ ചരിത്രം നമ്മുടെ പിറകിൽ തിരമാലകൾ പോലെ അടിച്ചുകേറുകയാണ്.” ബിന്ദുവും സാജനും ചേർന്ന് എഴുതിയ യാത്രാവിവരണം  "മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ"  പതിനാലാം ഭാഗം

author-image
G Sajan
New Update
Sajan G | Travelogue

ചിത്രങ്ങൾ: അഭിജിത് നാരായണൻ

ചരിത്രത്തിന്റ തിരമാലകൾ

ഇന്ന് വൈകിട്ട് ആൻഡിജാനിൽ നിന്ന് രാത്രി ട്രെയിനിൽ ബുഖാറയിലേക്ക് പോവാനാണ് പരിപാടി. ബുഖാറയും (Bukhara) സമർഖണ്ഡും (Samarkhand) ഖീവുമാണ് (Khiva) ഈ രാജ്യത്തെ ഏറ്റവും പ്രധാന പുരാതന നഗരങ്ങൾ. താഷ്‌ഖണ്ഡകട്ടെ  (Tashkent)  ആധുനിക നഗരവും. ഖീവിലേക്ക് പോകാൻ പറ്റുമോ? പോകുന്ന സ്ഥലങ്ങളിൽ കഴിയുന്നത്ര കൂടുതൽ സമയം ചിലവഴിക്കണോ അതോ കൂടുതൽ സ്ഥലങ്ങൾ കാണണോ? ഞങ്ങൾ തിരഞ്ഞെടുത്തത് ആദ്യ പാതയാണ്.

Advertisment

ബുഖാറയെക്കാൾ ഞങ്ങൾക്ക് കൗതുകം രാത്രിയിലെ ഈ ട്രെയിൻ യാത്രയാണ്. അപരിചിതമായ രാജ്യത്തിലൂടെ രാത്രിയിൽ ട്രെയിനിൽ പോകുമ്പോഴുണ്ടാകുന്ന പ്രത്യേകതരം ഫീലിങ്. അത് അനുഭവിച്ചാലേ മനസ്സിലാകൂ. എങ്ങനത്തെ ട്രെയിനാകും? കിർഗിസ്ഥാനിൽ കയറിയ ട്രെയിൻ പോലെ ആകുമോ? രാത്രിയിൽ തണുപ്പുണ്ടാകും. പുതപ്പ് കിട്ടുമോ? ഭക്ഷണം എങ്ങനെയിരിക്കും? ടോയ്‌ലറ്റ് ഏതു തരത്തിലാകും? ഇതേക്കാൾ പ്രധാനം ആരായിരിക്കും നമ്മുടെ സഹയാത്രികർ?

Sajan G | Travelogue

ഇങ്ങനെ പലവിധ കൗതുകങ്ങളോടെയാണ് ഞങ്ങൾ ആൻഡിജാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഉസ്ബെകിസ്താനിലെ ആചാരമനുസരിച്ചു റെയിൽവേ ഉദ്യോഗസ്ഥരും 'ഐ ആം എ എ ഡിസ്കോ ഡാൻസർ' പാടി ഞങ്ങളെ സ്വീകരിച്ചു.

പഴയ സോവിയറ്റ് ട്രെയിനാണ്. പച്ചനിറത്തിൽ മനോഹരമായി പെയിന്റ് ചെയ്ത ബോഗികൾ. ബുഖാറയിൽ ട്രാവൽ രംഗത്തു പ്രവർത്തിക്കുന്ന ഒരു ചെറുപ്പക്കാരൻ സ്നേഹത്തോടെ ഞങ്ങളെ ഞങ്ങളുടെ സീറ്റിലെത്തിച്ചു. ചെറിയ കട്ടികുറഞ്ഞ ക്വിൽറ്റ് മെത്തകളും പുതപ്പുമൊക്കെയായി മനോഹരമായ കംപാർട്മെന്റ്. മുകളിലേക്ക് കയറാൻ പ്രത്യേകം തയ്യാറാക്കിയ ഒരു ചെറിയ ലാഡറാണ് ഇന്ത്യൻ ട്രെയിനുകളിൽ നിന്ന് കണ്ട മറ്റൊരു പ്രകടമായ വ്യത്യാസം.

Advertisment

അതൊന്നുമായിരുന്നില്ല അത്ഭുതം. ഞങ്ങൾ ഇന്ത്യയിൽ നിന്നാണ് എന്നറിഞ്ഞതോടെ ആ ബോഗിയിലെ യാത്രക്കാരും റെയിൽ ജീവനക്കാരും ഞങ്ങളുടെ കമ്പാർട്ട്മെന്റിൽ വന്നു പൊതിഞ്ഞു. എല്ലാവർക്കും ഹിന്ദുസ്‌ഥാനി പാട്ടുകൾ കേൾക്കണം. ഞങ്ങൾ പാടിയില്ലെങ്കിൽ അവർ പാടിത്തുടങ്ങും.

സ്നേഹം കൊണ്ട് അവർ ഞങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. ഭക്ഷണപ്പൊതികളെടുത്തു ഞങ്ങൾക്ക് പലതരം ഭക്ഷണങ്ങൾ സമ്മാനിക്കുന്നു. സസ്യാഹാരികൾക്ക് വിവിധതരം റൊട്ടികളും സാലഡുകളും പഴങ്ങളും. എനിക്ക് ഇറച്ചി ഉള്ളിൽവച്ചു പൊരിച്ചെടുത്ത വിവിധതരം വിഭവങ്ങൾ.

ബിന്ദുവിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ് ബുഖാറയിലേക്ക് പോകുന്ന സെംഫീറയും ഗുൽബഹാറും. സംസാരിക്കുമ്പോൾ സ്നേഹംകൊണ്ട് അവരുടെ കണ്ണുനിറയുന്നുണ്ട്.

സെംഫീരയ്ക്ക് തുണി വ്യവസായമാണ്. അതിനുവേണ്ട പരുത്തി കൃഷി ചെയ്യുന്നത് ആൻഡിജാനിലാണ്. കൃഷിസ്ഥലം നോക്കി തിരിച്ചുപോവുക യാണ്.

Sajan G | Travelogue

ഇടയ്ക്കു ബുഖാറയിൽ നിന്ന് ഭർത്താവും മക്കളും ഫോണിൽ വിളിക്കുന്നുണ്ട്. അവരോട് പ്രധാനമായും ഇപ്പോൾ കണ്ടെത്തിയ ഇന്ത്യൻ സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. വീഡിയോ കാളിൽ ഞങ്ങളോടും അവരൊക്കെ സംസാരിച്ചു.

ഇവരെ  ഇത്രയേറെ സന്തോഷിപ്പിക്കുന്നതെന്താണ്? ഞങ്ങൾ കാണുന്ന ഉസ്‌ബെക്കുകാർ വർഗ വ്യത്യാസം കൂടാതെ ധാരാളം ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്ന തോന്നലാണുണ്ടായത്.

ലോക ഹാപ്പിനെസ്സ് ഇൻഡക്സിൽ ഈ രാജ്യത്തിന്റെ സ്ഥാനമെന്താണ്?

എറിക് വെയ്നെർ എന്നൊരു യാത്രികൻ ലോകത്തെ ഏറ്റവും സന്തോഷമുള്ള ഒൻപത് രാജ്യങ്ങൾ സന്ദർശിച്ച് "Geography of Bliss" എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതിൽ ഐസ്‌ലാൻഡിലും ഭൂട്ടാനിലും ഖത്തറിലുമൊക്കെ പോകുന്ന സഞ്ചാരി ഉസ്ബക്കിസ്ഥാനിൽ വന്നതായി കാണുന്നില്ല. എന്തായാലും ലിസ്റ്റ് നോക്കിയപ്പോൾ ലോക രാജ്യങ്ങളിൽ ഇപ്പോൾ മുപ്പത്തി എട്ടാം സ്ഥാനത്താണ് ഉസ്‌ബെക്കിസ്ഥാൻ. കിർഗിസ്ഥാൻ അറുപത്തി നാലാം സ്ഥാനവും ഇന്ത്യ 136 ആം സ്ഥാനവുമാണ്.

സന്തോഷം അളക്കുന്നതിന് പല പരിഗണനകളുമുണ്ട്. ആത്മഹത്യ നിരക്ക്, മദ്യപാനം, വിവാഹ മോചനം  എന്നിങ്ങനെ പല തരം കണക്കുകൾ.  ലോകത്ത് ഹാപ്പിനെസ്സ് ഇൻഡക്സ് അളന്ന് രാജ്യങ്ങളുടെ പട്ടിക ഉണ്ടാക്കുന്നവർ കഴിഞ്ഞ കുറേക്കാലമായി കണ്ടെത്തുന്നത് ഫിൻലൻഡും നോർവെയും ഒക്കെയാണ്. അവർ അളക്കുന്നത് സമൂഹത്തിലെ സാമൂഹിക സേവനങ്ങൾ, ഔദാര്യം, ആരോഗ്യം, വരുമാനം, അഴിമതി, സ്വാതന്ത്ര്യം എന്നിവയൊക്കെയാണ്. ഇതൊക്കെ വച്ചുനോക്കുമ്പോൾ അത്ര സന്തോഷമുള്ള രാജ്യമൊന്നുമല്ല ഉസ്‌ബെക്കിസ്ഥാൻ. എന്നാൽ  നിത്യ ജീവിതത്തിൽ കാണുന്ന പ്രകടമായ സന്തോഷം എങ്ങനെ അളക്കും? അങ്ങനെ നോക്കിയാൽ ഉസ്ബക്ക് ജനത വളരെ സന്തോഷമുള്ള ജനതയായി ഞങ്ങൾക്ക് തോന്നി. അതോ, ഞങ്ങളെ കണ്ടപ്പോഴുണ്ടാകുന്ന പ്രത്യേക സന്തോഷമാണോ? എന്തായാലും ഈ രാജ്യത്തിലൂടെയുള്ള യാത്ര നമുക്കും പ്രത്യേകം സന്തോഷം തരുന്നു എന്ന് തോന്നി.

വൈകിട്ട് അഞ്ചുമണിക്കാണ് ട്രെയിൻ യാത്ര ആരംഭിച്ചത്. ഇരുട്ട് വീഴുന്നതിനു മുൻപ് ചുറ്റുപാടുമുള്ള കാഴ്ചകൾ  കണ്ടുതീർക്കണം. ഇപ്പോൾ കാണുന്നത് കൂടുതലും പരുത്തിക്കൃഷിയാണ്. ഉസ്ബെക്കിസ്ഥാന്റെ ചരിത്രം പരുത്തിക്കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നമ്മൾ കണ്ടു.  പതുക്കെ ആകാശം ചുവപ്പിന്റെ പല ശ്രേണികൾ കൊണ്ട് പൂരിതമായി. നല്ല സ്പീഡിലാണ് ട്രെയിൻ പോകുന്നത്. ഉസ്ബെക്കിസ്ഥാനിൽ സ്പീഡ് ട്രെയിൻ ഉണ്ട്. ഏതെങ്കിലും യാത്രയ്ക്ക് അതിൽ കയറണം എന്നൊരു ആഗ്രഹമുണ്ട്. തിരിച്ചുചെല്ലുമ്പോൾ കെ റെയിൽ വിരോധികളോട് തള്ളണമെങ്കിൽ അങ്ങനെ ഒരു യാത്ര വേണം. നടക്കുമോ എന്തോ?

ഇരുട്ട് വീണതോടെ ഭക്ഷണപ്പൊതികൾ തുറക്കുന്ന സമയമായി. ഞങ്ങൾക്ക് എന്തായാലും കുശാലാണ്. ഭക്ഷണം കഴിഞ്ഞു മൃദുവായ ക്വിൽട് മെത്തയിൽ കിടന്നു സുഖ സുഷുപ്തി. എഴുപതു വർഷം മുൻപുള്ള സോവിയറ്റ് ട്രയിനിലെ സൗകര്യങ്ങളാണ്. ഇപ്പോഴും ഇന്ത്യൻ ട്രെയിനുകളിൽ ഇത്ര നല്ല മെത്ത ഞാൻ എവിടെയും കണ്ടിട്ടില്ല.

രാത്രി നിശബ്ദതയിൽ വീണപ്പോൾ ഞാൻ ഉസ്ബക്കിസ്ഥാനിലെ തീവണ്ടികളുടെ പാട്ട് എന്താവും എന്ന് ആലോചിച്ചു.

അൻവർ അലിയുടെ മെഹബൂബ് എക്സ്പ്രസ് എന്ന കവിതയിൽ രണ്ട് ട്രെയിൻ യാത്രികർ ട്രെയിൻ ഓടുന്നതിന്റെ ശബ്ദമെന്താണ് എന്ന് അന്വേഷിക്കുന്നുണ്ട്

കൊല്ലത്തെ പപ്പടം ഗണ്ടൻ പപ്പടം

കൊല്ലത്തെ പപ്പടം ഗണ്ടൻ പപ്പടം

എന്ന് പറഞ്ഞാണ് തീവണ്ടി ഓടുന്നത് എന്ന് അതിൽ ഒരാൾ പറയുന്നു

ഞങ്ങൾ കുട്ടിക്കാലത്തു പറഞ്ഞിരുന്നത്

ഇടിച്ചക്ക തോരൻ നമുക്കിപ്പൊ കൂട്ടാം

ഇടിച്ചക്ക തോരൻ നമുക്കിപ്പൊ കൂട്ടാം

എന്ന ശ്രുതിയിലാണ് തീവണ്ടി പായുന്നത് എന്നാണ്.

കുറസോവയുടെ ദോ ദസ് കദാൻ എന്ന സിനിമയിൽ പറയുന്നത് തീവണ്ടി ഓടുന്നതിന്റെ ശബ്ദം ദോ ദസ് കദാൻ എന്നാണ്

നിങ്ങളുടെ കുട്ടിക്കാലത്തു ഇത്തരത്തിൽ തീവണ്ടി യാത്രകളിൽ പറയാറുള്ള വരികൾ എന്തായിരുന്നു? ആർക്കെങ്കിലും ഓർമ്മയുണ്ടോ? ഈ ചോദ്യം ഞാൻ പണ്ടൊരിക്കൽ ഫേസ്ബുക്കിൽ ചോദിച്ചിരുന്നു. അതിന് രസകരമായ പല ഉത്തരങ്ങളും കിട്ടി.

കുട്ടിപ്പട്ടരു് ചത്തേപ്പിന്നെ ചക്കത്തുണ്ടം തിന്നിട്ടില്ല എന്നൊരു പാട്ടാണ് എം കെ ഉണ്ണികൃഷ്ണൻ അടക്കം പലരും ഓർക്കുന്നത്. എന്തൊരു ഡാർക്ക് പാട്ടാണിത്. ആര് തിന്നിട്ടില്ല? കുട്ടിപ്പട്ടരോ? ചത്താൽ പിന്നെ അയാൾ എന്തിനാണ് തിന്നുന്നത്? അതോ മറ്റാരെങ്കിലുമോ?

ഈ പാട്ടുകളൊക്കെ കൽക്കരി ട്രെയിനുകളുടെ കാലത്താണ്. ഇലക്ട്രിക് ട്രെയിനുകൾ വന്നതിൽ പിന്നെ ഇത്തരം സംഗീതമൊക്കെ ഏതാണ്ട് ഇല്ലാതായി എന്ന് തോന്നുന്നു.


വൈസ്റ്റൻ ഹ്യൂ ഓഡൻ (W H Auden) എഴുതിയ 'നൈറ്റ് മെയിൽ' എന്ന കവിതയുണ്ട്, കെ എം നരേന്ദ്രൻ ഓർമപ്പെടുത്തി

This is the night mail crossing the border,

Bringing the cheque and the postal order

Letters for the rich, letters for the poor

The shop at the corner, the girl next door

Past cotton grass and moorland boulder

Shovelling white steam over her shoulder

പഴയ സോവിയറ്റ് ട്രെയിനിലൂടെ യാത്ര ചെയ്യുമ്പോൾ സ്വാഭാവികമായും ഞങ്ങളുടെ തലമുറ ചെറുപ്പകാലത്ത് വായിച്ച സോവിയറ്റ് പുസ്തകങ്ങൾ ഓർമ്മ വരും. ട്രാൻസ് സൈബീരിയൻ റെയിൽവേ എന്ന ലോകത്തിലെ ഏറ്റവും നീണ്ട പാതയൊക്കെ ഞങ്ങളുടെ തലമുറ കേൾക്കുന്നത് ഈ പുസ്തകങ്ങളിലൂടെയാണ്.

ചുക്കിന്റെയും ഗെക്കിന്റെയും കഥയിലെപോലെ ഒരു യാത്രയും തീവണ്ടിയും വേറെയുണ്ടോ?

“ഉയർന്നുപൊങ്ങൂ ജ്വാലകളേ

കൂവി വിളിക്കൂ തീവണ്ടി

കിഴക്കുദിക്കിനെ നോക്കിവേഗം

പായട്ടങ്ങനെ ചക്രങ്ങൾ…”

ക്ലിക്കറ്റി ക്ലാക്ക്….ക്ലിക്കറ്റി ക്ലാക്ക് എന്നാണ് ഈ കഥയിലെ വായ്ത്താരി

ഈ കഥ വായിച്ചപ്പോൾ ട്രെയിൻ കണ്ടിട്ടുപോലുമില്ല എന്നാണ് സവിത പറയുന്നത്

“സത്യഗുരു നിത്യം

നിത്യഗുരു സത്യം

സത്യഗുരു നിത്യഗുരു

നിത്യഗുരു സത്യം

സത്യം നിത്യം …” എന്നൊരു ഉപനിഷദ് പ്രമാണവും ഉണ്ട് തീവണ്ടിയുടെ താളത്തിന് എന്ന് കൃഷ്ണകുമാർ പൊതുവാൾ പറഞ്ഞപ്പോൾ അതിന് ഒരു ദാർശനിക മാനവും കൈവന്നു.

അങ്ങനെ തീവണ്ടിയുടെ താളവും കവിതകളും ഓർമകളും സൗഹൃദങ്ങളും സംഭാഷണങ്ങളും ഇടകലർന്നു ഞാനും മയക്കത്തിലേക്ക് വീണു.

രാത്രി ഉണർന്നപ്പോൾ ശബ്ദമേ ഇല്ല എന്ന് തോന്നി. ഞാൻ ഏതു രാജ്യത്താണ്? ഏതു കഥയിലാണ്? ആരുടെ താരാട്ടാണ്? അമ്മയെ ഓർമവന്നു.

ഇതാണ് എനിക്ക് രാത്രിയിലെ ട്രെയിൻ യാത്രകൾ ഇത്ര ഇഷ്ടം. അത് ഏതു നാട്ടിലാണെങ്കിലും ഏതു ട്രെയിൻ ആണെങ്കിലും. ഈ താളത്തിലും ശബ്ദത്തിലും നമ്മൾ ഓർമകളിൽ കൂടിയാണ്,  ബോധധാരകളിൽ കൂടിയാണ് സഞ്ചരിക്കുന്നത്.

രാവിലെ ട്രെയിൻ ബുഖാറയിലെത്തി. ഞങ്ങൾക്ക് അവിടെ ഖാൻ ഹോംസ് എന്നൊരു ഹോംസ്റ്റേയിലാണ് താമസം. അവിടെ കൊണ്ടുവിടണോ എന്നൊക്കെ സഹയാത്രികർ ചോദിച്ചെങ്കിലും പതുക്കെ സ്വന്തം പേസിൽ പോകാനായിരുന്നു ഞങ്ങൾക്കിഷ്ടം. ആലിംഗനം ചെയ്തും കവിളിൽ ചുംബിച്ചും വലിയ വേദനയോടെയാണ് അവർ ബിന്ദുവിനോട് വിട പറഞ്ഞത്. ഞങ്ങൾക്കും, അവര്‍ പോയപ്പോള്‍ വലിയ സങ്കടം തോന്നി.

ബുഖാറ നഗരത്തിൽനിന്ന് പത്തു കിലോമീറ്റർ അകലെയാണ് റെയിൽവേ സ്റ്റേഷൻ. ടാക്സിക്കാരൻ ഞങ്ങളുടെ കയ്യിൽനിന്നു ഒരു ലക്ഷം സോം വാങ്ങി. ഈ യാത്രയിൽ ഞങ്ങളെ പറ്റിക്കാൻ ശ്രമിച്ച ഏക വ്യക്തി ഈ ഡ്രൈവർ ആയിരുന്നു എന്ന് തോന്നുന്നു. എന്തായാലും ഞങ്ങൾ ഒരല്പം ശബ്ദമുയർത്തിയപ്പോൾ അയാൾ വാദിക്കാനൊന്നും നിന്നില്ല.

വളരെ പഴയ ഒരു കെട്ടിടമാണ് ഖാൻ ഹോംസ്റ്റേ. ഇവിടെ വീടുകൾക്ക് നടുവിൽ വലിയ അങ്കണമുണ്ട്. അവിടെ മുന്തിരി അടക്കം പലതരം ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. ഹോംസ്റ്റേ നടത്തുന്നത് രഖ്‌മതുലൈവും കുടുംബവുമാണ്.

രാവിലെ തന്നെ ഞങ്ങൾ പഴയ ബുഖാറ നഗരത്തിലേക്കിറങ്ങി. പഴയ നഗരം ഒരു അത്ഭുത കാഴ്ചയാണ്. ഉസ്ബക്കിസ്ഥാനിലെ പുരാതനമായ സിൽക്ക് റോഡിൽ സമർഖണ്ഡിനും ഖീവിനും ഇടയിലാണ് ഈ പുരാതന നഗരം. മൂന്നു സഹസ്രാബ്ദത്തിന്റെ എങ്കിലും പഴക്കം കാണും ഈ നഗരത്തിന്. ഏകദേശം അത്രയും കാലം പിറകിലേക്ക് പോയ പ്രതീതിയാണ് ഇവിടെയെത്തുമ്പോൾ നമുക്ക് തോന്നുക. വിശാലമായി പരന്നുകിടക്കുന്ന പുരാതന നഗരത്തിൽ നൂറ്റി നാല്പതോളം സംരക്ഷിത മന്ദിരങ്ങളുണ്ട്.  ഇതിപ്പോൾ യുനെസ്കോ ഒരു സംരക്ഷിത പ്രദേശമാക്കി നിലനിർത്തിയിരിക്കുന്നു.  ഇന്ന് ഉസ്ബെക്കിസ്ഥാനിലെ അഞ്ചാമത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് ബുഖാറ.

സിൽക്ക് റോഡിൽ വ്യാപാരത്തിന്റെയും മത പഠനത്തിന്റെയും സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകളുടെയും വിജ്ഞാന പ്രവാഹത്തിന്റെയും കേന്ദ്രമായിരുന്നു ഈ സ്ഥലം. ബി സി ഏഴാം നൂറ്റാണ്ടിൽ ഇവിടെ ഒരു ബുദ്ധിസ്റ്റ് വിഹാരം ഉണ്ടായിരുന്നു. ഇറാനിയൻ സോഗ്ദിയൻസ് (Sogdians) ആയിരുന്നു കച്ചവടം നിയന്ത്രിച്ചിരുന്നത്. പിന്നീട് ജ്യൂതന്മാരായ കച്ചവടക്കാർ വന്നു. അലക്‌സാണ്ടറിന്റെയും സൈറസിന്റെയും കനിഷ്കൻറെയും സാമ്രാജ്യത്തിന്റെ ഭാഗമായി ഈ പ്രദേശം മാറി. എന്നാൽ എ ഡി ഏഴാം നൂറ്റാണ്ടിൽ അറബികൾ ഈ നഗരം കീഴടക്കി. മുഹമ്മദ് അൽ ബുഖാരിയും

നക്ഷ് ബന്ദ് സൂഫി ക്രമത്തിന്റെ സ്ഥാപകനായ ബഹാവുദ് ദിൻ നക്ഷ് ബന്ദ് ബുഖാരിയും ഈ നഗരത്തിന് ആത്മീയമായ നേതൃത്വം നൽകി. സമ്പത്തും ആശയങ്ങളും സിൽക്ക് റോഡിലൂടെ ധാരാളമായി പ്രവഹിക്കുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും ഇസ്ലാമിക് ലോകത്തെ ചിന്തകരും പണ്ഡിതരും ഇങ്ങോട്ട് വന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി കാണുന്ന അവിസെന്ന, കവികളായ ഫിർദൗസി, റുഡാക്കി, അതീവ പ്രതിഭാശാലി ആയിരുന്ന അൽ ബിറൂണി എന്നിവരൊക്കെ ഈ നഗരത്തിലേക്ക് വന്നു. അക്കാലത്ത് അറബ് ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി ബൊഖാറയിൽ ആയിരുന്നു. ഒമർ ഖയ്യാമിനെപ്പോലും ഇങ്ങോട്ടാകർഷിച്ച ലൈബ്രറി.

Sajan G | Travelogue


വസന്തത്തിന്റെയും ഹേമന്തത്തിന്റെയും ഇടയ്ക്ക് ഞങ്ങൾ വന്ന സമയം വലിയ ടൂറിസ്റ്റ് ഒഴുക്കുള്ള സമയമല്ല. വലിയ തണുപ്പുമില്ല. എന്തായാലും സ്വെറ്ററും ചെറിയ ഷാളുമായി ഒരു തൊപ്പിയും സംഘടിപ്പിച്ചു ഞങ്ങൾ പുരാതന നഗരത്തിലൂടെ മണിക്കൂറുകളോളം അലഞ്ഞുനടന്നു. പഴയ മദ്രസകൾ, കാരവൻസരായികൾ,  വിശാലമായ പാതകൾ, വിപണികൾ, പഴയ കെട്ടിടങ്ങൾ. പഴയ ബുഖാറയിൽ എല്ലാം ചുവന്ന ഇഷ്ടിക കൊണ്ടുപണിത കെട്ടിടങ്ങളാണ്. ഇളം ചുവപ്പു നിറത്തിൽ വിശാലമായി കിടക്കുന്ന പഴയ കെട്ടിടങ്ങൾക്കിടയിൽ നിന്നും മരതക പച്ച നിറത്തിൽ സ്തൂപങ്ങൾ ഉയർന്നു നിൽക്കുന്നു. നീലയാണ് ഈ പ്രദേശങ്ങളിൽ അലങ്കാരത്തിനുപയോഗിക്കുന്ന പ്രധാന നിറം. ഖുറാനിൽ നിന്നുള്ള വചനങ്ങളാണ് എവിടെയും ആലേഖനം ചെയ്തിരിക്കുന്നത്.

Sajan G | Travelogue

പതിനൊന്നാം നൂറ്റാണ്ടിൽ ഇസ്‌ലാമിക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ നഗരമായിരുന്നു ബുഖാറ. എന്നാൽ 1220 ൽ ജെങ്കിസ് ഖാന്റെ സൈന്യം നഗരത്തിനു പുറത്തെത്തിയപ്പോൾ വിപുലമായ മംഗോളിയൻ സൈന്യത്തെ കണ്ടുഭയന്ന ബുഖാറയിലെ 20,000 വരുന്ന പടയാളികൾ ഓടി രക്ഷപ്പെട്ടത്രെ. ഇത്ര എളുപ്പത്തിൽ ഒരു നഗരം കീഴടങ്ങിയപ്പോൾ എങ്കിൽപ്പിന്നെ ഇതങ്ങനെ തച്ചു തകർക്കണ്ട എന്ന് ജെങ്കിസ് ഖാന് തോന്നിയത്രേ. എന്നാൽ പിന്നീടുണ്ടായ വലിയ തീപിടുത്തത്തിലാണ് നഗരം കൂടുതലും നശിക്കുന്നത്.

ജെങ്കിസ് ഖാൻ വന്ന സമയത്തു ഉണ്ടായിരുന്ന അപൂർവം സൗധങ്ങളിലൊന്നിന്റെ മുൻപിലാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്. കല്യാൺ മിനറെറ്റ് എന്നാണ് ഇതിന്റെ പേര്.  മരണത്തിന്റെ ഗോപുരം എന്ന് മറ്റൊരു പേരുമുണ്ട്. പ്രാർത്ഥനകൾക്ക് മാത്രമല്ല പരസ്യമായി വധശിക്ഷ നടപ്പാക്കാനും ഈ ഗോപുരം ഉപയോഗിച്ചിരുന്നു.

കുറ്റവാളിയെ നാല്പത്തിയഞ്ചു മീറ്റർ ഉയരമുള്ള ഗോപുരത്തിൽനിന്നു താഴേക്കിടുക എന്നതാണ് ശിക്ഷ. ചന്ത ദിവസങ്ങളിലാണ് ശിക്ഷ നടപ്പാക്കുന്നത്. കാരണം ധാരാളം ആളുകൾക്ക് ഇത് കാണാൻ പറ്റണം. സാറിന്റെ റഷ്യൻ സാമ്രാജ്യം വരെ ഇത്തരം വധശിക്ഷ തുടർന്നു. ബോൾഷെവിക് വിപ്ലവത്തിന് ശേഷം ഗോപുരത്തിൽ നിന്ന് താഴെയെറിയുന്ന രീതി മാത്രമല്ല പള്ളിയിലെ പ്രാർത്ഥനകളും ഇല്ലാതായി.

ഇത് കൂടാതെ വിമതരായ എതിരാളികളെ എലിയും പഴുതാരയും തേളും നിറഞ്ഞ കുഴിയിലേക്ക് വലിച്ചെറിയുന്ന  ശിക്ഷാ രീതിയും ഉണ്ടായിരുന്നു. 1842 ൽ ബുഖാറയിലെ അമീറിന്റെ ആജ്ഞ പ്രകാരം രണ്ട് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇത്തരം ഒരു കുഴിയിലേക്ക് വലിച്ചെറിഞ്ഞ് പിന്നീട് ശിരച്ഛേദം നടത്തി എന്നും ചരിത്രമുണ്ട്. ഈ അമീറിന്റേയും കുടുംബത്തിന്റെയും സങ്കടകരമായ അന്ത്യം പിന്നീട് നമ്മൾ കാണും.

ഇത്രയും സങ്കടകരമായ കഥകൾ കേട്ടതിനു ശേഷം ഒരല്പം വിശ്രമിക്കാനായി ഞങ്ങൾ പ്രധാന കവാടത്തിന് സമീപമുള്ള വിശാലമായ തടാകത്തിന്റെ അരികിലേക്ക് നടന്നു. ഇതിന്റെ കരയിലാണ് പ്രശസ്തമായ നാദിർ ദിവാൻ ബേഗി മദ്രസ.

ഞങ്ങൾ ചെല്ലുമ്പോൾ ഒരു നിക്കാഹ് കഴിഞ്ഞു വധൂവരന്മാർ പുറത്തേക്കു വരികയാണ്. ചെറുക്കൻ ആധുനികമായ ഷർട്ടും പാന്റും  കോട്ടുമൊക്കെയാണ് ധരിച്ചിരിക്കുന്നത്. പെൺകുട്ടിയാവട്ടെ അവളുടെ ഇരട്ടി വലിപ്പമുള്ള അതിമനോഹരമായി അലങ്കരിച്ചിരിക്കുന്ന പ്രത്യേകം തയ്യാർ ചെയ്ത വിവാഹ വസ്ത്രത്തിലാണ്. അതുംകൊണ്ട് നടക്കാൻ അവൾ സാമാന്യം കഷ്ടപ്പെടുന്നുണ്ട്.

വിവാഹ സംഘം ഞങ്ങളെ സ്നേഹപൂർവ്വം ക്ഷണിച്ചു. ഒരാൾ ഞങ്ങൾക്ക് ഒരു ഗ്ലാസിൽ വീഞ്ഞ് പകർന്നു നൽകി. ആഹാ, അപ്രതീക്ഷിതമായി കിട്ടിയ ഈ ആതിഥ്യ സൽക്കാരം ഞങ്ങളെ മരണ ഗോപുരത്തിന്റെ വിഷാദത്തിൽ നിന്നും മോചിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സൗജന്യമായി കിട്ടിയ വീഞ്ഞ് കുടിച്ചും വധൂവരന്മാർ ക്കൊപ്പം നൃത്തം ചെയ്തും പടം പിടിച്ചും ഞങ്ങൾ തടാകത്തിന്റെ കരയിലൂടെ ഉലാത്തി.

Sajan G | Travelogue

അപ്പോഴാണ് മദ്രസയുടെ പ്രത്യേക സൗന്ദര്യം ഞങ്ങൾക്ക് പിടികിട്ടിത്തുടങ്ങിയത്. ഇസ്‌ലാമിക് ആർട്ടിൽ പൊതുവെ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രൂപങ്ങൾ കാണാറില്ല. അതിൽനിന്നു വ്യത്യസ്തമായി ഇവിടെ  രണ്ടു ഫീനിക്സ് പക്ഷികളും രണ്ടു വെളുത്ത മാനുകളും ആലേഖനം ചെയ്തിരിക്കുന്നു. മനുഷ്യരുടെ വിശ്വാസങ്ങളും സാംസ്കാരിക ധാരകളും നിശ്ചലമല്ല എന്നും ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ തുടർച്ചകളാണ് കാണുക എന്നും ഈ ചിത്രങ്ങൾ നമ്മളോട് പറഞ്ഞുതരും.

വളർന്നു പന്തലിച്ചു നിൽക്കുന്ന മൾബറി ചെടികളുടെ തണലിൽ വീഞ്ഞിന്റെ ലഹരിയിൽ ഞങ്ങൾ കുറച്ചുസമയം കണ്ണടച്ചുകിടന്നു.

കണ്ണുതുറന്നപ്പോഴാണ് അത്യത്ഭുതകരമായ മറ്റൊരു കാഴ്ച. അതാ ഇരിക്കുന്നു തന്റെ പ്രിയപ്പെട്ട കഴുതപ്പുറത്തു നമ്മുടെ കുട്ടിക്കാലങ്ങൾക്ക് ചാരുത പകർന്ന മുല്ലാ നസറുദീൻ. ഇയാളെ ഞങ്ങൾ കുറച്ചു ദിവസം മുൻപ് കിർഗിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവനോടെ കഴുതപ്പുറത്ത് കണ്ടതല്ലേ... ഇപ്പോൾ ഇയാൾ ഇവിടെ എങ്ങനെയെത്തി?

സത്യത്തിൽ മുല്ലാ നസറുദീൻ ജനിച്ചത് തുർക്കിയിലാണ്. അവർ അദ്ദേഹത്തെ വിളിക്കുന്നത് ഹോജ നസറുദീൻ എന്നാണ്. എന്നാൽ ബുഖാറയിലും മറ്റു പല ഉസ്ബെക്ക് നഗരങ്ങളിലും മുല്ലയുടെ പ്രതിമകളും മുല്ലയെക്കുറിച്ചുള്ള കഥകളും കാണാം. മുസ്‌ലിം ലോകത്തു ഈസോപ് കഥകൾക്ക് തുല്യമാണ് ഈ കഥകൾ. തുർക്കിയിലെ പ്രശസ്തമായ പ്രതിമയിൽ മുല്ല ഇരിക്കുന്നത് കഴുതയ്ക്ക് പുറംതിരിഞ്ഞാണ്. എന്നാൽ ബുഖാറയിലെ മനോഹരമായ പ്രതിമയിൽ ഒരു കള്ളച്ചിരിയോടെ മുല്ല നേരെ തന്നെ ഇരിക്കുന്നു.

Sajan G | Travelogue

തൊട്ടടുത്ത കടയിൽ മുല്ലാ നസറുദീന്റെ ഉസ്ബെക്ക് കഥകൾ പറയുന്ന ഒരു കുഞ്ഞു പുസ്തകവും ഞങ്ങൾ വാങ്ങി. ശരി ഇത്രയും ആയ സ്ഥിതിക്ക് ഞങ്ങൾക്കിഷ്ടമുള്ള ഒരു മുല്ല നസറുദീൻ കഥ കേട്ടോളു

ഒരിക്കൽ ഒരു കടൽത്തീരത്ത് ലക്ഷക്കണക്കിന് ചെറിയ നക്ഷത്ര മത്സ്യങ്ങൾ അടിഞ്ഞുകൂടി. മുല്ല ഓരോന്നിനെയായി തിരിച്ച് കടലിലേക്കെറിഞ്ഞ് രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്

ഇതുകണ്ട ഒരു വഴിപോക്കൻ മുല്ലയെ നിരുത്സാഹപ്പെടുത്തി, "ഇത് ലക്ഷക്കണക്കിനുണ്ടല്ലോ മുല്ലാ, ഇങ്ങനെ ചെയ്താൽ എന്ത് മാറ്റമാണ് ഉണ്ടാവുക?"

തന്റെ കയ്യിലുള്ള ഒരു കുഞ്ഞു നക്ഷത്ര മത്സ്യത്തെ നോക്കി "ഈ കുഞ്ഞിന് ഇത് എല്ലാ മാറ്റവും ഉണ്ടാക്കും," എന്ന് പറഞ്ഞു അതിനെ കടലിലേക്ക് മുല്ല രക്ഷപ്പെടുത്തിയത്രെ.

അങ്ങനെ ഒരല്പം ദാർശനിക ചിന്തയുമായി ഞങ്ങൾ വീണ്ടും നടപ്പായി.

ബുഖാറ പുരാതന നഗരം വലിയൊരു ആധുനിക വിപണി കൂടിയാണ്. എല്ലാ പഴയ കെട്ടിടങ്ങളിലും ധാരാളം കടകളും കഫേകളുമുണ്ട്. ചിലപ്പോൾ ഇത് നമ്മളെ അലോസരപ്പെടുത്തും. എന്നാൽ ടൂറിസത്തിന്റെ വിപണി സാദ്ധ്യതകൾ എല്ലാ രാജ്യങ്ങളിലും ഒരേപോലെ തന്നെ എന്ന് ഇടയ്ക്ക് തോന്നുകയും ചെയ്യും.

Sajan G | Travelogue

പ്രധാന ടൂറിസ്റ്റ് മേഖലയിൽ നിന്ന് മാറി നഗരത്തിന്റെ പരിചിതമല്ലാത്ത ഊടുവഴികളിലൂടെ ഞങ്ങൾ നടന്നു. ഇത്തരം യാത്രകളിലാണ് സമൂഹത്തിന്റെ ചില ആകസ്മിക കാഴ്ചകൾ നമ്മൾ കാണുക. ടൂറിസ്റ്റ് തിരക്കിൽ നിന്ന് മാറിയപ്പോൾ തന്നെ കുറച്ച് സമാധാനമായി. ഒരാളും ഈ ഭാഗത്തേക്കൊന്നും വരുന്നതായി കണ്ടില്ല. രണ്ടുവശവും ഉയർന്ന മതിലുകൾക്കിടയിലാണ് വഴികൾ. ഇടയ്ക്കൊക്കെ ചെറിയ പള്ളികളും സിനഗോഗുകളും ഹോംസ്റ്റേകളും കാണാം. എല്ലാം പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിൽ നിർമിച്ച കെട്ടിടങ്ങൾ. ഒരു അമ്മൂമ്മ കുഞ്ഞുമകളോടൊപ്പം വെയിൽ കാഞ്ഞു നടക്കുന്നുണ്ട്. റോഡിൽ ധാരാളം പൂച്ചകൾ. അബുവിന് അവയുടെ ഫോട്ടോ എടുക്കണം. പൂച്ചകൾക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. അവർ അവനെ നോക്കി മുരണ്ടു. എന്നാൽ മുസ്‌ലിം ആത്മീയതയിൽ വളർന്നതിനാലാവാം ഒന്നോ രണ്ടോ പൂച്ചകൾ ഫോട്ടോയ്ക്ക് മുഖം കാട്ടിക്കൊടുത്തു. മുസ്‌ലിം ലോകവും പൂച്ചകളും ആയുള്ള ബന്ധം വളരെ ആത്മീയമാണ്. ഹാദിത്തിൽ മുഹമ്മദും പൂച്ചകളുമായുള്ള ബന്ധം പറയുന്ന നല്ല കഥകളുണ്ട്. ഒരിക്കൽ പ്രാർത്ഥന കഴിഞ്ഞപ്പോൾ തന്റെ ചാരത്തുറങ്ങുന്ന പൂച്ചയെ ശല്യപ്പെടുത്താതിരിക്കാൻ ഷർട്ടിന്റെ സ്ലീവ് മുറിച്ചു മാറ്റുന്ന ഒരു കഥയുണ്ട്. മറ്റൊരിക്കൽ ഒരു നല്ല കാര്യത്തിന് പ്രത്യുപകാരമായി പൂച്ചകൾക്ക് നാല് കാലിൽ വീഴാനുള്ള കഴിവ് അനുഗ്രഹിച്ചതും മുഹമ്മദ് ആണത്രേ. പൂച്ച നാല് കാലിൽ വീഴുന്നതിനെക്കുറിച്ച് മേധ ലൂക്കയിൽ ഒരു ശാസ്ത്ര ലേഖനം എഴുതിയിട്ടുണ്ട്. അവൾക്ക് മുഹമ്മദിന്റെ ഈ കഥ അറിയാമോ എന്തോ.

ഈ അടുത്ത കാലത്താണ്  സാമൂഹിക മാധ്യമങ്ങളിൽ പൂച്ചകളുണ്ടാക്കുന്ന തരംഗത്തെ കുറിച്ച് ഞാൻ ബോധവാനായത്. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്നത് ക്യാറ്റ് വീഡിയോസ് ആണത്രേ.  ഇന്റർനെറ്റിന്റെ മൊത്തം ഉള്ളടക്കത്തിൽ 15 ശതമാനം പൂച്ച വീഡിയോസ് ആണ് എന്നാണ് കണക്ക്.

എങ്ങനെയാണ് ഇപ്പോൾ ഇങ്ങനെ ഒരു പൂച്ച പ്രേമം ഉണ്ടായത്. ഞാൻ ചോദിച്ചു. ഇത് കേട്ട് അബു എന്നെ ശകാരിച്ചു.

“അച്ഛാ, ലോകചരിത്രം മുതൽ മനുഷ്യർക്ക് പൂച്ചകളോട് ഇഷ്ടമാണ്.”

"എന്താ കാരണം?" ഞാൻ വീണ്ടും മണ്ടൻ ചോദ്യം ചോദിച്ചു.

"കാരണം, hey are ക്യൂട്ട്…" അബുവിന് ദേഷ്യം വന്നു.  1425 ബി സിയിൽ ഈജിപ്തിൽ ആണ് ആദ്യത്തെ പേരുള്ള പൂച്ചയെ കാണുന്നത്, അവൻ വിശദീകരിച്ചു. അവളുടെ പേര് നെഡ്‌ജെം എന്നായിരുന്നു. സ്വീറ്റി എന്നർത്ഥം. നമ്മൾ ചക്കര എന്ന് പേരിടുന്നത് പോലെ. ഇന്റർനെറ്റിൽ വന്ന ആദ്യ മീം പൂച്ചയെക്കുറിച്ചായിരുന്നു. ഒരു പൂച്ചയ്‌ക്കൊപ്പം ഫിസിക്സ് ഗവേഷണം ചെയ്ത ഗവേഷകനെ കുറിച്ച് ഞങ്ങൾ ഒരു ഇഞ്ചി വീഡിയോ ചെയ്തിട്ടുണ്ട്.

Sajan G | Travelogue

ഫിലോസഫി വിദ്യാർത്ഥിയായ മൂത്ത മകൻ ബാലുവിനെ നിങ്ങൾ പരിചയപ്പെട്ടല്ലോ. അവൻ വിവാഹം കഴിച്ചത് ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസിൽ ഗവേഷണം ചെയ്യുന്ന ദീപ്തിയെ ആണ്. ഒരു ഫിലോസഫി സെമിനാറിൽ ആണ് അവർ കണ്ടുമുട്ടിയത്. എത്ര ബോറു ഫിലോസഫി പ്രഭാഷണം എന്ന് പറഞ്ഞാണ് അവർ ആദ്യം സംസാരിക്കുന്നത്. അന്ന് രാത്രി മുഴുവൻ അവർ സർവകലാശാലയുടെ കുന്നിന്റെ മുകളിൽ ഇരുന്ന് പിറ്റേന്ന് സൂര്യനുദിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.

'ബിഫോർ സൺറൈസ്' സിനിമ പോലെ ഒരു സന്ദർഭം. എന്തായാലും കല്യാണത്തിന് ശേഷം ദീപ്തിയുടെ പാത പിന്തുടർന്ന് ബാലുവും വലിയൊരു ക്യാറ്റ് ഫാൻ  ആയി മാറി. ഫെലൈൻ ഫിലോസഫി എന്നൊരു പുസ്തകം വായിക്കാൻ തന്നു. ഞാൻ അത് മുഴുവൻ ഇതേവരെ വായിച്ചിട്ടില്ല. എങ്കിലും തുടക്കത്തിൽ പറയുന്ന ചില കാര്യങ്ങൾ വലിയ രസമായി തോന്നി. ഞാൻ ഒരുകാലത്തും പട്ടിയുടെയോ പൂച്ചയുടെയോ ഫാൻ ആയിട്ടില്ല. ബിന്ദുവും ഏകദേശം അങ്ങനെ ആയിരുന്നു എന്ന് തോന്നുന്നു. ഒരുപക്ഷെ ഞങ്ങൾ വളർന്നത് കൂടുതൽ ആന്ത്രോപോസെന്ററിക് ആയ ലോകത്താണ് എന്ന് തോന്നുന്നു. പുതിയ തലമുറ നമ്മളെ ലോകത്തെക്കുറിച്ച് എന്തൊക്കെ പുതിയ പാഠങ്ങൾ ആണ് പഠിപ്പിക്കുന്നത്.

വഴിയരികിൽ ഏകദേശം പകുതി പൊളിഞ്ഞ് കിടക്കുന്ന ഒരു രണ്ടുനില കെട്ടിടത്തിന് മുൻപിൽ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു പഴയ കാല സോവിയറ്റ് മുദ്ര കാണാം. നോക്കിയപ്പോൾ രണ്ടാം ലോകമഹാ യുദ്ധത്തിൽ മരിച്ച ഒരു റെഡ് ആർമി സൈനികന്റെ ആദരവിനായി ഉയർത്തിയ ഫലകമാണ്. ഇപ്പോൾ ആ കെട്ടിടം ബാക്കിയൊന്നുമില്ല. കൂടുതലും പുല്ലും ചെടികളും വളർന്ന് ഉപയോഗശൂന്യമായി കിടക്കുന്നു. എന്നാൽ പഴയ ഫലകം ഇപ്പോഴും അടർന്നുവീണിട്ടില്ല. ചരിത്രം എപ്പോഴും പൂർണമായി മറച്ചുകളയുക എളുപ്പമാവില്ല.

Sajan G | Travelogue

തൊട്ടടുത്ത് വലിയ കെട്ടിടവും ക്യാമ്പസുമുള്ള സ്കൂൾ കാണാം. അതിന്റെ മുൻപിലും കമ്മ്യൂണിസ്റ്റ് പാർട്ടി ബാഡ്ജ് ധരിച്ച ഒരു സോവിയറ്റ് സ്ത്രീയുടെ ചിത്രമുണ്ട്.

വീണ്ടും മുന്നോട്ട് നടന്നപ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾക്ക് വിഭിന്നമായി പഴയ ധാരാളം സോവനീറുകൾ വിൽക്കുന്ന ഒരു ചെറിയ കടയും കണ്ടു. അവിടെ ചില സോവിയറ്റ് ചിഹ്നങ്ങളും വിൽക്കാനുണ്ടായിരുന്നു. പഴയ നിയന്ത്രണങ്ങൾ മാറിത്തുടങ്ങി എന്നർത്ഥം.

ഈ റോഡിലൂടെ വീണ്ടും മുന്നോട്ട് നടക്കുമ്പോൾ ബുഖാറയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ആർക്ക് എന്ന വലിയ കോട്ടയിൽ നമ്മളെത്തും. 1500 വർഷം ഈ നഗരത്തെ സംരക്ഷിച്ചത് ഈ കോട്ടയാണ്. ഇതിനുള്ളിലാണ് പ്രധാന കൊട്ടാരം, ഭരണ നിർവഹണ കേന്ദ്രങ്ങൾ, പട്ടാള ബാരക്കുകൾ, സൊറാസ്ട്രിയൻ മന്ദിരം എന്നിവയൊക്കെ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അറബ് ആക്രമണത്തിൽ കോട്ടയ്ക്കുള്ളിൽ ഒരു പള്ളി വന്നു. അമീറും കുടുംബവും അടക്കം 1500 ഓളം ആളുകൾ ഇവിടെ താമസിച്ചു. ഒടുവിൽ 1920 ൽ ബോൾഷെവിക്ക് ആക്രമണത്തിൽ കോട്ട പൂർണമായും തകർന്നു. സോവിയറ്റ് കാലത്ത് അതൊരു മ്യൂസിയമാക്കി മാറ്റി. ഇപ്പോഴും നമുക്ക് കാണാൻ സാധിക്കുക മ്യൂസിയത്തിന്റെ തുറന്നിട്ട ഭാഗങ്ങൾ മാത്രമാണ്.

Sajan G | Travelogue

കോട്ടയുടെ മുകളിൽ നിന്ന് നോക്കിയാൽ നമുക്ക് ബുഖാറയുടെ പുതിയ നഗരത്തിന്റെ ഉയർന്ന കെട്ടിടങ്ങൾ കാണാം. പഴയ നഗരത്തിൽ മാത്രമേ ഈ പറയുന്ന കഥകൾക്ക് പ്രസക്തിയുള്ളൂ. ബാക്കി ലോകം മറ്റൊരു ദിശയിൽ എപ്പോഴേ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ഇന്നിപ്പോൾ അവിസെന്നയുടെ പേരിലുള്ള ഹോട്ടലുകളും സർവകലാശാലകളും പുതിയ നഗരത്തിൽ കാണാം എന്ന് മാത്രം.

കുറെ നടന്നതല്ലേ. പിറ്റേന്ന് സമർഖണ്ഡ് യാത്രയുമുണ്ട്. നന്നായി എന്തെങ്കിലും ഭക്ഷണം കഴിച്ചാലോ? നല്ല സസ്യ ഭക്ഷണം കിട്ടുന്ന ഇറ്റാലിയൻ കഫേ ഞങ്ങൾ ഗൂഗിൾ സേർച്ച് നടത്തി കണ്ടെത്തി. ചെന്നപ്പോൾ 'ബെല്ല ഇറ്റാലിയ'  ഞങ്ങളെപ്പോലുള്ള അഗതികളായ യാത്രക്കാർക്കുള്ള സ്ഥലമല്ല.

ഞങ്ങളുടെ വേഷം കണ്ടാൽ അവർ കേറ്റുമോ എന്നും ഉറപ്പില്ല. എന്തായാലും ഒരു വഴിയിലൂടെ കയറി ഒരറ്റത്തു പതുങ്ങി ഇരുന്നു. ഇത്തരം ഫൈൻ ഡൈനിങ്ങ് സ്ഥലത്ത് എത്തുമ്പോൾ ഞങ്ങളുടെ അപകർഷതാബോധം പുറത്തുവരും. ഇനി ഈ പ്രായത്തിൽ കത്തിയും മുള്ളും ഒന്നും ഉപയോഗിച്ച് കഴിക്കാൻ വയ്യ. എന്തായാലും ബെയറർമാർ അവിടെനിന്ന് പോയ തക്കം നോക്കി ഞാൻ കിട്ടിയതൊക്കെ കൈകൊണ്ടുതന്നെ അകത്താക്കി  പരുങ്ങി ഇരുന്നു. അബുവും ബിന്ദുവും ഇതൊന്നും മൈൻഡ് ചെയ്യുന്നവരല്ല. അവർ വീട്ടിൽ കാണിക്കുന്ന  അതേ അലമ്പും കോപ്രായവും കാണിച്ചു കൈകൊണ്ട് വാരിക്കഴിച്ചു.

നോക്കിയപ്പോൾ അവിടെ ഒരു പ്രത്യേക തരം വൈൻ കിട്ടും. മൽഡ് വൈൻ (Mulled Wine). ധാരാളം സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്ത ഒരു വൈൻ. അതും മേടിച്ചു.

എന്നാൽ രാത്രിയിൽ വീഞ്ഞും കഴിച്ച് ബുഖാറയിലെ പുരാതന നഗരത്തിൽ കൂടിയുള്ള നടത്തം പ്രലോഭനീയമായിരുന്നു. മരണത്തിന്റെ ഗോപുരം പോലും വർണവെളിച്ചത്താൽ അലംകൃതമായി നിൽക്കുന്നു.പാതയുടെ ഇരുവശത്തുമിരുന്ന് ഗാനമാലപിക്കുകയും സംഗീതോപകരണങ്ങൾ മീട്ടുകയും ചെയ്യുന്ന നൂറു കണക്കിന് ചെറിയ സംഘങ്ങൾ.

അവിടെനിന്ന് നിങ്ങൾക്ക് ചെറിയ സംഗീതോപകരണങ്ങൾ വാങ്ങാം. ഓരോന്നുമെടുത്ത്  വൃദ്ധരായ സ്ത്രീ വ്യാപാരികൾ നമുക്ക് അത് വിശദീകരിച്ചുതരികയും ഈണമിട്ട് കേൾപ്പിക്കുകയും ചെയ്യും. വാങ്ങുന്നില്ല എന്ന് പറഞ്ഞാൽ അവർക്ക് യാതൊരു മുഷിവുമില്ല. ഞങ്ങൾ അങ്ങനെ പാട്ടുകേട്ടും കാഴ്ചകൾ കണ്ടും നിറയെ വർണങ്ങൾ വാരിവിതറിയ അങ്കണത്തിലൂടെ ഉലാത്തിയും സമയം കളഞ്ഞു.

തിരിച്ച് ഹോംസ്റ്റേയിലേക്ക് നടക്കുകയും ചെയ്തു. ഇത്തവണ കൂടെ താമസിക്കുന്നവരുമായി വലുതായി സംസാരിക്കാൻ അവസരം കിട്ടിയില്ല. ഞങ്ങൾ വളരെ താമസിച്ചാണ് തിരിച്ചെത്തുന്നത്. ഇവിടെയും റഷ്യക്കാർ തന്നെയാണ്. വീണ്ടും യുദ്ധത്തിൽ നിന്ന് ഓടിവന്നവർ. ഈ ദുഃഖം ഞങ്ങളെ വിടാതെ പിന്തുടരും. വളരെ പഴയ ഒരു വീടാണ്. പലതരം ഉസ്ബക്ക് കൗതുകങ്ങൾ മുറിയിലുണ്ട്. അതൊന്നും വിശദമായി നോക്കാൻ ഞങ്ങൾക്ക് സമയം കിട്ടിയില്ല. എന്തൊരു നടപ്പായിരുന്നു. അന്തംവിട്ടുറങ്ങി.

ഞാൻ ഉറക്കത്തിൽ അങ്ങനെ സ്വപ്നം കാണാറില്ല. കാണുന്നത് തന്നെ താക്കോൽ കളഞ്ഞുപോയി, ടിക്കറ്റ് കാണാനില്ല തുടങ്ങിയ അലമ്പ് സ്വപ്നങ്ങളാണ്. വലിയ കഴമ്പൊന്നുമില്ല. എന്റെ ഏതൊക്കെ ഭയങ്ങളാണ് ഇവയിലൂടെ പുറത്തുവരുന്നത് എന്നൊന്നും എനിക്കറിയില്ല.

എന്നാൽ ബിന്ദു അങ്ങനെ അല്ല. വിൽ ഡ്യൂറന്റിന്റെ 'സ്റ്റോറി ഓഫ് സിവിലൈസേഷൻ' ചാപ്റ്റർ ബൈ ചാപ്റ്റർ ബിന്ദു സ്വപ്നം കാണും. പതിനായിരം പേജുള്ള ആ പുസ്തകം മുഴുവൻ വായിച്ച അപൂർവം പേരിൽ ഒരാൾ ബിന്ദു ആകണം. വല്ലപ്പോഴും വീഞ്ഞ് കഴിക്കുമ്പോൾ ഈ സ്വപ്നങ്ങൾക്ക് തിളക്കം കൂടും. അങ്ങനെ ബിന്ദു രാവിലെ എഴുന്നേൽക്കുന്നത് രണ്ടായിരം വർഷം പിറകിൽ നിന്നും ടൈം ട്രാവൽ കഴിഞ്ഞാണ്. രാവിലെ പുതിയ ലോകവുമായി താദാത്മ്യം പ്രാപിക്കാൻ താമസമെടുക്കും.

അബുവിനും ഉണ്ട് ഇത്തരം ചില സ്വപ്‌നങ്ങൾ. എന്നെപ്പോലെ മീഡിയോക്കാർ ഭാവന ലോകമല്ല അവരുടേത്. എന്നെ ഇങ്ങനെ ആക്കിയത് ശാസ്ത്ര സാഹിത്യ പരിഷത്താണ്. വെറും ലോജിക്കും റീസണിംഗും കണക്കുകളും മാത്രം. എൻ സി നാരായണനൊക്കെ എന്നോട് സഹതാപമാണ്. എന്ത് ചെയ്യാനാണ്. ചില യാത്രകൾ അങ്ങനെയാണ്. എന്നാൽ 'Science is the assassination of a beautiful hypothesis' എന്ന വാചകം കേട്ട ശേഷം എന്റെ നിലപാടിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്തായാലും ഞാൻ അന്തംവിട്ടുറങ്ങി. ബിന്ദു, അമീറിന്റെ ചരിത്ര പരമ്പരകളിലൂടെ സഞ്ചരിച്ചുറങ്ങി. ഉറക്കങ്ങൾക്ക് ഇത്ര മിഴിവ് കിട്ടുന്നത് എന്ത് ഭാഗ്യമാണ്.

രാവിലെ റഷ്യക്കാർക്കൊപ്പം ഇരുന്ന് ചായ കുടിച്ചു.

ലോക വിനോദ സഞ്ചാരത്തെ മാറ്റിയത് എയർ ബി എൻ ബി എന്ന സങ്കല്പമാണ്. 2007 ൽ സാൻഫ്രാൻസിസ്‌കോയിൽ കയ്യിൽ കാശില്ലാതിരുന്ന രണ്ടു വിദ്യാത്ഥികൾ തങ്ങളുടെ കൂടെ ബെഡ്ഡും ബ്രേക്ക്ഫാസ്റ്റും ഷെയർ ചെയ്യാൻ രണ്ടു സുഹൃത്തുക്കളെ ക്ഷണിക്കുന്നതിൽ നിന്നാണ് ഈ വലിയ നെറ്റ്‌വർക്ക് ഉണ്ടാവുന്നത്.

'കൗച് സർഫിങ്' പോലെ പലതരം പങ്കാളിത്ത യാത്ര രൂപങ്ങൾ വേറെ ഉണ്ട്. ഇതൊക്കെ വന്നതിന് ശേഷം ലോക യാത്ര എത്ര മാറിയിരിക്കുന്നു. ഇന്റർനെറ്റുണ്ടാക്കിയ മാറ്റം എത്രയെന്ന് നമുക്ക് ഇപ്പോഴും പൂർണമായും പിടി കിട്ടിയിട്ടില്ല. ഇത്തരം വീടുകളിൽ, ഹോട്ടലുകളിൽ നിന്ന് വിഭിന്നമായി,  താമസിക്കുന്നവർ തമ്മിൽ ഒരു ആത്മബന്ധം ഉണ്ടാവും. ഞങ്ങൾ കുറച്ചു സമയം വെടിപറഞ്ഞിരുന്നു. റഷ്യക്കാർ ഇവിടെ ഇനിയും ഒരുമാസം കൂടി ഉണ്ടാവും.

ബുഖാറയിൽ നിന്ന് യാത്ര പറയുന്നതിന് മുൻപ് ഞങ്ങൾ ആതിഥേയരായ രഖ്മതുലെവുമായി കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്നു.

Sajan G | Travelogue

യാദൃച്ഛികമായാണ് പൂമുഖത്തെ പ്രധാന ഹോളിൽ ഒരു പഴയ ചിത്രം കാണുന്നത്.

“ഇത് ആരുടെ ചിത്രമാണ്?” ഞങ്ങൾ ചോദിച്ചു.

അദ്ദേഹം കുറച്ചുനേരം മൗനമായി ഇരുന്നു. പിന്നീട് പറഞ്ഞു:

“ഇത് ബുഖാരിയുടെ പഴയ അമീറിന്റെ ചിത്രമാണ്. അതിൽ ഞങ്ങളുടെ മുത്തശ്ശനുണ്ട്. അദ്ദേഹം അക്കാലത്തു അമീറിന്റെ വസിർ ആയിരുന്നു. എന്ന് വച്ചാൽ ഇപ്പോഴത്തെ പ്രധാന മന്ത്രി എന്ന് പറയാം. അദ്ദേഹത്തെയും പതിനാറു കുടുംബാംഗങ്ങളെയും ബോൾഷെവിക്കുകാർ വെടിവച്ചുകൊന്നു.”

ഞങ്ങൾ സ്തബ്ധരായി ഇരുന്നുപോയി. ഞങ്ങൾ താമസിക്കുന്ന സാധാരണം എന്ന് തോന്നുന്ന ഏതു വീടിന്റെയും പിറകിൽ ഞെട്ടിപ്പിക്കുന്ന ചരിത്ര യാഥാർഥ്യങ്ങളുണ്ട്.

സോവിയറ്റ് കാലത്തിനു ശേഷമാണ് ഞങ്ങൾ ടൂറിസം രംഗത്തേക്ക് വരുന്നത്, അവർ പറഞ്ഞു. പഴയ കാലം ഓർക്കാൻ പോലും ഞങ്ങൾ ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല.

ഏതൊക്കെ വീടുകളിൽ താമസിച്ചു. ഏതൊക്കെ തരം ആൾക്കാരെ കണ്ടു. എന്തൊക്കെ കഥകൾ കേട്ടു? നൂറു വർഷത്തെ ചരിത്രം നമ്മുടെ പിറകിൽ തിരമാലകൾ പോലെ അടിച്ചുകേറുകയാണ്.

ഈ വിഷമത്തിലാണ്, ഞങ്ങൾ  യാത്ര പറഞ്ഞു പിരിയുന്നത്. അവർ ഞങ്ങൾക്കൊപ്പം പുറത്തേക്ക് വന്നു. ഒപ്പം ചിത്രമെടുത്തു. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.

-തുടരും

Features Memories Travel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: